Followers

Saturday, March 17, 2012

നെറുകയിലെ കുങ്കുമം മായ്ച്ചുകളയുക

ഒരു ദിവസം എന്നോട് കുങ്കുമപ്പൊട്ട് തൊടാതെ പുറത്തിറങ്ങരുതെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാനെങ്ങനെ പ്രതികരിക്കും? സുമംഗലിമാരുടെ കഴുത്തില്‍ താലി കണ്ടില്ലെങ്കില്‍ തലയറുക്കും എന്നു പറഞ്ഞാലോ ? ബുര്‍ഖ ധരിക്കാത്തതിന് മൂന്നു പെണ്‍കുട്ടികളുടെ തലവെട്ടികളഞ്ഞ താലീബന്‍ വിശ്വാസം നമ്മുടെ ചിന്തയുടെയും ചുറ്റുപാടിന്റേയും തൊട്ടടുത്തതാണ്. ഞാന് പഠിക്കരുതെന്നും ഉദ്യോഗം ഭരിക്കരുതെന്നും മരിക്കാന്‍ പോവുകയാണെങ്കിലും ഒരു പുരുഷഡോക്ടര്‍ എന്നെ ചികിത്സിക്കരുതെന്നും പറഞ്ഞാല്‍ ? പറയുന്നവര്‍ എന്റെ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥരായവര്‍തന്നെയെങ്കില്‍? കാന്തപുരം മുസലിയാര്‍, ഇസ്ലാമിന്റെ കാഴ്ചപ്പാടാണെന്നവകാശപ്പെട്ടുകൊണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ഫെബ്രുവരി 23 മാര്‍ച്ച് 1) എഴുതിയ ലേഖനം വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ ഒരു കിലുക്കാംപെട്ടിയിലെന്നപോലെ നിരവധി ചോദ്യങ്ങള്‍ ഒന്നിച്ചുകിലുങ്ങി. കറുപ്പ് കട്ടപിടിച്ചപോലെ ഒരു ഭീതിയാണ് എനിക്കപ്പോള്‍ തോന്നിയത്. 'മാതൃത്വത്തിന്റെ മഹത്വവും സ്ത്രീത്വത്തിന്റെ പദവിയും' ഉളളതിനാല്‍ ഒന്ന് ഊന്നി പ്രാര്‍ത്ഥിച്ചാല്‍ മുസലിയാരെ കുറച്ചു മാസത്തേക്കെങ്കിലും ഒരു സ്ത്രീയാക്കി മാറ്റാമോ എന്നും ഒരു നിമിഷം ഞാന്‍ ചിന്തിച്ചു. അങ്ങനെയൊന്നും ഒരു സ്ത്രീ ചിന്തിക്കരുതെന്നറിഞ്ഞിട്ടും.

സ്ത്രീയുടെ സ്വത്വം നിലനിര്‍ത്തി ചൂഷണത്തില്‍ നിന്നവളെ രക്ഷിക്കുന്നു ഇസ്ലാമിക നിയമങ്ങള്‍ എന്നു പറയുന്ന ലേഖകന്‍, മതാദ്ധ്യാപനത്തെ തിരസ്‌കരിച്ച് ഭരണവും തൊഴിലും തേടി സ്ത്രീ പുറത്തിറങ്ങിയതോടെ കുടുംബന്ധങ്ങള്‍ തകരുകയും ശിഥിലമാവുകയും ചെയ്യുന്നു എന്ന് വിലയിരുത്തുന്നു. 'സ്ത്രീയെ അവരുടെ പൊതുകഴിവുകള്‍ക്കപ്പുറം പൊതുരംഗത്ത് കൊണ്ടുവന്നപ്പോളുണ്ടായ ദുരന്തഫലങ്ങള്‍ ലോകമിന്നനുഭവിക്കുന്നു എന്നും 'വീടിനുപുറത്തുള്ള ഒരു ഉത്തരവാദിത്വവും സ്ത്രീ ഏറ്റെടുക്കരുത്' എന്നും   'കൈകാര്യകര്‍തൃത്വം സ്ത്രീയെ ഏല്പിച്ച ഒരു സമൂഹവും വിജയിക്കുകയില്ല' എന്നും 'നേതൃത്വവും ഭരണനിര്‍വ്വഹണവും സ്ത്രീക്ക് ഒരിക്കലും വിധിച്ചതല്ല ' എന്നും 'സ്ത്രീക്ക് സ്വന്തം നിലയ്ക്ക് വിവാഹിതയാകാന് അനുവാദമില്ല 'എന്നും 'മതശാസാനയ്ക്ക് അന്ധന് അവകാശമുണ്ടെങ്കിലും സ്ത്രീയ്ക്ക് അതിനവാകാശമില്ല' എന്നും തുടങ്ങി നിരവധി മതാനുശാസനങ്ങള്‍ അദ്ദേഹം അതില്‍ വിവരിക്കുന്നുണ്ട്.

