Followers

Tuesday, June 23, 2015

ഉണ്ണിക്കൃഷ്ണനും അച്ഛനും

അച്ഛന്റെ കത്ത് ഓഫീസിലിരിക്കുമ്പോഴാണ് കിട്ടിയത്. പ്രതീക്ഷിച്ചിരുന്നതാണ്. അതുകൊണ്ടണ്ടുതന്നെ ഒരു നേര്‍ത്ത ഹൃദയമിടിപ്പോടെ ഉണ്ണിക്കൃഷ്ണന്‍ അതുതുറന്നു.
'നിനക്ക് ബുദ്ധിമുട്ടാവും എന്നറിയാതെയല്ല.' അച്ഛന്‍ എഴുതി. 'പക്ഷേ, എനിക്ക് കാലിന്റെ ശേഷി തീരെയും കുറഞ്ഞു. വേലി വീണത് ഒന്നും ചെയ്തിട്ടില്ല. വീഴാറായി നില്ക്കുന്ന തെക്കേപ്പുറത്തുകൂടെവന്ന് ഇന്നലെ അമ്മിണിയുടെ കുട്ടികള്‍ ഇടനാഴിയിലെ ബള്‍ബ് ഊരികൊണ്ടുപോയി. ഒന്നും പറയാന്‍പോയില്ല. എനിക്ക് തീരെ വയ്യാതാകുമ്പോള്‍ കിണറ്റില്‍നിന്നും വെളളംകോരിത്തരുന്നത് അമ്മിണിയുടെ മൂത്ത പെണ്ണാണ്. ഇനി എഴുതാന്‍ തുടങ്ങിയത് പറയട്ടെ. നിന്നെ എനിക്കൊന്ന് കാണണം. അവിടെവന്ന് നിന്നെക്കാണാനോ താമസിക്കാനോ ഉള്ള സൗകര്യം കുറവാണെന്ന് നീ എഴുതിയിരുന്നല്ലോ. നാലു കൊല്ലംകഴിഞ്ഞു നിന്നെ കണ്ടിട്ട്.'
ഉണ്ണിക്കൃഷ്ണന്‍ കത്തുമടക്കി പോക്കറ്റിലിട്ട് കഴുത്തിലേയും മുഖത്തേയുമൊക്കെ വിയര്‍പ്പ് അമര്‍ത്തിത്തുടച്ചു. അടുത്ത ടേബിളിലിരുന്ന ശിവരാമന്‍, കത്താരുടെയാണെന്ന് കുസൃതിയോടെ ആരാഞ്ഞു.
'ഓ...' ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു: 'അച്ഛന്റെയാണ്. '
ശിവരാമന്‍ ധൃതിയില്‍ സ്വന്തം ടൈപ്പ്‌റൈറ്ററിലേക്കുതന്നെ തിരിഞ്ഞു:
കഴിഞ്ഞതവണ കടംമേടിച്ചത് രാമകൃഷ്ണന്റെ കൈയില്‍നിന്നാണ്. അച്ഛന് മുറ്റത്തേക്കിറങ്ങാന്‍ പരസഹായം വേണമെന്ന് മനസ്സിലാക്കിയപ്പോള്‍ അകത്ത് താന്‍ ഒരു കക്കൂസ് പണിയിപ്പിച്ചു. അന്ന് തിരിച്ചുപോരുമ്പോള്‍, കണ്ണുകളില്‍ നനവുമായി അച്ഛന്‍ ഉമ്മറപ്പടിയില്‍ ചാരിനിന്നു. അന്ന്, ഇനിയും ഇങ്ങനെ രണ്ടായിരങ്ങള്‍ കടംവാങ്ങി വീടു നന്നാക്കുമെന്ന് അച്ഛനോട് പറഞ്ഞു. ജോലിചെയ്തുചെയ്ത് അതെല്ലാം വീട്ടും. എന്നിട്ട് കല്യാണംകഴിച്ച് അച്ഛനെ കൂടെതാമസിപ്പിക്കും. അച്ഛന് അഹിതമായി ഭാര്യ എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവളെ ആ നിമിഷം വീട്ടില്‍നിന്ന് ആട്ടിപ്പായിക്കും.
കക്കൂസുപണി കഴിഞ്ഞതുമുതല്‍ ഉണ്ണികൃഷ്ണന് എന്തെന്നില്ലാത്ത ഒരാത്മവിശ്വാസം കൂടിയിരുന്നു. ചോരുന്ന മേല്പുര പോളിച്ചു പണിയാന്‍ പ്ലാനിട്ടുകൊണ്ടിരുന്നപ്പോഴാണ്, സാവിത്രിയെക്കുറിച്ച് അച്ഛന്‍ എഴുതിയത്. പതിഞ്ഞ കാലടികളും മെലിഞ്ഞ വിരലുകളുമുായിരുന്ന സാവിത്രിയെ ഉണ്ണിക്കൃഷ്ണനും നല്ലപോലെ ഇഷ്ടപ്പെട്ടു. സാവിത്രിയുടെ അടക്കവും ഒതുക്കവും കണ്ടപ്പോള്‍ അച്ഛനെ നോക്കാന്‍ വേണ്ടി ദൈവം ഒരാളെ അയച്ചുതന്നതുപോലെയാണ് തോന്നിയത്.
