Followers

Tuesday, July 2, 2013

എന്തു ചെയ്യണം ഞങ്ങള്‍?

വസ്തുനിഷ്ഠമായി നോക്കിയാല്‍ മറ്റേതു ബലപ്രയോഗത്തേയും പോലെ ബലാത്സംഗവും ഒരു ക്രിമിനല്‍ കുറ്റം മാത്രമാണ്. കൊല പോലെ, വഞ്ചനപോലെ, മര്‍ദ്ദനമോ പീഢനമോ അതിക്രമമോ പോലെ ഒരു കുറ്റകൃത്യം. മുമ്പ് മാധവിക്കുട്ടി പെണ്‍കുട്ടികളോടു പറഞ്ഞതാണ് എനിക്ക് ഓര്‍മ്മവരുന്നത്. ''ബലാത്സംഗത്തിന് ഇരയാകേണ്ടിവരുന്ന പെണ്‍കുട്ടികള്‍ ഒരു മുറിവു പറ്റിയാലെന്ന പോലെ നന്നായി ഡെറ്റോള്‍ ഇട്ടു മേലാസകലം കഴുകണം''. അവര്‍ പറഞ്ഞു ''ബലാത്സംഗത്തില്‍ പെണ്‍കുട്ടിക്ക് ഉണ്ടാകുന്നത് ഒരു ശാരീരിക മുറിവു മാത്രമാകുന്നതിനാല്‍ മുറിവ് ചികിത്സിക്കുക. അത് സെപ്റ്റിക്കാവാതെ നോക്കുക''. എന്നാല്‍ ഇവിടുത്തെ പെണ്‍കുട്ടികളോടൊ അവരടങ്ങുന്ന വലിയ സമൂഹത്തോടൊ ബലാത്സംഗത്തെക്കുറിച്ചിതു പറഞ്ഞാല്‍ അവര്‍ വിറളിയെടുക്കും.
താത്വികമായി മാധവിക്കുട്ടി പറഞ്ഞത് നൂറുശതമാനം ശരിയാണെങ്കിലും പ്രായോഗികമായി ബലാത്സംഗത്തിന്റെ ഫലമോ തലമോ അങ്ങനെയല്ല കണക്കാക്കപ്പെടുന്നത് എന്നതു തന്നെയാണ് കാരണം. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയോട്, ആക്രമിക്കപ്പെട്ട ഇരയോട് സഹതപിക്കുന്നതിനു പകരം സമൂഹം ഒരു കുറ്റവാളിയെ എന്നപോലെ അവരെ അകറ്റി നിര്‍ത്തുകയാണ് പതിവ്. അവളുടെ ജീവിതം ഒറ്റപ്പെടും വിധമുള്ള പെരുമാറ്റവും സമൂഹം അവള്‍ക്കു മേല്‍ കെട്ടിവയ്ക്കുന്നു. ഈ കുറ്റത്തില്‍ മാത്രമാണ് കുറ്റത്തിനു ഇരയായവള്‍ കുറ്റവാളിയെപോലെ സമൂഹത്തില്‍ നിന്ന് പുലഭ്യവും അവഗണനയും ശാശ്വതമായ ചീത്തപ്പേരും ഏറ്റുവാങ്ങേണ്ടി വരുന്നത്.
ബലാത്സംഗം മൂലം പെണ്‍കുട്ടിക്ക് ''എല്ലാം'' നഷ്ടപ്പെട്ടെന്നും പരിശുദ്ധിയുടെ പളുങ്കു പാത്രം ഉടഞ്ഞുപോയെന്നും പറഞ്ഞ് വിലപിക്കുന്നവരോട് ആ ''എല്ലാം'' എന്താണെന്നുകൂടി ചോദിച്ചു നോക്കൂ. അത് ശാരീരികമേയല്ല എന്നപ്പോള്‍ കാണാം. ആയിരുന്നുവെങ്കില്‍ ആ നഷ്ടം ബലാത്സംഗത്തിനിരയാകുന്ന ആണ്‍കുട്ടികള്‍ക്കും ബാധകമാവണമായിരുന്നു. അങ്ങനെ ഒന്നുണ്ടാവുന്നില്ല എന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. അപ്പോള്‍ പെണ്‍കുട്ടിയുടെ ശരീരത്തിനെന്താണ് പ്രത്യേകത? ബലാത്സംഗത്തിനു മുന്‍പും പിന്‍പും പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉണ്ടാകുന്ന വ്യത്യാസം അവളുടെ വിവാഹ പിറ്റേന്നുണ്ടാകുന്ന വ്യത്യാസം എന്തോ അതുമാത്രം തന്നെയാകുന്നു. (ക്രൂരവും വികലവുമായി ഇരയെ ഉപദ്രവിക്കുന്ന ലൈംഗിക വൈകൃതങ്ങളല്ല ഇവിടെ പ്രതിപാദിക്കുന്നതെന്ന് പ്രത്യേകം പറയട്ടെ). അതായത് ബലാത്സംഗത്തിനു ശേഷം പെണ്‍കുട്ടിയുടെ ജീവിതം സാമൂഹ്യപരമായി താറുമാറാകുന്നു എങ്കില്‍ അതിനു കാരണം ബലാത്സംഗത്തിന്റെ ശാരീരിക മാനങ്ങളേയല്ല, മറിച്ച് അതിന്റെ മാനസികവും സാമൂഹ്യവുമായ മാനങ്ങളാണ് എന്നര്‍ത്ഥം. പിതൃദായിത്വ സമ്പ്രദായത്തില്‍ ആണിന്റേയും പെണ്ണിന്റേയും സാമൂഹ്യ സ്ഥാനവും നിലയും വിലയുമൊക്കെ വ്യത്യസ്ഥമായതിനാലാണ് ആണ്‍കുട്ടികളുടെ ബലാത്സംഗവും പെണ്ണിന്റെ ബലാത്സംഗവും അവരവരുടെ ജീവതങ്ങളെ വ്യത്യസ്ഥമായി, വളരെ വത്യസ്ഥമായി ബാധിക്കുന്നത്. ബലാത്സംഗത്തെ മറ്റു കുറ്റകൃത്യങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്ന ഘടകവും ഈ സാമൂഹിക മാനങ്ങള്‍ന്നെയാണ്.
