Followers

Sunday, February 7, 2016

ദേവീമാഹാത്മ്യം

ആര്‍ഷഭാരതത്തിലെ മാന്യനായ ഒരു വലിയ ഓഫീസറുടെ ഭാര്യയായിരുന്നു ഞാന്‍. ഒരു വലിയ വീടും കാറും മറ്റെല്ലാ സുഖസൗകര്യങ്ങളും ഉണ്ടായിരുന്ന ഭാഗ്യവതിയായ ഞാന്‍, ചിലപ്പോള്‍ എന്നേക്കുറിച്ചോര്‍ത്തിരുന്നു പോകാറുണ്ട്. വീട്ടികൊണ്ടുള്ള വലിയ ഊണ്‍മേശപ്പുറത്ത് പ്രതിബിംബിക്കുന്ന എന്റെ പ്രതിച്ഛായ നോക്കി ഞാനേറെ നേരം ഇരുന്നുപോകും. ആ കസേരയില്‍ അങ്ങനെ ഇരുന്നു പുറത്തേക്കു നോക്കുമ്പോള്‍ കുട്ടികളെ മുതുകത്തു ഭാണ്ഡം കെട്ടി, പൊരിവെയിലില്‍ കുന്നിന്റെ മുകളിലൂടെ ഞളുങ്ങിയ അലൂമിനിയപ്പാത്രങ്ങളില്‍ വെള്ളം കൊണ്ടുവരുന്ന പാവപ്പെട്ട സ്ത്രീകളെ എനിക്ക് കാണാന്‍പറ്റും. അവരുടെ മുഖത്തെ എത്ര കഴുകിയാലും മാറ്റമില്ലാത്ത ആ പ്രത്യേകഭാവം കറകെട്ടിയ വിലയില്ലാത്ത നാണയത്തുട്ടുകളെപ്പോലെയാണെന്നാണ് എനിക്ക് തോന്നാറ്. അവകൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. പക്ഷേ, വലിച്ചെറിയുമ്പോള്‍ എന്തായാലും കാശല്ലേ എന്ന് ആലോചിക്കും. അങ്ങനെതന്നെ മടക്കി വീണ്ടും മനസ്സിലേക്കിടും.
ആര്‍ഷഭാരതത്തില്‍ സ്ത്രീകള്‍ ബഹുമാന്യരാണ്. അമ്മ പറയും, സ്ത്രീ ലക്ഷ്മിയും സരസ്വതിയും ഒക്കെയാണ്. അതുകൊണ്ട് പുരുഷന്മാര്‍ നമ്മെ ദേവീ എന്നുവിളിച്ച് ആരാധിക്കുന്നു. എന്നിട്ട് മനുഷ്യരെപ്പോലെ നമുക്ക് വിശപ്പും ദാഹവും ഉണ്ടെന്നത് മറക്കുന്നു. കഷ്ടം നമുക്കൊക്കെ ദേവികളാകാമായിരുന്നു. നമ്മളെ ദേവികളാക്കാന്‍ തയ്യാറുള്ളവരുടെ ഇടയില്‍ മനുഷ്യന്മാരായിതന്നെ നാം തുടരുന്നതാണ് തെറ്റ്.
ഭര്‍ത്താവിന്റെ നേര്‍ത്ത ശ്വാസോച്ഛ്വാസം കേട്ടുകൊണ്ട് കിടക്കുമ്പോഴൊക്കെ അമ്മ പറയാറുള്ളത് ഞാനോര്‍ക്കും. എനിക്കത്ഭുതം തോന്നാറുണ്ട്. ധാരാളം പണവും ഒരു നല്ലഭാവിയും ഒക്കെ കാല്‍ക്കല്‍ കിടക്കുമ്പോള്‍ എന്തിനാണ് തന്നെ തന്റെ ഭര്‍ത്താവ് കല്യാണം കഴിച്ചത്? അദ്ദേഹം പറയാറുള്ളതുപോലെ, പെണ്ണ് ഭാരമാണ് എന്ന് തനിക്കും അറിയാം. കല്യാണം ആലോചിച്ചുവന്ന ആള്‍ക്കാര്‍ ഓരോരുത്തനും തന്നെ വിളിച്ചുനിര്‍ത്തി മുഖത്തും മാറിലും അരയിലും ഒക്കെ നോക്കി വിലയിരുത്തുമ്പോള്‍ തൊട്ടടുത്ത് പാടുപെട്ട് വരുത്തുന്ന ചിരിയുമായി ഉല്‍ക്കണ്ഠയോടെ നിന്നിരുന്ന അച്ഛന്റെ മുഖത്തുനിന്നും അത് മനസ്സിലായിട്ടുണ്ട്. കുട്ടിയൊക്കെ നന്ന്, പക്ഷെ കറുത്തുപോയി എന്നുപറഞ്ഞു ഇറങ്ങിപ്പോയ ഒരു കൂട്ടരുടെ പിന്നില്‍ മേശപ്പുറത്തുനിന്ന് തീറ്റസാധനങ്ങള്‍ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് മുകളിലേക്ക് കനത്ത അടികളോടെ നടന്നുപോയ അച്ഛന്റെ മുഖം ചിലപ്പോഴോക്കെ എന്റെ എല്ലാ മോഹങ്ങളേയും കനലാക്കിക്കൊണ്ട് മനസ്സില്‍ വളര്‍ന്ന് വരും. അപ്പോള്‍ ഞാന്‍ എന്റെ ഭര്‍ത്താവിന്റെ മുഖത്തു നോക്കി കുറ്റബോധത്തോടെ ചിരിക്കാറുണ്ട്. ഒരൊറ്റ പൈസയും ഇന്നുവരെ സമ്പാദിക്കാത്ത എനിക്ക് പൈസയുടെ വില കുട്ടിക്കാലം മുതലേ അറിയാമായിരുന്നു. അവനവന്റെ ചിറകുകളും മനസ്സും ആണ് അത്. കത്രിച്ചെടുത്ത ചിറകുകളും നിറം മങ്ങി മുഷിഞ്ഞ മനസ്സുകളും പകരം വാങ്ങി ഞങ്ങളെ ഊട്ടുകയും ഉടുപ്പിക്കുകയും ചെയ്യുന്ന പുരുഷന്‍ന്മാരോട് എനിക്കെപ്പോഴും നന്ദി തോന്നിയിട്ടുണ്ട്. ചന്തമുള്ള ആടയാഭരണങ്ങളില്‍ പൊതിഞ്ഞ് രക്തംപോലെ ചുകന്ന കുങ്കുമം നെറ്റിയിലും തൊടുവിച്ച് ബഹുമാന്യകളാക്കി കൈയില്‍ മുറുക്കിപിടിച്ച് ഞങ്ങളെ കൊണ്ടുനടക്കുന്നവരാണവര്‍ അപ്പോഴൊക്കെ ചിരിക്കാന്‍ ബാദ്ധ്യത ഞങ്ങള്‍ക്കുമുണ്ട്. കത്രിച്ചുകളഞ്ഞ ചിറകുകള്‍ ഞങ്ങളുടെ ആഡംബരമായിരുന്നു എന്ന് എനിക്കപ്പോള്‍ സമ്മതിക്കാം. നന്ദി സ്ത്രികള്‍ക്കായാലും വേണമല്ലോ.
വാസ്തവത്തില്‍, വിടര്‍ന്ന കണ്ണുകളും ഭംഗിയേറിയ മൂക്കും മാറ് നിറഞ്ഞ മുലകളും ഉള്ള ദേവിമാരായി വീട്ടില്‍ വെച്ച് ഞങ്ങള്‍ ആരാധിക്കപ്പെടുമ്പോള്‍ എല്ലാ പരാതികളും അപേക്ഷകള്‍പോലും അധികപ്പറ്റാണ്. എന്തൊക്കെയാണ് പുരുഷന്മാരില്‍ നിന്ന് പ്രതീക്ഷിക്കുക? ആണ്‍കുട്ടിയെ പ്രസവിപ്പിക്കാന്‍വേണ്ടി രണ്ടാമതും മൂന്നാമതും കല്യാണം കഴിച്ച സ്വര്‍ണ്ണക്കച്ചവടക്കാരനായ എന്റെ സുഹൃത്ത് ലാലാജിയുടെ ദുഃഖം എനിക്കും മനസ്സിലാവുന്നത് അതുകൊണ്ടാണ്. ലാലാജിയുടെ മൂന്നാമത്തെ കല്യാണത്തിന് ഞാനും പോയിരുന്നു. എന്റെ ഭര്‍ത്താവിന്റെ കൈ സന്തോഷത്തോടെ, അഭിമാനത്തോടെ പിടിച്ചു കുലുക്കി ലാലാജി. പിന്നെ വൈരക്കല്‍ മോതിരമിട്ട കൈ നരച്ച തലമുടിയിഴകളിലൂടെ തടവി അദ്ദേഹം ദുഃഖാകുലനായി: “നോക്കൂ” അദ്ദേഹം പറഞ്ഞു: “ഞാനെന്റെ ഭാഗ്യം മൂന്നാമതും പരീക്ഷിക്കയാണ്. ഇത്തവണയെങ്കിലും ദൈവം എന്നോട് കനിയണേ എന്നേയുള്ളൂ പ്രാര്‍ഥന. എനിക്ക് വയസ്സാവുകയാണ് മിസ്റ്റര്‍ നായര്‍. കുടുംബത്തില്‍ പെണ്‍വാഴ്ച്ച അശുഭമാണ്”.
ലാലാജിയുടെ പിന്നില്‍നിന്ന്, അന്ന്, മുതിര്‍ന്ന മൂന്നു പെണ്‍കുട്ടികളുടെ അമ്മയായ ആദ്യഭാര്യ നവവധുവിനെ കൈപിടിച്ച് ആനയിച്ചു. മനോഹരമായി തുന്നല്‍പ്പണി ചെയ്ത ചുകന്ന വസ്ത്രങ്ങളുടെ നേര്‍ത്ത മറയിലൂടെ അവരുടെ കണ്ണുകള്‍ ഏറ്റുമുട്ടി. ഏട്ടത്തിയുടെ മുഖത്ത്, കരിപിടിച്ച റാന്തലിലെ താഴ്ത്തിയ തിരിയുടെ വെളിച്ചംപോലെ തെളിഞ്ഞ ചിരിയില്‍ വധു തുറിച്ചുനോക്കിനിന്നു. തന്റെമേല്‍ അര്‍പ്പിക്കപ്പെട്ട ചുമതലയുടെയും ഭാരത്തിന്റെയും ഘനം അവള്‍ക്ക് പെട്ടെന്ന് പിടികിട്ടി എന്നു തോന്നി. പിന്നെ അവള്‍ ചിരിച്ചതേയില്ല. വലിയ പലഹാരപാത്രങ്ങളുടെ നടുവില്‍ വീട്ടിലെ എല്ലാറ്റിന്റെയും താക്കോല്‍ക്കൂട്ടം അരയില്‍ ബന്ധിച്ചുകൊണ്ട് രണ്ടാമത്തെ ഭാര്യ അനങ്ങാതെ നിന്നു. ലാലാജിയുടെ പിന്നില്‍, ആണ്‍കുട്ടിയെ പ്രസവിക്കാനായിക്കൊണ്ടു വന്ന അനിയത്തിയും വിരുന്നുകാരും മണിയറയിലേക്കു നടന്നപ്പോള്‍, അടുക്കളയിലെ ഒരിക്കലും തെളിയാത്ത ഇരുട്ടില്‍ ഏട്ടത്തിമാരുടെ കണ്ണുകള്‍ കരിങ്കല്‍ച്ചീളുകള്‍ പോലെ തിളങ്ങി. അവ എവിടെയെങ്കിലും ഒന്നുരസിയാല്‍, വെറുതെ ഒന്നുകൂട്ടിമുട്ടിയാല്‍, തീആളും, പടരും എന്ന് ഞാനോര്‍ത്തു. പേപ്പര്‍കിണ്ണങ്ങളും നാപ്കിന്‍സും അവരുടെ അടുത്തിരുന്ന് ഞാന്‍ അടുക്കിക്കൊണ്ടിരുന്നു. ദേഷ്യത്തോടെ പാത്രങ്ങള്‍ വലിച്ചെറിയുകയും              മേശവലിപ്പുകള്‍ ശബ്ദത്തില്‍ വലിച്ചുതുറക്കുകയും ചെയ്തുകൊണ്ട് ചുവന്നമുഖവുമായി നിന്ന ലുലു എന്ന രണ്ടാമത്തെ ഭാര്യ മുഖം മുഴുവന്‍ ഈറനാക്കിക്കൊണ്ട് പൊടുന്നനെ കരയാന്‍ തുടങ്ങി. ഇളകുന്ന അവരുടെ ചുമലുകളില്‍ തടവിത്തടവി ഞാനന്ന് മിണ്ടാതിരുന്നു.
“അമ്മ വന്നു കാണും”. മൂത്ത ഭാര്യ ധൃതിയില്‍ എഴുന്നേറ്റ് വാതിലുകള്‍ കൊട്ടിയടച്ചുകൊണ്ട് ദേഷ്യപ്പെട്ടു: “ഭര്‍ത്താവിന്റെ കല്യാണദിവസം കണ്ണുനിറക്ക്യേ? എന്താ നിനക്ക്?” അവര്‍ പിന്നെയും എന്തോ പറയാനോങ്ങി. പക്ഷേ, അതവിടത്തന്നെ നിര്‍ത്തി അവര്‍ തിരിഞ്ഞുനിന്നു. പുകഞ്ഞുനീറുന്ന തീക്കൊള്ളികളില്‍ നിന്ന് പെട്ടെന്നാളുന്ന ചെറിയ തീനാളം പോലെ അവരുടെ ചുണ്ടുകള്‍ വിറച്ചു. പിന്നെ, അതൊരു ചിരിയുടെ ഭാഗമാണെന്നപോലെ, തുടങ്ങിയ ചിരി മുഴുമിപ്പിച്ചേക്കാമെന്നു കരുതിയിട്ടെന്നപോലെ, അവര്‍ എന്റെ നേരെ നോക്കി. പക്ഷേ, ആ ചിരിയും അവര്‍ അന്ന് മുഴുമിപ്പിക്കയുണ്ടായില്ല.
അന്ന് ലാലാജിയുടെ വീട്ടില്‍നിന്ന് ഭര്‍ത്താവിന്റെ കൈപിടിച്ച് പുറത്തിറങ്ങിയതു മുതല്‍ പിന്‍തിരിഞ്ഞു നില്‍ക്കെ ആരോ പൊള്ളിച്ചുവിട്ട, ഒരിക്കലും മായാത്ത വടുപോലെ, എന്നെ പിന്‍തുടര്‍ന്നിരുന്ന അവരുടെ എല്ലാം മുഖത്തിനു നേരെ തിരിഞ്ഞുനിന്ന് ഞാനോര്‍ത്തു. ലാലാജി പറഞ്ഞപോലെ തലമുറകള്‍തോറും എല്ലാ പ്രഭാവങ്ങളോടുംകൂടെ ആണുങ്ങള്‍ വളര്‍ന്നുവന്നില്ലെങ്കില്‍ ശരിക്കും ഞങ്ങള്‍ക്കാരാണ് തുണ? മുതുകത്ത് പതിനഞ്ചു ദിവസമുള്ള കുട്ടിയേയും കെട്ടിവച്ച് എന്റെ വീട്ടില്‍ ജോലിക്കു വന്നിരുന്ന വീണ എന്ന പെണ്‍കുട്ടിക്കും അത് എളുപ്പത്തില്‍ മനസ്സിലാവും. ചൂടുവെച്ചുവരുന്ന വെയിലില്‍ മുറ്റത്തേയ്ക്ക് കയറ്റുകട്ടില്‍ വലിച്ചിട്ട് പകല്‍ മുഴുവന്‍ ഹുക്ക വലിച്ചിരിക്കുന്ന ഭര്‍ത്താവിന്റെ ആരോഗ്യവും സന്തോഷവും തനിക്ക് രക്ഷാബോധത്തോടെ അടച്ചു കിടക്കാവുന്ന കൂരയുടെയും തന്റെ  ശരീരത്തിന്റെയും കാവലിന് താന്‍ കൊടുക്കേണ്ട വിലയാണ്. സദാ പേടിച്ചും കുറ്റബോധത്തോടും കഴിയേണ്ട ചുറ്റുപാടില്‍ ഞങ്ങളുടെ കാവല്‍ക്കാര്‍ ഞങ്ങള്‍ക്ക് പരമ പ്രധാനങ്ങളാവാതെ വയ്യാല്ലോ.
~ഒരു ദിവസം ജോലിക്ക് വരുമ്പോള്‍ വീണയുടെ പുറത്ത് കുട്ടിയുണ്ടായിരുന്നില്ല.
“എവിടെ മകന്‍”? ഞാന്‍ ചോദിച്ചു. വിടര്‍ന്നു വരണ്ട കണ്ണുകള്‍ തുറിച്ച് വീണ എന്നെ തുറിച്ചു നോക്കിനിന്നു. അവളുടെ പാല്‍വന്നുകെട്ടിയ വലിയ മുലകള്‍ പെട്ടെന്നു ചുരന്നതും മുഷിഞ്ഞ ജാക്കറ്റിലൂടെ പാല്‍ കിനിഞ്ഞതും ഞാന്‍ കണ്ടു.
“ഭര്‍ത്താവെടുത്തുകൊണ്ടുപോയി”, വീണ പറഞ്ഞു. “അദ്ദേഹത്തിന്റെയാണല്ലോ അവന്‍! നമുക്ക്, പെണ്ണുങ്ങള്‍ക്ക് മക്കളുപോലുമില്ല, നമ്മുടേതായിട്ട്”. “പക്ഷേ, മേംസാബ്....” അവള്‍ തുടര്‍ന്നു: “പനിച്ചുപൊള്ളുകയാണവന്. കുട്ടിയുടെ കരച്ചില്‍ കേട്ട് ഞാന്‍ രാത്രി മുഴുവന്‍ പുറത്തിരുന്നു. പിന്നെ, രാവിലെ അദ്ദേഹം എഴുന്നേറ്റു മുഖം കഴുകുമ്പോള്‍ തെറ്റു പറഞ്ഞു അകത്തുകടക്കാം എന്നു കരുതി. അദ്ദേഹത്തിനുമില്യേ മനസ്സ്? കുട്ടിക്ക് ദാഹിക്കും എന്നറിയില്ലേ അദ്ദേഹത്തിന്. ഒന്നുമുണ്ടായില്ല. അവസാനം കുട്ടിയേയും കൊണ്ട് അദ്ദേഹം പുറത്തുകടന്നപ്പോള്‍ തലതല്ലിക്കരഞ്ഞുകൊണ്ടു ഞാന്‍ പിന്നാലെ ചെന്നു. കണ്ണടച്ച്, കരയാന്‍പോലുമാവാതെ, കിടക്കുകയാണ് അവന്‍. അവനു തൊണ്ട വരളുന്നുണ്ടാവും. എനിക്കതറിയാം. എന്റെ നിര്‍ത്താത്ത കരച്ചില്‍ കേട്ടായിരിക്കണം അദ്ദേഹത്തിന് വല്ലാതെ ദേഷ്യം വന്നു. ഞാനിനിയും പിന്നാലെ ചെന്നാല്‍ കുട്ടിയെ ചാലിലേക്കു വലിച്ചെറിയുമെന്ന് അവന്റച്ഛന്‍ പറഞ്ഞു. പിന്നെ ഞാനൊരടി മുന്നോട്ട് വച്ചില്ല. അദ്ദേഹം അതു ചെയ്‌തേക്കും മൂക്കത്താണ് ശുണ്ഠി. “എന്തെങ്കിലും വേഗം അവനു മേടിച്ചുകൊടുക്കൂ...” ഞാന്‍ വിളിച്ചു പറഞ്ഞു. “അവനു ദാഹിക്കുകയാണ്”. എന്നിട്ട് ഞാന്‍ നിന്നിടത്തു നിന്ന് ചാളകളുടെയും വേലിയുടെയും ഒക്കെ അപ്പുറത്തേക്ക് അവര്‍ മറയുന്നതുവരെ. പിന്നെയും ഇതാ ഇത്രനേരവും ഞാനവിടെ തന്നെ നിന്നു. മേംസാബ്, “ദൈവം എന്തിനേ പെണ്ണുങ്ങളെ ഉണ്ടക്കിയത്? എല്ലാവരേയും അദ്ദേഹത്തിന് ആണുങ്ങളാക്കാമായിരുന്നു.
കഥ പറയുന്നതുപോലെയായിരുന്നു വീണ പറഞ്ഞിരുന്നത്. വളരെ പെട്ടെന്ന്, ദൈവത്തിന്റെ മുഖം തൊട്ടുമുന്നില്‍ കണ്ടിട്ടെന്നപോലെ അവള്‍ നിര്‍ത്തി. അല്പനേരത്തിനുശേഷം, എന്റെ വലിയ മുറിയുടെ മൂലയ്ക്കല്‍ കുന്തിച്ചിരുന്ന് കരയാന്‍ തുടങ്ങി. ചുരന്നുപോയ മുലപ്പാല്‍ വടുകെട്ടിയ അവളുടെ ജാക്കറ്റും കണ്ണീരില്‍ നനഞ്ഞ മുഖവും ഞാന്‍ എന്റെ കസേരയില്‍ ചരിഞ്ഞിരുന്ന് കണ്ടു. ചെറിയ ഓളങ്ങള്‍പോലെ, പിന്നെ ശ്വാസം മുട്ടിക്കുന്ന തിരകളെപ്പോലെ അവയൊക്കെ എന്നെ വന്നുമൂടി.
“വീണ ഞാന്‍ കുറച്ചു ചായ തരട്ടെ?” അവസാനം മറ്റൊന്നും പറയാനില്ലാതിരുന്നതിനാല്‍ ഞാന്‍ ചോദിച്ചു.
കടയുന്ന, കല്ലിച്ച മുലളില്‍ നിന്നും ഒരു ഗ്ലാസ്സിലേയ്ക്ക് മുലപ്പാല്‍ പീച്ചിയെടുത്ത് അവള്‍ വേണ്ടെന്നു തലയാട്ടി.
അതുനോക്കി, ദൈവമേ എന്ന് ഏതു ദൈവത്തിനെയാണെന്ന് ഒരു പിടിയുമില്ലാതെ നിരാലംബയായി ഞാന്‍ വിളിച്ചു. “ഞങ്ങളുടെല്ലാം എത്ര ചിറകുകള്‍ വേണമെങ്കിലും ഞങ്ങള്‍ നിനക്കു തരാം. വീണയ്ക്ക് അവളുടെ കുഞ്ഞിനെ കൊടുക്കുക”. ദൈവം ഇന്നെന്നപോലെ എന്നും അപരിചിതനായിരുന്നു എനിക്ക്. പക്ഷേ, എന്റെ മുന്നില്‍കണ്ട ആരേയും വിളിച്ചു കരയാന്‍ വിശ്വാസമില്ലാതിരുന്നതിനാല്‍ ഞാന്‍ കാണാത്ത ദൈവത്തിനെ വെറുതെ വിളിച്ചുകൊണ്ടിരുന്നു. പിന്നെ, പതുക്കെപ്പതുക്കെ വീണയുടെ മുലപ്പാലും കണ്ണീരും ഇരുമ്പ് കുടിച്ച വെള്ളത്തെപ്പോലെ ഉള്ളിലേക്കു വലിഞ്ഞു. കെട്ടിനിന്നു വറ്റിയ മുലപ്പാലിന്റെയും ഉറഞ്ഞ കണ്ണീരിന്റെയും ഭാരം പേറി അവള്‍ ഭൂമിദേവിയെപ്പോലെ സര്‍വംസഹയായി.
“ക്ഷമയാ ധരിത്രി എന്നാണ് വേദവാക്യം”. ഒരു ദിവസം ഞാനവളോട് പറഞ്ഞു.
“എന്തേ പറഞ്ഞത്, മേംസാബ്?” വീണ ചിരിച്ചുകൊണ്ട് ചോദിച്ചു.
“സ്ത്രീ ഭൂമിദേവിയെപ്പോലെ ക്ഷമയുള്ളവളാവണം”. ഞാന്‍ പറഞ്ഞു: “മനുഷ്യരായ പുരുഷന്മാര്‍ക്കാണ് ശുണ്ഠിയും കാമവും മോഹവും ഒക്കെ. നാം ദേവികളാവേണ്ടവരാണ്. വീണ, പുരുന്മാര്‍ മനുഷ്യരായി ജനിച്ച് മനുഷ്യരായി മരിക്കുന്നു. നമ്മള്‍ മനുഷ്യരായി ജനിച്ച് ദേവികളാവേണ്ടവരാണ്. ”
ചൂലിന്റെ ചെറിയ കമ്പുകൊണ്ട് കാലിന്റെ തള്ളിവിരലിലെ നഖം വൃത്തിയാക്കുകയായിരുന്ന വീണ മൂളി.
“അവനെ ഒന്നു കണ്ടാല്‍ മതിയായിരുന്നു” അവള്‍ പറഞ്ഞു: “അവന്‍ നടക്കാന്‍ തുടങ്ങിയിട്ടുണ്ടാവും. ഇപ്പോള്‍ എന്നെ കണ്ടാല്‍ അവന്‍ തിരിച്ചറിയില്ല. ഞാനെടുക്കുമ്പോള്‍ അവന്‍ ഉറക്കെ കരയും”.
എന്റെ മിന്നുന്ന മേശയില്‍ സ്വന്തം പ്രതിബംബം നോക്കിയിരിക്കെ എനിക്കെല്ലാം സത്യമായി തോന്നി. മുത്തശ്ശി പറയാറുള്ളതുപോലെ നാമൊക്കെ ശീലാവതികളാവണം. ഭര്‍ത്താവിന്റെ ഇഷ്ടമാവണം നമ്മുടെ ഇഷ്ടവും. അല്ലെങ്കില്‍ ഒരു രാവിലെ നമ്മളെ അദ്ദേഹം വാതിലിനു പറത്തു നിര്‍ത്തിയാല്‍ എന്താണുണ്ടാവുക? ഉടുത്ത വസ്ത്രവും മായാന്‍ തുടങ്ങുന്ന ഒരു കുങ്കുമപ്പൊട്ടുമായി പാതയിലിറങ്ങി നിന്നാല്‍ എല്ലാവരും ആര്‍ത്തുചിരിക്കും. ചിതപോലെ കത്തുന്ന സൂര്യനു കീഴില്‍, ഈ തിരക്കില്‍ ആരോടാണ് ഞാന്‍ ചോറിനിരക്കുക? എന്റെ പാതിവ്രത്യം കണ്ട് മനസ്സലിഞ്ഞ് ഏതെങ്കിലും ഒരു ദൈവം ഒരക്ഷയപാത്രമോ, എല്ലാം സാധിപ്പിക്കുന്ന ഒരു വരമോ തന്നില്ലെങ്കില്‍ എന്റെ സ്ഥിതി ദയനീയമാവും. അതൊന്നുമല്ലെങ്കിലും ഇരക്കുവാന്‍ സ്ഥിരമായി ഒരു സ്ഥലമുണ്ടാവുന്നതാണ് നല്ലത്. എനിക്ക് വീണ്ടും എന്റെ ഭര്‍ത്താവിനോട് എന്തെന്നില്ലാത്ത ആദരവും ഭക്തിയും തോന്നി. തലയ്ക്കു മീതെ തണലും ഈകണ്ട ആഡംബരങ്ങളും ഒക്കെ ഞാന്‍ കൈനീട്ടി വാങ്ങുമ്പോള്‍ എന്റെ കൈയിലൊന്നുമില്ല തിരിച്ചുകൊടുക്കാന്‍. കണ്ണീരുപോലെ തെളിഞ്ഞ കുറച്ചു സ്‌നേഹമില്ലാതെ. പക്ഷേ, അത് ഞാനൊന്നിനും പകരം കൊടുക്കുന്നതല്ല. ആകെയുള്ള അതും എന്തിനെങ്കിലും വേണ്ടി കൈമാറിത്തുടങ്ങിയാല്‍ ഞാന്‍ ശരിക്കും തകര്‍ന്നുപോകും. ജനലിലൂടെ കാണുന്ന ഈ ലോകത്തെ എല്ലാം മറന്ന് ഞാന്‍ നോക്കിയിരിക്കുമ്പോള്‍ എനിക്ക് എന്റേതായി ഒന്നുമുണ്ടാവില്ല. അതുമല്ല എന്റെ ഭര്‍ത്താവ് ഒരിക്കല്‍ പറഞ്ഞതുപോലെ സ്‌നേഹിക്കുന്നതും സ്വാര്‍ഥതകൊണ്ടാണ്. ഞാന്‍ സ്‌നേഹിക്കുന്നത് എന്റെ സന്തോഷത്തിനാണ്. പിന്നെ ഞാനെന്താണ് വില്‍ക്കുക? ആകെ മൂടിവരുന്ന ഒരു തിരമാലപോലെ എന്റെ കടബാദ്ധ്യത എന്നെ ശ്വാസംമുട്ടിച്ചു. ഈ കടങ്ങള്‍ ഇനി മൂന്നു ജന്മം ജനിച്ചാലും തീരാത്തതാണ്. എന്റെ ഭര്‍ത്താവിന് ഇത്ര പണമില്ലായിരുന്നെങ്കില്‍, എന്റെ സാരികള്‍ക്കും വീടിനുമൊന്നും ഇത്ര വിലയില്ലാതിരുന്നെങ്കില്‍ എന്റെ കടമെങ്കിലും കുറെ കുറയുമായിരുന്നു. ആലോചിച്ചിരിക്കെ എന്റെ കടത്തിന്റെ വ്യാപ്തിക്ക് ഒരതിരുകളും ഇല്ലാതാവുന്നതു ഞാനറിഞ്ഞു. സ്ത്രീയ്ക്കു ക്ഷമയുണ്ടാവേണ്ടത് എന്തുകൊണ്ടാണെന്ന് എനിക്ക് ഒരു വെളിപാടുപോലെ പെട്ടെന്നു മനസ്സിലായി. ചുറ്റുപാടിനോടും മക്കളോടുപോലും അവള്‍ക്കു നന്ദി തോന്നേണ്ടതുണ്ട്. ഇത്രയും ലളിതമായ സംഗതികള്‍ മനസ്സിലാക്കാന്‍ എനിക്കിത്രയും ജീവിക്കേണ്ടിവന്നു എന്നതില്‍ എനിക്കുതന്നെ വല്ലാത്ത നാണം തോന്നി. വൈകിയ അവസരത്തിലാണെങ്കിലും അങ്ങനെയാണ് ഒരിക്കലും ഇമയാട്ടാനാവാത്ത കണ്‍പീലികളും ഒരിക്കലും വിറയ്ക്കാത്ത ചുണ്ടുകളുമായി, ജനിക്കുമ്പോള്‍ മനുഷ്യചിഹ്നമായി എനിക്കുണ്ടായിരുന്ന മനസ്സും ചിറകുകളും കൊടുത്ത്, പകരം പ്രസാദം കൊടുക്കാനുള്ള മഞ്ഞളും കുങ്കുമവും വാങ്ങി ആര്‍ഷഭാരത്തിലെ എല്ലാ മാന്യസ്ത്രീകളെയും പോലെ ഞാനും ദേവിയായത്.
***