'സാവിത്രി ഇവിടത്തെ എല്ലാമായി ഒന്നു പരിചയപ്പെടട്ടെ.' അച്ഛനും പറഞ്ഞു.
'ഇപ്പൊത്തന്നെ അന്യനാട്ടില് കൊണ്ടുപോയി ആ പാവത്തിനെ ബദ്ധിമുട്ടിക്കണ്ട.'
പക്ഷേ, അന്നു രാത്രി ഉണ്ണികൃഷ്ണന്റെ കൈത്തണ്ടയില്‍ക്കിടന്ന് സാവിത്രി വല്ലാതെ കരഞ്ഞു: 'നിങ്ങളുടെ അച്ഛനെ നോക്കാനോ, നിങ്ങളെ നോക്കാനോ എന്നെ കെട്ടിയത്? '
സാവിത്രിയുടെ മുഖത്തെ നനവും തന്റെ ദേഹത്തില്‍ മുട്ടുന്ന അവളുടെ വയറിന്റെ മിനുസവും എല്ലാംകൂടി ഉണ്ണികൃഷ്ണന് വല്ലാത്ത വിഷമം തോന്നി. അതുവരെ തന്നെ നോക്കേണ്ട കാര്യമൊന്നും ഉണ്ണിക്കൃഷ്ണന്‍ ആലോചിച്ചിരുന്നതേയില്ല. പക്ഷേ, സ്വാധീനമില്ലാത്ത ഒരു കാലുമായി ബുദ്ധിമുട്ടുന്ന അച്ഛന്‍ മാത്രമുളള ഒരു വീട്ടില്‍ സാവിത്രിയെ എങ്ങനെ ഒറ്റയ്ക്കാക്കി പോകുമെന്ന് കുറച്ചുദിവസമായി, രാപകലന്യേ താന്‍ ആലോചിച്ചിരുന്നതാണ്. തനിക്ക്, അകലെയാവുമ്പോള്‍ മനസ്സമാധാനം ഒട്ടും ഉണ്ടാവില്ല. അതുകൊണ്ട്, അവളുടെ മുഖത്തെ നനവ് തുടച്ചുകൊടുത്ത് ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു: കരയണ്ട സാവീ, ഞാനല്ലേ പറയണ്? '
'അവളെ കൊണ്ടുപൂവ്വാണോ? ' അച്ഛന്‍ ചോദിച്ചു.
'അവിടെ, ഹോട്ടലിലെ ഭക്ഷണം വളരെ മോശമാണത്രേ.' സാവിത്രി വേഗം മറുപടിപറഞ്ഞു.
'ഞാനും അതാ പറയാന്‍പോയത്. പക്ഷേ, നിനക്കവിടെ പിടിക്ക്വോ എന്നാ എന്റെ പേടി.'
'വേറെ എന്താ നിവൃത്തി.' സാവിത്രി ലജ്ജയോടെ പറഞ്ഞു: 'വേഗം ജോലി ഇങ്ങോട്ടേക്ക് മാറ്റം മേടിക്കാന്‍ നോക്കണം. എന്റെ വീട്ടില്‍ അമ്മയും ഒറ്റയ്ക്കല്ലേ? '
'പിന്നെ അല്ലാണ്ടെ എന്തു പറയാന്‍.' വണ്ടിയില്‍ സാവിത്രി ചിരിച്ചു. 'അച്ഛന് ഇത്ര വയസായി. നേരെ ചൊവ്വേ പറഞ്ഞില്ലെങ്കിലും മനസ്സിലാവും. '
'കോലായ ഇടിഞ്ഞു.' കഴിഞ്ഞ കത്തില്‍ അച്ഛനെഴുതി. 'കുഴമ്പിന് ഇരുപത്തഞ്ച് ഉറുപ്പികയാണ് വില. നീ ദേഹം നോക്കണം. ഇവിടത്തെ നിന്റെ മുതല്‍ ഞാനുളളിടത്തോളം കാലം നോക്കിനടത്തും. പക്ഷേ, കണ്ണു കാണാനില്ലാത്തതാണു കഷ്ടം. ഓപ്പറേഷന്‍ വേണമെന്നാണ് പറയുന്നത്. ശമ്പളം സൂക്ഷിച്ച് ചെലവാക്കണം. നിനക്ക് കുട്ടികള്‍ രണ്ടായി. ഒററയ്ക്ക് വച്ചും തിന്നും എനിക്കുമടുത്തു. മാവിലെ മാങ്ങ മുഴുവന്‍ അമ്മിണിയുടെ കുട്ടികളാണ് കൊണ്ടുപോകുന്നത്.'
ടൈപ്പ്‌റൈറ്ററിലെ കടലാസു മാറ്റി, പുതിയത് ഇടുമ്പോഴാണ് താന്‍ പിടിച്ച സ്ഥലത്ത് കടലാസില്‍ മഷി പരന്നത് ഉണ്ണിക്കൃഷ്ണന്‍ കണ്ടത്. ആ കടലാസുകള്‍ വലിച്ചെറിഞ്ഞ് വീണ്ടും ഉണ്ണിക്കൃഷ്ണന്‍                 പുതിയ കടലാസുകള്‍ ഇട്ടു. മഷിയുടെ പാട് പൊടുന്നനെ അതിലും പരന്നു. തന്റെ കൈവിരലുകളില്‍ ഇത്രയധികം മഷി പരന്നതെവിടെ നിന്നാണെന്ന് അദ്ഭുതപ്പെട്ടുകൊണ്ട് ഉണ്ണ്കൃഷ്ണന്‍ കൈ അമര്‍ത്തിത്തുടച്ചു.
