Followers

Saturday, November 12, 2011

മയില്‍പ്പീലിയും വാഷിങ്ങ് മെഷീനും

ഗോപാലകൃഷ്ണന്‍ എം. എ.,പി.എച്ച്.ഡി. ആയിരുന്നു എന്റെ കാമുകന്‍ . ചന്ദനക്കുറി തൊടുകയും അമ്പലത്തില്‍ മുറയ്ക്കു പോവുകയും ഭാര്യയെ സ്‌നേഹിക്കുകയും ചെയ്യുന്നയാള്‍ . സുഹൃത്തുക്കളുടെ ഇടയില്‍ വളരെ നല്ല ഒരു പദവിയാണ് ഗോപാലകൃഷ്ണനുണ്ടായിരുന്നത്. അന്യരുടെ ദു:ഖത്തില്‍ സഹതപിക്കുകയും വേണ്ട സഹായങ്ങള്‍ അതതു സമയത്തു വേണ്ടപോലെ എത്തിക്കുകയും ചെയ്യുന്ന ഒരയല്‍ക്കാരന്‍ . കാര്യങ്ങള്‍ നടത്താന്‍ നല്ല ശേഷിയും ഉള്ളയാളായിരുന്നു ഗോപാലകൃഷ്ണന്‍. ഞാന്‍ എന്ന ലീന വര്‍ഗീസിന്, സ്ത്രീയും സ്വാഭാവികമായി അല്പയും അജ്ഞയും ആയ എനിക്ക് ഗോപാലകൃഷ്ണനെ ഇഷ്ടമായത് അതുകൊണ്ടാണ്. എനിക്കില്ലാത്ത ഒരുപാടു കഴിവുകളും ഗുണങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. പിന്നെ ആരെയും നേരിടാനുള്ള തന്റേടവും, അതു ദൈവത്തിലുള്ള അകൈതവമായ വിശ്വാസം കൊണ്ടാണ് എന്നാണ് ഗോപാലകൃഷ്ണന്‍ പറയാറ്, മാനംമര്യാദയ്ക്കു  ജീവിക്കുന്നവര്‍ക്ക് എന്തിനാണു പേടി എന്നു ഗോപാലകൃഷ്ണന്‍ ചോദിക്കും. എനിക്കത് ആദ്യമൊക്കെ കുറെ നൂലാമാലയായി തോന്നി. ഞാന്‍ ഉറക്കെ ചിരിക്കുന്നത്. ഒറ്റയ്ക്ക് ഒഴിഞ്ഞ വഴികളിലൂടെ നടക്കാന്‍ പോകുന്നത് റോഡ് വക്കത്തുനിന്ന് മുടി ചീകുന്നത്. ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍വച്ചു ജനക്കൂട്ടത്തോടൊപ്പം ആര്‍ത്തുവിളിക്കുന്നത് അങ്ങനെ പലതും ഗോപാലകൃഷ്ണന്റെ അഭിപ്രായത്തില്‍ മോശമായ, ഞാനടക്കമുള്ള പെണ്‍കുട്ടികള്‍ ചെയ്യരുതാത്തതായ കാര്യങ്ങളാണെന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞു. വാസ്തവത്തില്‍ ഇതൊക്കെ എനിക്ക് വളരെ ഇഷ്ടമുള്ള കാര്യങ്ങളായിരുന്നു. എന്തുകൊണ്ടിതൊക്കെ മോശമായി എന്നു ഗോപാലകൃഷ്ണനോടു പലവട്ടം ചോദിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് ഇതൊന്നും പറഞ്ഞാല്‍ മനസിലാവില്ല എന്നു ഗോപാലകൃഷ്ണന്‍ പറയും. ഞാന്‍ കുട്ടിയായിരുന്നില്ല, ഒറ്റയ്ക്ക് ജോലിയെടുത്ത ജീവിക്കുന്ന സ്ത്രീയായിരുന്നു. ഒരു മുറിയില്‍ പേയിംഗ് ഗസ്റ്റായി സ്വതന്ത്ര ജീവിതം നയിക്കുന്ന, പതിനൊന്നുമണിക്ക് ഉണരുകയും നാലുമണിക്ക് ഊണു കഴിക്കുകയും ഒക്കെ ചെയ്യുന്ന ഒരു സ്ത്രീ. എന്റെ വീട്ടില്‍ ഉടമസ്ഥന്‍ മാത്രമാണ് ഞാനല്ലാതെ ഉണ്ടായിരുന്നത്. ഗോപാലകൃഷ്ണന്‍ എന്നെ പരിചയപ്പെടുന്നതിന് എത്രയോ മുന്‍പു തന്നെ ഞാനിങ്ങനെയൊക്കെയാണു ജീവിച്ചിരുന്നതും
''അയാള്‍ തന്നെ ബലാല്‍സംഗം ചെയ്യാന്‍ വന്നാലോ ?'' താനും ഉടമസ്ഥനും ആ വീട്ടില്‍ തനിച്ചാണു താമസം എന്നറിഞ്ഞ ദിവസം ഗോപാലകൃഷ്ണന്‍ എന്നോടു ചോദിച്ചു.
    ''അപ്പോഴത്തെ തരം പോലെ ചെയ്യും.'' ഞാന്‍ സത്യമായിത്തന്നെയാണ് പറഞ്ഞത്.
    ''ലീനയ്ക്കു മോശമല്ലേ അത് ?'' ഗോപാലകൃഷ്ണന്‍ നിലത്ത് അകലെ ഒരു ബിന്ദുവിലേക്കു നോക്കി. '' ഈ കൂട്ടുവാസം ഒഴിവാക്കിക്കൂടേ ?''
    എന്റെ വീട്ടുടമസ്ഥന്‍ ആല്‍ബര്‍ട്ട് അതുവരെ എന്നെ ഒന്നു നോക്കുകപോലും ചെയ്തിരുന്നില്ല. ജോലി സമയത്തിന്റെ പ്രത്യേകതകള്‍ കാരണം ഞങ്ങള്‍ അപൂര്‍വമായാണ് കണ്ടുമട്ടിയിരുന്നതു തന്നെ. ഗോപാലകൃഷ്ണന്‍ ചോദിച്ചപ്പോള്‍, ഞാനതുകൊണ്ട് പൊട്ടിച്ചിരിച്ചു.