കലങ്ങുന്ന പ്രതിബിംബങ്ങള്‍

ചെങ്കുത്തായ മലഞ്ചെരിവിലെ പൂക്കളെപ്പോലെ എന്നെ കുട്ടികള്‍ ഉന്മേഷവതിയാക്കുന്നു. പത്മ പറഞ്ഞു. ജീവിത്തിന്റെ ചുരുണ്ടുമടങ്ങിയ, നിവരാത്ത ചുളിവുകള്‍ക്കിടയിലെ ചിതറിയ കുന്നിക്കുരുക്കളെപ്പോലെയാണവര്‍. ഉപയോഗിച്ചുപയോഗിച്ച് നിറം മങ്ങിയ സാരിപോലെയുള്ള ജീവിതത്തിന്റെ പൊലിമയാര്‍ന്ന നിറങ്ങള്‍ കണ്ണിനുമുന്നില്‍വെച്ച് എവിടേക്കൊഴുകിപ്പോയെന്ന് അമ്പരന്നു നില്‌ക്കെ ചിലപ്പോഴെങ്കിലും ഞാന്‍ ആശ്വാസത്തോടെ ഓര്‍ക്കുക, ഞാനും ഒരിക്കല്‍ നിറപ്പകിട്ടാര്‍ന്ന ഒരു കുന്നിക്കുരു ആയിരുന്നു എന്നാണ്. ആശ്വാസം എന്നു തന്നെയല്ലേ അതിനു വാക്ക്? മുന്നിലേക്കു നോക്കാന്‍ എനിക്കറപ്പു തോന്നുന്നു.
അറപ്പ് എന്ന വാക്ക്, സത്യസന്ധമായി പറഞ്ഞാല്‍ പേടി എന്നു തിരുത്താനാണെനിക്കിഷ്ടം. ശാന്തമായ വൈകുന്നേരങ്ങളില്‍ തൊട്ടുതൊട്ടിരുന്ന് പുസ്തകം വായിക്കുന്നിടത്തു നിന്ന് മകള്‍ തിടുക്കത്തോടെ എഴുന്നേറ്റ് ഒരുങ്ങി ധൃതിയില്‍, അമ്മയോടൊന്നു കൈവീശാന്‍പോലും മറന്ന് കൂട്ടുകാരോടൊപ്പം ഇറങ്ങിപ്പോകുമ്പോള്‍ പത്മയുടെ മുഖത്ത് അറപ്പല്ല കാണാറ്. ശുദ്ധമായ പേടിയാണ്. കറുക്കാന്‍ തുടങ്ങുന്ന സന്ധ്യയുടെ മുഴുവന്‍ ഇരുളിനുമെതിരെ തിരിഞ്ഞു നിന്ന്, വൈകി വീട്ടിലെത്തുന്ന മറ്റുമക്കളുടെ നേരെ പത്മ കലമ്പല്‍ കൂട്ടും.
എവിടെയായിരുന്നു എല്ലാവരും? പത്മ ഉറക്കെച്ചോദിക്കും ഞാന്‍ കഥ പറഞ്ഞു തരാമെന്നു പറഞ്ഞത്, പാര്‍ക്കിലേക്കു പോകാമെന്നു പറഞ്ഞത് മറന്നുപോയോ? ഇനി അതൊന്നും ഇന്നു ഞാന്‍ ചെയ്തുതരില്ല.
കുട്ടികളുടെ മുഖത്തെ നേര്‍ത്ത അവഹേളനച്ചുവയുള്ള എതിര്‍പ്പുകള്‍, സ്വന്തം മുഖം നോക്കുന്ന കണ്ണാടിയിലെ പഴക്കച്ചുവയാര്‍ന്ന പുകമറയെ എന്ന പോലെ പത്മ അവഗണിക്കും നിത്യമായി. ദിനംപ്രതി വലുതാവുന്ന ചോര്‍ച്ചയില്‍ നിന്നെന്നപോലെ ഇറ്റുവീഴുന്ന എന്തോ ഒന്നിനെ എനിക്കു കീഴടക്കണം, പത്മ വിശദീകരണമെന്നപോലെ പറയാറുണ്ട്. ഈ തണുപ്പ് എന്നെ ആകെ പൊള്ളിക്കുന്നു.
“പെരുപ്പിച്ചു കാട്ടല്‍ അല്ലെങ്കിലും നിന്റെ പ്രകൃതമാണ്”; രഘു പറഞ്ഞു. “ജീവിതത്തിന് അതതു തലങ്ങളില്‍ അതിന്റേതായ പൂര്‍ണതയുണ്ട്. നിനക്കത് മനസ്സാവില്ല”. പത്മ ചീറി. അമ്പത്തിമൂന്നാമത്തെ വയസ്സില്‍ ലിപ്സ്റ്റിക്കിട്ട് കുണുങ്ങി നടന്നിരുന്ന അമ്മയെ ഞാന്‍ അറപ്പോടെ നോക്കിനിന്നിട്ടുണ്ട്. ചുളുങ്ങിയ തൊലിയില്‍ ഗ്ലിസറിന്‍ തേച്ച് അമ്മ മയപ്പെടുത്തും. അമ്മയുടെ പണക്കാരനായ കൂട്ടുകാരന്‍ എനിക്കു വാങ്ങിത്തന്ന ചുവന്ന പൂക്കള്‍ തലയില്‍ച്ചൂടി ഞാനന്ന് അലസമായി കസേരയിലിരിക്കും. ഒറ്റപ്പെടലിന്, തോല്‍വിക്കും ജയത്തിനുമെന്നപോലെ ഒരി പ്രത്യേക മണമുണ്ട്.  ഓക്കാനം വരുത്തുന്ന മണം.
നിരന്തരമായ സമ്പര്‍ക്കവും സാമീപ്യവും തേച്ചുമായ്ക്കുന്ന ബന്ധങ്ങളുടെ പൂര്‍ണമായ ചിത്രങ്ങള്‍ പൊടിതട്ടി മിനുക്കി മുന്നില്‍ കൊണ്ടുവന്നുവെച്ചു ചിരിക്കാന്‍ എപ്പോഴും നമുക്കാവില്ല.
പുതുമയുടെ കീറിനോവിപ്പിക്കുന്ന, ഒന്നാകെ തട്ടിയുണര്‍ത്തുന്ന മുള്ളുകളെപ്പറ്റി മോഹിച്ച്, ഒരു മോചനത്തിനെന്നപോലെ നഗ്നയായി, പാട്ടീലിന്റെ താലോലിക്കുന്ന കൈകള്‍ക്കു കീഴെ കിടന്നിരുന്ന തന്നെ പാട്ടീല്‍ ഒരപരിചിതയെ എന്നപോലെ ഉറ്റുനോക്കി. പാട്ടീലിന്റെ നഖങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ കറുത്ത ചളി ആയിരുന്നു. പക്ഷേ, അത് ആ നേരത്ത് പറയുക ക്രൂരതയാവും. ഞാനോര്‍ത്തു. അത്രയൊക്കെ കാരുണ്യം നമ്മള്‍ മറ്റുള്ളവരോടു കാണിക്കേണ്ടതുണ്ട്. തിളങ്ങുന്ന സ്യൂട്ടിനുകീഴില്‍ പൊടിനിറഞ്ഞ ഒരു മനസ്സാവും ഒരു പക്ഷേ പാട്ടീലിനുമുണ്ടാവുക. എന്റെ ശരീരത്തിലെ വികൃതമായ ചുളിവുകളെപ്പറ്റി അദ്ദേഹം പറയാത്തതും കരുണകൊണ്ടാവണം. ആവോ! രഘൂ, വിധി പറച്ചിലിന്റെ ഭാരമില്ലാതെ, നാളെയുടെയും പാട്ടീലിന്റെയും ഒന്നും മുഖം കാണാതെ അങ്ങനെ കിടക്കെ എനിക്ക് ജീവിത്തോടു വല്ലാത്ത പരിഭവം തോന്നി. അതോ സ്‌നേഹം എന്നാണോ പറയേണ്ടത്? വാക്കുകള്‍, നമ്മള്‍ സ്വയം ചിലത് വിശ്വസിപ്പിക്കുന്ന ബദ്ധപ്പാടില്‍ മാറി മാറി പറഞ്ഞു നോക്കുന്നുണ്ടാവണം. പത്മ വെറും ശുദ്ധമായ പേടിക്ക് അറപ്പ് എന്നു പറയുന്നതുപോലെ, വാര്‍ധക്യത്തിന്റെ ചുവയാര്‍ന്ന അലസതയ്ക്കു ഞാന്‍ ബുദ്ധിപരമായ വളര്‍ച്ച എന്നു പറയുന്നതുപോലെ. പക്ഷേ, മനസ്സിന്റെ താളുകള്‍ക്കിടയില്‍ അടുക്കിവെച്ച മയില്‍പ്പീലികള്‍ ജീവിതം ഓരോ തട്ടിപ്പും പറഞ്ഞ് തട്ടിയെടുക്കുമ്പോള്‍ എല്ലാം പ്രസക്തമാണ്. പാട്ടീലിന്റെ മേലാപ്പാര്‍ന്ന കിടക്കയും ആത്മഹത്യ ചെയ്യാന്‍ ഉറച്ച് കഴുത്തിലിറക്കിയ കുരുക്കും പിന്നെ ക്ലബിലെ വാച്ചുമാന്റെ കുട്ടിയെ രക്ഷിക്കാനുള്ള പണപ്പിരിവും ഒക്കെ അതെ. ഏതു ബന്ധത്തിന്റെയും അടിത്തറ സ്വന്തം സ്വാതന്ത്ര്യമാണെന്നു പ്രഖ്യാപിച്ച ചെറുപ്പക്കാരന്‍ ഞാന്‍ പാട്ടീലിന്റെ കൂടെ ഉറങ്ങിയതിന്, അമ്മയില്‍നിന്ന് തല്ലുകൊണ്ട കുട്ടിയെപ്പോലെ മുഖം കറുപ്പിച്ചത് അതുകൊണ്ടാണ്. സ്വാതന്ത്ര്യത്തിന്റെ അതിര്‍വരമ്പുകള്‍ അത്ര തിട്ടമാണോ എന്നു ചോദിച്ചാല്‍ ഒരുപക്ഷേ, എനിക്കുമുണ്ടാവില്ല മറുപടി. മുങ്ങാന്‍ പോകുന്നവന്റെ വയ്‌ക്കോല്‍ത്തുരുമ്പുകളാണ് കാരണങ്ങള്‍. ലോകത്തെ മുഴുവന്‍ കളിപ്പിച്ച് വീടിന്റെ പിന്‍പുറത്തെ ഗുദാമില്‍ ഒളിച്ചിരിക്കെ രഘു എന്നോട് ചോദിക്കുകയുണ്ടായി. ഞാനെന്താണ് രഘുവില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന്. ഉത്തരം രഘു പ്രതീക്ഷിച്ചിരുന്നില്ലെന്നത് ശരിതന്നെ. പക്ഷേ തൊണ്ടയിലൂടെ ഇറങ്ങുന്ന ഒരു തീത്തുള്ളി പോലെ അതെന്നെ പരവശയാക്കി. ഉത്തരം അന്നും ഇന്നും എനിക്കറിയില്ല. ഇതുവരെ കണ്ടിട്ടുള്ള ഒന്നല്ലാത്തതിനാല്‍ ഇനി കണ്ടാല്‍ തിരിച്ചറിയുമോ എന്നുമറിയില്ല. അതു കണ്ടുപിടിക്കുക എന്ന ചുമതലയാണോ, അസംബന്ധമാം വിധം ഞാന്‍ പ്രതീക്ഷിച്ചതെന്നുമറിയില്ല.
സ്വാഭാവികതയ്‌ക്കെതിരേയുള്ള ബാലിശമായ എന്റെ ചെറുത്തുനില്പിന്, നിത്യതയ്‌ക്കെതിരെയുള്ള എന്റെ പിടച്ചിലിന്, എല്ലാറ്റിനുമുപരി ആഞ്ഞുവീശി ഒരു വെള്ളപ്പുതപ്പുപോലെ എന്നെ ആകെ മൂടുന്ന ഭീതിക്ക് എല്ലാം ഉദാത്തമായ കാരണങ്ങള്‍ കണ്ടുപിടിക്കുകയാവണം ഞാന്‍. ഏകതാനതയ്ക്ക് കുത്തി മുറിവേല്പിക്കുന്ന ഒരു മുനയുണ്ട്, കണ്ണില്‍ വെള്ളം പൊടിപ്പിക്കുംവരെ അത് ആഴത്തില്‍പ്പോകും. കഴുത്തുവരെ വെച്ച് വെട്ടിയ മുടിയും തിളങ്ങുന്ന ലിപ്സ്റ്റിക്കും കാഞ്ചീപുരം സാരിയുമുള്ള പത്മ, ഗ്രാമ്യയായ ഒരു പെണ്‍കുട്ടിയെപ്പോലെ എന്റെ കാല്‍ക്കലിരുന്ന് മൂക്കു ചീറ്റി കരഞ്ഞപ്പോള്‍ ഞാന്‍ അമ്പരന്നുപോയിട്ടുണ്ട്. ആനന്ദ് എന്റെ മാറില്‍ തൊടുന്നതു കണ്ടുകൊണ്ടാണ് പത്മ അന്നു കടന്നുവന്നത്. ഒരു വലിയ പുസ്തകവുമായി ഞങ്ങളുടെ ഇടയില്‍ കടന്നിരുന്ന്, പത്മ ആനന്ദുമായി വര്‍ത്തമാനം തുടങ്ങി. എന്നെ അവഗണിച്ചുകൊണ്ടുതന്നെ.
“പത്മേ” അന്നു ഞാന്‍ പറഞ്ഞു: “ഇതാണു മോശം. മര്യാദകേട് ആനന്ദാണു കാട്ടിയത്”.
“എടീ തെണ്ടീ... ” പത്മ പക്ഷേ, പെട്ടെന്നു നിറുത്തി. പിന്നെ കത്തിമുനപോലെത്തെ കണ്ണുകള്‍കൊണ്ട് അവളെന്നെ നോക്കി. മിന്നിയിരുന്നത് ഒരു പക്ഷേ കണ്ണീരിന്റെ നനവാവണം എന്ന് ഇന്നെനിക്കു തോന്നുന്നു. പത്മ തറവാടി ആയിരുന്നു. ഈ വാക്കുകള്‍ പറയുന്നതിന് ഒരല്പം മുന്‍പുപോലും ഇത്തരം വാക്കുകള്‍ പത്മക്കറിയില്ലെന്നേ ഞാന്‍ വിശ്വസിക്കൂ.
പിന്നെ, അന്നുരാത്രി, ആനന്ദിന്റെ കാറില്‍ തൊട്ടുതൊട്ടിരിക്കേ, എന്റെ തുടയില്‍ കൈയമര്‍ത്തിവെച്ച് ആനന്ദ് നിറുത്താതെ വര്‍ത്തമാനം പറയവേ. ഞാന്‍ പറഞ്ഞു.
“മോഹനന്‍ ഇന്നുമുതല്‍ ഹോസ്റ്റലിലേക്കു താമസം മാറ്റി”.
“അവന്‍ വലുതായി നിര്‍മലെ, ആനന്ദ് പറഞ്ഞു. നിനക്കവനെ ഇനിയും മടിയില്‍വെച്ചു നടക്കാനാവില്ല”.
മുന്നില്‍, കല്ല് വന്നുവീണ കുളംപോലെ, ഏറെ പ്രതിബിംബങ്ങള്‍ ഒന്നാകെ കലങ്ങി. അതിന്റെ വക്കത്തുനിന്ന് ആനന്ദ് മനോഹരമായി ചിരിച്ചു. കൈയുയര്‍ത്തി എന്റെ ഉയര്‍ന്ന മാറിലമര്‍ത്തി.
“മരിച്ചിട്ട്...? ” പത്മ ചോദിക്കും. “ജീവിക്കുകയാണ് എനിക്കാവശ്യം”.
ആനന്ദിന്റെ കൈ ഞാന്‍ പതുക്കെ മടിയിലെടുത്തുവെച്ചു. പൊടുന്നനെ, പണ്ടുപണ്ട് നട്ടുച്ചയ്ക്ക് നാഗത്താന്മാരുടെ എല്ലാ ശാപങ്ങളെയും മറന്ന്, പൊള്ളുന്ന ചരല്‍ക്കല്ലുകള്‍ക്കുമീതെ അയിത്തമാര്‍ന്ന ചാമിയുമായി ഇണചേര്‍ന്നതുപോലെ ഒന്നിണചേരാന്‍, എല്ലാറ്റിനെയും ധിക്കരിച്ച് ആവേശത്തോടെ ഒന്നിണചേരാന്‍, കൊല്ലാന്‍ തോന്നിക്കുന്ന അതേ ദൈവം അതിന്റെ പേരും പറഞ്ഞ് പിന്നെ ശിക്ഷിക്കുന്നതെന്തിനാണെന്ന് കലണ്ടറിലെ ഗണപതിയോട് രോഷത്തോടെ ചോദിച്ചതുപോലെ ആരോടെങ്കിലും ഒന്നു ചോദിക്കാന്‍, ഒരു മയില്‍പ്പീലിക്കുവേണ്ടി ദിവസം മുഴുവന്‍ കരഞ്ഞപോലെ ഒന്നു കരയാന്‍ എനിക്കതിയായ കൊതിതോന്നി.
“ഏറെ ഏറെ ദൂരം നമ്മള്‍ നടന്നിരിക്കുന്നു”. കൈയിലെ മണല്‍ത്തരികള്‍ താഴത്തേക്കുതിര്‍ത്തുകൊണ്ട് ആനന്ദ് ഒരിക്കല്‍ പറഞ്ഞു. “തിരിഞ്ഞു നോക്കിയാല്‍ മയില്‍പ്പീലികള്‍ ഇനി കണ്ടെന്നുവരില്ല...”
“പത്മേ, ഇന്നു മാപ്പാക്കുക”. ടെലിഫോണ്‍ ബൂത്തിലെ നിശ്ശബ്ദതയില്‍ ആനന്ദിന്റെ ശബ്ദം പതുക്കെ മുഴങ്ങി, “സദാശിവന്‍ ലക്കില്ലാതെ റോഡില്‍ കിടപ്പാണ്. നിനക്കറിയാലൊ പുള്ളിയെ? ഓ. കെ. നാളെ രാവിലെ”.
“മരിച്ചിട്ട്” പാതി വലിച്ചു നിറുത്തിയ കര്‍ട്ടന്‍ അതേപടി നിര്‍ത്തി പത്മ എന്റെ നേരെ നോക്കി. “എന്നിട്ട്? എനിക്കു ജീവിക്കുകയാണ് വേണ്ടത്... ”
പത്മയുടെ കുട്ടികള്‍ ഞങ്ങളുടെ ചുറ്റും കലമ്പല്‍ കൂട്ടി. തിളക്കമാര്‍ന്ന ആ പുഞ്ചിരികള്‍ക്കിടയിലൂടെ കൈ നീട്ടി ഞാന്‍ പത്മയുടെ കൈയിലമര്‍ത്തി.
കാറില്‍ ഞാന്‍ ആനന്ദിനോടു വീണ്ടും ചേര്‍ന്നിരുന്നു. പുറത്തെ വെളിച്ചം ഒരു വടിവുപോലെ ആനന്ദിന്റെ മുഖത്തു വീണു കിടന്നു. തൊട്ടടുത്ത്, എന്റെ മാറിലും മനസ്സിലും ഉരസി ഇരിക്കുന്ന ഈ ആനന്ദിന്റെ മുഖം എന്തുകൊണ്ടാണ് എന്നെ അതിരില്ലാതെ പേടിപ്പെടുത്തുന്നതെന്ന് എനിക്ക് പൊടുന്നനെ മനസ്സിലായി. വാതിലിന്റെ താക്കോല്‍ ദ്വാരത്തില്‍ തിരിയുന്ന താക്കോലിന്റെ ശബ്ദം ഒരു മുഴക്കമായി അവസാനിക്കുമ്പോള്‍, വീട്ടിനകത്തെ അനാഥമായ ഇരുട്ട് നിലംതെറ്റിക്കുംവിധം ശക്തിയോടെ മനസ്സിലേക്കെത്തുമ്പോള്‍, പിന്നില്‍ ഒരാളുണ്ടാവുക ഒരാശ്വാസമാണ്. ഈയിടെ എന്റെ കൂടെ വാതില്‍ക്കല്‍ വരെ വരുന്നത് ആനന്ദ് മാത്രമാണ്. അതുകൊണ്ട് അയാളോട് വരരുതെന്നു ഞാന്‍ പറയില്ല.
കണ്ണാടിക്കു മുന്നില്‍ നില്‍ക്കെ, വെളുക്കാന്‍ തുടങ്ങിയിരുന്ന രണ്ടിഴകള്‍ ചെന്നിയില്‍ നിന്ന് ഞാന്‍ പൊട്ടിച്ചുകളഞ്ഞു. പിന്നെ കട്ടിലില്‍ കിടന്ന് എനിക്കിഷ്ടമുള്ള വെളുത്ത വിരിമാറ്റി, ആനന്ദിനിഷ്ടമുള്ള നീലവിരിപ്പു വിരിച്ചു.
“ഉറങ്ങുകയല്ല”, പാട്ടീല്‍ പറഞ്ഞിട്ടുണ്ട്. “തട്ടില്‍നോക്കി അന്തം വിട്ട് കിടക്കുകയാവും”. അല്ലെങ്കില്‍ ജപമാല കൈയിലെടുത്ത് എനിക്കും എന്റെ സൗഭാഗ്യങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയാവും എന്റെ ഭാര്യ”. “അതുകൊണ്ട്”? ഞാന്‍ ചോദിച്ചു.
“നിര്‍മലെ”, മലര്‍ന്നുകിടന്ന് പാട്ടീല്‍ അന്നും പറഞ്ഞു, “ശരിക്കും തെറ്റിനും സങ്കടത്തിനും സന്തോഷത്തിനും, എല്ലാറ്റിനുമുപരി എനിക്കും പകരം നില്‍ക്കാന്‍ എനിക്കീ ജീവിതമേയുള്ളൂ. അത് ഞാനായി ജീവിക്കാനേ എനിക്കാവൂ”.
***

ഇരുട്ടിന്റെ ജാലകം

 ഈ രാത്രിയില്‍ എന്റെ ജനാല വിരിയുടെ അപ്പുറത്ത് തുറിച്ചുനോക്കിനില്‍ക്കുന്ന ആകാശം പോലെയാകാറുണ്ട് ചിലപ്പോള്‍ എന്റെ മനസ്സ്. പുറം പൊറ്റന്‍ മൂടിയ ഒരു വലിയ  കുരുവാണ് ഈ ലോകമെന്ന് എനിക്കപ്പോഴൊക്കെ തോന്നും. ചുറ്റും പൂക്കള്‍ വിരിയുന്നുണ്ടെന്നറിയാതെ, തലയ്ക്കു മുകളില്‍ തണുത്ത കാറ്റ് വീശുന്നുണ്ടെന്നോര്‍മിക്കാതെ ഞാനെന്റെ കാലടികളില്‍ത്തന്നെ നോക്കിയിരിക്കും. ചവിട്ടിത്തള്ളിയ വഴിയില്‍ എന്റെ കാലടിപ്പാടുകളേയില്ല. പരിഭ്രാന്തിയോടെ. തേഞ്ഞുകൊണ്ടിരിക്കുന്ന എന്റെ കാലടികളിലും ഒന്നും അറിഞ്ഞിട്ടി ല്ലാത്തതുപോലെ ഉറങ്ങിക്കിടക്കുന്ന എന്റെ വഴിയിലും ഞാന്‍ കണ്ണുകള്‍കൊണ്ടു പരതും. പലരും നടന്നുപോയ ആ വഴിയുടെ മനസ്സില്‍ ഒരോളമുണ്ടാക്കാന്‍ എനിക്കായില്ലല്ലോ. പലരും പറഞ്ഞതുകേട്ട് കൈയും കാലും മനസ്സും കെട്ടി ഒതുങ്ങി നടന്നിട്ടും കാലടികള്‍ തേഞ്ഞു. വഴി ചിരിച്ചില്ല, ഒരിക്കലെങ്കിലും. ഞാനുമതെ. ഇതിനൊക്കെ പകരം ആദ്യം മുതലേ ധൈര്യത്തോടെ, കൈ വീശിവീശി കാലടികള്‍ അമര്‍ത്തിവെച്ച് എനിക്ക് നടക്കാമായിരുന്നു. എന്റെ കോലാഹലങ്ങള്‍ കേട്ട് വഴി കണ്‍പോളകള്‍ ഒന്നടര്‍ത്തി നോക്കിയെങ്കില്‍ എനിക്കിപ്പോള്‍ തേഞ്ഞ കാലടികളില്‍ നോക്കി, തുറിച്ചുനോക്കിനില്‍ക്കുന്ന മനസ്സിനു മുന്നില്‍ വെറുതെ ഇരിക്കേണ്ടിവരില്ല. എനിക്ക് ചിരിക്കാമായിരുന്നു. ഇപ്പോള്‍ എവിടെയാണതിനുള്ള ധൈര്യം? അല്ലെങ്കില്‍തന്നെ മനസ്സില്‍നിന്നും എന്തെടുത്താണ് ഞാന്‍ ചിരിയുണ്ടാക്കുക?
വെളുത്ത വിരിയില്‍ കിടന്നുറങ്ങുന്ന എന്റെ ഭര്‍ത്താവിന്റെയും കുട്ടികളുടെയും മുഖത്തായിരുന്നു. ഇതൊക്കെ ഓര്‍ക്കുമ്പോഴും എന്റെ കണ്ണുകള്‍. എന്റെ തേഞ്ഞ കാലടികള്‍ അവര്‍ തന്നെയാണ് എന്ന് എനിക്കുതോന്നിയിരിക്കണം. എനിക്ക് തലതിരിച്ചിലോളം എത്തുന്ന ഒരുതരം പേടി തോന്നി. പുറത്ത് കനത്ത് കറുപ്പിച്ചുനില്‍ക്കുന്ന ഇരുട്ട്. അകത്ത് വെളുത്ത വിരിയില്‍ ശാന്തരായുറങ്ങുന്ന എന്റെ കുട്ടികള്‍, ഭര്‍ത്താവ്. ഇവര്‍ക്കിടയില്‍ ഇരിക്കുമ്പോള്‍ എനിക്കെപ്പോഴും പേടിതന്നെയാണ് തോന്നാറ്. ഇവരിലാരെയാണ് എനിക്ക് തിരിഞ്ഞെടുക്കേണ്ടിവരിക? ഞാനോര്‍ക്കും. എന്റെ ഉള്ളിന്റെ ഉള്ള് ശുദ്ധമാക്കിക്കൊണ്ടു വരുന്ന ഒരു തുള്ളി കണ്ണീരിനു വേണ്ടി ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങും. ഈ കാത്തിരിപ്പ് തുടങ്ങിയിട്ടും ഒരുപാടു നാളായി. എന്നോടടുത്തവരോടൊക്കെ ഞാനിതു ചോദിച്ചിട്ടുണ്ട്. എവിടെ എന്റെ ആ കണ്ണുനീര്‍ത്തുള്ളി എന്ന്. പക്ഷേ എല്ലാവരും അവരവരുടെ കണ്ണുനീര്‍ത്തുള്ളിയുടെ തിരച്ചിലിലാണ്. ഒരെത്തും പിടിയുമില്ലാതെ നില്‍ക്കുന്നിടത്തുനിന്ന്, എന്റെ ജീവനെപ്പോലെ എന്നെ പിന്തുടര്‍ന്ന ആ പേടിയില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഞാനെന്റെ ഏറ്റവും ഇഷ്ടപ്പെട്ട കവിയുടെ കവിത വായിക്കാനിരിക്കും. ഒരിക്കലും അതൊന്നും നേരെയാവാറില്ല. ഞാന്‍ നോക്കിനോക്കിയിരിക്കെ. പിന്നില്‍നിന്ന് ഇരുട്ട് കവിതയെ അപ്പാടെ മൂടും. തൊട്ടടുത്ത് ഇരുട്ട് വിടാതെ കുടിപാര്‍ക്കുമ്പോള്‍ നമുക്കാര്‍ക്കും കവിതയും കുട്ടികളും ഒന്നും ഒരു രക്ഷയല്ല.
പതിവുപോലെ ഞാന്‍ കവിതാപുസ്തകം മടക്കിവച്ചു. ഒന്നിനുമില്ല ഒരു തുടക്കവും അന്ത്യവും. എവിടെയാണ് ഞാന്‍? ഒരു ഇടുങ്ങിയ മുറിക്കകത്ത് നാലുപാടും ഇരുട്ട് കാവല്‍നില്‍ക്കുന്ന ഒരു തുണ്ട് മങ്ങിയ വെളിച്ചത്തില്‍ ഈ വാചകം ഒരു മന്ത്രമെന്നപോലെ ഞാന്‍ പലതവണ പറഞ്ഞുനോക്കി. വാക്കുകളോരോന്നിനും അക്ഷരമില്ലാതായി. ശബ്ദത്തിനുമാത്രം അര്‍ഥമുണ്ടാവുന്ന നിമിഷംവരെ ഞാനതു പറഞ്ഞുകൊണ്ടേയിരുന്നു. കുട്ടികളുടെ താളക്രമത്തിലുള്ള ശ്വാസോച്ഛ്വാസം അതുതന്നെയാണ് പറയുന്നത്. ഞാന്‍ ചെവിടോര്‍ത്തു. നമുക്കൊക്കെ കരയാന്‍ തോന്നുന്ന അത്തരം നിമിഷങ്ങളില്‍, ജനല്‍ക്കമ്പികളില്‍ മുറുക്കിപ്പിടിച്ചുകൊണ്ട് ഞാന്‍ വെറുതെ നില്‍ക്കുകയാണ് പതിവ്. ആളുന്ന തീയുടെ ചൂടോടെ എനിക്കപ്പോള്‍ ഓര്‍മവരും, ആര്‍ക്കുവേണ്ടിയാണ് ഞാന്‍ കരയുക?
മടക്കിവച്ചിരുന്ന കവിത ഞാന്‍ വീണ്ടും കൈയിലെടുത്തു.
കാവടിയെടുത്ത നേര്‍ച്ചക്കാര്‍ വീട്ടുമുറ്റങ്ങളില്‍ തുള്ളുന്നതുപോലെ ഞാനുറക്കെ കവിത വായിച്ചു. ഇരുട്ടത്ത് വഴിനടക്കുമ്പോള്‍ കൈകൊട്ടി പാമ്പുകളെ അകറ്റാമെന്നു വ്യാമോഹിക്കുന്നതുപോലെയായി അത്. എന്റെ പിന്നില്‍നിന്നും ജനാലയ്ക്ക് പുറത്തുനിന്നും ഒക്കെ മനസ്സിലുണ്ടായിരുന്ന ഒരുപാട് തുളകളിലൂടെ ഇരുട്ട് എന്റെ അകത്തേക്കുതന്നെ വന്നു. കവിത വായിക്കുന്നതിന്റെ ശബ്ദം ഉറക്കെയാക്കി നോക്കി ഞാന്‍. പക്ഷേ, അകത്ത് ശാന്തമായ ഒരിരമ്പത്തോടെ നിറയുന്ന ഇരുട്ടിനെതിരെ എനിക്കൊന്നും ചെയ്യാനുമായില്ല. ഒരു നിയതമായ താളത്തോടെ, നിയതമായ ഈണത്തോടെ അത് നിറഞ്ഞു കൊണ്ടേയിരുന്നു. എന്റെ തറയും ചുമരുമൊക്കെ അതില്‍ ഒരു മയക്കത്തോടെ അലിയുന്നത് ഞാനറിഞ്ഞു. കവിതാപാരായണത്തിന്റെ ശബ്ദം ഞാന്‍ വീണ്ടും ഉച്ചത്തിലുച്ചത്തിലാക്കി. അപ്പോഴാണ് ഭര്‍ത്താവ് ഉണര്‍ന്നത്.
“എന്നെ എന്നെ കൂട്ടിപ്പിടിക്കൂ”, ഞാന്‍ പറഞ്ഞു. “ഞാനിപ്പോള്‍ കുതിര്‍ന്ന് കുതിര്‍ന്ന് തീരും”.
പാതിയുറക്കത്തില്‍ ഭര്‍ത്താവ് എന്നെ അടുത്ത് ചേര്‍ത്തുകിടത്തി അദ്ദേഹത്തിന്റെ മാറില്‍ മുഖം ചേര്‍ത്ത്, ഒരു ചെറിയ കുട്ടിയെപ്പോലെ കിടന്നുനോക്കി ഞാന്‍. പക്ഷേ, മനസ്സിലെ നിരന്ന തുളകളിലൂടെ നിറയുന്ന ഇരുട്ട്, എന്നില്‍ നിറഞ്ഞുകൊണ്ടിരുന്നത് അദ്ദേഹത്തിന്റെ ഹൃദയമിടിപ്പിന്റെ അതേ താളത്തിലായിരുന്നു. വല്ലാത്ത അമ്പരപ്പോടെ ഞാന്‍ പിടഞ്ഞെഴുന്നേറ്റു. മുന്‍പത്തെപ്പോലെതന്നെ, ആകാശം കണ്ണുകളെടുക്കാതെ എന്നെ തുറിച്ചുനോക്കി നില്‍ക്കുകയാണ്. എന്റെ മേല്‍ച്ചുണ്ടിലും നെറ്റിയിലുമൊക്കെ വിയര്‍പ്പു പൊടിഞ്ഞു. മേശപ്പുറത്തിട്ട കവിതാ പുസ്തകത്തിലും കുട്ടികളുടെ മുഖത്തും ഭര്‍ത്താവിന്റെ മുഖത്തും ഞാന്‍ മാറി മാറി നോക്കി. അവര്‍ക്കിടയിലൂടെ ഒരു വഴി പുറത്തേക്കുണ്ടോ എന്നാണ് ഞാന്‍ നോക്കിയിരുന്നത്. എല്ലാ വഴികളും എന്റെ കിടപ്പുമുറിയില്‍നിന്നുള്ള ബാല്‍ക്കണിയിലേക്കായിരുന്നു. അവിടെ അപ്പോഴും ഇരുട്ടാണ്. അതൊട്ടും എനിക്ക് വഴിമാറിത്തന്നില്ല. എനിക്ക് വാശിയും ദ്വേഷ്യവും പേടിയും ഒക്കെ തോന്നി. ഇതെല്ലാം പേറി എങ്ങോട്ടാണ് ഞാന്‍ നടക്കുക? എന്റെ തേഞ്ഞ കാലടികള്‍ കാണുമ്പോള്‍, പിന്നില്‍ അലകളും രോമാഞ്ചങ്ങളും ഇല്ലാതെ വിളര്‍ത്തുകിടക്കുന്ന എന്റെ വഴി കാണുമ്പോള്‍ അല്ലെങ്കിലേ എനിക്ക് ക്ഷീണം തോന്നുന്നുണ്ട്. മനസ്സില്‍നിന്ന് ഒരു ചെടി പറിച്ചുനട്ട് ഒരു പൂവെങ്കിലും വിടര്‍ത്താന്‍ എനിക്ക് പറ്റിയില്ല. ഇനി ഉണങ്ങിയ  വേരുകളും കൊമ്പുകളും പേറി എവിടേക്കാണ് നടക്കുക? ബാല്‍ക്കണി മുഴുവനും അതിനു പുറത്തും അങ്ങേയറ്റംവരെയും ഇരുട്ടാണ്. ഇവര്‍ക്കിടയില്‍, പക്ഷേ, ഞാനിതും പേറി ഇരിക്കാന്‍ തുടങ്ങിയാല്‍ അവര്‍ക്കും അതിന്റെ ഭാരം തോന്നിത്തുടങ്ങും.
ഈ ചിന്ത എന്നെ എന്തെന്നില്ലാതെ അരിശം പിടിപ്പിച്ചു. പകയും വീറും ദേഷ്യവും ഒക്കെ എന്റെ ഉള്ളില്‍ പതഞ്ഞുവന്നത് അങ്ങനെയാണ്. “നോക്കൂ. എന്നെ മുഴുവനായും ഞാന്‍ നിനക്ക് ഹോമിക്കാം”. ഞാന്‍ പറഞ്ഞു. “പക്ഷേ, ഇവരുടെ അടുത്തുകൂടി പോകാന്‍ ഞാന്‍ നിന്നെ അനുവദിക്കുകയില്ല”.
പൊടുന്നനെ, എന്റെ ഈ മുറി ലോകത്തിലേക്ക് വച്ചേറ്റവും ചെറുതാണെന്ന് എനിക്കുതോന്നി. ഞാന്‍ കൈയൊന്നനക്കിയാല്‍ എന്റെ മനസ്സിലെ ഇരുട്ടും കറുപ്പും മുഴുവന്‍ ഞാനെന്റെ കുട്ടികളുടെമേല്‍ തട്ടിത്തൂവും. ശബ്ദമുണ്ടാക്കാതെ, ശ്രദ്ധയോടെ, വളരെ സാവധാനത്തില്‍ പുറത്തേക്ക് കടന്നുനില്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചത് അതുകൊണ്ടാണ്. പുറത്ത് പക്ഷേ, എന്റെ ചെറിയ മകളുടെ പാവക്കുട്ടി ഇരുട്ടിലും തണുപ്പിലും ഒറ്റയ്ക്ക്, ആരും തുണയ്ക്കില്ലാതെ, കിടന്നിരുന്നു. മുറിയില്‍നിന്ന് പുറത്തേക്ക് എന്റെയൊപ്പം വരാന്‍ ശ്രമിച്ച ഒരു കീറ് വെളിച്ചത്തില്‍ ഞാനതിന്റെ അടഞ്ഞ കണ്ണുകള്‍ കണ്ടു. നേര്‍ത്ത കണ്‍പീലികള്‍ക്കു താഴെ, ചായം പൊളിഞ്ഞുപോയതുകാരണം ഒരു പ്രത്യേക മട്ടിലായിരുന്നു അതിന്റെ ചുണ്ടുകള്‍. പൊട്ടിവന്ന കരച്ചില്‍ എന്തിനെയോ കണ്ട് പേടിച്ച് അമര്‍ത്തിവെച്ചപോലെയായിരുന്നു അത്. ഞാന്‍ വേഗം, ഏറ്റെടുക്കുന്ന മട്ടില്‍, പാവക്കുട്ടിയെ കയ്യിലെടുത്തു. ചെറിയ കണ്ണുകള്‍ അത് പൊടുന്നനെ തുറന്നു. ഞാന്‍ പതുക്കെ ചിരിച്ചുനോക്കി. പാവക്കുട്ടിയുടെ ചുണ്ടുകള്‍ പക്ഷേ, പഴയമട്ടില്‍ത്തന്നെ ഇരുന്നു. മുന്നിലെ ആകാശം പോലെത്തന്നെ, കണ്ണുകള്‍ തുറന്നുവെച്ച് എന്റെ മുഖത്തേക്കു തന്നെ നോക്കുകയാണ് പാവക്കുട്ടിയും എന്ന് എനിക്കപ്പോഴാണ് മനസ്സിലായത്. അതിന്റെ കണ്ണുകള്‍ക്ക് ചൂടുണ്ടെന്നും എന്നെ അന്വേഷിച്ചെത്തിയ രണ്ട് തീക്കട്ടകളാണവയെന്നും ഒക്കെ എനിക്കു തോന്നി. അവയ്ക്കു മുന്നില്‍ അധികം നേരമിരിക്കാന്‍ എനിക്കാവില്ല. പാവക്കുട്ടിയെ വേഗം മേശപ്പുറത്തുവെച്ച് ഞാന്‍ വീണ്ടും കവിതാപുസ്തകം കയ്യിലെടുത്തു. നേര്‍ത്ത ഇരുണ്ട നിറമുള്ള ആ കണ്ണുകളില്‍ നിന്നും രക്ഷപ്പെടാനെന്നപോലെ ഞാന്‍ ജനാലയുടെ അറ്റംവരെ ചെന്നു. ജനാലയുടെ പുറത്ത് ആകാശം മുന്‍പിലത്തെ അതേപോലെ വിലങ്ങടിച്ച് നില്‍പ്പാണ്. വേഗം ജനല്‍പ്പാളികള്‍ അമര്‍ത്തിയടച്ച് ഞാനെന്റെ കാല്‍ക്കല്‍ കിടന്നിരുന്ന ചെറിയ സ്റ്റൂളിലിരുന്നു. പിന്നില്‍ ഇറക്കി വെയ്ക്കാനൊരിക്കലും എനിക്കാവാത്ത കണ്ണുകള്‍. മുന്നില്‍ വളരെ അടുത്ത് എനിക്കെപ്പോള്‍ വേണമെങ്കിലും തുറക്കാവുന്ന വാതില്‍. അല്പം മുന്‍പ് പുറത്തേക്കൊഴുകാന്‍ തുടങ്ങിയിരുന്ന ഇരുട്ട് ഒരു വല്ലാത്ത ശബ്ദത്തോടെ എന്റെ ഉള്ളില്‍ ഉറഞ്ഞു. കട്ടപിടിച്ച ഇരുട്ടിനറ്റത്ത് വാതിലിന്റെ വൃത്തിയുള്ള വെളുപ്പില്‍ നോക്കിയിരിക്കെ എനിക്കെഴുന്നേല്ക്കാനാവത്ത ക്ഷീണം തോന്നി. എന്തെന്നില്ലാത്ത പേടിയും. സര്‍വശക്തിയുമെടുത്ത് എന്റെ കയ്യിലെ പുസ്തകം ഞാന്‍ പാവക്കുട്ടിയെ ലക്ഷ്യമാക്കി എറിഞ്ഞതങ്ങനെയാണ്. പാവക്കുട്ടി ഒരു ശബ്ദത്തോടെ നിലത്തുവീണു. പെട്ടെന്ന് അടഞ്ഞുപോയ ചെറിയ കണ്ണുകളിലും, ഒടിഞ്ഞതുപോലെ മടങ്ങിക്കിടന്ന കാലിലും ഞാന്‍ ഒരുപാട് നേരം നോക്കിനിന്നിരിക്കണം. അണപൊട്ടിയപോലുള്ള എന്റെ ശ്വാസത്തിന്റെ ശബ്ദം, മഴച്ചാറലേറ്റ് അണയുന്ന ഒരു ചാരക്കൂമ്പാരം പോലെ പതുക്കെപ്പതുക്കെ താഴ്ന്നുവന്നു. നനഞ്ഞ ഒരുപിടി വെണ്ണീറുപോലെ ഞാന്‍ എന്റെ മുറിയില്‍ പിന്നെയും ബാക്കിയായി.
***

