Followers

Saturday, April 7, 2012

പായലുകളുടെ നിഴല്‍

എന്റെ വീട്ടിലെ വലിയ ഡൈനിങ്ങ് ഹാളില്‍ ഒരുച്ചയ്ക്ക് ഞാനും കമലും ഇരിക്കുകയായിരുന്നു. നാലുമണിക്ക് ചായകുടിക്കാന്‍ ഭര്‍ത്താവു വരുമെന്നു പറഞ്ഞിരുന്നതിനാല്‍ ഞാന്‍ കേക്കുണ്ടാക്കുവാനുള്ള കോഴിമുട്ടബീറ്ററില്‍ഇട്ട് ശരിയാക്കിക്കൊണ്ടിരുന്നു. കമല്‍ എന്റെകണ്ണുകളില്‍ നോക്കാറില്ല. ഞാനുംഅങ്ങനെ തന്നെ. പരസ്പരം അറിഞ്ഞുകൊണ്ടുള്ള ഈ ഒളിച്ചുകളി ഞങ്ങള്‍ക്കിഷ്ടമായിരുന്നു. കണ്ണടച്ച്പാലുകുടിക്കുന്ന പൂച്ചയെപ്പോലെ ഞങ്ങള്‍ സന്തോഷിച്ചു.

കമലിന് ഒരിക്കലും വെറുതെ കുറെ നേരം ഇരിക്കാന്‍ കഴിയുകയില്ല. കൈവിരല്‍ ഞൊടിച്ചോ തീപ്പെട്ടിക്കോല്‍ ചെറുതായി പൊട്ടിച്ചോ എന്തെങ്കിലും ചെറിയ ശബ്ദം അയാള്‍ എപ്പോഴും ഉണ്ടാക്കും. മുന്‍പിലിരുന്ന അയാളുടെ കണ്ണുകളില്‍ നോക്കാനാവാത്തപ്പോള്‍ ഈ ശബ്ദങ്ങളൊക്കെ വളരെ നല്ലതായി എനിക്കുതോന്നും. എന്നിട്ട് ഞാന്‍ ആശബ്ദങ്ങളിലേക്ക് നോക്കിയിരിക്കും.

കമല്‍ നിര്‍ബ്ബന്ധിച്ചുകൊണ്ടരുന്നു. വരൂ, നമുക്കു പുറത്തപോയി എന്തെങ്കിലും ചെയ്യാം. പരസ്പരം വെളളം തെറിപ്പിക്കുകയോ, ബ്ലൂബേഡ് റെസ്‌റ്റോറന്റില്‍ കയറി ചായകുടിക്കുകയോ, എന്തെങ്കിലും. വരൂ.''
''രവി വരാറായില്ലേ കമല്‍?''ഞാന്‍പറഞ്ഞു.

കമലിന്റെ തീരെ ശുഷ്‌കിച്ച ശബ്ദം എനിക്കിഷ്ടമല്ലെങ്കിലും അയാള്‍ ചെയ്യുന്ന കാര്യങ്ങള്‍ എനിക്കിഷ്ടമായിരുന്നു. പലര്‍ക്കും ചെയ്യാനാവാത്തത് ചെയ്‌തെന്നു വരുത്താന്‍ കമലിനിഷ്ടമായിരുന്നു. എന്നുവച്ചാല്‍, വളരെ ഉയരമുള്ളഒരു മതിലിന് മുകളില്‍ നിന്നു ചാടാന്‍, തീരെ ഭംഗിയില്ലാത്ത വേശ്യകളെ കൂട്ടി എല്ലാവരും കാണ്‍കെ തന്റെ മുറിയിലേക്ക് കൊണ്ടുവരാന്‍, വളരെ ചെറിയ കുട്ടികളുടെകൂടെ നൊണ്ടിക്കളിക്കാന്‍, പിന്നെ ചീറുന്ന കാറ്റില്‍ മലയുടെ തുഞ്ചത്ത് ഒരു ക്യാമറയുമായി കേറാന്‍.