    ''ഞാന്‍ അയാളെയാണു ബലാല്‍സംഗം ചെയ്യുന്നതെങ്കിലോ ? മോശം അയാള്‍ക്കാവും അല്ലേ ! അതാവും അയാള്‍ എന്നെ കാണാതെ നടക്കുന്നത്.'' ഇത്തരം തമാശപറയലുകളൊന്നും ഗോപാലകൃഷ്ണന് അത്ര പിടിക്കാറില്ല. ഞാനായതുകൊണ്ട് ക്ഷമിക്കുകയാണ് എന്നാണു പറയാറ്. ഏതായാലും ഞങ്ങള്‍ പരിചയപ്പെട്ടതിന്റെ രണ്ടാമത്തെ മാസമാവുമ്പോഴേക്കും ഒരു ചെറിയ ഒറ്റമുറി ക്വാര്‍ട്ടേഴ്‌സ് എനിക്കു വേണ്ടി ഗോപാലകൃഷ്ണന്‍ ഒപ്പിച്ചെടുത്തു. അഡ്മിനിസ്‌ട്രേഷനില്‍ പലരുമായും ഗോപാലകൃഷ്ണന്‍ വളരെ വേണ്ടികയുണ്ടായിരുന്നതു കാരണം അതൊരു വലിയ പ്രശ്‌നമായില്ല എന്നാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ആരോരുമില്ലാത്ത ഒരു പെണ്‍കുട്ടിയുടെ മൊറാലിറ്റിയുടെ പ്രശ്‌നമായതിനാല്‍ എല്ലാവരും വളരെ സഹകരണത്തോടെയാണ്‌ പെരുമാറിയത്. എന്റെ വീട്ടുടമസ്ഥനെ പക്ഷേ, അതോടെ ആള്‍ക്കാര്‍ സംശയത്തോടെ നോക്കാന്‍ തുടങ്ങി. എനിക്കു യാതൊരു പ്രത്യേകതയുമില്ലെങ്കിലും അയാള്‍ തല താഴത്തി നടക്കുന്നത് കാണേണ്ടി വന്നപ്പോള്‍ വിഷമം തോന്നി. പല തവണ അപേക്ഷിച്ചിട്ടായിരുന്നു എന്നെ ഒരു പേയിംഗ് ഗസ്റ്റായി അയാള്‍ താമസിപ്പിക്കാന്‍ സമ്മതിച്ചത്.

''ഇതു വേണ്ടായിരുന്നു.'' ഞാന്‍ ഗോപാലകൃഷ്ണനോട് പറഞ്ഞു. ''അയാളൊരു പാവമാണ്. എന്നെ ബലാല്‍സംഗം ചെയ്യില്ല.''
    ''ഇതാണു ലീനയ്ക്കു തീരെ വളര്‍ച്ചയെത്തിയിട്ടില്ലെന്നു പറയുന്നത്.'' ഗോപാലകൃഷ്ണനു ശുണ്ഠി വന്നു. 'പുരുഷന്മാരുടെ മനസ്സ് ലീനയ്ക്കറിയില്ല.'.
    മനസ്സിനെക്കുറിച്ച് എനിക്ക് വലിയ പിടിപാടൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അവര്‍ പുറമേ ചെയ്യുന്ന കാര്യങ്ങള്‍ കുറെയൊക്കെ അറിയാമായിരുന്നു. നഗരത്തില്‍ തീവണ്ടിയില്‍ കയറുമ്പോള്‍ പിന്നില്‍നിന്നു പിച്ചും. ബസ്സില്‍ തൂങ്ങിപ്പിടിച്ചു നില്‍ക്കുമ്പോള്‍ ബാറില്‍ പിടിച്ച കൈയ്ക്കുമീതെ അവരുടെ കൈ അമര്‍ത്തിവച്ച്‌ ഞെരുക്കും. പിന്നില്‍നിന്ന് ദേഹത്തില്‍ അമര്‍ത്തും. തല താഴ്ത്തി നടക്കുന്ന മധ്യവയസ്‌കര്‍ ആരും അടുത്തില്ല എന്നു കണ്ടാല്‍ തല ഉയര്‍ത്തി നാവുകൊണ്ടും മുഖംകൊണ്ടും ആഭാസകരമായ ആംഗ്യങ്ങള്‍ കാട്ടും. പിച്ചലിന്റെയും ഞെരുക്കലിന്റെയും വേദന മാറ്റിനിര്‍ത്തിയാല്‍ ഇത്തരം ആള്‍ക്കാരോട് ഒരുതരം സഹതാപം തോന്നിത്തുടങ്ങിയിരുന്നു എനിക്ക്. സ്‌ളീവ്‌ലസ് ബ്‌ളൗസിട്ട് ബസ്സില്‍ ഇരുന്ന എന്റെ മിനുസമാര്‍ന്ന വെളുത്ത കൈയില്‍ തന്റെ പുരുഷത്വം ഉരസി നിര്‍വൃതിയടയുന്ന ഒരു വയസനെപ്പറ്റി ഞാന്‍ ഗോപാലകൃഷ്ണനോടു പറഞ്ഞു. ''ഛെ, ഛെ.'' ഗോപാലകൃഷ്ണന്‍ പറഞ്ഞു: 'ലീനയ്ക്ക് ആരോട് എന്തു പറയണം എന്നറിയില്ല.'
    ''ഞാനല്ല, അയാളാണതു ചെയ്തത്'' ഗോപാലകൃഷ്ണന്റെ ശുണ്ഠിവന്ന മുഖത്തു നോക്കി ഞാനുറക്കെ ചിരിച്ചു.
    ''എന്നോടെന്തിനാ ദേഷ്യം വരുന്നത്?''
    ''എന്നിട്ട് ലീന ഒന്നും മിണ്ടിയില്ലേ ?''
    ''അതെങ്ങനെ ? നല്ല കുട്ടിയാവണ്ടേ ?''
    ഞാന്‍ തമാശയോടെ പറഞ്ഞു: ''പക്ഷേ നോക്കൂ, എന്റെ കൈയുടെ സൗഷ്ഠവത്തില്‍ എനിക്കു ലേശം അഭിമാനമൊക്കെ തോന്നി.''
    ഒറ്റയ്ക്ക് കുന്നിന്‍മുകളിലേക്കു ഞാന്‍ നടക്കാന്‍ പോകുമ്പോള്‍ പിന്‍തുടരാന്‍ തുടങ്ങിയിരുന്ന ചെറുപ്പക്കാരനെ കൈകാര്യം ചെയ്ത കഥ പറഞ്ഞപ്പോഴും ഗോപാലകൃഷ്ണനു ശുണ്ഠി വന്നു

എന്റെ ജീന്‍സില്‍നിന്നും ടീഷര്‍ട്ടില്‍നിന്നും അയാള്‍ കണ്ണെടുത്തിരുന്നില്ല. ഒരു നിഴല്‍പോലെ അയാള്‍ കൂട്ടുനടപ്പ് തുടങ്ങിയപ്പോള്‍ എനിക്കു ശണ്ഠി വന്നു. ഒററ്ക്കു നടക്കുന്നതിന്റെ രസം മുഴുവന്‍ കളയുന്ന അരസികന്‍ . പറച്ചിലിലൊന്നും തനിക്കു യാതൊരു വിശ്വാസവുമുണ്ടായിരുന്നില്ല. ബലാല്‍സംഗക്കേസില്‍ വിധി പറയുമ്പോള്‍ ജഡ്ജി പറയാറില്ലേ, സ്ത്രികളുടെ  വിസമ്മതം പലപ്പോഴും ഇക്കാര്യങ്ങളില്‍ സമ്മതമായിട്ടാണ് എടുക്കേണ്ടതെന്ന്. അതിനാല്‍ വിസമ്മതമൊന്നും പറയാതെ അടുത്ത ദിവസം മുതല്‍ നെറുകയില്‍ നിറയെ സിന്ദൂരവും കഴുത്തില്‍ ഒരു വലിയ മംഗല്യസുതവും അണിഞ്ഞ് നടക്കാനിറങ്ങി തുടങ്ങി. മൂന്നാം ദിവസം മുതല്‍ അയാള്‍ പിന്നാലെ വരാതെയായി. ജീന്‍സും നെറുകനിറച്ച് സിന്ദൂരവും. ആ രൂപം ഓര്‍ക്കുമ്പോള്‍ തന്നെ ചിരി വരുന്നു.