ചില നക്ഷത്രങ്ങള്‍ മാത്രം

ആറാതെ, ഒരു തീക്കനല്‍പോലെ നില്‍ക്കുന്ന സൂര്യന്‍. മുറ്റമടിച്ചുതീര്‍ന്ന ചൂല്‍ കോലായുടെ മുക്കില്‍ ചാരിവെയ്ക്കുമ്പോള്‍ സുമിത്ര വിചാരിച്ചു... ലക്ഷ്മി ചുറ്റുവിളക്കിനുപോയിക്കഴിഞ്ഞിരിക്കും. അതുകൊണ്ട് ഇന്ന് ദിനേട്ടനു കുളിക്കാനുള്ള വെള്ളവും  കോരിവെയ്ക്കണം. കുളിമുറിയില്‍ രാവിലെ നിറച്ച വെള്ളം ദിനേട്ടനിഷ്ടമല്ല. അല്ലെങ്കില്‍ ലക്ഷ്മി രാവിലെ പുറമുറ്റമടിക്കാന്‍ വന്നപ്പോള്‍ അവളോട് പറയാമായിരുന്നു. പക്ഷേ, നാലണ ജാസ്തി കൊടുക്കേണ്ടിവരും.
ദിനേട്ടന്‍ വരാറായതുകൊണ്ട് ഇനി ഇപ്പോള്‍ മേല്‍ കഴുകാന്‍ പോയാല്‍ ശരിയാവില്ല. കാല്‍ കഴുകുന്നതിനു മുമ്പെ തന്നെ കാപ്പി അടുത്തെത്തിയില്ലെങ്കില്‍ ദിനേട്ടനു ദേഷ്യം വരും. പിന്നെ എല്ലാം തകരാറിലാവും. ഭര്‍ത്താവിന് കുളിക്കാനുള്ള വെള്ളം കോരിക്കഴിഞ്ഞില്ലെന്നത് സുമിത്രയ്ക്ക് പെട്ടെന്നാണോര്‍മവന്നത്. ദിനേട്ടന്‍ കുറച്ചു വൈകിവന്നാല്‍ മതിയായിരുന്നു... കിണറിന്റെ വക്കത്തേക്ക് ധൃതിയില്‍ ഓടുമ്പോള്‍ സുമിത്ര വിചാരിച്ചു.
മണ്‍തൊട്ടിയുടെ വക്ക് കവിഞ്ഞൊഴുകുന്നതുവരെ വെള്ളം കോരി. മുതുക് വല്ലാതെ വേദനിക്കുന്നു. പറയുമ്പോഴൊക്കെ ദിനേട്ടന്‍ ചിരിക്കും. എന്നിട്ടു പറയും, “വെറുതെ ഇരുന്നാല്‍ എല്ലാവര്‍ക്കും തോന്നും ഇങ്ങനെ ഒരോ വേദന”. കറുത്ത വരകള്‍ നിറഞ്ഞ മൊരച്ച കൈപ്പടങ്ങള്‍ വിടര്‍ത്തി സ്വയം നോക്കി നില്‍ക്കെ അവള്‍ ഓര്‍ത്തു. ഈ കറുത്ത വരകള്‍ ദിനേട്ടന്‍ ഇതുവരെ കണ്ടിട്ടില്ല. ദിവസങ്ങളില്‍ വീണുകൊണ്ടിരിക്കുന്ന കറുത്ത വരകള്‍ പോലെ തന്നെ.
നീരുവലിയാനിട്ട ഉപ്പേരി കരിഞ്ഞേക്കുമോ എന്ന പേടിയോടെ വേഗം സുമിത്ര അടുക്കളയിലേയ്ക്കു നടന്നു. പിന്നെ മുടി വേറെടുത്തുകെട്ടാന്‍ കോലായിലേക്കു തന്നെ വന്നു. ദിനേട്ടന്‍ വരുന്നില്ല. പറഞ്ഞ സമയം കഴിയാറാവുന്നു.
പുറത്തു വഴിയിലൂടെ കടുംനിറങ്ങളുള്ള വസ്ത്രങ്ങള്‍ ധരിച്ച് ആളുകള്‍ കൂട്ടംകൂട്ടമായി ചിറ്റുവിളക്കിന് പോകുകയാണ്. കുട്ടിക്കാലത്ത്, നുണപറഞ്ഞാല്‍ സ്വപ്നത്തിലൂടെ വന്ന് ഭയപ്പെടുത്തുന്ന രൂപമായിരുന്നു ഭഗവതിക്ക്. ജനങ്ങള്‍ ഭയപ്പെടുന്ന, സന്ധ്യപോലെ മനോഹരിയായ ഈ ഭഗവതി തന്നെപ്പോലത്തെ ഒരു സ്ത്രീയാണെന്ന് പക്ഷേ ഇന്നുവരെ വിശ്വസിക്കാനായിട്ടില്ല. ചുകന്ന ബ്ലൗസും മഞ്ഞ സാരിയും ധരിച്ച്. സുമിത്ര ഓര്‍ത്തു. ഈ നടക്കുന്നവരില്‍ ഒരാളെപ്പോലെ ഒന്നുറക്കെ കൈവീശി പാതയിലൂടെ ഇറങ്ങി നടക്കാന്‍ കൊതി തോന്നും. പക്ഷേ ദിനേട്ടനിഷ്ടമല്ല. “ആ നേരം മാറാല തട്ടേം, അലമാറ തുടയ്‌ക്കേം ഒക്കെ ചെയ്താല്‍ അതുണ്ട്... ” ദിനേട്ടന്‍ പറയും. “പെണ്ണുങ്ങള്‍ക്ക് വീട്ടിനകത്താണ് സ്ഥലം. ചെണ്ടപ്പുറത്ത് കോലുവച്ചിടത്തൊക്കെ എത്തിക്കുഴഞ്ഞാടണംന്ന് വെച്ചാല്‍ നിന്റെ വീട്ടില്‍ പോയിട്ട് മതി”. കഴിഞ്ഞകൊല്ലം ഗ്രാമത്തിലെ അമ്പലത്തിലെ ചിറ്റുവിളക്കിനു പോയ്‌ക്കോട്ടെ എന്നു ചോദിച്ചപ്പോള്‍ ദിനേട്ടന്‍ പറഞ്ഞു. കുഴഞ്ഞാടുക എന്ന വാക്ക് വളരെക്കാലം മനസ്സില്‍നിന്നു, എത്ര കഴുകിയിട്ടും പോകാത്ത ഒരു കറപോലെ. പിന്ന അതു മറന്നതായിരുന്നു, ഇപ്പോള്‍ എന്തേ അത് ഓര്‍മവരാന്‍... ആവോ.
ദിനേട്ടന്‍ ഇനിയും വന്നിട്ടില്ല. ഇനി വന്ന് കാപ്പി കുടിച്ച് പുറപ്പെടുമ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങും. പിന്നെ പോകേണ്ടെന്ന് പറഞ്ഞാല്‍...? സുമിത്രയ്ക്ക് പെട്ടെന്ന് വല്ലാത്ത ക്ഷീണം തോന്നി. പറഞ്ഞാല്‍...? ആവോ!  പിന്നെ തനിക്കറിഞ്ഞുകൂടാ. കാലിലൂടെ അരിച്ചുകയറുന്ന തണുപ്പ് പക്ഷേ, ഈ അറിഞ്ഞുകൂടായ്മയാണ്. ചുമരില്‍ പിടിച്ചുകൊണ്ട് ഉമ്മറക്കല്ലിലേക്ക് ഏന്തിനിന്ന ചെമ്പരത്തിയുടെ നിഴലിനോട് അവള്‍ പെട്ടെന്നു പറഞ്ഞു: “നോക്കൂ, ദിനേട്ടന്‍ ഇനിയും വന്നില്ല”.
കണ്ണാടിയുടെ മുന്നില്‍ നിന്ന് മുടി ചീകുമ്പോഴും സാരിയുടെ ഞൊറികള്‍ ശരിപ്പെടുത്തുമ്പോഴും തലേദിവസം ചെട്ടിച്ചിയുടെ കൈയില്‍ നിന്നു മേടിച്ച കുപ്പിവളകള്‍ പതുക്കെപ്പതുക്കെ കൈയിലിടുമ്പോഴും സുമിത്ര പറഞ്ഞു: നോക്കൂ, “ദിനേട്ടന്‍ ഇനിയും വന്നില്ല”, വെയില്‍, വാടാന്‍ തുടങ്ങുന്ന ജമന്തിയുടെ മങ്ങിയ വാസനപോലെ പിന്‍ മുറ്റത്തെ വെണ്ടച്ചെടികള്‍ക്കുമീതെ നില്‍ക്കുന്നു. മുറ്റത്തെ റോസിലെ പൂചൂടി, ദിനേട്ടന്‍ കല്യാണം കഴിഞ്ഞ ഉടനെ തന്ന ഭംഗിയുള്ള ചെറിയ മോതിരം ഇട്ട് വീണ്ടും കണ്ണാടിക്കുമുന്നില്‍ വന്നു, സുമിത്ര.
വയറ് വലുതാവാന്‍ തുടങ്ങിയിരിക്കുന്നു. ദിനേട്ടനോട് നുണ പറയരുതായിരുന്നു. ചിറ്റു വിളക്കിനു പോകാന്‍ പക്ഷേ മറ്റ് യാതൊരു വഴിയും കണ്ടില്ല. സന്തതിക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയാണതെന്നു പറഞ്ഞപ്പോള്‍ ദിനേട്ടന്‍ ഒരു നിമിഷം തുറിച്ചുനോക്കി, പിന്നെ മൂളി. വാസ്തവത്തില്‍ ഓടുകൊണ്ടുള്ള ചെറിയ നിലവിളക്ക് ഭഗവതിക്ക് അപ്പോഴാണ് പ്രാര്‍ഥിച്ചത്. പെട്ടിക്കടിയില്‍ നിന്നു ചെറിയ നിലവിളക്കെടുത്ത് സാരിയുടെ ഞൊറിയുടെ ഉള്ളിലേക്കു തിരുകുമ്പോള്‍ സുമിത്ര വീണ്ടും പറഞ്ഞു. “നോക്കൂ, ദിനേട്ടന്‍ ഇനിയും വന്നില്ല”.
കോലായില്‍ വീണ്ടും വന്നുനിന്നു. റോഡിലെ ബഹളം കൂടിയിട്ടുണ്ട്. കൈയിലെ ബലൂണ്‍ പൊട്ടിപ്പോയതിന് ഉറക്കെക്കരയുന്ന കുട്ടിയെ തല്ലി ശാസിക്കുന്ന അമ്മ. നെറ്റിയില്‍ ചന്ദനക്കുറിയും തലയില്‍ നിറയെ ജമന്തിപ്പൂക്കളും മുഖം നിറയെ സന്തോഷവുമായി തിരക്കിട്ടു വരുന്ന പെണ്‍കുട്ടികള്‍. അവര്‍ക്കു പിന്നില്‍ കുറെ ചെറുപ്പക്കാര്‍. അതില്‍ ഒരാള്‍ കൈകാട്ടി അവളെ വിളിച്ചു. അവള്‍ വേഗം കോലായില്‍ നിന്നു മാറി അകത്തേക്കുനിന്നു. ആള്‍ക്കാര്‍ കൂട്ടത്തോടെ പിന്നെയും വന്നുകൊണ്ടിരുന്നു. കഴുത്തില്‍ കുടമണി കെട്ടിയ ചെറിയ ആനക്കുട്ടി, ബലുണ്‍കാരന്‍, വളക്കാര്‍, പിന്നെയും ആള്‍ക്കാര്‍, ചിരി. കുട്ടിയായിരിക്കുമ്പോള്‍ അമ്മയുടെ കൈപിടിച്ച് വേലയ്ക്കു പോകുമ്പോള്‍ അമ്മ ചോദിക്കും: “സുമിക്ക് പീപ്പീം ബലൂണും പിന്നെ എന്തൊക്ക്യാ വേണ്ടത്”? ഒരിക്കല്‍ നീലനിറത്തിലുള്ള ബലൂണ്‍ കിട്ടാത്തതിന് ഒരു രാത്രി മുഴുവന്‍ കരഞ്ഞിട്ടുണ്ട്.
പിന്നെയും കുറച്ചു കഴിഞ്ഞാണ് സുമിത്രയ്ക്ക് മനസ്സിലായത്. മുന്നില്‍ തിരക്കു കുറഞ്ഞ നീണ്ട പാതയാണുള്ളതെന്ന്. അതിനു മുകളില്‍ നേര്‍ത്തചാരനിറത്തിലായി ഇരുട്ട്. കണ്ണുകള്‍ തന്നിലേക്കു തിരിച്ചു വരുന്ന വഴിക്കെല്ലാം ഇരുട്ടുണ്ടായിരുന്നു. കല്പടവില്‍, ഉമ്മറക്കോലായില്‍, നേരെ തന്റെ കാല്‍ക്കീഴില്‍.
കുറച്ചുനേരം കൂടി അവിടെ നിന്ന് പിന്നെ ഉമ്മറവാതില്‍ ചാരി ഇടനാഴിയിലേക്കു നടന്നു, സുമിത്ര. നിലവിളക്കു കൊളുത്തി ഉമ്മറത്തുവെയ്ക്കുമ്പോള്‍ തൊട്ടുമുന്നിലെ ഇരുട്ടിനോട് അവള്‍ ചോദിച്ചു: ദിനേട്ടന്‍ എന്താണ് വരാത്തത്?
നമശ്ശിവായ ചൊല്ലാന്‍ എത്ര ശ്രമിച്ചിട്ടും പറ്റിയില്ല. ദിനേട്ടന്‍ വൈകാനുള്ള കാരണങ്ങളെക്കുറിച്ചാണ് മനസ്സ് പിടഞ്ഞത്. കാവിലെ പറമ്പില്‍നിന്നു വെടിമരുന്നുകള്‍ പൊട്ടുന്ന ശബ്ദം. ആനകള്‍ വിറളിയെടുത്തോടാം. എന്തൊക്കെ സംഭവിക്കാം! കല്യാണിയുടെ ഭര്‍ത്താവിന് ആര്‍ക്കും വരാവുന്ന ഒരു പനിയേ ഉണ്ടായിരുന്നുള്ളൂ.  നാലാംദിവസം, എന്നിട്ടും അയാള്‍ മരിച്ചു. ദിനേട്ടന്‍ മരിച്ചാല്‍ എന്താണുണ്ടാവുക? സുമിത്ര ഒരു തുടര്‍ച്ചയെന്നപോലെ ഓര്‍ത്തു. എല്ലാവരും വരും, എന്നിട്ടു പറയും: “ഭാഗ്യദോഷി”. പിന്നെ, ദിനേട്ടന്റെ ഈ വീട്ടില്‍നിന്നു പിടിച്ചുകൊണ്ടു പോയി പുറത്തുനിര്‍ത്തും. സൂര്യന്‍ ഒരു തീക്കട്ടപോലെ തലയ്ക്കു മുളിലുണ്ടാവും. കുങ്കുമച്ചുകപ്പ് തീരെയില്ലാത്ത, വെള്ളവസ്ത്രം പോലെത്തെ വെയില്‍ ചുറ്റും. വെളുത്ത നാളങ്ങള്‍ ആളുന്ന ഒരു ചിത പിന്നെ അവകാശമായിട്ടുണ്ടാവും. കഴിഞ്ഞകൊല്ലം, വേലയ്ക്കു വിളിച്ചിട്ട് താന്‍ പോകാതിരുന്നപ്പോള്‍ കല്യാണി പറഞ്ഞു: “കാവിലെ ഭഗവതിയെക്കാളും ചന്തം അപ്പൊ ദിനേട്ടനുതന്നെയാണല്ലേ, സുമിത്രക്കുട്ട്യേ...”
'അതിനെന്താ സംശയം'? മറുപടി പറഞ്ഞു. എന്നിട്ട് കോലായുടെ തലയ്ക്കല്‍ ഇരുന്ന്, ലക്ഷ്മി ബാക്കിയിട്ട, ചൂലിനുള്ള ഈര്‍ക്കില്‍ ചീന്താന്‍ തുടങ്ങി. അവിടെ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ സ്വയം പറഞ്ഞുനോക്കി: അതിനെന്താ സംശയം?
കല്യാണദിവസം അമ്മ പറഞ്ഞിരുന്നു.
'അതാ, ആ ആളാണ് ഇനി നിന്റെ എല്ലാം. ഇന്നുമുതല്‍ ഇതല്ല നിന്റെ വീട്'.
കല്യാണം, വീട് നഷ്ടപ്പെടല്‍ കൂടിയാണ്.
താന്‍ കഴിഞ്ഞകൊല്ലം ചൂലുണ്ടാക്കാന്‍ ചീന്തിയിട്ട ഈര്‍ക്കില്‍പോലെ ചിതറി വീണ കുറെ കറുത്ത വരകള്‍. കൈയിലും ദിവസങ്ങളിലും പടര്‍ന്ന കറുത്ത വരകള്‍. അതും ദിനേട്ടന്റെ വീട്ടിലാണ്. പിന്നെയുള്ളത് ഇരുട്ടത്ത് തനിച്ചിരിക്കുന്ന ഈ സുമിത്രയാണ്. വേണമെങ്കില്‍ ഇവിടെ നിന്ന് തനിച്ചെഴുന്നേറ്റുപോകാം. എവിടേക്ക്? മുന്നില്‍ ഒരു വലിയ പാതയുണ്ട്. അവിടംവരെ തനിക്കു വഴിയറിയാം. പിന്നെ... ദ്വേഷ്യം വന്നാല്‍ ദിനേട്ടന്‍ പറയാറുണ്ട്: “പാതയ്ക്ക് ഒരുപാടുണ്ട് നീളം, അളന്നുനോക്കണോ”?
സുമിത്രയ്ക്ക് പെട്ടെന്ന് ഇടയ്ക്കിടക്ക് വരാറുള്ള ആ വല്ലാത്ത ക്ഷീണം വീണ്ടും അനുഭവപ്പെട്ടു. ബലൂണുകളില്‍ നിന്നും കറുത്തവരകളിലേക്കുള്ള വളര്‍ച്ച ഒരു തമാശയാണ്. ആ വരകള്‍ എവിടെയാണ് തുടങ്ങിയത്? അമ്മയില്‍, മുത്തശ്ശിയില്‍, അവരുടെയും മുത്തശ്ശിയില്‍ നിന്നായിരിക്കണം. ഒരു പക്ഷേ അത് തന്നില്‍നിന്നു തന്നെയും ആവാം. അവസാനം കെടാറായിരുന്ന നിലവിളക്ക് അകത്തുകൊണ്ടുപോയി വെച്ച് സാരിയുടെ ഞൊറിക്കുള്ളില്‍ തിരുകിയിരുന്ന ഓട്ടുനിലവിളക്ക് പെട്ടിക്കടിയില്‍ തന്നെ വയ്ക്കുമ്പോള്‍ ദിനേട്ടന്‍ വാതില്‍മുട്ടി. വാതില്‍ തുറന്ന് സുമിത്ര പറഞ്ഞു: “കാപ്പി ഇതാ കൊണ്ടുവന്നു. കൈയും കാലും കഴുകിക്കോളൂ”.
അണിഞ്ഞൊരുങ്ങിയിരുന്ന സുമിത്രയെ ഭര്‍ത്താവ് ഒരുനിമിഷം നോക്കിനിന്നു. പിന്നെ പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ചു. തന്റെ ഉള്ളില്‍ എന്തോ പൊട്ടിത്തെറിച്ചു എന്നു തോന്നി സുമിത്രയ്ക്ക്. പക്ഷേ, ഒന്നുമില്ല. മരവിച്ചുകൊണ്ടിരുന്ന കാലുകളിലും തീപോലെ പുകയുന്ന തലയിലും ഉറക്കെയുറക്കെ വെറുതെ മിടിക്കുന്ന ഹൃദയത്തിലും ഒന്നുമില്ലാത്ത എന്തോ ആണ് പൊട്ടിത്തെറിച്ചത്. അവള്‍ പെട്ടെന്ന് ഭര്‍ത്താവിന്റെ മുഖത്തുനോക്കി.
“എന്തേ? നിന്റെ കണ്ണുകള്‍ തിളങ്ങുന്നു!”
സുമിത്ര കുറച്ചുനേരം കൂടി ഭര്‍ത്താവിന്റെ മുഖത്തു നോക്കിനിന്നു. ഒരു നീളം കൂടിയ പാത. അറ്റങ്ങളില്ലാത്ത ഒരു നീളംകൂടിയ പാത.
അവള്‍ ചോദിച്ചു: “ചൂടുവെള്ളം വെയ്ക്കട്ടെ കുളിക്കാന്‍, നേരം കുറെയായി. തണുപ്പുണ്ടാവും”.
ദിനേട്ടന്‍ പിടിവിട്ടപ്പോള്‍ തലമുടിയില്‍ നിന്നു താഴെ വീണ പൂവ് അവള്‍ ജനലിലൂടെ വലിച്ചെറിഞ്ഞു. ഒരു നൂലിന്റെ തലപ്പില്‍നിന്നിറ്റിവീഴുന്ന തുളളികളെപ്പോലെ തന്റെ ഹൃദയത്തിലേക്കിറ്റുന്നത് ഇരുട്ടാണെന്ന് പെട്ടെന്നാണ് സുമിത്രയ്ക്ക് മനസ്സിലായത്. അവള്‍ വേഗം തുടര്‍ന്നു: “വേഗം കുളിച്ചു വന്നോളൂ. ചോറ് വല്ലാതെ തണുക്കണ്ടാ”.
അടുക്കളയുടെ ഉമ്മറപ്പടിയില്‍ വെച്ച് ഭര്‍ത്താവ് വീണ്ടും സുമിത്രയെ പിടിച്ചുനിര്‍ത്തി.
കുതറിയത് ഓര്‍ക്കാതെയാണ്. ദിനേട്ടന്റെ തല കട്ടളയില്‍ത്തന്നെ ഇടിച്ചു. ദ്വേഷ്യം കൊണ്ട് തിളങ്ങുന്ന ദിനേട്ടന്റെ കണ്ണുകളെ നേരിടാതെ സുമിത്ര പറഞ്ഞു: “നടക്കൂ, ഞാന്‍ ഉമ്മറത്തെ വാതിലടച്ചിട്ടുവരാം”.
പുറത്ത്, ഇരുട്ടിനൊക്കെ അപ്പുറത്ത് അകലെ പഞ്ചവാദ്യം തകര്‍ക്കുന്നു.
മുറിക്കുള്ളിലെ ചിമ്മിനി താഴ്ത്തിയപ്പോള്‍, കട്ടിലിലെ തണുത്ത വിരിയില്‍ ശരീരം സ്പര്‍ശിച്ചപ്പോള്‍, പിന്നെ, ദിനേട്ടന്റെ ശ്വാസം ഒരു വെള്ളച്ചാട്ടം പോലെ തന്നെ മൂടിയപ്പോള്‍ ഒക്കെ, സുമിത്ര അതുകേട്ടു. അവസാനം മുണ്ടിന്റെ അറ്റം മേലിലേക്ക് വലിച്ചിട്ടുകൊണ്ട് കട്ടിലില്‍ ചേര്‍ന്നു കിടക്കുമ്പോള്‍ ദിനേട്ടന്‍ ചോദിച്ചു: “സുമീ, ഇപ്പോള്‍ ഞാന്‍ നിന്നെ കൊന്നാല്‍ത്തന്നെ ആരാണ് ചോദിക്കാന്‍?” ഒരു കുതറല്‍?
തന്റെ മേല്‍ ഒരു ഘനംപോലെ വെച്ചിരുന്ന ദിനേട്ടന്റെ കൈയില്‍ തലോടിക്കൊണ്ട് പെട്ടെന്ന് സുമിത്ര ചിരിച്ചു. “ശര്യാ, പക്ഷേ, എന്തിനാണ് ദിനേട്ടന്‍ എന്നെ കൊല്ലുന്നത്?”
താനപ്പോള്‍ ചിരിച്ചതെന്തിനാണെന്ന് അവള്‍ക്കു തന്നെ മനസ്സിലാകാതിരുന്നതുകൊണ്ട് സുമിത്ര ഓര്‍ക്കാന്‍ തുടങ്ങി. പഞ്ചവാദ്യം അവസാനിക്കാറാകുന്നു.
പിന്നെ നോക്കുമ്പോള്‍ ദിനേട്ടന്‍ നല്ല ഉറക്കമായിരുന്നു. സാവധാനം എഴുന്നേറ്റിരുന്ന് അവള്‍ ജനാലയിലൂടെ പുറത്തേക്കുനോക്കി. കാവിലെ പറമ്പില്‍ നിന്ന് ഉയര്‍ന്നുപൊട്ടുന്ന അമിട്ടുകള്‍. അഴിഞ്ഞുകിടന്ന സാരിയുടെ ഞൊറികള്‍ ശരിക്കു കുത്തി ജനാലയ്ക്കല്‍ കുറച്ചുനേരം നിന്നിട്ട് പിന്നെ സുമിത്ര തണുത്ത ചോറില്‍ വെള്ളമൊഴിക്കാന്‍ അടുക്കളയിലേക്കു പോന്നു. അവിടെ തുറന്നിട്ട ജനാലയിലൂടെ കാണാവുന്ന ആകാശത്തില്‍ ആകെ രണ്ടു നക്ഷത്രങ്ങളേ ഉണ്ടായിരുന്നുള്ളൂ. മറ്റൊന്നും പ്രത്യേകിച്ച് ചെയ്യാനില്ലാത്തതിനാല്‍ അവള്‍ എണ്ണി... ഒന്ന്, രണ്ട്, ഒന്ന്, രണ്ട്, ഒന്ന്, രണ്ട്...
***

ചതുരങ്ങള്‍

സരസ്വതിക്ക് ഒരു കാമുകനുണ്ടായത് തികച്ചും അപ്രതീക്ഷിതമായിട്ടാണ്. തുടക്കവും അവസാനവും തിരിച്ചറിയാത്ത ഒരു വൃത്തംപോലെ അവള്‍ക്കുചുറ്റും ആ യാഥാര്‍ഥ്യം നിലനിന്നു. ആദ്യമാദ്യം കുറച്ചേറെ ശ്വാസം മുട്ടല്‍ തോന്നി സരസ്വതിക്ക്. ഭര്‍ത്താവിനോട് എന്തു കറിയാണ് ഊണിനുണ്ടാക്കേണ്ടതെന്നു ചോദിക്കുമ്പോള്‍, ചെറിയ കുട്ടിയെ മടിയില്‍കിടത്തി കളിപ്പിക്കുമ്പോള്‍, കുളിമുറിയില്‍ തുറന്നിട്ട ഷവറിന്നു ചുവട്ടില്‍ ഭംഗിയാര്‍ന്ന വെള്ളതുള്ളികളുടെ ആര്‍ഭാടതയ്ക്കുള്ളില്‍ ഒന്നിനുമല്ലാതെ കരയാന്‍ തോന്നുമ്പോള്‍ എല്ലാം കാമുകന്റെ മുഖം ഒരു മിന്നല്‍പോലെ മനസ്സിലേക്ക് കടന്നുവരും. മുന്‍പ് മനസ്സ് പഠിച്ചുറച്ച പല ധാരണകള്‍ക്കും പൊടുന്നനെ യാതൊരര്‍ഥങ്ങളുമില്ലാതാവുന്നത് സരസ്വതി അപ്പോഴറിയും. മനസ്സ് വിരല്‍ത്തുമ്പത്തെന്നപോലെ വിറയ്ക്കും.
“അസംഗമായ അനുരാഗം”. ഭര്‍ത്താവ് വാങ്ങിത്തന്ന ഭംഗിയുള്ള സ്വര്‍ണവളകളില്‍ നോക്കിയിരിക്കെ സരസ്വതി സ്വയം പറയും. “എന്താണ് മനസ്സുകള്‍ ഇങ്ങനെ”?
“പിന്നെ എങ്ങനെയിരിക്കണം മനസ്സുകള്‍!” സീത ചോദിക്കുകയുണ്ടായി. “ഈച്ച വീഴാതിരിക്കാന്‍ അടച്ചുവെച്ച കാപ്പിപോലെ, മുകളില്‍ നനുത്ത പാട വീണു ആറിത്തണുത്തിട്ടോ”?
അന്നുമുതല്‍ ഈ ചോദ്യം മനസ്സിലേറ്റി നടക്കുകയായിരുന്നു സരസ്വതി. ആ ചോദ്യം ചോദിക്കുമ്പോള്‍ ചുവന്നുപോയ സീതയുടെ മുഖം ചിലപ്പൊഴൊക്കെ ഒരുത്തരത്തിന്നു പകരം നില്‍ക്കും. പ്രഭാതത്തിന്റെ ചുവപ്പു പോലെയായിരുന്നു സീതയുടെ മുഖം. അതിന്റെ സത്യവും ന്യായവും ഒക്കെ ആ ചുവപ്പുതന്നെയാണ്. സരസ്വതി പിന്നെയും സ്വയം പറയും.
പിന്നെപ്പിന്നെ താന്‍ വളരെ പ്രാവശ്യം കണ്ട ഒരു സ്വപ്നംപോലെ, വഴിയിലൂടെ നടക്കുമ്പോള്‍ പലപ്പോഴും കാണാറുള്ള ഒരു മുഖംപോലെ പരിചിതനായി കാമുകന്‍.
സരസ്വതി, ഭര്‍ത്താവിന്റെ കുപ്പായത്തിന് കുടുക്കുകള്‍ തുന്നുകയും കുട്ടിയുടെ  പാല്‍ക്കുപ്പി ശ്രദ്ധാപൂര്‍വ്വം കഴുകിവെയ്ക്കുകയും ചെയ്തു. മനസ്സിന്റെ ഒരു മൂലയ്ക്ക് പൊട്ടിവിരിഞ്ഞ ചെമ്പകക്കാടിന്റെ വാസന അവളിലും അവളുടെ വീട്ടിലും നിറഞ്ഞുനിന്നു. ദേഹത്തും മനസ്സിലും നിറയെ ആ വാസനയുമായി അവള്‍ ഭര്‍ത്താവിനുള്ള ഭക്ഷണമുണ്ടാക്കി. വീടു വൃത്തിയാക്കി. കുട്ടിക്ക് ഭക്ഷണം കൊടുത്തു. ഭര്‍ത്താവിനെ ചിരിപ്പിച്ചു.
കാമുക സന്ദര്‍ശനത്തിനുശേഷം ഭര്‍ത്താവിന്റെ കൈകളില്‍ തെളിഞ്ഞ പുഞ്ചിരിയുമായി കിടക്കുമ്പോള്‍ ഒരു തവണ സരസ്വതി ചോദിച്ചു: “നോക്കൂ, എന്താണ് സദാചാരം?”
ഭര്‍ത്താവ് കൈകള്‍ മുറുക്കിച്ചേര്‍ത്തുപിടിക്കെ പറഞ്ഞു: 'ഇതാ, ഇതു തന്നെ'
'എനിക്കൊരു കാമുകനുണ്ടെന്നുവെയ്ക്കൂ.' സരസ്വതി പറഞ്ഞു.
'എന്നാല്‍ അവനെ ഞാനിന്നു കൊല്ലും.' ഭര്‍ത്താവു ചിരിച്ചു.
'എന്നിട്ടോ?' സരസ്വതി ചോദിച്ചു: 'ഞാനെന്തായാലും അയാളെ പ്രേമിക്കും. ഒരു പക്ഷേ കൂടുതല്‍'.
'എന്നിട്ട ്'. ഭര്‍ത്താവ് പറഞ്ഞു: 'ഞാന്‍ നിന്നേയും കൊല്ലും.'
'എന്നിട്ടോ?' സരസ്വതി ചോദിച്ചു.
പിന്നെ നിശ്ശബ്ദത തളംകെട്ടാന്‍ തുടങ്ങിയപ്പോള്‍ സരസ്വതി പറഞ്ഞു: 'ഉറങ്ങിക്കോളൂ. ഞാന്‍ വെറുതെ പറഞ്ഞതാണ്.'
ചതുരങ്ങള്‍ക്കുള്ളില്‍ ഒതുക്കാന്‍ എന്തിനാണ്  ധൃതി? സരസ്വതി ഓര്‍ത്തു. ചതുരങ്ങള്‍ക്കുള്ളില്‍ എല്ലാം ഒതുക്കി വൃത്തിയാക്കാന്‍, ഭംഗിയാക്കാന്‍ ആര്‍ക്കും പറ്റാറില്ല. കാരണം ചതുരങ്ങള്‍ പലപ്പോഴും വേര്‍പെട്ടല്ല  കിടപ്പ്.
പുളയ്ക്കുന്ന കടലിന്റെ തീരത്തുവെച്ച്. അങ്ങനെയാണ് സരസ്വതി സന്തോഷത്തിന്റെ നിറമെന്താണെന്നു കാമുകനോട് ചോദിച്ചത്.
'നിന്റെ മുഖത്തിന്റെ നിറം' രഘു പറഞ്ഞു.
എങ്കില്‍ അതൊരു പക്ഷേ, ഈ കടലിന്റെ നിറമായിരിക്കണം. ഒരുപക്ഷേ, 'ഈ ആകാശത്തിന്റെ, സ്വപ്നങ്ങളുടേയും പൂക്കളുടേയും എല്ലാ മനുഷ്യരുടേയും നിറമായിരിക്കണം.' സരസ്വതി പറഞ്ഞു.
'നോക്കൂ രഘു, എനിക്കീലോകത്തെ ഉള്ളംകൈയിലെടുക്കാമെന്നു തോന്നുന്നു ഇപ്പോള്‍. '
'അതെപ്പോഴാണ് ആകാത്തത്?' രഘു ചോദിക്കും.
ഓരോരുത്തരും ചതുരങ്ങളില്‍ ഒതുങ്ങാത്തവരാണ്. പക്ഷേ ഓരോരുത്തരും ചതുരങ്ങളിലാണ് നില്പ്. ധൈര്യപൂര്‍വ്വം ഒന്നു പുറത്തുവന്നു നോക്കൂ. പിന്നിലുള്ളവരെക്കുറിച്ചു നമുക്കു ചിരിക്കാന്‍ തോന്നും. കരയാന്‍ തോന്നും. അവരെയൊക്കെ ഓന്നോടെ മാറോടോടക്കിപ്പിടിച്ചു സ്‌നേഹിക്കാന്‍ തോന്നും. പിന്നെ നമുക്ക് കടലുകളാവാം. ആകാശങ്ങളാവാം നമുക്കെല്ലാവര്‍ക്കും എല്ലാവരുമാകാം.
ഈ ആകാശത്തിന്നു കീഴില്‍നിന്നു ഒരു മുത്തുച്ചിപ്പിയിലേക്ക് പോരും പോലെയാണ് ഭര്‍ത്താവിലേക്കുള്ള മടക്കയാത്ര. കുളിച്ചു വിടര്‍ത്തിയിട്ട ഈറന്‍ മുടിയിലൂടെ വിരലോടിട്ടു ഭര്‍ത്താവിന്റെ അരികെ കിടക്കുമ്പോള്‍ മണല്‍ത്തിട്ടകളിലൂടെ ഒഴുകുന്ന കൊച്ചോളങ്ങളെ ഓര്‍മവരും. അവയുടെ ഈണത്തില്‍ കുഞ്ഞി അലകളുടെ കുളിരും ഓമനത്തവും കവിളുകളില്‍ നുണഞ്ഞുകൊണ്ട് ഉറങ്ങാന്‍ കൊതിക്കും നേര്‍ത്ത കാറ്റിന്നു കീഴില്‍ പുഞ്ചിരിച്ച് അനങ്ങാതെ കിടക്കുന്ന പുല്‍ത്തകിടിയാണെന്നു തോന്നും പിന്നെ.
സ്വപ്നങ്ങള്‍ പോലും വേണ്ടാത്ത സമൃദ്ധി.
'എന്താണ് മനസ്സുകള്‍ ഇങ്ങനെ?' പക്ഷേ, ഇതൊക്കെ ശരിയാകാന്‍ വയ്യ. അതിര്‍വരമ്പുകള്‍ എവിടെയൊക്കെയോ ഒന്നിക്കുന്നുണ്ടാവണം. അല്ലെങ്കില്‍ നല്ല മണമുള്ള ഒരു പൂ ചൂടി തണുത്ത കാറ്റില്‍ ഇരിക്കുന്നപോലെ തനിക്ക് ഇപ്പോഴും തോന്നാന്‍ വയ്യ. ഈ സന്തോഷം ഒരിക്കലും ഒരു അഭംഗിയാവുക വയ്യ.
എന്നിട്ട് സരസ്വതി കാമുകനെ പതുക്കെ തട്ടിയുണര്‍ത്തും. 'എഴുന്നേല്‍ക്കൂ'. സരസ്വതി പറഞ്ഞു: 'എനിക്കു പോകണം. സന്ധ്യയ്ക്ക് എനിക്ക് ചുടാനുള്ള മുല്ലപ്പൂക്കളുമായി വരുന്ന ഭര്‍ത്താവിനെ എനിക്കെതിരേല്ക്കണം. പിന്നെ ചിരാതുകള്‍ കൊളുത്തിവെച്ച എന്റെ വീട്ടില്‍ ആ വെളിച്ചത്തിന് നടുവിലിരുന്ന് അദ്ദേഹത്തിന്റെ കുപ്പായത്തിന് കുടുക്കുകള്‍ പിടിപ്പിക്കും ഞാന്‍'.
'ഒരു പക്ഷേ, ഏറ്റവും ഭംഗിയുള്ളതൊക്കെ ഏറ്റവും ദുഃഖം കലര്‍ന്നതുമാണ്. അച്ഛന്‍ പറയാറുണ്ട്. 'ബന്ധങ്ങള്‍ക്കൊന്നിനും കൃത്യമായ ചതുരങ്ങളില്ല. എവിടേയും വിരിയുന്ന ഏതൊരു പൂവും പോലെയാണത്. അവയുടെ സൗന്ദര്യം അവ തന്നെയാണ്. നമുക്കൊക്കെ ആകെ നേടാനാവുന്നതും ആ പൂക്കളാണ്'. അച്ഛന്‍ വെറ്റില മുറുക്കിയിരുന്ന ആ തണുത്ത സന്ധ്യയും സരസ്വതി മനസ്സിന്റെ ചന്തമുള്ള മൂലയില്‍ സൂക്ഷിച്ചുവെച്ചു.
അമ്മാവന്റെ നിലത്തിറക്കി കിടത്തിയ ശവശരീരത്തിനകലെ, ഒന്നും ചെയ്യാനില്ലാതെ, കരയാന്‍പോലുമില്ലാതെ നിന്ന കുഞ്ഞിലക്ഷ്മിയമ്മ, ചിതപോലെ ചുട്ടുകിടന്ന പറമ്പിലൂടെ ഒറ്റക്കു നടന്നകലുന്നതു സരസ്വതി മൂന്നാം നിലയില്‍നിന്നു കണ്ടിട്ടുണ്ട്. അറ്റങ്ങള്‍ കാണാത്ത ശൂന്യമായ ആ പറമ്പില്‍ ഒറ്റയ്ക്കു നിന്നിരുന്ന അവരുടെ കൈയില്‍ തൊട്ട് ഒന്ന് പുഞ്ചിരിക്കാമായിരുന്നു. സരസ്വതി ഓര്‍ത്തു.
ഭര്‍ത്താവു മരിച്ച അമ്മിണിച്ചെറിയമ്മ അച്ഛന്റെ കാല്‍ മടിയില്‍വെച്ചു നിറഞ്ഞ കണ്ണുകളുമായി ഇരിക്കുന്നതുകണ്ട  സന്ധ്യക്കാണ് ചതുരങ്ങളെപ്പറ്റി സരസ്വതി വ്യക്തമായി മനസ്സിലാക്കാന്‍ തുടങ്ങിയത്. സരസ്വതിയെ കണ്ടപ്പോള്‍ ചെറിയമ്മ തട്ടിപ്പിടഞ്ഞെഴുന്നേറ്റു. നിശ്ശബ്ദമായി തിരിഞ്ഞുനടന്നു. തൊടിയിലൂടെ വളരെ നേരം നടന്നു അന്ന് സരസ്വതി. അച്ചിങ്ങകളിലെ ഉണങ്ങിയ തൊണ്ടുകള്‍ അടര്‍ത്തിക്കളഞ്ഞു. മരത്തിലെ ചില്ലകള്‍ ശബ്ദത്തോടെ പൊട്ടിച്ചു. വീണുകിടന്ന മാങ്ങയണ്ടികളും തെങ്ങോലകളും അകലേക്കു തട്ടിത്തെറിപ്പിച്ചു. അമ്മിണിച്ചെറിയമ്മയുടെ കണ്ണീരിന്റെ തിളക്കം അവസാനം പിന്നെയും ബാക്കിയായി.
രാത്രി മച്ചകത്തെ ഇരുട്ടില്‍ കണ്ണുകള്‍ മലര്‍ക്കെ തുറന്ന് ഒറ്റയ്ക്കു കിടക്കുമ്പോള്‍ അമ്മിണിച്ചെറിയമ്മയോട് സരസ്വതി പറഞ്ഞു;
'ഇതാ കൈതപ്പൂവാണ്. മേലേടത്തെ തൊടിയില്‍ നിന്നും വൈകുന്നേരം വരുമ്പോള്‍ ഞാന്‍ പൊട്ടിച്ചതാണ്'.
'സരസ്വതീ' ചെറിയമ്മ വിളിച്ചു: 'സരസ്വതീ'.
ഇരുട്ടില്‍ പരസ്പരം മുഖം കാണാതെ കുറെ നേരം ഇരുന്നു ചെറിയമ്മയും സരസ്വതിയും.
ആ രാത്രിയുടെ ഭാരം മനസ്സിതേവരെ ഇറക്കിവെച്ചിട്ടില്ല.
തൂങ്ങിമരിച്ച സ്വന്തം മകന്റെ മുഖത്തുനോക്കി അന്തിച്ചുനിന്ന ഏട്ത്തിയുടെ നില്പിനും താന്‍ സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചു തീറ്റുമ്പോള്‍ തന്റെ ഭര്‍ത്താവിന്റെ മുഖത്ത് വിടരുന്ന പുഞ്ചിരിക്കും എവിടെയോ സാമ്യമുണ്ട്. സരസ്വതി ഓര്‍ത്തു. ഒരു പൂവിന്റെ വലുപ്പച്ചെറുപ്പമുള്ള ഇതളുകള്‍പോലെ. എവിടെയൊക്കെയോ ചതുരങ്ങള്‍ക്കു യാതൊരതിരുകളും ഇല്ലാതാവുന്നുണ്ട്.
ഉണര്‍ന്നു കരയുന്ന മകന്റെ കരച്ചില്‍ മടിയിലെടുത്തുവെച്ച് താരാട്ടി മാറ്റവേ, തൊട്ടടുത്ത് ഉറങ്ങുന്ന ഭര്‍ത്താവിനെ സരസ്വതി തൊട്ടുണര്‍ത്തി.
പതയുന്ന നിലാവിനെപ്പോലെയുള്ള സരസ്വതിയുടെ മുഖം കണ്ട് ഭര്‍ത്താവ് പകച്ചിരിക്കെ, അയാളുടെ മുടിയിലൂടെ വിരലോടിച്ചുകൊണ്ട് സരസ്വതി പിന്നെ പറഞ്ഞു, 'ഉറങ്ങിക്കോളൂ'. സരസ്വതി വീണ്ടും പറഞ്ഞു;
'വെറുതെ ഉണര്‍ത്തിയതാണ്'. ഉറങ്ങിക്കോളൂ.

