Followers

Tuesday, June 23, 2015

­വെള്ളിപ്പാത്രങ്ങള്‍

എന്റെ ഭര്‍ത്താവ് ഒരു വലിയ ഓഫീസറാണ്.  ഞാന്‍, പിന്നെ പറയേല്ലോ, അദ്ദേഹത്തിന്റെ ഭാര്യയും.  ഇതു പറയുന്നതിന് പ്രത്യേക കാരണമുണ്ട്.  എന്റെ ചുമതലകള്‍ നിരവധിയായിരുന്നു.  ഒരു വലിയ വീടും അതിലെ വേലക്കാരെയും ഭരിക്കുന്നതിനു പുറമേ, വൈകുന്നേരങ്ങളില്‍ ഞങ്ങളുടെ വീട്ടിലെത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കുകയും വേലക്കാരി കൂട്ടി ട്രേയിലാക്കിത്തരുന്ന ചായ പലതവണ വിളമ്പുകയും അപ്പോഴൊക്കെ ചിരിക്കുകയും എനിക്ക് ചെയ്യണം. പിന്നെ, ഭര്‍ത്താവിന്റെ ബോസ്മാര്‍ക്കും അവരുടെ ഭാര്യമാര്‍ക്കും കൊടുക്കുവാന്‍ നിരവധി സമ്മാനങ്ങള്‍ വാങ്ങണം. രാത്രിയുടെ അവസാനത്തിലേക്ക് നീളുന്ന പാര്‍ട്ടികളും കളികളും അതിനു പുറമെയാണ.് മിനിഞ്ഞാന്ന് എന്റെ ഭര്‍ത്താവിന്റെ ഏറ്റവും വലിയ ബോസ് പങ്കെടുത്ത വിരുന്നില്‍, മേശപ്പുറത്ത് വയ്ക്കാനുള്ള പൂക്കള്‍ തിരഞ്ഞെടുക്കാന്‍ തന്നെ എനിക്ക് മൂന്നു മണിക്കൂറിലധികം വേണ്ടിവന്നു.  തുടച്ചു മിനുക്കിയ വെള്ളിപ്പാത്രങ്ങള്‍ തൊട്ടും തലോടിയും ചീത്തയാക്കാന്‍ എന്റെ മകന് അധിക നേരമൊന്നും വേണ്ട.  അവന്റെ ആയ എവിടെയെങ്കിലും കിടന്നുറങ്ങുകയാകും. എയര്‍കണ്ടീഷന്‍ ചെയ്ത റൂമിലിരുന്ന് ഞങ്ങള്‍ പലപ്പോഴും രാത്രി വളരെ വൈകുന്നതുവരെ സംസാരിച്ചിരിക്കുക വേലക്കാരെക്കുറിച്ചായിരുന്നു. സത്യത്തില്‍, വിശ്വസ്തരായ വേലക്കാര്‍ ഞങ്ങള്‍ക്കൊക്കെ ഒരു പ്രശ്‌നമായിരുന്നു. മിസ്സിസ് പാട്ടീല്‍, തന്റെ വേലക്കാരിയെ സ്വന്തം ഭര്‍ത്താവിന്റെ കിടക്കയില്‍ നിന്ന് പിടിച്ചുവലിച്ചാണ് പുറത്താക്കിയത്. ശമ്പളം കൂട്ടികൊടുക്കാമെന്നു പറഞ്ഞപ്പോഴാണത്രെ അവള്‍ പുറത്തുപോകാന്‍ സമ്മതിച്ചത്.
“ഇവറ്റയെ നോക്കാനാണ് അധികം സമയം,” മിസ്സിസ് ബാനര്‍ജി പറയുകയായിരുന്നു. “ഞാന്‍ രാത്രി പന്ത്രണ്ടുമണിക്ക് ക്ഷീണിച്ചു കേറി വരുമ്പോള്‍ സന്ധ്യ ഞങ്ങളുടെ കുശിനിക്കാരന്റെ കൂടെ ചെസ്സ് കളിക്കുകയായിരുന്നു. അപ്പോള്‍തന്നെ ഞാനവനെ ആട്ടിപ്പുറത്താക്കി. പോളിയോ വന്ന് സ്വാധീനമില്ലാതായ സ്വന്തം കാലുകളില്‍ അമര്‍ത്തിത്തല്ലി സന്ധ്യ പൊട്ടിക്കരഞ്ഞത്രേ.  പക്ഷേ, മിസ്സിസ് ബാനര്‍ജി ചോദിക്കുന്നതുപോലെ എന്നും സന്ധ്യയ്ക്ക് കൂട്ടിരിക്കാന്‍ അവര്‍ക്കാവുമോ?  “നമ്മള്‍ക്കൊക്കെ ഒരോരോ ജീവിതമേയുള്ളൂ.” അവര്‍ പറയ്യും:  “സന്ധ്യയുടെ ജീവിതം സന്ധ്യ ജീവിക്കാതെ വയ്യ.”
അവര്‍ പറയുന്നത് വളരെയേറെ ശരിയാണെന്ന് എനിക്ക് തോന്നാറുണ്ട്. പാര്‍ട്ടിയില്‍ നിന്നോ ക്ലബ്ബില്‍ നിന്നോ രാത്രി വളരെയേറെ വൈകി ഞാന്‍ എത്തുമ്പോള്‍ എന്റെ പന്ത്രണ്ടു വയസ്സുള്ള മകന്‍ ഉണര്‍ന്നിരിക്കുന്നതു കാല്‍ എനിക്ക് വളരെ ശുണ്ഠി വരും. വേലക്കാര്‍ മുഴുവന്‍ ഉറക്കമായിരിക്കും. ഈ പാതിരാത്രിക്ക് കണ്ണും തുറിച്ച് ഉണര്‍ന്നിരിക്കാന്‍ അപ്പുവിനു മാത്രം എന്തുണ്ടായി? കുട്ടികള്‍ ധാരാളം ഉറങ്ങേണ്ടതാണെന്ന് ഞാനവന് പല തവണ പറഞ്ഞുകൊടുത്തിട്ടുണ്ട്.  പഠിപ്പു കഴിഞ്ഞാല്‍ നേരത്തെ ഭക്ഷണം കഴിച്ച് കിടന്നുറങ്ങണമെന്നും. കുട്ടികളുടെ അച്ചടക്കം എനിക്ക് വളരെ നിര്‍ബന്ധമുള്ള ഒന്നാണ്. കുട്ടികള്‍ ചീത്തയാവാന്‍ ഒരു നിമിഷം മതി. വൃത്തികെട്ട ഈ വേലക്കാര്‍ തന്നെയാവണം അതിനു കാരണം. അവരുടെ കൂടെ കളിക്കരുതെന്നും ആവശ്യത്തിനു മാത്രമേ അവരോട് സംസാരിക്കാവൂ എന്നും ഞാനെത്രതവണയാണ് അപ്പുവിനോട് പറയാറ്! അപ്പു, സത്യത്തില്‍, ശാന്തനായ ഒരു കുട്ടിയായിരുന്നു. ഞങ്ങളുടെ സുഹൃത്തുക്കളുടെ ഇടയില്‍ അവന്റെ മാനേഴ്‌സ് എന്നും പ്രശംസിക്കപ്പെട്ടിട്ടേയുള്ളൂ.  പക്ഷേ, ഇന്ന് അവന്റെ ആയയ്ക്കുപോലും അവനെക്കുറിച്ച് പരാതികളാണ്.  അതാണ് ഈയിടെ ഞങ്ങള്‍ അപ്പുവിന് ഒരു ആംഗ്ലോ ഇന്ത്യന്‍ ഗവര്‍ണസ്സിനെ വയ്ക്കാന്‍ കാരണം.  മിസ് ഫെര്‍ണാസ് നന്നായി ഇംഗ്ലീഷ് സംസാരിക്കും. അവരുടെ അച്ചടക്കബോധത്തെക്കുറിച്ച് മിസ്സിസ്സ് ബാനര്‍ജിക്കും റീത്താതോമസിനുമൊക്കെ വളരെ നല്ല അഭിപ്രായമാണുതാനും. ആയ വന്നതിനുശേഷം അപ്പു വേലക്കാരുടെ കൂടെ കളിക്കാതായി, രാത്രി പാതിരവരെ അവന്‍ ഉണര്‍ന്നിരിക്കാറുമില്ല.  പക്ഷേ, അപ്പു വല്ലാത്ത വാശിക്കാരനാകുന്നുണ്ട് ഈയിടെ. കുളിച്ച് വൃത്തിയായി, രാവിലെ ഞങ്ങളുടെ കൂടെ ഭക്ഷണത്തിനിരിക്കുമ്പോള്‍ ആവുന്നതും അവന്‍ ആരുടെ മുഖത്തുംനോക്കാറില്ല.  മിസ് ഫെര്‍ണാണ്ടസ്സിന്റെ തലയിണയില്‍ മൊട്ടുസൂചികള്‍ തറച്ചുവെച്ചതിന് അരദിവസത്തെ പട്ടിണി ശിക്ഷ അവന് അവര്‍ വിധിച്ചത് ഈയിടെയാണ്.
