Followers

Saturday, April 25, 2015

തിരുമലയിലെ പാമ്പുകള്‍

പൂജിക്കാനിരിക്കുകയായിരുന്നു അമ്മിണിഅമ്മ. ശിവന്റെ മങ്ങിയ ചിത്രത്തിനു മുന്നില്‍ പൂജാജലം വീണ് നനഞ്ഞ മണ്ണില്‍, തുളസിയും കൂവളവും വീണ് കുതിര്‍ന്ന് പാകമായ മണ്ണില്‍, ശിവന്റെ മുടിക്കെട്ടുപോലെ പുറ്റുകള്‍ വളര്‍ന്നതു മുതല്‍ ഇന്നല്ലെങ്കില്‍ നാളെ എന്ന് അമ്മിണിഅമ്മ പ്രതീക്ഷിച്ചിരുന്നതാണ്. അതുകൊണ്ട്, കൈയിലെടുത്ത വെള്ളം വിധിയാംവണ്ണം തര്‍പ്പിച്ച് പുറ്റില്‍നിന്നും തന്റെ മുടിയിലേക്കിഴഞ്ഞു കയറിയ സ്വര്‍ണ്ണക്കമ്പിപോലുള്ള സര്‍പ്പത്തെ പതുക്കെ തലോടി അമ്മിണിഅമ്മ വാത്സല്യത്തോടെ ചിരിച്ചു:
'നിന്റെ ഒരു കളി. ഞാനെന്നും നിന്നോടൊന്നേചോദിച്ചിട്ടുള്ളു. അടുത്തൊരു ജന്മം എനിക്കു തരരുത്. എന്റെ കുട്ട്യോളെ കഷ്ടപ്പെടുത്തുകയുമരുത്. ആ, ഈ പാലു കുടിക്ക്. ഈറനുടുത്ത്, ഇക്കണ്ട കാലമൊക്കെ നിന്നെ പൂജിക്കുകയും മനയ്ക്കലെ അടിച്ചുതളി നടത്തുകയും കാരണമാവണം എനിക്ക് ഇടുപ്പുവേദന മാറിയ സമയമില്ല. മുറ്റത്തുണങ്ങാനിട്ടത് ആയോ എന്നു നോക്കട്ടെ. നീ പാലു കുടിക്ക്.'
ചായ്പില്‍ച്ചെന്ന് ഉടുത്തിരുന്ന ഒറ്റത്തോര്‍ത്ത് മാറ്റി തിരിച്ചു വന്നപ്പോഴേക്കും പാമ്പ് പോയിക്കഴിഞ്ഞിരുന്നു. കമിഴ്ന്നുകിടന്ന കിണ്ണം നിവര്‍ത്തി മാറ്റിവെച്ച് അയയില്‍നിന്നൊരു തോര്‍ത്തെടുത്തു തോളത്തിട്ട് അമ്മിണിഅമ്മ പതിവുപോലെ പുറത്തേക്കിറങ്ങി.
പീടികയുടെ കോലായില്‍ രാവിലത്തെ തണുപ്പില്‍ ഉറക്കച്ചടവോടെ ഇരിക്കുകയായിരുന്നു രാമന്നായര്‍.
'അമ്പലത്തില്‍നിന്നു വരണ വഴ്യാവും.' രാമന്നായര് ബീഡിക്കു തീ കൊളുത്തിക്കൊണ്ടു ചിരിച്ചു: 'ഞങ്ങളുടെയൊക്കെ ദിവസം തുടങ്ങുന്നേയുള്ളു.'
'അല്ല.' അമ്മിണിഅമ്മ പറഞ്ഞു: 'പോണവഴ്യാണ്. ന്നിത്തിരി വൈകി. മനയ്ക്കലെ ആത്തേമ്മാര്‍ക്ക് ശുണ്ഠി വരും. പരമശിവന് പാമ്പായി വരണ കാര്യം പറഞ്ഞാ അവര്‍ക്കൂല്ല്യ വിശ്വാസം. ഒരു നാഴി അരീം കുറച്ചു കര്‍പ്പൂരോം മൂന്നു ചന്ദനിത്തിരീം വേണം. കടായിട്ടന്നെ മതി.'
'തങ്കമണി വീട്ടിലിരിപ്പുതന്നെ?'
'അവളെ എന്നോ ഞാന്‍ ഉഴിഞ്ഞിട്ടതാണ് ശിവന്. മനയ്ക്കലെ പണി അവള്‍ക്കാവൂല്യ. എട്ടുംപൊട്ടും തിരിയുന്നതിനുമുമ്പേ ഒന്നിനെയോ ഞാന് ആട്ടിയോടിച്ചു.'
'നേരം അധികം വൈകണ്ട.'
അരിയുടെ കടലാസുപൊതി അമ്മിണിഅമ്മയെ ഏല്‍പിച്ച് രാമന്‍ നായര്‍ അകത്തേക്കു നടന്നു. ഉണ്ണിക്കുട്ടന്‍ ലോറിക്കടിയില്‍പ്പെട്ടു മരിച്ച വിവരം രാമന്നായര്‍ക്കായിരുന്നു ആദ്യം കിട്ടിയത്. പഴനിക്കുപോയ കാവടിയാട്ടക്കാരാണ് ആ വിവരം രാമന്നായരോടു പറഞ്ഞത്. വിശന്നിട്ടു വയ്യ എന്നു പറഞ്ഞ് നിര്‍ത്താതെ കരഞ്ഞ ഉണ്ണിക്കുട്ടനെ, 'കാശ് നിന്റെ തന്തയോടു പോയി ചോയ്‌ക്കെടാ, എന്നു പറഞ്ഞാണ് അമ്മിണിഅമ്മ തല്ലയത്രേ. അവന്റെ അച്ഛന് മരിച്ചിട്ട് അന്നേക്കു കൊല്ലം പതിനൊന്നു കഴിഞ്ഞിരുന്നതിനാല് അന്നുരാത്രി ഉണ്ണിക്കുട്ടന് നാടുവിട്ടു. മൂന്നു മാസം കഴിഞ്ഞ് കത്തും പണവും അമ്മിണിഅമ്മയ്ക്ക് കിട്ടിയത് ഒരുമിച്ചാണ്. ആദ്യം ശിവനുവേണ്ടി ഒരു കെടാവിളക്കു വാങ്ങി. പിന്നെ പുരമേയുകയും മനയ്ക്കലെ കുട്ടികളോടൊപ്പം ഉണ്ണിക്കുട്ടന് നില്ക്കുന്ന ഒരു ഫോട്ടോ ഉണ്ടായിരുന്നത് ചില്ലിടീക്കുകയും ചെയ്തു. ഇടവഴിയിലെ പെണ്ണുങ്ങള് അമ്മിണിഅമ്മയെ കണ്ടാല്‍ വേലിക്കലേക്കൊതുങ്ങിനിന്ന് ഉണ്ണിക്കുട്ടന്റെ വിവരം ചോദിച്ചു. ആശാരി നാണിയാണ് ആദ്യമായി അമ്മിണി അമ്മയുടെ വീട്ടിലെ പുറ്റിനുമുന്നില് നാലണ വഴിപാടിട്ടത്.
അപ്പോഴാണ് ഉണ്ണിക്കുട്ടന്റെ കത്തും പണവും ഇല്ലാതായത്.
'അവന്റെ നല്ല സ്വഭാവം കണ്ട് വല്ല പെണ്കുട്ടികളുടെ തള്ളമാരും മരുന്നുകൊടുത്ത് തിരിച്ചതാവും എന്നാണ് അമ്മിണിഅമ്മ ആദ്യം പറഞ്ഞത്. തങ്കമണിയുടെ ഇടതൂര്ന്ന മുടിയിലും വാഴന്കൂമ്പാള പോലെയുള്ള വയറിലും നോക്കി ഉണ്ണിക്കുട്ടനെപ്പറ്റി അന്വേഷിക്കാമെന്ന് രാമന്നായര്‍ അമ്മിണിഅമ്മയ്ക്കു വാക്കു കൊടുത്തു.
ഉണ്ണിക്കുട്ടന്റെകൂടെ കന്നുമേയ്ക്കാന് നടന്ന കൃഷ്ണന്‍കുട്ടി മാത്രം അമ്മിണിഅമ്മയെ പോത്തിന്പുറത്തുനിന്നും ചാടിയിറങ്ങി പിടിച്ചുനിര്ത്തി.
'രാവും പകലും നിങ്ങള്‍ മുടങ്ങാതെ കഞ്ഞീം പിണ്ണാക്കും കൊടുക്കുന്ന ആ ശിവനോടു പറയിന് ഹേ, ഉണ്ണിക്കുട്ടനെക്കൊണ്ട് ഒരു കത്തെങ്കിലും എഴുതിക്കാന്.'
'അതെ, എന്റേം നിന്റേം വാല്യക്കാരനാ ശിവന്‍. പറയേണ്ട താമസേയുള്ളു...' മുടിവാരിക്കെട്ടി ചൂട്ടുകൊണ്ടു പുകഞ്ഞ നെഞ്ഞും കഴുത്തും അമര്ത്തിത്തുടയ്‌ക്കേ അമ്മിണിഅമ്മ ചിരിച്ചു.
ത്രിസന്ധ്യയുടെ മങ്ങലില്‍, കെടാവിളക്കിന്റെ നാളം പാളി. തര്പ്പിച്ച പൂക്കള്ക്കിടയിലൂടെ, ചന്ദനത്തിരിയുടെയും കര്പ്പൂരത്തിന്റെയും നിറഞ്ഞ പുകയിലൂടെ പുറ്റിന്റെ മുകളിലേക്ക് അമ്മിണിഅമ്മ നോക്കിയിരുന്നു. ഉണ്ണിക്കുട്ടന് പോകുമ്പോള്‍ പുറ്റ് ഇത്തിരിയേ ഉണ്ടായിരുന്നുള്ളു. 'പരീക്ഷിച്ച്വോളാ...' അമ്മിണിഅമ്മ പറഞ്ഞു: 'മുക്തി അത്രവേഗം ആരും പൊന്നിന്തളികയില്‍കൊണ്ടുവന്നു തരില്ല എന്നമ്മിണിക്കറിയാം. അമ്മിണി അത്രവേഗം തോല്ക്കണ കൂട്ടത്തിലല്ല. ഉണ്ണിക്കുട്ടന്‍ പോയിട്ടു പക്ഷേ, മാസം പതിനാലു കഴിഞ്ഞു. എനിക്ക് ചെറുപ്പാവല്ല. അവനുണ്ടെങ്കില്‍ അതൊരു തുണയായിരുന്നു. ഇന്നലെ കുളിച്ചു കയറിപ്പോരുമ്പോള്‍ മാതുവേടത്തി വഴി തടഞ്ഞുനിര്‍ത്തിയതാണ് എന്നെ. 'ഭക്തിയൊക്കെ നന്ന്.' മാതുവേടത്തി പറഞ്ഞു: 'പക്ഷേ, പെണ്‍കുട്ട്യോള് എന്നും വല്ലോന്റെ വീട്ടിലെ അടിച്ചുതളിയും പാത്രംമോറലും ആയി നടന്നാപ്പോരല്ലോ. തങ്കമണി മുലകുടിക്കണ കുട്ട്യൊന്ന്വല്ല.' താന്‍ ഒന്നും പറഞ്ഞില്ല. ഒന്നമര്‍ത്തി മൂളി.
'നിയ്യെവിടെക്കാ ഓടണേ?' ഈറന്മുടി മുന്നിലേക്കിട്ടു വെട്ടി വെള്ളം കളയുമ്പോള്‍ മാതുവേടത്തി പിന്നെയും പിടിച്ചുനിര്‍ത്തി: 'അവള്‍ക്ക് പ്രായായി എന്ന് നിനക്കേ തോന്നാത്തതുള്ളൂ. നാട്ടുകാര്‍ക്കൊക്കെ അവള്‍ മുതിര്‍ന്നിരിക്കുന്നു.'
'നാട്ടുകാര്‍ അവളെത്തന്നെ നോക്കിയിരിക്കുന്നതെന്തിനാ...!'താന്‍ ചീറി:'ഈ നാട്ടില്‍ പെങ്കുട്ട്യോളക്ക്  അത്ര ക്ഷാമം ഉണ്ടോ?'
'അവരുടെ ഒന്നും അച്ഛന്റെ  പെങ്ങളല്ല ഞാന്‍. തങ്കമണി എന്റെ അപ്പൂന്റെ കുട്ട്യാണ്.'
'ഹോ...! എന്റെ അപ്പു' ചത്തുപോയിട്ടു പത്തിരുപതു കൊല്ലം കഴിഞ്ഞപ്പഴേ ആങ്ങളയുടെ മകളെപ്പറ്റി ഓര്‍മ്മ വന്നത്? മാതുവേടത്തീ, നിങ്ങളുടെ പണിക്കു ഞാന് അവളെത്തരില്ല. ശിവന്‍ എന്നേ ഞാന്‍ അവളെ ഉഴിഞ്ഞിട്ടിരിക്കുന്നു.'
'ഫ! നിന്റെ ഒരീശ്വരന്‍!' മാതുവമ്മ വെള്ളം ഇറ്റുവീഴുന്ന മുണ്ടോടെ കടവിലേക്കോടിക്കയറി: നിന്റെ ആ കിളുന്ത് ചെക്കന്‍ ലോറീടെ അടീല്‍പ്പെട്ടരയുമ്പോ എവിടായിരുന്നെടീ നിന്റെ ഈ ദൈവങ്ങള്‍?'
അമ്മിണിഅമ്മ പുകയുന്ന ധൂപക്കുറ്റിയിലേക്കുതന്നെ നോക്കി. നാലുപുറത്തുമുള്ള പെണ്ണുങ്ങള്‍ പിന്നെ മാതുവമ്മയെ പിടിച്ചുവലിച്ച് പുറത്തേക്കു കൊണ്ടുപോയി. കാവടിയാട്ടക്കാര്‍ രാമന്നായരോടു പറഞ്ഞ അക്കാര്യം ആരും അമ്മിണിഅമ്മയെ അതുവരെ അറിയിച്ചിരുന്നില്ല.  അമ്മിണിഅമ്മയുടെ വീട്ടില്‍ വളര്‍ന്നുവരുന്ന ശിവന്റെ മുടിക്കെട്ടുപോലെയുള്ള പുറ്റിലെ പാമ്പുകളെ, അവയുടെ ശക്തിയെ, അവര്‍ വല്ലാതെ പേടിച്ചിരുന്നു. മാതുവമ്മയുടെ പറച്ചില്‍ കേട്ട് അന്തം വിട്ടുനിന്ന അവര്‍ തെരുതെരെ മനസ്സില്‍ വഴിപാടുകള്‍ നേര്‍ന്നു: ഉണ്ണിക്കുട്ടന്റെ മരണവാര്‍ത്ത കേട്ടതുമുതല്‍ രാമന്നായര്‍ വഴിപാടിനു വാങ്ങുന്ന പൂജാദ്രവ്യങ്ങളുടെ കണക്ക് കണിശമായി പറയാതായിത്തുടങ്ങിയതും അയല്‍വക്കത്തെ സ്ത്രീകള്‍ പുറ്റിനുമുന്നില്‍ വഴിപാടര്‍പ്പിക്കാന്‍ തുടങ്ങിയതും മനയ്ക്കലെ പണിത്തിരക്കില്‍ അമ്മിണിഅമ്മ ശ്രദ്ധിച്ചിരുന്നില്ല. പണ്ട് കല്യാണം കഴിഞ്ഞ് രണ്ടുകൊല്ലത്തിനുള്ളില് രണ്ടു കുട്ടികളെയും തന്ന് മരിച്ചുപോയ ഭര്‍ത്താവിനെ ഓര്‍ത്ത് അമ്മിണി അമ്മ പതിന്നാലു ദിവസം കരഞ്ഞിരുന്നപ്പോഴും അതാണു സംഭവിച്ചത്. പതിന്നാലു ദിവസമായി അടിയും തളിയും ഇല്ലാതെ മുറ്റവും കോലായും പൊടി മൂടിക്കിടക്കുന്ന വിവരം മൂത്ത അന്തര്ജനം കാര്യസ്ഥനെ വിട്ടു പറയിച്ചപ്പോഴാണ് അമ്മിണിഅമ്മ അന്ന് കരച്ചില് നിര്‍ത്തി പിടഞ്ഞെണീറ്റത്. അമ്മിണിഅമ്മ അതിനെത്രയോ മുമ്പ്, മുജ്ജന്മം മുതല്‍തന്നെ ശിവനെ പൂജിക്കാന്‍ തുടങ്ങിയിരുന്നതാണ്. പക്ഷേ, ദേഷ്യംവന്ന് ഭര്‍ത്താവ് ശിവനെ അകത്തെ ഇരുട്ടിലേക്ക് എടുത്തെറിഞ്ഞതു മുതല്‍ ശിവന്‍ അവിടെത്തന്നെ കിടപ്പായിരുന്നു. അതിനാല്‍ കാര്യസ്ഥന്‍ വന്നപ്പോള്‍ ഒറ്റയാണല്ലോ വീണുകിടന്ന ശിവവിഗ്രഹം എടുത്തുനേരെവച്ചു. തങ്കമണിഅമ്മയെ അതിനു മുന്നില്‍ കീറിയ തടുക്കുപായയില്‍ കിടത്തി.