രാജകുമാരിയുടെ വാള്‍

ഒരു മൊട്ടുപോലെ തീപ്പെട്ടിക്കൊള്ളിയിലെ തീനാളം തൊടാവുന്നത്ര അടുത്തുനില്‌ക്കെ ഞാനൊന്നേ ആലോചിച്ചുള്ളൂ. ഇത് എന്റെ ഉടുതുണിയുടെ തലപ്പത്ത് കത്തിച്ചാലെന്താണ്? എന്റെ വസ്ത്രം ഒരു മൊട്ടുവിടര്‍ന്ന ഭംഗിയോടെ പതുക്കെ കത്താന്‍ തുടങ്ങും. ഭംഗിയാര്‍ന്ന തീനാളങ്ങള്‍ക്കുള്ളില്‍ എന്റെ വീട്ടിലെ മച്ചകത്തെ കലണ്ടറിലെ താമരയിതളുകള്‍ക്കു നടുവിലെ സരസ്വതിയെപ്പോലെ ഞാന്‍ ഭംഗിയോലും. മിന്നുന്ന തീനാളങ്ങളുടെ പ്രഭയിലും ചൂടിലും ഞാന്‍ ബോധരഹിതപോലും ആവും. പിന്നെ തീനാളങ്ങള്‍ കത്തുക ഒരു താളത്തോടെയാണ്. ഏറെക്കുറെ ശാന്തമായിട്ടുതന്നെ. ഒരു പക്ഷേ, പ്രൗഢിയോടെ കരകള്‍ ഒപ്പിച്ച് ഒഴുകുന്ന പുഴയെയായിരിക്കും ഞാനപ്പോള്‍ ഓര്‍മിപ്പിക്കുക. തീനാളങ്ങളുടെ ഭംഗിയും ഒഴുക്കും എന്നെ ഓര്‍മിപ്പിക്കുക എപ്പോഴും ഓളങ്ങളെയാണ്.
പക്ഷേ, ഇതെല്ലാം സംഭവിക്കുക, എന്നെ ചുറ്റി ആളുന്ന തീയിന്റെ അതേ പ്രൗഢിയും ശാന്തതയും എനിക്ക് കൈവരിക്കാന്‍ കഴിഞ്ഞാലാണ്. ഒരു മനുഷ്യന് പക്ഷേ, അതസാധ്യമാവും. അതുകൊണ്ട് എന്റെ ആഗ്രഹങ്ങള്‍ക്കൊക്കെ വിപരീതമായി ഞാന്‍ ഉറക്കെ കരഞ്ഞേയ്ക്കും. എന്റെ ഭര്‍ത്താവ് ഉണര്‍ന്നുവരുമ്പോള്‍ തീനാളങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്ന എന്നെക്കണ്ട് തറച്ചുനില്‍ക്കും. എന്റെ അശ്രദ്ധയെ അനവരതം മനസ്സില്‍ ശപിച്ചുകൊണ്ട് അദ്ദേഹം കുറെ വെള്ളത്തിനും ഒരു വലിയ കമ്പിളിക്കും വേണ്ടി പരതിയെന്നുവരും. ആ പരിഭ്രമങ്ങള്‍ കണ്ടുകൊണ്ട് തികച്ചും സന്തോഷവതിയായിത്തന്നെ ആയിരിക്കും ഞാന്‍ നില്‍ക്കുക എന്നെനിക്കു തോന്നുന്നു. ജയിക്കുക എനിക്കൊരാവശ്യമായി തീര്‍ന്നിട്ടുണ്ട്. തോറ്റുകൊടുത്തു കൊടുത്ത് എനിക്കേതാണ്ട് മടുത്തുകഴിഞ്ഞു. തുടര്‍ച്ചയായി എത്രയോ കാലമായി രാത്രികളില്‍ എന്നെ നിരന്തരം പേടിപ്പിക്കുകയും അമ്പരപ്പിക്കുകയും നിസ്സഹായയാക്കുകയും ചെയ്യുന്ന സ്വപ്നങ്ങളേയും എല്ലാറ്റിനും, ഉണ്ണുന്നതിനും സ്‌നേഹിക്കുന്നതിനും ഞാന്‍ ഞാനായതിനും ഒക്കെ കവിഞ്ഞ ധിക്കാരത്തോടെ കാരണം അന്വേഷിക്കുന്ന അഹംഭാവിയായ എന്റെ ബുദ്ധിയേയും എനിക്കു ജയിക്കേണ്ടിയിരിക്കുന്നു. തീനാളങ്ങള്‍ക്കുള്ളില്‍ നില്‍ക്കുമ്പോള്‍ എനിക്കെങ്ങനെയോ അതു സാധിക്കുമെന്നാണ് എന്റെ വിശ്വാസം. എന്റെ ബുദ്ധിക്കും എന്റെ സ്വപ്നങ്ങള്‍ക്കുമെതിരെ തൊടാനാവാത്ത അകലത്തില്‍ നില്‍ക്കെ അവയുടെ ഒക്കെ മുഖത്തു എന്റെ ഭര്‍ത്താവിന്റെ മുഖത്തെപ്പോലെത്തന്നെ ചതിക്കപ്പെട്ട ഭാവമുണ്ടാവും. ഇര വായില്‍ നിന്നോടിപ്പോയ ദുഃഖം, അങ്ങനെയാണ് എനിക്ക് അതിരുകവിഞ്ഞ സന്തോഷമുണ്ടാവുക. ഈ മിന്നുന്ന ചൂടിലേക്കു സ്വന്തം കൈകളോടെ വിരലുകള്‍ കത്തുമെന്ന ഭയം കാരണം ഇവരൊന്നും അടുത്തു വരില്ല. അങ്ങനെ ഇവര്‍ക്കൊക്കെ അപ്രാപ്യയായി, സന്തോഷവതിയായി നില്‌ക്കെ ഞാനുറക്കെ, കാതുള്ളവര്‍ക്കൊക്കെ കേള്‍ക്കാവുന്നത്ര ഉറക്കെ പറഞ്ഞെന്നിരിക്കും. “തീയിനേയും അതിന്റെ ചൂടിനേയും സ്‌നേഹിക്കുന്നവര്‍ക്ക് മനുഷ്യരെ സ്‌നേഹിക്കാതെ വയ്യ. കാര്യകാരണബന്ധങ്ങളുടെ ശുഷ്‌കമായ അപര്യാപ്തമായ വരകള്‍ക്കു പുറത്തുനിന്ന് ഞാന്‍ പറയാന്‍ എപ്പോഴും ആഗ്രഹിച്ചതാണിത്”.
തീപ്പെട്ടിക്കൊള്ളി കെട്ടിരുന്നു. അടുപ്പിനു മുകളിലെ തണുത്ത വെള്ളവും എന്റെ ഉലഞ്ഞ സാരിയും എല്ലാം അതേപടി ഉണ്ടായിരുന്നു. കൈയിലെ തീപ്പെട്ടിക്കൊള്ളി മാത്രം ചെറിയ ചെറിയ പൊട്ടുകളായി വീതനയുടെ മുകളില്‍ കിടന്നു. പിന്നെ, പതുക്കെപ്പതുക്കെ വെള്ളം തിളയ്ക്കാന്‍ വെയ്ക്കവെ, എനിക്കെല്ലാം അവിശ്വസനീയവും അപരിചിതവും ആയിത്തോന്നി. ഇന്നലെ രാത്രിയില്‍, ഒരു നീണ്ട ഇടനാഴിയുടെ ഒരറ്റത്ത് ഇരുട്ടില്‍ ഒറ്റയ്ക്ക് കിടക്കുകയായിരുന്ന ഞാന്‍. കനത്ത കന്മതിലുകള്‍ ചുറ്റും നിന്ന ആ ഇടനാഴിക്ക് പുറത്തേക്ക് വാതിലുകളേ ഉണ്ടായിരുന്നില്ല. ചെത്തി മിനുക്കിയ ആ ചുമരുകളുടെ ഒരു കഷ്ണംപോലെ ഉണ്ടായിരുന്ന എന്റെ മനസ്സ് തെളിഞ്ഞ വെള്ളത്തിനടിയിലെ കരിങ്കല്‍ച്ചീളുപോലെ എന്റെ തൊലിക്കടിയില്‍ കാണാം. എന്റെ ആ മനസ്സ് ഓളങ്ങളേ ഉണ്ടാവുകയില്ലാത്ത, വെള്ളം കട്ടപിടിച്ച ഒരു കുളത്തെപോലെ അതീവ ശാന്തമായി കിടന്നു. ഇടനാഴിയുടെ മിന്നുന്ന നിലത്ത് ആ മനസ്സും ഉള്ളിലിട്ട് ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ പലതവണ ഞാന്‍ ഉരുണ്ടു. എത്രയോ തവണ. അവസാനം ഞാന്‍ ഉറക്കെ ഉറക്കെ കരയാന്‍ തുടങ്ങി, പക്ഷേ, എന്റെ ശബ്ദം ഒരു മനുഷ്യന്റേതേ ആയിരുന്നില്ല. എന്റെ തൊണ്ടയില്‍നിന്നും വരാന്‍ സാധിക്കാത്തത്ര ഭീകരവും തുളയ്ക്കുന്നതുമായ ആ ഒച്ച ഉടനെ ഞാന്‍ നിര്‍ത്തി. എനിക്ക് കരയണമെന്ന് വല്ലാതെ മോഹമുണ്ടായിരുന്നിട്ടും എന്റെ ശബ്ദത്തെ പേടിച്ച് വായ തുറക്കാതെ ഞാന്‍ മിണ്ടാതിരുന്നു. വീണ്ടും വീണ്ടും ഞാന്‍ ഉരുളാന്‍ തുടങ്ങിയത് അതുകൊണ്ടാണ്. എത്രയോ തവണ തലങ്ങും വിലങ്ങും ഉരുണ്ടുകഴിഞ്ഞ ആ നിലത്തു കിടന്ന ഒരു ചെറിയ ഇരുമ്പുകഷണം ഞാന്‍ അപ്പോഴാണ് കണ്ടത്. പിന്നെ, എനിക്കും ചുറ്റും തണുത്ത മുഖത്തോടെ നിന്ന ചുമരുകള്‍ ഞാനതുകൊണ്ട് മുറിക്കാനാഞ്ഞു. ആ ചുമരുകള്‍ക്ക് തൊട്ടപ്പുറത്ത് എന്റെ കുട്ടിയും ലോകവും ഒക്കെ ഉണ്ടെന്നും ധാരാളം എരിവും ഉപ്പും ചേര്‍ത്തുണ്ടാക്കിയ കറികളുണ്ടെന്നും എനിക്ക് മനസ്സിലായി. ഞാനാ ചെറിയ തുരുമ്പുമൂടിയ ഇരുമ്പുകഷണം കല്‍ച്ചുമരില്‍ നിര്‍ത്താതെ വെച്ചുരച്ചു. ശാന്തമായ, അല്ലലുകളില്ലാത്ത മരണത്തിന്റെ ആ കൊട്ടാരത്തില്‍ തുളകള്‍ വീഴ്ത്തി, പിന്നിട്ടുവന്ന ജീവിതത്തിലേക്കും എന്റെ കൂട്ടുകാരുടെ ഇടയിലേക്കും ചാടിവീണ് മനുഷ്യനെപ്പോലെ ഒന്ന് കരയാന്‍ ഞാന്‍ പിടഞ്ഞു. ഇരുമ്പുകഷണം തേഞ്ഞ് പകുതിയായി. ഞാനാ കല്ലില്‍ തലയിട്ടടിക്കാന്‍ തുടങ്ങി, അത്ഭുതകരംതന്നെ, എനിക്കൊട്ടും വേദനിച്ചിരുന്നില്ല. പക്ഷേ, ഞാനുണര്‍ന്നത് അവിടെയെവിടെയോ വെച്ചാണ്. നേരം പതിവിലേറെ വൈകിയിരുന്നു. എന്തെന്നില്ലാത്ത ക്ഷീണവും ഉന്മേഷക്കുറവും തോന്നി എനിക്ക്. പതുക്കെ എഴുന്നേറ്റ് മുടിപോലും ഒന്നും ചീകാതെ പുറത്തെ പ്രഭാതത്തിന്റെ തണുപ്പിലേക്ക് ഇറങ്ങിനടക്കാനാണ് എനിക്കാകെ തോന്നിയത്. വീട്ടില്‍ ഒരു നൂറുകൂട്ടം ചെയ്യാനുള്ളപ്പോള്‍ അതൊന്നും സാധിക്കുന്ന കാര്യമല്ലെന്ന് എനിക്കറിയാം. ഞാന്‍ ഒന്നിനും കൂട്ടാക്കാതെ അങ്ങനെത്തന്നെ കിടന്നു.
“എഴുന്നേല്ക്കിണില്ല്യേ ഇന്ന്? ” ഭര്‍ത്താവ് ചോദിച്ചു.
”തോന്നണേല്ല്യേ എണീക്കാന്‍? എന്തൊരു ക്ഷീണം.”
“ക്ഷീണിക്കാന്‍ എന്തേണ്ടായത്?” ഭര്‍ത്താവ് ചോദിച്ചു: “രാത്രി മുഴുവനും കൂര്‍ക്കം വലിച്ചുറങ്ങിയാലും ക്ഷീണം? ”
“ഞാനെണീക്ക്ണു.” ധൃതിയില്‍ എഴുന്നേറ്റിരിക്കെ ഞാന്‍ പറഞ്ഞു. “ഞാനിന്നലെ ഒരു വല്ലാത്ത സ്വപ്നം കണ്ടു.”
“ഓ...?” “സ്വപ്നം നീയ് മാത്രമല്ല, ബാക്കിള്ളോരും കാണാറുണ്ട്. അതോണ്ട്?”
ഞാന്‍ പിടഞ്ഞെണീറ്റു. ഉലഞ്ഞഴിഞ്ഞ സാരി അതേപടി ഇട്ട് മുഖം കഴുകി എന്നുവരുത്തി അടുക്കളയിലേക്കു നടക്കുമ്പോഴും ശരീരത്തിന്റെ ഓരോ അണുവിലും ക്ഷീണം തളം കെട്ടി നിന്നു. നീണ്ട ഇടനാഴിയിലൂടെ നിര്‍ത്താതെ ശരിക്കും ഇന്നലെ ഞാന്‍ ഉരുണ്ടിരിക്കണം. വാതിലുകളില്ലാത്ത ആ ഇടനാഴിയുടെ ഓര്‍മ മിന്നിയതും ഞാന്‍ പെട്ടെന്നുനിന്നു. ഇരുണ്ട രാത്രികളില്‍ വീട്ടില്‍ തനിയെ എത്തുമ്പോള്‍ വാതില്‍ തുറന്ന് പിന്നില്‍ കള്ളന്‍ പതുങ്ങിനില്‍പ്പുണ്ടോ എന്ന് ആകാംക്ഷയോടെ പരിശോധിക്കാറുള്ളതു പോലെ, കൈവിരലുകള്‍ ഞാന്‍ പതുക്കെ നിവര്‍ത്തിനോക്കി, വിഡ്ഢിത്തമാണെന്നറിഞ്ഞിട്ടുതന്നെ. എന്റെ ഭംഗിയുള്ള വിരലുകള്‍ നീണ്ടുചെമന്ന് വൃത്തിയോടെ ഇരുന്നിരുന്നു.
അടുക്കളയിലെത്തിയതും ആരോടോ പക വീട്ടുന്നതുപോലെ അടച്ച ജനലുകള്‍ ഉറക്കെ ശബ്ദത്തോടെ ഞാന്‍ തുറന്നിട്ടു. കാറ്റ് ഒരു ശത്രുവിനെപ്പോലെ പൊടുന്നനെ ഉള്ളിലേക്ക് തള്ളിക്കയറി. ശത്രുവിന്റെ സാന്നിധ്യംപോലും നാം ഒറ്റയ്ക്കാവുന്നതിലും എത്രയോ ഭേദമാണ്. കൈയിലെടുത്ത തീപ്പെട്ടിക്കൊള്ളി അവിടെതന്നെ പൊട്ടിച്ചിട്ട് കഠിനമായ ക്ഷീണത്തോടെ, ആലസ്യത്തോടെ ഞാന്‍ അടുത്തു കിടന്ന സ്റ്റൂളില്‍ കയറി ഇരുന്നു. അവിടെ അങ്ങനെയിരുന്നാണ് ഞാന്‍ വീണ്ടും ഉറങ്ങിപ്പോയത് എന്നു തോന്നുന്നു.
ഭര്‍ത്താവ് പല്ലുതേയ്ക്കുന്ന ശബ്ദം കേട്ടാണ് ഞാനുണര്‍ന്നത്. ഭര്‍ത്താവിന്റെ മുഖം ദ്വേഷ്യംകൊണ്ട് വീര്‍ത്തുകെട്ടിയിരുന്നു. ഞാനതു തീരെ കണ്ടില്ലെന്നു നടിച്ചു, എന്തിനൊക്കെ നേരെ ഞാന്‍ കണ്ടെല്ലെന്നഭിനയിക്കണം. എന്റെ സ്വപ്നങ്ങളുടെ നേരെ, ഭര്‍ത്താവിന്റെ ദ്വേഷ്യം പിടിച്ച മുഖത്തിനു നേരെ, ബാല്‍ക്കണിയില്‍നിന്നു ഞാന്‍ എറിഞ്ഞുകൊടുക്കുന്ന പഴയ ചപ്പാത്തിക്കുവേണ്ടി കൈ നീട്ടിനില്‍ക്കുന്ന പിച്ചക്കാരന്‍ കുട്ടിയുടെ മുഖം പതുക്കെ മാഞ്ഞുമാഞ്ഞ് എന്റെ കുട്ടന്റേതാവുന്നതിനുനേരെ, കഴുകാനിട്ട കിണ്ണങ്ങളില്‍ നിന്നും പെറുക്കിക്കൂട്ടിയ ഉച്ഛിഷ്ടങ്ങള്‍ വൃത്തികെട്ട അലൂമിനിയപാത്രത്തില്‍ നിറച്ച് മക്കളെ തീറ്റാന്‍ കൊണ്ടുപോകുന്ന തീരെ ദരിദ്രയായ എന്റെ വേലക്കാരിയുടെ തലയ്ക്കും ദേഹത്തിനും ചുറ്റും പറന്നുനടക്കുന്ന വൃത്തികെട്ട ഈച്ചകളുടെ നേരെ.
ഭര്‍ത്താവ് ചായ ഉണ്ടാക്കിയിരുന്നു. ചായച്ചണ്ടിയും ഞാന്‍ പൊട്ടിച്ചിട്ട തീപ്പെട്ടിക്കഷണങ്ങളും വീതനയില്‍ അതേപോലെ കിടന്നു. പാല് അടുപ്പത്തുവെച്ച്, മുഖം ധാരാളം തണുത്ത വെള്ളമൊഴിച്ച് കഴുകിക്കൊണ്ടു നില്‍ക്കെ കാരണമോന്നുമില്ലാതെ തന്നെ ഞാന്‍ വീണ്ടും എന്റെ കുട്ടനെപ്പോലെയുള്ള പിച്ചക്കാരന്‍ കുട്ടിയെക്കുറിച്ചോര്‍ക്കാന്‍ തുടങ്ങി. ഒരു ദിവസം, ആരുമില്ലാതെ ഞാന്‍ തനിച്ചാകുന്ന ഒരുച്ചയ്ക്ക് അവനോട് വരാന്‍ പറയണം. എന്നിട്ട് കുളിമുറിയില്‍ കൊണ്ടുപോയി നല്ലപോലെ സോപ്പുതേപ്പിച്ച് കുളിപ്പിച്ച്, പുതിയ വസ്ത്രങ്ങള്‍ ഇടുവിച്ച്, ധാരാളം ഭക്ഷണം കൊടുത്ത് മടിയില്‍ കിടത്തി ഉറക്കണം. എന്നിട്ട്? അതവിടെ നില്‍ക്കെട്ടെ, ഞാന്‍ മനസ്സില്‍ പറഞ്ഞു. പടിക്കല്‍ കാവല്‍ നില്‍ക്കുന്ന ഗൂര്‍ഖയോട് എന്തു നുണപറഞ്ഞാണ് കുട്ടിയെ അകത്തു കയറ്റാന്‍ പറയുക? ഗൂര്‍ഖ അവജ്ഞയോടെ തുറിച്ചു നോക്കും. അതൊക്കെ കണ്ടില്ലെന്നു നടിച്ച്, ഗൗരവത്തോടെ, ഞാന്‍ ദേഹം മുഴുവന്‍ വാരി അണിയാറുള്ള സ്വര്‍ണാഭരണങ്ങളും വിലകൂടിയ സാരിയും എനിക്ക് തരുന്ന ഗൗരവത്തോടെ ഞാന്‍ കുട്ടിയെ എന്റെ വീട്ടിലേയ്ക്കയയ്ക്കാന്‍ പറഞ്ഞാല്‍ അവന്‍ അതു ചെയ്യുമെങ്കിലും നാട് മുഴുവന്‍ അതു പാട്ടാക്കും. പിന്നെ ഞാന്‍ താമസിക്കുന്ന കെട്ടിടത്തിലെ മാന്യന്മാരായ അന്തേവാസികള്‍ എന്റെ താന്തോന്നിത്തത്തേയും ഞാന്‍ കാണിക്കുന്ന വൃത്തികേടുകളേയും പറ്റി വിലപിക്കാന്‍ തുടങ്ങും. അവനവന്റെ മാന്യത അളക്കാനുള്ള അളവുകോലുകള്‍ മറ്റുള്ളവരുടെ കയ്യിലാവുമ്പോള്‍ എല്ലായ്‌പ്പോഴും അങ്ങനെയാണല്ലോ സംഭവിക്കുക. പക്ഷേ കാര്യം പതുക്കെപ്പതുക്കെയാണെങ്കിലും ഭര്‍ത്താവറിയും. മുഖം കഴുകിക്കൊണ്ട് ഞാന്‍ ഇതെല്ലാം ആലോച്ചു നില്‍ക്കെ അടുപ്പത്തുവെച്ച പാല് തിളച്ച് മുഴുവന്‍ പുറത്തുപോയി. അല്പനേരം നോക്കിനിന്ന് ഞാന്‍ പതുക്കെ സ്റ്റൗ കെടുത്തി. അതിരുകടന്ന എന്റെ സാവധാനം ഭര്‍ത്താവിനെ അരിശം പിടിപ്പിച്ചിരിക്കണമെന്നു തോന്നുന്നു. തേക്കാന്‍ കയ്യിലെടുത്ത എണ്ണ അതേപടിവെച്ചുകൊണ്ട് എന്നെ തുറിച്ചുനോക്കിനിന്നു ഭര്‍ത്താവ്.
വിരലുകള്‍ക്കിടയിലൂടെ ഉറ്റിവീഴുന്ന എണ്ണത്തുള്ളികളെ നോക്കി ഒന്നും സംഭവിക്കാത്ത മട്ടില്‍ ഞാന്‍ പറഞ്ഞു: “ഞാനൊന്ന് പുറത്തുപോട്ടെ. എനിക്കൊട്ടും വയ്യ എന്നു തോന്നുന്നു.”
ഭര്‍ത്താവ് അതേപടി കൈ ഒന്നനക്കുക പോലും ചെയ്യാതെ നില്‍ക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ മുന്‍പിലൂടെ നടന്നുപോരുമ്പോള്‍ പക്ഷേ, അദ്ദേഹം എന്നെ ബലമായി പിടിച്ചുനിര്‍ത്തി.
“വിട്ടേയ്ക്കൂ. ” ഞാന്‍ പറഞ്ഞു. “ഞാന്‍ വേഗം മടങ്ങി വരാം.”
പക്ഷേ, ഭര്‍ത്താവിന്റെ പിടി എന്നെ വേദനിപ്പിക്കുംവിധം മുറുകി. മുഖം മുഴുവന്‍ കരിവാരിത്തേച്ചതുപോലെ ദ്വേഷ്യം. ഞാന്‍ പൊടുന്നനെ, ഒരു കാരണവുമില്ലാതെ, എത്രയോ തവണ ഞാന്‍ നിര്‍ത്താതെ ഉരുണ്ട വാതിലുകളില്ലാത്ത ആ ഇടനാഴിയെക്കുറിച്ചോര്‍ക്കാന്‍ തുടങ്ങി. എനിക്ക് ദ്വേഷ്യം  വരാന്‍ തുടങ്ങിയത് ആ നിമിഷത്തിലായിരിക്കണമെന്ന്, ഞാന്‍ പിന്നീടതിനെപ്പറ്റി ആലോചിക്കുമ്പാള്‍ തോന്നിയിട്ടുണ്ട്. എന്റെ ചുമലിലെ നേരിയ ഒരു ചലനംകൊണ്ടുതന്നെ ഭര്‍ത്താവിന്റെ കൈയുടെ പിടിവിടുവിക്കാമെന്നും അയാള്‍ ഒരു ചെറിയ കുട്ടിയെപ്പോലെ നിസ്സാരനാണെന്നും എനിക്ക് തോന്നി. പുകയുന്ന ഒരു തീക്കുണ്ഡത്തില്‍നിന്നും പൊട്ടിപ്പാറുന്ന തീപ്പൊരികളെപ്പോലെ പുച്ഛവും ദേഷ്യവും കടുത്ത അവജ്ഞയും അന്ധമായ ശക്തിയുമൊക്കെ എന്റെ മനസ്സില്‍ നിന്നു ചിതറി.
“വിടൂ.” ഞാന്‍ പറഞ്ഞു. “ഞാനുടനെ മടങ്ങിവരാം.” തുടുത്ത പ്രഭാതം ജനലിനപ്പുറം നിന്നിരുന്നത് ഞാന്‍ കണ്ടു. കാറ്റിന്റെ മൂളക്കം പതുക്കെ എന്റെ തലയില്‍ ലഹരിപോലെ പടര്‍ന്നു. ഇരുണ്ട ഇടനാഴി നാലുഭാഗത്തിനുന്നും ചുരുങ്ങിവരുന്നതും അവസാനം കൃത്യമായി എന്റെ അളവുകളുള്ള ഒരു ശവപ്പെട്ടിയുടെ ആകൃതിയില്‍ എനിക്കു ചുറ്റും പെട്ടെന്നു നിന്നതും ഞാന്‍ അറിഞ്ഞു.
“വിടൂ.” ഞാനിത്തിരി ഉറക്കെപ്പറഞ്ഞു. “ഞാനിപ്പോള്‍ത്തന്നെ വരാം. എന്ന തടയണ്ട.”
അപ്പോഴാണ് എന്റെ ഭര്‍ത്താവ് എന്നെ ഊക്കില്‍ തള്ളിയത്. എന്റെ മനസ്സില്‍ ഒരുമിച്ചു പൊട്ടിയ ഏതൊക്കെയോ ചരടുകളുടെ അറ്റം ധൃതിയില്‍ തിരഞ്ഞുപിടിക്കെ ഭര്‍ത്താവ് വീണ്ടും പിന്നില്‍നിന്നും എന്നെ തള്ളി. കിടക്കറയുടെ വാതില്‍ പിടിച്ചാണ് ഞാന്‍ പിന്നെ നിന്നത്. പടുതിരി കത്തുന്ന ഒരു തിരിയുടെ അറ്റംപോലെ ഭര്‍ത്താവിന്റെ മുഖം ഒരിക്കല്‍ ഞാന്‍ കണ്ടു. കറുത്ത തീ എന്നൊക്കെ ഞാന്‍ വിളിക്കുക ഒരു പക്ഷേ, അന്ന് ഭര്‍ത്താവിന്റെ മുഖത്തു കണ്ട ഭാവത്തെയാവും. എണ്ണമിഴുക്കുള്ള കൈ സ്വന്തം മാറത്തും വയറിലും തുടച്ച് എന്നെ അദ്ദേഹം വീണ്ടും കട്ടിലിലേയ്ക്കു തള്ളിയിട്ടു. കട്ടിലില്‍ പുളിച്ചുനുരഞ്ഞ അഭിമാനവുമായി മൂക്കുകത്തി വീഴുമ്പോള്‍ എനിക്കു മനസ്സിലായി. ഇന്നലെ, ഇതേപോലൊരു നിമിഷത്തിലാണ് ഞാന്‍ അമാനുഷികമായി കരഞ്ഞത്. എനിക്ക് കഠിനമായ പേടിതോന്നി. ഒരുതരി വെളിച്ചംപോലും കടക്കാത്തവിധം കിടപ്പുമുറിയുടെ ജനലുകള്‍ കുറ്റിയിട്ട് പുറത്തേയ്ക്കുള്ള വാതില്‍ അടയ്ക്കാന്‍ തുടങ്ങുകയായിരുന്നു ഭര്‍ത്താവ്. ഒരു പക്ഷേ, ഇനി അയാള്‍ തല്ലിയേയ്ക്കും. അതു കഴിഞ്ഞാലെങ്കിലും പുറത്തിറങ്ങി കടുത്ത വെയിലില്‍ കുറേ നടക്കണം. വീണ്ടും തീ, ആളുന്ന തീ, മോഹിപ്പിക്കുന്ന വസ്തുവിനെപ്പോലെ മനസ്സിലെത്തി. പൂവുപോലെ വിടര്‍ന്നു കത്തുന്ന തീ. വാതിലിന്റെ താഴില്‍ പിടിച്ചു ഭര്‍ത്താവ് എന്നെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു. മിനുത്ത കഴുത്തില്‍ തുപ്പലിറക്കുമ്പോള്‍ ഉരുളുന്ന വലിയ ഉണ്ട. ഇരുണ്ട ഇടനാഴിയിലൂടെ ഒറ്റയ്ക്ക് ഞാന്‍ ഉരുളുമ്പോഴും അദ്ദേഹം ഇതേപോലെ നോക്കിനില്‍ക്കുകയാവും ചെയ്യുക, ഞാന്‍ ഓര്‍ത്തു. അതോടെ എനിക്കെല്ലാം സത്യമായിത്തോന്നി. അടഞ്ഞ വാതിലുകളും അടഞ്ഞ ജനാലകളും. ഞാന്‍ കട്ടിലില്‍ നിന്നും ഒരീറ്റുപാമ്പിനെപ്പോലെ ചീറി; “എന്നെ പുറത്തു വിടൂ. എനിക്ക് ശ്വാസം മുട്ടുന്നു. എനിക്കു വയ്യ.”
എനിക്ക് യാഥാര്‍ഥത്തിലും ശ്വാസം മുട്ടിയിരുന്നു എന്നു തോന്നുന്നു. അസഹ്യമായ അസ്വാസ്ഥ്യവും വെറുപ്പും ദ്വേഷ്യവും ക്ഷീണവും ഒക്കെ എനിക്ക് തോന്നി. എന്റെ കിടപ്പറയുടെ ചുമരുകള്‍ പതുക്കെ പതുക്കെ കരിങ്കല്ലാവുന്നതും പൈപ്പിലൂടെ കിനിച്ചു വരുന്ന വെള്ളത്തെപ്പോലെ എന്റെ ചുറ്റും നിറഞ്ഞ ഇരുട്ടില്‍ ഭര്‍ത്താവ് അലിഞ്ഞില്ലാതാവുന്നതും ഒക്കെ ഞാന്‍ നിന്നനില്പില്‍ നിന്നു കണ്ടു. കരയിക്കുന്ന ആ ഏകാന്തതയില്‍, മുങ്ങിപ്പോകുന്ന ഒരു തോണിയില്‍ നിന്നും വെള്ളത്തിലേക്ക് രണ്ടും കല്പിച്ചു ചാടുന്ന യാത്രക്കാരനെപ്പോലെ ഞാന്‍ വാതില്‍ക്കലേക്ക് പാഞ്ഞു. ദ്വേഷ്യവും നിരാശയും കഠിനമായ ഭയവും ആയിരുന്നു എന്റെ മനസ്സുമുഴുവന്‍. “എന്നെ പുറത്തുവിടൂ.” ഞാനലറി. “വാതില്‍ ഞാന്‍ ചവിട്ടിപ്പൊളിക്കും”.
നിറഞ്ഞ നിശ്ശബ്ദതയില്‍ എന്റെ ശബ്ദം ഒരശിരീരിപോലെ കനംപൂണ്ടു. ഇരുട്ടില്‍ ഭീകരമായ ഒരു സത്വത്തെപ്പോലെ എന്റെ മുന്നില്‍ വിലങ്ങടിച്ചുനിന്ന വാതിലിനപ്പുറത്ത് നിറഞ്ഞ നിശ്ശബ്ദമായ ഇരുട്ടില്‍ ഞാന്‍ തനിച്ച്. ഭയംകൊണ്ട് ഞാന്‍ പെട്ടെന്നു നിശ്ശബ്ദയായി. തുറിച്ച കണ്ണുകളുമായി ഞാനാ വാതിലിനെ, യാതൊരര്‍ഥവുമില്ലാതെ നോക്കിക്കൊണ്ടേ ഇരുന്നു. ഞാനാ പറയുന്നത്. തെറ്റാണെന്നു തോന്നുന്നു. അവിടെ വാതിലേ ഉണ്ടായിരുന്നില്ല. ഞാന്‍ ആകാംക്ഷയോടെ നോക്കിയിരുന്നത് ഇരുട്ടിനെയായിരുന്നു. എനിക്ക് ഭര്‍ത്താവിന്റെ കാല്‍ക്കല്‍വീണ്, വാതില്‍ കാണിച്ചുതരാനും അത് തുറന്നുതരാനും യാചിക്കണമെന്നു തോന്നി. അഭിമാനം ആപേക്ഷികമായ ഒന്നാണ്. ക്ഷീണം കാരണം ബലഹീനമായിത്തീര്‍ന്ന മനസ്സുകൊണ്ട് അല്ലെങ്കിലും ഞാനൊരു വാതിലും  തുറക്കുകയില്ല. വരണ്ട, ഒഴിഞ്ഞ പറമ്പിലൂടെ പാഞ്ഞുപോകുന്ന കാറ്റിന്റെ മൂളക്കംപോലെ സ്വന്തം ശ്വാസത്തിന്റെ വേഗം എന്നെ അരിശം പിടിപ്പിച്ചു. മനസ്സിന്റെ പിന്നില്‍, ഒരു ഉണക്ക മരംപോലെനിന്ന ഭര്‍ത്താവിന്റെ കഴുത്തില്‍, സ്വപ്നത്തില്‍കണ്ടപോലത്തെ ഒരിരുമ്പുകഷ്ണം വളരെ വേഗം താഴ്ന്നുപോകുമെന്ന് ഞാന്‍ ഓര്‍ത്തു.
കൂട്ടില്‍ അപ്പോള്‍ പിടിച്ചിട്ട ഒരു വന്യമൃഗത്തെപ്പോലെ എന്റെ നാലുപാടുമുള്ള ചുമരുകള്‍ മണപ്പിച്ചുകൊണ്ടും മുരണ്ടുകൊണ്ടും ഞാന്‍ പലതവണ മുറിയില്‍ വട്ടംചുറ്റി. സ്വന്തം ശ്വാസത്തിന്റെയും കാലടിയുടെയും ശബ്ദം കാതില്‍, എല്ലാം മൂടുന്ന ഒരു മുഴക്കമായി നില്‍ക്കെ എന്റെ ആ ചെറിയമുറി ഒരു ഇടനാഴിയെപ്പോലെ നീളം വെയ്ക്കാന്‍ തുടങ്ങി. വളവും തിരിവുമുള്ള ഇടുങ്ങിയ ആ ഇടനാഴിയുടെ അറ്റം കാണാന്‍ ഞാന്‍ ഓടിത്തുടങ്ങിയതപ്പോഴാണ്. ആ കൂരിരുട്ടില്‍, അതിവേഗം ഓടിക്കൊണ്ടിരിക്കെ, നിലത്ത് എറുമ്പുകള്‍ തുളയ്ക്കുന്ന അതിസൂക്ഷ്മമായ തുളപോലെ വെളിച്ചത്തിന്റെ ഒരു തരി ഞാന്‍ കണ്ടു. ഓടുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലാത്തിനാലാവാം ഞാന്‍ അതിന്റെ മുകളില്‍നിന്ന് ചുരമാന്താന്‍ പുറപ്പെട്ടത്. പെട്ടെന്ന് വെളിച്ചത്തിന്റെ തരികള്‍ പൂഴിപോലെ എന്റെ മേല്‍ വന്നുവീണു. അങ്ങനെയാണ് ഞാന്‍ രാജകുമാരനെ കണ്ടെത്തിയത്. മുകളില്‍ ചിറകുകള്‍ വിടര്‍ത്തിനിന്ന കുതിരക്കുമേല്‍ സര്‍വാലംകൃതനായി വാളേന്തി രാജകുമാരന്‍ ഇരുന്നു. അദ്ദേഹത്തിന്റെ ചിരിയില്‍നിന്നാണ് എന്റെ മേല്‍ വെളിച്ചത്തിന്റെ തരികള്‍ വന്നു വീണിരുന്നത്.
തിളങ്ങുന്ന ജീനിപ്പുറത്ത് ഇരുന്ന് രാജകുമാരന്‍ ചുവട്ടില്‍ നില്‍ക്കുന്ന എന്റെ നേരെ കൈനീട്ടി. ആ കൈകളില്‍ പിടിച്ചുകേറി കുതിരപ്പുറത്തിരിക്കെ എന്റെ തലയില്‍ തലോടി രാജകുമാരന്‍ ചോദിച്ചു. “എന്താണ് നിനക്ക് വേണ്ടത്? ”
“പറക്കണം” ഞാന്‍ പറഞ്ഞു.
“എവിടേക്ക്? ” രാജകുമാരന്‍ ആരാഞ്ഞു.
ഞാനൊരുപാടാലോചിച്ചു. എവിടേക്കാണ് പറക്കുക? അവസാനം ഞാന്‍ പറഞ്ഞു. “എനിക്കറിയില്ല. അത് അങ്ങുതന്നെ തീര്‍ച്ചയാക്കൂ.”
രാജകുമാരന്‍ വെളിച്ചത്തിന്റെ തരികള്‍ ഉതിര്‍ത്തുകൊണ്ട് ചിരിച്ചു. എന്നിട്ട് കഴുത്തില്‍ക്കിടന്ന വലിയ മാലയിലെ രത്‌നം പതിച്ച ലോക്കറ്റില്‍ നോക്കി പറഞ്ഞു. “ഇവളെ രാജകുമാരിയാക്കുക.”
പൊടുന്നനെ അതിസുന്ദരിയും സര്‍വാഭരണ വിഭൂഷിതയുമായ ഒരു രാജകുമാരിയായി ഞാന്‍. ഞാനുടുത്ത വസ്ത്രത്തിന്റെ ഞൊറികളായിരുന്നു സമുദ്രത്തിന്റെ തിരമാലകള്‍. എന്റെ മുടിയില്‍ ചൂടിയ രത്‌നങ്ങള്‍ നക്ഷത്രങ്ങളായി.
“ഇനി രാജകുമാരിക്കൊരു വാള് ഞാന്‍ തരാം.” രാജകുമാരന്‍ പറഞ്ഞു. “നീ ഓങ്ങിയ വാള്‍ പക്ഷേ, നിനക്കു ഫലപ്രാപ്തിയില്ലാതെ തിരിച്ചെടുക്കാനാവില്ല.”
അതിശക്തമായ ആ വാളും കിരീടവും എന്തെന്നില്ലാത്ത ആത്മവിശ്വാസവുമായി ഞാന്‍ രാജകുമാരനൊത്ത് ആകാശത്തിലൂടെ ഒരുപാടുദൂരം പോയി. അങ്ങനെ പറക്കുമ്പോഴാണ് എന്റെ ഭര്‍ത്താവിനെ താഴെ, വളരെ താഴെ, തഴുതിട്ട വാതില്ക്കല്‍ കാവല്‍ക്കാരനെപോലെ ഞാന്‍ കണ്ടത്.
“എന്നെ ഒന്നു താഴത്തേക്കാക്കൂ” ഞാന്‍ രാജകുമാരനോട് പറഞ്ഞു: “ഞാനുടനെ മടങ്ങിയെത്താം.”
ഒരു പക്ഷിയുടെ തൂവല്‍ താഴത്തേക്ക് ഒഴുകി വീഴും പോലെ ഞാന്‍ അതിവേഗം ഭൂമിയിലെത്തി. അവിടെ, വാളും കിരീടവും  സര്‍വാലങ്കാരങ്ങളും ഏറെ അഹംഭാവവുമായി ഞാന്‍ ഭര്‍ത്താവിനു നേരെ മുന്നിലെത്തി. അതീവസുന്ദരിയും രാജകുമാരിയുമായിത്തീര്‍ന്നിരുന്ന എന്നെ അദ്ദേഹം നിമിഷങ്ങളോളം നോക്കിനിന്നു. അദ്ദേഹത്തിന്റെ മുഖത്തുകണ്ട അവിശ്വാസത്തിന്റെയും അതൃപ്തിയുടെയും നേരെ എന്റെ ചുണ്ടില്‍ വിരിഞ്ഞ പുച്ഛം നിറഞ്ഞ ചിരി കാരണമാകാം പൊടുന്നനെ ഒരു വേട്ടനായയുടെ കഴിവോടും വേഗതയോടും കൂടി അദ്ദേഹം എന്റെ മേല്‍ ചാടി വീണത്. നിമിഷത്തിന്റെ ഒരു ചെറിയ അംശംകൊണ്ട് അദ്ദേഹം എന്റെ സ്വര്‍ണക്കിരീടം തട്ടിത്തെറിപ്പിച്ചു. അതു ഞാന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയാതെ വയ്യ. ഞങ്ങള്‍ രണ്ടുപേരും നിലത്തേക്ക് കടിപിടി കൂടുന്ന നായ്ക്കളെപ്പോലെ ഒരുമിച്ച് മറിഞ്ഞു. അതോടെ കെട്ടിയ എല്ലാ ചരടുകളും തകര്‍ന്ന ഒരു കമാനം പോലെയായി എന്റെ മനസ്സ്. വെള്ളപ്പൊക്കത്തിലായ നദിയെപ്പോലെ ഇരുട്ട് അതില്‍ കുലംകുത്തി പതഞ്ഞു. ആ ഇരുട്ടില്‍ ചിതറിക്കിടന്ന ആയിരം സാധനങ്ങള്‍ക്കിടയ്ക്ക് എന്റെ കൈയില്‍ നിന്ന് തെറിച്ച സുവര്‍ണവാള്‍ അനാഥമായി കിടക്കുന്നതുകണ്ട്, ശത്രുഭടന്റെ കൈയില്‍ നിന്ന് പ്രഹരമേറ്റ രാജ്ഞിയെപ്പോലെ ഞാന്‍ അപമാനിതമായി. എന്റെ ഈ തോല്‌വിയും അപമാനവും മുകളിലിരുന്ന് രാജകുമാരന്‍ കാണുകയാവും. തൊട്ടു മുന്നില്‍ക്കണ്ട മെലിഞ്ഞ, പൗരുഷമില്ലാത്ത കഴുത്തില്‍ കണ്ണ് ഒരു നിമിഷം തറഞ്ഞു. രാജകുമാരന്റെ അരികിലേക്ക് അതിവേഗം മടങ്ങേണ്ടതുണ്ടെന്ന കാര്യം എനിക്കപ്പോഴാണ് ഓര്‍മവന്നത്.  ഒരു ര്ജ്ഞിയെപ്പോലെ ഞാന്‍ വാള്‍ വലിച്ചെടുത്തു. വിഷപ്പാമ്പിന്റെ മിന്നുന്ന പുറം പോലെയുള്ള ആ മിനുത്ത കഴുത്താണോ ഉറയൂരിയ എന്റെ വാളാണോ ഭര്‍ത്താവിനെ കൊല്ലാന്‍ എന്നെ പ്രേരിപ്പിച്ചതെന്നറിഞ്ഞുകൂടാ. അതൊക്കെ പക്ഷേ, അപ്രസക്തങ്ങളാണ്. സ്തംഭിച്ചുനിന്നിടത്തു നിന്നും കൈകള്‍ അയഞ്ഞ് ഒരു ഭാഗത്തേക്ക് മറിഞ്ഞു വീഴുമ്പോള്‍ എന്റെ ഭര്‍ത്താവിന്റെ മുഖം ഞാന്‍ പ്രതീക്ഷിച്ചപോലെയേ അല്ലായിരുന്നു. മരണം നമ്മളെയൊക്കെ വല്ലാതെ വിലകെട്ടവരും വിഡ്ഢികളും ആക്കുന്നു. എന്റെ കാല്‍ക്കല്‍ വീണുകിടക്കുന്ന ഈ മനുഷ്യന്റെ മുഖം അവിശ്വസനീയമാം വിധം ഒരു തികഞ്ഞ വിദൂഷകന്റേതുപോലെയായിരുന്നു. അഴയില്‍ ഉണങ്ങാനിട്ട ഒരു വെളുത്ത മുണ്ടെടുത്ത് ഞാന്‍ എന്റെ ഭര്‍ത്താവിന്റെ തല മൂടിപ്പുതപ്പിച്ചു. ഒട്ടും ക്ഷീണം തോന്നാഞ്ഞതുകൊണ്ട് ചുളിഞ്ഞു കിടന്ന ഞങ്ങളുടെ കട്ടിലിലെ വിരി വൃത്തിയായി വിരിക്കുകയും അലങ്കോലപ്പെട്ടു കിടന്ന സാധനങ്ങള്‍ വെടിപ്പായിവെക്കുകയും ചെയ്തു. എന്തൊക്കെയായാലും നാം മരണത്തോട് കാട്ടേണ്ട ചില മര്യാദകളുണ്ട്. മരണം രാജകുമാരനും രാജകുമാരിക്കും വേണമല്ലോ. പക്ഷേ എത്ര ധൃതിയില്‍ ചെയ്തിട്ടും ഞാന്‍ വൈകിയെന്ന് തോന്നുന്നു. പുറത്ത് ആകാശത്തില്‍ പറക്കും കുതിരയും രാജകുമാരനും എന്നെ കാത്തുനിന്നില്ല. കുറ്റം എന്റേതുതന്നെയാണ്. വാളിന്റെ ഊക്കുമായി ഞാന്‍ വെറുതെ ഭൂമിയിലേക്ക് വരേണ്ടിയിരുന്നില്ല. എല്ലാം എനിക്ക് രാജകുമാരനോടു പറയണം. ഒറ്റയ്ക്കാവുക എനിക്ക് വലിയ പേടിയാണെന്നും വാള്‍ ഞാന്‍ വലിച്ചെറിയുകയാണെന്നും. പക്ഷേ, എനിക്ക് കാത്തിരിക്കേണ്ടിയിരിക്കുന്നു. ഈ ഉമ്മറപ്പടിയില്‍ ഞാനിരിക്കാന്‍ തുടങ്ങിയത് അതുകൊണ്ടാണ്. കുറ്റം എന്റേതുതന്നെയാണല്ലോ.
***