    ''നെറുകയിലെ സിന്ദൂരത്തിനും കഴുത്തിലെ മംഗല്യസൂത്രത്തിനും ഉള്ള പരിശുദ്ധിയെ ഇങ്ങനെ ചവിട്ടിത്തേക്കരുത്.'' ഗോപാലകൃഷ്ണന്‍ പരിഭവിച്ചു. '' കള്ളത്താലി കഴുത്തിലണിയുകയോ!''
    തനിക്കു ചുട്ടാല്‍ കുട്ടി ചുവട്ടില്‍ എന്നു കേട്ടിട്ടില്ലേ ? ഗോപാലകൃഷ്ണനെ സമാധാനിപ്പിക്കാന്‍ ഞാന്‍ പറഞ്ഞു: '''ഞാനൊരു പൊടിക്കൈ നോക്കിയത് ആണ് ആത്മരക്ഷയ്ക്ക്.''
    ദൈവത്തിന്റെ വഴികള്‍ പല വിധം എന്ന് എനിക്കു ബോധ്യമായത് ഞാനും ഗോപാലകൃഷ്ണനും അടുത്തതോടെയാണ്.
    റയില്‍വേ ട്രാക്കില്‍ വെളളം കയറി വണ്ടികള്‍ നിലച്ച ഒരിരുണ്ട സായാഹ്‌നത്തിലാണ് ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത്. ഓഫീസില്‍ നിന്നു വീട്ടിലെത്താന്‍ യാതൊരു വാഹനവും കിട്ടാതെ പരക്കം പാഞ്ഞിരുന്ന തന്നെ നാലു പേര്‍ പങ്കിട്ട ഒരു ടാക്‌സിയിലേക്ക് ഗോപാലകൃഷ്ണന്‍ ദയാപൂര്‍വം വിളിച്ചു കയറ്റി. ഗോപാലകൃഷ്ണന്‍ എന്റെ തൊട്ടുടുത്താണ് ഇരുന്നിരുന്നത്. കുണ്ടിലും കുഴിയിലും തട്ടിയും മുട്ടിയും കോരിച്ചൊരിയുന്ന മഴയത്ത് കുലുങ്ങിച്ചെരിഞ്ഞ് ഓടിക്കൊണ്ടരിന്ന കാറില്‍ എന്റെ ദേഹത്ത് മുട്ടാതിരിക്കാന്‍ അദ്ദേഹം ആവുംവിധം ശ്രമിച്ചുകൊണ്ടിരുന്നു. വീട്ടിലെത്തുമ്പോഴേക്കും  ഗോപാലകൃഷ്ണന്റെ മൊറാലിറ്റി എനിക്കു ബോധ്യമായി.
    ''ഈ രാത്രി ഒറ്റയ്‌ക്കേ... ഞാന്‍ വീട്ടില്‍ കൊണ്ടുവിടാം.'' കാറില്‍ നിന്നിറങ്ങിയതും ഗോപാലകൃഷ്ണന്‍ പറഞ്ഞു. എന്റെ പേയിംഗ് ഗസ്റ്റ് വാസസ്ഥലം ഗോപാലകൃഷ്ണന്‍ കണ്ടത് അങ്ങനെയാണ്. പിന്നെ വഴിയില്‍ കണ്ടപ്പോള്‍ കൈമാറിയ പരിചയത്തിന്റെ ചിരികള്‍.
    ഗോപാലകൃണ്ന്‍ എന്നെക്കാത്ത് ബസ് സ്‌റ്റോപ്പില്‍ കൃത്യ സമയത്ത് നില്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യം അമ്പരപ്പാണു തോന്നിയത്.  പിന്നെ തലമുടി നരയ്ക്കാന്‍ തുടങ്ങിയിട്ടുണ്ടോ എന്ന ഭീതിയോടെ കണ്ണാടിയുടെ മുന്‍പില്‍ നിന്നു.
    നരകയറിയ ചെന്നിയില്‍ അമര്‍ത്തിത്തുടച്ച് 'വഴിക്ക് ഒരു കൂട്ടായല്ലോ എന്നു വിചാരിച്ചു' എന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞപ്പോള്‍ ഒരു കീറ് ഇളവെയില്‍ പോലെ എന്തോ ഒന്ന് മനസ്സിലേക്കു കയറിയത് ഇന്നു മോര്‍മ്മയുണ്ട്. ഗോപാലകൃഷ്ണന്‍, ഒരു പാരഫര്‍ണേലിയയും കൂടാതെ വീടിന്റെ വാതില്‍ക്കല്‍വച്ച് തന്റെ കൈ സ്‌നേഹത്തോടെ പിടിച്ചമര്‍ത്തി. എനിക്കു സന്തോഷം തോന്നി. ആണുങ്ങളായാല്‍ ഇങ്ങനെ വേണം. ഞാന്‍ സ്വയം പറഞ്ഞു.
    മൂന്നാം ദിവസമാണ് ഗോപാലകൃഷ്ണന്‍ വീടുമാറ്റത്തെക്കുറിച്ച് പറഞ്ഞത്. ഒറ്റയ്‌ക്കൊരു വീട്ടിലായാല്‍ വാടക ജാസ്തികൊടുക്കണം.
    ''വേണ്ട'' ഞാന്‍ ഒരു ചിരിയോടെ പറഞ്ഞു:'' അല്‍ബര്‍ട്ട് എന്നെ ഒന്നും  ചെയ്യില്ല.''
    ഗോപാലകൃഷ്ണന്റെ മുഖത്തെ അസന്തോഷം എനിക്കു മനസ്സിലായി. പക്ഷേ, വാടക അതേപോലെ തന്നെ ഗൗരവമുള്ള പ്രശ്‌നമായിരുന്നു എനിക്ക്. ഞാന്‍ ആ അസന്തുഷ്ടി കണ്ടില്ലെന്നു നടിച്ചു.
    എനിക്ക് അലോട്ട് ചെയ്ത വീടിന്റെ കടലാസുകളുമായിട്ടാണ് പിന്നെ ഗോപാലകൃഷ്ണന്‍ വന്നത്.
    ''ലീനയ്ക്ക് ഈ ലോകത്തെക്കുറിച്ചൊന്നുമറിഞ്ഞുകൂടാ.''
    സ്‌നേഹവും അധികാരവും ഗോപാലകൃഷ്ണന്‍ ശബ്ദത്തില്‍ കലര്‍ത്തി.
    ''വാടക അധികം വരുന്നതു ഞാന്‍ കൊടുത്തോളാം.'' മാസാവസാനം ഈ അധികം ചോദിക്കാന്‍ എനിക്കു പക്ഷേ, മടിയായി. ഞാന്‍ ചോദിക്കാതെ വെറും പത്തുനൂറുറുപ്പിക എങ്ങനെ തരുമെന്ന് ഗോപാലകൃഷ്ണനും അന്തിച്ചിരിക്കണം. ആല്‍ബര്‍ട്ടിന്റെ വീട്ടിലേക്ക് മടങ്ങിപ്പോയാലോ എന്നു രണ്ടുതവണ ആലോചിച്ചു.