കമല്‍ വീട്ടില്‍ വരുമ്പോഴൊക്കെ എനിക്ക് സന്തോഷം തോന്നും. അതുകൊണ്ട് ചൂടുള്ള കാപ്പിയും ചെറിയ പ്ലേറ്റ് നിറയെ മസാല ചേര്‍ത്തകടലയും കൊടുത്ത് ഞാന്‍ പറയും, ''കമല്‍, ഇരിക്കൂ. എന്താണ് അമ്മയെകൊണ്ടുവരാഞ്ഞത് ?

ഇനി ഒരിക്കലാവട്ടെ, ഞാനങ്ങോട്ട്‌വന്ന് അമ്മയെവിളിച്ചുകൊണ്ടുവരാം.''
അമ്മയുടെ കാര്യം വെറുതെ പറയുന്നതാണെന്ന് കമലിനും എനിക്കുമറിയാം. അതുകൊണ്ട് കമല്‍ പറയും, ഇനിയൊരു ദിവസം തീര്‍ച്ചയായും കൊണ്ടുവരാം. ഞാനിപ്പോള്‍ സ്റ്റുഡിയോയില്‍ നിന്നാണു വരുന്നത്. പക്ഷേ, നിങ്ങള്‍ എന്റെ വീട്ടില്‍ വന്ന് എന്റെ അമ്മയെ കൂട്ടിക്കൊണ്ടു വരൂ. അതുതന്നെയാണ് അതിന്റെവഴി.
എനിക്ക് കുട്ടികളുണ്ടായിരുന്നില്ല. ഭര്‍ത്താവിന്റെ കാറിന്റെ ഹോണ്‍ കേള്‍ക്കുന്നതും കാത്ത് ഇരിക്കുകയാണ് ഞാന്‍ വൈകുന്നേരങ്ങളില്‍ പതിവ്. വാഴയിലയില്‍ പൊതിഞ്ഞമുല്ലപ്പവ് കൈയില്‍ തന്ന് കവിളില്‍ സ്‌നേഹത്തോടെ തട്ടുമ്പോള്‍ ഭര്‍ത്താവ് പറയും: ''നേരം കുറെയായി അല്ലേ? ജീവിതം നമ്മളറിയാതെ കൈവിരലുകള്‍ക്കുള്ളിലൂടെ ചോരുന്നു.''

മുല്ലപ്പൂവ് ഭംഗിയില്‍ ചൂടി ഞാന്‍ ഭര്‍ത്താവിന് ഭക്ഷണം വിളമ്പും. പിന്നെഭക്ഷണം കഴിയുന്നതുവരെ, ഭര്‍ത്താവിന്റെ വൃത്തിയുള്ള നഖങ്ങളിലും ഇടതുടര്‍ന്നു നരയ്ക്കാന്‍ തുടങ്ങുന്ന തലമുടിയിലും ഒക്കെഞാന്‍ നോക്കിയിരിക്കും. അപ്പോഴൊക്കെ എനിക്ക്, എന്റെ തറവാട്ടുവീട്ടിലെ വലിയ കുളത്തിന്റെ വക്കത്ത് തഴച്ചു വളര്‍ന്നു നില്‍ക്കുന്ന കൈതയെ ഓര്‍മ്മവരും. പിന്നെ അതിന്റെ നിഴലുകള്‍ പതിയുന്ന പച്ചനിറമുള്ള വെള്ളത്തിനെ, കുളത്തിന്റെ കോണില്‍ പടരാന്‍ തുടങ്ങിയിരുന്ന പായലിനെ.