മങ്ങുന്ന വെയില്‍

പാട്ടീലിന്റെ കൂടെ, വരമ്പത്തെ പുല്‍ത്തലപ്പുകളില്‍ കാലുരസിനടക്കെ, അമ്മാവന്റെ കൂടെയാണെന്നാണ് എനിക്ക് തോന്നിയത്. മുണ്ടിന്റെ കോന്തല കക്ഷത്തിറുക്കി വടിയുടെ അറ്റം ഗമയില്‍ മണ്ണില്‍ കുത്തിനടക്കുന്ന അമ്മാവന്റെ മുന്‍പില്‍, വിളിപ്പാടകലെ ചാമിയുണ്ടാവും. തറവാട്ടിലെ കണ്ണിലുണ്ണിയായ താന്‍ അമ്മാവന്റെ വിരലില്‍ തൂങ്ങി ഒപ്പമാണ് നടക്കുക. പാടത്തെ നിരവധി പണിക്കാര്‍ നിന്ന നില്പില്‍ നിന്ന് തലയുയര്‍ത്തുകപോലുമില്ല. താറാവുകളെ പാടത്തുവിട്ട് മേയ്ക്കുന്ന അയ്‌നുമാപ്ല പക്ഷേ, തലചൊറിയും. തലയില്‍ക്കെട്ടിയ തോര്‍ത്തെടുത്തു ചുമലിലിട്ട് വഴിയില്‍നിന്ന് ചുവട്ടിലെ കണ്ടത്തിലേക്കിറങ്ങിനിന്ന് വായ്‌പൊത്തി ചിരിക്കും.
“അമ്മുക്കുട്ടിക്ക് താറാവിനെ വേണോ ആവോ”
അയ്‌നുമാപ്ലയുടെ നേരെ അമ്മാവന്‍ തലതിരിക്കുകയോ മൂളുകയോ ഒന്നും ചെയ്യില്ല.
അമ്മാവന്‍ നായാട്ടിനും പോകുമായിരുന്നു. വലിയ വിളക്കുകളും ഏറെ ബഹളവും അനുചരന്മാരുമൊക്കെയായി രാത്രി തിരിച്ചെത്തുന്ന അമ്മാവനെ മൂന്നാംനിലയിലെ മരയഴികള്‍ക്കിടയിലൂടെ പല തവണ നോക്കി കിടന്നിട്ടുണ്ട്. പിന്നില്‍ ആര്‍ഭാടത്തോടെ തോളിലേറ്റിക്കൊണ്ടു വരുന്ന ചോരപ്പാടുകള്‍ നിറഞ്ഞ മൃഗത്തെ തൊടിയിലിട്ട് തൊലി പൊളിക്കുമ്പോള്‍ ഇരുട്ടില്‍ തന്റെ അടുത്തേക്ക് കുറെക്കൂടി നീങ്ങിക്കിടന്ന് താഴ്ന്ന ശബ്ദത്തില്‍ ഉണ്ണ്യേട്ടന്‍ ചോദിക്കും.
“ജാനു ഒറങ്ങ്ാ? ”
“ഏയ്! അല്ല.”
ഉരുണ്ടുരുണ്ട് താഴേക്കു വന്ന പക്ഷിയെ പ്രസാദും ഞാനും നോക്കി നിന്നു. നൂല്‍പൊട്ടിയ പട്ടംപോലെ ആകാശത്തില്‍ ഒരുനിമിഷം അതു വിറച്ചിരുന്നു.
പിന്നില്‍ കാത്തുനിന്നിരുന്ന സാംബന്റെ കൈകളിലേക്ക് തോക്കെറിഞ്ഞു കൊടുത്തു പാട്ടീല്‍ ഉറക്കെ ചിരിച്ചു.
“അയ്യ്യായ്യ്യോ! ആണ്‍കുട്ടികള്‍ക്കിത്ര പേട്യോ.”
സിനിമകളിലല്ലാതെ തോക്ക് കണ്ടിട്ടില്ലാത്ത പ്രസാദ് പാട്ടീലിന്റെ മുഖത്തേക്ക് അവിശ്വസനീയതയോടെ നോക്കി. അവന്റെ അമ്പരപ്പു പാട്ടീലിനെ ചിരിപ്പിച്ചിരിക്കണം. പാട്ടീല്‍ പ്രസാദിന്റെ പുറത്തുതട്ടി. തോട്ടിലെ തെളിഞ്ഞ വെള്ളത്തിലാണ് സാംബന്‍ പക്ഷിയെ കഴുകിയത്. ചോര, കെട്ടുപിണഞ്ഞ നേര്‍ത്ത നൂലുകളെപ്പോലെ സാംബന്റെ കാലിനുചുറ്റു പടര്‍ന്നു. പ്രസാദ് വീണ്ടും പാട്ടീലിനെ നോക്കി.
“ഉം? ” പട്ടീല്‍ ചോദിച്ചു.
പ്രസാദ് ഒന്നും പറയാത്തതുകൊണ്ടാവണം പാട്ടീല്‍ വീണ്ടും ചോദിച്ചു.
“എന്തേ?”
“വെറുതെ”. കണ്ണുകള്‍ പാട്ടീലിന്റെ മുഖത്തുനിന്നും ധൃതിയില്‍ പിന്‍വലിക്കവേ പ്രസാദ് പറഞ്ഞു: “എന്താ ഈ പൂവിന്റെ പേര്? ”
“ചമേലി.”
പാട്ടീലിന്റെ ക്ഷണമനുസരിച്ച് നഗരത്തിന്റെ ചൂടിലും തിരക്കിലും നിന്ന് നാട്ടിന്‍പുറത്തിന്റെ കുളിര്‍മയിലേക്ക് കുറച്ചുദിവസത്തേക്കു രക്ഷപ്പെട്ടതായിരുന്നു ഞങ്ങള്‍. ബഹുവര്‍ണങ്ങളിലുള്ള നാടകള്‍ മെടഞ്ഞ ഭംഗിയാര്‍ന്ന കട്ടിലില്‍ തുറന്ന ആകാശത്തിനുകീഴെ, പാട്ടീലിന്റെ വീട്ടുമുറ്റത്ത് ഞങ്ങള്‍ ആലസ്യമാണ്ടിരിക്കെ ചെടികള്‍ക്കും അവയിലെ മുള്ളുകള്‍ക്കുമിടയിലൂടെ അവയൊക്കെ തൊട്ടും താലോലിച്ചും പ്രസാദ് ഓടി നടന്നു. മാഞ്ഞവഴിയിലൂടെ ഒരുപാടുദൂരം തിരിച്ചുനടന്ന് ഒന്നുനിന്നപോലെ തോന്നി എനിക്ക്.
സ്വര്‍ഗം കാണാന്‍, കോടിത്തോര്‍ത്തുകൊണ്ട് നെറ്റിയില്‍ നൂറ്റൊന്നുരയ്ക്കാന്‍ ഉണ്ണ്യേട്ടനാണ് പറഞ്ഞത്.
തൊഴുത്തിനു പിന്നിലെ വളക്കൂനകള്‍ക്കു മറവില്‍ നട്ടുച്ചവെയിലത്തായിരുന്നു ശ്രമം.
അടി വീണത് ഓര്‍ക്കാപ്പുറത്താണ്.
“ഇനി തെരയാത്ത സ്ഥലല്ല്യ! ” വലിയമ്മ ദേഷ്യം കൊണ്ടു കിതച്ചു.
“ചെയ്യ്വോ ഇനി...?  ആരും കാണാത്തോടത്ത് വന്നിരിക്യാന്ന്? ഈ വളപ്പില് ഒരു തലക്കല്‍ കെടന്ന് ചത്താ ഒരാളും അറിയില്ല.”
ചോര പൊടിഞ്ഞുവീര്‍ത്തു ചുകന്ന നെറ്റി ഒരു കൈപ്പടം കൊണ്ടുപൊത്തി ഉണ്ണ്യേട്ടന്‍ തേങ്ങി.
“സ്വര്‍ഗം കണ്ടിരുന്നെങ്കിലോ! ഈ തല്ലണോരൊക്കെ അപ്പൊ പിന്നാലെ വന്നേനെ!”
തോട്ടില്‍ നിന്നു കിട്ടിയ വലിയ മിനുത്ത വെള്ളാരംകല്ല് കുഴുകി സാംബന്‍ തോടിന്റെ കരയില്‍വെച്ചു. സാംബന്റെ നേര്‍ത്ത ചിരിയില്‍ നിന്ന് തിരിഞ്ഞു പൊടുന്നനെ പ്രസാദ് പാട്ടീലിനെ നോക്കി.
“എടുത്തോളൂ” പാട്ടീല്‍ പ്രസാദിനോട് പറഞ്ഞു: “അവനങ്ങട് കേറിപ്പോട്ടെ.”
“എന്താ സാംബനെ തൊട്ടാല്‍?
ഇന്നലെ പ്രസാദ് ചോദിച്ചിരുന്നു.
തിളങ്ങുന്ന, മനോഹരമായ ചിത്രപ്പണികളുള്ള ഹുക്കയില്‍ നിന്നും, അടികൊണ്ടാലെന്നപോലെ പൊടുന്നനെ മുഖമുയര്‍ത്തി പാട്ടീല്‍ എന്നെ നോക്കി. ആരും ഒന്നും പറയാതിരുന്നതിനാലാവണം പ്രസാദ് വീണ്ടും ചോദ്യമാവര്‍ത്തിച്ചത്.
ഉരുണ്ട തലയണയില്‍ ചാരി കാല്‍ നീട്ടി ഇരുന്നിടത്തുനിന്ന് ദേശ്പാണ്‌ഡെ എഴുന്നേറ്റ്, വിലകൂടിയ കോളാമ്പി അടുത്തേക്കുവലിച്ചു വെച്ച് അതിലേക്കു കാറിത്തുപ്പി.
“തൊടണ്ട.” ഞാന്‍ പറഞ്ഞു: “അല്ലെങ്കിലും അവനെ തൊട്ട് പുണ്യൊന്നും നേടാനില്ല്യലൊ ഇപ്പൊ. ”
“ദൈവത്തിനെ നമുക്ക് മറികടന്നുകൂട.” പാട്ടീലാണ് തുടങ്ങിയത്.
“അദ്ദേഹത്തിന്റെ ഹിതം നടക്കുക തന്നെ ചയ്യും. കൊല്ലണോനേം, ചാവണോനേം നിരീച്ചാ മറിച്ചിടാന്‍ വയ്യാത്തോണ്ടല്ല അദ്ദേഹം മിണ്ടാതിരിക്കണത്. ഈ ഞാന്‍ പോത്തിന്റെ തൊലി പൊളിക്കാന്‍ പോയാല്‍ ഒട്ടും നേര്യാവില്ല.”
ദേശ് പാണ്‌ഡെയുടെയും പാട്ടീലിന്റെയും മുഖത്തെ അതിരുകവിഞ്ഞ ഗൗരവമാവാം പ്രസാദ് പിന്നിടൊന്നും ചോദിച്ചില്ല. പാട്ടീലിന്റെ മുഖം, തിളങ്ങുന്ന അഭേദ്യമായ ഒരു മതില്‍പോലെയുണ്ട്. ഞാന്‍ പ്രസാദിനെ ഒന്നുകൂടി അടുത്തേക്കിരുത്തി തലതാഴ്ത്തി.
തറവാട്ടില്‍ കന്നുമേയ്ക്കുന്ന വള്ളിപ്പെണ്ണിനെ, മണ്ണില്‍ നാലുകാലില്‍ കുനിപ്പിച്ചു നിറുത്തി അവളുടെ പുറത്തുകയറി നിന്ന് മാങ്ങ പൊട്ടിക്കാന്‍ ശ്രമിക്കവേ വള്ളി കെഞ്ചി.
“വേണ്ട ചെറ്യമ്പ്രാന്‍,” കുനിഞ്ഞിടത്തുനിന്നു നിവരാതെ വള്ളി കരഞ്ഞു: “വല്ല്യമ്പ്രാന്‍ കണ്ടാല്‍ അടിയന്റെ തൊലിപൊളിക്കും”.
ഉണ്ണ്യേട്ടന്‍ കേട്ടില്ല. അന്ന് ആ നട്ടുച്ചയ്ക്ക് അവിടെ അമ്മാവന്‍ എത്തിയതെങ്ങനെയെന്ന് ഇന്നുമറിയില്ല. താനും വള്ളിയും ഉണ്ണ്യേട്ടനെ മാവിന്‍കൊമ്പത്ത് തൂങ്ങാന്‍ വിട്ട് നിലവിളിച്ചുകൊണ്ടോടി.
പിന്നെ, അന്നു വൈകുന്നേരം പുറമുറ്റത്തുവെച്ച് വള്ളി, നിറുത്താതെ വീണ ചാട്ടയ്ക്കുകീഴില്‍ പിടയുമ്പോള്‍ കോലായത്തലപ്പില്‍ ഇരുപുറത്തുമായി ഇരിക്കുകയായിരുന്നു ഞാനും ഉണ്ണ്യേട്ടനും. വടക്കോറത്തെ മുറ്റത്ത് വള്ളിയുടെ അമ്മ ഞങ്ങള്‍ക്കൊക്കെ ഉണ്ണാനുള്ള അരി ചേറി വൃത്തിയാക്കി.
അവസാനം, നാലകത്തെ ഇരുട്ടില്‍ തൊട്ടുതൊട്ടുറങ്ങാന്‍ കിടക്കുമ്പോള്‍ ഉണ്ണ്യേട്ടന്‍ പതുക്കെ പറഞ്ഞു.
“വള്ളിപ്പെണ്ണിനെ തൊട്ടാ ഒന്നും പറ്റില്ല”.
“ഉം.” താന്‍ മൂളി.
“അവളെ തല്ലണ്ടായിരുന്നു”.
“ഉം”.
“ഞാന്‍ പറഞ്ഞിട്ടാ അവളങ്ങനെ...”
“ഉണ്ണ്യേട്ടന്‍ മിണ്ടാണ്ടെ കിടക്കുണുണ്ടോ? ”
തോട്ടിന്റെ കരയില്‍ നിന്നെടുത്ത കല്ല് കുറച്ചുനേരം നോക്കിനിന്ന് പ്രസാദ് പോക്കറ്റിലിട്ടു.
മുന്‍പില്‍ വിളിപ്പാടകലെ സാംബന്‍, പിന്നെ പ്രസാദ്, പിന്നില്‍ ഞാനും പാട്ടീലും. അതായിരുന്നു ഞങ്ങളുടെ നിര.
“അതെ. മിസിസ് നായര്‍” നടത്തത്തിനിടയില്‍ എന്തിന്റെയോ തുടര്‍ച്ചയെന്നപോലെ പാട്ടീല്‍ പറയുകയായിരുന്നു. “നമ്മുടെ തെറ്റ്, ശരി, ഗര്‍വ് ഒക്കെ വെറുതെ. എല്ലാം ആ അവിടുത്തെ ഇച്ഛപോലെയേ വരൂ. വെറും കരുക്കളാണ് നാം. കൃമികള്‍.”
സ്വന്തം കുപ്പായത്തിന്റെ ആനക്കൊമ്പുകൊണ്ടുള്ള കുടുക്കുകള്‍ പാട്ടീല്‍ എന്തുകൊണ്ടോ തിരുപ്പിടിച്ചിരുന്നു. ഞങ്ങള്‍ക്കു ചുറ്റും തെളിമയോടെ നിന്ന പോക്കുവെയില്‍പോലെ അദ്ദേഹത്തിന്റെ മുഖം ശാന്തമാണ്. നിഷ്‌കളങ്കതയോളമെത്തുന്ന എന്തെന്നില്ലാത്ത ആ പവിത്രത, എന്നെ വല്ലാതെ സ്പര്‍ശിച്ചു എന്നു തോന്നുന്നു. നിരന്തരമായ ഒരു പീഡനം പോലെ പിന്നെ അതെന്നിലേക്കിറങ്ങവേ, ചിറകുകള്‍ നഷ്ടമായ പക്ഷിയോടെന്നപോലെ എനിക്കദ്ദേഹത്തോട് പാവം തോന്നി. ഇനി കാലുകള്‍തന്നെ വേണം പാട്ടീലിനോടാന്‍. പറക്കാനും.
“ദാ, ഇവിടക്ക് ഒന്നും തോന്നരുത്.” നാലുകെട്ടിനകത്തെ മുഷിഞ്ഞ വെളിച്ചത്തില്‍ മുഖാഭിമുഖം നിന്ന് അമ്മ്വോമ്മ അമ്മയോടു പറഞ്ഞു.
“കര്‍ക്കിടകത്തിലെ പെരുംമഴത്ത്, ന്റെ അമ്മിണി വെശന്ന് പൊരിഞ്ഞ് ന്റെ കൈയില്‍ക്കെടന്ന് ചത്തപ്പൊ ഞാനൊന്നും പറഞ്ഞില്ല, മുജ്ജന്മഫലാന്ന് കരുതി. പക്ഷേ, കഴിഞ്ഞ ജന്മത്തെ കണക്ക് ഈ ജന്മത്തേക്ക് എന്തിനാ ഒരു നീട്ടിക്കെട്ടല്. അപ്പപ്പത്തെ കണക്ക് അപ്പപ്പൊ തീര്‍ക്കാന്‍ വയ്യാണ്ടെ എന്തിനാ ഈശ്വരന്‍ന്നും പറഞ്ഞ് ഇങ്ങനൊരുത്തന്‍?”
വേഷ്ടിത്തലപ്പെടുത്തു ചെവിപൊത്തി അമ്മ അകത്തേക്കോടി. “ദൈവദോഷം പറയരുത് അമ്മ്വോ” അമ്മ അന്ന് തന്റെ വേലക്കാരിയെ ശാസിച്ചു. “നെനക്കാ അദ്ദേഹത്തിനാ അധികം വിവരം?”
ചായ്പിലെ ഇരുട്ടില്‍ പക്ഷേ, അമ്മ്വോമ്മ നിറുത്താതെ കരഞ്ഞു.
പമ്പരം ഉണ്ടാക്കിത്തരാന്‍ ആവശ്യപ്പെടാന്‍ ചെന്ന തന്നെയും ഉണ്ണ്യേട്ടനെയും അവര്‍ നെഞ്ചോട് കൂട്ടിപ്പിടിച്ചിരുന്നു.
”എന്തിനാ അമ്മ്വോമ്മ കരയണ്?”
“ഗോവിന്ദന്‍കുട്ടിക്കേ തീരെ വയ്യ.” കണ്ണിലൂടെ കുതിച്ചുചാടിയ വെള്ളം വീണ്ടും തുടച്ച് അവര്‍ തേങ്ങി, “അവന്... അവന് ദാഹിച്ചാലോന്നാ നിക്ക് പേടി പക്ഷേ, ഇവടേം ഇപ്പൊ എന്താ കാട്ടാ... ഈ തെരക്കില്... ”
“ഞാന്‍ പറയാം അമ്മ്വോട്, ഉണ്ണ്യേട്ടന്‍ പറഞ്ഞു.
ഉണ്ണ്യേട്ടന്റെ തലയില്‍ തടവി അമ്മ്വോമ്മ പെട്ടെന്നാണ് ചിരിച്ചത്.”
“പമ്പരല്ലേ വേണ്ടത് കുട്ട്യോള്‍ക്ക്, ” അവര്‍ ചിരിയോടെ തുടര്‍ന്നു. “ദാ പ്പൊ ഉണ്ടാക്കിത്തരാം അമ്മ്വോമ്മ”.
കുറ്റിക്കാട്ടിനു നടുവില്‍ താരതമ്യേന തെളിഞ്ഞ ഒരു സ്ഥലത്തായിരുന്നു ഞങ്ങള്‍ വന്നുനിന്നത്. പടര്‍ന്നുനിന്ന ഒറ്റമരത്തിനു ചുവട്ടില്‍ വാരിക്കൂട്ടിയ കരിങ്കല്‍ച്ചീളുകള്‍ പോലെ കുറെ ആള്‍ക്കാര്‍. പാട്ടീല്‍ അവര്‍ക്കെതിരെ ഇടതുവശത്തെ പാറപ്പുറത്താണിരുന്നത്. സാംബന്‍ പട്ടീലില്‍ നിന്നു വിടവാങ്ങി കരിങ്കല്‍ കൂമ്പാരത്തിന്റെ മുന്നില്‍ ഒരു വിളിപ്പാടകലെ നിന്നു. ഒരു യജ്ഞത്തിനെന്നപോലെ ഗൗരവം പൂണ്ട എല്ലാവര്‍ക്കും മുകളില്‍, പക്ഷികളുടെ ശബ്ദങ്ങള്‍ അനക്കമറ്റ വെള്ളത്തിനു മുകളില്‍ വീണ ഉണങ്ങിയ ഇലകളെപ്പോലെ പാറി.
കൈകള്‍ പിന്നോക്കം കെട്ടി കുട്ടിയെ പാട്ടീലിന്റെ മുന്‍പിലേക്ക് കൊണ്ടുവന്നത് സാമാന്യത്തിലധികം തടിച്ച രണ്ടാള്‍ക്കാരായിരുന്നു. കുട്ടിയെ ഉന്തിയ വയറ്റിലെ പാടുകളില്‍, കാല്‍മുട്ടിലെ ചിരങ്ങില്‍, കണ്ണിലെ പീളയില്‍, ചെവിയില്‍, എല്ലാം ഈച്ചയാര്‍ത്തു, നീരുവന്നു വികൃതമായ കാലുകളില്‍ കയറിന്റെ പാടുകള്‍ തെളിഞ്ഞുകിടന്നു. കരിഞ്ഞ ഒരു തീക്കൊള്ളിയുടെ അറ്റംപോലെ നിന്ന മുഖത്തിനു ചുറ്റും പാറിയ ഈച്ചകളെ അകറ്റാന്‍ അവന്‍ ഇടയ്ക്കിടെ മുഖം ഇളക്കിക്കൊണ്ടിരുന്നു.
കുട്ടി, ഒരു പരിചയക്കേടിന്റെ അസ്വാസ്ഥ്യത്തോടെ പാട്ടീലിനെത്തന്നെയാണു നോക്കിയത്. അവന്റെ മുഖത്തെ, കുഴിഞ്ഞ വടുപോലെ കിടന്ന ക്ഷീണമാവാം, അതവാ കഴുകിയാല്‍ നിറമൊന്നു മങ്ങുകപോലുമില്ലാത്ത കറ കണക്കെയുള്ള ആ മുഖഭാവമാവാം കാരണം, ഞാന്‍ പ്രസാദിനോട് വീണ്ടും ഒന്നുകൂടി ചേര്‍ന്നിരുന്നു.
പാട്ടീലിന്റെ മുഖം എന്റെ നേരെ ഒരു നിമിഷം തിരിഞ്ഞു. അസാമാന്യമാം വിധം ശാന്തവും ശുഭ്രവും ആയ ആ മുഖം ആവശ്യത്തിലധികം എന്റെ നേരെ നിന്നിരിക്കണം. വായിലെ വെറ്റിലച്ചാര്‍ മുഴുവന്‍ മുന്നിലെ ഉണങ്ങിയ മണ്ണിലേക്ക് കാറിത്തുപ്പി ദേശ്പാണ്‌ഡെ ചിരിച്ചു. ഒരു പഴുപ്പിച്ച ഇരമ്പുകമ്പിപോലെ ആ ചിരി എന്റെ മനസ്സിലൂടെ കോറി. പിന്നെ നിരങ്ങി.
എതിരെ, മരത്തില്‍ ചേര്‍ത്തു ബന്ധിക്കപ്പെട്ട സ്ത്രീ, ഞങ്ങള്‍ക്കൊക്കെ നടുവില്‍ ഒരു കാഴ്ചവസ്തുവിനെപ്പോലെ നിന്ന ആ കുട്ടിയെത്തന്നെയാണ് നോക്കിയത്. പോറലുകളില്ലാത്ത, എല്ലാവരേയും  നാണിപ്പിക്കും വിധം തിളക്കമാര്‍ന്ന അത്തരം സൗമ്യത ഒരുപക്ഷേ അമ്മമാരുടെ മാത്രം മുതലാവണം. ഞങ്ങളെയൊക്കെ കീഴിലൊതുക്കിപ്പിടിച്ച് അനന്തമായ മടുപ്പോടെ നിന്ന ആകാശം പോലെയായിരുന്നു അവരുടെ മുഖം. നക്ഷത്രങ്ങള്‍പോലെ തിളക്കമാര്‍ന്ന കണ്ണുകള്‍ മാത്രം കുട്ടിയുടെ നീരുവന്ന കാലുകളിലെ, കൈകളിലെ കയറുരഞ്ഞ പാടുകളില്‍ ഒരു ശാഠ്യത്തോടെ  നിന്നു. ആ കണ്ണുകള്‍ അതേപടി ആരുടെയെങ്കിലും നേരെ തിരിഞ്ഞെങ്കില്‍, ഞാന്‍ ഓര്‍ത്തു, ഒരു പക്ഷേ ഞങ്ങളാകെ കത്തിയേനെ!
“മുജ്ജന്മസുകൃതംന്നല്ലാണ്ടെ എന്താ പറയ്ാ?” തന്റെ അമ്മ പറഞ്ഞു: “അനുഭവിക്കാനുള്ളതൊക്കെ അനുഭവിക്ക്‌ന്നെ. കര്‍മഫലം ഇറക്കി വെയ്ക്കാന്‍ പറ്റ്വേ? ”
കല്യാണക്കാര്‍ക്കുള്ള വെറ്റിലത്താലങ്ങള്‍തേച്ചു വെളുപ്പിക്കുകയായിരുന്ന അമ്മ്വോമ്മ ഒരക്ഷരം മിണ്ടിയില്ല.
“ആ! ” അമ്മ തുടര്‍ന്നു: “കണ്ണില്ലാത്ത ആളൊന്ന്വല്ലല്ലോ മോളിലിരിക്കണ്? അദ്ദേഹം എന്തെങ്കിലും കണ്ടിട്ടുണ്ടാവും.”
വേലക്കാരിയാണെന്നത് മറന്ന്, അമ്മ്വോമ്മ പെട്ടെന്നാണ് അമ്മയെ നോക്കി ചിരിച്ചത്. ഏന്തിമറിഞ്ഞുവന്ന തിരയ്ക്കുമുന്നിലെ പുല്‍ക്കൊടിയെപ്പോലെ അമ്മ അന്ന് ചൂളി.
പിന്നെ, ചായ്പിലെ ഇരുട്ടില്‍, ഒരു തുണിസഞ്ചിയില്‍ സ്വന്തം സാധനങ്ങള്‍ നിറച്ച് പോകാനൊരുങ്ങവെ, ചില്ലറകള്‍ സൂക്ഷിച്ചിരുന്ന ചെറിയ അളുക്കില്‍ നിന്ന് അവര്‍ വലിയ ഒരു ഗോട്ടി ഉണ്ണ്യേട്ടനു സമ്മാനിച്ചു.
“ഇപ്പോ ഗോവന്ദന്‍കുട്ടി എവ്ടാണ്ടാവോ? ” താനാണ് ചോദിച്ചത്.
“സ്വര്‍ഗത്തില്” ഒരു നിമിഷം തന്റെ മുഖത്തുതന്നെ തറച്ചുനോക്കി നിന്ന് അവര്‍ പറഞ്ഞു:
“എന്താ സംശയം? ”
കുട്ടി പെട്ടെന്നാണ് അമ്മയെ നോക്കി വാവിട്ട് കരയാന്‍ തുടങ്ങിയത്.  ഒരുത്സവത്തിന്റെ തീവ്രതയോടെ തന്നെ പൊതിഞ്ഞുനിന്ന ആള്‍ക്കൂട്ടത്തിന്റെ നേരെ അവന്‍ പിന്നെ മാറി മാറി നോക്കി. ആരും അതു പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നുന്നു. യാഗാഗ്നിയിലേക്കു ചളിവെള്ളം തെറിപ്പാച്ചാലെന്നപോലെ, പാട്ടീലിന്റെ ബ്രാഹ്മണ്യം തികഞ്ഞ മുഖം കുട്ടിയുടെ മേല്‍ ചാട്ടയുടെ ഊക്കോടെ വീണു. പക്ഷേ, മായാന്‍ തുടങ്ങുന്ന വെയിലില്‍ പാട്ടീലിന്റെ മുഖത്തെ വിയര്‍പ്പുതുള്ളികളും ഞാന്‍ കണ്ടു.
“അവന് വെള്ളം കൊടുക്കണം, ” ഒരു തുടര്‍ച്ചയെന്നപോലെ സ്ത്രീ പറഞ്ഞു.
പിന്നില്‍ ഒരു ചിത്രത്തിലെന്നപോലെ അനക്കമറ്റുനിന്നിരുന്നവര്‍ ഒന്നാകെ ഇളകി. വായിലേക്കൊഴിച്ചു കൊടുത്ത വെള്ളം കുട്ടിയുടെ ഉന്തിയ വയറ്റിലൂടെ, ഈച്ചയാര്‍ക്കുന്ന ചിരങ്ങിലൂടെ ഒക്കെ ഒഴുകി, കാല്‍ച്ചുവട്ടിലെ ഉണങ്ങിയുറച്ച ഭൂമിയുടെമേല്‍ പിന്നെ അതൊരു പാടുപോലെ കിടന്നു.
കരച്ചില്‍ ഒരപസ്വരം പോലെ തുടര്‍ന്നതുകൊണ്ടാവണം, കുട്ടിയുടെ വായ് അവര്‍ അടച്ചുകെട്ടിയത്. പടരുന്ന ദുര്‍ഗന്ധം പോലെ നിശ്ശബ്ദത ഞങ്ങള്‍ക്കിടയിലൂടെ കിനിഞ്ഞു. ഇനി ചേര്‍ന്നിരിക്കാനാവാത്തവിധം ഞാന്‍ പ്രസാദിനോട് ചേര്‍ന്നിരുന്നു. കുട്ടിയുടെ കണ്ണിലൂറിയ വെള്ളം ചുവട്ടിലേക്കൊഴുകിയാല്‍, ഒരു പക്ഷേ, പ്രസാദടക്കം ഞങ്ങളേവരും അടി തെറ്റിയേക്കും. ഞാന്‍ ഭീതിയോടെ ഓര്‍ത്തു. ആ പരിഭ്രമത്തില്‍ വെള്ളാരം കല്ലുകളുടെ ഭംഗി പ്രസാദ് മറക്കും.
കെട്ടിന്റെ മുറുക്കവും വേദനയും അസഹ്യമായതുകൊണ്ടാവണം കുട്ടി തന്റെ ഇരുപുറത്തും നിന്നവരുടെ മുഖങ്ങളിലേക്ക് മാറിമാറി നോക്കിയത്. വിയര്‍പ്പുതുള്ളികള്‍ പൊടിഞ്ഞ മുഖം സാവധാനത്തിലൊപ്പി കുട്ടിയെ നേരിടാന്‍ ശ്രമിക്കുകയായിരുന്നു പാട്ടീല്‍. സ്വന്തം തീരുമാനത്തിന്റെയും അഭയമേകാത്ത അതിന്റെ അനിവാര്യതയുടെയും ഭാരം പാട്ടീലിനെ ചൊടിപ്പിച്ചിരിക്കണം. എല്ലാറ്റിനും കാരണമായ തന്റെ പ്രതിയോഗിയെ പാട്ടീല്‍ അരിശത്തോടെ നോക്കി.
കണ്ണുകള്‍ സാധാരണപോലെ കൂട്ടിത്തിരുമ്മാന്‍ കൈകള്‍ സ്വതന്ത്രമല്ലാത്തതിനാല്‍ മുഖം മുഴുവന്‍ കണ്ണീരിന്റെ നനവുമായി നില്‍ക്കുകയായിരുന്നു കുട്ടി. നിന്ന നില്‍പില്‍നിന്ന് അനങ്ങാതെ നിന്ന അമ്മയുടെ  മുഖത്തുനിന്നും ചപ്പിലകള്‍ക്ക് തീപിടിച്ചേക്കാമെന്ന് ഞാനോര്‍ത്തിരിക്കെ, പിന്നില്‍ ഒരു ചിത്രത്തിലെന്നപോലെ അനക്കുമറ്റു നിന്നിരുന്നവര്‍ കൂട്ടമായി ശക്തി കുറഞ്ഞ ശബ്ദത്തില്‍ പാടി.
“ഈ ഭുമിയിലെ വെള്ളം, കായ്കനികള്‍ എല്ലാം മധുരിക്കുന്നു.” അവര്‍ പാടി.
“ഈശ്വരാ,
ഈ വരുന്നവന്റെ തെറ്റുകള്‍ പൊറുത്ത് അവനെ ഞങ്ങളുടെ ഇടയിലേക്കുതന്നെ തിരിച്ചയയ്ക്കുക.
വേഗം തിരിച്ചയയ്ക്കുക.”
ദേശ്പാണ്‌ഡെയുടെ ഭാര്യയുടെ കളവുപോയിരുന്ന സ്വര്‍ണമാല എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പുപോലെ മുന്നില്‍ ഇലച്ചീന്തില്‍.
മണ്ണെണ്ണ കൊണ്ട് അഭിഷിക്തനായ കുട്ടിയുടെ മേല്‍ തീ ഒരു മിന്നല്‍പോലെ പടര്‍ന്നു. കുട്ടിയുടെ വായ് അമര്‍ത്തിക്കെട്ടിയതു നന്നായി. ആശ്വാസത്തോടെ ഞാന്‍ ഓര്‍ത്തു. അതേറ്റവും നന്നായി. പൊടുന്നനെ, മരണം ഏറെ ലളിതവും ശാന്തവുമായി എനിക്കുതോന്നി. ആളിപ്പടര്‍ന്ന തീ ഞങ്ങളെയാകെ പ്രകാശംകൊണ്ടു മൂടവേ നാലുകെട്ടിലെ മേശപ്പുറത്തുനിന്നു ചായസല്‍ക്കാരം കഴിഞ്ഞെഴുന്നേല്‍ക്കുന്ന അമ്മാവനെപ്പോലെ പാട്ടീല്‍ സാവധാനം എഴുന്നേറ്റു. എല്ലാവരുടെയും കടുത്ത അച്ചടക്കം എന്നെ അമ്പരപ്പിച്ചു എന്നു തന്നെ പറയണം. ശവദാഹം കഴിഞ്ഞ കൃതാര്‍ഥതയോടെ, പവിത്രതയോടെ ഞങ്ങളെല്ലാവരും പാട്ടീലിനെ അനുഗമിച്ചു ഇടുങ്ങിയ ആ വഴിയില്‍ പ്രസാദിന്റെ കൈ ഞാന്‍ ഒരു തുണയ്‌ക്കെന്നപോലെ കൂട്ടിപ്പിടിച്ചു. പിന്നെ അകലെ, പാടത്തിനു നടുവില്‍, മുന്നില്‍ നടന്ന സാംബന്‍ വീശിക്കത്തിച്ച ചൂട്ടിന്റെ വെളിച്ചത്തില്‍ മുന്നിലെ വഴിയുടെ പേടിപ്പെടുത്തുന്ന വീതികുറവ് മങ്ങിത്തെളിയവെ, പ്രസാദിന്റെ പോക്കറ്റില്‍ വെള്ളാരംകല്ലുകള്‍ നേര്‍ത്ത ശബ്ദത്തില്‍ കിലുങ്ങവെ, പാട്ടീല്‍ നടക്കുന്നിടത്തുനിന്ന് തിരിഞ്ഞുനിന്നു.
“മിസിസ് നായര്‍” അദ്ദേഹം പറഞ്ഞു: “എനിക്കൊരാളെയേ ഉള്ളൂ പേടി.... ദൈവത്തെ”
***