'ഇതാ എന്റെ മകള്‍.' അമ്മിണിഅമ്മ പറഞ്ഞു: 'നിനക്കിഷ്ടം പോലേ, ഇനി തള്ളേം കൊള്ളേം എന്തുവേണമെങ്കിലും ചെയ്യാം.'
പിന്നെ അമ്മിണിഅമ്മ വാതിലടച്ചു പുറത്തുകടന്നു. ഉണ്ണിക്കുട്ടനെ ആശാരി രാമന്റെ അമ്മയുടെ അടുത്താക്കി. അവന്റെ നിലവിളി പതുക്കെപ്പതുക്കെ അകലെയായി. അന്നാണ് ഇതേപോലെ തങ്കമണിക്കു ചുറ്റും പിന്നെ കവചംപോലെ വളര്ന്നു വന്ന പുറ്റുകള്‍ക്കു മുന്നില്‍ വെറുതെ കുറെനേരം ഇരുന്നത്. ഒന്നും പറയാനില്ലാതെ, ഒന്നും അപേക്ഷിക്കാനില്ലാതെ.
'വെറുതെയാണ്' പിന്നെ അമ്മിണിഅമ്മ, പുറ്റുകളുടെ നിരവധി മുഖപ്പുകളില്‌നിന്നുയരുന്ന ധൂപത്തിലേക്കും ആകെ മൂടുന്ന അതിന്റെ മങ്ങിലിലേക്കും നോക്കി പറഞ്ഞു: 'എന്റെ കണ്ണിനുമുന്നില്‍ പ്രത്യക്ഷപ്പെടാതെ പോകാന്‍ നിനക്കാവില്ല. ഉണ്ണിക്കുട്ടനെ നീ ഏറ്റുവാങ്ങിയെങ്കില്‍ എനിക്കു സന്തോഷമേയുള്ളു. അവന് അല്ലെങ്കിലും ഒരെറുമ്പിനെപ്പോലും ദ്രോഹിക്കാത്ത നല്ല കുട്ടിയായിരുന്നു. അവനെ നീ കൊണ്ടുപോയില്ലെങ്കില് ഇനി ആരെയാണ് നീ കൈയേല്ക്കുക... തങ്കമണിയെ എന്നോ ഞാന് നിനക്കുഴിഞ്ഞുവെച്ചതാണ്. അതിനാല് ഇനി ഞാന് മാത്രമാണു ബാക്കി.'
അമ്മിണിഅമ്മ വഴിയില്‍ ഒരു ഞെട്ടലോടെ പെട്ടെന്നുനിന്നു.
'നിനക്കെന്നെ മനസ്സിലായില്ലേ? '
'ഓ, ധാരാളം.'
നിറുകയിലെ പീലിയില്‍ കണ്ണുംനട്ട് അമ്മിണിഅമ്മ ധൃതിയില് സ്വന്തം ചുമലില്‌നിന്നു തോര്ത്തു വലിച്ചെടുത്തു.
'എന്നിട്ട്?'
'ഞാന് ശിവപ്രജയാണ്. അതുമല്ല, ഓരോന്നാലോചിക്കുകയായിരുന്നു.'
'അതുകൊണ്ടെന്താ? '
'കൂറുമാറ്റമാവില്ലേ? ശിവനു ദേഷ്യം വന്നാല്‍...'
'ഞാന് തരാം മോക്ഷമെങ്കിലോ?'
'അപ്പോള് ആ പഴയ കൊസ്രാക്കൊള്ളിത്തരം പോയിട്ടില്ല.'
അമ്മിണിഅമ്മ ഒരുപിടി കുന്നിക്കുരു വേലിയില്‍നിന്നും വലിച്ചൂരി കൃഷ്ണനു കൊടുക്കുന്ന തിനിടയില്‍ ചിരിച്ചു:'വെറുതെ വന്ദിക്കുന്നതല്ല, നല്ല കാര്യങ്ങള്‍ ചെയ്യുന്നതാണ് നിനക്കിഷ്ടം എന്ന് എത്രതവണ നീ ലോകരോടു പറഞ്ഞിരിക്കുന്നു? '
'എന്നാലും നീ എന്നെ തൊട്ടുമുമ്പില് കണ്ടിട്ട്... അതുമല്ല നീ ചെയ്ത ഒരു നല്ല കാര്യം പറ.'
അമ്മിണിഅമ്മ പെട്ടെന്നന്തിച്ചുപോയി. താന് ചെയ്ത നല്ലകാര്യങ്ങള് ഒരൊറ്റ ഒന്നുപോലും അമ്മിണിഅമ്മയ്‌ക്കോര്‍മ വന്നില്ല. അതിനാല് പരിഭ്രമത്തോടെ ധൃതിയില്‍ പെട്ടെന്നെന്തോ കണ്ടുപിടിച്ച പോലെ അവര്‍ പറഞ്ഞു:
'മനയ്ക്കലെ അടിച്ചുതളി.'
'ശരിയാണ് അതൊന്നുണ്ട്.' കൃഷ്ണന്‍ തന്റെ കൗസ്തുഭത്തില് തിരുപ്പിടിക്കെ പതുക്കെ പറഞ്ഞു: 'പക്ഷേ, കണക്ക് നിനക്കുമറിയാം. ഏഴു കടല്‍, ഏഴുകര, ഏഴുമല... അതൊക്കെക്കടന്ന് അക്കരെയാണ്... അതത്രയും നീന്തിക്കടക്കാന്‍ മനയ്ക്കലെ അടിച്ചുതളിമാത്രം പോരാ.'
'ശരി.' കൃഷ്ണനെ മുഴുവനാക്കാനനുവദിക്കാതെ, അവര് നിവേദ്യത്തിനുള്ള അരിയില്‍നിന്നും കുറച്ചെടുത്ത് കൃഷ്ണന്‍ നിന്നിരുന്ന പുഴവെള്ളത്തില് അര്‍പ്പിച്ചു താണുതൊഴുതു. 'ശരി,' അവര്‍ പറഞ്ഞു: 'എനിക്ക് മോക്ഷം വേണ്ട. ഒന്നും വേണ്ട. പകരം ഉണ്ണിക്കുട്ടന്റെ വിവരം മതി. അവനെവിടെയുണ്ട്? '
'ആഗ്രഹിക്കാവുന്നതെന്താണെന്ന് ആദ്യമേ അറിയലാണ് ഒരുവന്റെ ശക്തി' എന്ന അശരീരിയാണ് ഉടന്‍ മേഘഗര്‍ജനംപോലെ ഉണ്ടായത്. 'കാത്തിരിക്കുക.'
കൃഷ്ണന്‍ പ്രതീക്ഷിച്ചപോലെ അപ്രത്യക്ഷനായിരുന്നു. അകലെ പുഴയുടെ ഓളങ്ങളില്‍ ഒരാലിലമാത്രം വെട്ടിത്തിളങ്ങി. കണ്ണീരിന്റെ തെളിമയുള്ള പുഴവെള്ളം കൈക്കുടന്നയിലെടുത്ത് വാത്സല്യം നിറഞ്ഞ ഒരു ചിരിയോടെ കൃഷ്ണനെ ധ്യാനിച്ച് അതു പുഴയിലേക്കുതന്നെ അമ്മിണിഅമ്മ ഒഴിച്ചു. സാക്ഷാല്‍ ശിവന് പാമ്പിന്റെ രൂപത്തില് പ്രത്യക്ഷപ്പെടുമ്പോള്‍ ചോദിക്കാമെന്നു കരുതിയിരുന്നതാണ്. പക്ഷേ, ഈ മായ, പ്രപഞ്ചമായ സമ്മതിച്ചില്ല. ഒട്ടിയ വയറിലൂടെ കൈതടവി കുറ്റബോധത്തോടെ അമ്മിണിഅമ്മ മുന്നോട്ടു നടന്നു. ഒരു കടലിന്റെ ഒരു മൂലപോലും താന്‍ കടിച്ചിട്ടില്ല. മുന്നില്‍ ഒന്നല്ല ഏഴു കടലാണ്. പിന്നെ ഏഴു കര... ഏഴുമല പ്രായശ്ചിത്തത്തിനുള്ള ഉപവാസവ്രതങ്ങള് അന്നുതന്നെ തുടങ്ങണമെന്നു തീരുമാനിച്ച അമ്മിണിഅമ്മ, ശ്രീകൃഷ്ണനെ പുഴവക്കത്തുവെച്ചു കണ്ടകാര്യം പതിവുപോലെ ആരോടും പറഞ്ഞില്ല. വീട്ടിലെ മണ്ണു മെഴുകിയ തറയില് ശിവന്റെ കാലടിപ്പാടു കണ്ടതും പൂജാമുറിയില് തീര്‍ത്ഥം വീണു നനഞ്ഞ മണ്ണില്‍നിന്ന് ശിവന്റെ മുടിക്കെട്ടുപോലെ പുറ്റുയര്ന്നതും സര്‍പ്പങ്ങള്‍ ശിവന്റെ കഴുത്തിലെന്നപോലെ മടിയും പേടിയുമില്ലാതെ തന്റെ മടിയിലൂടെ ഇഴയുന്നതുമൊക്കെ പറഞ്ഞപ്പോള് എല്ലാവരും ചിരിക്കുകയാണുചെയ്തത്. കാണാന് കഴിവുള്ള കണ്ണുകള്‍ എല്ലാവര്‍ക്കും നല്‍കണേ മഹേശ്വരാ എന്നുമാത്രം താന്‍ ഉള്ളില്‍ പറഞ്ഞു പ്രാര്ത്ഥിച്ചു. എന്തിന്, തങ്കമണിക്കുപോലും വിശ്വാസം തോന്നിയത്, നിറഞ്ഞ നിലാവില്‍ പാലപ്പൂവിന്റെ മണത്തോടൊപ്പം ശിവന്‍ അവളെ വിളിച്ചുണര്‍ത്തി പുറത്തേക്കാനയിച്ചപ്പോഴാണ്.
'അതത്ര ശരിയായില്ല.' തങ്കമണിയുടെ മടിത്തുമ്പിലേക്ക് അരിയും കര്‍പ്പൂരവും ഔദാര്യത്തോടെ ചൊരിയവെ രാമന്നായര്‍ പരിഭവിച്ചു. 'ഞങ്ങളാല്‍ച്ചിലവരെ വിട്ട് അന്യജാതിക്കാരന്‍ ആശാരിയെ പിടികൂടിത്.'
തങ്കമണി, കുടില്‍ സമയത്ത് പണ്ടാരങ്ങളുടെ കൈയില്‍ നിന്നു വാങ്ങി ചുറ്റാന്‍ തുടങ്ങിയിരുന്ന മരവുരി ഒന്നുകൂടി ഒതുക്കിപ്പിടിച്ച് തലതാഴ്ത്തി. പിന്നില് പുറംനിറഞ്ഞ് നിലത്തറ്റംമുട്ടുന്ന മുടിയില്‍ ആര്‍ത്തിയോടെ നോക്കിയ രാമന്നായരുടെ കണ്ണില്‍ ഒരു ചാട്ടുളിപോലെ തട്ടിയത് പാമ്പിന്‍പത്തിയിലെ വൈഡൂര്യംപോലെ തിളങ്ങുന്ന മുടിപ്പൂവിന്റെ പ്രഭയാണ്. ഒരു നിലവിളിയോടെ രാമന്നായര്‍ തന്റെ ആകെ മഞ്ഞളിച്ച കണ്ണുപൊത്തി. അതോടെ രാമന്നായരുടെ കാഴ്ചശക്തികുറഞ്ഞ കഥ, ഒരനാഥഗര്‍ഭത്തിന്റെ ചൂടോടെ ഗ്രാമത്തിലാകമാനം പടര്‍ന്നു. തങ്കമണിയുടെ പാതിവ്രത്യത്തിന്റെ ശുദ്ധിയില്‍ സ്ത്രീകള്‍ ഒന്നടങ്കം ഭയന്നു. അവര്‍ തങ്കമണിയുടെ വഴിവിട്ട് ഊടുവഴികളിലൂടെ നടന്നു. വേശ്യകള്‍ മാത്രം തങ്കമണിയുടെ മരവുരിയും കാലുംതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി.
തങ്കമണി പെറ്റ കുട്ടി മുക്കണ്ണനായതില്‍ ആര്‍ക്കും അത്ഭുതം തോന്നിയില്ല. പ്രസവവേദനകൊണ്ട് പുളയുന്ന തങ്കമണിയെ മറ്റെല്ലാ ആപത്ക്കാലത്തിലും എന്നപോലെ ആശാരിരാമന്‍ ആശുപത്രി യിലെത്തിച്ചു. ത്രിമൂര്‍ത്തികളിലൊന്നായ മഹേശ്വരന്റെ പുത്രനു ജന്മം കൊടുക്കാന്‍ ആശുപത്രിയിലെ ഡോക്ടറെ ആശ്രയിക്കുന്നതോര്‍ത്ത് അമ്മിണിഅമ്മ മാത്രം മൂക്കത്തു വിരല്‍വെച്ചു. ശിവന്‍, തങ്കമണിയോട് യാത്രപറഞ്ഞ് ഇരുട്ടിലേക്ക് മറഞ്ഞ ദിവസം പാമ്പിന്‍കാവിലെ ഇലഞ്ഞിച്ചുവട്ടിലിരുന്ന് മണ്ണിലെ നിരവധി പുറ്റുകളിലേക്കു നോക്കി, അഴിഞ്ഞ മുടിയൊന്നുകെട്ടാതെ മുളപൊട്ടുംപോലെ തങ്കമണി കരഞ്ഞപ്പോഴും ആശാരിരാമന്‍ എല്ലാം അറിഞ്ഞും ഉള്‍ക്കൊണ്ടും ആ ഇലഞ്ഞിയില്‍ ചാരിനിന്നിരുന്നു. അതുകണ്ട് അന്തംവിട്ട ആശാരിരാമന്റെ തള്ള തലയിലെ വിറകുകെട്ട് തന്നെയിട്ട് അവനെ പുരയ്ക്കുള്ളിലേക്ക് വലിച്ചുകൊണ്ടുപോയി. തൊടിയില്‍ പത്തു ദിവസത്തിനകം നടക്കാനിരുന്ന രാമന്റെ വിവാഹം ശിവ കോപത്താന്‍ മുടങ്ങുമോ എന്നായിരുന്നു അവര്‍ക്കുപേടി. നിറവയറില്‍ അമര്‍ത്തിപ്പിടിച്ച് കെന്തിക്കെന്തി കരയുന്ന തങ്കമണിയുടെ തലയ്ക്കല്‍ പശ്ചാത്താപത്തോടെ നടന്നുപോകുന്ന ആശാരിരാമനെ അതിനൊന്നും പോകേണ്ടെന്ന് ഭാര്യ പലതവണ നിര്‍ബന്ധിച്ചതും അതാണ്. പക്ഷേ, ഭാര്യ ഒരു തീക്കട്ടപോലെ, മരയഴികള്‍ ചാരിനിന്നിട്ടും രാമന്‍ തങ്കമണിയെ അനുഗമിക്കാന്‍ ശ്രദ്ധിച്ചത് പാമ്പിന്‍കാവില്‍വെച്ച് നിലാവില്‍ അര്‍ദ്ധരാത്രിയില്‍ ശിവന്‍ തന്നെ ഏല്‍പിച്ച ചുമതല ഓര്‍ത്തിട്ടാണെന്ന് രാമന്റെ ഭാര്യ അറിഞ്ഞില്ല. പീടികക്കാരന്‍ രാമന്നായരുടെ കണ്ണിന്റെ കാഴ്ച കുറച്ച വൈഡൂര്യത്തെപ്പറ്റി ഓര്‍ത്ത് മഞ്ചലില്‍നിന്നും കീഴോട്ടിഴയുന്ന തങ്കമണിയുടെ നീണ്ടമുടി മണ്ണില്‍ തട്ടാതെ രാമന്‍ ഉയര്‍ത്തിപ്പിടിച്ചു. ഇറയത്ത് തോരാനിട്ടിരുന്ന മുണ്ട് കക്കാന്‍ വന്ന ദിവസമാണ്, ജനാലയിലൂടെ നിലവിളക്കിന്റെ വെളിച്ചത്തില്‍ പാമ്പ് തങ്കമണിയുടെ മേല്‍ചുറ്റിവരിഞ്ഞു കിടക്കുന്നത് രാമന്‍ ആദ്യമായി കണ്ടിരുന്നത്. ആ കാഴ്ചയുടെ ഭീതിയില്‍, ലഹരിയില്‍, രാമന്‍ ഒരു സ്വപ്നത്തിലെന്നപോലെ മഞ്ചലിനു തലയ്ക്കല്‍ നടന്നു.