മഷി തുടച്ചിടത്തും പരന്നു.
സോപ്പുകൊണ്ട് കൈ കഴുകിയിട്ടും മഷി മങ്ങുകപോലും ചെയ്യാതായപ്പോള്‍ ഉണ്ണിക്കൃഷ്ണന്‍ കുറച്ചൊന്നു അമ്പരക്കുകതന്നെ ചെയ്തു. നീല മഷി അച്ഛന്റെ കത്തില്‍നിന്ന് ആയതാവാനേ വഴിയുളളു.
കൈയിലെ മഷി പോണില്ല അല്ലേ. വാതില്‍ തുറന്ന് ഒരു ചെറുചിരിയോടെ സാവിത്രി ഉണ്ണികൃഷ്ണനെ നോക്കി. 'അച്ഛന്റെ കത്തില്‍ നിന്ന് അല്ലേ.'
'അതെ.' ഉണ്ണിക്കൃഷ്ണന്‍ പരിഭ്രമത്തോടെ പറഞ്ഞു: 'തൊട്ടതിലൊക്കെ പറ്റുന്നു. കഴുകിയാല്‍ പോണുല്ല്യ.'
'മനസ്സിലായി' സാവിത്രി ഉണ്ണികൃഷ്ണനെ പിടിച്ചിരുത്തി. 'സാരല്ല്യ. ഞാന്‍ കഴുകിക്കളഞ്ഞുതരാം. '
വെളളവും ഒരു കഷണം കല്ലുമായി സാവിത്രി വരുന്നതുവരെ ഉണ്ണിക്കൃഷ്ണന്‍ അതേ ഇരിപ്പിരുന്നു. കല്ലുകൊണ്ടുരച്ചുകഴുകി, വൃത്തിയായി കഴുകിയിട്ടും മഷിയുടെ പാടുകള്‍ മായാതെ നിന്നപ്പോള്‍ സാവിത്രി ഉണ്ണികൃഷ്ണന്റെ വിരല്‍ തന്റെ വായിലേക്കിട്ടു.
'ഇനി പൂവ്വാതിരിക്കില്ല. ' നാവുകൊണ്ട് കൈവിരലില്‍ പതുക്കെ തടവി സാവിത്രി ചിരിച്ചു:
'നോക്കിക്കോളു.'
സാവിത്രി പറഞ്ഞത് സത്യമായിരുന്നു. കറമാഞ്ഞ ശുദ്ധമായ തന്റെ വിരലില്‍ നോക്കി ഉണ്ണികൃഷ്ണന്‍ സാവിത്രിയെ കെട്ടിപ്പിടിച്ചു: 'അച്ഛനെ ഇങ്ങോട്ട് കൊണ്ടുവന്നാലോ?' സാവിത്രിയുടെ ചുമലില്‍ നിന്നും തലയെടുക്കാതെതന്നെ നിന്ന് ഉണ്ണിക്കൃഷ്ണന്‍ തന്നോടെന്ന പോലെ പറഞ്ഞു: 'പാവം അവിടെ ഒറ്റയ്ക്കാണ്.'
'അങ്ങനെ തന്നെയാണ് വേണ്ടത്.' ഉണ്ണിക്കൃഷ്ണനെ മേലില്‍ നിന്ന് അടര്‍ത്തി വേഷ്ടി ശരിക്കിട്ട് സാവിത്രി ഉണ്ണിക്കൃഷ്ണനെ കസേരയില്‍ പിടിച്ചിരുത്തി.
'തളളയില്ലാതെ ഇത്രയും പോരിച്ചു. ഒന്നിനോളമാക്കിവിട്ടു. നമുക്ക് നമ്മുടെ കുട്ടനെപ്പോലെയല്ലേ അച്ഛന് നിങ്ങളും? പക്ഷേ, ഒന്നേ ഉളളു. അച്ഛന്റെ മുമ്പില്, ദാ, ഇതുപോലെ, കൈയിലെ മഷി കഴുകിക്കളയാനൊന്നും എന്നോട് പറയരുത്. എനിക്കു നാണമാവും. അതുപോലെ തന്നെ നിങ്ങള്‍ക്കെത്ര ഇഷ്ടമല്ലെങ്കിലും ശരി, അച്ഛനോടിപ്രായത്തില്‍ കുഴമ്പുതേച്ച് നടക്കരുതെന്നും പറയരുത്. നിങ്ങള്‍ അടുക്കളയ്ക്കുള്ളില്‍ കിടന്നോളു. മണം അധികം അങ്ങോട്ടു വരില്ലല്ലോ. ഞാനും കുട്ടികളും.... '
'വരിക്കപ്ലാവ് വീണൂന്ന് അച്ഛനെഴുതീരിക്കുന്നു.'
'വീട് വില്‍ക്കാനൊന്നും വലിയ വിഷമം ഉണ്ടാവില്ല.' സാവിത്രി പറഞ്ഞു:
'നാട്ടില് നിങ്ങള്‍ക്ക് രണ്ടു ദിവസം നില്‍ക്കണമെങ്കില് എന്റെ അമ്മ ഉണ്ടല്ലോ. കുട്ട്യോള് നാട് മറക്കാണ്ടെയും കഴിയും.'