അങ്ങനെ ഒരു ദിവസം, ഭര്‍ത്താവിന്റെ കാറിന്റെ ശബ്ദവും പ്രതീക്ഷിച്ചിരിക്കെ കമല്‍ വന്നു കയറി. ടെന്നീസ് കോര്‍ട്ടില്‍ നിന്നും വരികയായിരുന്നു കമല്‍ എന്നു തോന്നുന്നു. വന്നപാടെ കമല്‍ കിതച്ചു കൊണ്ടാണെന്ന ഭാവത്തില്‍പറഞ്ഞു
“കുറച്ചുവെള്ളം തരൂ. എവിടെ രവി?''
''വന്നില്ല.'' ഞാന്‍പറഞ്ഞു.
കമല്‍ വെള്ളം കുടിച്ചില്ല. കൈകള്‍ക്കുള്ളില്‍ മുഖം വച്ച് വെറുതെ ഇരിക്കുകയായിരുന്നു കമല്‍. വെള്ളം, വേണ്ടിയിട്ടല്ല കമല്‍ ചോദിച്ചതെന്ന് എനിക്ക് ആദ്യമേ അറിയാമായിരുന്നു. അതുകൊണ്ട് വെളളം നീക്കിവച്ച് ഞാന്‍ കമലിനെതിരെ വെറുതെ ഇരുന്നു. ഫാനിന്റെ ചെറിയ ശബ്ദം ഞങ്ങള്‍ക്കുമുകളില്‍ത്തന്നെ നിന്നു. അപ്പോഴാണ് കമല്‍ എന്റെ കണ്ണുകളില്‍ നോക്കിയത്. ഞാന്‍ വളരെ വേഗം ഓടി രക്ഷപ്പെടുന്ന ഭാവത്തില്‍ കമലിന്റെ പുറം കൈയിലെ കട്ടികൂടിയ രോമപാളിയില്‍ നോക്കി. എന്റെ കണ്ണുകളെ എവിടെ വയ്ക്കണമെന്ന് എനിക്കു മനസ്സിലായില്ല. സത്യം. എന്റെ കണ്ണുകള്‍ ഇങ്ങനെ ആര്‍ക്കും കാണാവുന്ന വിധത്തില്‍ പുറത്തായിപ്പോളയതില്‍ എനിക്ക് വല്ലാത്തവിഷമം തോന്നി.

''കമല്‍വെള്ളംകുടിച്ചോളൂ,''ഞാന്‍പറഞ്ഞു. എന്നിട്ട.് വെള്ളം കമലിന്റെ അടുത്തക്ക് നീക്കിവച്ചു.
വെള്ളം, സിനിമയിലെ നായകന്മാരെപ്പോലെ, കമല്‍ ഒറ്റത്തട്ട.് തട്ടി. വെള്ളവും കുപ്പിച്ചിലും നിലത്തും ചിതറിയപ്പോള്‍, എന്തെങ്കിലും ഒരു ജോലി കിട്ടിയ സന്തോഷത്തില്‍ ഞാനതെല്ലാം തുടച്ചു വൃത്തിയാക്കാന്‍ ഒരുമ്പെട്ടു. അപ്പോഴാണ് ഭര്‍ത്താവ് കടന്നുവന്നത്. ഭര്‍ത്താവിന്റെ ടൈയും കോട്ടും കൊണ്ടുവയ്ക്കാന്‍ അകത്തുപോകുമ്പോഴും ഞാനാഗ്രഹിച്ചു. എന്റെ കണ്ണുകള്‍ എന്റെ മുഖത്തുവേണ്ടിയിരുന്നില്ലെന്ന്.
അതിനൊരു നിവൃത്തിയുമില്ലാതായപ്പൊള്‍ ഞാന്‍ ഇനിപിന്നെ കമലിനെ കാണുമ്പോള്‍ പറയണമെന്നു വച്ചു. പക്ഷേ, കമല്‍തട്ടിയത് ഒരു ഗ്ലാസ് വെള്ളമല്ലെന്ന് ഞങ്ങള്‍ക്ക് ഇരുവര്‍ക്കും അറിയാം. ഞങ്ങള്‍ക്കിടയില്‍ ഉണ്ടെന്നു ഞങ്ങള്‍ സ്വയം വിശ്വസിച്ചിരുന്ന മറയാണ് കമല്‍തട്ടിയത്. അതു തീരെ കീറിപ്പോയസ്ഥിതിക്ക് ഇനി പറയാനും ഉണ്ടായിരുന്നില്ല ഒന്നും. ഏതായാലും അതൊന്നും വേണ്ടിവന്നില്ല. പരസ്പരം നോക്കാതെഞങ്ങള്‍ കാപ്പി കുടിക്കുകയും മസാല ചെര്‍ത്ത കടല തിന്നുകയും ചെയ്തു. പകരം നഖത്തുമ്പുകളിലും തീപ്പെട്ടിക്കോലുകളിലും ഒക്കെ നോക്കാന്‍ തുടങ്ങി. കത്തിച്ചു ബാക്കിയിട്ട സിഗററ്റുകുറ്റിയിലെ പുകയില മേശപ്പുറത്ത് ഉതിര്‍ത്തിട്ടുകൊണ്ട് കമല്‍ പുറത്ത് എന്നെ ചായ കുടിക്കാന്‍ വിളിക്കും. ഭര്‍ത്താവിനു കേക്കുണ്ടാക്കാനുള്ള കോഴിമുട്ട ബീറ്ററിലിട്ടു കറക്കികൊണ്ട്, ഞാന്‍ വരാം എന്നുപറയും.