ഇത്തരം വാദമുഖങ്ങള്‍ക്ക് യുക്തിയുടെയോ നീതിയുടെയോ വസ്തുനിഷ്ഠതയുടെയോ അടിത്തറ നല്‍കാത്തതിനാല്‍ അവയെ ബുദ്ധികൊണ്ട് നേരിടുക വൃഥാവ്യായാമമാണ്. എന്നാല്‍ മതങ്ങള്‍ എന്നും സ്വന്തം വ്യക്തിത്വം കൊട്ടിഘോഷിക്കാന്‍ ആദ്യം ഇരയാക്കുന്നത് സ്ത്രീകളെയാണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. എല്ലാ മതങ്ങളും തങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ അധികവും കര്‍ശ്ശനമായി പാലിക്കുന്നത് സ്ത്രീകളിലൂടെയാണ്. എന്തുകൊണ്ട് സ്ത്രീകള്‍ എന്ന ചോദ്യത്തിന് സാമ്പത്തികവും സാമൂഹ്യവുമായ അടിയൊഴുക്കുകള്‍ എന്നുതന്നെയാണുത്തരം. വിളനിലമായും ഉഴുതുമറിക്കാനുളള കന്നിഭൂമിയായും ഒക്കെ വിവരിക്കപ്പെടുന്ന സ്ത്രീയുടെ വേഷഭൂഷാദികള് മുതല്‍ നടപ്പും ഇരിപ്പും കിടപ്പും വരെ എങ്ങനെ വേണമെന്ന് മതങ്ങള്‍ ശഠിച്ചിട്ടുണ്ട്. നെറുകയിലെ സിന്ദൂരവും ബുര്‍ഖയും ളോഹയും ഒക്കെ പ്രതീകങ്ങളില്‍നിന്ന് മാറി നിര്‍ബന്ധങ്ങളാകുന്നത് അതുകൊണ്ടാണ്. ഈ നിര്‍ബന്ധങ്ങള്‍ കാലം കഴിയെ ആചാരങ്ങളാകുന്നു എന്നുമാത്രമല്ല, പതുക്കെ പതുക്കെ നന്മയുടെ മുഖമുദ്രകളായും മാറുന്നു. സമൂഹം അനുശാസിക്കുന്ന ചട്ടവട്ടങ്ങള്‍ അനുസരിക്കുക എന്നതായി മാറുന്നു നന്മയുടെ നിര്‍വ്വചനം. അതായത്, ചോദ്യങ്ങളോ സംശയങ്ങളോ ഇല്ലാത്ത അനുസരണം. അത് ചെയ്യുന്നവര്‍ ദേവികളാകുന്നു. ചെയ്യാത്തവര്‍ മറിച്ചും. 