'വരിക്കപ്ലാവ് ഞാനും അച്ഛനും കൂടി വച്ചതായിരുന്നു.'
'മഴേം കാററും വല്ലാണ്ടെ വന്നിട്ടുണ്ടാവും? ' സാവിത്രി പറഞ്ഞു.
'കുറച്ചുറങ്ങിക്കോളൂ. ഈ ചൂടത്തിങ്ങനെ നടന്നാല്‍ ആരാ ക്ഷീണിക്കാണ്ടിരിക്ക്യാ? കത്ത് ഞാന്‍ പിന്നെ വായിച്ചോളാം.' ഷര്‍ട്ടിന്റെ പോക്കററില്‍ നിന്നും കത്തെടുത്ത് സാവിത്രി അകത്തേക്കു പോകുമ്പോള്‍ കൈയ്യില്‍ മഷി പുരണ്ടില്ല എന്നത് ഉണ്ണിക്കൃഷ്ണന്‍ ആശ്ചര്യത്തോടെ കണ്ടു. 'അല്ലെങ്കില്‍,' സാവിത്രി പറഞ്ഞു:
'ആശ മോളെ നിങ്ങളുടെ കൂടെ കിടത്താം. അച്ഛന്റെ ചുമ കുട്ട്യോള്‍ക്ക് കിട്ടാതിരിക്കാന്‍ അതാ നന്നാവാ. '
എന്തെന്നില്ലാത്ത ആശ്വാസത്തോടെ, സാവിത്രി കൈക്കഴുകി. കറ മാഞ്ഞുപോയ കൈയ്യില്‍ വീണ്ടും നോക്കിക്കിടന്ന് ഉണ്ണിക്കൃഷ്ണന്‍ അറിയാതെ ഉറങ്ങിപ്പോയി. ഉറങ്ങിയാല്‍ എപ്പോഴും സ്വപ്നം കാണുന്ന പതിവുണ്ടായിരുന്നു ഉണ്ണിക്കൃഷണന്. ഇത്തവണ അമ്മയുടെ ആളിക്കത്തുന്ന ചിതയുടെ അരികില്‍ താനും അച്ഛനും നില്‍ക്കുന്നതാണ് ഉണ്ണിക്കൃഷ്ണന്‍ കണ്ടത്. അച്ഛന്‍ തന്നെ ചേര്‍ത്തു പിടിച്ചിരുന്നത് കാരണം കുട്ടിയായ തന്റെ കവിള്‍ അച്ഛന്റെ നഗ്നമായ വയറ്റത്താണ് മുട്ടിയിരുന്നത്. 'ഇനിയും നമ്മള്‍ രണ്ടാളില്ല്യേഡോ' ചിതയിലേക്കു നോക്കി തന്റെ തല അമര്‍ത്തിത്തടവി അച്ഛന്‍ പറഞ്ഞു.
അച്ഛന്റെ തടവലോടെ ഉണ്ണികൃഷ്ണന്റെ തലമുടി മുഴുവന്‍ നരച്ചു പോയി. ചിതയ്ക്കപ്പുറത്ത്, തെങ്ങിന്‍ ചുവട്ടിലിരുന്ന് കരിപ്പാത്രങ്ങള്‍ തേക്കുന്ന സാവിത്രിയുടെ കൈവിരലുകളില്‍ എത്ര തേച്ചിട്ടും കരിപുരണ്ടില്ല. അച്ഛന്‍ അമ്പലക്കുളത്തില്‍നിന്നും നീന്തിപ്പോയി. പറിച്ചുതന്ന താമരമൊട്ടുകളെപ്പോലെ സാവിത്രിയുടെ വിരലുകള്‍ കരിക്കുമുകളില്‍ പാറി. ഉണ്ണിക്കൃഷ്ണന്‍ ഒരു ചിരിയോടെ, ചെമ്പുപാത്രത്തിന്റെ മൂട്ടിലെ കരി കൈയിലാക്കി അച്ഛന്റെ മേലില്‍ തേക്കാന്‍ ഓടി. ആളുന്ന തീനാളങ്ങള്‍ക്കു പിന്നില്‍ അച്ഛന്‍ ഒരു പൊട്ടിച്ചിരിയോടെ കുതറി മാറി. അതോടെ, ചിതയില്‍ നിന്നും ചീറ്റിത്തെറിച്ച ഒരു കരിഞ്ഞ കൊളളി തന്റെ നേരെ വരുന്നത്ക് ഉണ്ണിക്കൃഷ്ണന്‍ ഒരു നിലവിളിയോടെ കണ്ണുപൊത്തി.
കണ്ണുതുറന്നപ്പോള്‍, ഇരുട്ടില്‍ ചുമകൊണ്ട് ബുദ്ധിമുട്ടുന്ന ആശയുടെ നെഞ്ചുഴിഞ്ഞുകൊടുക്കുകയായിരുന്നു സാവിത്രി. ആശയുടെ ഞരങ്ങല്‍ ഇരുട്ടില്‍ കരിഞ്ഞകൊളളികള്‍പോലെ ചിതറി.
'ഞാന്‍ കിടന്നില്ല.' സാവിത്രി പറഞ്ഞു: 'ആശയ്‌ക്കൊട്ടും വയ്യ.'