നമ്മുടെ കണ്‍മുന്നിലിരിക്കെത്തന്നെ എത്ര പെട്ടെന്നാണ് കുട്ടികള്‍ മാറുന്നത്,  കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണെങ്കില്‍, അപ്പുവിനെക്കുറിച്ചുള്ള ഇത്തരം പരാതികള്‍ ഞാന്‍ വിശ്വസിക്കുകപോലും ചെയ്യില്ല.  വിരുന്നുകാരും മറ്റു തിരക്കുകളും ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ ഞാനെന്റെ അപ്പുവിനെ അടുത്ത് വിളിച്ചിരുത്തി ഉപദേശിക്കാറുണ്ട്.  എല്ലാം നിശ്ശബ്ദം കേട്ട് അവന്‍ അവസാനം പറയുക കളിക്കാന്‍ നേരമായി അമ്മേ! സമയം തെറ്റിക്കുന്നത് മിസ് ഫെര്‍ണാണ്ടസ്സിനിഷ്ടമല്ല എന്നാണ്. അവന്‍ പോയിക്കഴിഞ്ഞാല്‍ എന്റെ ചുറ്റും ചിതറിക്കിടക്കുക കുറെ കടലാസ് കഷണങ്ങളായിരിക്കും. ഈയിടെ കിട്ടിയതാണ് അപ്പുവിന് മിണ്ടാതിരിക്കുമ്പോഴെല്ലാം കടലാസ് കീറിക്കൊണ്ടിരിക്കുന്ന സ്വഭാവം.  ചീത്ത സ്വഭാവമാണെതെന്ന് ഞാനെത്ര തവണ പറഞ്ഞുകഴിഞ്ഞിട്ടും അപ്പു കൂട്ടാക്കാത്തത് എനിക്കദ്ഭുതമായിരിക്കുന്നു. എന്താണീ കുട്ടികള്‍ ഇങ്ങനെ?
ഒരു രാത്രിയില്‍ ഞങ്ങള്‍ കാറിറങ്ങിവരുമ്പോള്‍ അപ്പുവിന്റെ മുറിയില്‍ ആകെ ബഹളമായിരുന്നു.  അപ്പുവിനോട്, അത്ര വൈകി ഉണര്‍ന്നിരിക്കരുതെന്നും ലൈറ്റ് കെടുത്തണമെന്നും പറയുകയായിരുന്നു മിസ് ഫെര്‍ണാണ്ടസ്.  അപ്പു അനുസരിച്ചില്ല. പേടിതോന്നുന്നു എന്നും വിളക്ക് കെടുത്തരുതെന്നും അപ്പു വാശി പിടിച്ചു.  ഞങ്ങളെക്കണ്ടതും അവന്‍ പെട്ടെന്ന് നിശ്ശബ്ദനായി.  ഫെര്‍ണാണ്ടസ് ലൈറ്റ് കെടുത്തി.  സാരി മാറിയിട്ട് ഞാന്‍ അപ്പുവിന്റെ മുറിയില്‍ ചെന്നപ്പോള്‍  അപ്പു ഒരു ചെറിയ മെഴുകുതിരിക്കഷണം കട്ടിലിനടിയില്‍ കത്തിച്ചുവെച്ച് അതിനടുത്ത് നിലത്ത് ചാരിയിരിക്കുന്നു.  തൊലിയുരിച്ച ഒരു മുറിപ്പാടുപോലെ കിടന്ന ആ വെളിച്ചത്തിന്റെ ചെറിയ വട്ടത്തില്‍ അപ്പുവിന്റെ മുഖം ഒരു തിളങ്ങുന്ന കല്ലുപോലെ തോന്നി എനിക്ക്. അപ്പുവിന്റെ അനുസരണക്കേട് എനിക്ക് വല്ലാതെ മനസ്സില്‍ത്തട്ടി. എന്തിനാണിക്കുട്ടി എല്ലാവരേയും ഇങ്ങനെ ഒരുപോലെ ധിക്കരിക്കുന്നതെന്ന് എനിക്കറിഞ്ഞുകൂടാ. അപ്പോള്‍ത്തന്നെ ഞാനാ മെഴുകുതിരി ഊതിക്കെടുത്തിയാല്‍, ഒന്നും മിണ്ടാതെ കട്ടിലില്‍ കേറിക്കിടന്ന് “ഗുഡ് നൈറ്റ് മമ്മി!” എന്നു പറയും. ഒരു പക്ഷേ, അല്ല, തീര്‍ച്ചയായും, അവന്‍ വീണ്ടും മെഴുകുതിരി കൊളുത്തുമായിരിക്കണം.
ഏതായാലും ഞങ്ങള്‍ അവനെ ഒരു സുഖവാസസ്ഥലത്തെ ബോര്‍ഡിങ്ങില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചത് ഇതുകൊണ്ടൊക്കെയായിരുന്നു.  സിറ്റിയിലെ വൃത്തികെട്ട കാലാവസ്ഥയും അന്തരീക്ഷമാലിന്യവും കഴിയുന്നതും ഒഴിവാക്കാം.  ആരോഗ്യം വളരെ പ്രധാനമാണെന്ന് ഞാനെന്നും ശഠിക്കാറുള്ളതാണ്. കൂടാതെ ബാനര്‍ജിയുടെ തെമ്മാടിയായിരുന്ന മകന്‍ ബോര്‍ഡിങ്ങില്‍ച്ചെന്നതു മുതല്‍ എത്ര ശാന്തനും മിടുക്കനുമായിരിക്കുന്നു എന്ന് ഞാന്‍ നേരില്‍ കണ്ടതുമാണ്. മേശപ്പുറം മുഴുവന്‍ ഭക്ഷണസാധനങ്ങള്‍ ചിതറിയിടുകയും പത്തു വയസ്സായിട്ടുപോലും വിരല് കുടിക്കുകയും ആനന്ദ് പതിവായിരുന്നു.  ഇപ്പോള്‍, പക്ഷേ, ആനന്ദിന്റെ ടേബിള്‍ മാനേഴ്‌സ് ആരേയും കൊതിപ്പിക്കും.  ബോര്‍ഡിങ്ങിലേക്കയയ്ക്കുന്നത് അപ്പുവിന്, പക്ഷേ, ഒട്ടും പിടിച്ചില്ല.  ഒരു ദിവസം പൊടുന്നനെ, ഉച്ചയ്ക്ക് ഒന്നു മയങ്ങുകയായിരുന്ന എന്നെ കെട്ടിപ്പിടിച്ച് അവന്‍ കരയാന്‍ തുടങ്ങി.  ഒടുവില്‍, അവന്റെ അച്ഛനില്‍ നിന്ന് തല്ലു കിട്ടുമെന്നു വന്നപ്പോളാണ് അവന്‍ ശാന്തനായത്.