സ്ത്രീ-പുരുഷ ലൈംഗീക ബന്ധം സ്വാഭാവിക ശാരീരിക ചോദനയായി മാത്രം കാണാന്‍ ഒരുക്കമില്ലാത്ത ഒരു സാമൂഹ്യവ്യവസ്ഥിതിയില്‍ അംഗീകൃതമായ ലൈംഗീക ബന്ധം വിവാഹത്തിനുള്ളില്‍ മാത്രം നടക്കുന്നതാവാനേവയ്ക്കൂ. അച്ഛന്റെ/പുരുഷന്റെ അധ്വാനഫലം ഭാവിയില്‍ സ്വന്തം മക്കള്‍ക്കുമാത്രം ലഭിക്കണമെന്നുറപ്പു വരുത്താന്‍ സുനിശ്ചിതമായ ഏകമാര്‍ഗ്ഗം ഭാര്യക്കു മറ്റൊരാളുമായി ലൈംഗിക ബന്ധം ഉണ്ടാവരുതെന്നുറപ്പു വരുത്തലാണ് എന്നിരിക്കെ ''ചാരിത്ര്യ'' മെന്ന സാമൂഹ്യനിര്‍മ്മിതി ഈ ഉറപ്പു വരുത്തലിന് അത്യാവശ്യമാകുന്നു. കുടുംബമെന്ന ആശയത്തിന്റെ നിലനില്‍പ്പിനും വേണ്ടിയിരുന്ന ഈ അടിത്തറ... ഇതോടെ സ്ത്രീ, ഒരു വസ്തുവെപ്പോളെ പുരുഷന് തന്നിഷ്ടപ്രകാരം കൈകാര്യം ചെയ്യാവുന്ന സ്വത്തായി, സ്വന്തമായൊരസ്ഥിത്വമില്ലാത്ത, പുരുഷന്റെ അസ്ഥിത്വത്തോടു ചേര്‍ന്നു നില്‍ക്കാന്‍ മാത്രം അനുവാദമുള്ള ഒരു കൂട്ടിക്കെട്ടല്‍ മാത്രമായി, ഒരു തനതു വ്യക്തിത്വമില്ലാതെ അമ്മയോ സഹോദരിയോ മകളോ മാത്രമായി. തലമുറ തലമുറയായി പകര്‍ന്നു കിട്ടുകയും നമ്മുടെ സമൂഹമനസ്സില്‍ ആഴ്ന്നിറങ്ങിക്കഴിയുകയും ചെയ്ത പിതൃദായിത്വ മൂല്യബോധങ്ങള്‍ ഈ സാമൂഹ്യ നിര്‍മ്മിതിക്കു രൂപം കൊടുത്തതു സാമ്പത്തിക പിന്‍തുടര്‍ച്ചാവകാശത്തിനുള്ള കളമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെയായതിനാല്‍ അച്ഛനും മക്കളും മാത്രമായിരുന്നു അവിടെ പ്രധാനം. പെണ്ണിന്റെ ബലാത്സംഗത്തോടുള്ള സമൂഹത്തിന്റെ സമീപനത്തില്‍ ഇവയെല്ലാം മുഖ്യ ഘടകങ്ങളാകുന്നു എന്നതിനാലാണ് ഇവയെക്കുറിച്ചറിയേണ്ടത് അത്യാവശ്യമാകുന്നത്.
ബലാത്സംഗത്തെ മറ്റു കുറ്റങ്ങളില്‍ നിന്ന് ചാരിത്ര്യത്തിന്റെ പേരു പറഞ്ഞ് വേര്‍പെടുത്തുന്നതും ഇതേ പിതൃദായിത്വ മൂല്യങ്ങള്‍ തന്നെയാണെന്നതിനാല്‍ സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ വഴികളില്‍ ചാരിത്ര്യമെന്ന നിര്‍മ്മിതിയെ തള്ളിപ്പറയേണ്ടിയും വെല്ലുവിളിക്കേണ്ടിയും വരുന്നതു സ്വാഭാവികമായിത്തീരുന്നു.
''ഉപയോഗിക്കപ്പെട്ട'' ---ആ പ്രയോഗത്തില്‍ത്തന്നെയുണ്ട് സ്ത്രീ ശരീരത്തെ സമൂഹം അടയാളപ്പെടുത്തുന്നതിന്റെ മാനങ്ങള്‍. ശരീരമാണ് കളങ്കമെങ്കില്‍ വിധവകള്‍ രണ്ടാം വിവാഹത്തിനു യോഗ്യകളാവാന്‍ വഴിയില്ല. അതല്ല കാരണം, വിവാഹത്തിനു പുറത്തുള്ള ലൈംഗീക ബന്ധം സ്ത്രീക്കു മാത്രം അനുവദനീയമല്ല എന്നതാണ്. ഒരു പെണ്ണായ ഞാന്‍ കൊലചെയ്യുന്നതൊ ചതിക്കുന്നതൊ കക്കുന്നതൊ നിയമം ലംഘിക്കുന്നതൊ ഒക്കെ സമൂഹം പൊറുത്തെന്നുവരും. എന്നാല്‍ അതിനേക്കാള്‍ എത്രയൊ നിസ്സാരമായ, ആര്‍ക്കും യാതൊരു ചേതവുമില്ലാത്ത, ആരേയും ഒരു തരത്തിലും ഉപദ്രവിക്കാത്ത എന്റെ ''ചാരിത്ര്യ നഷ്ടം'' പക്ഷെ സമൂഹം ഒരിക്കലും പൊറുക്കുകയില്ല!!! ഒരു തീരാശാപം പോലെ ജീവിതം മുഴുവന്‍ ആ ''കളങ്കം'' എന്നെയെന്നതിനെക്കാള്‍ എന്റെ കുടുംബത്തെ പിന്‍തുടരും. കാരണം ഞാന്‍ കുടംബത്തിന്റെ സ്വത്താണ്. അതിനാല്‍ കുടുംബത്തിലെ പുരുഷന്റെ അഭിമാനമാണ് ഇതിലൂടെ മുറിക്കപ്പെടുന്നത്. എന്റെ ചാരിത്ര്യ നഷ്ടം കുടുംബത്തിലെ പുരുഷന്റെ കഴിവില്ലായ്മയൊ മാന്യതക്കുറവൊ അഭിമാനം കാത്തുസൂക്ഷിക്കാനുള്ള ശേഷിക്കുറവൊ ആയാണ് കണക്കാക്കപ്പെടുക. അതാണ് സമൂഹത്തിന്/പുരുഷന് സഹിക്കാന്‍ കഴിയാത്തതും.
നമ്മുടെയൊക്കെ മനസ്സിലുറച്ചിട്ടുള്ള പുരുഷ സങ്കല്‍പം ശക്തനും കീഴടക്കുന്നവനും അധികാരം കയ്യാളുന്നവനും ആക്രമിക്കാനും അനുസരിപ്പിക്കാനും കഴിവുള്ളവനും എന്നാണ്. തോല്‍വി അവനു പറഞ്ഞിട്ടുള്ളതല്ല. ആഗ്രഹിച്ചതു നേരെ കിട്ടിയില്ലെങ്കില്‍ വെട്ടിപ്പിടിക്കുക. പൗരുഷവും അനുവദനീയവും ആണത്.