മതയാഥാസ്ഥിതികത്വം വ്യക്തിയുടെ വളര്‍ച്ചയ്ക്ക് കടിഞ്ഞാണിടുന്നത്, ജീവിതത്തെ അതിന്റെ അടിവേരു തൊട്ട് ബാധിക്കന്‍ ഇടനല്കുന്നത് നന്മയുടെ ഈ നിര്‍വ്വചനത്തിലൂടെയാണ്. 
ആരാണ് നല്ല സ്ത്രീ?
നല്ല അമ്മ?
നല്ല ഭാര്യ?
നമ്മുടെ മനസ്സിലൊക്കെ, അബോധപൂര്‍വ്വമായിട്ടെങ്കിലും, ഇതിനെക്കുറിച്ചുളള ധാരണകള്‍ ഉണ്ടെന്നതാണ് സത്യം. ഈ ധാരണകള്‍ സമൂഹം, കുറച്ചുകൂടി സൂക്ഷ്മമായി പറഞ്ഞാല്‍ മതം, ഊട്ടിയുറപ്പിച്ചവയാണെന്നു കാണാം. അതുകൊണ്ട്തന്നെ ഈ ധാരണകള്‍ക്കെതിരെ നില്ക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ദൈവത്തിനെതിരെ നില്ക്കുന്നു എന്നാവും നിങ്ങളുടെ വിശ്വാസം. മതം വൈകാരിക സമ്മര്‍ദ്ദം ചെലുത്തുന്നത്, ദൈനംദിനചിന്തകളെ സ്വാധീനിക്കുന്നത് ഇവിടെവച്ചാണ്. ഇത്തരത്തിലാണ്.
കാന്തപുരത്തിന്റെ ലേഖനത്തിലേക്കുതന്നെ മടങ്ങുക. സ്ത്രീകള്‍ പഠിക്കുന്നതും ജോലി തേടുന്നതും  വീടുവിട്ടുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതും മതവിശ്വാസമനുസരിച്ച് കുടുംബഛിദ്രത്തിന് വഴിവെക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ സൂചന. ആണെന്നു തന്നെ വയ്ക്കുക. എന്നാല് എങ്ങെനെയെന്ന് അദ്ദേഹം പറയുന്നില്ല. കുടുംബം നന്നായി നടന്നുപേകുന്നതിന്റെ മുഴുവന് ഉത്തരവാദിത്വവും ഇവിടെ മതം സ്ത്രീയുടെ തലയില്‍ കെട്ടിവയ്ക്കുന്നു. ഇരുപത്തിനാലുമണിക്കൂറും കുടുംബാംഗങ്ങള്‍ക്ക്  സാന്നിദ്ധ്യവും സേവനവും നല്‍കാന്‍ വിധിക്കപ്പെട്ട സ്ത്രീ സ്വന്തം വ്യക്തിവികാസത്തിന്റെ കാര്യത്തില്‍ വട്ടപൂജ്യമായിതീരാതെ വയ്യ എന്നത് സ്വാഭാവിക നിയമമാണ്. ഇതോടെ,  കുടുംബത്തിലെ സമവാക്യങ്ങള്‍ മാറുന്നു എന്നതാണ് സത്യം. 

ഭരിക്കുന്നവനും ഭരിക്കപ്പെടുമന്നവരുമാണ് ഇന്നും കുടുംബവ്യവസ്ഥയിലെ മുഖ്യഘടകങ്ങള്‍. പണവും അധികാരവും കയ്യാളുന്ന, കാര്യവിവരമുള്ള, ലോകം കണ്ടിട്ടുള്ള പുരുഷന്‍ ഒരുവശത്ത്. ഇതൊന്നും ഇല്ലാത്ത, ആശ്രിതയായ സ്ത്രീ മറുപുറത്ത്. വിദ്യാഭ്യാസവും ജോലിയും തന്മൂലം അറിവും സമ്പാദ്യവും നിഷേധിക്കപ്പെടുന്ന സ്ത്രീക്ക് സ്വന്തം വീട്ടിലെ ഭരണാധികാരിയെ വെല്ലാനോ മറികടക്കാനോ ഈ സാഹചര്യത്തില്‍ ഒരിക്കലും സാധിക്കുകയില്ല.  അതുകൊണ്ടുതന്നെ അവര്‍ക്കിടയിലെ സാമ്പത്തിക വൈകാരിക ബന്ധങ്ങള്‍ ഒരു പരിധിവരെ യജമാന-ഭൃത്യ ബന്ധങ്ങള്‍ തന്നെയാകുന്നു. ഇതൊരു അതിശയോക്തിയല്ലെന്നു തെളിയാന്‍, അവരുടെ ബന്ധങ്ങളിലേക്കൊന്നു സൂക്ഷിച്ചു നോക്കിയാല്‍ മതി. 
സമൂഹം അല്ലെങ്കില്‍ മതം ആണിനും പെണ്ണിനും കുടുംബത്തിനകത്ത് വിഭജിച്ചു നല്‍കിയ റോളുകള്‍ അതേപടി തുടരുന്നിടത്തോളം കാലം ഈ യജമാന-ഭൃത്യ സ്വഭാവം അത്രയധികം പുറത്തുവന്നു എന്നുവരില്ല.  എന്നാല്‍ കുടുംബത്തിലെ വ്യവസ്ഥ സാഹചര്യങ്ങള്‍ മാറ്റം വന്നാല്‍, ഭൃത്യ ഒന്നിടഞ്ഞാല്‍, അനുസരണക്കേട് കാണിച്ചാല്‍, അവര്‍ വീടിനും സ്വത്തിനും സംരക്ഷണത്തിനും പുറത്തേക്ക് തെറിക്കുന്നതു കാണാം.  വിവാഹബന്ധങ്ങള്‍ തകരുമ്പോള്‍ സ്ത്രീകള്‍ ആലംബമില്ലാതെ അമ്പരന്നു നില്‌ക്കേണ്ടി വരുന്നത് അതുകൊണ്ടാണ്.  