അപ്പു അവന്റെ അച്ഛനോടൊപ്പം യാത്രയായിട്ട് ഇതാ നിമിഷങ്ങള്‍ കഴിഞ്ഞതേയുള്ളു.  അവന്‍ എന്റെ കവിളത്ത് ഉമ്മവെച്ച് യാത്ര പറഞ്ഞു എന്നത് ശരിതന്നെ.  പക്ഷേ, അവന്റെ കണ്ണുകളിലെ ഭാവം എന്നെ കോപാകുലയാക്കുംവിധം അസ്വാസ്ഥ്യപ്പെടുത്തി എന്ന് പറയാതെ വയ്യ. യാത്ര പറയുമ്പോള്‍ ചിരിക്കണമെന്ന്, മുഖം കല്ലുപോലെ കടുപ്പിക്കരുതെന്ന്, ഇനിയും അപ്പുവിന് ഒരാള്‍ പറഞ്ഞു കൊടുക്കണോ? ഒരുപക്ഷേ, ആനന്ദിനെപ്പോലെ, അപ്പുവും ക്രമേണ മിടുക്കനായേക്കും.
അപ്പു വളരെ കുട്ടിയായിരുന്നപ്പോള്‍ അവന്റെ ആയ അവനെ കുളിപ്പിച്ച് പൗഡറിട്ട് എന്റെ മടിയില്‍ അവനെ വെച്ചുതരുമ്പോള്‍ അവന്റെ ചെവിയില്‍ ഞാന്‍ പറയാറുണ്ട്: “അപ്പൂ, നീയൊരുവലിയ ആളാവണം.”  എനിക്കൊരുപാട് പ്രതീക്ഷകളുണ്ട് അപ്പുവിനെക്കുറിച്ച്.  എന്റെ സുഹൃത്ത് ദേശ്മുഖിനെപ്പോലെ ഒരു പ്രതാപവാനായ ഡോക്ടറാക്കണം അവനെ എന്നാണ് എന്റെ മോഹം.  പക്ഷേ, അപ്പുവിന് ഒന്നിലും തീരെ കമ്പമില്ല.  ഭംഗിയാര്‍ന്ന വൈകുന്നേരങ്ങളില്‍ ഒറ്റയ്ക്ക് മുറിയിലടച്ചിരുന്ന് ഗോട്ടികളിക്കാറുള്ള അപ്പുവിനെക്കുറിച്ച് ഞാന്‍ എന്ത് പ്രതീക്ഷിക്കാനാണ്? ഒരുപക്ഷേ, ബോര്‍ഡിങ്ങിലെ അച്ചടക്കത്തിന്‍കീഴില്‍ അവന്‍ ഭേദപ്പെട്ടു എന്നുവരാം. ചെറുപ്പത്തിന്റെ വികൃതിയാവാം, കുട്ടികള്‍ക്കൊരിക്കലും അവരുടെ അമ്മമാരുടെ സ്‌നേഹത്തെക്കുറിച്ചൊന്നുമറിയില്ല.  സന്ധ്യമാരും അപ്പുമാരും അതിന്റെ ഉദാഹരണങ്ങളാണ്. അല്ലെങ്കില്‍ അവന്റെ മേശപ്പുറത്ത് വെക്കാനായി ഞാന്‍ കൊടുത്ത എന്റെ ഫോട്ടോ, കൂടെ കൊണ്ടുപോകാതെ അവന്‍ മറന്ന് വയ്ക്കുമായിരുന്നില്ല.

ഉത്താരാര്‍ധം

പുലര്‍ച്ചയുടെ നനവ് പുല്‍ത്തകിടിയില്‍ ബാക്കി നിന്നിരുന്നു. പാര്‍ക്കിന്റെ അകത്ത് വൃദ്ധന്മാര്‍ കൂട്ടമായി ഇരുന്നു. വെളളവസ്ത്രങ്ങള്‍ ധരിച്ച അവരുടെ വൃത്തം ആ പച്ചപ്പിനുമുകളില്‍ വടുക്കെട്ടുപോലെ      വെളുപ്പാര്‍ന്ന ഒരു പാടുണ്ടാക്കി.
  അകലെ നിവര്‍ത്തിയ ഒരു പുസ്തകവുമായി തണുപ്പുളള ഒരു ബഞ്ചില്‍ ഒറ്റയ്ക്കിരിക്കുകയായിരുന്നു ഞാന്‍. പുറത്ത് ലോകം തിരക്കാര്‍ന്നുകഴിഞ്ഞു. അതിനു നടുവിലെ ആ ഇത്തിരി വിജനതയ്ക്കുള്ളില്‍ ഇരുന്ന് വൃദ്ധന്മാര്‍ കൂട്ടമായി പാടി. സുന്ദരമായ ഈ ലോകം തങ്ങള്‍ക്ക് സമ്മാനിച്ച ദൈവത്തെ സ്തുതിക്കുകയായിരുന്നു അവര്‍. വിറച്ചും മങ്ങിയും മുറിഞ്ഞും വീഴുന്ന ആ ശബ്ദം വൃത്തികേടുകളില്‍ തട്ടി വേച്ചു വേച്ചൊഴുകുന്ന അഴുക്കുചാലിലെ വെള്ളംപോലെ, അലോസരപ്പെടുത്തുന്ന ഒരനൗചിത്യംപോലെ, അവിടെ തളംകെട്ടി.
    വെയില്‍ മൂക്കാന്‍ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. ഭജന കഴിഞ്ഞ് വൃദ്ധന്മാര്‍ തണലുകളിലേക്ക് മാറിയിരുന്നു. കാല്‍ക്കീഴിലെ പുല്ലില്‍ ബാക്കിനിന്ന നനവില്‍ കാല്‍ അമര്‍ത്തിവെച്ച് ഞാന്‍ വീണ്ടും പുസ്തകം മറിച്ചു.
  “ഞാനിവിടെ ഇരിക്കാം.” ബഞ്ചിലെ ഒഴിഞ്ഞ സ്ഥലം ചൂണ്ടിയാണ് വൃദ്ധന്‍ പറഞ്ഞത്. “വിരോധമില്ലല്ലോ. ”
  വൃദ്ധന്‍ വരുന്നത് ഞാന്‍ കണ്ടിരുന്നു. പാര്‍ക്കില്‍ പലയിടത്തും സ്ഥലം ഒഴിഞ്ഞുകിടന്നിട്ടും എന്റെ അരികിലേക്കയാള്‍ വന്നത് എനിക്കൊട്ടും ഇഷ്ടമായില്ല. ഇരിക്കരുതെന്ന് പറയുന്നത് പക്ഷേ, മര്യാദകേടാകുമെന്നതിനാല്‍ അയാളെ അപ്പോള്‍ കണ്ടതു പോലെ താന്‍ ചിരിച്ചു.
“തീര്‍ച്ചയായും, ” ഞാന്‍ പറഞ്ഞു: “ഇരിക്കൂ. ”
സീറ്റില്‍ തൊട്ടടുത്തിരുന്ന് വൃദ്ധന്‍ ചിരിച്ചു.
“ആരൊക്കെയുണ്ട് വീട്ടില്‍? ”
നഗരത്തില്‍ തീരെ അപരിചിതനായ ഒരാളില്‍നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ആ ചോദ്യം എന്നെ തെല്ലൊന്നമ്പരപ്പിച്ചു.
“എല്ലാവരും”
“എനിക്കുമതെ, കുട്ടികള്‍?”
“കുട്ടികളില്ല.” പുസ്തകത്തില്‍നിന്നും കണ്ണെടുക്കാതെയാണ് ഞാന്‍ പറഞ്ഞത്.
“ഓ....ഭര്‍ത്താവ്? ”
കണ്ണുയര്‍ത്തി ഞാനയാളെ ഒന്നൂന്നിനോക്കി. സംസാരിക്കാനുള്ള എന്റെ താല്പര്യമില്ലായ്മ അയാളെ നിരുത്സാഹപ്പെടുത്തിയിരിക്കണം. മെലിഞ്ഞുചുങ്ങിയ കൈപ്പടങ്ങള്‍ കണ്ണിനുമീതെ ഉയര്‍ത്തി,ആകെ മൂടിയ വെള്ളത്തുണിപോലെ, തലയ്ക്കുമീതെ നിന്ന ആകാശത്തിലേക്ക് അയാള്‍ കണ്ണുനട്ടു. വെയില്‍, ബെഞ്ചിന്റെ തുമ്പില്‍, വൃദ്ധന്റെ തുടയ്ക്കടുത്ത് വീണുകിടന്നു.