    ഇതിനൊക്കെ ഇടയില്‍ ഗോപാലകൃഷ്ണന്‍ എന്റെ വീട്ടില്‍ ധാരാളം വരികയും ഒരുപാടു സഹായങ്ങള്‍ ചെയ്യുകയും ചെയ്തു. കുപ്പായം തൂക്കാനുള്ള ആണിയടിക്കുക, വെള്ളം ശേഖരിച്ചു വയ്ക്കാനുള്ള ഡ്രം കുറഞ്ഞ വലിയ്ക്കു സംഘടിപ്പിക്കുക, ഉയരത്തില്‍ അഴ കെട്ടിത്തരിക, പഴയ പേപ്പര്‍ കൊണ്ടുപോയി വില്‍ക്കുക തുടങ്ങി പലതും. ഓഫീസിലെ ചിലര്‍ ഒളിഞ്ഞുനോക്കിത്തുടങ്ങി. ഗോപാലകൃഷ്ണന്റെ സുഹൃത്തുക്കളായ ശങ്കരയ്യരും കരുണാകരപ്പൊതുവാളും എന്നെക്കണ്ടാല്‍ ഉഷ്ണരൊഗമുളള ഒരു വേശ്യയെ കണ്ടതുപോലെ വഴിമാറി. ഹെഡ്ക്‌ളാര്‍ക്ക് സരസ്വതിയമ്മ ടീബ്രേക്കിന് കാന്റീനില്‍ വരാതെ ചായ സ്വന്തം ടേബിളില്‍ ഓര്‍ഡര്‍ ചെയ്തു തുടങ്ങി.
    ''ഓരോ വേഷം കെട്ടി ഇറങ്ങും.'' നീണ്ട മുടി പിന്നിലേക്ക് തട്ടി, കണ്ണുകള്‍ അറപ്പൊടെ താഴ്ത്തി ഗീത പറഞ്ഞു. ''അയാളക്കൊരു ഭാര്യയുണ്ടെന്നെങ്കിലും ഇവളോര്‍ക്കണ്ടേ ?''
    ''ഉണ്ട്, നോക്കൂ ലീന, അത്തരം പഴഞ്ചന്‍ ചിന്താരീതിയല്ല എനിക്ക്. രമ എന്റെ ഭാര്യ. വെറുമൊരു ഫോര്‍മാലിറ്റിയാണ് എനിക്ക് ലീനയുമായുള്ള ബന്ധം. പക്ഷേ...''
    ആ വാചകം എന്തു പറഞ്ഞ് ഗോപാലകൃഷ്ണന്‍ മുഴുമിപ്പിക്കുമെന്നു ഞാന്‍ ആലോചിച്ചു നോക്കി. അതും പറഞ്ഞ് ഗോപാലകൃഷ്ണനെ ബുദ്ധിമുണ്ടിക്കേണ്ട എന്നു കരുതി.
    വൈകിയ സന്ധ്യയില്‍ സോഫയില്‍ കിടന്ന് താനുണ്ടാക്കിക്കൊടുത്ത ടോസ്റ്റ് സാന്‍ഡ്‌വിച്ച് കഴിക്കുമ്പോള്‍ ഗോപാലകൃഷ്ണന്‍ പറയും:
    ''ഇപ്പോള്‍ ഇവിടെ നിന്നെഴുന്നേറ്റു പോകണമല്ലോ എന്നോര്‍ക്കുമ്പോള്‍...''
    ''പോകണ്ട'' താന്‍ പറയും.
    ''എനിക്ക് നിര്‍ബന്ധമില്ല. രമ കാത്തിരിക്കും... ഓരോ പ്രാന്ത്. എനിക്കു വിശ്വാസമുണ്ടായിട്ടല്ല. പക്ഷേ, വെറുതെ എന്തിനാണ് ഹര്‍ട്ട് ചെയ്യുന്നത്. നമ്മുടെ ആവശ്യം അതൊന്നുമല്ലല്ലോ.''
    ''പിന്നെ ശങ്കരയ്യരും അയല്‍വക്കത്തുണ്ടല്ലോ...''
    ''അകത്തുള്ള കുപ്പിയില്‍ എന്തണ്ടെന്നു നോക്കൂ ലീന...''
    വാതില്‍ക്കല്‍ തിരിഞ്ഞുനിന്നു ഗോപാലകൃഷ്ണന്‍ . ആ തല്ലിപ്പൊളി പൊതുവാള്‍ കാത്തിരിക്കയാവും. ഇവിടെ നിന്നു രണ്ടു മിനിറ്റെങ്കില്‍ രണ്ടു മിനിറ്റ് നേരത്തേ എണീറ്റ്  പോകാന്‍ തോന്നുന്നുമില്ല.
    ആല്‍ബര്‍ട്ട് ക്രിസ്മസിന് എനിക്കു കൊണ്ടുതന്ന ഒന്നാംതരം വിദേശക്കുപ്പി കൊടുക്കാന്‍ എനിക്കു യാതൊരു താത്പര്യവും  ഉണ്ടായിരുന്നില്ല. അതും എന്നെക്കാണ്ടാല്‍ മുഖം തിരിക്കുന്ന പൊതുവാളിന് കുടിക്കാന്‍ .  ഇടയ്ക്ക് ഒറ്റയ്ക്കിരുന്ന് സിപ്പ്‌ചെയ്യാന്‍ എനിക്കിഷ്ടമാണെന്ന് ഗോപാലകൃഷ്ണനോടു പണ്ടേ പറഞ്ഞട്ടുള്ളതാണ്. അതെന്റെ കൈയില്‍നിന്നു വീണു പൊട്ടിപ്പോയി' ഞാന്‍ പറഞ്ഞു. ഗോപാലകൃഷ്ണന്‍ പുറത്തുനിന്നു വാങ്ങിക്കോളൂ.
    കട്ടിലിന്റെ തലയ്ക്കല്‍ ഇരിക്കുന്നതു ഞാനിന്നുകൂടി കണ്ടല്ലോ. ലീന ചീത്ത സ്വഭാവങ്ങള്‍ എന്തിനാ തുടരുന്നത്?
    ഗോപാലകൃഷ്ണന്‍ എന്തിനാണു കുടിക്കുന്നത് ? പുന്നാര പൊതുവാള്‍ എന്തിനാ മോന്തുന്നത് ? കുപ്പി ശബ്ദത്തോടെ മേശപ്പുറത്തുവച്ചു ലീന വര്‍ഗീസെന്ന ഞാന്‍ ചീറി: ഒരു സ്‌നേഹിതന്‍ !
    ഒന്നും മനസ്സില്‍ എടുത്തുവയ്ക്കാത്ത ഒരു സ്വഭാവമായിരുന്നു ഗോപാലകൃഷ്ണന്. എല്ലാത്തിനും കാലം പ്രതിവിധി കാണും എന്നാണു ഗോപാലകൃഷ്ണന്‍ പറയാറ്. ഞാന്‍ ദേഷ്യപ്പെടുമ്പോള്‍ ഗോപാലകൃഷ്ണന്‍ തണുക്കും. മൂന്നാം ദിവസം പതിവുപോലെ വാതില്‍ക്കല്‍ ഹാജരാവും. ലീന വര്‍ഗീസെന്ന എനിക്ക് അതൊരു നല്ല സ്വഭാവമായിട്ടാണു തോന്നിയത്. പക്ഷേ, എന്റെ സ്‌നേഹിത മേരിക്കു തിരിച്ചും. ഗോപാലകൃഷ്ണന്റെ ഭാര്യ ഒരു ദിവസം വീട്ടില്‍ വന്ന് എന്നെ അന്വേഷിച്ചപ്പോള്‍ മേരിയുണ്ടായിരുന്നു വീട്ടില്‍. കണ്‍കലങ്ങി കുങ്കുമപ്പൊട്ട്  തേഞ്ഞ് അഴിഞ്ഞുലഞ്ഞ മുടിയുമായി ശങ്കരയ്യരെ കൂട്ടിനു വിളിച്ചാണു രമ വന്നത്. ടേപ്പ് റെക്കോര്‍ഡര്‍ താന്‍ ഉടനെ നിര്‍ത്തി. രമയെ താന്‍ അതുവരെ കണ്ടിട്ടില്ലായിരുന്നു.