പക്ഷേ, മുക്കണ്ണനെ, നാട്ടുകച്ചവടക്കാരുടെ കൈയില്‍ നിന്നു വാങ്ങിയ പുലിത്തോലില്‍ പൊതിഞ്ഞ്, തങ്കമണിയുടെയോ ശിവന്റെയോ സഹായംകൂടാതെ താരാട്ടുപാടി തട്ടിയുറക്കി വളര്‍ത്തിയത് അമ്മിണിഅമ്മയാണ്. തങ്കമണി ആ വഴിക്കേ നോക്കിയില്ല. പെറ്റെഴുന്നേറ്റതും ജനലിന്റെ മരക്കഴികളില്‍ പ്പിടിച്ച് തങ്കമണി പുറത്തേക്കു നോക്കിനിന്നു. അവിടെ ആശാരിരാമന്റെ ചെറുപ്പക്കാരി ഭാര്യ ഈറന്മുടി തുമ്പില്‍ക്കെട്ടി കുങ്കുമംതൊട്ട് ചുറുചുറുക്കോടെ മുറ്റമടിക്കുന്നുണ്ടായിരുന്നു. മണ്തിണ്ണയില്‍ ഭാര്യയെ നോക്കിയിരുന്നു പല്ലുതേക്കുന്ന ആശാരിരാമനെ തങ്കമണി നോക്കിയില്ല. അവള്‍ അതിനുമപ്പുറത്തേക്ക് അകലേക്കു നോക്കി. തങ്കമണിയുടെ പെറ്റവയര്‍ കായാതിരിക്കാന്‍ ജനല്‍ത്തിണ്ണയില്‍ അമ്മിണിഅമ്മ കൊണ്ടുവന്നുവച്ച കഞ്ഞിവെള്ളം, അതേപോലെ ഇരുന്നു. മുക്കണ്ണന്റെ വായ മുലപ്പാലിന്റെ നനവുതട്ടാതെ ഉണങ്ങി.
'ഇന്നലെയും മേലേടത്തെ അന്തര്ജ്ജനം നിന്നെപ്പറ്റി അന്വേഷിച്ചു.' അമ്മിണിഅമ്മ സ്വന്തം മടിയില്ക്കിടത്തി മുക്കണ്ണനെ ഉറക്കുന്നതിനിടയ്ക്ക് തങ്കമണിയോടു പറഞ്ഞു: ഈ വയസ്സുകാലത്ത് ഞാന് ചെയ്യണത് ഒന്നും നേരെയാവ്ണുണ്ടാവില്ല. അടിച്ചുതളി തങ്കമണിക്കായിക്കൂടെ എന്ന് മൂത്ത അന്തര്ജ്ജനം ചോദിച്ചു. മുക്കണ്ണന്‍ മൂന്നുനേരം എന്തെങ്കിലും ത്തിരികൊടുക്കേണ്ടെ. നെന്റെ ഈ ജനാലയ്ക്കലെ നില്‍പ് മോളിലിരിക്കുമ്പോ പരമശിവനും കാണ്ന്ന്ണ്ടാവില്ലേ?
'തൊണ്ട മൂന്നുനേരം നനയ്ക്കാന്‍ അതിന്റെ തന്തടെ അട്ത്ത് കൊണ്ടാക്കിന് തള്ളേ...' തങ്കമണി ചീറി. 'നിങ്ങളെ ജടാധാരി എവളുടെ അടുത്തേക്കെ ഓടിപ്പോയത് എന്നും ചോദിച്ചുവരിന്.'
എന്നിട്ട് നോമ്പുദിവസം കത്തിക്കാനായി എടുത്തുവച്ച പൂജാദ്രവ്യങ്ങള് തങ്കമണി അടുപ്പിലേ ക്കെടുത്തെറിഞ്ഞു. അതു തടയാന്‍ അമ്മിണിഅമ്മ ആവുന്നതും നോക്കിയതാണ്. പക്ഷേ, അടുപ്പില് തീ ആളിക്കത്തി. കരിയുന്ന ചന്ദനത്തിരികള്‍ അടുപ്പില്‍നിന്നൂരിയെടുത്ത് ഒരുതുള്ളി വെള്ളം തളിച്ച് തീകെടുത്താന് പിന്നെ അമ്മിണിഅമ്മ മുക്കണ്ണനെ മടിയില്‍നിന്നിറക്കിക്കിടത്തി.
'എത്രാമത്തെ കടലിലാണ് നമ്മിളിപ്പോള്‍?'
തൊട്ടടുത്ത് അമ്മിണിഅമ്മയുടെ വയറില്‍ കൈവച്ചു കിടക്കുമ്പോള്‍ മുക്കണ്ണന്‍ ചോദിക്കും: 'ഏഴുകടലും കടന്നാല്‍ അമ്മമ്മക്ക് ഉണ്ണിമാമയെ കാണാന്‍ പറ്റ്വോ?'
'ഇല്ല.' അമ്മിണിഅമ്മ പറയും: പിന്നെ ഏഴുമല. പിന്നെ ഏഴുകര.
അപ്പോഴേക്കും അമ്മമ്മക്ക് കുറെ വയസ്സാവും.'
'ഉം. ചിലപ്പോള്‍ അക്കരെയെത്തി എന്നു വരില്ല.'
'അപ്പോഴോ?'
'അറിയില്ല.' അമ്മിണിഅമ്മ പറയും: 'പരമശിവന്‍ പക്ഷേ, അതു ചെയ്യില്ല. പരീക്ഷിക്കണേനും ഒരതിരുണ്ടാവില്ലേ?'
'പ്രദോഷങ്ങളും ഉപവാസങ്ങളും ഞാനൊന്നും തെറ്റിച്ചിട്ടില്ല. ഒരബദ്ധത്തില്‍ ഉണ്ണിക്കുട്ടനെപ്പറ്റി ശ്രീകൃഷ്ണനോട് ചോദിച്ചതല്ലാതെ ഞാനീ പാമ്പുമാരുടെ വഴിതെറ്റി നടന്നിട്ടുമില്ല.' ഉറങ്ങിത്തുടങ്ങുന്ന മുക്കണ്ണനെ പിന്നെ അമ്മിണിഅമ്മ മാറോട് ചേര്‍ത്തുകിടത്തും. തങ്കമണി അവന്‍ പച്ചവെള്ളംപോലും എടുത്തുകൊടുക്കാതായിട്ട് മാസങ്ങളായിരുന്നു. ജനാലയ്ക്കല്‍നിന്ന് എഴുന്നേല്ക്കാതെ രാവും പകലും ആശാരിരാമന്റെ ഭാര്യയെ നോക്കി നില്‍ക്കുന്ന തങ്കമണി തുരുമ്പിച്ച മരക്കഴിപോലെ മെലിഞ്ഞു കറുത്തു. ആശാരിരാമന്റെ ഭാര്യ പ്രസവിക്കാന്‍ പോയ രണ്ടു മാസങ്ങളില്‍പ്പോലും തങ്കമണി ആ നില്‍പൊന്നു മാറ്റിയതുമില്ല.
അതറിഞ്ഞ ദിവസമാണ് ആശാരിരാമന്‍ നാടുവിടാന്‍ തീര്‍ച്ചയാക്കിയത്. അതിനു മൂന്നുദിവസം മുന്നേ മുക്കണ്ണനെക്കൂട്ടി ആശുപത്രിയില്‍ നിന്നും മടങ്ങുന്ന വഴിക്ക് ആശാരിരാമനെക്കണ്ട തങ്കമണി  പൊട്ടിത്തെറിച്ചു: 'തെറിച്ച വിത്തിന്റെ തലകണ്ടതും ഓടിപ്പോയതാണ് തന്ത. ചോദിക്കെടാ പോയി അടുത്ത വെത എവിടെയാണെന്ന്.' അമ്മിണിഅമ്മയുടെ കൈപിടിച്ചു നടന്നിരുന്ന മുക്കണ്ണനെ തങ്കമണി ആഞ്ഞു തള്ളിയത്രെ. തങ്കമണിയുടെ മുടിപ്പൂവിന്റെ തിളക്കത്തില് കണ്ണ് മഞ്ഞളിക്കും മുന്‌പേ ആശാരിരാമന് പിന്തിരിഞ്ഞു നോക്കാതെ ഓടി. വീട്ടില്‌ച്ചെന്ന് കയറുമ്പോള് രാമന്റെ മേല് പനിപൊള്ളി. അങ്ങനെയാണ് നാടുവിടാന് തീര്ച്ചയാക്കിയ ദിവസം പുലര്‍ച്ചെ സന്നിയുടെ മൂര്‍ച്ഛയില്‍ രാമന്‍ മരിച്ചത്. നെഞ്ചത്തടിച്ച് അലമുറയിടുന്ന രാമന്റെ ഭാര്യയെ നോക്കി തങ്കമണി സ്വന്തം മുടി ഒന്നഴിച്ചുകെട്ടി മുണ്ട് കുടഞ്ഞുടുത്ത് മുഖം കഴുകി വെടിപ്പാക്കി കണ്ണാടിക്കു മുമ്പില് നിന്നു.
'നെറ്റിയില് ഒരു പൊട്ടുംകൂടി തൊട്ടാല്‍ അതൊരു ശ്രീയാണ്.' വിരുന്നുവന്നിരുന്ന മാതുവേടത്തി വെറ്റിലച്ചാര്‍ മുറ്റത്തേക്കു നീട്ടിത്തുപ്പി തങ്കമണിയെ ഊന്നിനോക്കി: 'സത്യം പറഞ്ഞാല്‍ ആയ പ്രായമൊന്നും തങ്കമണിക്ക് തോന്നുണൂല്ല്യ.'
കണ്ണാടിയില് നിന്നും മുഖം തിരിക്കാതെ തങ്കമണി മാതുവേടത്തിയെ നോക്കി. എന്നിട്ട് പൂജയ്ക്കുവച്ച കളഭത്തില് വിരല് മുക്കി പൊട്ടുതൊട്ടു.
'വെറ്റിലമുറുക്കി ആ ചുണ്ടുംകൂട്യൊന്നു ചോപ്പിച്ച്വേളാ...'
മാതുവേടത്തി, അമ്മിണിഅമ്മയെ നോക്കാതെ, ചെല്ലം തങ്കമണിക്കരികിലേക്കു നീക്കിവച്ചു.
അതും കഴിഞ്ഞ്, ആശാരിരാമന്റെ പുലയും പുലയടിയന്തിരവും കഴിഞ്ഞ് തിളങ്ങുന്ന വേലയും താലപ്പൊലിയും കഴിഞ്ഞ്, ഊഷരമായ ഭൂമിയാകെ മഴനനഞ്ഞ് ആര്ദ്രയായ ഒരു പ്രഭാതത്തിലാണ് തങ്കമണിക്കു മനംമാറ്റം സംഭവിച്ചത്. കേട്ടവര്‍ കേട്ടവര്‍ അന്തംവിട്ടുനിന്നു. തന്റെ കവചങ്ങളായിരുന്ന പുറ്റുകളെയും പാമ്പുകളെയും മുക്കണ്ണനെയും വിട്ട് കണ്ണെഴുതി കളഭക്കുറിതൊട്ട്, തങ്കമണി കൃഷ്ണയ്യരുടെ പീടികയില്‍ച്ചെന്നാണ് കസവുകരയുള്ള മുണ്ടും വേഷ്ടിയും ആവശ്യപ്പെട്ടത്. ശ്രീകൃഷ്ണനുമായുള്ള തന്റെ വിവാഹക്കാര്യം കൃഷ്ണയ്യരോടു പറഞ്ഞതും തങ്കമണിതന്നെയാണ്.
'എന്നാല്‍, ശ്രീകൃഷ്ണന്‍ തരട്ടെ പുടവ.' കൃഷ്ണയ്യര്‍ പറഞ്ഞു: 'കൃഷ്ണയ്യരെ എന്തിനാ വലയ്ക്കണ്?'
പൊടുന്നനെ ഒരു ഭൂമികുലുക്കത്തിലെന്നപോലെ കൃഷ്ണയ്യരുടെ ജൗളിക്കട വിറയ്ക്കാന് തുടങ്ങുന്നതുകണ്ടു ജനം അന്തിച്ചുനിന്നു. കൃഷ്ണയ്യര്‍ ക്ഷമാപണത്തോടെ നല്‍കിയ പുടവധരിച്ച് തന്നെ കാണേണ്ടവര്‍ ഇനി ഗുരുവായൂര്‍ നടയ്ക്കല്‍ ചെന്നാല്‍ മതിയെന്ന് കൃഷ്ണയ്യരോടു പറഞ്ഞേല്‍പിച്ചിട്ടാണ് തങ്കമണി ഒരു മിന്നല്‍ക്കൊടിപോലെ ആകാശത്തില്‍ അപ്രത്യക്ഷയായത്.
പതിവുപോലെ മനയ്ക്കലെ ജോലി കഴിഞ്ഞുമടങ്ങുമ്പോള്‍ രാമന്നായരില്‍നിന്നുതന്നെയാണ് തങ്കമണി ആകാശത്തില്‍ അപ്രത്യക്ഷയായ വിവരവും അമ്മിണിഅമ്മ അറിഞ്ഞത്.
'ഒക്കെ ഒരു മായയാണ് രാമന്നായരെ.' പീടികത്തിണ്ണയില്‍ച്ചാരി രാമന്നായര്‍ കൊടുത്ത വെള്ളം കൈയില്‍വെച്ച് അമ്മിണിഅമ്മ പറഞ്ഞു: 'എന്റെ കുട്ടിയുടെ മനസ്സു കലക്കിയവര്‍ക്കും ഒരു ദിവസം ചിത്രഗുപ്തന്റെ മുന്പില്‍ നില്‍ക്കേണ്ടവരും.ഇന്നലെ ത്രിസന്ധ്യയ്ക്കു വിളക്കു കൊളുത്താത്തതെന്തെന്നു ചോദിച്ചതിന് അവള്‍ എന്നെ തല്ലാന്‍ വന്നു. അപ്പോഴേ എന്റെ മനസ്സുപിടച്ചതാണ്. പക്ഷേ, ഞാനോ എന്റെ മകളോ ഈ നാട്ടാരോട് ഒന്നും ചെയ്തില്ലല്ലോ. ആവോ, എനിക്കിനിയും അനുഭവിക്കാനുണ്ടേരിക്കും. മുജ്ജന്മത്തിലെ ദുരിതം ഇനിയും ശ്ശി ബാക്കിണ്ടേരിക്കും....'
രാമന്നായര് തലയുയര്ത്തിയില്ല. കുറച്ചരിയും പഞ്ചസാരയും മുക്കണ്ണന്റെ കൈയില്‍ കൊടുത്തിട്ടുണ്ടെന്നു മാത്രം അയാള്‍ പറഞ്ഞു.
അന്ന് മുക്കണ്ണനെ ചേര്ത്തിപിടിച്ച് പതിവുപോലെ പുറ്റിലേക്കുതന്നെ നോക്കിയിരിക്കുമ്പോഴാണ് അമ്മിണിഅമ്മ അതുകണ്ടത്. പുറ്റിനകത്തെ നിറഞ്ഞ ഇരുട്ടില് സ്വര്‍ണ്ണനൂല്‍പോലെ. പ്രതീക്ഷിച്ച അതേ പോലെ. അമ്മിണിഅമ്മ പെട്ടെന്നു പ്രാര്‍ത്ഥന നിര്‍ത്തി. പള്ളിക്കുറുപ്പുണര്‍ത്താതെ ഇരുന്ന പലകയൊന്നനക്കാതെ പതുക്കെ അമ്മിണി അമ്മ മുക്കണ്ണന്റെ ചുമലില്‍പ്പിടിച്ചെഴുന്നേറ്റു.