വൃദ്ധന്റെ ചൂളിക്കൂടിയുള്ള ആ ഇരിപ്പും മുഖം നിറയെ ഉളള ചുളിവുകളും കാലിലെ ഞരമ്പും വെയിലിന്റെ ആ കഷണവും ഒക്കെ എന്നെ അലോസരപ്പെടുത്തിയിരിക്കണം. അയാളുടെ മുഖത്തെ ഭാവം ഇഴ പിരിക്കാനാവാത്ത ഒരു അസ്വാസ്ഥ്യമാണ് എന്നിലുളവാക്കിയത്. ഞാനാണെങ്കില്‍ അയാളെ വേദിപ്പിക്കാന്‍ ഒട്ടും ഉദ്ദേശിച്ചിരുന്നില്ലതാനും.
“ഇങ്ങോട്ട് നീങ്ങിയിരുന്നോളൂ.” എന്റെ അടുത്തുളള തണലിലേക്ക് ചൂണ്ടി ഒരു പ്രായശ്ചിത്തം പോലെ ഞാന്‍ പറഞ്ഞു. “വെയിലിന്  ചൂടേറുന്നു. ”
“നന്ദി.” മുഖം നിറയെ ചിരിച്ച് വൃദ്ധന്‍ എന്റെ അരികിലേക്ക് നീങ്ങി. അയാളുടെ കണ്ണുകളുടെ കടയ്ക്കല്‍ പീള പാടകെട്ടിയിരുന്നു. ചിരിക്കുമ്പോള്‍ കോറയ്ക്കലെ ചുളിവുകളിലൂടെ തുപ്പലിന്റെ നനവ് പുറത്തേക്ക് പരന്നത് തുടയ്ക്കാന്‍ ശ്രമിച്ച് അയാള്‍ വീണ്ടും ചിരിച്ചു.
“ഭര്‍ത്താവ് പുറത്ത് പോയിരിക്കുകയാണ്. ”
ആ ചോദ്യത്തിന്റെ ആവര്‍ത്തനം ഒഴിവാക്കാനായി തിടുക്കത്തില്‍ ഞാന്‍ പറഞ്ഞു: സത്യത്തില്‍ ഞാനും നിസ്സഹായയായിരുന്നു. ഇന്ന് രാവിലെ ഒരു ക്ഷമാപണത്തോടെ ഭര്‍ത്താവ് പുറത്തേക്കിറങ്ങിയപ്പോള്‍ അയാളെ പോകാനനുവദിക്കുകയാണോ, അതോ തടയുകയാണോ, എങ്കില്‍ എങ്ങനെ എന്നൊന്നും എനിക്ക് തീര്‍ച്ചയുണ്ടായിരുന്നില്ല. തലേന്ന് രാത്രി അന്യസ്ത്രീയുമായുളള തന്റെ സ്‌നേഹബന്ധത്തെപ്പറ്റി ഭര്‍ത്താവ് എന്നോട് പറഞ്ഞിരുന്നതാണ്. പക്ഷേ, അപ്പോഴോന്നും അതുവരെയുളള പന്ത്രണ്ടു കൊല്ലങ്ങളുടെ ആകെത്തുകപോലെ ഒന്നു പതുക്കെ തലയാട്ടി, വാതില്‍ പകുതി തുറന്ന് “ഞാന്‍ പോകട്ടെ” എന്നു പറയുന്ന ഒരു ഭര്‍ത്താവിനെ ഞാന്‍ സങ്കല്പിച്ചിരുന്നതേയില്ല. അദ്ദേഹം അതീവ ശാന്തനായിരുന്നു. അതിനാല്‍ വിദ്യാസമ്പന്നയും ഒരുവിധംപ്രായവുമുളള ഏതൊരു സ്ത്രീയും ചെയ്യേണ്ടതുപോലെ ഏറെ ശാന്തയായിത്തന്നെ ആ വാര്‍ത്ത സ്വീകരിക്കേണ്ടത് എന്റെ കടമയായി. ഇത്തരമൊരു സന്ദര്‍ഭത്തില്‍ തന്റെ ഭര്‍ത്താവ് തന്നോട് തട്ടിക്കയറിയിരുന്നെങ്കില്‍ ഒരു പക്ഷേ, തനിക്കദ്ദേഹത്തോട് തോന്നുക പുച്ഛമാവും. കടുത്ത അവജ്ഞയും. “എനിക്ക് മനസ്സിലാവുന്നു”. അതിനാല്‍ ഞാന്‍ പറഞ്ഞു.
എന്നിട്ട് പതിവുപോലെ ഭര്‍ത്താവിനുളള കാപ്പിയും ചൂടുവെളളവും ഉണ്ടാക്കി. മുന്‍പൊരു ദിവസം അദ്ദേഹത്തിനു വേണ്ടി വാങ്ങിയ ഷര്‍ട്ട് അന്നുതന്നെ അദ്ദേഹത്തിന് കൊടുക്കാന്‍ തീരുമാനിച്ചത് അപ്പോഴെപ്പോഴോ ആയിരിക്കണം. വളരെ നല്ലതാണെന്ന അഭിപ്രായത്തോടെ, നന്ദി പറഞ്ഞ് എനിക്കതദ്ദേഹം   മടക്കിതന്നു. അത് കൈയ്യില്‍ മേടിച്ച് എന്തു ചെയ്യണമെന്നറിയാതെ, കുറച്ചു നേരത്തിനു ശേഷം താനത് അടുത്തുളള മേശപ്പുറത്തേക്കിട്ടു. അതോടെ ഒരു നൂറായിരം ചോദ്യങ്ങള്‍, സംശയങ്ങള്‍ എല്ലാം, അടിക്കല്ലിളകിയ ഒരു കൂമ്പാരം പോലെ എന്റെ മനസ്സിലേക്കിടിഞ്ഞു ചിതറി. എന്റെ ഭര്‍ത്താവിന്റെ സ്‌നേഹിത സുന്ദരിയോ? കട്ടിലില്‍ ഇരുന്നോ, ചാഞ്ഞുകിടന്നോ അദ്ദേഹം എന്നെപ്പറ്റി അവരോട് സംസാരിച്ചിരിക്കുക? കാമുകന്റെ ലാളനകള്‍ക്കു കീഴെ കണ്ണടച്ചു മയങ്ങുമ്പോള്‍ അവര്‍ എന്തായിരിക്കും ഓര്‍ത്തിരിക്കുക... വാതില്‍ പകുതി തുറന്ന് എന്നോട് യാത്രചോദിക്കുന്ന ഭര്‍ത്താവിന്റെ മുഖത്തു തന്നെ നോക്കിനിന്നാണ് ഞാനിത്രയും ആലോചിച്ചത്. ഞാനെന്തെങ്കിലും പറയുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരിക്കണം. അല്പ നേരത്തെ കാത്തിരിപ്പിനു ശേഷം അദ്ദേഹം വാതില്‍ പതുക്കെ ചാരി. വാതില്‍ സാക്ഷപോലെ മേശപ്പുറത്തു കിടന്ന ആ ഷര്‍ട്ടിനും ചാരിവെച്ച ആ വാതിലിനും പിന്നില്‍നിന്ന് ഞാന്‍ പുറത്ത്കടന്നത് പിന്നേയും ഏറെ കഴിഞ്ഞാണ്.
“എല്ലാം തെറ്റിച്ചു”. വൃദ്ധന്‍ അരിശത്തോടെ വാക്കിങ്സ്റ്റിക്കിന്റെ അറ്റം മണ്ണില്‍ അര്‍ത്തിക്കുത്തി. “നിങ്ങളുടെ സംശയങ്ങള്‍. നമുക്ക് ജീവിക്കണ്ടേ? നിങ്ങള്‍ ആകെ തെറ്റിക്കളിച്ചു.” സൂചിയുടെ പഴുതിലൂടെ പുറത്തേക്കു ചാടുന്ന ചലംപോലെ എന്റെ വാക്കുകള്‍ ഒഴുകിയതും പരന്നതും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. വൃദ്ധന്‍ അപരിചിതനാണ് എന്നതുകൊണ്ടാവണം ഞാന്‍ പറയാന്‍ തുടങ്ങിയത് ജാള്യത്തോടെ ഞാന്‍ പെട്ടെന്നു നിറുത്തി.