മഴ

ചനു പിനെ, ഏകതാനതയോടെ ചാറുന്ന മഴ, നേര്‍ത്ത ദുകൂലംപോലെ ഇരുട്ട്. നിറം മങ്ങി, മനം മടുപ്പിക്കും വിധം മുനിഞ്ഞുകത്തുന്ന സൂര്യനെതിരെ ജനാലയ്ക്കല്‍ ഉണ്ണി വെറുതെയിരുന്നു. കത്തുന്നതെന്താണെന്ന് തിരിച്ചറിയാത്ത, ആളുന്ന ഒരു തീക്കുണ്ഡംപോലെയുണ്ട് മനസ്സ്. മഴയുടെ നിലയ്ക്കാത്ത ഒരേ സ്ഥായിയിലുള്ള ആക്രോശം ഏതോ ജന്തുവിന്റെ അറപ്പിക്കുന്ന സീല്‍ക്കാരം പോലെ ചുറ്റും നില്‍ക്കുന്നു.
മഴ, ഒരു ശത്രുവിന്റെ രൂപം പൂണ്ടതെന്നാണെന്ന് ഒട്ടും ഓര്‍മയില്ല. ഇതുപോലുള്ള ഏതെങ്കിലും വൈകുന്നേരങ്ങളിലായിരിക്കണം, മരയഴികള്‍ക്കു പിന്നില്‍, പുറത്തെ ശത്രുവിനെ ഭയന്ന് കൂനിക്കൂടിയ ദിവസങ്ങള്‍ ഏറെയാണ്. പിന്നെ രാത്രി ഇരുട്ടില്‍ ഒറ്റയ്ക്ക്, കണ്ണു തുറന്നുകിടക്കുമ്പോള്‍ ബാക്കിയാവുന്നത് അവജ്ഞയും കഠിനമായ ദ്വേഷ്യവുമായിരിക്കും. തലയിണ കടിച്ചുകീറിയത് അങ്ങനെയൊരു ദിവസമാണ്. നടുമുറ്റത്ത് കൊണ്ടുനിറുത്തി അന്ന് അമ്മാവന്‍ പൊതിരെ തല്ലി. മഴ തിമിരെ പെയ്തിരുന്നു, പുറത്ത്. നാലകം മുഴുവന്‍ ഇരുട്ടും. പതിമ്മൂന്നുവയസ്സായിട്ടും ഉടുവസ്ത്രത്തിലൂടെ അന്നു താന്‍ മൂത്രമൊഴിച്ചു. അതിന് വീണ്ടും കിട്ടി തല്ല്.
“ഇതു നല്ല കൂത്ത്! ” അമ്മ പറയും. “ഇങ്ങനേം ഒരു പേട്യോ! ഉറങ്ങിക്കോളൂ കുട്ടന്‍. ഞാനിരിക്കാം അടുത്ത്.”
സൂചിമുനകള്‍ പോലെ ഉതിരുന്ന മഴയെ ഉണ്ണി കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. കഥകളിലെ ദേവകുമാരന്മാരെപ്പോലെ തപസനുഷ്ഠിച്ച് വരം വാങ്ങി ഈ ഭീമാകായനെ ഒരു ദിവസം തുണ്ടംതുണ്ടമായി അരിയണം. ഉണ്ണി ഓര്‍ത്തു. ചുറ്റുമുള്ള എല്ലാറ്റിനേയും. ചിറക് നനഞ്ഞൊട്ടിയ പക്ഷികളെപ്പോലെയാക്കുന്നത് ഈ മഴയാണ്. എന്തെന്നില്ലാത്ത മടുപ്പും ഭീതിയും മനസ്സില്‍ കൂമ്പാരം പോലെ  കുമിയും. പേടികൊണ്ട് കരിച്ചിലിന്റെ വക്കത്തെത്തവേ ഉണ്ണി മരയഴികളില്‍ അമര്‍ത്തിപ്പിടിച്ചു. അമ്മാവന്റെ കാറിത്തുപ്പലിന്റെ ശബ്ദം പൂമുഖത്തുനിന്ന് ഉയര്‍ന്നു. മഴച്ചാറ്റല്‍ നനച്ച ജനല്‍പ്പടിയില്‍ ഉണ്ണി കല്യാണിക്കുട്ടിയുടേയും അമ്മയുടേയും പേര് മാറ്റി മാറ്റി എഴുതിനോക്കി. നേര്‍ത്ത ഇരുട്ടില്‍ മുറിയിലെ സാധനങ്ങള്‍ക്ക് എന്തിന്റെയൊക്കെയോ രൂപമാണ്. മരുന്നുകുപ്പിയുടെ വലിയ നിഴലിന് അമ്മ പറഞ്ഞതന്ന കഥയിലെ രാക്ഷസന്റെ രൂപമാണ്. ചുമരില്‍ വിലങ്ങനെ കിടന്ന അതില്‍ ഉണ്ണി ഏറെനേരം നോക്കി നിന്നു. അങ്ങനെയാണ് അതിന് രണ്ടു കണ്ണുകളുണ്ടെന്ന് ഉണ്ണിക്കു മനസ്സിലായത്.
നിഴല്‍ കൂടെവരുമോ എന്ന് പേടിച്ച് ഉണ്ണി വാതില്‍ ശബ്ദമില്ലാതെ തുറക്കാനാഞ്ഞു. വാതില്‍ പുറത്തുനിന്ന് അടച്ചിരുന്നത് ഉണ്ണി അറിഞ്ഞത് അപ്പോഴാണ്. ജനാലയുടെ അപ്പുറത്ത് മഴ തകര്‍ത്തു പെയ്യുന്നു. കനവും വേഗവും വെച്ച വെള്ളച്ചാലുകള്‍ കലങ്ങി മറിഞ്ഞൊഴുകി. പേനാക്കത്തിയുടെ മുന കൊണ്ട് നഖത്തിലെ ചളി തോണ്ടിയെടുത്ത് കത്തി ചുമരില്‍ ആഞ്ഞുതറച്ചു ഉണ്ണി. അടര്‍ന്നുവീണ കുമ്മായത്തിനും മണ്ണിനും മുകളില്‍ ചുമരിലെ തുള വലുതായി വലുതായി വന്നു.
വാതില്‍ തുറന്ന് കടന്നുവരുമ്പോള്‍ ഓപ്പോള്‍ കിതച്ചിരുന്നു.
“പേട്യായോ ഉണ്ണിക്ക്? മഴയുള്ളപ്പോള്‍ ഈ ജനാല്ക്കല്‍ ഇങ്ങനെ നില്‍ക്കരുതെന്ന് എത്ര തവണ പറഞ്ഞുതന്നിട്ടുണ്ട് ഞാന്‍.” ഓപ്പോള്‍ പറഞ്ഞു: “ആ കത്തി ഇങ്ങോട്ടുതരൂ. എന്തിനാ അത് കയ്യില്? ”
മരുന്നുകുപ്പി തുറന്ന് മറന്നുവെച്ച പേനക്കത്തി ധൃതിയില്‍ കയ്യിലെടുത്ത് ചായക്കോപ്പ സ്റ്റൂളില്‍ വച്ച് ഓപ്പോള്‍ തിരിഞ്ഞു. നേര്‍ത്ത ബ്ലൗസിന്റെ അടിയില്‍ ബ്രേസിയറിന്റെ വടിവൊത്ത വര. കൈയില്‍ നീല ഞരമ്പുകള്‍. മുടിയില്‍ ഓപ്പോള്‍ കൈതപ്പൂ ചൂടിയിരുന്നു.
ഉണ്ണിയെ ഓപ്പോള്‍ കട്ടിലില്‍ പിടിച്ചിരുത്തി.
“തണുപ്പത്തു നില്‍ക്കരുതെന്ന് എത്ര തവണ പറയണം. ഉണ്ണീ. ഇനി ഇതുമതി ഒരാഴ്ച കിടപ്പാവാന്‍.”
ഓപ്പോളുടെ നിഴല്‍ ചുമരില്‍ വ്യക്തമാണ്. നിറഞ്ഞ മാറില്‍ ഉണ്ണിയുടെ കണ്ണുതറഞ്ഞു. പെരുമഴയത്ത് ഈറന്‍ തോര്‍ത്തു പുതച്ച് കല്യാണിക്കുട്ടി കുളിച്ചുകയറിപ്പോകുന്നത് ഒരിക്കല്‍ കണ്ടിട്ടുണ്ട്. ഉടുത്തിരുന്ന തുണിയില്‍ നിന്നും വെള്ളം കാല്‍വണ്ണകളിലൂടെ ഒഴുകിയിരുന്നു. നഗ്നമായ മുതുകില്‍ മുടിയിഴകള്‍ വെള്ളത്തില്‍ ഒട്ടിപ്പിടിച്ചുകിടന്നിരുന്നു.
“ഉം? ” ഓപ്പോള്‍ ചോദിച്ചു: “എന്തേ ഉണ്ണീ?”
ചീറ്റുന്ന മഴ. ഉണ്ണി ഓപ്പോളുടെ മുഖത്തുതന്നെ നോക്കിയിരുന്നു. ഓപ്പോളുടെ താടിയിലെ ചെറിയ അരിമ്പാറ അല്പം വലുതായിട്ടുണ്ട്. കഴുത്തിലെ കുഴിയില്‍ ചന്ദനത്തിന്റെ തരികള്‍ പിന്നെ... അതിനു ചുവട്ടില്‍...
“ഞാനിപ്പൊ വരാം.” ഉണ്ണിയുടെ മുഖത്തുനിന്നു കണ്ണെടുക്കാതെ ഓപ്പോള്‍ പെട്ടെന്ന് പറഞ്ഞു: “വെളക്ക് കാണിച്ചിട്ട് വേഗം വരാം.”
ഓപ്പോളുടെ മുഖത്തെ പരിഭ്രമം ഉണ്ണിക്കിഷ്ടമായി. ഇരമ്പിപ്പെയ്യുന്ന മഴയുടെ തുടര്‍ച്ചപോലെ അമ്മാവന്റെ രാമായണം വായന. നെടുനാക്കിലയില്‍ കിടത്തിയ അമ്മയുടെ കാല്ക്കല്‍ നമസ്‌കരിക്കുമ്പോള്‍ വളരെ ചെറിയ കുട്ടിയായിരുന്നു. അമ്മാവന്റെ തല നരച്ചിരുന്നില്ല ഒട്ടും. എറായില്‍ നിന്ന് വെള്ളം വീണുണ്ടായ കുഴികള്‍ വലുതായി വരുന്നത് ഉണ്ണി കണ്ടു. വെള്ളത്തിനു മീതെ നിറയെ പൊള്ളങ്ങള്‍. അവയിലോരോന്നിലും നാക്കിലയില്‍ കിടത്തിയ അമ്മയുടെ രൂപം. ചുമരില്‍നിന്ന് അടര്‍ന്നു വീണ മണ്‍കട്ടകള്‍ പെറുക്കി ഉണ്ണി പൊള്ളങ്ങള്‍ക്കു നേരെ ആഞ്ഞെറിഞ്ഞു.
ഓപ്പോള്‍ക്കു പിന്നില്‍ മുറ്റത്തേക്കിറങ്ങിയതും, മഴ കാത്തുനിന്ന ഒരു ശത്രുവിനെപ്പോലെ മേലില്‍ ചാടി വീണു. ഉണ്ണി, അടിക്കുകീഴെ ചൂളുന്ന പട്ടിക്കുട്ടിയെപ്പോലെ ചൂളി. കൂലംകുത്തിമറിഞ്ഞൊഴുകുന്ന പുഴയിലെ ചത്തുവീര്‍ത്ത പെരുമ്പാമ്പുപോലെയായി അമ്മാവന്റെ രാമായണം വായന.
പൊടുന്നനെ മുകളില്‍ ഉതിര്‍ന്നുവീഴുന്ന പ്രകാശത്തരികള്‍ക്കിടയില്‍ ഉണ്ണി അമ്മയുടെ മുഖം കണ്ടു.
“ഉണ്ണീ.” അമ്മ പറഞ്ഞു: “ഇതാ കാറ്റാടി”
പനയോല കൊണ്ടുണ്ടാക്കിയ കാറ്റാടി കാറ്റിനെതിരെ പിടിച്ച് ഊക്കില്‍ ഉണ്ണി ഓടി. കാറ്റാടിയുടെ തലപ്പുകൊണ്ടിടത്തൊക്കെ മഴ മുറിഞ്ഞു മുറിഞ്ഞു പോയി. പിന്നെ മഴ ഉണ്ണിയുടെ വഴിയില്‍നിന്നു മാറി ഉണ്ണിക്ക് വഴിയൊരുക്കി.
“ഇതാ കാറ്റാടി, കലാണിക്കുട്ടി,” ഉണ്ണി പറഞ്ഞു: “അമ്മ തന്നതാ...”
“എനിക്കെന്തിനാ? ” കല്യാണിക്കുട്ടി പറഞ്ഞു, “ഞാന്‍ വലുതായില്ലേ?”
അപ്പോഴാണ് ഉണ്ണി നോക്കിയത്. കല്യാണിക്കുട്ടി ഓപ്പോളോളം പോന്നിരുന്നു. തലമുടിയില്‍ മുഴുവന്‍ പൂക്കളായിരുന്നു. നക്ഷത്രങ്ങള്‍പോലെ. ഈറന്‍ തോര്‍ത്തു പുതച്ച കല്യാണിക്കുട്ടിയേക്കാള്‍ സുന്ദരിയായിട്ടുണ്ട് ഇപ്പോള്‍. കൈത്തണ്ടയിലെ രോമങ്ങള്‍ മഴവെള്ളം തട്ടി പതിഞ്ഞു കിടന്നിരുന്നു.
“ഇങ്ങോട്ടുപോരൂ,” ഉണ്ണി പറഞ്ഞു: “ഈ കാറ്റാടിക്കടുത്ത് മഴ വരില്ല. ഇത് കല്യാണിക്കുട്ടി എടുത്തോളൂ. അമ്മ തന്നതാണ്.”
“എനിക്ക് വേണ്ട,” കല്യാണിക്കുട്ടി പറഞ്ഞു: “ഉണ്ണി പൂവ്വൂ”. കല്യാണിക്കുട്ടി ഓടിത്തുടങ്ങിയിരുന്നു. കല്യാണിക്കുട്ടിയുടെ മുഖത്ത് ഭയം തളംകെട്ടി. ഉണ്ണിക്ക് തമാശ തോന്നി. മഴയും കല്യാണിക്കുട്ടിയുടെ പിന്നില്‍ ഉണ്ണിയും ഓടിത്തുടങ്ങി. നേര്‍ത്ത വഴിയുടെ ഇരുപുറത്തും മഴയും പൂക്കളും തോരണം ചാര്‍ത്തിനിന്നു. പൊടുന്നനെ കല്യാണിക്കുട്ടി കരയാന്‍ തുടങ്ങി. “ഉണ്ണീ, വിടൂ,” കല്യാണിക്കുട്ടി പറഞ്ഞു; “വിടൂ ഉണ്ണീ.”
കാറ്റാടിയുടെ വഴിയില്‍ നില്‍ക്കാത്ത കാരണം ആകെ നനഞ്ഞിരുന്നു കല്യാണിക്കുട്ടി. നനഞ്ഞ സാരിക്കടിയില്‍ തുടകളുടെ ഭംഗി വ്യക്തമായി കാണാം. തോളെല്ലുകളില്‍ മഴത്തുള്ളികള്‍ക്കൊപ്പം കണ്ണുനീരും വീണു. ഉണ്ണിക്ക് അത് തീരെ പിടിച്ചില്ല. ഉണ്ണി കാറ്റാടി കല്യാണിക്കുട്ടിയുടെ തലയ്ക്കുമുകളില്‍ പിടിക്കാനാഞ്ഞു.
കല്യാണിക്കുട്ടി കാറ്റാടിയില്‍ ഊക്കില്‍ തട്ടിയത് അപ്പോഴാണ്. കാറ്റാടി പൊടുന്നനെ കൈയില്‍നിന്നും ആകാശത്തിലേക്കുയര്‍ന്നു. മുകളില്‍ പിന്നെ ഭ്രാന്തമായി ആക്രോശിക്കുന്ന മഴയല്ലാതെ ഒന്നുമുണ്ടായിരുന്നില്ല. മഴത്തുള്ളികള്‍ പകയോടെ ഉണ്ണിയുടെ മേല്‍ വന്നുവീണു. ആ നിമിഷത്തിലായിരിക്കണം കല്യാണിക്കുട്ടിയെ അടിച്ചുവീഴ്ത്തിയതെന്ന് ഉണ്ണിക്കുതോന്നി. വീണുകിടക്കുന്ന കല്യാണിക്കുട്ടിയുടെ കാല്‍വണ്ണകളിലും കണ്ണുനീര്‍ത്തുള്ളിപോലെ മഴവെള്ളം കെട്ടിനിന്ന പൊക്കിളിലും നോക്കി ഉണ്ണി ആഗ്രഹം പൂണ്ടു. നേര്‍ത്ത പട്ടുരോമങ്ങള്‍ അലങ്കരിക്കുന്ന കൂമ്പാളപോലുള്ള വയറില്‍ ഉണ്ണി പതുക്കെ തലോടി. വെറളി പിടിച്ച ആകാശത്തിനു കീഴില്‍  ഭൂമി പതിവുപോലെ വിറങ്ങലിച്ചുനിന്നു. ക്ഷീണം ഒരു ലഹരിപോലെ തന്നെ കീഴ്‌പ്പെടുത്താനെത്തുന്നത് ഉണ്ണി അറിഞ്ഞു. മഴയുടെ ഭീകരമായ സീല്‍ക്കാരത്തിനടിയില്‍ കല്യാണിക്കുട്ടിയെ ഉണ്ണി അഭയംപോലെ, തെളിവുപോലെ, ആയുധംപോലെ ചേര്‍ത്തുപിടിച്ചു. ആളുന്ന ജ്വരത്തിന്റെ തീക്ഷ്ണതയില്‍ കണ്ണുകളടയവേ, ഓപ്പോളുടെ അരിമ്പാറ കല്യാണിക്കുട്ടിക്ക് എങ്ങനെ കിട്ടിയെന്ന് പക്ഷേ, ഉണ്ണിക്ക് മനസ്സിലായില്ല.
***