'മാമക്കുള്ള പ്രാര്‍ത്തന ചൊല്ലീല്ല്യ.' മുക്കണ്ണന്‍ പറഞ്ഞു. 'ഉം.' സ്വര്‍ണനൂലില്‍നിന്നു കണ്ണെടുക്കാതെ അമ്മിണിഅമ്മ മൂളി. ഉണ്ണിക്കുട്ടന്റെ വിവരം തിരുമേനിയോടു ചോദിക്കേണ്ടിയിരുന്നില്ല. ഒരുപക്ഷേ, ഇഷ്ടപ്പെട്ടിരിക്കില്ല. പടംതാഴ്ത്തി അനങ്ങാതെയുള്ള കിടപ്പ് സൗമ്യതയുടെ ലക്ഷണമല്ല. തുച്ഛമായ അറിവാണ് എല്ലാ ദുഃഖത്തിനും കാരണം. ഭീതിയോടെ, പശ്ചാത്താപത്തോടെ നിന്നിടത്തുനിന്നു കൈ കൂപ്പി അമ്മിണിഅമ്മ ഓര്ത്തു. അജ്ഞത പാപത്തിന്റെ ഫലമാണെന്ന് അറിയായ്കയല്ല. പക്ഷേ, കവിടികള്‍ മിന്നുന്ന നിലത്തുനിരത്തി തിരുമേനി ഇരിക്കുന്നതു കണ്ടപ്പോള്‍ ഉണ്ണിക്കുട്ടനെവിടെയുണ്ടെന്ന് അറിയാതെ ചോദിച്ചുപോയി. മൂന്നുദിവസമായി ഒന്നുംകഴിക്കാതിരുന്നതു കാരണംവല്ലാതെ വിശന്നിരുന്നു. മനസ്സും വിചാരിച്ചപടിനിന്നില്ല. ഉണ്ണിക്കുട്ടനെ ഒരു തവണ കാണാന് യോഗം ഉണ്ടാവ്വ്വോ എന്നു ചോദിച്ചതുകൊണ്ടാണ്: 'ഒരു ജന്മം കൂടിയെടുത്തോളാം. താന് തിരുമേനിയോടു പറഞ്ഞു: പരമശിവനെ നിത്യ ഉപവാസംകൊണ്ടു പൂജിച്ചോളാം.'
നീ മായയില്‌നിന്നും രക്ഷപ്പെട്ടിട്ടില്ലല്ലോ അമ്മിണീ എന്നാണ് ഉത്തരമായി തിരുമേനി പറഞ്ഞത്.
സ്വര്ണനൂല് ഒരു ഞെട്ടലോടെ പുളഞ്ഞു. നിവര്‍ത്തിയ പടത്തില്‍ നിന്നു തിളങ്ങുന്ന കണ്ണുകള്‍ അമ്മിണിഅമ്മയെ ഒന്നുകൂടി ചേര്‍ത്തിപിടിച്ചു.
അമ്മിണിഅമ്മ മുക്കണ്ണനെ ഒന്നുകൂടി ചേര്‍ത്തുപിടിച്ചു.
'നിന്റെ മകനാണ്.' അമ്മിണിഅമ്മ പടത്തില്‍നിന്ന് കണ്ണെടുക്കാതെ സര്‍പ്പത്തോടു പറഞ്ഞു: 'അവന്‍ വല്ലതും കഴിച്ചിട്ട് ഇന്നേക്കു മൂന്നു ദിവസമായി.'
പുറ്റിന്റെ ദ്വാരത്തില്‌നിന്ന് ഉയര്ന്നുപാറുന്ന ഒരു തൂവല്‍പോലെയാണ് സ്വര്‍ണനൂല്‍ ഉയര്‍ന്നതും പുറ്റുകളെ പൊട്ടിച്ചിതറിച്ചുകൊണ്ട് അമ്മിണിഅമ്മയ്ക്കു നേരെ പറന്നതും. ഒരു സാന്ത്വനംപോലെ തന്റെ മായാബദ്ധമായ പുറം ചക്ഷുസ്സുകള്‍ക്കു മീതെ തണുപ്പുപടരുന്നത് പിന്നെ അമ്മിണിഅമ്മ അറിഞ്ഞു. അതോടെ അമ്മിണിഅമ്മയ്ക്ക് എല്ലാം കാണാമെന്നായി. സാഫല്യത്തിന്റെ മുഗ്ദ്ധതയില്‌നിന്നു മുക്കണ്ണന്റെ ഭീതിയാര്‍ന്ന പൊട്ടിക്കരച്ചില്‍ അമ്മിണിഅമ്മ നിറഞ്ഞ വാത്സല്യത്തോടെ കണ്ടു. പക്ഷേ, കുളത്തിനടിയില്‍ നിധി കുഴിച്ചിട്ട ചെമ്പുകുടങ്ങളും ആലിന്റെ തുമ്പത്ത് ഇളകിപ്പറക്കുന്ന മഞ്ഞപ്പട്ടുമൊക്കെ കൃത്യമായി അമ്മിണിഅമ്മയ്ക്കു കാണാമെന്നായതോടെ കാര്യങ്ങള്‍ കുഴയാന്‍ തുടങ്ങി. ഭാര്യാഭര്‍ത്താക്കന്മാര്‍പോലും പരസ്യമായ നഗ്‌നരാക്കപ്പെട്ടവര്‍ കണക്കെ ചൂളിയതുകൊണ്ട് അമ്മിണിഅമ്മയുടെ വഴിവിട്ടു നടന്നു. ഏറ്റവും ബുദ്ധിമുട്ടിലായവര്‍ സ്‌നേഹബദ്ധരായ യുവമിഥുനങ്ങളും ജാരന്മാരും കള്ളന്മാരുമായിരുന്നു. ഭൂരിപക്ഷവും ഇവരില്‍ ആരെങ്കിലുമൊക്കെ ആയതിനാല്‍ അമ്മിണിഅമ്മയുടെ കാഴ്ചയില്‍നിന്നു രക്ഷപ്പെടാന്‍ ജനം വെമ്പല്‍കൊണ്ടു. അങ്ങനെ തീരെ പ്രതീക്ഷിക്കാതെയാണ് അമ്മിണിഅമ്മ നാടിന്റെ ശത്രുപക്ഷത്തായത്. സുകുമാരി അന്തര്‍ജ്ജനത്തിന്റെ അവിഹിതഗര്‍ഭം അലസിപ്പിച്ച ഡോ.കൃഷ്ണകുമാര്‍ ആശുപത്രിയില്‍ മരുന്നു സ്‌റ്റോക്കില്ലെന്നു പറഞ്ഞ് അമ്മിണിഅമ്മയെ തിരിച്ചയച്ചത് അതുകൊണ്ടാണ്. ആശുപത്രിക്കോലായില്‍ മുക്കണ്ണന്റെ കൈ പിടിച്ചിരുന്ന് വയറുവേദനകൊണ്ടു പുളയുന്ന അമ്മിണിഅമ്മയെ ജനം ഒരു മന്ത്രവാദത്തിന്റെ ലഹരിയോടു കണ്ടിരുന്നു:
'സുകുമാരിക്കു സുഖായ്യോ കുട്ടീ.' കൃഷ്ണകുമാര്‍ അടുത്തുവന്നപ്പോള്‍ അമ്മിണിഅമ്മ ചോദിച്ചത്രെ. 'മനയ്ക്കലെ അടിച്ചുതളിക്ക് പൂവ്വാണ്ടായിട്ട് കുറച്ചുദിവസായി. എന്നോട് പാമ്പുമ്മാര് പറയേ്... '
യുക്തിയിലും ശാസ്ത്രത്തിലും മനുഷ്യരിലും മാത്രം വിശ്വസിച്ചിരുന്ന കൃഷ്ണകുമാര് അമ്മിണിഅമ്മയുടെ കണ്ണുകളിലേക്കുനോക്കി.
'അഞ്ചാറുമണിക്കൂറേ ഉള്ളു, കുട്ട്യേ. ഇത്രത്തോളം ഞാന് എത്തിച്ചു. ഇനി വന്ന ജീവന് വന്നവഴിക്കു പോട്ടെ. ദുര്മരണത്തിനു മോക്ഷല്യ. ഉണ്ണിക്കുട്ടനെ അവിടേം കാണാന് തരാവില്ല്യ അപ്പോ. വല്ല വഴീം ഉണ്ടോ ഈ വേദനൊന്നു കുറച്ചുതരാന്‍. അനുഭവിക്കേണ്ടത് അനുഭവിച്ചു തീരണം എന്നറിയാഞ്ഞിട്ടല്ല... മായ...'
നഴ്‌സിങ് ഹോമിന്റെ അതിരുകള്‍ക്കു തൊട്ടുപുറത്ത് അമ്മിണിഅമ്മയെ ആ അര്ദ്ധരാത്രിയിലും കിടത്താന് കൃഷ്ണകുമാര്‍ തീരുമാനിച്ചത് ആ വാക്കുകളുടെ ബലത്തിന്മേലായിരുന്നു. പാമ്പുകള്ക്കും മയില്പ്പീലികള്‍ക്കുമൊക്കെ അവകാശമുള്ള ഒരു ജീവിതം ദേശത്തിന്റെ മുഴുവന്‍ സ്വത്താവാതെ വയ്യ. അതുമല്ല. പോലീസുകാര്‍ക്കും തന്നെപ്പോലെ പാമ്പുകളുടെ ഭാഷ മനസ്സിലായെന്നു വരില്ല. അവര്‍ ഒളിച്ചിരിക്കുന്ന പാമ്പുകളെ പിടിക്കാനുള്ള ശ്രമത്തില്‍ നഴ്‌സിങ് ഹോം മുഴുവന്‍ താറുമാറാക്കി യെന്നുപോലും വരും. ശാന്തിപൂര്‍ണമായ ഒരു മരണം അമ്മിണിഅമ്മയുടെ അവകാശമാക്കാനുള്ള പ്രയത്‌നത്തില്‍ അങ്ങനെയാണ് കൃഷ്ണകുമാര്‍ അവരെ മുക്കണ്ണനോടൊപ്പം നഴ്‌സിങ് ഹോമിന്റെ അതിരുകള്‍ക്കു പുറത്തെത്തിച്ചത്.
പിറ്റേന്ന് പൊതുനിരത്തിന്റെ ഓരത്ത് ഒതുങ്ങി, ഒരു സാധനയോടെ, ശുദ്ധിയോടെ അമ്മിണിഅമ്മ കിടന്നു. നേര്‍ത്ത കാറ്റ് ഊതിപ്പറത്തിയ പൊടിമണ്ണ് വെളുത്ത മുടിയിഴകള്‍ക്കു മീതെയും മുഖത്തും മഞ്ഞള്‍പ്പൊടിപോലെ മിന്നി. കൊറായ്ക്കല്‌നിന്നും തുടങ്ങിയ എറുമ്പുകളുടെ വരി മണ്ണിലേക്കിറങ്ങി ക്കഴിഞ്ഞിരുന്നു. ആലിനുമുകളില്‍ കാക്കകള്‍ നിശ്ശബ്ദരായി കാത്തിരുന്നു.
'തങ്കമണിയെ വിവരം അറിയിക്കേണ്ടേ?' ട്രൗസറിന്റെ വള്ളി ചുമലില്‍നിന്നു തെറ്റി കോറായക്കലൂടെ തുപ്പലൊലിപ്പിച്ച് കൈയിലെ പൊട്ടിയ ഗോട്ടി പാതി കാണിച്ച് ഉറങ്ങിക്കിടന്നിരുന്ന മുക്കണ്ണനെ അമ്മിണിഅമ്മയും അടുത്തുനിന്ന് എടുത്തുമാറ്റുമ്പോള്‍ രാമന്നായര്‍ ചോദിച്ചു.
എല്ലാവരും കാത്തുനിന്നതു പാമ്പുകളെ ആയിരുന്നതിനാല്‍ ആരും ഒന്നും മിണ്ടിയില്ല.
വെയില്‍ മൂക്കെയാണ് പോലീസും പരിവാരവും എത്തിയത്. അളക്കലും ചൊരിയലും കഴിഞ്ഞ് അവര്‍ പിന്മാറുന്നതുവരെ ജനം വിളിപ്പാടകലെ മാറിനിന്നു.
പാമ്പുകള്ക്ക് എന്തിനാ ഇത്രനേരം? ആശാരിരാമന്റെ അമ്മ പതുക്കെ പിറുപിറുത്തു: 'ജീവന് പോയിട്ട് മൂന്നാല് മണിക്കൂറായില്ലേ? '
'കൈലാസത്ത്ന്ന് വരണ്ടേ നാരായണീ.' മാതുവേടത്തി പറഞ്ഞു:
'മാനത്തുകൂടി വരുമ്പോ എത്ര ദൂരംണ്ട്ന്നാ വിചാരം? '
പോലീസ് ശവം വണ്ടിയിലേക്കെടുത്തുവച്ചു. ജനം ഒന്നടങ്കം വീര്പ്പടക്കി മാനത്തേക്കുനോക്കി. കൈലാസത്തിലെ നാഗങ്ങള്ക്ക് അതു കണ്ടിരിക്കാന് കഴിയില്ലെന്ന് അവര്‍ക്കുറപ്പുണ്ടായിരുന്നു.
പെട്ടെന്ന് സ്വര്ണനൂല്‍കൊണ്ട് നെയ്ത വൈഡൂര്യങ്ങള്‍ പതിച്ച ഒരു പരവതാനികണക്കെ കൂട്ടമായ നാഗങ്ങള് ആകാശത്തില് പ്രത്യക്ഷപ്പെട്ടു. അവയുടെ വാലുകളുടെ അറ്റങ്ങള് അലുക്കുകള്‍പോലെ വെയിലില് വെട്ടിത്തിളങ്ങി. ആ പ്രഭാപൂരത്തില് കണ്ണഞ്ചിയ ജനത്തിന് അനാഥപ്രേതങ്ങളെ കൊണ്ടുപോകുന്ന ശവവണ്ടിയില്‍നിന്ന് നാഗങ്ങള്‍ നെയ്ത പരവതാനിയിലേക്ക് അമ്മിണിഅമ്മ കയറിയിരുന്നത് ഒരു മങ്ങിയ ചിത്രത്തിലെന്നപോലെയേ കാണാനായുള്ളു.മുക്കണ്ണനെ കൈകളിലുയര്ത്തി അവര് ആവേശത്തോടെ ആര്ത്തിവിളിച്ചു. പക്ഷേ, മുക്കണ്ണന്‍ മാത്രം കരച്ചില്‍ നിര്‍ത്തിയതേയില്ല.
'അമ്മമ്മ എവിടേക്കേ പോയത്?' ആകാശത്തിന്റെ അതിരിലേക്കു വായുവേഗത്തില്‍ പറന്ന പരവതാനിയെ കണ്ണുകൂര്‍പ്പിച്ചു കണ്ടുനിന്ന രാമന്നായരോട് മുക്കണ്ണന്‍ ചോദിച്ചു: 'അമ്മ എവിടേക്കേ പോയത്? '
'സ്വര്‍ഗത്തിലേക്കാവും' പാതി സ്വപ്നത്തിലെന്നപോലെ രാമന്‍ നായര്‍ പറഞ്ഞു: 'അല്ലെങ്കില്‍ കൈലാസത്തിലേക്ക്.'
'അവിടുന്നും പോണോ സ്വര്‍ഗത്തിലേക്ക്.
'അറിയില്ല.' അകലെ മാഞ്ഞുതുടങ്ങുന്ന സ്വര്ണനൂലുകളുടെ അറ്റങ്ങളില്‌നിന്ന് കണ്ണെടുക്കാതെ മുക്കണ്ണന്റെ പുറത്തേക്കൊലിച്ച മൂക്കുനീര് സ്വന്തം മുണ്ടിന്‍കോന്തലയില്‍ തുടച്ചെടുത്ത് രാമന്നായര്‍ അവനെ തന്നോടു ചേര്‍ത്തുപിടിച്ചു: 'പോയി നോക്ക്യാല്‍ത്തന്നേ ഇതൊക്കെ അറിയൂ. മോന്‍ വാ. മായ മൂടിയ കണ്ണുകൊണ്ട് നോക്കീട്ട് ഒരു വസ്തൂം പിടികിട്ടണില്ല.'