ദേവിയായും അമ്മയായും സ്ത്രീയെ കാണുന്ന സമൂഹം അവര്‍ക്ക് ഉറപ്പുനല്കുന്ന സംരക്ഷണം നിലനില്ക്കുന്ന ആചാരങ്ങള്‍ക്കുള്ളിലും വ്യവസ്ഥാപിത കുടുംബത്തിലും മാത്രമേ ലഭിക്കൂ എന്ന് അവര്‍ തിരിച്ചറിയുന്നത് അപ്പോഴായിരിക്കും ഇന്ന് കുടുംബത്തില്‍ നിന്ന് യജമാനന് ഭൃത്യനെ പുറത്താക്കുന്നപോലെതന്നെയാണ് പ്രായോഗികമായി സ്ത്രീയെ പുറത്താക്കാനുള്ള കാര്യങ്ങളും.  നിയമത്തിന്റെ സഹായം തേടാനുള്ള കരുത്തോ പണമോ അറിവോ അവള്‍ക്കില്ല. ആശ്രിതരെ മാത്രമേ യജമാനന് എന്നും തല്ലാറുള്ളൂ.  എല്ലാ നിലയിലുമുള്ള ഈ ആശ്രിതത്വമാണ് സ്ത്രീയെ വീട്ടിനുള്ളില് തളച്ചിടുന്നത് ഈ അവസ്ഥ  സ്ത്രീയുടെ ഈ നിസഹായാവസ്ഥ ശാശ്വതീകരിക്കുകയാണ് കാന്തപുരത്തിന്റെ ലേഖനത്തിലെ കാഴ്ചപ്പാട്.  ഈ കാഴ്ചപ്പാടാകട്ടെ ഒരു വലിയ പേടിയുടെ പ്രതിഫലനമാണെന്നു പറയാതെ വയ്യ. 

പരംമ്പരയായി സ്വന്തം അധികാരം മാത്രം നടത്തി ശീലമുള്ള പുരുഷന്‍, തന്റെമേല്‍ ആശ്രിതത്വമില്ലാത്ത, സമ്പാദ്യവും സ്വാതന്ത്ര്യവുമുള്ള, തന്റെടിയായ സ്വാഭിമാനിയായ സ്ത്രീയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒരുപിടിയുമില്ല എന്നതാണ് സത്യം.  തന്നെപ്പോലെതന്നെ അറിവും പരിചയവും സംമ്പാദ്യവും സ്വാതന്ത്ര്യവുമുള്ള ഒരു സ്ത്രീയാണ് അയാള്‍ക്കു മുന്നില്‍ നില്‍ക്കുന്നതെങ്കില്‍, എത്രയോ കാലമായി കണ്ടും അനുഭവിച്ചും ശീലിച്ച സ്ത്രീ സങ്കല്‍പമാണ് അയാളുടെ മനസ്സിലാണ് തകര്‍ന്നുവീഴുക.
മാറ്റം. ഒരു ശരാശരി മനുഷ്യന് ഏറ്റവും പേടിയുള്ള ഒന്നാണത്.  ജോലിയെടുക്കുന്ന സ്വന്തം കാലില്‍ നില്ക്കുന്ന, ആശ്രിതയല്ലാത്ത സ്ത്രീ പുരുഷനില്‍ ഇന്ന് ഭീതിയണര്‍ത്തുന്നു. അധികാരത്തിന്റെ, യജമാനത്വത്തിന്റെ കടിഞ്ഞാണ് സ്വന്തം കയ്യില്‍നിന്നും വഴുതുമോ എന്ന എല്ലുതൊടുന്ന പേടിയാണ്, സ്ത്രീക്ക് വിദ്യാഭ്യാസവും ഉദ്യോഗവും നിഷേധിക്കുന്നത്.  രാഷ്ടീയനേതാക്കള്‍ അധികാരം നിലനിര്‍ത്താന്‍ കടലാസില്‍ സാധാരണക്കാരന്റെ സേവകരാകുന്നതുപോലെ, മതത്തിന്റെയും ദൈവത്തിന്റെയും മറപിടിച്ചുള്ള ഈ കടിഞ്ഞാണ്‍ വലികളെല്ലാം അബലയായ സ്ത്രീക്ക് സംരക്ഷണവും നല്‍കുന്നു എന്ന ജാഡയിലാണുതാനും, ചുരുക്കത്തില്‍, ദൈവത്തിന്റെ പേരില് ഒരു മുന്‍കൂര്‍ജാമ്യം.
പെണ്ണ് ജോലിക്കുപോയാന്‍ കുടുംബം തകരുമെങ്കില്‍ കുടുംബസംവിധാനത്തിന്റെ ചട്ടക്കൂടിനോ സ്ത്രീക്കോ തകരാറ് എന്ന അടിസ്ഥാന ചോദ്യം ഉടലെടുക്കുന്നു. കുടുംബത്തിന്റെ ചട്ടക്കൂട് ഇങ്ങനെ തന്നെ വേണമെന്ന് നിര്‍ബന്ധമുള്ളത് സ്ത്രീക്കോ പുരുഷനോ? 