    ''ആരാണ് ?''
    ''നിങ്ങളുടെ കാമുകന്റെ ഭാര്യ.'
    ''നിങ്ങള്‍ക്കു നാണമില്ലേ സ്ത്രീ?'' രമ ചീറി. കുടുംബിനിയുടെ സ്‌റ്റൈലില്‍ തന്നെയായിരുന്നു രമ. സാരിത്തലപ്പുകൊണ്ടു പുതച്ച്  കൈത്തലങ്ങളും മുഖവും മാത്രം കാണാവുന്ന വിധം.
    ഇരിക്കൂ. ഞാന്‍ പറഞ്ഞു.
    ''നിങ്ങളുടെ ഭര്‍ത്താവിനുള്ളതിനേക്കാള്‍ കൂടുതല്‍ ഉണ്ട്.'' മേരിയാണ് പറഞ്ഞത്. ''നിങ്ങള്‍ക്കിവിടെ എന്താ കാര്യം? ഭര്‍ത്താവിനെ കാണാനില്ലെങ്കില്‍ അയല്‍വക്കത്തെ പെണ്ണുങ്ങളുടെ വീട്ടില്‍ അന്വേഷിച്ചു നടക്കാനും വേണം നാണം.''
    മേരിക്കു ഗോപാലകൃഷ്ണനെ അത്ര പിടുത്തമല്ലായിരുന്നു. തന്റെ ബോണസ് ഗോപാലകൃഷ്ണനു നാട്ടില്‍ പോകുമ്പോള്‍ കടം കൊടുത്തതോ ഒരു സ്‌കൂട്ടര്‍ വാങ്ങാന്‍ താന്‍ സ്വരൂപിച്ചിരുന്ന പൈസയെടുത്ത് ഗോപാലകൃഷ്ണന്‍ സൊസൈറ്റി കടംതീര്‍ത്തതോ ഒന്നും മേരിക്കിഷ്ടമായിരുന്നില്ല. ഭാര്യയുടെ പണ്ടം വച്ചാണു കുട്ടിയെ ഹോസ്പിറ്റലില്‍നിന്നു കൊണ്ടുവന്നതെന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞതു പറഞ്ഞാല്‍ മേരിക്കു കലിയിളകും. തന്റെ ബോണസ് വാങ്ങി ഭാര്യയ്ക്ക് പണ്ടം പണിയുകയാണത്രേ ഗോപാലകൃഷ്ണന്‍ ചെയ്തത്. വഴക്കു മൂത്തപ്പോള്‍ പണ്ട് തരാമെന്നു പറഞ്ഞിരുന്ന വീടിന്റെ വാടകക്കൂടുതല്‍ താന്‍ ചോദിച്ചു വാങ്ങാമെന്നു പറഞ്ഞ മേരി ഗോപാലകൃഷ്ണനെ കാണാന്‍ പോയി.
    ''ലീനയ്ക്കു വേണോ ഈ നക്കാപിച്ച ?'' പിറ്റേ ദിവസം വൈകുന്നേരം കണ്ടപ്പോള്‍ ഗോപാലകൃഷ്ണന്‍ അലറി. '' എനിക്കതു തരാന്‍ കഴിവില്ല എന്നു വിചാരിച്ചോ ? ലീനയെ അപമാനിക്കേണ്ട എന്നു കരുതി...''
    ''വാടക ഞാന്‍ ചേദിച്ചില്ലല്ലോ.'' ഞാന്‍ പറഞ്ഞു.
    ''എന്നാല്‍ വക്കാലത്തുള്ള മേരിക്കു കൊടുക്കാം.''
    'ആ മേരിക്കു വേണമെങ്കില്‍ കൊടുത്തോളൂ.''
    ഒരു വെടിക്കു രണ്ടു പക്ഷി എന്നാണു മേരി ഗോപാലകൃഷ്ണന്റെ കള്ളക്കളിയെ പരാമര്‍ശിക്കാറ്. ''ലീനയും ലീനയുടെ പണവും.''
    ഗോപാലകൃഷ്ണന്റെ അമ്മയ്ക്ക് രോഗം അതികലശലായി ആശുപത്രിയിലാണെന്ന് പറഞ്ഞ് പതിനായിരം രൂപ കടത്തിനു വന്നപ്പോള്‍ തന്നെ സഹായിക്കരുതെന്ന് മേരി ആല്‍ബര്‍ട്ടിനോടു പറഞ്ഞു.
    മേരിയെ വീട്ടില്‍ കടത്തരുതെന്ന് ഗോപാലകൃഷ്ണന്‍ .
    ''ഗോപാലകൃഷ്ണന്‍ ഇവിടെയുള്ളപ്പോള്‍ മേരി വരില്ല.'' ഒരു മധ്യസ്ഥം പോലെ ഞാന്‍ വിഷയം മാറ്റി. ''അല്ലാത്തപ്പോള്‍ വരും.''
    ''വരണ്ട.''
    ''അത് വരും. മേരി എന്റെ സുഹൃത്താണ്.''
    ശങ്കരയ്യരോടു കടം ചോദിക്കാം എന്നു പറഞ്ഞാണ് ഗോപാലകൃഷ്ണന്‍ ഇറങ്ങിയത്.അത് തന്റെ മനസ്സില്‍ കുറിക്കുകൊണ്ടു.
    ''ഇപ്പഴോ ഗോപാലകൃഷ്ണാ'' ആ പീറപ്പട്ടര്‍ വെറ്റിലത്തുപ്പല്‍ നീട്ടിത്തുപ്പും. ''തന്റെ തള്ള പിടഞ്ഞു ചത്താല്‍ ഈ തെറിച്ചവള്‍ക്കെന്തു പോയി. ചെറ്റയ്ക്കു നക്കാന്‍ കിട്ടണം അത്രതന്നെ.''
    ''പത്തായിരം എന്നു വേണം ?'' ഞാന്‍ സൂക്ഷ്മതയോടെ ആരാഞ്ഞു. ''അമ്മയുടെ അടുത്തേക്ക് എന്നാണു പോകുന്നത്!''
    ''ലീനയ്‌ക്കെന്താ താത്പര്യം ? അമ്മേ, ഈ മകന്റെ കൈയില്‍ കാലണയില്ല. ഉണ്ടാക്കാന്‍ കൊള്ളുകയുമില്ല എന്നെഴുതിയാല്‍ അമ്മയ്ക്കു മനസ്സിലാകും. ലീനയ്ക്ക് അതു മനസ്സിലാവില്ല.''
    ഞങ്ങളുടെ ജാതിയില്‍ സ്ത്രീകള്‍ സ്വര്‍ണ്ണമണിയുമായിരുന്നില്ല. അതിനാല്‍ ഒരു വാച്ചല്ലാതെ  എന്റെ കൈയില്‍ ഒന്നും ഉണ്ടായിരുന്നില്ല. വൈകുന്നേരത്തെ ഏകാന്ത സവാരി കഴിഞ്ഞ് മടങ്ങുമ്പോള്‍ ഞാന്‍ മുഖത്തൊന്നും കാണിക്കാതെ നേരെ ആല്‍ബര്‍ട്ടിന്റെ വീട്ടിലേക്കു കയറി.