'ആരാ ഇവിടെ കുഴമ്പുതേച്ചിരിക്കുന്നത്? ' പകുതിയുറക്കത്തില്‍. വിയര്‍പ്പില്‍ ഉണ്ണിക്കൃഷ്ണന്‍ ദേഷ്യപ്പെട്ടു: 'ശ്വാസം മുട്ടീട്ടു വയ്യ.'
'ഒരാളൂല്യ. ' സാവിത്രി പറഞ്ഞു; 'കാലും കൈയ്യും കുടഞ്ഞു പൊളിച്ചിട്ടും ഉണ്ണ്യേട്ടന് ഇഷ്ടല്ലല്ലോ എന്നു വിചാരിച്ച് ഞാന്‍ കുഴമ്പുതൊട്ടില്ല.'
തന്റെ മനസ്സില്‍ ഒരു ചിതയുടെ ഓര്‍മ്മയേ ഇല്ലല്ലോ എന്നദ്ഭുതപ്പെട്ട് ഉണ്ണിക്കൃഷ്ണന്‍ വീണ്ടും ഉറക്കത്തിലേക്ക് വഴുതി. ഉണരുമ്പോള്‍ വീട് നിശ്ശബ്ദമാണ്. മകന്‍ സ്‌കൂളില്‍ പോയിക്കഴിഞ്ഞിരുന്നു.
'ഉറങ്ങിക്കോട്ടെ എന്ന് വിചാരിച്ചു.' സാവിത്രി പറഞ്ഞു: 'വിളിച്ചപ്പോള്‍ ഉണര്‍ന്നതൂല്ല്യ.'
പുറത്തെ റോഡ് രാവിലത്തെ തിരക്കൊഴിഞ്ഞ് വിജനമായിക്കഴിഞ്ഞു. ചൂടേറുന്ന ഉച്ചവെയിലിലേക്കു നോക്കി ഉണ്ണിക്കൃഷ്ണന്‍ ജനാലക്കല്‍ വെറുതെനിന്നു. പിന്നെ, നിത്യവൃത്തികളില്‍ മുഴുകെ, വൈകുന്നേരം തന്റെ സുഹൃത്ത് രാധാകൃഷ്ണനെ കാണണമെന്ന് ഉണ്ണിക്കൃഷ്ണന്‍ തീരുമാനിച്ചു. രാധാകൃഷ്ണന് എപ്പോഴും എല്ലാം വേഗം മനസ്സിലാകും.
'കത്ത്.' ഉണ്ണിക്കൃഷ്ണനെ കണ്ടതും രാധാകൃഷ്ണന്‍ കത്തെടുത്ത് നീട്ടി.
'അച്ഛന്റെ തന്നെ?'
'താന്‍ ധൃതിയിലല്ലല്ലോ.' കത്തുതൊടാതെ കൈ രണ്ടും പോക്കറ്റിലിട്ട് ഉണ്ണിക്കൃഷ്ണന്‍ ചോദിച്ചു: 'നമ്മുക്കൊന്നു നടന്നിട്ടുവരാം.'
'പാര്‍ക്കിലെ ബെഞ്ചിലിരുന്ന് രാധാകൃഷ്ണന്‍ കത്തു വീണ്ടും ഉണ്ണിക്കൃഷ്ണനു നീട്ടി.'
'താന്‍ തന്നെ വായിക്കാം.' ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. എന്നിട്ട് ഞാനെന്താ വേണ്ടതെന്ന് കത്തു വായിച്ചിട്ട് ഒന്നു പറഞ്ഞു തരാം.
ഉണ്ണിക്ക്, 'ഇന്നലെ കോലായ ഇടിഞ്ഞു.' രാധാകൃഷ്ണന്‍ വായിച്ചു. 'നിനക്ക് സുഖം എന്നു വിചാരിക്കുന്നു. സാവിത്രിയുടെ ദേഹം നോക്കണം. ശമ്പളം സൂക്ഷിച്ച് ചെലവാക്കണം. ഡോക്ടര്‍ പറഞ്ഞത് കാലിന് ഓപ്പറേഷന്‍ വേണമെന്നാണ്. പത്തു ദിവസം നാട്ടില്‍ വന്നാല്‍ കുട്ടികള്‍ക്ക് ധാരാളം മാങ്ങ തിന്നാം. തെക്കേത്തൊടിയിലെ വേലി പൊളിഞ്ഞത് രാമന്‍ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്. വരും കാലത്തേക്ക് നാലു കാശ് സാമ്പാദിച്ചു വെയ്‌ക്കേണ്ടത് ഇപ്പോഴാണ്. ഇനി എല്ലാം ദൈവഹിതം. എന്റെ കമ്പിളി എലി കടിച്ചുപോയി.
'ഇനി പറയാം.' ഉണ്ണിക്കൃഷ്ണന്‍ കൈ പോക്കറ്റില്‍ നിന്നെടുക്കാതെ തന്നെ പറഞ്ഞു: 'ഞാനെന്താ വേണ്ടത്? '
'ഞാന്‍ പറയേണ്ടത് പറഞ്ഞു: ' രാധാകൃഷ്ണന്‍ കാല്‍ച്ചുവട്ടിലേക്ക് നോക്കി പുല്ലില്‍ കുത്തിവരച്ചു. 'തന്നെപ്പറ്റി തന്റെ മകനാണ് ഇങ്ങനെ, ആലോചിക്കുന്നതെങ്കിലോ? '
ഇരിക്കുന്ന ബെഞ്ചില്‍ തിളച്ച വെള്ളം പരന്നപോലെ ഉണ്ണിക്കൃഷ്ണന്‍ ഞെട്ടി.