വിജനമായ വഴിയിലൂടെ, എതിരെ വരുന്നകാറ് ശ്വാസംമുട്ടിക്കുന്നത്ര വേഗത്തില്‍ കാറോടിക്കുമ്പോള്‍, രോമം നിറഞ്ഞ കൈത്തണ്ടയിലെ ഞരമ്പുകള്‍ നല്ലപോലെ തെളിയുമ്പോള്‍, നനവുള്ളകമലിന്റെ കണ്ണുകള്‍ കാണുമ്പോള്‍ എനിക്കു തോന്നും, ജീവിതം തുടങ്ങുന്നതും അവസാനിക്കുന്നതും ഒരിക്കലും ജനനത്തിലും മരണത്തിലുമല്ലെന്ന്. പലര്‍ക്കും അതു പലയിടത്തുവച്ചു തുടങ്ങുന്നു. പ്രതീക്ഷിച്ചിരിക്കാതെ അത് എവിടെയൊക്കെയോ അവസാനിക്കുന്നു. പക്ഷേ, ഞാന്‍ ഒന്നും പറയില്ല. കമലിന് അത്ര വേഗത്തില്‍ കാറോടിക്കുമ്പോള്‍ ഒന്നും പറയുന്നത് ഇഷ്ടമാവാറില്ല.