    ''മേരി പറഞ്ഞിരുന്നു.'' തന്നെ കണ്ടതും ആല്‍ബര്‍ട്ട് കൈയിലെ ഗ്‌ളാസ് തിരിച്ചും മറിച്ചും പിടിച്ച് പതുക്കെ പറഞ്ഞു: ''ലീനയ്‌ക്കെന്തിനാ പതിനായിരം രൂപാ ?''
    ആല്‍ബര്‍ട്ടാവട്ടെ മറ്റാരെങ്കിലുമാവട്ടെ ഇത്തരം ചോദ്യങ്ങള്‍ ചേദിക്കുന്നത് എനിക്കിഷ്ടമായിരുന്നില്ല.
    ''കടലിലൊഴുക്കാന്‍ എന്നു വച്ചേക്കൂ.'' ഞാന്‍ ഈര്‍ഷ്യയോടെ പറഞ്ഞു: ''ഉണ്ടോ ?''
    ''അതു മനസ്സിലാക്കിത്തന്നെയാ ചോദിച്ചത്.''
    ആല്‍ബര്‍ട്ടിന്റെ ശബ്ദമുയര്‍ന്നു: ''ബോണസ് തിരികെ തന്നോ?''
    ഒരു സ്‌നേഹബന്ധത്തെ നിലത്തിറക്കിക്കിടത്തുന്ന ചില മാനങ്ങള്‍ അതിനെ ആകെ നശിപ്പിക്കുന്നതായാണു ഞാനറിഞ്ഞത്. ലീന വര്‍ഗീസിനു ദേഷ്യം വന്നു.
    ''കടം കൊടുത്തവര്‍ക്കല്ലേ തിരികെ തരിക ! ഞാന്‍ ദാനം ചെയ്തതാണ് ആല്‍ബര്‍ട്ട്.''
    ''കാമുകന്റെ ഭാര്യയ്ക്കു പണ്ടം പണിയാന്‍ ?''
    ''ആദര്‍ശ കാമുകിയാണ് ഞാന്‍ എന്ന് ആല്‍ബര്‍ട്ടിന്  ഇപ്പോള്‍ മനസ്സിലായല്ലോ.''
    ''കാശ് തരുന്നെങ്കില്‍ തരൂം. ലീന പറഞ്ഞവാക്കിനു മടക്കിത്തരും.''
    ''ആല്‍ബര്‍ട്ടിനെ കുറച്ചുകൂടി കുടിപ്പിച്ചാല്‍ പണം തരാക്കാമെന്ന് എനിക്കറിയാമായിരുന്നു. രാത്രി 10 മണിക്ക് ഇരുട്ടില്‍ തനിച്ച് ഞാന്‍ ഗോപാലകൃഷ്ണന്റെ വീട്ടുവാതിലില്‍ മുട്ടി. വാതില്‍ തുറന്നത് അയ്യരാണ്.
    ഗോപാലകൃഷ്ണന്റെ വീടിന്റെ ഉള്‍ഭാഗം ആദ്യമായിട്ടാണ് താന്‍ കണ്ടത്.
    ഭംഗിയുള്ള വില കൂടിയ മേശയ്ക്കു ചുറ്റും സോഫായില്‍ പത്തു പന്ത്രണ്ടു പേര്‍ ഇരുന്നിരുന്നു.  എല്ലാവരുടെ  കൈയിലും  നിറഞ്ഞ ഗ്‌ളാസുകള്‍.
    ജീന്‍സിന്റെ പോക്കറ്റില്‍ കൈയിട്ട് താന്‍ വാതില്‍ക്കല്‍ തന്നെ നിന്നു.
    ''കേറി കേറി വീട്ടിലുമെത്തിയോ ?'' ശങ്കരയ്യര്‍ തന്റെ കൈയിലെ ഗ്‌ളാസ് ഉയര്‍ത്തി. മറ്റേ കൈകൊണ്ട് അഴിയാറായ മുണ്ടു മുറുക്കിപ്പിടിച്ച് വെറുപ്പോടെ വാതിലടയ്ക്കാന്‍ നോക്കി. മുറിയുടെ മൂലയില്‍ ചൂരല്‍പീഠത്തില്‍ ഇരുന്നിരുന്ന രമ ഉടന്‍ ഒരു കാറ്റുപോലെ എഴുന്നേറ്റ് അകത്തേക്കുപോയി.
    ''ഇതു ഗോപാലകൃഷ്ണന്റെ വീടല്ലേ!'' ശങ്കരയ്യരുടെ മുഖത്തു നിന്ന് കണ്ണെടുക്കാതെ താന്‍ കുറച്ചുകൂടി ഉള്ളിലേക്കു കടന്നു.ഗോപാലകൃഷ്ണന്‍ സ്തംഭിച്ചപോലെ ഇരുന്നിടത്തു നിന്നു ഗ്‌ളാസൊന്ന് അനക്കിപ്പിടിക്കുകപോലും ചെയ്യാതെ ഷര്‍ട്ടടാതെ കസേരയില്‍ തന്നെ ഇരിപ്പാണ്. ''ഇതാ പണം.'' ടീപ്പോയിയുടെ മുകളില്‍ പതിനായിരത്തിന്റെ കെട്ട് നാടകീയമായി നിക്ഷേപിച്ച് ഞാന്‍ മുടിയിലൂടെ വിരലോടിച്ചു. ''ലീന വിചാരിച്ചാലും പതിനായിരമൊക്കെ ഉണ്ടാവുമെന്ന് ഇവരോടുപറഞ്ഞേക്കൂ.''
    ഈ സമയത്തിനുള്ളില്‍ , രമയായിരിക്കണം അകത്തുനിന്നു കരയാന്‍ തുടങ്ങിയിരുന്നു. കരുണാകരപ്പൊതുവാള്‍ എന്നെ അറപ്പോടെ നോക്കി പെട്ടെന്നെഴുന്നേറ്റ് അകത്തേക്കു പോയി.
    കസേരയുടെ മൂലയില്‍ തൂക്കിയിട്ടിരുന്ന ഷര്‍ട്ട്  ഇടാന്‍പോലും മറന്നു ഷോക്കേറ്റപോലെ ഇരുന്ന ഗോപാലകൃഷ്ണനോട് ഏറെ ദിവസങ്ങള്‍ക്കുശേഷം സായാഹ്‌ന സവാരി കഴിഞ്ഞ് മടങ്ങുമ്പോള്‍ ലീന വര്‍ഗീസെന്ന ഞാന്‍ ചോദിച്ചു.
    ''അമ്മയ്ക്കു സുഖമായോ ഗോപാലകൃഷ്ണാ ?''
    പണം കൊണ്ടുകൊടുത്ത വിവരം കേട്ട് ഒരാഴ്ചമേരി തിരിഞ്ഞു നോക്കിയില്ല. ആ ഒരാഴ്ചഗോപാലകൃഷ്ണനും വന്നില്ല.
    ''ഒരെക്‌സിബിഷനിസം.'' വഴിയില്‍ യാദൃച്ഛകമായി കണ്ടുമുട്ടിയ ദിവസം ഗോപാലകൃഷ്ണന്‍ വെറുപ്പോടെ പറഞ്ഞിരുന്നു. ''എനിക്കിതിലൊന്നും  വിശ്വാസമില്ല. ആര്‍ക്കാണ് ഇതുകൊണ്ടൊരു മെച്ചം !''