ഈ മനോഭാവം തന്നെയാണ് ബലാത്സംഗത്തിലും സ്ത്രീയെ കുറ്റവാളിയാക്കുന്നത്. ആണാണെങ്കില്‍ അവനു തോന്നിയാല്‍ തോന്നുമ്പോള്‍ ആക്രമിക്കും. അതു സ്വാഭാവികമാണ്. ഇഷ്ടമുള്ളത് ആരില്‍ നിന്നും തട്ടിപ്പറിക്കും. ശാരീരിക ശക്തി കൊണ്ട് കീഴടക്കും. പെണ്ണ് ബലഹീനയെങ്കില്‍ അത് സ്വയം മനസ്സിലാക്കി അവനെ പ്രകോപിപ്പിക്കാതിരിക്കുക. ആക്രമിക്കാന്‍ ഇടകൊടുക്കാതിരിക്കുക പെണ്ണിന്റെ കര്‍ത്തവ്യം ആതാണ്. അതിനാലാണ് പെണ്ണ് ലൈംഗീകാസക്തി ഉദ്ദീപിപ്പിക്കും വിധം വസ്ത്രം ധരിക്കുന്നതെന്നും ആക്രമിക്കപ്പെടാന്‍ എളുപ്പമാക്കും വിധം ഒറ്റക്കും തറ്റക്കും നടക്കരുതെന്നും ഇരുട്ടത്തു പുറത്തു പോകരുതെന്നും വീട്ടിനുള്ളില്‍ അടങ്ങി ഒതുങ്ങി യജമാനനെസേവിച്ച് ഇരിക്കണമെന്നും പറഞ്ഞു മനസ്സിലാക്കുന്നത് മനസ്സിലാക്കാത്തവര്‍ അനുഭവിക്കട്ടെ!!. രക്ഷകനാകേണ്ട പുരുഷന്‍ അക്രമിയാകുന്നതല്ല, മറിച്ച് സ്ത്രീ പുരുഷനെപ്പോലെ സ്വതന്ത്രയായി നടക്കുന്നതാണ് കുറ്റം. ''മാനം'' കവര്‍ന്നെടുക്കുന്നതല്ല, അത് നഷ്ടപ്പെടുന്നതാണ് കുറ്റം!.
സാമാന്യ ബുദ്ധിക്ക് നിരക്കാത്ത സമൂഹത്തിന്റെ ഈ രീതി ബോധത്തെ എങ്ങനെ ചെറുക്കാം എന്നതാണ് ഇന്നെന്നെ ഏറ്റവുമധികം അലോസരപ്പെടുത്തുന്ന ചിന്ത. മോഹന്‍ ഭാഗവതായാലും അസ്സാറാമായാലും ആസ്മിയായാലും പറയുന്നത് അവരുടെ മാത്രം അഭിപ്രായമല്ല. അവഗണിക്കാനാവാത്ത ഒരു വലിയ ഭൂരിപക്ഷത്തിന്റെ കൂടി അഭിപ്രായവും വിശ്വാസവുമാണ് എന്നത് അതിലേറെ ഭീതി പടര്‍ത്തുന്നു. അവിടെ ന്യായങ്ങളല്ല, നീതിയല്ല, കാലാകാലങ്ങളായുള്ള വിശ്വാസമാണ് പ്രധാനം. ബുദ്ധിയോടൊ വിവേകത്തോടൊ അല്ല നിങ്ങള്‍ സംവദിക്കുന്നത്. ശീലിച്ചു പോയ, ഉട്ടിയുറപ്പിച്ച വികാരങ്ങളോടാണ്.
ജാതി-മത-വര്‍ണ്ണ-ലിംഗ വിവേചനത്തിനെതിരെ കാലങ്ങളായി നടന്നു വരുന്ന യുദ്ധങ്ങള്‍ക്കും സമരങ്ങള്‍ക്കും ഇത്രയെ സമൂഹത്തില്‍ സ്വാധീനം ചെലുത്താനായുള്ളു എന്ന ചിന്തയ്ക്ക് ഒരു തോല്‍വിയുടെ ചുവയുണ്ട് എന്ന് സമ്മതിച്ചു തന്നെ പറയട്ടെ, മതങ്ങള്‍, അവയുടെ മൂല്യങ്ങളില്‍ നിന്നകന്നു, പ്രത്യക്ഷത്തിലുള്ള, സ്വാര്‍ഥ പ്രേരിതമായ രൂപങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശയോടെ സമൂഹത്തിനുമേല്‍ പിടി മുറുക്കുന്ന ഇക്കാലത്ത് സ്ത്രീയെ വെറും ഉപഭോഗവസ്തുവായി മാത്രം കാണുന്ന മനോഭാവത്തിന് ആക്കം കൂടാനാണിട. അതിനെ എതിര്‍ക്കുക, ഭൂരിപക്ഷത്തെ എതിര്‍ക്കലാണ്. അതത്ര എളുപ്പമാവില്ല. ഉള്ളാകെ കരിക്കുന്ന ഒരു തീകൊള്ളിപോലെയാണ് ഈ ചിന്ത മനസ്സിലേക്കെത്തുന്നത്. സിനിമകള്‍, സീരിയലുകള്‍, പരസ്യങ്ങള്‍, നൃത്യനൃത്തങ്ങളുടെ അവതരണ ശൈലികള്‍ ഇവയെല്ലാം ഈ മനോഭാവത്തിനു ആക്കം കൂട്ടുന്നവയാണ് എന്നു പറയുമ്പോള്‍ ഞാന്‍ വിരല്‍ ചൂണ്ടുന്നത് അതിന്റെ ശരി തെറ്റുകളിലേക്കല്ല. മറിച്ച്, അതുണ്ടാക്കുന്ന പിതൃദായിത്വ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ഒരു സ്റ്റീരിയോ ടൈപ്പ് സ്ത്രീ സങ്കല്‍പത്തിന് നേരെയാണ്. സ്ത്രീ ശരീരമൊ നഗ്നതയൊ അശ്ലീലം ആണെന്ന് വിശ്വസിക്കുന്നവളല്ല ഞാന്‍. എന്നാല്‍ അടിച്ചമര്‍ത്തപ്പെടുന്ന ലൈംഗികാവശ്യങ്ങള്‍, സ്വാഭാവികചോദനകളെ തടഞ്ഞുവയ്ക്കുന്നതില്‍ നിന്നുണ്ടാകുന്ന ലൈംഗീക പട്ടിണി എന്നിവ അണപൊട്ടുന്നത് എവിടെയൊക്കെ, ഏതൊക്കെ വികൃത രൂപങ്ങളിലാവാം എന്ന തിരിച്ചറിവ് അസാമാന്യ ഭീതിയുണര്‍ത്തുന്നുണ്ട്.