“താങ്കളാണെങ്കിലോ? എന്തു ചെയ്യുമായിരുന്നു? ”
“മറ്റവളെ നാലു ചാര്‍ത്തുക; മോശം എന്നല്ലേ? അത് നിങ്ങളുടെ ചെറുപ്പം കൊണ്ടാണ്. മനസ്സിലാകുന്നുവത്രെ! ആര്‍ക്കാണ് മനസ്സിലാകായ്ക? ”വടിയുടെ അറ്റം അമര്‍ത്തിപ്പിടിച്ച് അയാള്‍ ഒന്നുകൂടി എന്റെ അരികിലേക്ക് ചാഞ്ഞു. “ഞാന്‍ ജോലിയില്‍ നിന്ന് പിരിഞ്ഞ് വീട്ടിലിരുന്നപ്പോള്‍ മകന്‍ അവന്റെ മകനെ നോക്കാനാണ് എന്നോട് പറഞ്ഞത്. അപ്പോള്‍ എനിക്ക് തോന്നിയതും മനസ്സിലാകുന്നു എന്നാണ്.”
“പണമല്ലച്ഛാ പ്രധാനം. കുട്ടി അച്ഛന്റെ അടുത്താവുമ്പോള്‍ ഞങ്ങള്‍ക്കെത്ര സമാധാനമാണ്.”   എനിക്കുളള ഭക്ഷണം മേശപ്പുറത്തടച്ചുവെച്ച് കട്ടില്‍ത്തലയ്ക്കല്‍ ചുക്കുവെളളം വച്ച് കര്‍ട്ടന്‍സ് നേരെ വലിച്ചിട്ട് ജോലിക്ക് പോകുമ്പോള്‍ എന്റെ മരുമകള്‍ പറയും“ അച്ഛന്റെ പേരക്കുട്ടി മഹാവികൃതിയാണ്.”
“ഇവന്റെ അച്ഛനെ മേച്ചവനാണ് സുമതി ഞാന്‍”. കുഞ്ഞിമകനെ വാരിയെടുത്ത് ഉമ്മവയ്ക്കുമ്പോള്‍ വൃദ്ധന്‍ പറഞ്ഞത്രെ. “എന്റെ മകന്‍ നിന്റെ മകനേക്കാള്‍ പോക്രിയായിരുന്നു!”
“മരുമകള്‍ കുസൃതിയോടെ അന്നെന്നെ നോക്കി. വൃദ്ധന്‍ തുടര്‍ന്നു. കുറെ പിന്നില്‍ എന്റെ രോമം നിറഞ്ഞ മാറിനു മുകളിലേക്ക് എടുത്തിട്ട ഒരു കുഞ്ഞിക്കൈ തൂവല്‍ പോലെ ഞാന്‍ കു. ആ കൈയില്‍നിന്നും വീണുരുണ്ട ഗോട്ടികളും കുന്നികുരുക്കളും മയില്‍പ്പീലികളും എന്റെ വഴിയില്‍ നിറയെ ചിതറി. ”
“മൂന്നു മണിക്കാണ് ബിസ്‌ക്കറ്റ്. സ്പൂണില്‍ വെളളം കൊടുക്കുമ്പോള്‍ മൂക്കില്‍ കേറാതെ നോക്കണേ അച്ഛാ... അവന്റെ വികൃതിക്കൊരതിരില്ല. ”
“അവള്‍ പറഞ്ഞത് ശരിയായിരുന്നു.” അകലെ, ആ ദിവസങ്ങളിലേക്ക് നോക്കി വൃദ്ധന്‍ പറഞ്ഞു. രാവും പകലുമുളള അവന്റെ കരച്ചിലും ഭക്ഷണത്തിനുളള ശാഠ്യവും എനിക്ക് വല്ലാതെ ബുദ്ധിമുട്ടായി. ഒരു പുസ്തകം വായിക്കാനോ, തീരെ വയ്യ എന്നുതോന്നുമ്പോള്‍ ഒരു ഭാഗത്ത് കിടക്കാനോ എനിക്ക് സാധിച്ചില്ല. മക്കള്‍ ജോലികഴിഞ്ഞ് മടങ്ങി വരുമ്പോഴേക്കും ഇരുട്ടും ഒരു വാശിയോടെ കടന്നുവന്നു. പുറത്തുപോയി സന്തോഷമായി വരുന്നവരോടൊക്കെ എനിക്ക് ശുണ്ണ്ടിതോന്നിതുടങ്ങിയിരുന്നത് അതുകൊണ്ടാവണം. ഞാന്‍ മരുമകളെ ചീത്തപറയാന്‍ തുടങ്ങി. ചെയ്തത് ശരിയാണെന്ന് എനിക്കും അഭിപ്രായമില്ല. പക്ഷേ, ഞാനും തളര്‍ന്നിരുന്നു. കുട്ടിയുടെ നിര്‍ത്താത്ത കരച്ചില്‍ മാറ്റാനേ എനിക്ക് പറ്റിയില്ല. എന്റെ പുറംവേദനയാണെങ്കില്‍ ദിവസംപ്രതി വര്‍ദ്ധിച്ചികൊണ്ടിരുന്നു. സമയാസമയങ്ങളില്‍ പേരമകനെ നിര്‍ബന്ധിച്ച് തീറ്റാനൊന്നും ഞാന്‍ മെനക്കെടാതെയായി. കുട്ടി മെലിയാന്‍ തുടങ്ങി. “നിന്റെ തന്തയ്ക്കും തള്ളയ്ക്കും നിന്നെപറ്റി വല്ല വേവലാതിയുമുണ്ടോ?” ഞാന്‍  കുട്ടിയോടു പറയും. “രാവിലെ മുതല്‍ വൈകുന്നേരം വരെ നിന്നെപ്പോലൊരു പോക്കിരിയെ നോക്കാന്‍ എന്താനക്കുട്ടിയെയാണ് അവര്‍ എനിക്ക് തരുന്നത്. സിഗരറ്റ് ഇന്നലെ കഴിഞ്ഞതാണ്. അങ്ങനെ അങ്ങനെയാണ് തീരെ പൊറുതിമുട്ടുമ്പോള്‍ ഉച്ചയ്ക്ക് തുണികഴുകാനെത്തുന്ന വേലക്കാരിക്കുട്ടിയുടെ കൂടെ ഞാന്‍ കുട്ടിയെ പുറത്തേക്കയയ്ക്കാന്‍ തുടങ്ങിയത്.” വൃദ്ധന്‍ ഒന്നു നിര്‍ത്തി. “കുട്ടിക്കുളള പാലിന്റെയും ബിസ്‌ക്കറ്റിന്റെയും വീതത്തിനു പുറമെ പത്തുറുപ്പിക കാണാതെ കൊടുത്തിട്ടും അവളെന്തേ ഇക്കാര്യം സുമതിയോട് പറയാനാവോ? അന്ന് മക്കള്‍ വരുമ്പോള്‍ കുട്ടി വിശന്നുകരയുകയായിരുന്നു. മകന്‍ എനിക്ക് വേണ്ടി വാങ്ങിക്കൊണ്ടു വരുന്ന സിഗരറ്റ് ഇല്ലാതായത് അന്നുമുതലാണ്. വൃദ്ധന്‍ അവനവനോടെന്നപോലെ പതുക്കെ ചിരിച്ചു. എനിക്കന്ന് വല്ലാതെ ദേഷ്യം വന്നു. കുട്ടിയെ നോക്കാനുളള ശമ്പളമാണോ സിഗരറ്റ് എന്ന് ഒരു വിഡ്ഢി കണക്കെ ഞാനവനോട് ചോദിച്ചതു കൊണ്ടാണ്. മകന്‍ എന്നെ ഒന്നു വല്ലാതെ നോക്കി. ആ നോട്ടം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നത് ശരിതന്നെ. എനിക്ക് ഇരുന്നിടത്ത് ഇരുന്നു ഛര്‍ദ്ദിക്കണമെന്ന് തോന്നി.” വടിയുടെ അറ്റം കൈക്കുള്ളിലിട്ട് വൃദ്ധന്‍ നിര്‍ത്താതെ തിരിച്ചു. “പണ്ടൊരിക്കല്‍ ഒരു കാറ്റാടി വേണമെന്ന് പറഞ്ഞ് അവന്‍ കരഞ്ഞതാണ് എനിക്കൊര്‍മ്മവന്നത്. അന്ന് ആ ചുകന്ന കാറ്റാടിയും പിടിച്ച് ഞങ്ങള്‍ പുഴവക്കത്തുകൂടി ഓടുമ്പോള്‍ അവന്‍ എന്റെ തോളിലിരുന്ന് നിര്‍ത്താതെ ചിരിച്ചു. ഞാന്‍ തിരിച്ചു നടന്നത് അമ്പലത്തിനു പിന്നിലെ തിരക്കുകുറഞ്ഞ വഴിയിലൂടെയാണ്. മകന്‍ ഉറങ്ങിക്കഴിഞ്ഞിരുന്നു. അവന്റെ കുഞ്ഞിക്കാലുകള്‍ മാത്രം എന്റെ നടത്തത്തിനൊപ്പം പതുക്കെ ഇളകി. എന്റെ കവിളത്തെ കുറ്റി രോമം ആ കാലില്‍ ഉരഞ്ഞ് കുട്ടി ഉണരാതിരിക്കാന്‍ ഞാനന്നു മുഖം ശ്രദ്ധയോടെ തിരിച്ചുപിടിച്ചിരുന്നു. ”
“നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ? ”വൃദ്ധന്‍ ചോദിച്ചു.
ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. വൃദ്ധന്റെ കണ്ണുകളില്‍ പീളയടിഞ്ഞത് തുടച്ചുകളയാന്‍ പറയണമെന്ന് എനിക്ക് തോന്നി. ഏറെ നേരം വെയിലത്തേക്ക് നോക്കിയിരുന്നത് കൊാവണം, വൃദ്ധന്റെ കണ്ണുകളില്‍ നനവും വേുവോളം ഉായിരുന്നു. തുടച്ചാല്‍ എളുപ്പം മാഞ്ഞു പോകാത്തതുകൊണ്ടാവണം വൃദ്ധന്‍ അതു  തുടക്കാതിരുന്നതും. കണ്ണുകളില്‍ പാടപോലെ നനവ് അല്ലെങ്കില്‍ ആര്‍ക്കാണ് ഇഷ്ടമുണ്ടാവുക? പുല്‍നാമ്പുകളിലേക്ക് നോക്കി ഏകാഗ്രതയോടെ ഇരിക്കുകയായിരുന്ന വൃദ്ധന്റെ ചുണ്ടിന്റെ കോണില്‍ തൊലിയിലെ ചുളിവുകള്‍ കീഴോട്ട് കോറിനിന്നതിലൂടെ തുപ്പല്‍ നിര്‍ത്താതെ കിനിഞ്ഞു. അതും വൃദ്ധന്‍ തുടയ്ക്കുകയുണ്ടായില്ല.
  “കുഞ്ഞിമകനെ എവിടെയാക്കിയാണ് പോന്നത്. ”
 “അവര്‍, അവനെ ഇപ്പോള്‍ എന്റെ കൈയില്‍ തരാറില്ല. മിസ്സിസ്സ് ഡിസൂസയെ ഏല്പ്പിക്കുകയാണ പതിവ്.” വിറയ്ക്കുന്ന ശബ്ദത്തില്‍ വൃദ്ധന്‍ പറഞ്ഞു: “ഇപ്പോള്‍ അവന് പരിചയക്കേടുണ്ട്. എന്നെക്കണ്ടാല്‍ ഉറക്കെകരയും. ”
കുട്ടിയെ കിടത്തി ഉറക്കി രാമന്‍കുട്ടിയുടെ പിറന്നാള്‍ ദിവസം ഒരുമിച്ചിത്തിരി 'മിനുങ്ങാന്‍' തീര്‍ച്ചയാക്കിയപ്പോള്‍ പക്ഷേ, ഞാനിത്രയൊന്നും ഓര്‍ത്തില്ല. വൃദ്ധന്‍ അവനവനോടെന്നപോലെ പറഞ്ഞു.  കുട്ടിയുടെ ശാഠ്യവും പകല്‍ മുഴുവന്‍ ഒറ്റയ്ക്കിരിക്കുന്നതും കാരണം എനിക്ക് വല്ലാതെ ബോറടിച്ചിരുന്നു. രാമന്‍കുട്ടി എന്റെ പതിനഞ്ചുകൊല്ലത്തെ സ്‌നേഹിതനാണ്. പക്ഷേ അന്നെല്ലാം തെറ്റി, വിറയ്ക്കുന്ന പനിയുമായി മകന്‍ വീട്ടില്‍ വന്നുകയറുമ്പോള്‍ ഞാന്‍ ലഹരിയുടെ ക്ഷീണത്തില്‍ മയക്കമായിരുന്നു. കുട്ടി തൊട്ടിലില്‍നിന്നും താഴെ വീണിരുന്നു. ഞാനവന് പാലുകൊടുത്തിരുന്നില്ലെന്നാണ് സുമതി പറഞ്ഞത്....
      ഞാനൊരു നിമിഷം വൃദ്ധനെ നോക്കി...
    “ഇങ്ങനെ കൂറെനേരം ഇരുന്നാല്‍ എനിക്ക് മുതുക് വല്ലാതെ വേദനിക്കും.” എന്റെ മുഖത്തുനിന്നും കണ്ണെടുത്ത് പൊടുന്നനെ ഒരു ക്ഷമാപണത്തോടെ വൃദ്ധന്‍ പറഞ്ഞു. “അപ്പോള്‍ കിടക്കാന്‍ തോന്നുകയാണ്. വയസ്സാകുമ്പോള്‍ എപ്പോഴും അവനവനും സ്വന്തം മുതുകും കൂടിയാണ് യുദ്ധം. ”
  വെയില്‍ ഇപ്പോള്‍ വൃദ്ധന്റെ തുടയ്ക്കും വയറിനു മേല്‍ വീണു കൊിരുന്നു. അയാള്‍ അതറിയാതെയാണ് ഇരുന്നത്. ആള്‍ക്കാര്‍ ഓരോരുത്തരായി പാര്‍ക്കില്‍നിന്നും പുറത്തുകടന്നു. പുറത്തെ തിരക്ക് ഒരു ലക്ഷ്മണരേഖ പോലെ ഞങ്ങള്‍ക്കു ചുറ്റും നിന്നും. “എഴുന്നേല്‍ക്കു”. വീട്ടിലെത്തേ യാതൊരു ധൃതിയും ഇല്ലാത്തതിനാല്‍ വൃദ്ധന്റെ കൈ പിടിച്ചെഴുന്നേല്പ്പിച്ചു ഞാന്‍ പറഞ്ഞു: “വെയിലിനു നല്ല ചൂടായി നിങ്ങളുടെ കൂടെ ഞാന്‍ വീടുവരെ വരാം. ”
  എന്തോ അബദ്ധം കേട്ടപോലെ വൃദ്ധന്‍ എന്നെ തുറിച്ചു നോക്കി. “അത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടാവും. ”
  എന്റെ രണ്ടു കൈയും കൂട്ടിപ്പിടിച്ച് പിന്നെ അയാള്‍ ധൃതിയില്‍ പറഞ്ഞു. “അതുമല്ല, ഞാന്‍ മറ്റേതെങ്കിലും ഒരു വീട്ടില്‍ പോയിട്ട് ഏറെ നാളുകളായി. ഞാന്‍ വന്നാല്‍ നിങ്ങള്‍ക്കും വീട്ടില്‍ തനിച്ചിരിക്കേണ്ടി വരില്ല. ”
      മുഖത്ത് ഒരടികൊണ്ടപോലെ ഞാന്‍ പകച്ചുപോയി. മേശപ്പുറത്ത് ഭര്‍ത്താവ് തിരിച്ചേല്‍പ്പിച്ച ഷര്‍ട്ട് അതേപോലെ കിടക്കുകയാവും. ഞാനോര്‍ത്തു: കഴിക്കാതെ തുറന്നുവച്ച ഭക്ഷണവും അലങ്കോലമായ മുറിയും ഒക്കെ തന്റെ മനസ്സുപോലെ വൃദ്ധന്‍ കെന്നുവരാം.