    ''എനിക്ക്.'' ലീന വര്‍ഗീസെന്ന ഞാന്‍ ചീറി. ഗോപാലകൃഷ്ണന് അത് മനസ്സിലാവില്ല. ശങ്കരയ്യരും പൊതുവാളും രമയും, 'ദി ഹോള്‍ റെച്ചഡ് ലോട്ട്', ഞാന്‍ ഗോപാലകൃഷ്ണനെപ്പറ്റിത്തിന്നുകയാണ് എന്നാണ് അവരുടെ വിചാരം. അതെനിക്കു തിരുത്തണം. പ്രത്യേകിച്ചു ഗോപാലകൃഷ്ണന്റെ ഭാര്യയുടെ മുന്നില്‍. പിന്നെ കിതപ്പടക്കി ശബ്ദം താഴ്ത്തി ഞാന്‍ ചോദിച്ചു. '' അമ്മയ്ക്കു പണം അയച്ചോ ?''
    അമ്മ ചാവാന്‍ കിടക്കുമ്പോള്‍ ദു:ഖം മറക്കാന്‍ നടത്തിയതാവും പാര്‍ട്ടി. മേരി വാതില്‍ തള്ളിത്തുറന്ന് കട്ടിലിലേക്ക് വീണു കാലുയര്‍ത്തിവച്ച് അങ്ങോട്ടുമിങ്ങോട്ടും ആട്ടി. വായിലെ തുപ്പല്‍ കാര്‍ക്കിച്ചു തുപ്പി. ആല്‍ബര്‍ട്ടിനെ, തനിക്കു പണം തന്നതിനു വേണ്ടുവോളം ചീത്ത പറഞ്ഞു. ഗോപാലകൃഷ്ണനെപ്പറ്റി ഒരു പ്രോജക്ട ചെയ്യുന്ന നിഷ്‌കര്‍ഷയോടെ സംഘടിപ്പിച്ച നിരവധി 'ഇംപീക്കബിള്‍ എവിഡന്‍സസില്‍' ഒന്ന് ഗോപാലകൃഷ്ണന്റെ അമ്മ എട്ടു കൊല്ലം മുമ്പു മരിച്ചു പോയിരുന്നു എന്നതാണ്. അതിന്റെ ഔദ്യോഗിക തെളിവ് ഗോപാലകൃഷ്ണന്റെ പേഴ്‌സണല്‍ റെക്കോര്‍ഡില്‍നിന്നു മേരി കണ്ടെടുത്തു ഹാജരാക്കി. വെള്ളത്തില്‍ നിന്നാല്‍ കാലിലെ തൊലി ഉരിഞ്ഞു പൊകുന്ന രോഗം ഭാര്യയ്ക്കുള്ളതുകൊണ്ട് വാഷിങ്ങ് മെഷീന്‍ വാങ്ങാനാണത്രേ ഗോപാലകൃഷ്ണന്‍ പണം ഉപയോഗിച്ചത്.
    ''ഒന്നു നിര്‍ത്തു മേരി'' ഞാന്‍ പറഞ്ഞു: '' പതിനായിരം രൂപ മേരിയുടേതല്ലല്ലോ.  ഞാനത് കടലിലൊഴുക്കയാലും  തനിക്കു ചേതമൊന്നുമില്ല.''
    പക്ഷേ, അമ്മയുടെ കാര്യം എന്റെ മനസ്സില്‍, തിരിഞ്ഞാലും മറിഞ്ഞാലും വേദനിപ്പിക്കുന്ന ഒരു മുള്ളുപോലെ കിടന്നു. സത്യത്തില്‍ അമ്മ മരിച്ചിട്ടുണ്ടോ എന്നറിയാന്‍ എനിക്കു താത്പര്യമായി. രമയുടെ വീട്ടില്‍ പണിയെടുക്കുന്ന പണിക്കാരി പെണ്‍കുട്ടിയെ കാക്ക പിടിക്കാന്‍ ഞാന്‍ തീര്‍ച്ചയാക്കിയത് അങ്ങനെയാണ്.
    ''തള്ള ചത്തൂന്ന തീര്‍ച്ചയായാല്‍ മുഴുവനും ഇസ്‌കാലോന്നാണു നസ്രാണിച്ചിയുടെ പ്‌ളാന്‍,'' ശങ്കരയ്യര്‍ കാര്‍ക്കിച്ചു തുപ്പിയത്രേ.''ചെറ്റ, ഇങ്ങനെ നക്കിത്തിന്നാന്‍ അവള്‍ക്ക് ഈ സാധുനെ കിട്ടിയുള്ളു ?''
    മലയോരത്ത് പതിവുപൊലെ വൈകുന്നേരം ഒറ്റയ്ക്ക് മലര്‍ന്നു കിടക്കികയായിരുന്ന എന്റെ അടുക്കല്‍ ഏറെ ദിവസങ്ങള്‍ക്കുശേഷം ഗോപാലകൃഷ്ണന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അത്ഭുതമാണ് തോന്നിയത്. വീടു പൂട്ടിക്കണ്ടപ്പോള്‍ പരിഭ്രമിച്ച് മലയോരത്ത് വന്നതായിരുന്നു ഗോപാലകൃഷ്ണന്‍. ആല്‍ബര്‍ട്ടിന്റെ വീട്ടിലേക്കു ഞാന്‍ തിരിച്ചുപോയത് ഗോപാലകൃഷണ്‌നറിഞ്ഞിരുന്നില്ല. ഗോപാലകൃഷ്ണന്റെ അമ്മ മരിച്ചിരുന്നു എന്ന് വിവരമറിഞ്ഞതും ഞാന്‍, സ്‌നേഹവും വിഷമവും കൊട്ണായിരിക്കണം നിര്‍ത്താതെ ഛര്‍ദ്ദിക്കാന്‍ തുടങ്ങിയിരുന്നു. പള്ളിയില്‍ നിന്നു മടങ്ങിപ്പോവുകയായിരുന്ന ആല്‍ബര്‍ട്ട്  ഛര്‍ദ്ദിയുടെ അസഹ്യമായ നാറ്റംപിടിച്ച് ശബ്ദം ശ്രവിച്ച് എന്റെ വീട്ടിലെത്തി എന്നെ കൂട്ടിക്കൊണ്ടുപോയി. പക്ഷേ സ്വന്തം വീടെത്തുന്നതുവരെ വായ് തുറക്കരുതെന്ന് ആല്‍ബര്‍ട്ട് ആംഗ്യം കാട്ടി.
    ''പണം അടുത്തുതന്നെ തരാം.'' സ്‌കൂട്ടറില്‍ ആല്‍ബര്‍ട്ടിന്റെ ചുമലിലേക്ക്‌ ചാഞ്ഞിരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു. ''ഇപ്പോള്‍ എന്റെ കയ്യില്‍ കാലണയില്ല.''
    ''വായ് തുറക്കണ്ട.'' ആല്‍ബര്‍ട്ട് പറഞ്ഞു: ''ഛര്‍ദ്ദിക്കും. ഗോപാലകൃഷ്ണന്റെ അമ്മയുടെ ഉയര്‍ത്തെഴുന്നേല്പ് സമയത്ത് പണം തന്നാല്‍ മതി.''