ഭരണാധികാരികളുടേയും പൊതുവെ ഭരണസംവിധാനത്തിലെ വിവിധ ഘടകങ്ങളുടേയും മനോഭാവം സ്ത്രീയുടെ തുല്യപദവിക്കും, വ്യക്തിത്വത്തിനും അടിസ്ഥാനപരമായിത്തന്നെ എതിരാണ് എന്നതാണ് സ്ത്രീയുടെ പൊതുസ്ഥലത്തേയും വീട്ടിലേയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളിയും വിലങ്ങുതടിയും. ന്യായാലയങ്ങള്‍, പോലീസ്, മറ്റ് ഭരണ സംവിധാനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരൊക്കെ സ്ത്രീയുടെ കാര്യം വരുമ്പോള്‍ ''കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍'' എന്ന കാട്ടുനീതിയുടെ തത്വശാസ്ത്രം പരോക്ഷമായെങ്കിലും അംഗീകരിക്കുന്നവരാണ്. നമ്മുടെ കുടുംബങ്ങളില്‍ ജനാധിപത്യം വേരുറച്ചിട്ടില്ലാത്തതിനാല്‍ പൗരാവകാശമൊ, മനുഷ്യാവകാശമൊ പ്രതിപക്ഷ ബഹുമാനമൊ വ്യക്തിസ്വാതന്ത്ര്യമൊ ഒക്കെ നാമമാത്രമായിപ്പോലും പ്രയോഗത്തില്‍ വരാതെ വെറും വാക്കുകളില്‍ മാത്രം ഒതുങ്ങാറാണ് പതിവും. സ്ത്രീക്ക് അനുകൂലമായ നിയമങ്ങള്‍ ഉള്ളപ്പോഴും അതിന്റെ ഗുണഫലം സ്ത്രീക്ക് ലഭിക്കാതെ പോകുന്നതിന്റെ പ്രധാനകാരണം ഇതാണ്. തുല്യ പദവിക്കര്‍ഹതയില്ലെന്ന്, സ്വാതന്ത്ര്യത്തിന്റെ ആവശ്യമില്ലെന്ന്, രണ്ടാംകിട വ്യക്തിത്വമാണെന്ന് അവര്‍ വിശ്വസിക്കുന്നവരെ മാനിക്കുക അധികാരം കൈയ്യാളുന്നവര്‍ ശീലിച്ചതല്ല. അധികാരം മിക്കവര്‍ക്കും ലഹരിയായതിനാല്‍ അതു കയ്യാളുന്നവന്‍ മേല്‍ക്കോയ്മ വിട്ടുതരാറുമില്ല. സ്ത്രീയുടെ കാര്യത്തില്‍ മാത്രമല്ല ഇത്. അധികാരമില്ലാത്ത എല്ലാവരോടും കാണിക്കുന്ന നാട്ടു നടപ്പും, മനോഭാവവുമാണ് ഇത്. ഈശ്വര വിശ്വാസം പോലെ അതിന്റെ പേരില്‍ നടക്കുന്ന പരശ്ശതം അനാചാരങ്ങള്‍ പോലെ, ചോദ്യങ്ങളനുവദിക്കാത്ത, രൂഢമൂലമായ സ്വഭാവം പോലെ മനസ്സില്‍ കൊണ്ടുനടക്കുന്ന ശീലം. അതിനെയുക്തികൊണ്ട് മറികടക്കുക സാദ്ധ്യമല്ല. സംവാദങ്ങള്‍ സാധ്യമല്ലാത്തവിധം ഇരുളടഞ്ഞ, ആന്ധ്യത്തിന്റെ ലോകമാണത്.
സ്ത്രീയുടെതടക്കം, ഒരു വ്യക്തിയുടെ വസ്ത്രധാരണരീതി അവരുടെ സ്വന്തം കാര്യമാണെന്നും, അത് മറ്റൊരാള്‍ക്ക് അവരെ ആക്രമിക്കാനൊ വിലക്കാനൊ ഉള്ള ധാര്‍മ്മികാധികാരം പോലും നല്‍കുന്നില്ലെന്നും ഏത് സാമാന്യ ബുദ്ധിയും നീതിന്യായ വ്യവസ്ഥയും അംഗീകരിക്കും എന്നാണ് എന്റെ വിശ്വാസം. ''വികാരോദ്ദീപകമെന്ന്'' വിശേഷിപ്പിക്കപ്പെടുന്ന വസ്ത്രധാരണരീതിയാണ് തുണിചുറ്റിയ കോലുകണ്ടാല്‍പോലും സ്ഖലിക്കുന്ന മാന്യന്‍മാരെ പ്രകോപിപ്പിക്കുന്നതെങ്കില്‍ അത്തരം വസ്ത്രങ്ങള്‍ കണ്ടിട്ടുപോലുമില്ലാത്ത പാവം കൂലിവേലക്കാരും, വീട്ടമ്മമാരും മുത്തശ്ശിമാരും പര്‍ദ്ദയിടുന്നവരും ബലാത്സംഗത്തിനിരയാവുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം സ്വാഭാവികമായും ഉയരണമല്ലൊ. കൃഷിടത്ത് പണിയെടുക്കുന്ന സ്ത്രീകള്‍ മുട്ടിനറ്റം കേറ്റിയുടുത്ത മുണ്ടുകള്‍ ധരിച്ചാണ് പണിയെടുക്കാറുണ്ടായിരുന്നത്. അതിന്റെ പേരില്‍ അവരാരും അധിക്ഷേപിക്കപ്പെട്ടിട്ടില്ല. ബലാത്സംഗം ചെയ്യപ്പെട്ടിട്ടുമില്ല. വസ്ത്രധാരണ രീതിയാണ് ബലാത്സംഗത്തിന് പ്രേരകമാകുന്നതെങ്കില്‍ രണ്ടും മൂന്നും വയസ്സായ കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിന്റെ പൊരുളും ചോദ്യംചെയ്യപ്പെടേണ്ടിവരും. രക്ഷകരാകേണ്ട അച്ഛനും അമ്മാവനും ഏട്ടനും ചെറിയച്ഛനും സ്വന്തം പെണ്‍കുട്ടികളെ വീട്ടിന്റെ സുരക്ഷിതത്വത്തില്‍ കടിച്ചുകീറുന്നതും വര്‍ഷങ്ങളോളം ബലാത്സംഗം ചെയ്യുന്നതും ഗര്‍ഭിണികളാക്കുന്നതും വസ്ത്രധാരണത്തിന്റെ കുഴപ്പം കൊണ്ടാവാന്‍ വഴിയില്ലെന്ന് മന്ദബുദ്ധികള്‍ക്കുപോലും തോന്നും. മേല്‍ജാതിക്കാര്‍ പ്രതികാരത്തിന്റെ പേരില്‍ കീഴ്ജാതിയിലെ പെണ്ണുങ്ങളെ പരസ്യമായി പകലും ലൈഗീകസുഖത്തിനായി രഹസ്യമായി ഇരുട്ടിലും കയ്യേറ്റം നടത്തുന്നതില്‍ ആ പെണ്ണുങ്ങളുടെ കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ക്ക് പങ്കുണ്ടാകാമൊ എന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ അമ്പരെന്നെന്നു വരും. മദ്ധ്യപ്രദേശില്‍ ട്രെയിനിറങ്ങി മകനോടും ബന്ധുക്കളോടുമൊപ്പം പതിവുപോലെ മുഖം പോലും സാരിത്തലപ്പുകൊണ്ടു മറച്ചു പോകുകയായിരുന്ന 42 കാരിയെ കാട്ടിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി അഞ്ചുപേര്‍ ബലാത്സംഗം ചെയ്ത് മൂന്നുദിവസത്തിനു മുമ്പാണ്. വെറുതെ ഈ കാരണം കൊട്ടിഘോഷിക്കുന്നവര്‍ക്കും അറിയാം ഇതല്ല സത്യമെന്ന്.