  “വേണ്ട”. ഒന്നു ചിരിച്ച് ഞാന്‍ തിടുക്കത്തിന്‍ കൂട്ടിച്ചേര്‍ത്തു: “ഞാനിന്ന് നിങ്ങളുടെ അതിഥിയാണ്. ”
   എന്റെ ശബ്ദത്തിലെ വേഗവും വെമ്പലും ഏറെ പ്രകടമായിരിക്കണം. അടിയേറ്റ പാമ്പിനെപ്പോലെ ഒരു പിടച്ചിലോടെയാണ് വൃദ്ധന്‍ കൈകള്‍ വലിച്ചെടുത്തത്.
    ഞാനത് കണ്ടില്ലെന്നു നടിച്ചു. വൃദ്ധന്റെ വീട്ടിലേക്കുളള വഴിയിലൂടെ നടക്കവെ കാറ്റില്‍ എന്റെ സാരിത്തുമ്പ് വൃദ്ധന്റെ മേലുരസി. പാതയുടെ ഇരുവശത്തും വെട്ടിക്കൂട്ടിയ കരിങ്കല്‍ച്ചീളുകളില്‍                    തട്ടി വൃദ്ധന്റെ വടിത്തലപ്പ് പലവട്ടം തെന്നുന്നത് ഞാന്‍ കണ്ടു. ചെറിയ കല്ലുകള്‍ തട്ടിത്തെറിപ്പിച്ച് ഞാനും ഭര്‍ത്താവും പലവട്ടം ഈ വഴിയിലൂടെ നടന്നിരുന്നു. ഭര്‍ത്താവ് ഒരു പക്ഷേ, ഇന്ന് ഓഫീസില്‍ പോയിരിക്കുകയില്ല.  വൃദ്ധനു പിന്നില്‍ നിശ്ശബ്ദം നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു: തലേ രാത്രിയിലെ വിവരങ്ങള്‍ കിടക്കയില്‍ കിടന്നുകൊണ്ട് സ്‌നേഹിതയോട് വിവരിക്കയാവും അദ്ദേഹം. കൈയില്‍ പുകയുന്ന സിഗരറ്റുമുണ്ടാവും. വിഷമമോ സങ്കടമോ അദ്ദേഹത്തിന്റെ മുഖത്തുണ്ടാവുക? കണ്ണാടിക്കുമുമ്പിലിരുന്ന് തലമുടിയിലൂടെ ബ്രഷ് ചലിപ്പിച്ചുകൊ് അദ്ദേഹത്തിന്റെ സ്‌നേഹിത എല്ലാം കേട്ട് മൂളിയിരിക്കും.... അവര്‍  വിവാഹിതയാണോ എന്ന് താന്‍ സേതുവിനോട് ചോദിക്കുകയുണ്ടായില്ല. ചോദിക്കണമായിരുന്നു. മനസ്സാനിധ്യം പ്രകടിപ്പിക്കാനുളള അവസരം താന്‍ വെറുതെ നഷ്ടപ്പെടുത്തി.
“ഇതുപോലൊരു പൂവാണ് അന്ന് ഞാന്‍ മുമ്പില്‍ നിന്ന ഒരു പെണ്‍കുട്ടിയുടെ തലയില്‍ നിന്ന് വലിച്ചെടുത്തത്.” വഴിവക്കത്തു നിന്ന് ഒരു പൂപറിച്ച് എനിക്ക് നീട്ടിക്കൊ് വൃദ്ധന്‍ പ്രസരിപ്പോടെ പറഞ്ഞു: “എന്നിട്ടാ പൂകൊണ്ട് അവളുടെ കഴുത്തില്‍ ഞാന്‍ അന്ന് പതുക്കെ തടവി.” വൃദ്ധന്‍ ഗ്രാമത്തിലെ കുട്ടിക്കാലത്തേക്കുറിച്ചാണ് സംസാരിച്ചിരുന്നത്. നരച്ച തലമുടിക്കു കീഴെ നിറം മങ്ങിയ കണ്ണുകള്‍ ഒരു കുട്ടിയുടെതുപോലെ പ്രസരിപ്പാണ്. ചുറ്റുവിളക്കിന്റെ തിരക്കില്‍ അറിയാത്ത മട്ടില്‍ നിന്ന പെണ്‍കുട്ടി തിരിഞ്ഞുനോക്കിയപ്പോള്‍ രക്തം ഉറഞ്ഞു പോയത്രേ. കന്നുകച്ചവടക്കാരന്‍ ചാത്തുണ്ണി കല്യാണം കഴിച്ചു കൊു വന്ന പുതുപെണ്ണായിരുന്നു അത്. വൃദ്ധന്‍ ഉറക്കെ ചിരിച്ചു. നടത്തത്തിന്റെ ശ്രമത്തില്‍ അയാള്‍ നല്ല പോലെ വിയര്‍ക്കാന്‍ തുടങ്ങിയിരുന്നു. ഞാന്‍ നടത്തം വീണ്ടും പതുക്കെയാക്കി. കെട്ടിടത്തിന്റെ നടുവില്‍ വൃദ്ധന്‍ ചൂണ്ടിക്കാട്ടിയ വീടിന്റെ ജനാലകളും വാതിലുകളും കൊട്ടിയടച്ചിരുന്നു. ചാരനിറമാര്‍ന്ന മ്ലാനത മാറാലപോലെ അവയ്ക്കു മുകളില്‍ തങ്ങി. “ശ്രദ്ധിച്ചോളൂ.”പഴകിയ കോണിയിലൂടെ മുകളിലേക്ക് കയറുമ്പോള്‍ വൃദ്ധന്‍ പറഞ്ഞു: “അവിടവിടെ ഇളകിയിട്ടുണ്ട്.”
വൃദ്ധന്റെ ശബ്ദം പൊടുന്നനെ, ഒരു കാരണവുമില്ലാതെ ഗൗരവം പൂണ്ടതെന്തിനാണെന്ന് എനിക്കൊട്ടും മനസ്സിലായില്ല. അയാള്‍ സംസാരം ഇടയ്ക്കുവച്ച് നിറുത്തിയിരുന്നതിനാലാവണം, മുഖത്തെ ചിരി നിശ്ശേഷം മാഞ്ഞുകഴിഞ്ഞിരുന്നു. വാതില്‍ തുറക്കാന്‍ വൃദ്ധന്‍ ഏറെനേരമെടുത്തു.
  തുറന്ന വാതിലിലൂടെ കെട്ടില്‍ നിന്ന് വിങ്ങുന്ന വായുവും മങ്ങിയ ഇരുട്ടും ഒപ്പം പുറത്തേക്കേന്തി.
ആവശ്യത്തിലധികം ധൃതിയിലാണ് അയാള്‍ അകത്തു കടന്നതെന്ന് എനിക്ക് തോന്നി. പിന്നെ, ഒരു പിടച്ചിലിന്റെ ചുവയോടെ അയാള്‍ ശബ്ദമില്ലാതെ വാതില്‍ അടച്ചു.
  “ഇരിക്കു”. ജനാലക്കലെ ആണിയില്‍ താക്കോല്‍ തൂക്കിയിട്ട് വൃദ്ധന്‍ പതുക്കെ പറഞ്ഞു: “കുടിക്കാനുളള വെള്ളം ഞാനിപ്പൊ കൊണ്ടു വരാം”.