    ഗോപാലകൃഷ്ണന്‍ പല തവണ സൂചിപ്പിച്ചതുപോലെ ഈ പണത്തിന്റെ പേരില്‍ ആല്‍ബര്‍ട്ട് എന്നെ ബലാല്‍സംഗം ചെയ്യുമോ എന്നു ഞാന്‍ ഒരു നിമിഷം ശങ്കിച്ചു. ഇനി ഇപ്പോള്‍ അതില്‍ വലിയ വ്യത്യാസം ഉണ്ടായിട്ടല്ല. ബലാല്‍സംഗം ചെയ്യപ്പെടുന്നത് മനസ്സാണെങ്കില്‍ പോലും ആദ്യത്തെ തവണ കഴിഞ്ഞാല്‍ വേദന സഹിക്കാനാവും. പിന്നെ പണത്തിന് ഗോപാലകൃഷ്ണനോട്  ചോദിക്കയല്ലാതെ വഴിയുമില്ല.
    പുല്‍ത്തകിടിയില്‍ ഇരുന്ന് എന്റെ വിരലില്‍ തിരുപ്പിടിച്ചിരുന്ന ഗോപാലകൃഷ്ണന്റെ കൈ പതുക്കെ വിടുവിച്ച് ഞാന്‍ പറഞ്ഞു.
    ''ആല്‍ബര്‍ട്ടിന്റെ പണം കൊടുക്കാനുള്ള അവധി എന്നേ കഴിഞ്ഞു. പണം കൊണ്ടുവന്നതാണോ ഗോപാലകൃഷ്ണന്‍?'' 
    ''പറഞ്ഞ വാക്ക് മറക്കുന്നവനല്ല ഗോപാലകൃഷ്ണന്‍,'' ഗോപാലകൃഷ്ണന്റെ മുഖം പെട്ടെന്നു മങ്ങി. '' എന്നാലും വീടു മാറുമ്പോള്‍ ലീനയ്ക്ക് എന്നോടൊരു വാക്കു പറയാമായിരുന്നു.''
    ''ഞാന്‍ ഛര്‍ദ്ദിക്കുകയായിരുന്നു ഗോപാലകൃഷ്ണാ.'' കിടന്നിടത്തു നിന്ന് എഴുന്നേറ്റ് ഞാന്‍ നിവര്‍ന്നിരുന്നു. ''നിര്‍ത്താതെ ഛര്‍ദ്ദിക്കുകയായിരുന്നു.''
    ''ശരിയാണ്. ലീനയെ വേദനിപ്പിക്കേണ്ടന്നു കരുതി. തെറ്റെന്റേതു തന്നെ. എന്റെ ഭാര്യയുടെ നാഗിങ് ലീനയ്ക്കറിയില്ല. വാഷിങ് മെഷീന്‍ വാങ്ങാനാണ് പണം എന്ന് എനിക്ക് ലീനയോട് പറയാന്‍ പറ്റ്വോ? മരിച്ച അമ്മയെ പോലും ഇതിലേക്കു വലിച്ചിഴതതുകൊണ്ടാണ്. ഞാനെടുക്കുന്ന ആ സ്വാതന്ത്ര്യം ലീനയ്ക്കു മനസ്സിലാ---''.
    ''ആല്‍ബര്‍ട്ടിനു പണം കൊടുക്കണം.'' ഗോപാലകൃഷ്ണന്റെ മുഖത്തിനിന്നു കണ്ണെടുക്കാതെ ഞാന്‍ പറഞ്ഞു: ''ഇത്ര സ്വാതന്ത്ര്യത്തില്‍ ഞാന്‍ മറ്റാരോടു ചോദിക്കാനാണ് ?''
    ''എന്നു കൊടുക്കണം ലീനയ്ക്ക് ?''
    ''ഇന്നുതന്നെ.'' ഞാന്‍ പുല്‍ത്തലപ്പുകടിച്ച് ഗോപാലകൃഷ്ണന്റെ കാല്‍വിരലിലൂടെ കൈയോടിച്ചു. ''പണം കൊടുക്കാഞ്ഞാല്‍ ആല്‍ബര്‍ട്ട് എന്നെ ബലാല്‍സംഗം ചെയ്താലോ...?''
    ''ഇന്നോ !'' അമ്പരപ്പോടെ ഗോപാലകൃഷ്ണന്‍.
    ''എനിക്കൊന്നുമില്ല.'' അലക്ഷ്യമായി ഞാന്‍ പറഞ്ഞു. ''പണ്ടൊരിക്കല്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതുപോലെ ഒറ്റത്തടിയായ എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. പക്ഷേ ഗോപാലകൃഷ്ണന്റെ കാര്യം അതാണോ? എനിക്കെഴുതിയ കത്തുകള്‍ രമ  കണ്ടാല്‍...''
    ഞാനിതൊക്കെ പറയുമ്പോള്‍, സത്യം പറഞ്ഞാല്‍ കഥകളിലൊക്കെ പറയാറുള്ളതുപോലെ എന്റെ ഉള്ള് വല്ലാതെ നീറിയിരുന്നു.
    ഒരു പ്രണയത്തിന്റെ --- മയില്‍പ്പീലി പോലെ ജീവിതത്തിലേക്ക് പാറി വീണ ഒരു പ്രണയത്തിന്റെ --- ഭൗതികതലത്തിലുള്ള ദുരന്തം നോക്കൂ. ഞാനും ഗോപാലകൃഷ്ണനും ഇപ്പോള്‍ സംസാരിക്കേണ്ടത് പൂക്കളെയും മോഹങ്ങളെയും കുറിച്ചാണ്. പകരം ഒരു വെറും പതിനായിരം രൂപയിലേക്ക് 'കനകം മൂലം കാമിനി മൂലം' എന്ന പഴഞ്ചൊല്ലിലേക്കു ഞങ്ങള്‍ ആ മയില്‍പ്പീലിയുടെ അറ്റങ്ങള്‍ തിരുകിവയ്ക്കുകയാണ്. ഗോപാലകൃഷ്ണന്‍ തന്നെ വിളിച്ച് ടാക്‌സിയില്‍ കയറ്റിയിരുത്തിയ ദിവസം മാനം മുട്ടെ പറന്ന അതിന്റെ അറ്റങ്ങളെ ഇന്നു രണ്ടു പ്രണയ ലേഖനങ്ങള്‍ കത്രികപൊലെ അരിയുകയാണ്. ഒരിളംകാറ്റുപോലെ ലോകം മുഴുവന്‍ പാറിനടന്ന ലീന വര്‍ഗീസെന്ന എന്നെ കണ്ടാല്‍ സാത്വികയായ സരസ്വതിയമ്മ കാര്‍ക്കിച്ചു തുപ്പുകയാണ്.
    മയില്‍പ്പീലികള്‍ വാഷിങ് മെഷീനില്‍ കിടന്നു നിര്‍ത്താതെ തിരിയുകയാണ്.
    ഇതൊന്നുമല്ലല്ലോ ഗോപാലകൃഷ്ണാ ആദ്യം നാം തമ്മില്‍തമ്മില്‍ ചിരിച്ചപ്പോള്‍ കണക്കാക്കിയത് ?
    ഇതാണു പറയുന്നത്, പാവം മാനവഹൃദയം എന്ന്.
    ഗോപാലകൃഷ്ണന്‍ മാറ്റംമേടിച്ച് പോയപ്പോള്‍ എന്റെ പെട്ടിയില്‍ നിന്നു ഗോപാലകൃഷ്ണന്റെ ഫോട്ടോ പുറത്തേക്കു വലിച്ചേറിഞ്ഞ ആല്‍ബര്‍ട്ടിനോടും ഞാന്‍ ഇതു പറഞ്ഞു.
    ചരിത്രം  പക്ഷേ, ആവര്‍ത്തിക്കാനുള്ളതാണ്.