പക്ഷെ സത്യം പുറത്തു പറയാന്‍ വിഷമാണ്. അംഗീകരിക്കാനും. പ്രകൃതിദത്തമായ ലൈംഗീകാകര്‍ഷണവും അതില്‍ നിന്നുണ്ടാകുന്ന ലൈംഗികാസക്തിയും അങ്ങേയറ്റത്തെ പാപമാണെന്നും, ഇനി പൊറുതി മുട്ടി വല്ലതും ചെയ്താല്‍തന്നെ അത് ഒളിച്ചു വയ്‌ക്കേണ്ടതാണെന്നും വിശ്വസിക്കുന്ന നമ്മുടെ ''പരിശുദ്ധ'' സംസ്‌കാരത്തില്‍ ലൈംഗീക പട്ടിണി അനിവാര്യമാകാതെ വയ്യ.
അദമ്യമായ, ജന്മസിദ്ധമായ ചോദനകള്‍ ഒരു വശത്ത്, സ്ത്രീയെന്ന വിലക്കപ്പെട്ട കനി മറുവശത്ത്. സ്ത്രീ വിഷയം അശ്‌ളീലമാണ് എന്ന അരക്കിട്ടുറപ്പിച്ച കുറ്റബോധം ഒരു ഭാഗത്ത്, സ്ത്രീയെ കീഴടക്കാനുള്ള ശരീരത്തിന്റെ അതിരറ്റ മോഹം മറുവശത്ത്. പ്രകൃതിയ്‌ക്കെതിരായുള്ള ഈ കളി മനുഷ്യ മനസ്സില്‍ തീര്‍ക്കുന്ന മനോവ്യാപാരങ്ങള്‍ ഏറെ ശക്തമാവണം. ചിലപ്പോള്‍ അപകടകരവും. 28 വയസ്സായിട്ടും വേണ്ട സൗകര്യം കിട്ടാത്തതിനാല്‍ ഒരു പെണ്ണിനെഅറിഞ്ഞിട്ടില്ലെന്ന് വിലപിച്ച ചെറുപ്പക്കാരനെ ഒരു സര്‍വ്വെയുടെ ഭാഗമായി ഞാന്‍ കണ്ടുമുട്ടുകയുണ്ടായി. പെണ്ണിനും ആണിനും കുറ്റബോധമില്ലാതെ ആരോഗ്യകരമായി ഇടപഴകാനുള്ള വേദികള്‍ ഇല്ലാത്തിടത്തോളം ബലാത്സംഗങ്ങള്‍ നടന്നുകൊണ്ടിരിക്കും എന്നാണ് അയാള്‍ താക്കീതു ചെയ്തത്. മറ്റൊരു സര്‍വേയുടെ അനുബന്ധമായി ഒരു റിക്ഷാക്കാരന്‍ പറഞ്ഞത്, പണക്കാര്‍ക്കു വേണമെങ്കില്‍ പണം കൊടുത്തു പെണ്ണിനെകൂട്ടി ഹോട്ടലില്‍ പോകാം, പക്ഷെ ഞങ്ങളെ പോലുള്ളവര്‍ എന്തു ചെയ്യും എന്നാണ്.
ഇന്റര്‍നെറ്റ് ചെറുപ്പക്കാര്‍ക്കു മുന്നില്‍ പലവിധ കാഴ്ചകളും, അവരെ അത്യധികം വികാരാധീനരാക്കും വിധം തുറന്നു വയ്ക്കുന്നുണ്ട്. ലൈംഗികതയോടു അതിരറ്റ നിയന്ത്രണങ്ങളും, അടിച്ചമര്‍ത്തലുകളും കെട്ടിയേല്‍പ്പിക്കുന്ന നമ്മുടെ സമൂഹത്തില്‍, ആളുകള്‍ പ്രത്യേകിച്ചും ചെറുപ്പക്കാര്‍ നിയമങ്ങള്‍ മറികടക്കാനുള്ള കുറുക്കു വഴികള്‍ സ്വാഭാവികമായും കണ്ടെത്തിയെന്നുവരാം. അതിനോടു കൂട്ടിവെച്ചു വായിക്കേണ്ട ഒന്നാണ് നിയന്ത്രണങ്ങള്‍ എങ്ങിനെ, എന്തിന് വേണം എന്ന ചോദ്യവും. പ്രകൃതി തന്ന ഈ വികാരത്തില്‍ ഇത്രയധികം കുറ്റബോധവും പാപബോധവും എന്തിനെന്നുള്ള വിശദീകരണവും ഇവിടെ പ്രസക്തമാകും. ലൈംഗീകാകര്‍ഷണം, ദാമ്പത്യം, വംശവര്‍ദ്ധനഎന്നിവ തികച്ചും വേറിട്ട കാര്യങ്ങളാണെന്ന ബോധം സാമൂഹ്യമായി നമ്മുക്കുണ്ടായേ തീരൂ.
എന്താണ് ഇനി സ്ത്രീകള്‍ ചെയ്യേണ്ടത്? നേടിയതെല്ലാം കളഞ്ഞ് കാലത്തിലൂടെ തിരിച്ചു നടന്ന് അടഞ്ഞ വാതിലുകള്‍ക്കു പിന്നില്‍ അഭയം പ്രാപിക്കുകയൊ? ചുറ്റുമുള്ള പുരുഷന്മാരെ വന്യമൃഗങ്ങളെയെന്നപോലെ ആട്ടിപ്പായിക്കുകയൊ? ഒഴിവാക്കുകയൊ? അത്രക്ക് ആഭാസന്മാരും അമാന്യന്മാരും വിശ്വസിക്കാന്‍ കൊള്ളാത്തവരും ഇരട്ടത്താപ്പുകാരും ആണ് തങ്ങളുടെ അച്ഛന്മാരും സഹോദരന്മാരും ആണ്‍മക്കളും എന്ന് വിശ്വസിക്കുകയോ? സ്വന്തമായി ഇടം നേടുന്നതിനുള്ള ഇത്രയും കാലത്തെ നീതി സമരങ്ങളെ തള്ളിപ്പറയുകയോ? വിദ്യഭ്യാസവും സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവും വേണ്ടെന്നുവച്ച് യജമാനന്മാരുടെ കാല്‍ക്കല്‍ വീണ് കഴിവിടത്തിനിരക്കുകയോ? പണ്ടേപോലെ, കഴുത്തില്‍ തുടലിട്ട വളര്‍ത്തു നായ്ക്കളെപ്പോലെ യജമാനന്റെ കാല്‍നക്കുകയോ?