പ്രിയപ്പെട്ട ജിനൂ

''നിന്റെ ജീവിതത്തിന്റെ രാഗമേതാ''ണെന്ന് നീയൊരിക്കല്‍ എന്നോട് ചോദിച്ചിരുന്നു. വേണ്ടത് വേണ്ടിടത്ത് ഇന്നുവരെ തോന്നാത്ത ഞാന്‍ അന്നു നിന്റെ കുറ്റിരോമം നിറഞ്ഞതാടിക്കു താഴെ വെറുതെ നിന്നതേയുള്ളു. വളരെ വളരെ കുട്ടിക്കാലം മുതല്‍ ഞാന്‍ തിരഞ്ഞ ഉത്തരം, കണ്ടുപിടിക്കാത്ത ഉത്തരം. ഏത് മൂലയില്‍ അതുവരേയും ഒളിച്ചിരുന്നോ അവിടെത്തന്നെ അന്നും ഇരുന്നു. തിരക്കു പിടിച്ച റെയില്‍വേ സേറ്റഷന്റെ കല്‍പ്പടവുകളില്‍ നാം ഏകരായിരിക്കെ ഞാനോര്‍ത്തത് ഈ ഉത്തരം തന്നെയായിരുന്നു.
ജിനൂ. എന്നിലുള്ളതൊന്നും, എനിക്കു ലഭിച്ചതൊന്നും എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നിട്ടില്ല. ന്യായീകരണംപോലും അല്ല. പാര്‍ക്കുകളിലെ തണലും, രാത്രിയിലെ ഇരുട്ടും പകലത്തെ തണുപ്പും ഹോട്ടലുകളിലെ ഭക്ഷണവും ഒക്കെ ആയിരങ്ങളില്‍ ഒന്നുമാത്രമായി നമ്മെ താഴ്ത്തുമെന്ന് ഭയന്നു, ഞാന്‍ അപ്പോള്‍ നീ ഉച്ചരിച്ച ശാപവാക്കുകളെ, ഞാന്‍ വരാതിരിക്കുമ്പോള്‍ ദേഷ്യംകൊണ്ട് വിളര്‍ത്ത നിന്റെ മുഖത്തെ എല്ലാം വെറുത്തു. അവഗണനയുടെ അലസതയോടെ ഞാനതൊക്കെ മറന്നു. നയാഗ്രയുടെ മുകളിലൂടെ കയറില്‍ നടക്കുമ്പോഴത്തെ വികാരം എനിക്ക് സ്വന്തമാക്കണം.
ഏറ്റവും സാധാരണമായ വാക്കുകളില്‍ എന്നെനീ ക്ഷണിച്ച ഓരോ നിമിഷവും ഞാന്‍കരഞ്ഞു. നിന്റെ സമ്മാനങ്ങളൊക്കെ ഞാന്‍ പഴയ സാധനങ്ങള്‍ സൂക്ഷിക്കുന്ന അലമാരിയില്‍ കൊണ്ടിട്ടു. സമ്മാനങ്ങള്‍ തിരഞ്ഞെടുക്കാന്‍ നിനക്കറിയില്ല. നിനക്ക് നമ്മുടെ സ്‌നേഹത്തിന്റെ വിലയറഞ്ഞു കൂടാ. എന്റെ ജീവിതത്തിന്, ഒരു പക്ഷേ, രാഗമേ ഇല്ല. താളം തെറ്റലുകള്‍ സൃഷ്ടിക്കുന്ന വിചിത്രമായ താളത്തിലും നിന്നിലും പക്ഷേ ഞാന്‍ കാലൂന്നി നിന്നു. ഞാന്‍ സ്വീകരിച്ചഏറ്റവും നല്ല അപസ്വരം നീയായിരുന്നു. കേട്ടു മടുത്ത സ്വരങ്ങളുടെ ഇടയില്‍ നീയെന്ന അപസ്വരത്തിനു പുതമയുണ്ടായിരുന്നു. പുതുമ, കുഞ്ഞേ, ഞാനെപ്പോഴും ഇഷ്ടപ്പെട്ടു.
എന്റെ ശരീരത്തില്‍ നിന്നും വിളിപ്പാടകലെ ഞാന്‍ നിന്നെ തളച്ചിട്ടു. ഞാനെന്നും അങ്ങിനെയാണ്, വികാരത്തിന്റെ മൂര്‍ച്ചയില്‍ ഞാനൊരു തിളങ്ങുന്ന കത്തിയാകുമ്പോള്‍ പോലും ഉറയില്‍ വിറങ്ങലിച്ചു
കിടക്കാന്‍ എനിക്കറിയാം. നിന്റെ പിടച്ചിലുകള്‍ നോക്കി നോക്കി ഞാന്‍ ചിരിച്ചു. എന്റെ കടിഞ്ഞാണുകള്‍ എന്റെ കൈയിലുണ്ട്. ഇന്നു വിമാനത്തിന്റെ ഇരമ്പലിനു പിന്നില്‍ നിന്നെ യാത്രയാക്കാന്‍ ഞാന്‍ മാത്രം കാത്തു നില്‍ക്കെ, കുഞ്ഞേ, എന്റെ പുറംകൈയില്‍ ചുംബിച്ചു വിട്ട നിന്റെ മുഖം ഞാന്‍ മറക്കില്ല. ആ ചുളിവുകള്‍ എന്റെ മനസ്സ്, ദേഹം, കീറിമുറിച്ചു. ചൂടിയന്ന എന്റെ കൈകള്‍ പിടിച്ചു നീ അത്ഭൂതത്തോടെ എന്റെ കണ്ണുകളില്‍ നോക്കിയപ്പോള്‍ സത്യം. ജിനൂ, എനിക്കീ ജീവിതത്തില്‍ ആദ്യമായി കരയാന്‍ തോന്നി, നിനക്കറിയില്ലായിരിക്കും, ഞാനിന്നുവരെ കരഞ്ഞിട്ടില്ല, കരയിക്കാന്‍ കഴിഞ്ഞിട്ടില്ല. നിന്റെ കൈയിലെ ഗിത്താറിലെ ഒരു ചെറിയ ശബ്ദമായി കൂടെ വരാന്‍ തോന്നി. നിന്റെ മാറത്തെ ഒരു രോമമാകാന്‍, നിന്റെ ദേഹത്തിലെ ഒരു കലയാകാന്‍, കളങ്കമാകാന്‍. കുറ്റിത്താടി തലോടി വിളറിയ ചിരിയുമായി നീ യാത്രയാകെ അതിന്റെ പിന്നില്‍ വിറയ്ക്കുന്ന ദേഹവുമായി നിന്ന ഞാന്‍ ആ നടത്തം. ആ ചലനം ഒരിക്കലും തീരരുതെ എന്നു മാത്രം പ്രാര്‍ത്ഥിച്ചു. വിമാനം വായുവിലെ മരീചികയാവണമെന്നും. നീതന്ന നീലമോതിരത്തില്‍ നോക്കി. നീയൊരിക്കലും അനുഭവിക്കാത്ത എന്റെ ശരീരം നുറുങ്ങി പൊടിയാവണമെന്നും ഞാന്‍ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥിച്ചു നില്‍ക്കെ നിന്റെ വിമാനം പതുക്കെ നീങ്ങി. ഈശ്വരനില്ലെന്ന് നീയാണ്പറഞ്ഞത്. ഇന്ന്എനിക്കും അതുതോന്നി.
എന്റെ ജിനൂ, നിന്റെ വിമാനത്തിന്റെ ഇരമ്പം കേള്‍ക്കാതായിട്ട.് നിമിഷങ്ങളായി. ഈ ചരല്‍പ്പുറത്ത് ആലംബമറ്റിരിക്കുന്ന ഞാന്‍, നഷ്ടപ്പെട്ട, നീകൂടെയിരുന്ന നിമിഷങ്ങളെക്കുറിച്ചോര്‍ക്കകുകയാണ്. നിനക്കുമ്മ തരാതെ, നിന്നെതലോടാതെ മരിക്കുന്ന എന്റെ ചുണ്ടുകള്‍, കൈകള്‍ എന്തിനാണ് എനിക്കിനി. ഞാനെന്റെ മുറിവുകള്‍ നക്കിയുണക്കട്ടെ. സ്വയമുണ്ടാക്കിയ അവയുടെ വേദന ഞാനറിയുന്നത് ആദ്യമാണ്. നിന്റെകൂടെ ഇരുന്നപ്പോഴൊക്കെ ഞാനവയിലെ രക്തമേ കണ്ടുള്ളു. എന്റെ കടിഞ്ഞാണുകള്‍ എന്നെ വല്ലാതെ മുറിപ്പെടുത്തിയിരിക്കുന്നു.
എന്റെ പാവം കുഞ്ഞേ, നിന്റെ ആരോഗ്യം നിറഞ്ഞ ശരീരം ഒരിക്കലെങ്കിലും രോഗഗ്രസ്തമാവാന്‍ ഞാനെത്ര കൊതിച്ചു ! എന്നിട്ടു വേണം എനിക്കു നിന്റെ തലയില്‍ തലോടാന്‍; ആശ്വസിപ്പിക്കാന്‍, എന്റെ
ബലഹീനതകള്‍ക്ക് ഞാനെന്നും ന്യായീകരണങ്ങള്‍ തേടിയിട്ടുണ്ട്. ആ വലിയ ഹോട്ടലിലെ ഇരുണ്ടമുറിയില്‍ പരസ്പരം നാം നോക്കിയിരുന്ന പൂര്‍ണ്ണ രാത്രികളുടെ അത്ര മനോഹരമായ രാത്രികള്‍ ഇനി വരില്ല. ആര്‍ക്കും അങ്ങനെ രാത്രികള്‍ മനോഹരങ്ങളാക്കാന്‍ അറിഞ്ഞുകൂടാ. കൈവിരലില്‍ തലോടി ഇരുന്ന്, ചെസ്സ് കളിച്ച് നീണ്ട ചര്‍ച്ചകള്‍ നടത്തി നാം ക്ഷീണിച്ച മുഖങ്ങളുമായി രാവിലെ പിരിയുമ്പോള്‍ സൂര്യന് ആയിരം മടങ്ങ് പ്രകാശം കൂടുന്നു. ഒരു സ്റ്റൂളിന്റെ അകലം തന്നമധുരം. ജിജ്ഞാസയുടെ മധുരം. ആ രാത്രികളില്‍ ആകാശം നിറയെ നക്ഷത്രങ്ങളായിരുന്നു. ഞാനനുഭവിച്ച ഏറ്റവും വലിയ സുഖം അതായിരുന്നു. നിയന്ത്രണത്തിന്റെ കാഠിന്യം കണ്ണുകളില്‍ ചുവന്ന രേഖകള്‍ തീര്‍ത്തിട്ടും നാം ചിരിച്ചു.പക്ഷേ, ജിനൂ, ആവേദന ഞാനിന്നറിയുന്നു.
എന്തു ചെയ്യുകയാണ് നീ? എന്നെക്കുറിച്ചോര്‍ക്കുകയല്ലെന്ന് എനിക്കുറപ്പുണ്ട്. ഓര്‍മ്മിക്കാന്‍ തക്കവിധം എന്തുണ്ടെനിക്ക് ? നിന്റെ മുതുകിലെ ചെറിയ ഉണല്‍ കരിഞ്ഞോ എന്നുചോദിക്കാന്‍ ഞാന്‍ മറന്നു.
എന്റെ വലിയ നഖങ്ങള്‍, വെട്ടിക്കളയാത്തതിന് കാണുമ്പോഴൊക്കെ അറപ്പും കോപവും നീ പ്രകടിപ്പിക്കാറുള്ളത് ഞാനോര്‍മിക്കുന്നു എന്റെ നഖങ്ങള്‍ വിമാനത്താവളത്തിലെ ലൌഞ്ചില്‍ വെച്ചുതന്നെ ഇന്ന് ഞാന്‍ വെട്ടിക്കളഞ്ഞു. ഇന്നു നിന്റെ ദിവസമാണ്. എന്നെ നീ എന്നെന്നേയ്ക്കമായി കീഴടക്കിയ ദിനം. നീ നാദവും ഞാന്‍ ലയവും ആണെന്ന് മനസ്സിലാക്കിയ ദിവസം. ഞാനാരാധിച്ചിരുന്ന എന്റെ അഹന്തയെ കശക്കിയെറിഞ്ഞ ഇന്നീ ശൂന്യമായ വഴിയില്‍ നിന്റെ പാദ വടിവുകള്‍ തിരഞ്ഞു നില്‍ക്കെ, നീ തിരിച്ചു വരില്ലെന്ന ബോധത്തില്‍ ഞാന്‍ കരിയവെ എന്റെ, എന്റെ മാത്രം ജിനൂ, ഞാനെന്റെ ഉത്തരം കണ്ടെത്തി.
ഇന്ന്, ജിനൂ, അങ്ങ് ദയാപൂര്‍വ്വം വലിച്ചെറിഞ്ഞ ഉണങ്ങിയ ചുള്ളിക്കമ്പുകള്‍ ചേര്‍ത്തു വെച്ചു ഞാനൊരമ്പലംപണിയട്ടെ. അവിടെ ഞാനങ്ങയെ കിടത്തി ഉറക്കട്ടെ. മരണം വരെ കാവലിരിക്കട്ടെ.

ബലാല്‍സംഗത്തിന്റെ മാനങ്ങള്‍

മുനയൊടിഞ്ഞ വാക്കുകള്‍. ഉപയോഗിച്ചുപയോഗിച്ചു മടുത്ത വാക്കുകള്‍. സ്ത്രീക്ക് സംഭവിക്കുന്ന ബലാല്‍സംഗത്തേക്കുറിച്ച് പറയുമ്പോള്‍ എല്ലാവര്‍ക്കും ഈ പഴകിത്തേഞ്ഞ വാക്കുകള്‍ തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കേണ്ടിവരുന്നത്, സത്യത്തില്‍ അവയേക്കാള്‍ മൂര്‍ച്ചകൂടിയ വാക്കുകള്‍ കണ്ടുപിടിക്കാനാവാത്തതിനാലാണ്. ഭാഷയില്‍ നിന്നുലഭിക്കുന്ന ഏറ്റവും മൂര്‍ച്ചയുളള വാക്കുകള്‍ ഉപയോഗിച്ചാണ് ഡല്‍ഹി ബലാല്‍സംഗത്തെ മനുഷ്യത്വത്തിന്റെ തരികളെങ്കിലും മനസ്സില്‍ കൊണ്ടുനടക്കുന്ന എല്ലാവരും ഭര്‍ത്സിച്ചതും അപലപിച്ചതും. ഒരു കത്തി പോലെ ആ സംഭവത്തിലെ ക്രൂരതയും അതിലേക്കു നയിച്ച മനോഭാവങ്ങളും മനസ്സിലേക്കിറങ്ങുമ്പോള്‍ തന്നെ, എല്ലാവരും അങ്കലാപ്പോടെ മനസ്സില്‍ കൊണ്ടുനടന്ന ഒരു ചോദ്യമുണ്ട്. എന്താണൊരു പോംവഴി? എങ്ങനെയാണിത് തടയുക? കൂടുതല്‍ കര്‍ശനമായ നിയമങ്ങളും കഠിനമായശിക്ഷകളും പരിഹാരങ്ങളായി നിര്‍ദ്ദേശിക്കപ്പെടുമ്പോഴും ബലാല്‍സംഗത്തിന്റെ സംഭവ്യതയിലേക്ക് നയിക്കുന്ന സമൂഹമനസ്സിന്റെ അടിവേരുകളിലേക്ക് അവ എത്തിപ്പെടുകയില്ലല്ലൊ എന്ന് അഭിജ്ഞര്‍ വേവലാതിപ്പെട്ടു. ബലാല്‍സംഗത്തെ, ശാരീരികാക്രമണമൊ അധിക്ഷേപമോ മാത്രമായി കാണാന്‍ അനുവദിക്കാത്ത (വാസ്തവത്തില്‍ അതിനെ അങ്ങനെയേ കാണേണ്ടതുളളൂ.) ഒരു സാമൂഹ്യാന്തരീക്ഷം ഇവിടെ നിലനില്‍ക്കുന്നുഎന്നത് കാരണം   നിയമങ്ങള്‍ക്കും ശിക്ഷകള്‍ക്കുമപ്പുറം നിന്ന്  വേണം അതിനെ കാണാൻ എ ന്നത് നി നിര്‍ബന്ധിതമായി.
  ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീക്ക് 'എല്ലാം' നഷ്ടപ്പെട്ടു എന്നാണ് സമൂഹം പറയാറ്. ആ 'എല്ലാം' എന്താണ് എന്നന്വേഷിക്കുമ്പോഴാണ് ബലാല്‍സംഗത്തിന്റെ സാമൂഹ്യവും വൈകാരികവുമായ മാനങ്ങള്‍ തെളിഞ്ഞുവരുന്നത്. അവ തൊട്ടുനില്‍ക്കുന്നതാകട്ടെ, പുരുഷകേന്ദ്രീകൃത സമൂഹം രൂപപ്പെടുത്തിയിട്ടുളള സാമ്പത്തിക സംവിധാനങ്ങളിലുമാണ്. ബലാല്‍സംഗത്തെക്കുറിച്ചുളള ചര്‍ച്ചകളിലും പരിഹാര നിര്‍ദ്ദേശങ്ങളിലും നേരിടേണ്ടി വരുന്ന ഏററവും കഠിനമായ വെല്ലുവിളിയും അതുകൊണ്ടു തന്നെ  ,  സമൂഹമനസ്സില്‍ കാലാ  കാലങ്ങളായി രൂഢമൂലമായി കഴിഞ്ഞ ഈ വിശ്വാസങ്ങള്‍ സൃഷ്ടിച്ച മൂല്യബോധങ്ങളാവുകയാണ് പതിവ്..

'നല്ല' സ്ത്രീയേയും 'പൗരുഷമുളള' പുരുഷനേയും സമൂഹം നിര്‍വചിക്കുന്നതില്‍ ഈ മൂല്യ ബോധങ്ങള്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുന്നത് അതിനാല്‍ അത്യധികം സ്വാഭാവീകമാണെന്നു കാണാം. 'ചാരിത്ര്യം' നഷ്ടപ്പെടാത്തവളാണ് അംഗീകൃതയായ നല്ല സ്ത്രീ. സമൂഹത്തിന്റെ നിയമങ്ങളെ വെല്ലുവിളിച്ച് കൊല്ലാ കൊലയൊ ചതിയോ മോഷണമൊ ചെയ്യുന്ന ഒരു സ്ത്രീയെക്കാള്‍ മോശക്കാരിയാണ് സമൂഹത്തിനു മുന്നില്‍ ആര്‍ക്കും പ്രത്യേകിച്ച് ചേതമൊന്നുമില്ലാത്തതാണെങ്കിലും ചാരിത്ര്യം നഷ്ടപ്പെട്ട സ്ത്രീ.!!!!
 കാരണം 'ചാരിത്ര്യ'മെന്ന സാമൂഹ്യനിര്‍മ്മിതി (Social construct)യുടെ അടിസ്ഥാന ഉദ്ദേശ്യം പിതൃദായിത്വ ക്രമത്തിലധിഷ്ഠിതമായ സാമ്പത്തിക സംവിധാനത്തെ നിലനിര്‍ത്തി പരിപാലിക്കലാണ്. അതിനോടുളള മനോഭാവത്തില്‍ വരുന്ന ചില്ലറ അയവുകള്‍ പോലും ആത്യന്തികമായി ചോദ്യം ചെയ്യുക പുരുഷ കേന്ദ്രീകൃത സമൂഹത്തിലെ സാമ്പത്തിക ക്രമപ്പെടുത്തലുകളെയാവും. ഒരു സമൂഹത്തിന്റെ മൂല്യബോധങ്ങളുടെ ആണിക്കല്ലില്‍ തൊടുന്ന കളിയാണിത്. നേരിടാന്‍ ഒരു പാട് മനക്കരുത്ത് വേണം. ന്യായ ബോധം വേണം.