സ്ത്രീക്ക് സംരക്ഷണവും മാന്യതയും (ദേവി, അമ്മ എന്ന പദവികള്‍) ഇങ്ങനെ കോരി ചൊരിഞ്ഞിട്ടും ഇന്നത്തെ കുടുംബസംവിധാനത്തെ അവള്‍ എതിര്‍ക്കുന്നതെന്തുകൊണ്ടാണ്?  സംരക്ഷണവും മാന്യതയും കിനിയുന്ന ദേവിമാരുടെ പീഠങ്ങളിലേക്ക്, കുടുംബത്തിന്റെ ആണിവേരും ആത്മാവുമായി പുരുഷന് കയറിവരാന്‍ തയ്യാറാകാത്തതെന്തുകൊണ്ടാണ്?  കുടുംബത്തിന്റെ സംവിധാനം ഒന്നു തിരിച്ചിടാന്‍, വെറുതെ ഒരു പരീക്ഷണമെന്ന നിലയ്‌ക്കെങ്കിലും റോളുകള്‍ ഒന്നു മാറ്റിയിടാന്‍, മാനസികമായെങ്കിലും തയ്യാറാകാത്തതെന്തുകൊണ്ടാണ് ? കുടുംബത്തിന്റെ സംവിധാനം ഒന്നുതിരിച്ചിടാന്‍, മാനസികമായെങ്കിലും തയ്യാറാകാത്തതെന്തുകൊണ്ടാണ്? വെറുതെ, വെറുതെ; വിദ്യാഭ്യാസവും ജോലിയും സമ്പാദ്യവുമില്ലാതെ, വീടിനുള്ളില്‍ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും അന്തരീക്ഷം പരത്തി, കുടുംബത്തെ പരിപാലിച്ച്, മറ്റൊരാളുടെ ആശ്രിതനായി ഒരു സുന്ദരന്‍ വിശ്രമജീവിതം നയിക്കാന്‍ തയ്യാറാകാത്തതെന്താണ്? സ്‌നേഹംകൊണ്ടായിരിക്കണം.  അല്ലെങ്കില്‍, ആ പാതയില്‍ നിറഞ്ഞുനില്‍ക്കുന്ന മനസ്സുകള്‍ കരിഞ്ഞ മണം സഹിക്കാനാകാത്തതുകൊണ്ടാകണം. അതുമല്ലെങ്കില് കാന്തപുരം മുസലിയാരെപ്പോലുള്ള മതവിശ്വാസികള്‍ സ്ത്രീസ്വത്വത്തെ ചൂഷണങ്ങള്‍ക്കടിമപ്പെടാതെ കാത്തു സൂക്ഷിക്കുമെന്ന അഗാധവിശ്വാസം കൊണ്ടായിരിക്കണം. അവരവരുടെ സ്ത്രീകളുടെ സിംഹാസനങ്ങളില് കയറിയിരിക്കാന് നാണക്കേടു തോന്നുന്നതുകൊണ്ടാകണം. അച്ഛന്റെയോ ഭര്‍ത്താവിന്റെയോ മകന്റെയോ കൈ പിടിച്ച്, മുന്നേ പറഞ്ഞുവച്ച ഒറ്റയടിപ്പാതയിലൂടെ മുഖവും മനസ്സും ശരീരവും ഒരു ശവപ്പെട്ടിപോലെ പൊതിഞ്ഞുകെട്ടി നടക്കുമ്പോള്‍ കാലൊന്നു തെറ്റിയാല്‍ മേലേക്കുതിരുന്ന കല്ലേറുകള്‍ സഹിക്കാന്‍ കഴിയാത്തതുകൊണ്ടാവണം. ആ വേദനയും ശ്വാസംമുട്ടലും സഹിക്കാന്‍ അവര്‍ പെണ്ണുങ്ങളല്ലല്ലോ. ദേവിമാരുമല്ലല്ലോ.  
കാന്തപുരം മുസലിയാര്‍ അവതരിപ്പിക്കുന്ന അനുശാസനങ്ങള്‍ എല്ലാം സ്ത്രീയുടെ സ്വത്തിനും വളര്‍ച്ചക്കും വ്യക്തിവികാസത്തിനും എതിരാണ്. കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കായി ഒരടിമയെ സൃഷ്ടിക്കലാണ് ആ അനുശാസനങ്ങളുടെ പൊരുള്‍. അതുകൊണ്ടുതന്നെ ഇരട്ടത്താപ്പു നയങ്ങള്‍ നിറഞ്ഞ അവയെ പ്രധിരോധിക്കേണ്ടതുണ്ട്.  അവിശ്വസിക്കേണ്ടതുണ്ട്.  നെറുകയിലെ സിന്ദൂരം (മംഗല്യം) നിലനിര്‍ത്താന് എന്തു വിലയും നല്കണമെന്ന അനുശാസനത്തിന്റെ മുഖച്ഛായയും ഇതുതന്നെയാണ്. 