'എടോ, പക്ഷേ....' ഉണ്ണികൃഷ്ണന്‍ വിക്കി. 'എന്നിട്ട് താനോ...'
'എത്ത്യേന്റെ പിറ്റദിവസം, എന്റെ മകന്റെ ഡിസ്‌കോ സംഗീതം അച്ഛന്‍ പുറത്തേക്കെറിയും. രാധാകൃഷ്ണന്‍ തലയുയര്‍ത്താതെ പറഞ്ഞു.
'മകന്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കണപ്രായം തെറ്റി. തല്ലി പുറത്തു കളയാന്‍ പറ്റണ പ്രായവും അല്ല. ഉണ്ണിക്കൃഷ്ണന്‍ അതാലോചിക്കണ് കൂടിയില്ല.' സാവിത്രിയുടെ കാലിലെ വിള്ളലുകള്‍ കിടപ്പുമുറിയുടെ ചുമരു മുഴുവന്‍ നിറയാന്‍ തുടങ്ങിയിരിക്കുന്നു. ഉണ്ണികൃഷ്ണന്‍ ഏറെക്കുറെ തന്നോടെന്നപോലെതന്നെ പറഞ്ഞു: രാവിലെ എഴുന്നേറ്റു പോകുമ്പോള്‍ ഓരോന്നോരോന്നായി സാവിത്രി ചുമരില്‍ ഒട്ടിച്ചു വയ്ക്കും. പിന്നെ രാത്രി, മേല്‍കഴുകി കിടക്കാന്‍ വരുമ്പോള്‍ അതെല്ലാം കാല്‍ക്കുതിയിലും വണ്ണയിലും തുടയിലും ഒക്കെയായി ഏറ്റുവാങ്ങും. ചിതലുകള്‍പോലെ ഇത്രയുംവിളളലുകള്‍ ചുററും ചുമരില്‍ പറ്റിപ്പിടിച്ചിരിക്കുമ്പോള്‍ കണ്ണടക്കാന്‍ സാവിത്രിക്ക് പേടിയാണെത്രെ. ഉറങ്ങുമ്പോള്‍ സ്വന്തം വിളളലുകള്‍ കൂടെ ഉണ്ടാവുന്നതാണ് ശരിയെന്നാണ് സാവിത്രി പറയാറ്.
'ഇതൊക്കെ പറഞ്ഞു മാറ്റാവുന്നതേയുളളൂ എന്നാണ് എനിക്ക് തോന്നുന്നത്.'
രാധാകൃഷ്ണന്‍ പുല്‍ത്തലപ്പില്‍നിന്നും കണ്ണെടുക്കാതെ പറഞ്ഞു: 'സാവിത്രിക്ക് പ്രായമായി, നിങ്ങള്‍ പറഞ്ഞാല്‍ അനുസരിക്കാതെ വയ്യ. പക്ഷേ, എന്റെ മകന്‍.'
സാവിത്രിക്ക് ഈ സ്വഭാവം കിട്ടിയത് അവളുടെ അമ്മയില്‍ നിന്നായിരിക്കണം. വൈകുന്നേരത്തെ ഇളം വെയിലിലൂടെ വീട്ടിലേക്ക് തിരിഞ്ഞുനടക്കുമ്പേള്‍ ഉണ്ണിക്കൃഷ്ണന്‍ ഓര്‍ത്തു. മരത്തില്‍നിന്ന് വീണ് എല്ലൊടിഞ്ഞ് ആറുകൊല്ലത്തിലധികം ശവംപോലെ കിടന്ന അച്ഛനെ ശുശ്രൂഷിക്കുന്നതിനിടയിലാണ് അതുണ്ടായത്. അച്ഛന്റെ മലമൂത്രങ്ങള്‍ നിറഞ്ഞ തുണികള്‍ കഴുകി വൃത്തിയാക്കി വരുമ്പോള്‍  സാവിത്രിയുടെ അമ്മ തൊടിയില്‍ ഛര്‍ദ്ദിച്ചു. വായ എത്രപ്പൊത്തിപ്പിടിച്ചിട്ടും പൊട്ടിപുറത്തേക്കൊഴുകിയ അതിനെ പരിഭ്രമത്തോടെ, തന്റെ മനസ്സിനെ എന്ന പോലെ അമ്മ ആരും കാണാതെ മണ്ണിട്ടുമൂടുന്നത് പക്ഷേ, തറവാട്ടിലെ ശാന്തിക്കാരന്‍ നമ്പൂതിരി കണ്ടു.
'സാരല്ല്യ' തിരുമേനി പറഞ്ഞു: 'തെക്കേത്തൊടിയിലെ പുളിമരത്തിന്റെ ചുവട്ടിലെ മണ്ണ് ജപിച്ച് സേവിച്ചാല്‍ മതി.'
രണ്ടാഴ്ച്ച കൊണ്ട് സാവിത്രിയുടെ അച്ഛന്റെ ശരീരം വളക്കൂറുളള മണ്ണ് തിന്ന് തടിച്ചു.