ഇതിന്റെ ബാക്കിപത്രമാണ്, ചാരിത്ര്യഹീനയെന്നാക്ഷേപിച്ചും ചാരിത്ര്യം നഷ്ടപ്പെടുത്തിയും പെണ്ണിനെ നിലക്കുനിര്‍ത്താമെന്നും കീഴടക്കാമെന്നുമുളള ധാരണകള്‍. കീഴടക്കാന്‍ ശാരീരികശക്തിയും സമൂഹത്തിന്റെ പരോക്ഷമായ അനുവാദവുമുളളവനാണ് ഇന്ന് പുരുഷന്‍. കീഴടക്കലും വെട്ടിപ്പിടിക്കലും തന്നിഷ്ടം നടത്തലും പൗരുഷമാണ് സമൂഹത്തിന്റെ കണ്ണില്‍.  കരയാത്ത ആണാണ് ഇവിടെ ആണ്! എപ്പോഴും അധീശന്‍ താനാണെന്ന് ഉറപ്പിക്കാനുളള നിരന്തരമായ ശ്രമത്തിലാണ് പുരുഷന്‍. താഴ്ന്നുകൊടുക്കലും തോല്‍വിയും അവനു പ റഞ്ഞിട്ടുള്ളതല്ല.

പൗരുഷമെന്നു ഇന്നു നാം വിവക്ഷിക്കുന്ന ശക്തിപ്രകടനമൊ ആക്രമണത്വരയൊ കീഴടക്കലൊ കരയായ്കയൊ ഒന്നും തന്നെ  പുരുഷന് സഹജമായതല്ല എന്നാണ്പക്ഷെ  മനശ്ശാസ്ത്രമതം. സാമ്പത്തിക സംവിധാനങ്ങളും മനുഷ്യന്റെ ചരിത്രവഴികളില്‍ നടന്ന സാംസ്‌ക്കാരിക ഇടപെടലുകളും ആണ് ഇന്ന് നാം പൗരുഷമെന്ന് വിവക്ഷിക്കുന്ന ധാരണയെ ഊട്ടിഉറപ്പിച്ചതത്രെ . സഹജമെന്ന് നാം ഇന്ന്  തെറ്റിദ്ധരിക്കുന്ന, (മനശ്ശാസ്ത്രമതപ്രകാരം) സ്ത്രീക്കും പുരുഷനും സമൂഹം വിധിച്ചിട്ടുളള സ്വഭാവഗുണങ്ങള്‍/ദോഷങ്ങള്‍ പലതും മനുഷ്യന്‍ 'വളര്‍ച്ച'യുടെ വഴികളില്‍ വച്ച് സ്വാംശീകരിച്ചിട്ടുളളതാണ് എന്നു കാണാം. സാമൂഹിക -സാമ്പത്തിക പരിതസ്ഥിതികള്‍ മാറുന്നതിനനുസരിച്ച് അതേ വേഗത്തില്‍ മൂല്യബോധങ്ങള്‍ മാറാറില്ല. എന്ന് ചരിത്രം  സാക്ഷ്യപ്പെടുത്തുന്നു.   ഈ വൈപരീത്യം എല്ലാക്കാലത്തും സമൂഹത്തില്‍ പ്രശ്‌നങ്ങളും പ്രതിഷേധങ്ങളും ഉയര്‍ത്തിയിട്ടുണ്ട്.


അച്ഛന്റെ അധ്വാനഫലം മക്കള്‍ മാത്രം അനുഭവിക്കണമെങ്കില്‍ അമ്മ മറ്റൊരു പുരുഷനില്‍നിന്ന് ഗര്‍ഭം ധരിച്ചുകൂടാ എന്ന കണക്കുകൂട്ടലാണ് ചാരിത്ര്യമെന്ന സാമൂഹ്യനിര്‍മ്മിതിയിലേക്ക് നയിച്ചത്. പിറ്റേ കാലത്തേക്ക് വേണ്ടി  എന്ന് മനുഷ്യൻ അന്നം സ്വരൂപിക്കാൻ തുടങ്ങിയോ, എന്ന് കുടുംബം എന്ന സാമുഹ്യവ്യവസ്ഥ രൂപം പ്രാപിക്കാൻ തുടങ്ങിയോ അന്ന്    മുതൽ  അതിന്റെ  ചട്ടക്കൂട്  നിലനിർത്താൻ   പെണ്ണിന്റെ ചാരിത്ര്യം   അത്യാവശ്യമായി വന്നു.     പൗരുഷം എന്നു നാം വിളിക്കുന്ന പല സ്വഭാവപ്രത്യേകതകളും ഉരുത്തിരിയേണ്ടി വന്നത്, കുടുംബത്തിനുളള ഭക്ഷണവും സുരക്ഷയും നല്‍കാന്‍ ആജ്ഞാപിക്കപ്പെട്ട പുരുഷന്റെ ധര്‍മ്മസങ്കടത്തില്‍ നിന്നാണ്
. ഈ കാര്യങ്ങള്‍ ഇന്ന് ഈ അര്‍ത്ഥത്തില്‍ അല്ല തിരിച്ചറിയപ്പെടുന്നത് എന്നതിനുളള കാരണം ഇവയ്ക്ക് നല്‍കിയിരിക്കുന്ന വൈകാരിക മാനങ്ങളാണ്. ഓരോ വ്യക്തിയുടെയും എല്ലുതൊടുന്ന, ശീലമായിപ്പോയ ഈ വൈകാരികതയെ മറികടക്കുക ആര്‍ക്കും, ആണിനും പെണ്ണിനും, അത്ര എളുപ്പമല്ല. നമ്മുടെ പോലീസും നീതിന്യായവ്യവസ്ഥയും വിദ്യാലയങ്ങളും രാഷ്ട്രീയക്കാരും മതനേതാക്കന്മാരും ഒക്കെ ഇതേ സമുഹത്തിന്റെ   ഭാഗമാകയാൽ  അവരെല്ലാം തന്നെ  ഈ മൂല്യബോധങ്ങളിലും അതിന്റെ വൈകാരിക മാനങ്ങളിലും വേരൂന്നിയ സോഷ്യല്‍ മെമ്മറി സ്വന്തം ഡിഎന്‍എ-യിലേക്കും ജീനുകളിലേക്കും പകര്‍ന്നുകിട്ടിയവരാണ്. അതുകൊണ്ടാണ് ഇവരൊക്കെയും, സമൂഹം പണ്ടെന്നോ കല്‍പ്പിച്ചു നല്‍കിയ നിര്‍ചനങ്ങളില്‍നിന്ന്, റോളുകളില്‍ നിന്ന് വ്യതിചലിച്ചു നടക്കുന്നവരെ അപലപിക്കുകയും സംശയദൃഷ്ട്യാ നോക്കുകയും ചെയ്യുന്നത്.

ഈ പശ്ചാത്തലത്തില്‍, സ്ത്രീയുടെ വസ്ത്രധാരണവും, പെരുമാറ്റവും, ഹാവഭാവാദികളും, നടപ്പും ഇരിപ്പും ഒക്കെ  സ്വാഭാവികമായും  വിമര്‍ശനവിധേയമാകുന്നത് മനസ്സിലാക്കാവുന്നതേയുളളു. ന്യായമൊ സത്യബോധമോ അല്ല ഈ വിമര്‍ശനങ്ങള്‍ക്കു പിന്നിലെന്നര്‍ത്ഥം. സമൂഹത്തിന്റെ നിയന്ത്രണങ്ങള്‍ക്ക് പുറത്തേക്ക് കടക്കുന്ന പെണ്ണിനെ,-അതിനുളള കാരണം ഞാന്‍ മുന്‍പേ പറഞ്ഞു-യാണ് എല്ലാവര്‍ക്കും പേടി. സ്ത്രീ നിയന്തിക്കപ്പെടേണ്ടവളും പുരുഷന്‍ സ്വാഭാവികമായും നിയന്ത്രിക്കുന്നവനുമാകേണ്ട സമൂഹവിധിയും മനോഭാവവുമാണ് ബലാല്‍സംഗങ്ങളിലെ അടിസ്ഥാന ഭാവം. അതായത് ബലാല്‍സംഗം ശാരീരികാനുഭൂതിയിലല്ല മറിച്ച് കീഴടക്കുന്നവന്റെ മാനസിക  വിജയാഹ്ലാദത്തിലാണ് ഉന്നം വയ്ക്കുന്നത്. ബലാല്‍സംഗം തടയാനുളള മാര്‍ഗ്ഗങ്ങളാലോചിക്കുമ്പോള്‍, സമൂഹത്തില്‍ സ്ത്രീ-പുരുഷബന്ധങ്ങളേക്കുറിച്ചു നിലനില്‍ക്കുന്ന മനോഭാവത്തെക്കുറിച്ച് സംസാരിക്കേണ്ടിയും മനസ്സിലാക്കേണ്ടിയും വരുന്നത് അതുകൊണ്ടാണ്.
 അടിപ്പെടുത്തലിന്റെയും അധിനിവേശത്തിന്റെയും ഭാഷയാണ് ബലാല്‍സംഗമെന്നിരിക്കെ, പുരുഷാഭീഷ്ഠത്തിനു വഴങ്ങേണ്ട, എതിര്‍ക്കാന്‍ അവകാശമില്ലാത്ത, സമൂഹത്തിന്റെ നിയന്ത്രണങ്ങള്‍ തികച്ചും പാലിക്കേണ്ട വ്യക്തിയായി സ്ത്രിയെ അടയാളപ്പെടുത്തുന്നതിലെ യുക്തിയും സ്വാഭാവികമായിത്തീരുന്നു. അല്ലെങ്കില്‍ മൂന്നും നാലും വയസ്സുള്ള കുട്ടികളെയും അറുപതും എഴുപതും വയസ്സായവരേയും ബുര്‍ഖയൊ, മുഖംപോലും മൂടുംവിധം സാരിയൊ പുതച്ചു നടക്കുന്നവരേയും ആക്രമിക്കുന്നവരോട് ഏതുതരത്തിലുള്ള വസ്ത്രധാരണമാണ് അവരെ പ്രകോപിച്ചതെന്ന് മീഡിയപോലും ചോദിക്കാറില്ലല്ലൊ. വീടിന്റെ സ്വകാര്യതയില്‍ സ്വന്തം ബന്ധുക്കളും രക്ഷിതാക്കളും നടത്തുന്ന ബലാല്‍സംഗങ്ങളില്‍ എന്തു പ്രകോപനമാണ് അവര്‍ നേരിട്ടതെന്നും ആരും ചോദിക്കാറില്ല.  ഇരുട്ടത്ത് നടക്കുന്നത്, ഒറ്റക്ക് നടക്കുന്നത്, കാലുയര്‍ത്തിയിരിക്കുന്നത്. ഉറക്കെചിരിക്കുന്നത് തുടങ്ങി ഏതൊരു വ്യക്തിക്കും ചെയ്യാന്‍ അവകാശമുള്ള സാധാരണ കാര്യങ്ങള്‍പോലും സ്ത്രീയുടെ കാര്യത്തില്‍ പ്രകോപനവും പ്രലോഭനവും ആയിത്തീരുന്നു.  ജന്മത്തിലധിഷ്ഠിതമായ വിവേചനങ്ങള്‍ അരുതെന്ന് ശാഠ്യംപിടിക്കുകയും സമരം നയിക്കുകയും ചെയ്യുന്ന, പുരോഗമനവാദികളെന്ന് ലോകം  കണക്കാക്കുന്നവർ  പോലും  സ്ത്രീയുടെ  സ്വാതന്ത്ര്യത്തിന്റെ കാര്യം വരുമ്പോള്‍ പുറം തിരിഞ്ഞുനില്‍ക്കുന്നത് സാധാരണ  കാഴ്ചയാണ്  . വീട്ടിലായാലും നാട്ടിലായാലും  തനിക്കു   സ്ഥാനം നഷ്ടപ്പെട്ടാലോ എന്ന് തന്നെയാണു പേടി. പുരോഗമനം വീട്ടു വാതിൽക്കൽ വരെ മതി.        .

നിതാന്തമായ ഒരു ഭീതിയുടെ നിഴലില്‍ സ്ത്രീക്കു ജീവിക്കേണ്ടിവരുന്നു എന്നതാണ് ഇതിന്റെ സ്ഥായിയായ ഫലം.  അവളുടെ ശരിയുടെയും തെറ്റുകളുടെയും അതിര്‍വരമ്പുകള്‍ ദിവസവും എന്നപോലെ കൂടിക്കലര്‍ന്നുകൊണ്ടിരിക്കുന്നു. ആ ശ രി കളും തെറ്റുകളും നിർണ്ണയിക്കുന്നതാവട്ടെ അവളേയല്ല താനും 
എന്നും. എന്ന് തന്നെ പറയട്ടെ,  പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും പ്രശ്‌നങ്ങള്‍ മിക്കവാറും  ഒരു ചിരിയോടെ തള്ളിക്കളയുകയാണ് സമൂഹം പതിവ്. പോലീസിനോടൊ നീതിന്യാവ്യവസ്ഥയോടൊ നേതാക്കളോടൊ പരാതിപ്പെട്ടിട്ടുകാര്യമില്ല. കുറേക്കൂടി വൃത്തികെട്ടനോട്ടങ്ങള്‍, കുറേക്കൂടി അവഹേളനങ്ങള്‍, കുറേക്കൂടി വിമര്‍ശനങ്ങള്‍ അതാണു ഫലം. പല ഉന്നത   സ്ഥാപനങ്ങളിലെയും അധികൃതര്‍പോലും സ്ത്രീയുടെ വേഷധാരണം എങ്ങനെ കൂടുതല്‍ കൂടുതല്‍  “സഭ്യ” മാക്കാമെന്ന് ചിന്തിച്ച് വേവലാതിപ്പെടുന്നവരാണ്. ഇഷ്ടപ്രകാരം വസ്ത്രം ധരിക്കാനുള്ള വ്യക്തിയുടെ അവകാശം ഇവരുടെ ചിന്തയില്‍ വരാറേയില്ല.  പോക്കറ്റില്‍ പണം ഇട്ടുനടന്നതുകൊണ്ടല്ലേ പോക്കറ്റടിക്കുന്നതെന്ന് ആരും എന്തേ ചോദിക്കാത്തത്?. ആക്രമിക്കപ്പെടുമെന്ന നിതാന്ത ഭീതിയുമായി വീട്ടിലും പുറത്തും കഴിയേണ്ടിവരുന്നവരുടെ മാനസിക സമ്മര്‍ദ്ദം, അത് സ്വഭാവത്തിലും പെരുമാറ്റത്തിലും ഉണ്ടാക്കുന്ന നിഷേധാത്മക സ്വാധീനം എന്നിവയൊന്നും പെണ്ണിന്റെ കഴിവിനേയോ കഴിവുകേടിനേയോ വിലയിരുത്തുമ്പോള്‍ പരിഗണിക്കാറില്ല.. ബലാല്‍സംഗമായാലും ഗാര്‍ഹിക പീഡനമായാലും, പരിശോധിക്കുന്ന ഡോക്ടര്‍ തൊട്ട് പരാതി രജിസ്റ്റര്‍ ചെയ്യുന്ന വനിതാ പോലീസും കോടതിയിലെ ക്ലാര്‍ക്കും വക്കീലും ജഡ്ജിയും വരെ സമൂഹത്തിന്റെ ഈ ധാരണകള്‍ പങ്കുവെക്കുന്നവരാണ്.  ഇവരോടാണ് ഒരു സ്ത്രീക്ക് എന്നും ഏറ്റമുട്ടേണ്ടിയും സുരക്ഷയ്ക്ക് യാചിക്കേണ്ടിയും വരുന്നത്.  ഫലം എന്താകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.  “അടങ്ങി ഒതുങ്ങി നടന്നാല്‍ ആരും കേറിപ്പിടിക്കില്ല” എന്ന വാചകം എല്ലാവരും ഏറെ കേള്‍ക്കുന്നതല്ലേ?