ഒരിതള്‍

നഗരത്തിലെ ഒരു വലിയ ഹോട്ടലിലെ മുറിയില്‍ കസേരയില്‍ ഇരിക്കുകയായിരുന്നു ഞാന്‍. വാതില്‍ക്കല്‍ വന്നുനിന്ന ചെറുപ്പക്കാരന്‍ തീരെ അപരിചിതനായതിനാല്‍ ഞാനവിടെ ഇരുന്നുകൊണ്ടുതന്നെ ചോദിച്ചു. “യെസ്? ”
“വിരോധമില്ലെങ്കില്‍ നമുക്കു കുറച്ചു സംസാരിക്കാം.” അയാള്‍ പറഞ്ഞു: “എന്റെ പേര്‍ ബാലു. അടുത്ത റൂമിലാണു താമസം.” നോര്‍ത്തില്‍ നിന്നുള്ള ഡെലിഗേഷന്‍.
എനിക്കു പേടിയാണ് ആദ്യം തോന്നിയത്. റൂമിന്റെ വാതില്‍ കടന്നുകഴിഞ്ഞിരുന്നു ബാലു. അതിനാല്‍ ഞാന്‍ പറഞ്ഞു: “എനിക്കിപ്പോള്‍ പുറത്തുപോകേണ്ടതുണ്ടായിരുന്നു.  വൈകുന്നേരം താങ്കള്‍ക്കു സൗകര്യമാവുമെങ്കില്‍... ”
ബാലു എന്റെ മുഖത്തുതന്നെ നോക്കിയാണ് നിന്നിരുന്നത്. അയാളുടെ മുഖം പെട്ടെന്ന്, ഒരു വിളക്കു കെടുന്ന വേഗതയോടെ മ്ലാനമായി. “അതെ, അത് ഞാനോര്‍ക്കേണ്ടതായിരുന്നു.” അയാള്‍ പറഞ്ഞു: “ഞാന്‍ വല്ലാത്ത ഒരു സമയത്താണ് വന്നത്. ക്ഷമിക്കൂ. എതായാലും വൈകുന്നേരം ഞാനിവിടെ ഉണ്ടാവില്ല. അതുകൊണ്ടു ഗുഡ് ബൈ.” വാതിലില്‍ പിടിച്ചു പുറത്തുപോകാനായവെ അയാള്‍ പെട്ടെന്നു തിരിഞ്ഞുനടന്നു. “പക്ഷേ, നിങ്ങള്‍ നിങ്ങളുടെ പേര്‍ പറയൂ. എനിക്ക് നിങ്ങളുടെ നൃത്തം വളരെ ഇഷ്ടപ്പെട്ടു.
ചെറുപ്പക്കാരന്റെ വിളര്‍ത്ത കുട്ടിത്തമുള്ള മുഖം ഞാന്‍ ശരിക്കു ശ്രദ്ധിച്ചതപ്പോഴാണ്. അയാള്‍ ഇത്രയധികം ധൃതിയില്‍ സംസാരിക്കുന്നതെന്തിനാണെന്ന് എനിക്കു തീരെ മനസ്സിലായില്ല. ധൃതികാരണം വാക്കുകള്‍ ഇടക്കിടെ വിഴുങ്ങിക്കൊണ്ടിരുന്നു. ബാലുവിന്റെ മുഖത്ത് താടിയെല്ലില്‍ ഒരു മുറിവിന്റെ വലിയ കല വിലങ്ങനെ കിടന്നു.
“ബാലു ഇരിക്കൂ.” ഞാന്‍ പൊടുന്നനെ പറഞ്ഞു. ബാലുവിന്റെ തൊട്ടുതൊടാതെയുള്ള സംസാരവും അതിലെ ധൃതിയും ചപ്പില വീണുപാറുന്ന ഒരു മുറ്റത്തിന്റെ അടുക്കില്ലായ്മയെയാണ് എന്നെ ഓര്‍മിപ്പിച്ചത്.
“എന്റെ പേര് നീലിമ. പോകാനുള്ളിടത്ത് ഞാനല്പം വൈകി പോകാം. പറയൂ. ബാലു എന്താണ് പറയാന്‍ വന്നത്? ”
നേര്‍ത്ത, സന്തോഷം നിറഞ്ഞ ഒരു ചിരിയോടെ ബാലു വേഗം കസേരയിലിരുന്നു. എനിക്ക് ആ ചിരി വല്ലാതെ ഇഷ്ടപ്പെട്ടു എന്നുതന്നെ വേണം പറയാന്‍. ചിലപ്പോള്‍ നമ്മുടെ മനസ്സില്‍ തുളകളുണ്ടാക്കിക്കൊണ്ട് കടന്നു പോകുന്ന ചില ചിരികളുണ്ട്. മടിയില്‍ നിന്നും വായിച്ചുകൊണ്ടിരുന്ന പുസ്തകം കട്ടിലിലേക്കിട്ട് ഞാനാ ചിരിക്കെതിരെ കട്ടിലില്‍ ചാരിയിരുന്നു.
ബാലുവിന്റെ പുരികങ്ങള്‍ നേര്‍ത്ത നേര്‍വരകള്‍ പോലെയായിരുന്നു. കണ്ണുകള്‍ പെണ്‍കുട്ടികളുടേതുപോലെ വിടര്‍ന്നു നീണ്ടവ. മൂക്ക് അസാധാരണമായി കൂര്‍ത്തതും. കവിളിലെ രോമങ്ങള്‍ നിറഞ്ഞ ഭാഗവും ഈ കൂര്‍ത്ത മൂക്കും എന്നെ എന്തോ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. എന്താണെന്ന് പക്ഷെ എനിക്കൊരു പിടിയും കിട്ടിയില്ല.
നിലത്തുറച്ചിരുന്ന കണ്ണുകള്‍ ഉയര്‍ത്തി ബാലു എന്നെ നോക്കിയത് പെട്ടെന്നാണ്. അപ്പോഴത്തെ അയാളുടെ മുഖം ഞാന്‍ വാതില്‍ക്കല്‍ കണ്ടപോലയേ അല്ലായിരുന്നു. അത് ചുകപ്പോ കറുപ്പോ എന്നെനിക്ക് സംശയമായി. “എന്താ മിണ്ടാത്തത്? ” ബാലു. “സമയം വെറുതെ പോകുന്നു.”
ബാലുവിന്റെ മുഖം ഒരു വാളുപോലെ മൂര്‍ച്ചയാര്‍ന്നുവോ എന്നെനിക്ക് ഒരു നിമിഷം സംശയം തോന്നി.
“ബാലുവല്ലേ സംസാരിക്കാന്‍ വന്നത്.” ഒരു ചെറിയ അസ്വാരസ്യം മനസ്സിലേക്ക് കയറി നില്‍ക്കുന്നതുകണ്ട് ഞാന്‍ പെട്ടെന്ന് പറഞ്ഞു: “ബാലു തുടങ്ങൂ.”
അതുവരെ മുറിയിലുണ്ടായിരുന്ന ലാഘവം ഞാനിതു പറഞ്ഞതോടെ പൊടുന്നനെ നഷ്ടപ്പെട്ടു. ഘനം തൂങ്ങുന്ന നിശ്ശബ്ദത എന്ന് കലാകരന്മാര്‍ പറയാറുള്ള ഒരുതരം നിശ്ശബ്ദത ഞങ്ങള്‍ക്കിടയിലേക്ക്, ഔദ്ധത്യത്തോടെ എന്നു പറയാനാവും വിധം കയറിനിന്നു. ആര് ആദ്യം തുടങ്ങണം എന്നു വാദിക്കാനല്ല ഞാനും ബാലുവും അവിടെ ഇരുന്നത്. ഇതിങ്ങനെയായത് എങ്ങനെയാണെന്ന് എനിക്കാണെങ്കില്‍ ഒട്ടും മനസ്സിലായില്ല. എനിക്ക് വല്ലാതെ ഉഷ്ണം തോന്നി. ആ ചൂട് വരുന്നത്, അകാരണമായിതന്നെ ബാലുവില്‍ നിന്നാണെന്നും എനിക്കുതോന്നി. അസഹ്യമായി തുടങ്ങിയിരുന്നു എന്റെ അസ്വസ്ഥത എന്നുവേണം പറയാന്‍. ഈ ദിവസം ശുഭമായവസാനിക്കുകയില്ല എന്ന് എനിക്ക് പെട്ടെന്ന് ബോധ്യമായി.
ഞാന്‍ മാറ്റിവെച്ചിരുന്ന പുസ്തകം വീണ്ടും കയ്യിലെടുത്ത് അലക്ഷ്യമായി ചുരുട്ടാന്‍ തുടങ്ങി.
“ഉച്ചക്ക് എനിക്ക് പന്ത്രണ്ട്മണിക്ക് പോണം. ഇപ്പോള്‍ എത്രയായി സമയം? ”
ഓ വാച്ചില്ല അല്ലെ? ഞാനും എടുക്കാന്‍ മറന്നു. പക്ഷെ സമയമല്ല പ്രധാനം. “നമുക്കൊക്കെ പോകേണ്ടിവരുന്നു എന്നതാണ്. ”
“നീലിമയ്ക്ക് കുടുംബം?” ബാലു പെട്ടെന്ന് ചോദിച്ചു. “കുട്ടികള്‍? ” ഉണ്ടെന്നു ഞാന്‍ തലയാട്ടി. “പക്ഷെ”, ആ ചോദ്യം തികച്ചും അനാവശ്യമായി തോന്നിയതിനാല്‍ ശബ്ദത്തില്‍ മടുപ്പ് കലങ്ങി. ഇതൊന്നും ചോദിക്കാനല്ലല്ലൊ ബാലു ഇങ്ങോട്ട് വന്നത്.?
“പരസ്പരം മനുഷ്യര്‍ പിന്നെ എന്താണ് ചോദിക്കുക? ” മനഃപൂര്‍വമെന്ന പോലെ ബാലു ആവശ്യത്തിലധികം ഉറക്കെ ചിരിച്ചു. “നീലിമയുടെ നാട്ടില്‍ വായു മലിനീകരണമുണ്ടോ എന്നോ, നീലിമ കമ്മ്യൂണിസത്തില്‍ വിശ്വസിക്കുന്നോ എന്നോ? ”
ഞാന്‍ ഒന്നും പറഞ്ഞില്ല. തികച്ചും അപ്രതീക്ഷിതമായി മുഖത്തേക്കെറിഞ്ഞപോലെ വന്നുവീണ ചോദ്യങ്ങള്‍ കാരണം എന്റെ ഉള്ള് അപ്പാടെ കലങ്ങി. ഇനി ഇപ്പോള്‍ ബാലു എഴുന്നേറ്റ് പോവുകയാണെങ്കില്‍കൂടി സംഭാഷണം തുടരാത്തതില്‍ ഒരുതരം ആശ്വാസം തോന്നാനാണിട.
ബാലു പിന്നെ ഒന്നും പറഞ്ഞില്ല. എന്റെ മേശപ്പുറത്ത് കിടന്നിരുന്ന രണ്ടു പളുങ്കു ഗോളങ്ങള്‍ മുട്ടി താളമടിച്ചുകൊണ്ട് പെട്ടെന്ന് ബാലു തലേന്ന് പാടിയ നാടോടിപ്പാട്ടിന്റെ ഈണം മൂളാന്‍ തുടങ്ങി. തല ഒരുവശത്തേക്ക് ചരിച്ച് കണ്ണുകള്‍ അടച്ചാണ് ബാലു പാടിയിരുന്നത്. പളുങ്കുഗോളങ്ങളുടെ 'കി' എന്ന ശബ്ദവും നാടോടിപ്പാട്ടിലുണ്ടായിരുന്ന ആ എന്തോ ഒന്നും എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. ബാലുവിനോട് പാട്ട് നിര്‍ത്താന്‍ പറയാനാഞ്ഞ ആ നിമിഷത്തില്‍ തന്നെ,  എന്റെ മുഖം കണ്ടിട്ടാവണം, വരിക്കു നടുവില്‍ വച്ചുതന്നെ ബാലു പാട്ടുനിര്‍ത്തി.
“എന്നെ യാത്രയയ്ക്കാന്‍ നീലിമയ്ക്ക് വരാമോ? ” പളുങ്കുഗോളങ്ങള്‍ മേശപ്പുറത്ത് വെച്ച് എന്റെ മുഖത്തു നോക്കാതെയാണ് ബാലു ചോദിച്ചത്. “വരൂ. നീലിമ. സ്റ്റേഷന്‍ വളരെ അടുത്തല്ലേ. അതൊരു ബുദ്ധിമുട്ടായി കണക്കാക്കരുത്.”
ഞാനൊന്നും പറഞ്ഞില്ല. പകുതി വെച്ച് മുറിഞ്ഞുപോയ ആ പാട്ട് തുടരരുതേ എന്നാശിച്ചുകൊണ്ട് ഞാന്‍ മേശപ്പുറത്തുനിന്ന് വെള്ളെമെടുത്തു. ബാലുവിന്റെ ആ ചോദ്യവും എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല. തീരെ അപരിചിതയായ എന്നോട് ഇതൊക്കെ പറയാന്‍ ബാലുവിന് ഒരു കാരണവും ഞാന്‍ കണ്ടില്ല. അതിനാല്‍ തന്നെ, അത് അപാകതയായിരുന്നോ അനിവാര്യതയായിരുന്നോ എന്ന് ഞാനൊരു നിമിഷം അന്തിച്ചുപോയി. ബാലുവും എഴുന്നേറ്റ് കഴിഞ്ഞിരുന്നു. വാതിലിന്റെ ലാച്ചില്‍ പിടിച്ചു കൊണ്ട് അയാള്‍ പിന്നെയും ഒരു നിമിഷം എന്നെ നോക്കി. അയാളുടെ താടിയിലെ കലയും നേര്‍ത്ത പുരികവും ഞാന്‍ വീണ്ടു ശ്രദ്ധിച്ചു. മുഖത്ത് ഒരു കലിപ്പിന്റെ ഭാവമായിരുന്നു. എന്തിന് എന്നാണ് എനിക്കത്ഭുതം തോന്നിയത്. പക്ഷെ അതെല്ലാം വീണ്ടും എന്നെയെന്തോ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു.
സ്യൂട്ട്‌കേസെടുത്ത്, പോരാന്‍ തയ്യാറായി ബാലു മടങ്ങിവന്നപ്പോള്‍ കട്ടിലില്‍ തന്നെ ഇരിക്കുകയായിരുന്നു ഞാന്‍. ശ്വാസം മുട്ടിക്കുന്ന എന്തോ ഒന്ന് ബാലു എന്റെ മുറിയില്‍ ഇട്ടിരുന്നു എന്ന് ഉറപ്പായതിനാല്‍, അത് തിരിഞ്ഞു കണ്ടു പിടിക്കാതെയും വയ്യ.
“ഗുഡ്‌ബൈ നീലിമ” ബാലു പറഞ്ഞു. “നീലിമ വരാന്‍ ഒരുങ്ങിയില്ലല്ലൊ. ശരിയാണ്. വന്നാല്‍ എനിക്ക് സന്തോഷം തോന്നുമായിരുന്നു. ഒരുപിടി നിമിഷങ്ങളെ നമുക്ക് മനോഹരങ്ങളാക്കാം. അതല്ലാതെ ആത്യന്തികമായി മനുഷ്യര്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുക? കല്ലു നിറഞ്ഞ ഒരു റോഡിന്റെ വക്കത്ത് ഒറ്റയ്ക്കു വിരിഞ്ഞു നിന്ന ഒരു സൂര്യകാന്തിപ്പൂ എനിക്കിപ്പോഴും ഓര്‍മയുണ്ട്. പട്ടാളത്തില്‍ ജോയിന്‍ ചെയ്യാന്‍ പോയ ആ ദിവസത്തെ ആ കാഴ്ച എന്നെ വല്ലാതെ സന്തോഷിപ്പിച്ചു. ഒറ്റയ്ക്ക് വിരിയുന്ന പൂക്കളാണ് പലപ്പോഴും നമ്മളൊക്കെ.”
“അയാം സോറി ബാലൂ. എനിക്ക് വരാന്‍ കഴിയില്ല.”
“ഞാനിപ്പോഴേ വൈകി.”
“സോ, ഗുഡ്‌ബൈ”
അയാള്‍ തീരെ പ്രതീക്ഷിക്കാത്ത ഉത്തരമായിരിക്കണം ഞാന്‍ കൊടുത്തത്. ബാലുവിന്റെ മുഖം പെട്ടെന്ന് വീണ്ടും മ്ലാനമായി. തീരെ അപരിചിതയായ ഞാന്‍ അയാളെ യാത്രയാക്കാന്‍ പോകുമെന്ന് പ്രതീക്ഷിക്കുന്നതിലെ മര്യാദകേടാണ് എന്നെ അലോസരപ്പെടുത്തിയതെന്ന് തോന്നുന്നു. സത്യത്തില്‍, പോകാതിരിക്കാന്‍ ഒരു കാരണവും എനിക്കുണ്ടായിരുന്നില്ല. കത്തിക്കാളി നില്‍ക്കുന്ന ഒരുച്ച മുഴുവനും വെറുതെ എന്റെ മുന്നില്‍ കിടക്കുന്നുണ്ട്.
ബാലു റൂമിന്റെ വാതില്‍ തുറന്നിട്ടുകൊണ്ടുതന്നെ ലിഫ്റ്റിന്റെ ബട്ടണമര്‍ത്താന്‍ പോയി. എതിരെ വന്ന മറ്റാരേയോ അഭിവാദനം ചെയ്യാന്‍ ബാലു തിരിഞ്ഞപ്പോള്‍ ഞാന്‍ വേഗം വാതിലടച്ചു. വാതിലടയ്ക്കുന്നതിലെ പരിഭ്രമവും വേഗവും എന്നെതന്നെ അമ്പരപ്പിച്ചു എന്നുവേണം പറയാന്‍. പുറത്തുനിന്നാരോ മുറിയിലേയ്ക്ക് തള്ളിക്കടക്കുന്നത് താടയാനെന്ന ഭാവമായിരുന്നു എനിക്ക്. വാഷ്‌ബേസിനില്‍ ഞാന്‍ രണ്ടുമൂന്നു തവണ മുഖം കഴുകി. സൂര്യകാന്തിപ്പൂ ഒരു വാശിയോടെയെന്ന പോലെ അവിടെത്തന്നെ നില്പാണ്. രാവിലെ ഉണരുമ്പോള്‍ അരുണ്‍കുമാര്‍ എന്ന വക്കീലിനെ കണ്ട്, പോകുന്നതിനുമുന്‍പ് ചില കാര്യങ്ങള്‍ ഏല്പിക്കണമെന്നേ എനിക്കുണ്ടായിരുന്നുള്ളൂ. തൊട്ടമുറിയില്‍ താമസിക്കുന്ന ഒരു ചെറുപ്പക്കാരന്‍ വന്ന്  എന്റെ കൈയില്‍ ഒരു സൂര്യകാന്തിപ്പൂ പിടിപ്പിച്ചിട്ടു പോകുമെന്ന് ഞാന്‍ ഒട്ടും കരുതിയതല്ല. അതെവിടെ വയ്ക്കണമെന്ന് ഒരു  പിടിയും കിട്ടാതെ, അത് മനസ്സിലിട്ട് അങ്ങോട്ടുമിങ്ങോട്ടും ഇട്ടുരുട്ടാന്‍ തുടങ്ങിയിരുന്നു ഞാന്‍. ഇനി ഇപ്പോള്‍ അരുണ്‍കുമാറിനെ കണ്ടാല്‍ത്തന്നെ, കണ്ണില്‍ കരടെടുത്ത് കളയും പോലെ, ആദ്യം ഈ സൂര്യകാന്തി പൂവിനെക്കുറിച്ചെനിക്ക് പറയേണ്ടിവരും.
ഒരിക്കല്‍കൂടി ഞാന്‍ മുഖം കഴുകി, കണ്ണാടിയില്‍ നോക്കാതെ, കട്ടില്‍ വായിച്ചിട്ടിരുന്ന പുസ്തകം നിവര്‍ത്തി. തുന്നി പകുതിയാക്കിയിരുന്ന സ്വെറ്റര്‍ വീണ്ടും കയ്യിലെടുത്തു. ബാലുവിനെ യാത്രയയ്ക്കാന്‍ പോകാത്തതിന് ഞാനൊരു നൂറുകാരണങ്ങള്‍ കണ്ടുപിടിച്ചു. ഒന്ന് ബാലു അപരിചിതനാണ്. പിന്നെ എനിക്ക് അരുണ്‍കുമാറിനെ കാണേണ്ടതുണ്ട്. യാത്ര പറയുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. പുറമെ, ഉച്ചവെയിലില്‍ പുറത്ത് നടക്കുന്നത് എന്റെ ആരോഗ്യത്തിന് മോശമാണ്. കാരണങ്ങള്‍ പിന്നേയും ഏറെയുണ്ടായിരുന്നു. കാരണങ്ങള്‍ എല്ലാറ്റിനും എപ്പോഴും എത്രവേണമെങ്കിലും ഉണ്ടാവുമെന്ന് നമ്മള്‍ക്കൊക്കെയറിയാം. അവ നമ്മെത്തന്നെ ബോധ്യപ്പെടുത്തേണ്ടിവരുമ്പോഴാണ് കാര്യങ്ങള്‍ ആകെ താറുമാറാകുന്നത്. ഒന്നിനും വ്യക്തമായ ഒരു കാരണവും ഇല്ലാതെ വരുന്നതപ്പോഴാണ്.
എനിക്കെന്തന്നില്ലാത്ത വിഷമം തോന്നിത്തുടങ്ങി. ബാലുവിന്റെ അല്പം അസാധാരണമെന്നു തോന്നുന്ന പെരുമാറ്റവും മുഖം കീറിമുറിയ്ക്കും പോലെ അനാവശ്യമായി മുഖത്ത് മാറി മാറിത്തെളിയുന്ന ഭാവങ്ങളും വായില്‍പ്പെട്ട ഒരു തലനാരിഴപോലെ എന്നെ വിടാതെ അലോസരപ്പെടുത്തിയിരുന്നു എന്നത് ശരിയാണ്. പോകാനുള്ള കാരണങ്ങളും പോകാതിരിക്കാനുള്ള കാരണങ്ങളും തുല്യാനുപാതത്തില്‍ മുന്നില്‍ ഒരുമിച്ചു കുഴഞ്ഞു മറിഞ്ഞു. അതിനാല്‍, വാതിലില്‍ മുട്ടു കേട്ടപ്പോള്‍, രക്ഷപ്പെടലിന്റെ പ്രതീതിയോടെയാണ് ഞാന്‍ ഊക്കില്‍ വാതില്‍ തുറന്നത്. അരുണ്‍ കുമാറായിരുന്നു മുന്നില്‍. അയാള്‍ക്കു പിന്നില്‍ വരാന്തയ്ക്കപ്പുറത്ത് തിളയ്ക്കുന്ന വെയില്‍.
“എന്തേ?” അരുണ്‍ ചോദിച്ചു: “നിങ്ങള്‍ പുറത്തുപോകാനൊരുങ്ങുകയാണോ?”
“അതെ”. അത് പറയാന്‍ ഒരു നിമിഷം കൂടി ഞാന്‍ ആലോചിച്ചില്ല എന്നത് എന്നെത്തന്നെ അത്ഭുതപ്പെടുത്തി. “വേഗം മടങ്ങി വരാം. അസൗകര്യമാവില്ലെങ്കില്‍, ഇവിടെ വിശ്രമിച്ചോളൂ. റിയലി സോറി. പക്ഷെ പോകാതെ പറ്റില്ല.”
അരുണ്‍കുമാറിന്റെ മറുപടിക്കു കാത്തുനില്‍ക്കാതെ വാതില്‍ക്കല്‍ നിന്ന് ഞാനെന്റെ പുറത്തു പോകാനുള്ള ചെരുപ്പകളിട്ടു. 'സാരമില്ല' എന്ന് പറഞ്ഞ് അരുണ്‍കുമാര്‍ എന്നെ പതിവു പോലെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
ടാക്‌സിയില്‍ കയറുമ്പോള്‍ ഞാനോര്‍ത്തത്, അരുണ്‍കുമാര്‍ ആ സമയത്ത് വന്നില്ലായിരുന്നെങ്കില്‍ ബാലുവിനെ യാത്രയയയ്ക്കാന്‍ ഞാന്‍ പോകുമായിരുന്നില്ലല്ലൊ എന്നാണ്. താക്കോല്‍ നമ്മുടെ കൈയിലുള്ളപ്പോള്‍ പോലും അടഞ്ഞ വാതിലുകള്‍ നമുക്ക് വിലങ്ങുതടികളാവുന്നതങ്ങനെയാണ്.
പ്ലാറ്റ് ഫോമിന്റെ ഒരു മൂലയില്‍ കൊക്കോകോളയുടെ പാതിതീര്‍ന്ന കുപ്പിയുമായി നില്‍ക്കുകയായിരുന്നു ബാലു. ഞാന്‍ സന്തോഷത്തോടെ കൈയുയര്‍ത്തി വീശി. കവിളിലെ രോമം നിറഞ്ഞ ഭാഗവും കൂര്‍ത്ത മൂക്കും എന്നെ എന്തോ വീണ്ടും ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. അതെന്താണെന്ന് എനിക്ക് അപ്പോഴും മനസ്സിലായില്ല.
ഒരു കുപ്പി കൊക്കോകോള വാങ്ങി കൈയില്‍ത്തന്ന് ബാലു ബഞ്ചില്‍ എന്റെ അരികിലിരുന്നപ്പോള്‍ “ഇപ്പോള്‍ സന്തോഷമായില്ലേ” എന്ന് ആഹ്ലാദത്തോടെ ചോദിക്കാന്‍ ഞാനൊരുങ്ങിയതാണ്. പക്ഷെ ബാലുവിന്റെ മുഖം കണ്ടതും, നീട്ടിയ കൈ പിന്‍വലിയ്ക്കും പോലെ ഞാനത് വേണ്ടെന്നുവച്ചു. എന്നെ പ്രതീക്ഷിച്ചിരുന്നില്ല എന്ന ഭാവമായിരുന്നു ബാലുവിന്റെ മുഖത്ത്. എന്റെ കവിളുകള്‍ ആവശ്യത്തിലധികം ചുവന്നിരിക്കണം.
“നിങ്ങള്‍ വളരെ ധൃതിപ്പെട്ടാണ് വന്നതെന്ന് തോന്നുന്നു.” പാതി ക്ഷമാപണമെന്നപോലെ ബാലു എന്റെ മുഖത്തെ വിയര്‍പ്പിലേക്ക് നോക്കി പറഞ്ഞു. “വണ്ടിവരാന്‍ ഇനിയുമുണ്ട് സമയം. ഞാന്‍ മനഃപൂര്‍വ്വം നേരത്തെ വന്നതാണ്”.
മിണ്ടുന്നത് ഒരു വിഡ്ഢിത്തമായി പോകാവുന്ന എത്രയോ സന്ദര്‍ഭങ്ങളുണ്ട് എന്ന് എനിക്കെന്നപോലെ നിങ്ങള്‍ക്കുമറിയാം. ഒഴിഞ്ഞ റെയില്‍പാളങ്ങളും, അതിനപ്പുറം വരണ്ട, കുറ്റിച്ചെടികള്‍ നിറഞ്ഞു തുറന്ന സ്ഥലവും എന്റെ മുന്‍പില്‍ കലങ്ങി മറിഞ്ഞു നിന്നു. അവയ്‌ക്കൊക്കെ ഇടയിലെന്നപോലെ, കലങ്ങുന്ന കണ്ണുകള്‍ തുടച്ചുതുടച്ച് സ്വന്തം ഹൃദയങ്ങളോട് യാത്ര പറയുന്ന മുഖങ്ങള്‍. ഒരു ചെറിയ ഇളക്കത്തോടെ വന്നും പോയുമിരിക്കുന്ന തിരമാലകളെപോലെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ജനങ്ങളുടെ പതച്ചിലുകളുടെ വരകള്‍. വെള്ളത്തിനുമുകളില്‍ അനങ്ങിക്കൊണ്ടിരിക്കുന്ന ചപ്പുചവറുകള്‍ പോലെ അറിയാതെ തട്ടിയും മുട്ടിയും അകലുകയും മുങ്ങുകയും ചെയ്യുകയാണെങ്കിലും അങ്ങനെ തട്ടിമുട്ടി നിന്ന ഒരു ചെറിയ നിമിഷത്തില്‍ ബാലു എന്നെ ഏല്പിച്ച സൂര്യകാന്തി പൂവിനെപ്പറ്റിയാണ് ഞാനപ്പോഴും ഓര്‍ത്തത്. എനിക്കതിഷ്ടമായി. ബാലുവിനോട് അപ്പോള്‍ പറയാതിരിക്കാനാണ് പക്ഷെ തോന്നിയത്. വാക്കുകള്‍ മനസ്സിനൊപ്പം ഒരിക്കലും എത്തില്ലെന്ന തോന്നല്‍. മുന്‍പില്‍ ഇരമ്പി ആര്‍ക്കുന്ന തിരമാലയെ എനിക്ക് ശരിക്ക് കാണാം ഇപ്പോള്‍.
തൊട്ടടുത്ത് ഒന്നും മിണ്ടാതെ കുറച്ചുനേരമായി ഇരുന്നതു കൊണ്ടാവണം, പാതി നിര്‍ത്തിയ ഒരു സംഭാഷണത്തിന്റെ തുടര്‍ച്ചപോലെ ബാലു എന്റെ കൈയില്‍നിന്നും ഒഴിഞ്ഞകുപ്പി മേടിച്ചു. “വരൂ”. ബാലുവിന്റെ ശബ്ദത്തില്‍ വീണ്ടും ക്ഷമാപണം കലിച്ചു. “കുപ്പി മടക്കിക്കൊടുത്തു വരാം.”
കുപ്പി മടക്കിക്കൊടുത്തു ബാലു മടങ്ങി വരുമ്പോള്‍ ആയിരുന്നു അകലെനിന്ന് വണ്ടി വരുന്നതിന്റെ ശബ്ദവും അതിന്റെ അറിയിപ്പും ഞങ്ങള്‍ കേട്ടത്. കുറച്ചു നിമിഷങ്ങളേ വണ്ടി അവിടെ നില്‍ക്കുമായിരുന്നുള്ളൂ. എന്നതിനാലാവണം, ബാലു ഓടി വന്നു. സ്യൂട്ട്‌കേസിന്റെ പിടിയില്‍ പിടിച്ച് മുന്നോട്ട് ഓടാന്‍ തുടങ്ങും മുന്‍പ് ബാലു എന്നെ വീണ്ടും ഒരിക്കല്‍ കൂടി നോക്കി. ചിരിയോടെ എന്നു തന്നെ വേണം പറയാന്‍. വണ്ടി നേരത്തെ വന്നല്ലോ എന്നാണ് ഞാന്‍ ഓര്‍ത്തത്. വണ്ടിയുടെ പുറപ്പെടാനുള്ള സിഗ്നല്‍ ചൂളം വിളി ഞങ്ങള്‍ രണ്ടുപേരും അപ്പോഴേക്കും കേട്ടു. അതിന്റെ സ്വാഭാവികമായ അവസാനമെന്നപോലെ ബാലു എന്റെ നേരെ കൈനീട്ടി.
ബാലുവിന്റെ കൈപ്പടത്തിലെ തടിച്ച ഞരമ്പുകള്‍ അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. എന്റെ കൈയില്‍ ആവശ്യത്തിലധികം ശക്തിയായി ബാലു പിടിച്ചിരുന്നിരിക്കണം. വളരെ പെട്ടെന്ന്, ഏതാണ്ടൊരു വെളിപാടുപോലെ, ബാലുവിന്റെ കവിളുകളും ഉയര്‍ന്ന മൂക്കും ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായി. കുട്ടിയായിരിക്കുമ്പോള്‍ ഞാന്‍ വായിച്ച ഒരു നോവലിലെ കഥാപാത്രമായിരുന്നു അത്.
എന്റെ കൈയില്‍ നിന്നും കൈ എടുക്കാതെ, കുറച്ചുനേരം കൂടി നിന്നു ബാലു. പിന്നെ, വണ്ടി പോകുമെന്നത് അപ്പോഴാണറിഞ്ഞതെന്ന ഭാവത്തില്‍ വളരെ വേഗത്തില്‍ ഓടാന്‍ തുടങ്ങി. വണ്ടിയുടെ മുന്‍ ഭാഗത്തിന് ഏറെക്കുറെ അടുത്തായിരുന്നു ഞങ്ങള്‍ നിന്നിരുന്നത്. ബാലു അതിവേഗമോടുന്നതും വണ്ടി പ്ലാറ്റ്‌ഫോമിലെ ജനങ്ങളെ ഒന്നാകെ പിന്നിലേക്കാക്കി പെട്ടെന്ന് വേഗം വെയ്ക്കുന്നതും ഞാനവിടെതന്നെ നിന്നു കണ്ടു. പിന്നെ, ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിലേക്ക് ചാടിക്കയറുന്ന മെയ് വഴക്കത്തോടെ, വണ്ടിക്കു മുന്നില്‍ ചാടിയ ബാലുവിന്റെ ചാരനിറമുള്ള ഷര്‍ട്ട് വായുവില്‍ ഒന്ന് കോറി അപ്രത്യക്ഷമായി.
വണ്ടിക്ക് മുന്നില്‍, വില്ലുപോലെ കോറി വീണമെലിഞ്ഞ, ചാരനിറമുള്ള ഒരു വര. പിന്നെ ദ്രുതഗതിയില്‍ വണ്ടിയുടെ ചക്രങ്ങളുടെ താളത്തിനൊപ്പം ഓടിമറയുന്ന കുറെ മുഖങ്ങള്‍. അവസാനം, ഒഴിഞ്ഞ പാളങ്ങള്‍ക്കുമുകളില്‍ കത്തിയടങ്ങുന്ന ചിതയുടെ ചൂടുപോലെ അമരുന്ന വണ്ടിയുടെ ശബ്ദം. ഏറ്റവുമൊടുവില്‍, റെയില്‍പാളത്തില്‍ ചിതറിയ ബാലുവിന്റെ ചിരിയുടെ തുണ്ടുകളിലേക്ക് ഇറങ്ങിയെത്തുന്ന ആള്‍ക്കൂട്ടം.
ഞാനത് വളരെ നേരം നോക്കിനിന്നു. സാരിയുടെ തുമ്പ് തലയിലൂടെ വലിച്ചിട്ട് വെയിലില്‍ നിന്നും പിന്നെ പുറത്തു കടക്കുമ്പോള്‍, നിങ്ങള്‍ക്കെന്നപോലെ എനിക്കും നാളങ്ങളില്ലാത്ത കനലുകള്‍ എന്റെ അകത്തെവിടെയോ ആണെന്ന് മനസ്സിലായി. എന്തിനായിരുന്നു ബാലു എന്നെ ഇതിനായി തിരഞ്ഞെടുത്തത്? എന്തായിരുന്നു ഞാന്‍  ചെയ്ത തെറ്റ്? അല്ലെങ്കില്‍ ശരി? ഓരോ അടിവയ്ക്കുമ്പോഴും കനലുകള്‍ ഒന്നാകെ ഉരഞ്ഞു. പാത മുന്നില്‍ വല്ലാതെ നീണ്ടു.
എല്ലാം മുന്‍കൂട്ടിക്കണ്ട്, തന്നെ യാത്രയാക്കാന്‍ അപേക്ഷിച്ച ബാലുവിന്റെ കണക്കുകൂട്ടലില്‍ എന്നോടുള്ള അപരിചിതത്വം ഒരു പ്രധാന ഘടകമായിരുന്നിരിക്കണം. തന്റെ വരവ് ബാലുവിന് തികച്ചും അപ്രതീക്ഷിതമായിരിക്കണം. ഇനി അല്ലെങ്കില്‍ത്തന്നെ, ആരോടൊക്കെയോ ഉള്ള പകവീട്ടലില്‍, ഞാന്‍ വരുമോ എന്ന് ഒരു തമാശപോലെ പരീക്ഷിച്ചു നോക്കിയതാവണം. ചതിക്കപ്പെട്ടതുപോലെ ഞാന്‍ നിന്നിടത്തുനിന്ന് പിടഞ്ഞു, ഉടഞ്ഞു. ഇപ്പോള്‍ സൂര്യകാന്തിപൂവിനെക്കുറിച്ച് ബാലുവിനോട് പറയാനുള്ള വാക്കുകള്‍ കൃത്യമായി എന്റെ മനസ്സിലുണ്ട്. കൂടാതെ, ബാലുവിന്റെ മുഖക്ക് രാവിലെ മുതല്‍ അപ്രതീക്ഷിതമാംവിധം മാറിമറിഞ്ഞ ഭാവങ്ങള്‍ കരയ്ക്കടിഞ്ഞ കക്കകള്‍ പോലെ അവിടം മുഴുവന്‍ ചിതറിക്കിടപ്പാണ്. എനിക്ക് കലശലായ ദേഷ്യവും വെറുപ്പും സങ്കടവും തോന്നി. പൊള്ളം പൊട്ടി നുരയ്ക്കുന്ന കുനിപ്പുകള്‍ക്കിടയിലൂടെ, അവയില്‍ തൊടാതിരിക്കാന്‍ കാലുയര്‍ത്തിവെച്ച് അറപ്പോടെ നടക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്. അതൊരു പക്ഷെ, വെയിലിന്റെ വെള്ളവസ്ത്രം പുതച്ച് ഈ പ്ലാറ്റ്‌ഫോമില്‍നിന്നും ജീവിതം മുഴുവന്‍ എന്നെ അനുഗമിക്കാനെത്തിയ നിശ്ശബ്ദത കാരണമാകാനും മതി.