'ഇപ്പൊ ഒരു സുഖം തോന്നുന്നൂ. ' അച്ഛന്‍ പറഞ്ഞത്രെ.
'തിരുമേനിയെ, ' അചഛന്റെ നെററി തടവിക്കൊടുത്ത് അമ്മ പതുക്കെപറഞ്ഞു. 'ദൈവം കാക്കട്ടെ.'
സാവിത്രിയുടെ അമ്മയുടെ നഖങ്ങള്‍ വളരാന്‍ തുടങ്ങിയതെപ്പോഴാണെന്ന് ആര്‍ക്കും അറിവില്ലായിരുന്നു. നഖങ്ങള്‍ അതിവേഗം വളരാന്‍ തുടങ്ങിയതോടെ അവയില്‍ ഏറെ ചളി നിറഞ്ഞു. വീട്ടിലെ കുളക്കടവില്‍ നിന്ന് അമ്മ അത് പരിഭ്രമത്തോടെ വീണ്ടും വീണ്ടും ഒലമ്പിക്കഴുകി.
'വളക്കൂറുളള മണ്ണു മന്തിയിട്ടാവണം, തിരുമേനി അമ്മയുടെ നഖങ്ങളില്‍ തലോടി പറഞ്ഞു:
'വളരുമ്പോള്‍ അത് വെട്ടിക്കളഞ്ഞേക്കൂ.'
'ഞാനുംപോയാല്‍' കുളക്കടവിലെ ഇരുട്ടിലേക്ക് ചാരിനിന്ന് അമ്മ കരഞ്ഞു:
'ഈ തുണി ആരാ ഒന്നു തൊട്ാ? ' എത്തന്നോളം എത്തട്ടേ എന്നാണ് എന്റെ പ്രാര്‍ത്ഥന.'
എത്ര വെട്ടിയിട്ടും നിറുത്താതെ വളരുന്ന നഖങ്ങള്‍ കൊണ്ട് സ്വന്തം മാറും മുഖവും അമ്മ മാന്തിപ്പൊളിച്ചത് അച്ഛന്‍ മരിച്ചിട്ടും കുറെക്കഴിഞ്ഞാണ്. അന്ന് കുളക്കടവില്‍ അമ്മയുടെ തൊട്ടടുത്ത് വെളളത്തിലേക്കും നോക്കി മിാതിരുന്ന തിരുമേനി ജനാലയ്ക്കല്‍ നിന്നെത്തിനോക്കിയ സാവിത്രിയെ കണ്ടില്ല. അമ്മയുടെ ചോര തട്ടിച്ചുവന്ന തന്റെ പൂണൂലില്‍ തിരുപ്പിടിച്ചതല്ലാതെ അമ്മയോട് ഒന്നും പറഞ്ഞുമില്ല.
പക്ഷേ, നഖങ്ങളുടെ നീളം കാരണം അമ്മയുടെ കൈപ്പടം തൊടാന്‍ തിരുമേനിക്കടക്കം വല്ലാതെ ബുദ്ധിമുട്ടായി. മുഖത്തെ പാടുകള്‍ ഏറെ വികൃതമായതോടെ, അതിന്റെ അഭംഗിയില്‍ തിരുമേനി നാടുവിട്ടു. ജപിച്ചൂതിയ മണ്ണ് കൃത്യസമയങ്ങളില്‍ കൊടുക്കാന്‍ അമ്മ എപ്പോഴും അടുത്തുായിരുന്നതിനാല്‍ മരിക്കുമ്പോള്‍ അച്ഛന്‍ വളരെ ശാന്തനായിരുന്നുവത്രെ.
'അമ്മയുടെ മുഖത്തെ പാടുകള്‍ കാണുമ്പോള്‍, ' സാവിത്രി പറയും: എനിക്ക് നിങ്ങളുടെ അച്ഛനെ ആണ് ഓര്‍മ്മവരാറ്.'
വിജനമായ റോഡിലൂടെ ഉണ്ണിക്കൃഷ്ണന്‍ പലവുരു നടന്നു. മങ്ങിയ ഒരു കോടിത്തുണിക്കഷണം പോലെ സന്ധ്യ ഉണ്ണിക്കൃഷ്ണനു മുന്നില്‍ പരന്നു കിടന്നു. അവസാനം അത്രനേരവും തനിക്കൊപ്പം നടന്ന നിശ്ശബ്ദതയുടെകൂടെ വീട്ടിലെത്തിയപ്പോള്‍ രാത്രി നല്ല പോലെ ഇരുട്ടിയിരുന്നു. സാവിത്രിയും കുട്ടികളും ഉറക്കമായിരിക്കണം. വാതില്‍ തുറന്ന്, പുറത്തും അകത്തും ഉളള ഇരുട്ടിനു നടുവില്‍ ഉണ്ണിക്കൃഷ്ണന്‍ ഒരു നിമിഷംകൂടി നിന്നു.