എന്നാല്‍ മേല്‍പ്പറഞ്ഞ പിതൃദായിത്വ ക്രമത്തില്‍ നിന്നുരുത്തിരിയുന്ന സാമൂഹ്യ-സാമ്പത്തിക കാരണങ്ങള്‍ക്കപ്പുറത്തേക്കു നീളുന്ന ജൈവപരമായ ഘടകങ്ങള്‍കൂടി ബലാല്‍സംഗങ്ങള്‍ക്കു പിന്നിലുണ്ടാവാമെന്ന് നരവംശശാസ്ത്രം സൂചിപ്പിക്കുന്നുണ്ട്. മറ്റുമിക്ക ജീവജാലങ്ങളിലുമെന്നപോലെ, മനുഷ്യജാതിയിലും സ്ത്രീയേക്കാള്‍ രതിയോടുള്ള ആസ്‌ക്തി പുരുഷനിലാണ്. പ്രത്യല്പാദനം നടത്തുന്നത് രതിയിലൂടെയാണെന്നതിനാല്‍ ഈ ആസക്തി ഉണ്ടായേതീരൂ.  ജൈവപരമായി ലഭിച്ച ഈ ആസക്തി രതിയില്‍ പരിണമിക്കണമെങ്കില്‍ സ്ത്രീയെ പ്രീണിപ്പിച്ച് അവളുടെ സമ്മതം നേടിയെടുക്കുക ആവശ്യമാണ്. ഇതിന്റെ ബഹിര്‍സ്ഫുരണങ്ങളാണ്  സ്ത്രീയുടെ ശ്രദ്ധയാകര്‍ഷിക്കാനും അവളെ സന്തോഷിപ്പിക്കാനുമുള്ള ശ്രമങ്ങള്‍. (യൗവ്വനത്തിലും കൗമാരത്തിലും ഇവ കൂടുതല്‍ പ്രകടമാണ്.) ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ഉല്പാദിപ്പക്കാനും സംരക്ഷിക്കാനും പ്രാപ്തിയുള്ളവനെ തിരഞ്ഞെടുക്കാനുള്ള വാഞ്ഛ പ്രകൃതി സ്ത്രീയിലും നിക്ഷേപിക്കുന്നു എന്നാണ് നരവംശശാസ്ത്ര മതം.  അതായത് തിരഞ്ഞെടുപ്പ് സ്ത്രീയുടേതാണ്.  രതിക്കുള്ള ഇണയായി സ്ത്രീക്ക് സ്വീകാര്യനാവുക എന്നത് പുരുഷന്റെ ജൈവപരമായ ആവശ്യമാണ്.
    എന്നാല്‍ സാമൂഹ്യവും സാംസ്‌ക്കാരികവുമായ വിലക്കുകള്‍ പുരുഷന്റെ ഈ അഭിവാഞ്ഛയെ പലപ്പോഴും  നിത്യ ജീവിതത്തിൽ  തടസ്സപ്പെടുത്തുന്നുണ്ട്.  നരവംശശാസ്ത്രത്തില്‍ പ്രാഥമികമായി പഠിക്കുന്നതുതന്നെ  “Nature Versus Culture” എന്ന തത്വമാണ്.  മനുഷ്യന്റെ തലച്ചോറിന്റെ വളര്‍ച്ചയിലും പ്രത്യേകതയിലും ഊന്നിയാണ് നമ്മുടെ സാമൂഹ്യ പെരുമാറ്റങ്ങളും സാംസ്‌കാരിക ഇടപെടലുകളും രൂപപ്പെട്ടുവന്നിരിക്കുന്നത്. തോന്നുന്നതൊക്കെ തോന്നിയപോലെ ചെയ്യാതിരിക്കാനുള്ള നിയന്ത്രണങ്ങള്‍ നാം ഒരു സമൂഹം എന്ന നിലയ്ക്ക്  സ്വയം പരിശീലിക്കുന്നത് അതുകൊണ്ടു കൂടിയാണ്.  എന്നാല്‍ ഇണകളെ കണ്ടെത്താനാകുന്നില്ലെങ്കില്‍ അതുണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ പലതരത്തില്‍- ബലപ്രയോഗങ്ങളടക്കം - പ്രത്യക്ഷീഭവിക്കുന്നതു കാണാം . ഇണയെകണ്ടെത്താന്‍ സാധിക്കാത്തിന്റെ വിഷമം സ്വന്തം സ്വീകാര്യതയുമായി ബന്ധപ്പെടുത്തുമ്പോള്‍ അത് ചുറ്റുമുള്ളവര്‍ക്കിടയില്‍ മോശക്കാരനാകുമോ എന്ന തോന്നലിലേക്കും തുടര്‍ന്ന് അപകര്‍ഷതാബോധത്തിലേക്കും വരെ നയിക്കുന്നു. എന്തുചെയ്തും അത് മറിക്കടക്കുക എന്നത്  അവന്റെ അവബോധത്തിന്റെ ഭാഗമാകുന്നതങ്ങനെയാണ് .സമ്മതം നേടിയെടുക്കാനായില്ലെങ്കില്‍, സമ്മതിപ്പിക്കുക എന്നാകുന്നു പ്രമാണം. സ്വന്തം കഴിവുകളും സ്ഥാനമാനങ്ങളും അന്യആകര്‍ഷണങ്ങളും പ്രദര്‍ശിപ്പിച്ചായാലും ഇത് പക്ഷേ കൂടിയേകഴിയൂ.  ബലപ്രയോഗം ഇവിടെയാണ് അവസാനവയ്‌ക്കോല്‍ തുരുമ്പാകുന്നത്. കഴിവ്, സ്ഥാനമാനങ്ങള്‍, സമ്പാദ്യം, ജോലി എന്നിങ്ങനെ പലതലങ്ങളിലും പുരുഷന്‍മാര്‍ തമ്മിലുണ്ടാകുന്ന മത്സരങ്ങളും അസൂയയുമൊക്കെ ഇതിന്റെ അടിയൊഴുക്കുകളാണ്
.  തിരഞ്ഞെടുക്കപ്പെടാതെ പോകാനുള്ള സാധ്യതയുണ്ടെന്ന് ഭയക്കുന്നവരില്‍ ബലം പ്രയോഗിച്ചുള്ള രതി പ്രത്യുല്പാദനമെന്ന ജൈവചോദനക്ക് വഴിതുറന്നുകൊടുക്കുന്നു എന്ന അഭിപ്രായം നിലവിലുണ്ട്.  കായികശക്തിമാത്രം കണക്കിലാക്കപ്പെടുന്ന കാലമല്ല ഇന്നത്തേത് എന്നതുകൊണ്ട് ഇന്നത്തെ പുരുഷന്‍മാര്‍ക്ക് സ്ത്രീയെ പ്രീതിപ്പെടുത്താന്‍ താത്വികമായെങ്കിലും മറ്റുകഴിവുകള്‍കൂടി ആര്‍ജ്ജിക്കേണ്ടതുണ്ട്.  തന്റെ സ്വീകാര്യത ഉറപ്പുവരുത്തുന്ന ഒരു സാമൂഹ്യാന്തരീക്ഷം ആര്‍ക്കായാലും മാനസിക സമ്മര്‍ദ്ദം വളരെ കുറയ്ക്കും.  ആ അര്ത്തത്ത്തിൽ  പുരുഷന്റെ കഴിവും സ്വാധീനവും പണവും അധികാരവും ഒക്കെ ലൈംഗിക അവസരങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പ്രധാന ഘടകങ്ങളാണ് ഇന്ന്. 
ഈ ഘടകങ്ങളും പുരുഷന്റെ മാനസിക ഭാവങ്ങളും സ്ത്രീപുരുഷബന്ധത്തില്‍ അവന്‍ പാലിക്കുന്ന നിലപാടുകളും പെരുമാറ്റച്ചട്ടങ്ങളും ഒന്നിനൊന്ന് എന്ന അനുപാതത്തിലല്ല പ്രവര്‍ത്തിക്കുന്നത് എന്ന് പ്രത്യേകം ഓര്‍മ്മിക്കണം. ഇവയൊക്കെ അവബോധത്തെ സ്വാധീനിക്കുന്നത് വ്യക്തിത്വത്തിന്റെ പ്രത്യേകതകള്‍ക്കനുസരിച്ചായതിനാല്‍ പ്രതികരണങ്ങള്‍ വ്യത്യസ്തമാകും.  അതിക്രമത്തിലേക്കും മാനസിക വൈകൃതങ്ങളിലേക്കും നയിക്കുന്ന പ്രതികരണങ്ങള്‍ വരെ സാധ്യമാണെന്ന് നരവംശശാസ്ത്രജ്ഞര്‍ സിദ്ധാന്തിക്കുന്നുണ്ട്.[ദല്‍ഹി ബലാല്സംഗം ഉദാഹരണം]. സ്വന്തം സ്വീകാര്യത ഉറപ്പിക്കണമെന്ന് വിശ്വസിച്ച് ചെയ്യുന്ന കാര്യങ്ങള്‍ പ്രത്യക്ഷത്തില്‍ വരുന്നത്, പലപ്പോഴും സാധാരണനിലയ്ക്ക് ചിന്തിക്കാന്‍പോലും കഴിയാത്തരൂപങ്ങളിലാവുന്നത് ഇതുകൊണ്ടാണത്രെ.  രതിയിലൂടെ നേടുന്ന ശാരീരിക -മാനസിക സുഖം കടന്നുള്ള, സ്ത്രീയുടെ സമ്മതത്തോടോ  അല്ലാതേയോ ഉള്ള, സ്വന്തം സ്വീകാര്യത ഉറപ്പിക്കാനുള്ള അബോധപൂര്‍വ്വമായ ശ്രമം ബലാല്‍സംഗത്തിന്റെ അടിയൊഴുക്കാവുന്നത് ഇങ്ങനെയാണ് എന്ന് അഭിജ്ഞര്‍ അഭിപ്രായപ്പെടുന്നു.  ലൈംഗിക സൗകര്യങ്ങള്‍ നേടിയെടുക്കാന്‍ പണംകൊണ്ടോ സ്വാധീനം കൊണ്ടോ കഴിവുകുറഞ്ഞവര്‍ക്കിടയില്‍ താരതമ്യേന ബലാല്‍സംഗങ്ങള്‍ കൂടുതലാവുന്നത് ഇതുകൊണ്ടാണെന്നും പറയപ്പെടുന്നുണ്ട്.


ജൈവചോദനയില്‍ നിന്നുയരുന്ന രതിക്കുവേണ്ടിയുള്ള തിരച്ചിലിനും സ്വീകരിക്കപ്പെടാനുള്ള അദമ്യമായ ആഗ്രഹത്തിനും പിന്നില്‍  സംഭവിച്ചുപോകുന്ന സ്വാഭാവികതകളാണ് കിടമത്സരങ്ങളും അവയില്‍ ജയിച്ചുനില്‍ക്കാനുള്ള തന്ത്രങ്ങളും. സാമൂഹികമായി തന്റെ സ്വീകാര്യത ഉറപ്പുവരുത്തുന്ന സാഹചര്യങ്ങളില്‍ (ഭാര്യ, കുടുംബം) മറ്റൊരാളില്‍ നിന്നുണ്ടായേക്കാവുന്ന കയ്യേറ്റ ങ്ങളെ കുറിച്ചുള്ള  നിരന്തരമായ വേവലാതിയും അതിനെ മറികടക്കാനുള്ള സാമൂഹ്യ-സാമ്പത്തിക സാംസ്‌കാരിക തയ്യാറെടുപ്പുകളും പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ സ്വാഭാവികമാകുന്നതും അതുകൊണ്ടാണ്.

ലൈംഗിക സമ്മര്‍ദ്ദങ്ങളും പട്ടിണിയും അനുഭവിക്കുന്ന സമൂഹത്തില്‍ ഒരു ഭാഗത്ത് സദാചാര പോലീസും മറുഭാഗത്ത് സ്ത്രീയോടുള്ള അതിക്രമങ്ങളും കൂടിക്കൊണ്ടിരിക്കും.  പരസ്പരമുള്ള ഇടപഴകലുകളോ ആരോഗ്യകരമായ സമ്പര്‍ക്കമോ ഇല്ലാത്ത രണ്ടു ലോകങ്ങളിലാണ് ഇന്ന് സ്ത്രീയും പുരുഷന്മാരും ജീവിക്കുന്നത്.  ബാല്യം മുതല്‍ നാം അടിച്ചേല്‍പ്പിക്കുന്ന വേര്‍തിരിവ് കൂടുതല്‍ കൂടുതല്‍ മാനസിക അകല്‍ച്ചയിലേക്കേ നയിക്കൂ.  തികച്ചും അനാരോഗ്യകരമായ അപരിചിതത്വം അത് ഊട്ടിയുറപ്പിക്കും. ഇന്ന് സാമൂഹ്യ സാമ്പത്തിക മാനങ്ങള്‍ക്കിടയില്‍പ്പെട്ട് ഞെരുങ്ങുന്ന സ്ത്രീ-പുരുഷബന്ധങ്ങളെയും ജൈവചോദനയില്‍ നിന്നുരുത്തിരിയുന്ന രതിയേയും കുറിച്ചുള്ള സാമൂഹ്യ മൂല്യബോധങ്ങള്‍ മാറ്റിയെഴുതാതെ ലൈംഗിക അതിക്രമങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങളെ നിയന്ത്രിക്കുക അസാധ്യമാകാനാണിട. സ്ത്രീയുടെ സ്വീകാര്യതയ്ക്കായി പരാക്രമിയാകുന്ന പുരുഷന്റെ സ്വാഭാവികവും  ജൈവീകവും എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചോദനയ്ക്ക് കടിഞ്ഞാണിടാന്‍ സ്വയം ഏല്‍പ്പിക്കുന്ന ജനാധിപത്യമൂല്യങ്ങള്‍ ആവശ്യമാണ്. 
 ലൈംഗീതകയിലായാലും അതിനുപുറത്തായാലും പരിപാലിക്കപ്പെടേണ്ട മൂല്യബോധമാണ്, ബലപ്രയോഗത്തെ നിഷേധിക്കുന്ന മൂല്യബോധം.  ഒപ്പംതന്നെ, വെല്ലുവിളിക്കുകയും തിരുത്തിക്കുറിക്കുകയും ചെയ്യേണ്ടവയാണ് പിതൃദായിത്വക്രമത്തിലുള്ള സമൂഹത്തില്‍ നിലനില്‍ക്കുന്ന മൂല്യബോധങ്ങളും. പ്രകൃതിയും സംസ്‌ക്കാരവും തമ്മിലുള്ള ഇടച്ചില്‍, കലഹം നമ്മുടെ ജീവിത പരിണാമങ്ങളുടെ ചരിത്രത്തിന്റെ ഭാഗമാണ്. ആകാതെ വയ്യ. മൃഗങ്ങളില്‍ നിന്ന് നമ്മെ വേര്‍തിരിച്ചുനിര്‍ത്തുന്ന ഘടകം “സംസ്‌ക്കാര”മാണ്.  സമൂഹത്തിന്റെ ചില പൊതുധാരണയ്ക്കനുസരിച്ച് [അവ വസ്തു നിഷ്തമായി നോക്കിയാൽ  നീതിയുക്തമാല്ലെന്നു കാണാം]  നിയന്ത്രണങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുകയും അവ നിരന്തരം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നതാണ് ജനാധിപത്യമെന്ന മൂല്യബോധത്തിന്റെ ആണിക്കല്ല്. ബലപ്രയോഗങ്ങളും അസഹിഷ്ണുതയും തന്നിഷ്ടം നോക്കലും അപക്വമായ ഒരു സമൂഹമനസ്സിനെ ദ്യോതിപ്പിക്കുന്നു എന്നതാണ് ഇവിടെ  പേടി. ബലാല്‍സംഗത്തിന്റെ മാനങ്ങള്‍ രതിയോ ചാരിത്ര്യനഷ്ടമോ സ്ത്രീയുടെ പരിശുദ്ധിയോ ഒന്നുമായിട്ടല്ല ബന്ധപ്പെടുന്നത്. മറിച്ച് തികഞ്ഞ അതിക്രമവും അരാജകത്വവും ജനാധിപത്യമൂല്യലംഘനവുമായിട്ടാണ്
; അപരിഷ്‌കൃത മനോഭാവവുമായിട്ടാണ്. അതിനാല്‍ തന്നെ, അതിന് തടയിടേണ്ടത് നീതിബോധമുളള എല്ലാവരുടെയും ചുമതലയായേ പറ്റു . തട്ടിപ്പറിക്കലും കയ്യൂക്കാല്‍ കീഴടക്കലും സര്‍വ്വസാധാരണമാകുന്ന ഒരു സമൂഹത്തിന്റെ ഭാവി ആര്‍ക്കും അത്യധികം ഭീതിജനകമാണു  എന്നത് സുവ്യക്തമാത്രേ..