അതോ, ധൈര്യപൂര്‍വ്വം സ്വന്തം ജീവിതങ്ങള്‍ കൂസലെന്യേ തിരിച്ചു പിടിച്ചു മാന്യമായി ഏവരേയും പോലെ ജീവിക്കുകയോ?
പുരുഷന്റെ താല്‍പ്പര്യങ്ങള്‍ക്കുതകുന്ന, പുരുഷനു സൗകര്യപ്രദമായ, സാമ്പത്തിക മാനങ്ങള്‍മാത്രമുള്ള ഒരു സാമൂഹ്യ സങ്കല്‍പ്പം മാത്രമായ ''ചാരിത്ര്യം'' എന്ന പൊള്ളയായ ആശയത്തിനു മുന്നില്‍ പുരുഷന്റെ പ്രീതിക്കായി ബലികഴിക്കാനുള്ളതല്ല സ്വന്തം ജീവിതം എന്ന് സ്ത്രീകള്‍ തിരച്ചറിഞ്ഞേ തീരൂ.
വിധവകള്‍ക്കില്ലാത്ത പതിത്വമൊന്നും ബലാത്സംഗത്തിലെ ഇരയ്ക്കുമില്ലെന്നും ആള്‍കുട്ടികളെ ലൈംഗിക പീഢനത്തിനു ഇരയാക്കുമ്പോള്‍ അവര്‍ക്കീ മാനനഷ്ടംമില്ലാത്തതെന്താണെന്നും ഉറക്കെ ചോദിച്ചേ തീരൂ.
അതപോലെത്തന്നെ വിവാഹം ജീവിതത്തിന്റെ അന്തിമ ലക്ഷ്യമൊ, ആത്മാഭിമാനം വിറ്റ കളിയൊ വയറ്റുപ്പിഴപ്പിനുള്ള മാര്‍ഗ്ഗമൊ ആയി കണക്കാക്കരുത് എന്നതും. കാരണം, ചാരിത്ര്യമെന്ന സാമൂഹ്യ നിര്‍മ്മിതിയെ വെല്ലുവിളിക്കാനുള്ള ഏറ്റവും ശക്തമായ ഉപാധി വിവാഹത്തിന്റെ അടിസ്ഥാനങ്ങളെ ചോദ്യം ചെയ്യല്‍ തന്നെയാണ്. പെണ്ണുങ്ങളുടെ രക്ഷകരാവേണ്ടവരല്ല, കൂട്ടുകാരാവേണ്ടവരാണ് ആണുങ്ങള്‍. ആരില്‍ നിന്നാണ് അവര്‍ പെണ്ണുങ്ങളെ രക്ഷിക്കേണ്ടത്? ആരാണ് ഇവിടെ പെണ്ണുങ്ങളുടെ ആക്രമികള്‍?
നഗരത്തില്‍ അര്‍ദ്ധരാത്രിക്കുപോലും പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഉപയോഗിച്ച് ഒറ്റക്ക് ധാരാളം യാത്രചെയ്യുന്ന ഞാന്‍. ടാക്‌സിയും റിക്ഷയും ഒക്കെ പേടിക്കാതെ ഉപയോഗിക്കാന്‍ കഴിയുന്ന ബോംബെ നഗരം താരതമ്യേന സ്ത്രീകള്‍ക്ക് സുരക്ഷിതമാണ് എന്നാണ് പറയാറ്. വെളിച്ചം ധാരാളമുള്ള പൊതുസ്ഥലങ്ങളും പാതിരാത്രിക്കുപോലും തിരക്കുമുറ്റുന്ന വഴികളും വണ്ടികളും സമയം പാഴാക്കാനില്ലാതെ സ്വന്തം കാര്യം നോക്കി തിരക്കിട്ടോടുന്ന ജനതതിയും ഇതിനൊരു പ്രധാനകാരണമാകാം. (കേരളത്തില്‍ തികച്ചും വിപരീതവും പരിതാപകരവുമാണ് എന്റെ അനുഭവം എന്നുകൂടി കൂട്ടത്തില്‍ പറയട്ടെ. ഇന്ത്യയിലല്ല ഭാരതത്തിലാണ് പെണ്ണുങ്ങള്‍ കൂടുതല്‍ അപമാനിക്കപ്പെടുന്നതെന്ന് മോഹന്‍ ഭാഗവത് അടക്കം പലരും അറിഞ്ഞിരിക്കേണ്ടതാണ്) എന്നാല്‍ ബോംബെയിലായാലും എന്തിനവിടെപ്പോയി എന്ന ചോദ്യം കുറ്റവാളികളോടല്ല എന്നോടാവും സമൂഹം ചോദിക്കുക.
ഇവിടെയാണ് നാം സര്‍ക്കാരിനെ അതിന്റെ അനാസ്ഥക്ക് പഴിചാരേണ്ടതും, നിലയക്കു നിര്‍ത്തേണ്ടതും. പൗരന്റെ സുരക്ഷിതത്വം എന്നും സര്‍ക്കാരിന്റെ ചുമതലയാണ്. പൊതു ഇടങ്ങളും വഴികളും സ്ത്രീകള്‍ക്ക് നിരോധിക്കുകയല്ല, അവര്‍ക്കുകൂടി അവകാശപ്പെട്ടതാണെന്ന് ഉറപ്പു വരുത്തുകയാണ് സര്‍ക്കാരിന്റെ ചുമതല. പബ്ലിക്കായാലും പ്രൈവറ്റായാലും ട്രാന്‍സ്‌പോര്‍ട്ടുകളിലും പൊതു സ്ഥലങ്ങളിലും സുരക്ഷാ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് ദില്ലീ ബലാത്സംഗത്തിന്റെ പശ്ചാത്തലത്തിലല്ല. ഞാനല്ല ഇത് പറയുന്നത്, സര്‍ക്കാരാണ്. അപകടങ്ങള്‍ ഉടനടി അറിയിക്കുന്ന അലാറങ്ങളും ആര്‍ക്കുമുപയോഗിക്കാന്‍ വിധം അവിടങ്ങളില്‍ സജ്ജമായിരിക്കണം. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ പലര്‍ക്കും ഒരുമിച്ച് അപകടമെസ്സേജ് പോകുന്ന ''ബി സേഫ്'' പോലുള്ള സംവിധാനങ്ങള്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇത്തരം വിളികളോട് ഉടനടി പ്രതികരിക്കാനുള്ള പ്രത്യേക പരിശീലനം നേടിയ സിവിക് പോലീസ് പൊതുസ്ഥലങ്ങളില്‍ സ്ഥിരമായി ഉണ്ടാകേണ്ടതുണ്ട്. അമേരിക്കയിലെ 911 പോലുള്ള നമ്പറുകള്‍ മറ്റൊരു രക്ഷാസംവിധാനം ലഭ്യമാക്കുന്നു. ഒരു പക്ഷെ ആത്യന്തികമായി ടെക്‌നോളജിയായിരിക്കും സ്ത്രീയുടെ രക്ഷയ്‌ക്കെത്തുക എന്നാണ് എന്റെ തോന്നല്‍. എന്നാല്‍ ഉറപ്പിച്ചു പറയട്ടെ, പെണ്‍കുട്ടികളുടെ മനക്കരുത്തും മനസ്സാന്നിദ്ധ്യവും വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും പ്രധാനം. അവര്‍ക്കും മറികടക്കേണ്ടത് തലമുറകള്‍ പഴക്കമുള്ള, അവരുടെ തന്നെ വിശ്വാസങ്ങളെയാണ് എന്നോര്‍ക്കണം. കയ്യും കാലും അനക്കരുതെന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആജ്ഞകള്‍ക്കു പകരം കയ്യും കാലും ഉപയോഗിച്ചെതിര്‍ക്കുക എന്ന ആശയത്തിലേക്ക് മാറുക. അവര്‍ക്കും അത്ര എളുപ്പമാവില്ല. ഒരു മൊഴിമാറ്റം അതിലടങ്ങിയിട്ടുണ്ട്.