''അതിവേഗം നമുക്കെതിരെ വലുതാവുന്ന പാത കാറിനടിയിലൂടെ നമ്മുടെ പിന്നിലേക്ക് ഓടുന്നതു കാണുമ്പോള്‍ എനിക്ക് സന്തോഷം തോന്നും.'' കമല്‍ പറയാറുണ്ട്: ''ഈ വേഗം എതിരാളിയുടെ ഹൃദയത്തിലേക്കാഴ്ത്തുന്ന കത്തിയുടെ മൂര്‍ച്ചയെയാണ് എന്നെ ഓര്‍മിപ്പിക്കാറ്. പിന്നെ, ഞാന്‍ ജയിക്കുകയാണെന്നു തോന്നും.എന്ത് അര്‍ത്ഥശൂന്യത. ഈ പാത പിന്നെയും നീളുക തന്നെയാണ്. എത്രകാലം ഇങ്ങനെ കത്തി ആഴ്ത്തി നടക്കാന്‍ പറ്റും?''
പക്ഷേ, കമല്‍ ഇതൊക്കെ വെറുതെ പറയുകയാണ്, എനിക്കറിയാം. മലയുടെ തുമ്പത്തുനിന്നും താഴോട്ടു ചാടുന്നതും, ആപത്തു വരുത്തുന്ന വേഗത്തില്‍ കാറോടിക്കുന്നതും, വൃത്തികെട്ട വേശ്യകളെ കൂടെ കൊണ്ടു നടക്കുന്നതും ഒക്കെ എന്തിനാണെന്ന് എനിക്കറിയാം. എവിടെയാണ് കമലിനെ ഒളിപ്പിക്കുക? ഞാന്‍ ആലോചിക്കാറുണ്ട്. നിര്‍ത്താതെ പിന്‍തുടരുന്ന സ്വന്തം സംശയങ്ങളില്‍നിന്നും എവിടെയാണ് ഒളിപ്പിക്കുക ? വേശ്യകളുടെ മടിയില്‍, എന്റെ ഹൃദയത്തില്‍, ശ്വാസംമുട്ടുന്ന വേഗത്തില്‍ ? ചിലപ്പോള്‍ കമലിന്റെ മുഖത്തെ ദയനീയമായ അസഹ്യത കാണുമ്പോള്‍, ബുദ്ധിമതിയായ ഒരു ഭാര്യയാണെന്നു നടിച്ച് ഞാന്‍ പറയും ''പറ്റില്ല കമല്‍, അവനവനിലേക്കുതന്നെയുള്ള മടക്കയാത്രയാണ് നാമൊക്കെതുടങ്ങുന്നത്.'' ഒരു വലിയ വിഡ്ഢിത്തം കേട്ട ഭാവത്തില്‍ കമല്‍ വെറുപ്പൊടെ എന്റെ നേരെ കണ്ണയയ്ക്കും. എന്നിട്ട.് കമല്‍ പറയും: ''നോക്കൂ, നിങ്ങളുടെ ഫിലോസഫിയൊന്നും എന്നോടിളക്കണ്ട. മടക്കയാത്രയാണത്രെ ! നാം എല്ലാവരും നമ്മില്‍ നിന്നുമാണ് ഓടുന്നത്. മടക്കമില്ലാത്തതുമാണ് ആയാത്ര.''

ഒരുപക്ഷേ, നിങ്ങള്‍ പറയുന്നതും ശരിയാവും. “കമല്‍ കാപ്പിക്കോപ്പ വട്ടത്തില്‍ തിരിച്ചുകൊണ്ട് പറയും പിന്നെ.
ഞാന്‍ ഒന്നും പറയില്ല. ഞങ്ങള്‍ ഒരുമിച്ചു വീണ്ടും ചൂടുള്ള കാപ്പി പതുക്കെകുടിച്ചുകൊണ്ടിരിക്കും. ഒരുപക്ഷേ, ഭര്‍ത്താവ് വരുന്നതുവരെ, അല്ലെങ്കില്‍ഇരുട്ടില്‍ ഒന്നും കാണാതാവുന്നതുവരെ, ഞങ്ങള്‍ ഇരിക്കും. അങ്ങനെ ഇരിക്കുമ്പോള്‍ എനിക്കു തോന്നാറുണ്ട് കമലിനെ എന്റെ ഉള്ളില്‍ ഒളിപ്പിക്കാന്‍. ഹൃദയത്തില്‍ കമലിനേയും ഒളിപ്പിച്ചുകൊണ്ടുനടക്കുക, എന്റെ ഉള്ളില്‍മാത്രമാണ് കമലെന്ന് അറിയുക .ഒരുപക്ഷേ, കമലിന് എന്റെ ഹൃദയത്തിന്റെ താളത്തില്‍ തിരുത്തലുകളുണ്ടാക്കാന്‍ പറ്റിയേക്കും, ഞാനോര്‍ക്കും. “ഇത്തരം ആലോചനകള്‍ വളരെ അധികമായാല്‍ ഞാന്‍ പറയും, കമല്‍ കാപ്പിയില്‍ മധുരമില്ല തീരെ, അല്ലേ ? കുറച്ചുകൂടിഇട.െപഞ്ചസാര? ഒരു ചെറിയ മൂളലോടെ കമല്‍ കപ്പ് നീട്ടിത്തരും. കമലിന്റെ കൈവിരലുകളില്‍ തൊടാതിരിക്കാന്‍ ആവുന്നത്ര ശ്രദ്ധിച്ച് ഞാന്‍ പഞ്ചസാര കാപ്പിയിലിടും. കമല്‍ അപ്പോള്‍ എന്റെ മുഖത്തേക്ക് നോക്കുമെന്നറിയാവുന്നതു കൊണ്ട് ഞാന്‍ വളരെ പ്രധാനമാണെന്ന മട്ടില്‍ മറ്റെവിടെയെങ്കിലും നോക്കും.