വെള്ളിപ്പാത്രങ്ങള്‍

എന്റെ ഭര്‍ത്താവ് ഒരു വലിയ ഓഫീസറാണ്.  ഞാന്‍, പിന്നെ പറയേണ്ടല്ലോ, അദ്ദേഹത്തിന്റെ ഭാര്യയും.  ഇതു പറയുന്നതിന് പ്രത്യേക കാരണമുണ്ട്.  എന്റെ ചുമതലകള്‍ നിരവധിയായിരുന്നു.  ഒരു വലിയ വീടും അതിലെ വേലക്കാരെയും ഭരിക്കുന്നതിനു പുറമേ, വൈകുന്നേരങ്ങളില്‍ ഞങ്ങളുടെ വീട്ടിലെത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കുകയും വേലക്കാരി കൂട്ടി ട്രേയിലാക്കിത്തരുന്ന ചായ പലതവണ വിളമ്പുകയും അപ്പോഴൊക്കെ ചിരിക്കുകയും എനിക്ക് ചെയ്യണം. പിന്നെ, ഭര്‍ത്താവിന്റെ ബോസ്മാര്‍ക്കും അവരുടെ ഭാര്യമാര്‍ക്കും കൊടുക്കുവാന്‍ നിരവധി സമ്മാനങ്ങള്‍ വാങ്ങണം. രാത്രിയുടെ അവസാന ത്തിലേക്ക് നീളുന്ന പാര്‍ട്ടികളും കളികളും അതിനു പുറമെയാണ.് മിനിഞ്ഞാന്ന് എന്റെ ഭര്‍ത്താവിന്റെ ഏറ്റവും വലിയ ബോസ് പങ്കെടുത്ത വിരുന്നില്‍, മേശപ്പുറത്ത് വയ്ക്കാനുള്ള പൂക്കള്‍ തിരഞ്ഞെടുക്കാന്‍ തന്നെ എനിക്ക് മൂന്നു മണിക്കൂറിലധികം വേണ്ടി വന്നു.  തുടച്ചു മിനുക്കിയ വെള്ളിപ്പാത്രങ്ങള്‍ തൊട്ടും തലോടിയും ചീത്തയാക്കാന്‍ എന്റെ മകന് അധിക നേരമൊന്നും വേണ്ട.  അവന്റെ ആയ എവിടെ യെങ്കിലും കിടന്നുറങ്ങുകയാകും. എയര്‍കണ്ടീഷന്‍ ചെയ്ത റൂമിലിരുന്ന് ഞങ്ങള്‍ പലപ്പോഴും രാത്രി വളരെ വൈകുന്നതുവരെ സംസാരിച്ചിരിക്കുക വേലക്കാരെക്കുറിച്ചായിരുന്നു. സത്യത്തില്‍, വിശ്വസ്തരായ വേലക്കാര്‍ ഞങ്ങള്‍ക്കൊക്കെ ഒരു പ്രശ്‌നമായിരുന്നു. മിസ്സിസ് പാട്ടീല്‍, തന്റെ വേലക്കാരിയെ സ്വന്തം ഭര്‍ത്താവിന്റെ കിടക്കയില്‍ നിന്ന് പിടിച്ചുവലിച്ചാണ് പുറത്താക്കിയത്. ശമ്പളം കൂട്ടികൊടുക്കാമെന്നു പറഞ്ഞപ്പോഴാണത്രെ അവള്‍ പുറത്തുപോകാന്‍ സമ്മതിച്ചത്. 
“ഇവറ്റയെ നോക്കാനാണ് അധികം സമയം,” മിസ്സിസ് ബാനര്‍ജി പറയുകയായിരുന്നു. “ഞാന്‍ രാത്രി പന്ത്രണ്ടുമണിക്ക് ക്ഷീണിച്ചു കേറി വരുമ്പോള്‍ സന്ധ്യ ഞങ്ങളുടെ കുശിനിക്കാരന്റെ കൂടെ ചെസ്സ് കളിക്കുകയായിരുന്നു. അപ്പോള്‍തന്നെ ഞാനവനെ ആട്ടിപ്പുറത്താക്കി. പോളിയോ വന്ന് സ്വാധീനമില്ലാതായ സ്വന്തം കാലുകളില്‍ അമര്‍ത്തിത്തല്ലി സന്ധ്യ പൊട്ടിക്കരഞ്ഞത്രേ.  പക്ഷേ, മിസ്സിസ് ബാനര്‍ജി ചോദിക്കുന്നതുപോലെ എന്നും സന്ധ്യയ്ക്ക് കൂട്ടിരിക്കാന്‍ അവര്‍ക്കാവുമോ?  “നമ്മള്‍ക്കൊക്കെ ഒരോരോ ജീവിതമേയുള്ളൂ.” അവര്‍ പറയ്യും:  “സന്ധ്യയുടെ ജീവിതം സന്ധ്യ ജീവിക്കാതെ വയ്യ.”
അവര്‍ പറയുന്നത് വളരെയേറെ ശരിയാണെന്ന് എനിക്ക് തോന്നാറുണ്ട്. പാര്‍ട്ടിയില്‍ നിന്നോ ക്ലബ്ബില്‍ നിന്നോ  രാത്രി വളരെയേറെ വൈകി ഞാന്‍ എത്തുമ്പോള്‍ എന്റെ പന്ത്രണ്ടു വയസ്സുള്ള മകന്‍ ഉണര്‍ന്നിരിക്കുന്നതു കണ്ടാല്‍ എനിക്ക് വളരെ ശുണ്ഠി വരും. വേലക്കാര്‍ മുഴുവന്‍ ഉറക്കമായിരിക്കും. ഈ പാതിരാത്രിക്ക് കണ്ണും തുറിച്ച് ഉണര്‍ന്നിരിക്കാന്‍ അപ്പുവിനു മാത്രം എന്തുണ്ടായി? കുട്ടികള്‍ ധാരാളം ഉറങ്ങേണ്ടതാണെന്ന് ഞാനവന് പല തവണ പറഞ്ഞുകൊടുത്തിട്ടുണ്ട്.  പഠിപ്പു കഴിഞ്ഞാല്‍ നേരത്തെ ഭക്ഷണം കഴിച്ച് കിടന്നുറങ്ങണമെന്നും.  കുട്ടികളുടെ അച്ചടക്കം എനിക്ക് വളരെ നിര്‍ബന്ധമുള്ള ഒന്നാണ്. കുട്ടികള്‍ ചീത്തയാവാന്‍ ഒരു നിമിഷം മതി. വൃത്തികെട്ട ഈ വേലക്കാര്‍ തന്നെയാവണം അതിനു കാരണം. അവരുടെ കൂടെ കളിക്കരുതെന്നും ആവശ്യത്തിനു മാത്രമേ അവരോട് സംസാരിക്കാവൂ എന്നും ഞാനെത്രതവണയാണ് അപ്പുവിനോട് പറയാറ്! അപ്പു, സത്യത്തില്‍, ശാന്തനായ ഒരു കുട്ടി യായിരുന്നു. ഞങ്ങളുടെ സുഹൃത്തുക്കളുടെ ഇടയില്‍ അവന്റെ മാനേഴ്‌സ് എന്നും പ്രശംസിക്ക പ്പെട്ടിട്ടേയുള്ളൂ.  പക്ഷേ, ഇന്ന് അവന്റെ ആയയ്ക്കുപോലും അവനെക്കുറിച്ച് പരാതികളാണ്. അതാണ് ഈയിടെ ഞങ്ങള്‍ അപ്പുവിന് ഒരു ആംഗ്ലോ ഇന്ത്യന്‍ ഗവര്‍ണസ്സിനെ വയ്ക്കാന്‍ കാരണം.  മിസ് ഫെര്‍ണാണ്ടസ് നന്നായി ഇംഗ്ലീഷ് സംസാരിക്കും. അവരുടെ അച്ചടക്കബോധത്തെക്കുറിച്ച് മിസ്സിസ്സ് ബാനര്‍ജിക്കും റീത്താതോമസിനുമൊക്കെ വളരെ നല്ല അഭിപ്രായമാണുതാനും. ആയ വന്നതിനുശേഷം അപ്പു വേലക്കാരുടെ കൂടെ കളിക്കാതായി, രാത്രി പാതിരവരെ അവന്‍ ഉണര്‍ന്നിരിക്കാറുമില്ല.  പക്ഷേ, അപ്പു വല്ലാത്ത വാശിക്കാരനാകുന്നുണ്ട് ഈയിടെ. കുളിച്ച് വൃത്തിയായി, രാവിലെ ഞങ്ങളുടെ കൂടെ ഭക്ഷണത്തിനിരിക്കുമ്പോള്‍ ആവുന്നതും അവന്‍ ആരുടെ മുഖത്തും നോക്കാറില്ല.  മിസ് ഫെര്‍ണാണ്ടസ്സിന്റെ തലയിണയില്‍ മൊട്ടുസൂചികള്‍ തറച്ചുവെച്ചതിന് അരദിവസത്തെ പട്ടിണി ശിക്ഷ അവന് അവര്‍ വിധിച്ചത് ഈയിടെയാണ്.
    നമ്മുടെ കണ്‍മുന്നിലിരിക്കെത്തന്നെ എത്ര പെട്ടെന്നാണ് കുട്ടികള്‍ മാറുന്നത്, കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണെങ്കില്‍, അപ്പുവിനെക്കുറിച്ചുള്ള ഇത്തരം പരാതികള്‍ ഞാന്‍ വിശ്വസിക്കുക പോലും ചെയ്യില്ല.  വിരുന്നുകാരും മറ്റു തിരക്കുകളും ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ ഞാനെന്റെ അപ്പുവിനെ അടുത്ത് വിളിച്ചിരുത്തി ഉപദേശിക്കാറുണ്ട്.  എല്ലാം നിശ്ശബ്ദം കേട്ട് അവന്‍ അവസാനം പറയുക കളിക്കാന്‍ നേരമായി അമ്മേ! സമയം തെറ്റിക്കുന്നത് മിസ് ഫെര്‍ണാണ്ടസ്സിനിഷ്ടമല്ല എന്നാണ്. അവന്‍ പോയിക്കഴിഞ്ഞാല്‍ എന്റെ ചുറ്റും ചിതറിക്കിടക്കുക കുറെ കടലാസ് കഷണങ്ങളായിരിക്കും. ഈയിടെ കിട്ടിയതാണ് അപ്പുവിന് മിണ്ടാതിരിക്കുമ്പോഴെല്ലാം കടലാസ് കീറിക്കൊണ്ടിരിക്കുന്ന സ്വഭാവം.  ചീത്ത സ്വഭാവമാണെതെന്ന് ഞാനെത്ര തവണ പറഞ്ഞുകഴിഞ്ഞിട്ടും അപ്പു കൂട്ടാക്കാത്തത് എനിക്കദ്ഭുത മായിരിക്കുന്നു.  എന്താണീ കുട്ടികള്‍ ഇങ്ങനെ?
    ഒരു രാത്രിയില്‍ ഞങ്ങള്‍ കാറിറങ്ങിവരുമ്പോള്‍ അപ്പുവിന്റെ മുറിയില്‍ ആകെ ബഹളമായിരുന്നു.  അപ്പുവിനോട്, അത്ര വൈകി ഉണര്‍ന്നിരിക്കരുതെന്നും ലൈറ്റ് കെടുത്തണമെന്നും പറയുകയായിരുന്നു മിസ് ഫെര്‍ണാണ്ടസ്.  അപ്പു അനുസരിച്ചില്ല. പേടിതോന്നുന്നു എന്നും വിളക്ക് കെടുത്തരുതെന്നും അപ്പു വാശി പിടിച്ചു.  ഞങ്ങളെക്കണ്ടതും അവന്‍ പെട്ടെന്ന് നിശ്ശബ്ദനായി.  ഫെര്‍ണാണ്ടസ് ലൈറ്റ് കെടുത്തി.  സാരി മാറിയിട്ട് ഞാന്‍ അപ്പുവിന്റെ മുറിയില്‍ ചെന്നപ്പോള്‍  അപ്പു ഒരു ചെറിയ മെഴുകുതിരിക്കഷണം കട്ടിലിനടിയില്‍ കത്തിച്ചുവെച്ച് അതിനടുത്ത് നിലത്ത് ചാരിയിരിക്കുന്നു.  തൊലിയുരിച്ച ഒരു മുറിപ്പാടുപോലെ കിടന്ന ആ വെളിച്ചത്തിന്റെ ചെറിയ വട്ടത്തില്‍ അപ്പുവിന്റെ മുഖം ഒരു തിളങ്ങുന്ന കല്ലുപോലെ തോന്നി എനിക്ക്. അപ്പുവിന്റെ അനുസരണക്കേട് എനിക്ക് വല്ലാതെ മനസ്സില്‍ത്തട്ടി. എന്തിനാണിക്കുട്ടി എല്ലാവരേയും ഇങ്ങനെ ഒരുപോലെ ധിക്കരിക്കുന്നതെന്ന് എനിക്കറിഞ്ഞുകൂടാ. അപ്പോള്‍ത്തന്നെ ഞാനാ മെഴുകുതിരി ഊതിക്കെടുത്തിയാല്‍, ഒന്നും മിണ്ടാതെ കട്ടിലില്‍ കേറിക്കിടന്ന് “ഗുഡ് നൈറ്റ് മമ്മി!” എന്നു പറയും. ഒരു പക്ഷേ, അല്ല, തീര്‍ച്ചയായും, അവന്‍ വീണ്ടും മെഴുകുതിരി കൊളുത്തുമായിരിക്കണം.
    ഏതായാലും ഞങ്ങള്‍ അവനെ ഒരു സുഖവാസസ്ഥലത്തെ ബോര്‍ഡിങ്ങില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചത് ഇതുകൊണ്ടൊക്കെയായിരുന്നു.  സിറ്റിയിലെ വൃത്തികെട്ട കാലാവസ്ഥയും അന്തരീക്ഷ മാലിന്യവും കഴിയുന്നതും ഒഴിവാക്കാം.  ആരോഗ്യം വളരെ പ്രധാനമാണെന്ന് ഞാനെന്നും ശഠിക്കാറുള്ളതാണ്. കൂടാതെ ബാനര്‍ജിയുടെ തെമ്മാടിയായിരുന്ന മകന്‍ ബോര്‍ഡിങ്ങില്‍ച്ചെന്നതു മുതല്‍ എത്ര ശാന്തനും മിടുക്കനുമായിരിക്കുന്നു എന്ന് ഞാന്‍ നേരില്‍ കണ്ടതുമാണ്. മേശപ്പുറം മുഴുവന്‍ ഭക്ഷണസാധനങ്ങള്‍ ചിതറിയിടുകയും പത്തു വയസ്സായിട്ടുപോലും വിരല് കുടിക്കുകയും ആനന്ദ് പതിവായിരുന്നു. ഇപ്പോള്‍, പക്ഷേ, ആനന്ദിന്റെ ടേബിള്‍ മാനേഴ്‌സ് ആരേയും കൊതിപ്പിക്കും.  ബോര്‍ഡിങ്ങിലേക്കയയ്ക്കുന്നത് അപ്പുവിന്, പക്ഷേ, ഒട്ടും പിടിച്ചില്ല.  ഒരു ദിവസം പൊടുന്നനെ, ഉച്ചയ്ക്ക് ഒന്നു മയങ്ങുകയായിരുന്ന എന്നെ കെട്ടിപ്പിടിച്ച് അവന്‍ കരയാന്‍ തുടങ്ങി.  ഒടുവില്‍, അവന്റെ അച്ഛനില്‍ നിന്ന് തല്ലു കിട്ടുമെന്നു വന്നപ്പോളാണ് അവന്‍ ശാന്തനായത്.
    അപ്പു അവന്റെ അച്ഛനോടൊപ്പം യാത്രയായിട്ട് ഇതാ നിമിഷങ്ങള്‍ കഴിഞ്ഞതേയുള്ളു. അവന്‍ എന്റെ കവിളത്ത് ഉമ്മവെച്ച് യാത്ര പറഞ്ഞു എന്നത് ശരിതന്നെ. പക്ഷേ, അവന്റെ കണ്ണുകളിലെ ഭാവം എന്നെ കോപാകുലയാക്കുംവിധം അസ്വാസ്ഥ്യപ്പെടുത്തി എന്ന് പറയാതെ വയ്യ. യാത്ര പറയുമ്പോള്‍ ചിരിക്കണമെന്ന്, മുഖം കല്ലുപോലെ കടുപ്പിക്കരുതെന്ന്, ഇനിയും അപ്പുവിന് ഒരാള്‍ പറഞ്ഞു കൊടുക്കണോ? ഒരുപക്ഷേ, ആനന്ദിനെപ്പോലെ, അപ്പുവും ക്രമേണ മിടുക്കനായേക്കും.
    അപ്പു വളരെ കുട്ടിയായിരുന്നപ്പോള്‍ അവന്റെ ആയ അവനെ കുളിപ്പിച്ച് പൗഡറിട്ട് എന്റെ മടിയില്‍ അവനെ വെച്ചുതരുമ്പോള്‍ അവന്റെ ചെവിയില്‍ ഞാന്‍ പറയാറുണ്ട്: “അപ്പൂ, നീയൊരുവലിയ ആളാവണം.”  എനിക്കൊരുപാട് പ്രതീക്ഷകളുണ്ട് അപ്പുവിനെക്കുറിച്ച്.  എന്റെ സുഹൃത്ത് ദേശ്മുഖി നെപ്പോലെ ഒരു പ്രതാപവാനായ ഡോക്ടറാക്കണം അവനെ എന്നാണ് എന്റെ മോഹം. പക്ഷേ, അപ്പുവിന് ഒന്നിലും തീരെ കമ്പമില്ല.  ഭംഗിയാര്‍ന്ന വൈകുന്നേരങ്ങളില്‍ ഒറ്റയ്ക്ക് മുറിയിലടച്ചിരുന്ന് ഗോട്ടികളിക്കാറുള്ള അപ്പുവിനെക്കുറിച്ച് ഞാന്‍ എന്ത് പ്രതീക്ഷിക്കാനാണ്? ഒരുപക്ഷേ, ബോര്‍ഡിങ്ങിലെ അച്ചടക്കത്തിന്‍കീഴില്‍ അവന്‍ ഭേദപ്പെട്ടു എന്നുവരാം. ചെറുപ്പത്തിന്റെ വികൃതിയാവാം, കുട്ടികള്‍ക്കൊരിക്കലും അവരുടെ അമ്മമാരുടെ സ്‌നേഹത്തെക്കുറിച്ചൊന്നുമറിയി
ല്ല.  സന്ധ്യമാരും അപ്പുമാരും അതിന്റെ ഉദാഹരണങ്ങളാണ്. അല്ലെങ്കില്‍ അവന്റെ മേശപ്പുറത്ത് വെക്കാനായി ഞാന്‍ കൊടുത്ത എന്റെ ഫോട്ടോ, കൂടെ കൊണ്ടുപോകാതെ അവന്‍ മറന്ന് വയ്ക്കുമായിരുന്നില്ല.