മുരളീധരന്‍ നായരുടെ ഒരു ദിവസം

മുരളീധരന്‍ നായര്‍ എല്ലാ ദിവസത്തേയും പോലെ രാവിലെ ഒന്‍പത് മണിക്ക് ഓഫീസിലേക്കു പോകാനൊരുങ്ങി. അമ്മയുടെയും ദൈവത്തിന്റേയും മുന്‍പില്‍ നമസ്‌കരിച്ചു തിരിഞ്ഞപ്പോഴാണ് ജലദോഷമുള്ള മൂക്ക് ഒന്നുകൂടി വലിച്ചുകയറ്റി, ചോറ്റുപാത്രം സഞ്ചിയിലാക്കി ഭാര്യ അയാളെ ഏല്‍പിച്ചത്. തന്റെ മുഖത്ത് നോക്കാന്‍ കൂട്ടാക്കാതെ, അകത്തു കരയുന്ന കുട്ടിയെ ശ്രദ്ധിക്കാതെ ഒരു കുറ്റി കണക്കെ നിന്ന ഭാര്യയെ അവഗണിച്ച് മുരളീധരന്‍ നായര്‍ അകത്തേക്കുപോയി.
“അച്ഛന്‍ വേഗം വരാം. ” കുട്ടിയെ ആശ്വസിപ്പിച്ചുകൊണ്ട് മുരളീധരന്‍ നായര്‍ പറഞ്ഞു.
“വരുമ്പോള്‍ പമ്പരം കൊണ്ടുവരാം.”
“ഓ! ഒരുത്തരവാദിത്തം.” പുറത്തുനിന്ന് മുരളീധരന്‍ നായരുടെ ഭാര്യ ചീറി.
“ഒരു ദിവസം ഓഫീസില്‍ചെന്ന് പേനയുന്തിയില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴില്യേ പിന്നെ! എന്റെ മൂക്കൊലിക്കുന്നു. തലവേദനിച്ചിട്ടു നില്‍ക്കാന്‍ വയ്യ. മകള്‍ക്കാണെങ്കില്‍ തന്തയുടെ വാശിയാണ്. ആപ്പീസിനോടുള്ള ഉത്തരവാദിത്തത്തിനേക്കാള്‍ കുറവാണോ നിങ്ങള്‍ക്കെന്നോട്? നാലുനേരവും നിങ്ങള്‍ കുമ്പിട്ടുതൊഴുന്ന ഈ ദൈവം അങ്ങനെ നിങ്ങളോടു പറഞ്ഞ്വോ? ”
ഓഫീസ് സംബന്ധമായ കടലാസുകളും കുടയും കൈയിലെടുത്തു പുറത്തേക്കുള്ള വാതില്‍ക്കല്‍ മുരളീധരന്‍ നായര്‍ തിരിഞ്ഞുനിന്നു.
“അമ്മിണീ! ” അയാള്‍ പറഞ്ഞു: “എനിക്കിന്നു പോകേണ്ട അത്യാവശ്യം ഉള്ളതിനാലാണ് ഞാന്‍ പോകുന്നത്. അതും നിങ്ങളോടുള്ള ഉത്തരവാദിത്തവും കൂട്ടിക്കുഴയ്ക്കരുത്. ഞാന്‍ കഴിയുന്നതും വേഗം വരാം.”
പുറത്തെ വെയില്‍ റോഡിനു മുകളില്‍ എത്തിയിരിക്കുന്നതു കണ്ട് മുരളീധരന്‍ നായരുടെ മുഖം മങ്ങി. ഇനി രാമസ്വാമിയുടെ മുന്‍പില്‍ ചെന്നു വേണം മസ്റ്ററില്‍ ഒപ്പിടാന്‍. രാമസ്വാമി ഒരു ചിരി ചിരിക്കും. “ചുമതലകളെക്കുറിച്ചു പറഞ്ഞുതരണ്ട പ്രായമല്ലല്ലോ നമുക്കൊക്കെ. ” മസ്റ്റര്‍ മുന്നിലേക്കു നീക്കിവെച്ചു രാമസ്വാമി പറയും: “എന്തെങ്കിലും തക്ക കാരണം കാണും.”
ഓഫീസില്‍ വൈകി എത്തുന്നതോ, തന്റെ ചുമതലകളെക്കുറിച്ചു പറയാന്‍ ആര്‍ക്കെങ്കിലും ഇടം കൊടുക്കുന്നതോ, അത്തരം ചിരികളോ ഒന്നും മുരളീധരന്‍നായര്‍ക്കിഷ്ടമായിരുന്നില്ല. ആ ചിരി തെളിയുമ്പോഴൊക്കെ മുരളീധരന്‍ നായര്‍ക്ക് അമ്മയെ ഓര്‍മവരും.
“നന്നായി ജീവിക്ക്. ” അമ്മയെ ഉദ്ധരിച്ചു മുരളീധരന്‍ നായര്‍ പറയാറുണ്ട്.
“അതേ നമ്മളൊക്കെ ചെയ്യേണ്ടൂ.”
“ആര്‍ക്ക് നന്നായി? അമ്മിണി ചോദിച്ചു. ഇരുന്നിടത്തുനിന്നും തട്ടിത്തെറിപ്പിക്കും പോലെയുള്ള ആ ചോദ്യം മുരളീധരന്‍ നായരെ തെല്ലൊന്നമ്പരിപ്പിക്കാതിരുന്നില്ല. അതൊന്നമര്‍ന്നപ്പോഴാണ്, അമ്മിണി ചോദിച്ചാല്‍ ഇനി ആ വാക്കിനെന്തര്‍ഥം പറയും എന്ന് മുരളീധരന്‍ നായര്‍ ആലോചിച്ചത്. അമ്മിണി പക്ഷെ, ചോദിച്ചില്ല. ചോദ്യങ്ങള്‍ ചോദിക്കുന്ന സ്വഭാവം  അമ്മിണിയെപ്പോലെ മുരളീധരന്‍ നായര്‍ക്കും പൊതുവേ കുറവായിരുന്നു. അമ്മ ഒരിക്കലും തനിക്കു വിരോധമായി പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ അതിന്റെ ആവശ്യം മുരളീധരന്‍ നായര്‍ക്ക് അനുഭവപ്പെട്ടിരുന്നതേയില്ല. ആകെ ഒരിക്കല്‍ ദേഷ്യവും സങ്കടവും തോന്നിയത് അടുത്തിരുന്ന കുട്ടിയുടെ പേന കട്ടു എന്ന കുറ്റത്തിന് ഹെഡ്മാസ്റ്റര്‍ തല്ലിയപ്പോഴാണ്.
“വല്ലാണ്ടെ വേദനിച്ചോ? ” അമ്മ തുടയില്‍തടവി ചേര്‍ത്തിരുത്തി ചോദിച്ചു.
“എന്തിനേ പേന കട്ടത്? ”
“ഞാന്‍ കട്ടില്ല.” മുരളീധരന്‍ നായരുടെ പറഞ്ഞു.
“പിന്നെ എന്തേ, മാഷക്കങ്ങനെ തോന്നാന്‍?”
അത് അന്നുമുതല്‍ മുരളീധരന്‍ നായരേയും കുഴക്കിയ പ്രശ്‌നമായിരുന്നു. അതുകൊണ്ട്, ദേഷ്യമാണോ ജാള്യതയാണോ തോന്നേണ്ടത് എന്ന പരിഭ്രമത്തിനിടയില്‍ മുരളീധരന്‍ നായര്‍ പറഞ്ഞു: “അറിയില്ല.”
എന്നിട്ട്? അമ്മ ചോദിച്ചു: “കുട്ടി മാഷോട് പറഞ്ഞ്വൊ? ”
ഒരു കാരണത്തിന്റെ പിന്‍ബലമില്ലാതിരുന്നതിനാല്‍ പറയപ്പെടാതിരുന്ന ആ ഉത്തരവും വലിച്ചിഴച്ച് ഇത്രത്തോളമെത്തിയ മുരളീധരന്‍ നായരുടെ മനസ്സില്‍ ആ ചോദ്യം, അമ്മയുടെ ചിതയ്ക്കു തീകൊളുത്തുമ്പോള്‍, ഒരു അപ്രസക്തിയുടെ, അരിശത്തിന്റെ ചുവയോടെ തികട്ടി. പിന്നെ ചിലപ്പോഴൊക്കെ ഉറങ്ങാന്‍ കിടക്കുമ്പോള്‍, ഊണുകഴിക്കുമ്പോള്‍ എല്ലാം കൈയില്‍ തിരുപ്പിടിച്ചു കൊണ്ടു നടക്കുന്ന ഒരു കുപ്പിക്കഷ്ണംപോലെ അതു മനസ്സില്‍ കോറി.
നേരം വൈകിയ കാരണം വണ്ടിയില്‍ നല്ല തിരക്കുണ്ടായിരുന്നു. രാമസ്വാമി ചിരിക്കാന്‍ തുടങ്ങുന്നതിനു മുന്‍പേ അരദിവസത്തെ ലീവ് എഴുതിക്കൊടുക്കണം. മുരളീധരന്‍ നായര്‍ തന്നോടുതന്നെ പറഞ്ഞു. ചുമതലകള്‍ വഴികാട്ടികളാണ് എന്നാണ് രാമസ്വാമി പറയാറ്. തന്റെ അടുത്തിരുന്ന പതിനഞ്ചുകാരന്‍ വണ്ടിയില്‍ ഇരുന്നതോടെ, സ്വന്തം കൈയിലുള്ള നോട്ടുപുസ്തകം നിവര്‍ത്തി വായിക്കാന്‍ തുടങ്ങിയിരുന്നു. അയാളുടെ ഏകാഗ്രത തടസ്സപ്പെടുത്താതവിധം മുരളീധരന്‍ നായര്‍ ഒന്നുകൂടി ഒതുങ്ങിയിരുന്നു.
“കഴിയുന്നതും ആരേയും ഉപദ്രവിക്കാതിരിക്ക. ഗുണം അവനവനു തന്നെയാണ്... അമ്മ പറയും: കിടന്നാല്‍ ഉറക്കം വരും.”
പൊടുന്നനെ, ഭാര്യയുടെ ജലദോഷം വന്ന് വീര്‍ത്ത മുഖം മുരളീധരന്‍ നായരുടെ മനസ്സില്‍ തെളിഞ്ഞു. തനിക്കാണ് ഈ ജലദോഷമെങ്കില്‍ ഇന്ന് ഓഫീസില്‍ വരുമായിരുന്നോ? തനിക്ക് ഓഫീസിലെ അത്യാവശ്യ കാര്യം വേണമെങ്കില്‍ മാറ്റി വെക്കാമായിരുന്നില്ലേ എന്ന ചിന്ത, മുരളീധരന്‍ നായരെ ആകെ പരിഭ്രമിപ്പിച്ചു, ചെറിയ ചോദ്യങ്ങളാണ് ആകെ കുഴപ്പിക്കുന്നത്. ചോദിക്കണ്ടാത്തവ എന്നു തന്നെ പറയാം. ആള്‍ക്കാരുമായി സംസാരിച്ചിരിക്കുമ്പോഴും അവരെ ശ്രദ്ധിച്ചിരിക്കുമ്പോഴും ഒക്കെ പലപ്പോഴും മുരളീധരന്‍നായര്‍ ആലോചിക്കുന്നത് അയാള്‍ ആ വാചകം പറയുമ്പോള്‍ എന്തിനു ചിരി വന്നു എന്നോ, വഴിയിലെ പിച്ചക്കാരന്‍ കുട്ടിക്കു പത്തുപൈസയെങ്കിലും കൊടുക്കേണ്ടിയിരുന്നില്ലേ എന്നൊക്കെയാവും. അതൊരു ചീത്ത ശീലമായി മാറുന്നതും അയാള്‍ അറിഞ്ഞിരുന്നു. തന്മൂലം സംഭാഷണത്തിന്റെ മധ്യത്തില്‍വെച്ചു അത്രനേരവും എന്തിനെപ്പറ്റിയാണ് പറഞ്ഞിരുന്നതെന്ന് മുരളീധരന്‍ നായര്‍ മറന്നുപോകും. ഇത് വിരുന്നുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും വല്ലാത്ത മടുപ്പും അസൗകര്യവും ഉണ്ടാക്കി. വല്ലാത്ത ജാള്യതയോടെ പക്ഷേ, സംസാരം തുടങ്ങുമ്പോള്‍  വീണ്ടും അയാളുടെ മനസ്സില്‍ പിച്ചക്കാരന്‍ കുട്ടിയും ധര്‍മപുത്രരും അമ്മിണിയുടെ ജലദോഷവും ഒക്കെ ഒരു പുറ്റുപോലെ നിറയും. അവയ്ക്കുമീതെ ഒരു കാര്യവുമില്ലാതെ, ചലിക്കുന്ന ചോദ്യങ്ങള്‍ കുമിഞ്ഞു. അങ്ങനെ പുഴുക്കള്‍ മൂടിയ ചപ്പുകൂനപോയെയായി അയാളുടെ മനസ്സ്.
“കുട്ടി ഒന്നെഴുന്നേല്ക്ക്.” രണ്ട് മാന്യന്മാരാണ് മുരളീധരന്‍ നായരുടെ തൊട്ടുമുന്നില്‍ നിന്നിരുന്നത്. പതിനഞ്ചുകാരന്‍ നോട്ടുപുസ്തകത്തില്‍ നിന്നും മുഖമുയര്‍ത്തിനോക്കി.
“ഒന്നെഴുന്നേല്‍ക്കൂ”
“എന്തിനാ? ” കുട്ടി ചോദിച്ചു.
“അത് ശരി.” അവരിലൊരാള്‍ പറഞ്ഞു: “ഒരു മിനിറ്റ് ഒന്നെഴുന്നേല്ക്കൂ.”
എല്ലാവരുടെയും മുഖത്തും മാറിമാറി നോക്കി, കുട്ടി മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു. പെട്ടെന്നാണ് മാന്യരിലൊരാള്‍ ആ സ്ഥലത്ത് കയറിയിരുന്നത്.
“അതാ അവിടെ” അകലെ വെയില്‍ തട്ടുന്ന ഒരു സ്ഥലം ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു: “അവിടെ ഇരുന്നോളൂ.”
മുരളീധരന്‍ നായര്‍ തന്റെ അടുത്ത് സ്ഥലംപിടിച്ച ആളുടെ മേലില്‍ തട്ടാതിരിക്കാന്‍ ഒന്നുകൂടി ഒതുങ്ങി ഇരുന്നു. എന്നിട്ട് ചുറ്റുമുള്ള എല്ലാവരേയും നോക്കി. അവരൊക്കെ ചെറുപ്പക്കാരനേയും മറ്റു രണ്ടുപേരെയും ശ്രദ്ധയോടെ നോക്കിയിരിക്കുകയാണ്.
“വേണ്ട.” ചെറുപ്പക്കാരന്‍ പറഞ്ഞു: “അവിടെ നിങ്ങളിരുന്നോളൂ.”
അതിനു മറുപടി പറയാതെ രണ്ടാള്‍ക്കാരും സ്വന്തം വര്‍ത്തമാനങ്ങളില്‍ മുഴുകുകയാണ് ചെയ്തത്. ചെറുപ്പക്കാരന്റെ മുഖം ചുവന്നു. അതുവരേയും നിവര്‍ത്തിപ്പിടിച്ചിരുന്ന നോട്ടുപുസ്തകം അയാള്‍ ശബ്ദത്തോടെ അടച്ചു. എന്നിട്ട് തന്റെ സ്ഥലത്ത് കയറി ഇരുന്ന ആളുടെ കൈയില്‍ തോണ്ടി ഗൗരവത്തില്‍ എഴുന്നേല്‍ക്കാന്‍ പറഞ്ഞു.
കണ്ണട നേരെ വെച്ച് ചെറുപ്പക്കാരന്റെ നേരെ അയാള്‍ ഇമവെട്ടാതെ നോക്കി. അകലെ വെയില്‍ വീണ സീറ്റിലേക്ക് അയാള്‍ വീണ്ടും ചൂണ്ടി.
“അവിടെ” അയാള്‍ പറഞ്ഞു.
“നിങ്ങളെന്റെ സ്ഥലത്തുനിന്ന് എഴുന്നേല്‍ക്കൂ.” ചെറുപ്പക്കാരന്റെ ശബ്ദത്തില്‍ അത്ര കടുപ്പം ആരും പ്രതീക്ഷിച്ചിരുന്നില്ലാത്തതിനാലാവണം ചുറ്റുമുള്ള എല്ലാവരും ഒന്നിച്ചു തലപൊക്കി.
“ഇല്ലെങ്കിലോ” എല്ലാവരുടെ മുഖത്തുകൂടെയും ഒന്ന് കണ്ണോടിച്ച് ഒരു ചെറുചിരിയോടെ അയാള്‍ ചോദിച്ചു: “മുട്ടപൊട്ടി പുറത്തുവന്നിട്ടില്ല. അപ്പോഴേക്കും.”
ഇരുന്നിടത്തുനിന്നും എഴുന്നേറ്റ് ചെറുപ്പക്കാരനോട് തന്റെ സ്ഥലത്തിരുന്നോളൂ എന്ന് പറയണോ എന്ന് മുരളീധരന്‍ നായര്‍ ആലോചിച്ചു. കാര്യങ്ങള്‍, അതായത് ആള്‍ക്കാര്‍ തമ്മില്‍ തീരട്ടെ എന്ന് ഭാവത്തില്‍ പക്ഷേ, എല്ലാവരും പുറത്തേക്കും സ്വന്തം പുസ്തകങ്ങളിലേക്കും ഒക്കെ നോക്കിയിരിക്കുകയാണ് ചെയ്തത്. അനാവശ്യമായ ഇടപെടല്‍ കാര്യങ്ങള്‍ കൂടൂതല്‍ വഷളാക്കിയേക്കുമോ എന്നയാള്‍ പേടിച്ചു. എന്തുകൊണ്ടാണ് എല്ലാവരും ഇങ്ങനെ മിണ്ടാതിരിക്കുന്നതെന്ന് മുരളീധരന്‍ നായര്‍ വല്ലാതെ അത്ഭുതപ്പെട്ടു.
ചെറുപ്പക്കാരന്റെ മുഖം ചെവിത്തട്ടുകള്‍ വരെ ചുവന്നു. വികാരം കൊണ്ട് അവിടവിടെ മുറിയുന്ന ശബ്ദത്തില്‍ തന്നോടു ചെയ്ത മര്യാദകേടിനെപ്പറ്റി അയാള്‍ പറയാന്‍ ശ്രമിച്ചു.
“നിങ്ങള്‍ എന്നോട് അന്യായം ചെയ്തത്”. അയാള്‍ പറഞ്ഞു.
ഒരു വടിക്കു കീഴില്‍ പിടയുന്ന പാമ്പുകളെന്ന പോലെ അന്യായം എന്ന് വാക്കിനുകീഴെ നിര്‍ത്തി മുരളീധരന്‍ നായര്‍ അവരെ രണ്ടുപേരെയും നോക്കി. അവര്‍ ചിരിക്കുകയാണ് ചെയ്തത്.
“ഞങ്ങളെ മര്യാദ പഠിപ്പിക്കാന്‍ വാ.” അവരിലൊരാള്‍ പറഞ്ഞു. “ഞങ്ങള്‍ ഇവിടെത്തന്നെ നിന്നുതരാം.”
ഇരുന്നിടത്തുനിന്നും മുരളീധരന്‍ നായര്‍ ഒന്നനങ്ങി. എല്ലാവരും പുറത്തേക്ക് നോക്കിയിരിക്കുകയാണ്. ”എത്ര ചെറിയ കാര്യങ്ങള്‍!” എന്ന ഭാവമായിരുന്നു എല്ലാവരുടെയും മുഖത്തും. ഇത്ര പോന്നിട്ടും തന്റെ നിയന്ത്രണമില്ലായ്മയില്‍ പെട്ടെന്ന്, മുരളീധരന്‍നായര്‍ക്ക് ജാള്യത തോന്നി. അതു മറയ്ക്കാന്‍ മുരളീധരന്‍ നായര്‍ ധൃതിയില്‍ അവരോടൊക്കെ ഒപ്പം പുറത്തേക്കുതന്നെ നോക്കി.
അപ്പോഴായിരിക്കണം ചെറുപ്പക്കാരന്‍ സ്വന്തം സ്ഥലത്തിരുന്ന ആളുടെ മടിയില്‍ കയറിയിരുന്നത്. പ്രതീക്ഷിച്ചപോലെ, അയാള്‍ ചെറുപ്പക്കാരനെ ആഞ്ഞുതള്ളി.  മുരളീധരന്‍ നായരുടെ കാല്ക്കല്‍ ഒരു ചെറിയ ശബ്ദത്തോടെ ചെറുപ്പക്കാരന്‍ കമിഴ്ന്നു വീണു. കൈയില്‍ നിന്നും തെറിച്ച നോട്ടുപുസ്തകം കുറച്ചുകലെ ആള്‍ക്കാരുടെ കാല്‍ക്കല്‍ തുറന്നു കിടന്നു. ഏതാണ്ടിതേ നേരത്താണ് വണ്ടി സ്റ്റേഷനില്‍ നിന്നതും. എഴുന്നേറ്റു നില്‍ക്കാന്‍ ശ്രമിക്കുന്ന ചെറുപ്പക്കാരനു മുകളിലൂടെ ആള്‍ക്കാര്‍ ഇറങ്ങാന്‍ ധൃതികൂട്ടി. രണ്ടുമിനിറ്റാണ് വണ്ടി സ്റ്റേഷനില്‍ നില്‍ക്കുക. നിരവധി കാലുകള്‍ക്കിടയിലൂടെ വീണുകിടക്കുന്ന കുട്ടിയുടെ മുഖം കണ്ടപ്പോള്‍, ഹെഡ്മാസ്റ്ററുടെ മുന്നില്‍ തല്ലും പ്രതീക്ഷിച്ച് ചുവട്ടിലേക്ക് നോക്കിനിന്ന സ്വന്തം മുഖമാണ് മുരളീധരന്‍ നായര്‍ക്ക് ഓര്‍മ വന്നത്. ധൃതിയില്‍ ഒരു തെറ്റു തിരുത്തലിന്റെ ഭവ്യതയോടെ, ചെരുപ്പുകള്‍ക്കും ഷൂസുകള്‍ക്കും ഇടയില്‍ അകലെ കിടന്ന പുസ്തകം ഊളിയിട്ടെടുത്ത് അയാള്‍ ചെറുപ്പക്കാരന് നീട്ടി. കുട്ടി, അയാളുട കൈയില്‍ നിന്നും പുസ്തകം തട്ടിപ്പറിക്കും പോലെയാണ് വാങ്ങിയത്. ഒരു ശരിക്ക് വിധേയനായപോലെ മുരളീധരന്‍ നായര്‍ക്ക് സന്തോഷം തോന്നി. 'അതുതന്നെ!' വണ്ടിക്കകത്തേക്ക് അലയടിച്ച തിരക്കില്‍ പക്ഷേ, എല്ലാം മുങ്ങി മറിഞ്ഞു. ചെറുപ്പക്കാരന്‍ എഴുന്നേറ്റ് മുതിര്‍ന്ന ആ രണ്ടുപേരുടെ നേരെ തിരിയുന്നതും അവര്‍ കുട്ടിയുടെ തല ട്രെയിനിന്റെ ഭിത്തിയോട് ചേര്‍ത്തു വെച്ചടിക്കുന്നത് ആണ് മുരളീധരന്‍ നായര്‍ പിന്നെ കണ്ടത് കുട്ടിയുടെ മുഖം ഉറഞ്ഞ ചോര പോലെ നീലച്ചു. വണ്ടി വിടാന്‍ ഇനി രണ്ടുമൂന്നു സെക്കന്റു കൂടിയേ ഉണ്ടാവൂ എന്നാലോചിക്കുമ്പോള്‍ വിസിലിന്റെ ശബ്ദം ഒരു നിലവിളിപോലെ മുരളീധരന്‍ നായരുടെ കാതിലെത്തി. ഭാര്യയുടെ ജലദോഷമുള്ള മുഖം, രാമസ്വാമി, അമ്മ എല്ലാവരും കൂടി ശടപടേന്ന് മുരളീധരന്‍ നായരുടെ മനസ്സിലേക്ക് ഒരു ഭയങ്കര ശബ്ദത്തോടെ തട്ടിമറിഞ്ഞു വീണു. ഒരു നേര്‍ത്ത നിലവിളിയോടെ അയാള്‍ ഇളകിത്തുടങ്ങിയിരുന്ന വണ്ടിയില്‍ നിന്നും ചാടി ഇറങ്ങി. “അമ്മേ,” തന്നെ പിന്നിലാക്കിപായുന്ന വണ്ടിയെ നോക്കി പ്ലാറ്റ് ഫോമില്‍ത്തന്നെ നില്‍ക്കെ മുരളീധരന്‍ നായര്‍ പറഞ്ഞു;  “അമ്മ പറയും ചെറുപ്പക്കാരന് അവര്‍ കാണിച്ചുകൊടുത്ത സീറ്റില്‍ ഇരിക്കാമായിരുന്നു എന്ന്. അത് അവര്‍ക്കും ആവാമായിരുന്നു.”
നിറഞ്ഞ വെയിലിനു കീഴില്‍, തന്റെ ഇരുഭാഗങ്ങളിലും ചാട്ടവാറുകള്‍ പോലെ പുളഞ്ഞ റെയില്‍പ്പാളങ്ങളെ നോക്കി മുരളീധരന്‍ നായര്‍ പിന്നെനടന്നു.
“എന്നിട്ട് മുരളി വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി. ” ഊണ്‍ പാത്രം ശബ്ദത്തിലടച്ച് കസേര തട്ടിമാറ്റി എഴുന്നേറ്റ് ഓഫീസില്‍ ഗീത പറയും: “എന്ത് പറയാന്‍!”
അമ്മയാണെങ്കില്‍ എന്തുത്തരം പറയും? ഗീതയെ അമ്മക്കറിയില്ല. തീനാളങ്ങളുടെ അറ്റങ്ങളില്‍ ആയുന്ന ചുവപ്പു നിറവും മുഖത്തനേന്തി അവള്‍ “ഹേ! മുരളീ! ” എന്നു പറയുമ്പോള്‍, ഞാന്‍ സ്‌കൂള്‍ മുറ്റത്ത് സര്‍വസമക്ഷം തല്ല് ഏറ്റുവാങ്ങാന്‍ അനങ്ങാതെ നിന്ന കുട്ടിയാണെന്നാണ് എനിക്ക് തോന്നാറ്. അവിടെനിന്ന് ഞാന്‍ വളര്‍ന്നിട്ടേ ഇല്ല എന്നും. പൂച്ച എലിയെ പിടിക്കുമ്പോള്‍ താന്‍ ആരുടെ കൂടെ നില്‍ക്കും എന്നാണ് രവീന്ദ്രന്‍ ചോദിച്ചത്. അമ്മ അതിനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ? ചെറിയ ചോദ്യങ്ങള്‍ എല്ലാവരുടെ വായിലും നിറച്ചു വെച്ചിരിക്കയാണെന്ന് തോന്നുന്നു. വല്ലാതെ വയറു നിറഞ്ഞവന്റെ ഏമ്പക്കംപോലെ, അപശബ്ദത്തോടെയാണ് അതൊക്കെ ക്ഷണത്തില്‍ പുറത്തു ചാടുന്നത്. ചെള്ളിച്ചെറുമനെ കാര്യസ്ഥന്‍ അടിച്ചുകൊണ്ടിരുന്നപ്പോള്‍ വേഷ്ടിത്തലപ്പുകൊണ്ട് എന്റെ കണ്ണുപൊത്തി അമ്മ എന്നെ പിന്നിലേക്ക് മാറ്റി നിര്‍ത്തി. “അങ്ങോട്ട് കുട്ടന്‍ നോക്കണ്ടാട്ടൊ” അമ്മ ഇപ്പോഴും പറയും. “നമ്മളല്ല ഇതിന് ഉത്തരവാദികള്.” പക്ഷേ, നോക്കൂ, ട്രെയിനില്‍ വഴിയില്‍ ഒറ്റക്കണ്ണുപൊത്തി ഇരിക്കാന്‍ പറ്റ്വോ? എത്ര നേര്‍രേഖയില്‍ നടന്നാലും കുറെയൊക്കെ കാണും. അല്ലെങ്കില്‍ ചെരിഞ്ഞ മനസ്സുംകൊണ്ട് നടന്ന് ഉറഞ്ഞ രക്തംപോലെ നീലച്ച മുഖങ്ങള്‍ തട്ടിവീഴാന്‍ ആര്‍ക്കാണ് മോഹം? ചോദ്യങ്ങള്‍ നമ്മുടെ തൊലിയില്‍ത്തന്നെ വളരുന്ന രോമങ്ങളെപ്പോലെ തൊട്ടടുത്താകുമ്പോള്‍ വിഷമം ഏറുകയാണെന്ന് അമ്മയോട് ഞാന്‍ പറയാനാഞ്ഞിട്ടുണ്ട്. ഞാനതു പറയുന്നതിനുമുമ്പ് അമ്മ മരിച്ചു. ഗീത ചിരിക്കുകയാണ് ചെയ്യുക. ഭാര്യയുടെ ജലദോഷത്താല്‍ നമുക്ക് ലീവെടുക്കാമോ, എടുക്കുമോ? എനിക്ക് കുളിക്കാന്‍ അമ്മ നിറച്ചിട്ട കുട്ടകത്തിലെ വെള്ളത്തില്‍ വീണ കൂറയെ രക്ഷിക്കണോ, കൊല്ലണോ എന്നാലോചിച്ച് നില്‍ക്കുമ്പോള്‍ അത് മുങ്ങിച്ചത്തു. കണ്ണ് പൊത്തിയിട്ടെന്താ കാര്യം? ഗീതയുടെ മുഖം എന്റെ കൈയ്ക്കും കണ്ണുകള്‍ക്കും ഇടയിലെവിടെയോ ആണ്.
ഇപ്പോള്‍ മുരളീധരന്‍ നായര്‍ റെയിലിനു സമാന്തരമായി പോകുന്ന റോഡിലൂടെ ഓഫീസിലേക്ക് നടക്കുകയായിരുന്നു. ഊണുകഴിക്കുമ്പോള്‍, ഇന്ന് ഇക്കഥ ഗീതയോട് പറയേണ്ടെന്ന് അയാള്‍ തീരുമാനിച്ചു. അപ്പോഴാണ് രണ്ടു പോലീസുകാര്‍ക്കൊപ്പം സ്റ്റ്രെച്ചറില്‍ ഒരു ചെറുപ്പക്കാരന്റെ ശരീരവുമായി രണ്ടുപേര്‍ റോഡിലേക്ക് കയറിവന്നത്. വണ്ടിയില്‍ നിന്നു വീണുപോയ ആ ശരീരത്തിന്റെ സാധ്യത മുരളീധരന്‍നായര്‍ പ്രതീക്ഷിച്ചിരുന്നതുകൊണ്ട്, അതാരാണെന്ന് മുരളീധരന്‍നായര്‍ക്ക് ആലോചിക്കേണ്ടി വന്നില്ല. റോഡില്‍ കൂടിയ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരു പ്രതിജ്ഞ നിറവേറ്റുന്നതുപോലെ അയാള്‍ ചെറുപ്പക്കാരന്റെ മുഖത്തേക്കെത്തിനോക്കി.
“ഈ ആളെ താനറിയുമോ? ” പോലീസുകാരന്‍ ചോദിച്ചു.
തീരെ പ്രതീക്ഷിക്കാത്ത ആ ചോദ്യം കേട്ട് മുരളീധരന്‍നായര്‍ ഞെട്ടി. അയാല്‍ ആ പോലീസുകാരനെ തുറിച്ചുനോക്കി. ചോദ്യങ്ങള്‍ എപ്പോഴും തനിക്കുനേരെ വരുന്നതെന്താണ്?
ആവര്‍ത്തിക്കപ്പെടുന്ന ആ ചോദ്യത്തിന്റെ അസംബന്ധത്തിനും അപ്രസക്തിക്കും നടുവില്‍നിന്ന്, ആ കിടക്കുന്നതാണോ, അവിടെ നില്‍ക്കുന്നതാണോ താനെന്ന് മുരളീധരന്‍നായര്‍ അമ്പരന്നു.
“അവസാനം” ഗീത പറഞ്ഞു: “ഇല്ല” എന്നു പറഞ്ഞു.
“ഞാന്‍ ശരിയാണ് പറഞ്ഞത്. ” ചോറ്റുപാത്രം ശബ്ദത്തിലടയ്ക്കുമ്പോള്‍ മുരളീധരന്‍നായര്‍ കെന്തി. “ഞാനാ ചെറുപ്പക്കാരനെ ഒട്ടു ദ്രോഹിച്ചില്ല. ”
“അതെ” ഗീത പറഞ്ഞു: “മുരളി പുറത്തേക്കുനോക്കി ഇരിക്കുകയായിരുന്നു. ”
“എല്ലാവരെയും പോലെ” രവീന്ദ്രന്‍ ചിരിച്ചു. “നിഷ്പക്ഷമായി.”
“എല്ലാവര്‍ക്കും ദൈവങ്ങളെയാണ് വേണ്ടത്. ഒരു നിമിഷം കൊണ്ട് വിരല്‍ ഞൊടിച്ച് ശത്രുക്കളെ നിര്‍വീര്യമാക്കുന്ന ദൈവമല്ല ഞാന്‍ എന്ന് എന്താ ഗീതയ്ക്കും മനസ്സിലാവാത്തത്.”
“ശരിക്കും മുരളീ.” ഗീത പറഞ്ഞു: “ദൈവമാണെങ്കില്‍ ഒരുത്തനെ വണ്ടിയില്‍ നിന്നു തള്ളിയിടുമ്പോള്‍ അത് തടയുകയും, നമുക്ക് കൂട്ടത്തില്‍ വീഴാതിരിക്കുകയും ചെയ്യാമായിരുന്നു. ”
വൈകുന്നേരം ഡിസ്‌പെന്‍സറിയില്‍ നിന്നും തിരിച്ചുവരുമ്പോള്‍ മുരളീധരന്‍നായര്‍ക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. അങ്ങനെ ഒരു ദിവസം അവസാനിക്കുന്നു. വണ്ടിയിലെ കഥ അറിഞ്ഞ കാരണം അരദിവസത്തെ ലീവ് എഴുതേണ്ടെന്ന് രാമസ്വാമി പറഞ്ഞിരുന്നു.
തുറന്ന വാതിലിലൂടെ സന്ധ്യയിലെ ഇരുട്ട് അകത്തേക്ക് കിനിയാന്‍ തുടങ്ങിയത് മുരളീധരന്‍നായര്‍ കണ്ടു. മരുന്ന് വാതില്ക്കല്‍ നിന്നിരുന്ന ഭാര്യയുടെ കൈയിലേല്പിച്ച് കാലും മുഖവും കഴുകി അയാള്‍ വിളക്ക് കൊളുത്തി.
“ദൈവമേ” മനസ്സുറയ്ക്കുന്നതിനും മുന്‍പേ പറഞ്ഞുശീലിച്ച ആ ശീലില്‍ മുരളീധരന്‍നായര്‍  വിളിച്ചു. “ചുമതലകള്‍ നിറവേറ്റി നേരാം മാര്‍ഗം കാണിച്ചുതരണേ.”
“ഓ” എന്ന് ആരെങ്കിലും പറഞ്ഞോ എന്ന് ഇത്രയും കാലത്തെപ്പോലെ അന്നും മുരളീധരന്‍ നായര്‍ ചോദിച്ചില്ല. ചോദ്യങ്ങള്‍ വല്ലാതെ കൂടുന്നു. മുങ്ങിച്ചാവാനനുവദിച്ച കൂറ മുതല്‍, പകരം ചോദിക്കലിന്റെ പരിവേഷത്തോടെ ഗ്രാമമധ്യത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട വെട്ടിയ തലയും നാസ്വാദ്വാരങ്ങള്‍ അടച്ചുകൊന്ന ആടിന്റെ അകിടില്‍ നിന്ന് വേദോച്ചാരണങ്ങള്‍ക്കൊപ്പം ചുരന്ന മഴയും കുരിശിന്റെ മുകളിലൂടെ ചീറിപ്പോകുന്ന മിസ്സൈലുകളും ഒക്കെ വളക്കൂനയിലെ കൃമികളെപ്പോലെ മനസ്സില്‍ പുളയ്ക്കുകയാണ്. ഇനി, പറഞ്ഞാല്‍തന്നെ അത് അമ്മയുടെ ചില്ലിട്ട ഫോട്ടോയോ, ദൈവമോ അതോ ഗീതയോ എന്ന ശങ്ക ബാക്കിയാവും.
മുരളീധരന്‍നായര്‍ നിലവിളക്കൂതി കെടുത്തി. അടുത്തുണ്ടായിരുന്ന ചാരുകസേരയില്‍ ഒരു ദിവസം മുഴുവന്‍ സമ്പാദിച്ച തളര്‍ച്ചയോടെ മലര്‍ന്നു കിടന്നു. അതോടെ നിലവിളക്കിന്റെയും അയാളുടെയും ചുറ്റുമുണ്ടായിരുന്ന ഇരുട്ട് സമാധാനം പോലെ പതുക്കെ മുരളീധരന്‍നായരെ മൂടി.
***