അവസാനം മേശപ്പുറത്ത് കൊളുത്തിവച്ച മെഴുകുതിരിവെളിച്ചത്തില്‍ കാണാവുന്ന കമലിന്റെ പാതിമുഖം ഒരു സ്വപ്നമാണെന്ന് എനിക്കു തോന്നിത്തുടങ്ങും.
''അമ്മകാത്തിരിക്കും കമല്‍.'' അപ്പോള്‍ ഞാന്‍ പറയും ''നേരംകുറേയായി.''
പിന്നെരാത്രി, കട്ടിലില്‍ ഭര്‍ത്താവിന്റെ അടുത്ത് കണ്ണുതുറന്നു കിടക്കെ ഞാന്‍പറയും ''നോക്കൂ, ഇന്നു കമല്‍വന്നിരുന്നു.''

''കമല്‍ നശിക്കുകയാണ്.'' ഭര്‍ത്താവുപറയും: “നിനക്കൊന്നു പറഞ്ഞു നോക്കികൂടെ കുട്ടീ?'' എന്റെ വയറില്‍ വച്ചിരുന്ന ഭര്‍ത്താവിന്റെ കൈക്കുമീതെ തലോടിക്കൊണ്ട്, ഉറക്കത്തിലെ അദ്ദേഹത്തിന്റെ നേര്‍ത്ത ശ്വാസോച്ഛ്വാസം കേട്ടുകൊണ്ട് ഞാന്‍ അതിനെക്കുറിച്ചോര്‍ക്കാന്‍ തുടങ്ങും.
വാഴയിലയിലെ കുറച്ചു മുല്ലപ്പൂവും മുറ്റിത്തഴച്ച കൈതയും പിന്നെ ഇരുട്ടില്‍ കത്തിച്ചുവച്ച മെഴുകുതിരിയുടെ മനോഹരമായ ഒരു തുണ്ടു വെളിച്ചവും എല്ലാംകൂടി കുഴഞ്ഞുമറിയും. പച്ചനിറമുള്ള വെള്ളത്തില്‍ നിറച്ചോളങ്ങളുണ്ടാവും. വേഗമുറങ്ങാന്‍ വളരെയധികം ആഗ്രഹിക്കും ഞാന്‍.

പക്ഷേ, കമലിനെ കണ്ടുമുട്ടിയ ദിവസം മുതല്‍ ഇതെല്ലാം ഇങ്ങനെ തന്നെയേ ആവൂ എന്നെനിക്കറിയാമായിരുന്നു. അതുകൊണ്ട് ഈ ഉച്ചയ്ക്ക് പരസ്പരം കണ്ണുകളില്‍ നോക്കാതെ ഞങ്ങള്‍ നേര്‍ക്കുനേരെ ഇരിക്കുമ്പോഴും കമല്‍ പുറത്തുപോയി ബ്ലബേഡ് റസ്‌റ്റോറന്റില്‍ കയറി ചായകുടിക്കാന്‍ എന്നെ ക്ഷണിക്കുമ്പോഴും അതെല്ലാം വളരെ സ്വാഭാവികമായിത്തോന്നി എനിക്ക്. കമല്‍ ശാഠ്യം പിടിക്കുന്ന ഒരു കുട്ടിയെപ്പോലെ വെറുതെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.