സ്ത്രീ വ്യക്തിയല്ല. പുരുഷനായ ഒരു വ്യക്തിയുടെ തുടര്‍ച്ച മാത്രമാണ്. സ്ത്രീയുടെ സംരക്ഷണം എന്നൊന്നില്ല. വ്യക്തിയുടെ സംരക്ഷണം മാത്രമേയുള്ളൂ. അത് ഉറപ്പാക്കേണ്ടത് സമൂഹമാണ്. ചുമതലകള്‍ പുരുഷനെപ്പോലെ തന്നെ ഏറ്റെടുക്കാന്‍ കഴിയുന്ന ഒരു വ്യക്തിയായി സ്ത്രീക്ക് വരാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുക മാത്രമാണ് സമൂഹം ചെയ്യേണ്ടത്. അതിന്, വിദ്യാഭ്യാസവും അറിവും നേടാനുള്ള അവസരങ്ങള്‍ വേണം. വീടിനു പുറത്തുപോയി ഉദ്യോഗം ഭരിക്കണം. പുരുഷന്‍ ഉദ്യോഗം ഭരിച്ചാല്‍ കുടുംബം തകരുന്നില്ല എങ്കില് സ്ത്രീ ഉദ്യോഗം ഭരിച്ചാലും തകരാന്‍ ന്യായങ്ങളൊന്നുമില്ല. 

സ്വന്തം അധികാരനഷ്ടത്തെ വൈകാരികമാക്കിതീര്‍ക്കാന്‍ പുരുഷന്‍ (പുരുഷന് എന്നത്, സ്ത്രീ എന്നപോലെതന്നെ, ചില പ്രത്യേക ആനുകൂല്യങ്ങളും അവസ്ഥകളും അനുഭവിക്കുന്നവരുടെ പ്രതിനിധി എന്ന നിലക്കാണ് ഇവിടെ ഉപയോഗിക്കുന്നതെന്ന് പ്രത്യേകം പറയട്ടെ) ഉപയോഗിക്കുന്ന ഒരു ചെറിയ പൊടിക്കൈയാണ് കുടുംബത്തിന്റെ തകര്‍ച്ച. സത്യത്തിലുള്ള പേടി അതല്ല.  സ്ത്രീ സ്വാശ്രയശീലയായാല്‍ ഇന്നുവരെ സമൂഹം അനുവര്‍ത്തിച്ചുവന്ന ശീലങ്ങളില്‍ ഒരുപാടു മാറ്റങ്ങള്‍ വേണ്ടിവരും വൈകാരികമായും സാമ്പത്തികമായും സാമൂഹ്യപരമായും. ആ പേടിയെ മറികയക്കാന്‍ മതത്തിന്റെ സഹായം തേടുന്ന ചിന്താഗതി പുതിയതല്ലെന്ന് കാന്തപുരം മുസലിയാരുടെ ലേഖനം നമ്മെ വീണ്ടും ഒരിക്കല്‍കൂടി ഓറ്മ്മപ്പെടുത്തുന്നു.  ചിന്തിക്കുന്നവര്‍ ജാഗ്രത! നെറുകയിലെ കുങ്കുമം മായ്ച്ചു കളയുക.