കായികാഭ്യാസത്തിലൂടെ തത്ക്കാല രക്ഷയക്കുള്ള ക്രാഷ് കോഴ്‌സുകള്‍ ബോംബെയില്‍ ഇന്ന് പലയിടത്തും നടപ്പിലായിക്കൊണ്ടിരിക്കുകയാണ്. പെപ്പര്‍ സ്‌പ്രെ പോലുള്ള വസ്തുക്കള്‍ സ്ഥിരം കൈയ്യില്‍ കൊണ്ടുനടക്കാനും ഉപയോഗിക്കാനും പെണ്‍കുട്ടികളെ സ്‌കൂളില്‍ത്തന്നെ ശീലിപ്പിക്കണം. ലിംഗ സമത്വത്തെക്കുറിച്ചും ലൈംഗിക പെരുമാറ്റങ്ങളെക്കുറിച്ചും അവബോധനക്ലാസ്സുകള്‍ കരിക്കുലത്തിന്റെ ഭാഗമാക്കണം. ചതിക്കുഴികള്‍ പറഞ്ഞ് ബോധ്യപ്പെടുത്തണം. പെണ്‍ മനസ്സിനെ ആകെയൊന്നു പുതുക്കിപ്പണിയണം.
കുറ്റവാളിയെ സമൂഹത്തില്‍ പരിഹാസ്യനും അപര്യാപ്തനും ആക്കുന്ന ആജീവനാന്ത ശിക്ഷകള്‍, ആനുകൂല്യങ്ങളും അവസരങ്ങളും നല്‍കാതിരിക്കല്‍, റേഷന്‍കാര്‍ഡ്, ഡ്രൈവിങ്ങ് ലൈസന്‍സ് പോലുള്ള സര്‍ക്കാര്‍ രേഖകളില്‍ സ്ഥിരമായി ആര്‍ക്കും അറിയും വിധം കുറ്റം അടയാളപ്പെടുത്തല്‍ എന്നിവ കുറെപ്പേരെയെങ്കിലും ഇത്തരം കുറ്റം ചെയ്യുന്നതില്‍ നിന്ന് പിന്‍തിരിപ്പിച്ചേക്കാം. എന്നാല്‍ മാധവിക്കുട്ടി പറഞ്ഞ കാര്യം അവര്‍ക്കൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബോധം ബലാത്സംഗത്തിന്റെ ഇരകളെ മനസ്സിലാക്കിപ്പിക്കേണ്ടതാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സര്‍വ്വ പ്രധാനം.
ജാനാധിപത്യത്തിന്റെ ആണിക്കല്ലായ പ്രതിപക്ഷ ബഹുമാനമൊ, വ്യക്തിയുടെ അവകാശത്തോടുള്ള മതിപ്പോ അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള കൂറോ തൊട്ടുതീണ്ടിയിട്ടില്ലാത്ത സാമൂഹ്യ രാഷ്ട്രീയ ഭരണ സംവിധാനങ്ങളോടുള്ള ഈ തീരാ യുദ്ധത്തില്‍ ആണും പെണ്ണും ചേര്‍ന്ന് നടത്തുന്ന സാമൂഹ്യ മുന്നേറ്റങ്ങള്‍ക്ക് വളരെ വലിയ പങ്ക് വഹിക്കാനാകും എന്നാണെന്റെ വിശ്വാസം. എല്ലാക്കാലത്തേയും പോലെ അവയ്ക്ക് മാത്രമെ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനാവൂ. അവയാണ് എന്നും സമൂഹത്തിലെ മൂല്യബോധങ്ങള്‍ നിര്‍ണ്ണയിച്ചിട്ടുള്ളതും. സാമൂഹ്യ മുന്നേറ്റ പ്രവര്‍ത്തനങ്ങളില്‍ ആണ്‍-പെണ്‍ കൂട്ടായ്മകളുടെ മൂല്യാധിഷ്ഠിതമായ പുങ്കുചേരലുകളുണ്ട്. അവ ക്രിയാത്മകമായ ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ക്ക് വഴിയൊരുക്കുന്നു.
രാഷ്ട്രീയ പാര്‍ട്ടികളിലെ നിര്‍ണ്ണായകമായ സ്ഥാനങ്ങളില്‍ കുറ്റവാളികള്‍ പുളച്ചു വിലസുന്ന ഇന്നത്തെ ചുറ്റുപാടുകളില്‍ അവരില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നത് വെറുതെയാണ് എന്നെല്ലാവര്‍ക്കുമറിയാം. രാഷ്ട്രീയ പാര്‍ട്ടികളുടെ ചിന്താപരമായ ഗുണമേന്മയാണ് ഏതു പൗരന്റേയും മാനസികവും ഭൗതീകവുമായ സുരക്ഷിതത്വം രൂപപ്പെടുന്നത്. നട്ടെല്ലില്ലാത്ത ഭരണകൂടങ്ങള്‍ ഉണ്ടാകുന്നിടത്ത് അനാശാസ്യതകള്‍ തഴച്ചു വളരും. പോക്കറ്റില്‍ പണം വച്ചതുകൊണ്ടല്ലെ പോക്കറ്റടിച്ചതെന്ന് ചോദിക്കുന്നതുപോലെയുള്ള അര്‍ഥശൂന്യമായ വാദങ്ങളുമായി എത്തുന്നവര്‍ മാനനഷ്ടത്തിന്റെ പേരും പറഞ്ഞ് പെണ്ണിനെമാത്രം തളയ്ക്കാന്‍ നോക്കും. ആണിന് നഷ്ടപ്പെടാന്‍ 'മാനം' എന്നൊന്ന് ഇല്ലാത്തതുകൊണ്ടാണൊ ഇങ്ങനെ എന്ന് ആരും അമ്പരന്നുപോകും.