''ഇന്ന് നാലുമണിക്ക് ചായകുടിക്കാന്‍ രവി വരും.''ഞാന്‍പറഞ്ഞു''ഞാനതിന് കേക്കുണ്ടാക്കുന്നതു കണ്ടില്ലേ കമല്‍? എങ്ങനെയാണ് ഞാനിപ്പോള്‍ പുറത്തു വരിക?''
കമല്‍ ഒരു മുന്നറിവും തരാതെ പെട്ടെന്ന് എന്റെ കണ്ണുകളില്‍ത്തന്നെ നോക്കി. കമലിന്റെ കണ്ണുകള്‍ ഒരു തെറ്റും കൂടാതെ ഇത്ര പെട്ടെന്ന് എന്റെ കണ്ണുകളില്‍ത്തന്നെ നോക്കിയപ്പൊള്‍ എനിക്കതിശയം തോന്നി.
എങ്ങനെയാണ് എന്റെ കണ്ണുകള്‍ എവിടെയാണെന്നു കമലിനിത്രവേഗം മനസ്സിലായത് ?
എഗ്ബീറ്റര്‍മാറ്റിവച്ച് ഞാനെഴുന്നെറ്റതപ്പോഴാണ്. ''സാരി മാറ്റട്ടെ ഞാന്‍.''ഞാന്‍ പറഞ്ഞു: ''മുഖം കഴുകി തയ്യാറായിക്കോളൂ.''

കണ്ണാടിയില്‍ എന്റെ കണ്ണുകള്‍ കണ്ടപ്പോള്‍ ഞാന്‍ വീണ്ടും ഓര്‍ത്തു. അവ പുറത്താവേണ്ടായിരുന്നു. ഉള്ളില്‍ എനിക്കു മാത്രം കാണാവുന്ന എവിടെയെങ്കിലും മതിയായിരുന്നുഅത്. പിന്നെ, കമലിനു പുറംതിരിഞ്ഞു നിന്നുകൊണ്ട്, ഞാനെന്റെ ഭര്‍ത്താവിന്, അത്യാവശ്യമായി പുറത്തുപൊവുകയാണെന്ന്, ഫോണ്‍ചെയ്തു.
''ഉം. അമ്മ കാത്തരിക്കും.'' ഞാന്‍ കമലിനു നേരെ തിരിയുമ്പോള്‍ കമല്‍ പെട്ടെന്നു പറഞ്ഞു:
'ഇന്നെനിക്ക ്അമ്മയെ അമ്പലത്തില്‍കൊണ്ടു പോണം.'' ഞാന്‍ നീക്കിവച്ചിരുന്ന എഗ്ബീറ്റര്‍ കമല്‍ എന്റെ കൈയില്‍എടുത്തു തന്നു.