കുതിയിലും കാല്‍വണ്ണയിലും ഒക്കെ നിറയെ വിളളലുകളുമായി സാധാരണപോലെ സാവിത്രി ചെരിഞ്ഞുകിടന്നാണ് ഉറങ്ങിയിരുന്നത്. തലയണയ്ക്കുമീതെവച്ച കൈത്തയില്‍ ബോണസ് കിട്ടിയപ്പോള്‍ മേടിച്ചു കൊടുത്ത സ്വര്‍ണ്ണവള ഒരു പൊളളല്‍പോലെ കിടന്നു. ഉണ്ണികൃഷ്ണന്‍ സാവിത്രിയെ കുറച്ചുനേരം നോക്കി. പിന്നെ സാവിത്രിയെ ഉണര്‍ത്താതെ, സാവിത്രിയുടെ കൈകള്‍ എത്ര മെലിഞ്ഞതാണെന്നോര്‍ത്തുകൊണ്ട് ഉണ്ണിക്കൃഷ്ണന്‍ ആ വള ഊരിയെടുത്തു. കൂട്ടത്തില്‍ സാവിത്രി മേലിലേക്ക് കാലെടുത്തുവെച്ച് ഉറങ്ങുന്ന ആശയുടെ കഴുത്തിലെ മാലയും ഊരി. ചെറിയ കുട്ടികള്‍ ആഭരണങ്ങള്‍ ധരിക്കുന്നത് എത്ര അപകടമാണെന്ന് സാവിത്രിയോടെപ്പോഴും ഉണ്ണിക്കൃഷ്ണന്‍ പറയാറുളളതാണ്.
'അച്ഛന് ഉടനെ ഒരു കമ്പിളി വാങ്ങണം' മണിയോര്‍ഡര്‍ ഫോറത്തില്‍ ഉണ്ണിക്കൃഷ്ണനെഴുതി. ഇടനാഴിയിലെ ബള്‍ബും, കുഴമ്പും, വേലിക്കുളള മുളളും, തിണ്ണകെട്ടാനുള്ള സിമന്റും ഇതുകൊണ്ട് വാങ്ങിക്കോളൂ. ഉടനെ ഞാനിനിയും പണം അയച്ചുതരുന്നുണ്ട്. കുറച്ചുനേരത്തെ ആലോചനയ്ക്കു ശേഷം ഉണ്ണിക്കൃഷ്ണന്‍ സാവിത്രിക്കും മക്കള്‍ക്കും സുഖം തന്നെയെന്നും ലീവ് കിട്ടിയാലുടന്‍ വരുന്നുണ്ടെന്നും കൂടി എഴുതി ചേര്‍ത്തു.
രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചതും മണിയോഡര്‍ അയക്കാന്‍ വരിനിന്നതും കാരണം ഉണ്ണിക്കൃഷ്ണന്‍ വല്ലാതെ ക്ഷീണിച്ചിരുന്നു. അതിനാല്‍ വാതിക്കല്‍ തന്നെയും കാത്തുനിന്നിരുന്ന സാവിത്രിയുടെ ചുമലില്‍ പിടിച്ചാണ് ഉണ്ണിക്കൃഷ്ണന്‍ അകത്തേക്കു കടന്നത്.
'ഒന്ന് നാട്ടില്‍ പോയി പോന്നിരുന്നൂച്ചാല്‍ ഇടനാഴിയിലെ ബള്‍ബ് നമുക്കുതന്നെ മേടിച്ച് ഇട്ടുകൊടുക്കാമായിരുന്നു.' കസേരയിലേക്ക് ഉണ്ണിക്കൃഷ്ണനെ പിടിച്ചിരുത്തുമ്പോള്‍ സാവിത്രി പറഞ്ഞു: 'ആ വള ഊരിയതോടെ, നോക്കൂ വിള്ളല്‍ പോയി, തേച്ചു കഴുകിയ കിണ്ണം പോലെയായി എന്റെ കാലും.'
കസേരയിലിരുന്നതും ഉറങ്ങിത്തുടങ്ങിയിരുന്ന ഉണ്ണിക്കൃഷ്ണന്‍ സാവിത്രി പറഞ്ഞത് കേട്ടതേയില്ല. തളര്‍ച്ചകൊണ്ട് ഗാഢനിദ്രയിലാ ഭര്‍ത്താവിനെ നോക്കിനില്‍ക്കെ, ഇനി ഇപ്പോള്‍ അദ്ദേഹത്തെ ഉടനെ വിളിച്ചു പറയുകയാണൊ വേണ്ടതെന്ന് സാവിത്രിക്ക് വീണ്ടും സംശയമായി.
'സത്യത്തില്‍, തന്റെ അച്ഛനെപ്പോലെതന്നെ, ഇത്ര പെട്ടെന്ന് മരിക്കുമെന്ന് ഉണ്ണ്യേട്ടന്റെ അച്ഛനും വിചാരിച്ചിരിക്കയില്ല. അച്ഛന്റെ ആയുസ്സ് എണ്‍പത്തിമൂന്നാണെന്ന് ഉണ്ണ്യേട്ടനും പേര്‍ത്തുംപേര്‍ത്തും പറയാറുള്ളതാണ്.' ഉണ്ണ്യേട്ടന്റെ തലയ്ക്കുകീഴെ തലയണ വച്ചുകൊടുത്ത് നേരെ കിടത്തി സാവിത്രി ഓര്‍ത്തു: ഒരു പക്ഷേ, ഉണ്ണ്യേട്ടനു തെറ്റിയത് അച്ഛന്റെ വയസ്സ് കണക്ക് കൂട്ടിയതിലാവണം.

No comments:

Post a Comment