ആണും പെണ്ണുമല്ല, പാട്‌റിയാര്‍ക്കല്‍ മൂല്യബോധമാണ് പ്രശ്‌നം. പാട്‌റിയാര്‍ക്കല്‍ മൂല്യബോധങ്ങള്‍ വച്ചു പുലര്‍ത്തുന്ന ആണും പെണ്ണും സ്ത്രീ-പുരുഷ ബന്ധങ്ങളേയും ലൈംഗീകതയേയും കാണുന്നതും വിലയിരുത്തുന്നതും ഒന്നുപോലെയാണ്. മോറല്‍ പോലീസിങ്ങിന്റെ അടിസ്ഥാനമായ ഈ മൂല്യബോധങ്ങള്‍ സ്ത്രീയെ സ്ത്രീയായതുകൊണ്ടുമാത്രം രണ്ടാം നിരയിലേക്കും അടിമത്തത്തിലേക്കും നീക്കിനിര്‍ത്തുന്നവയാണ് അതിനാല്‍ പോലീസിലൊ, മറ്റ് സര്‍വ്വീസുകളിലൊ കൂടുതള്‍ സ്ത്രീകള്‍ വരുന്നതുകൊണ്ടുമാത്രം ഒരു വ്യത്യാസവും വരാനില്ല. സ്ത്രീകള്‍ സ്ത്രീകളെ കൂടുതല്‍ സഹായിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല. പെണ്ണിന്റെ പാതിവൃത്യമല്ല സമൂഹത്തിന്റെ സദാചാരം.
ചിന്താ ദാരിദ്ര്യവും, സ്വാര്‍ഥതയും കൊടികുത്തിവാഴുന്ന നമ്മുടെ മത രാഷ്ട്രീയ രംഗങ്ങളില്‍ നിന്ന് അര്‍ത്ഥവത്തായ ഒന്നും പ്രതീക്ഷിക്കാനാവാത്തതിനാല്‍, നീതിബോധമുള്ള ഏവരും പുറമെ നിന്ന് ഏറ്റെടുക്കേണ്ട യുദ്ധമാണിത്. പെണ്ണിന് വേണ്ടിയല്ല. പെണ്ണുമാത്രം നടത്തേണ്ടതുമല്ല. പൗരന്റെ തുല്യാവകാശത്തിനായുള്ള, പ്രാഥമിക നീതിക്കുവേണ്ടിയുള്ള യുദ്ധമാണിത്. നീതിയില്‍ വിശ്വസിക്കുന്ന എല്ലാവരും ഒന്നിച്ചു ചേരേണ്ട യുദ്ധമാണിത്.
അടിക്കുറിപ്പ്:
എന്റെ ഉടലിനെ രാവണന്‍ മോഹിച്ചെങ്കില്‍ അതിന് ഞാനെങ്ങനെകുറ്റക്കാരിയാകും എന്ന് മര്യാദാ പുരുഷോത്തമനായ ശ്രീരാമനോട് മാതൃകാ പത്‌നിയായ സീതയ്ക്ക് ചോദിക്കേണ്ടി വന്ന നാടാണിത്. സീതയ്ക്ക് വിധിച്ച കുറ്റവും ശിക്ഷയും നാം കണ്ടതുമാണ്. ഒന്നുമില്ലെങ്കിലും സീതക്ക് ആശ്രമത്തിന് പുറത്തുവരുമ്പോള്‍ കണ്ണുമാത്രം പുറത്തുകാണിക്കുന്ന ഒരു പര്‍ദ്ദയെങ്കിലും ധരിക്കാമായിരുന്നു എന്ന് രാമന് ന്യായമായും തോന്നിക്കാണണം. എന്നിട്ടും ഗര്‍ഭിണിയായ സീതയെ കാട്ടില്‍ ഉപേക്ഷിക്കുകയല്ലേ ചെയ്തുള്ളു. ദില്ലിയില്‍ നടന്നപോലെ ഒന്നും നടന്നില്ലല്ലൊ എന്ന് ഭാരതീയരായ നമുക്കാശ്വസിക്കാം. ഈ നശിച്ച നാണംകെട്ട പെണ്ണുങ്ങളെ കാണുമ്പോഴാണ് മാന്യര്‍ക്ക് പോലും നിയന്ത്രണം വിട്ടുപോകുന്നത്. കാണാതിരിക്കുക. കണ്ണ് സ്വന്തം മുഖത്തായതിനാല്‍ മറ്റാരോടും ചോദിക്കാതെ മാന്യര്‍ക്കത് അടച്ചു കെട്ടാം. ഭാരതത്തിന്റെ നല്ല നടപ്പ് ഉറപ്പാക്കാന്‍ എന്തു സഹിച്ചായാലും ആണുങ്ങളല്ലാതെ മറ്റാരാണ് മുന്നിട്ടിറങ്ങുക?


(എയ്മ മലയാളി വിഷന്‍ മാസികയില്‍ പ്രസിദ്ധീകരിച്ചത്.)

6 comments:

  1. അതെ, ഈ നശിച്ച നാണം കെട്ട പെണ്ണുങ്ങള്‍ ...

    വളരെ വളരെ നന്നായി എഴുതി മാനസി... ഈ പ്രശ്നത്തിന്‍റെ മിക്കവാറും എല്ലാ തലങ്ങളേയും സ്പര്‍ശിച്ച്കൊണ്ട്...

    ReplyDelete
  2. കലി കാലം. അല്ലാണ്ടെന്താ പറയുക. ലേഖനം വളരെ നന്നായിരിക്കുന്നു. ആശംസകള്‍..,.
    http://aswanyachu.blogspot.in/

    ReplyDelete
  3. ഈടുറ്റ ലേഖനം

    ReplyDelete
  4. നന്നായി പറഞ്ഞു . സ്നേഹാശംസകൾ .

    ReplyDelete
  5. രതി എന്നുള്ളത് സത്യമാണ് അത് അന്ഗീകരിച്ചേ പറ്റുള്ളൂ അത് കള്ള സത്യം ചെയ്യേണ്ടി വരുമ്പോൾ ബാലല്ക്കാരം ആകും പീഡനം ആകും. രതി എന്നുള്ള സത്യം അന്ഗീകരിക്കുവാൻ ലോകം എന്ന് പഠിക്കുന്നുവോ അന്ന് അത് കുറ്റം അല്ലാതാവും പക്ഷെ അന്നും രതി ഉണ്ടാവും കാമവും

    ReplyDelete
  6. അതെ,കുറെ പെണ്ണുങ്ങള്‍ ഇറങ്ങിയിട്ടുണ്ട് ആണുങ്ങളെ ബലാല്‍സംഗികളാക്കാന്‍ !!!!!

    നല്ല പോസ്റ്റ്.

    ReplyDelete