ഒരുതുണ്ട് മെഴുകുതിരി വെളിച്ചമല്ലാതെ എന്നോടൊന്നും ആവശ്യപ്പെടരുതെന്ന് കമലിനോട് പറയാന്‍ ഞാന്‍ പുറപ്പെട്ടതാണ്. പക്ഷേ, എന്റെ ഭര്‍ത്താവ് കമലിനെപ്പറ്റി പറയാറുള്ളത് ഞാന്‍ പൊടുന്നനെ ഓര്‍ത്തു. പിന്നെ ഞാന്‍ ഒന്നും പറഞ്ഞില്ല, അമ്മയെക്കൊണ്ടു പോകുന്ന കാര്യം മറക്കാന്‍പാടില്ല കമല്‍ എന്ന തൊഴിച്ച്. ഇരുട്ടില്‍ ഞങ്ങള്‍ക്കിടയില്‍ കൊളുത്തിവയ്ക്കാറുള്ള മെഴുകുതിരികയുടെ ഭംഗിയുള്ള സ്റ്റാന്‍ഡില്‍ തീപ്പെട്ടിക്കോലുകള്‍ പൊട്ടിച്ചു നിറച്ചുകൊണ്ട് എഴുന്നേല്‍ക്കാതെ ഇരിക്കുന്ന കമലിനെ കണ്ടപ്പോള്‍, വളരെ പെട്ടെന്ന് വര്‍ഷകാലത്ത് എന്റെ വീട്ടിന്റെ മുന്നിലൂടെ കലങ്ങി കുതിച്ചൊഴുന്ന തോടിന്റെ വേഗത്തില്‍, പച്ചനിറമുള്ള കുറെ വെള്ളവും കൈതയുടെ നിഴലുകളും മലയുടെ മുകളില്‍ ചീറിയടിക്കുന്ന കാറ്റും പൊട്ടിച്ചിട്ട കുറെതീപ്പെട്ടിക്കോലുകളും ഞാനെന്നഭാവത്തിന്റെ മിന്നുന്ന തരികളും എല്ലാകൂടി എന്റെ മുന്നില്‍ അടിഞ്ഞുകൂടി. അതിനൊക്കെ അടിയില്‍ ഒന്നും വ്യക്തമല്ലാത്ത തണുത്ത ആഴം. അതിലേക്കുനോക്കി നില്ക്കാന്‍ എനിക്ക് രസം തോന്നി. രവി പറയാറുള്ളതു പോലെ, നമുക്ക് നമ്മെ ഏറ്റുവാങ്ങാന്‍നമ്മുടെ മനസ്സുകളേ ഉള്ളൂ എന്നുവരാം.

9 comments:

  1. ..in fact who was Kamal for this woman? (Sorry, no malayalam font today)

    ReplyDelete
  2. അവസാനഭാഗം വ്യക്തമായില്ല. പുറത്തുപോകുന്നു എന്ന് ഫോണ്‍ ചെയ്ത ശേഷമുള്ളത്. വായിക്കുമ്പോള്‍ ഒരു ട്രാന്‍സ്ലേഷന്‍ വായിക്കുന്നതുപോലെ, ഞാന്‍ ഉദ്ദേശിച്ചത്, ഭാഷയെ ആണ്.

    ReplyDelete
  3. അപ്പോള്‍ ആരാണു ഈ കമല്‍...... നല്ല അവതരണം......

    ReplyDelete
  4. ഇത്ര നല്ല വാചകങ്ങൾ എഴുതാൻ കഴിയുന്ന നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളുമുണ്ടാകട്ടെ....

    ReplyDelete
  5. vakkukalude kasarthu. vaayanakkaarude thala karakki nilathu niruthunna reethi.duroohatha kalayaanennu thettidharichirikkunnavar....

    ReplyDelete
  6. aashamsakal...... blogil puthiya post.... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane...........

    ReplyDelete
  7. thangalute ezhuthu munpu njan sradhikkarundaayirunnu..kurachu kaalamaayi mukhyadhara prasidheekaranangalilonnum maanasiye kaanarilla..avichaarithamayanu evite eppol yethiyathu...bhavukangal...

    ReplyDelete
  8. മാനസി ചേച്ചി.....................റീനി പറഞ്ഞുതന്ന വഴി,സന്തോഷ് പല്ലശ്ശനയുടെ ചൂണ്ടുവിരലിലൂടെ ഞാനിവിടെ എത്തിയതിൽ അതിയായ സന്തോഷം. “ഏകാന്തതയുടെ കൂട്ടുകാരി ‘ എന്നു റീനി വിശേഷിപ്പിച്ച മാനസിചേച്ചിയുടെ ഈ കഥ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. കമൽ എന്ന കഥാപാത്രത്തിനോടു തോന്നുന്ന മാനസിക വികാരം വളരെ നന്നായി വരച്ചുകാട്ടി. മനസ്സിലാകുന്നുണ്ട് എന്നാൽ പൂർണ്ണമായി വിവരിക്കുന്നില്ല. ഈ ബ്ലോഗ് ഞാൻ എന്റെ ഏറ്റവും ഇഷ്ടപ്പെട്ടവയിൽ ചേർത്തു കഴിഞ്ഞു.

    ReplyDelete