     അകത്തേക്കു പോകാനൊരുങ്ങിയിടത്തുനിന്നും ധൃതിയില്‍ മടങ്ങി വന്ന് അയാള്‍ പിന്നെ ഫാന്‍ ഓണ്‍ ചെയ്തു.
    “ജനല്‍ തുറക്കണ്ട, തീയ്യുണ്ട പോലുള്ള ചൂടാണ് പുറത്ത്. ”
       വൃദ്ധന്റെ ശബ്ദവും മുഖവും ഒക്കെ തീരെ അപ്രസന്നമായിരുന്നു എന്നു വേണം പറയാന്‍. ചാത്തുണ്ണിയുടെ കഥയോ മറ്റെന്തെങ്കിലുമോ അയാള്‍ തുടരുന്നുണ്ടായിരുന്നില്ല. ഫാനില്‍ നിന്നും വര കാറ്റ് എന്റെ മേലേക്ക് ആഞ്ഞു വീശി. അകത്തേക്കു പോയ വൃദ്ധന്റെ പിന്നില്‍ നിശ്ശബ്ദത വെള്ളത്തില്‍ വീണ ഒരു എണ്ണത്തുള്ളിപോലെ ആകെ പരക്കാന്‍ തുടങ്ങുന്നത് ഞാനറിഞ്ഞു. ഫാനിന്റെ ശബ്ദത്തിനു മുകളിലൂടെ, പുറത്ത് പകയോടെ നിന്ന ഉച്ചയ്ക്കു മുകളിലൂടെ അത് പതുക്കെ ഏന്തി, മങ്ങിയ ഇരുട്ടില്‍ അങ്ങനെ ഒറ്റയ്ക്കിരുന്നപ്പോള്‍ നിശ്ശബ്ദതയ്ക്ക് രണ്ടു കണ്ണുകള്‍ ഉണ്ടെന്നും അവ എന്റെ നേരെ തുറിച്ചുനോക്കുകയാണെന്നും എനിക്ക് തോന്നാന്‍ തുടങ്ങി. ജനല്‍ തുറന്നാലൊ എന്ന് ഞാനൊരു നിമിഷം ആലോചിച്ചു. ഉടനെ തന്നെ വേന്നെും തൊടിയിലൂടെ നടക്കുമ്പോള്‍ കാലില്‍ ഏല്ക്കുന്ന പോറലിന്റെ നീറ്റല്‍ പോലെ ചൂട്, പക്ഷേ, എനിക്കു ചുറ്റും നീറാന്‍ തുടങ്ങിയിരുന്നു.
    “കുറച്ചു വെള്ളം”. ഞാന്‍ അകത്തേക്കു നോക്കി വിളിച്ചു. “എന്തൊരു ചൂട്. ”
  “ചായയുണ്ടാക്കുകയാണ് ഞാന്‍” ശബ്ദം ഉയരാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടാണ് വൃദ്ധന്‍ പറഞ്ഞത്: “ഇതാ വന്നു. ”
  അതുവരെയും, വൃദ്ധന്‍ വസ്ത്രങ്ങള്‍ മാറുകയായിരിക്കുമെന്ന ധാരണയിലായിരുന്നു ഞാന്‍. വിളിക്കാതെ അകത്തേക്ക് ചെല്ലുന്നത് മര്യാദകേടാണെന്നറിയാമായിരുന്നിട്ടും ധൃതിയില്‍ ഞാന്‍ അകത്തേക്കു നടന്നു.
  “ചായ ഞാനുണ്ടാക്കാം.” ഞാന്‍ പറഞ്ഞു: “വിശ്രമിച്ചോളൂ.” അകത്ത്, മേശപ്പുറത്ത് അയാള്‍ക്കായി അടച്ചുവെച്ചിരുന്ന ഭക്ഷണം മുഴുവന്‍ ഒരു വലിയ കടലാസ്സിലേക്ക് കൊട്ടിയിടുകയായിരുന്നു വൃദ്ധന്‍. സ്റ്റൗവില്‍ ചായയുടെ വെള്ളം ഒരു നേര്‍ത്ത ശബ്ദത്തോടെ തിളച്ചു കൊിരുന്നു. വൃദ്ധന്‍ എന്റെ മുഖത്ത് നോക്കിയതേയില്ല.
  ഞാനൊരു നിമിഷം അടുക്കളയുടെ വാതിക്കല്‍തന്നെ നിന്നു. ഭക്ഷണം വൃത്തിയായി പൊതിഞ്ഞു കെട്ടി, വൃദ്ധന്‍ അടുക്കളയുടെ മൂലയ്ക്കുള്ള വേസ്റ്റ് ബക്കറ്റിലിട്ടു. അതിനുമുകളില്‍ കുറെ                   കടലാസ്സിട്ട് അത് മൂടി. എന്നിട്ട് കൈ വീണ്ടും കഴുകി. ചുളിഞ്ഞു കോറിയ മുഖത്ത് എന്തെന്നില്ലാത്ത ക്ഷീണമാണുണ്ടായിരുന്നത്. അയാള്‍ ഒരക്ഷരം മിണ്ടിയില്ല. നിശ്ശബ്ദത ഉരുണ്ടു കൂടി വേഗം വെക്കുന്ന                  ഒരലപോലെ ചുറ്റും മുരണ്ടു. അടുക്കളയുടെ ജനലും അയാള്‍ തുറന്നില്ല.
  കെട്ടിനില്‍ക്കുന്ന ചൂടും കൂന്ന മുതുകിന്റെ ആകൃതിയും അയാളുടെ മൗനവും എല്ലാറ്റിനുമുപരി വെള്ളം തിളയ്ക്കുന്ന തുടര്‍ച്ചയായ ശബ്ദവും എല്ലാം കൂടി ഒരു തരം പേടിയാണ് എന്നിലുളവാക്കിയത്. ഞാന്‍ പെട്ടെന്ന് സ്റ്റൗ കെടുത്തി.
“ഭക്ഷണം കഴിച്ചോളു” എന്തെങ്കിലും ഒരു ശബ്ദമുണ്ടാക്കാനായി ഞാന്‍ പറഞ്ഞു. “ഞാന്‍ കൂട്ടിരിക്കാം. ”
വൃദ്ധന്‍ ഒരക്ഷരം മിാതെ എന്നെ തുറിച്ചു നോക്കി. അയാളുടെ മുഖത്ത് പെട്ടെന്നാളിയ ഭയം എന്തിനാണെന്ന് എനിക്ക് ഒരുപിടിയും കിട്ടിയില്ല. കണ്ണുകള്‍ അനക്കാതെ, വളരെ സാവധാനം ഒരു നാടകത്തിലെന്ന പോലെയാണ് അയാള്‍ പിന്നെ എന്റെ അടുത്തു വന്നു നിന്നത്. വീര്‍ക്കുന്ന ഒരു ബലൂണ്‍ പോലെ ഭയം എന്റെ ഉള്ളില്‍ നിറയാന്‍ തുടങ്ങി. പാര്‍ക്കില്‍ കണ്ട വൃദ്ധനാണ് അയാളെന്നേ എനിക്ക് തോന്നിയില്ല. പതുക്കെ പിന്നോക്കം മാറി ഞാന്‍ ധൃതിയില്‍ മേശപ്പുറത്തുനിന്ന് ഒരു ഗ്ലാസ് വെള്ളമെടുത്തു.
  “നിങ്ങള്‍ എന്റെ മകനെ അറിയുമോ” എന്റെ മുഖത്തില്‍ തൊട്ടു തൊട്ടില്ലെന്ന മട്ടിലാണ് വൃദ്ധന്‍ നിന്നത്. അയാളുടെ നിശ്വാസം എന്റെ തോളില്‍ ഒരു തീ നാളം പോലെ തൊട്ടു.
“ഇല്ല”
“മരുമകളെ? ”
“ഇല്ല. ”
അയാളുടെ നില്‍പ്പിന്റെ നാടകീയതയും പന്തികേടും എന്നെ വല്ലാതെ അമ്പരപ്പിച്ചിരിക്കണം, എനിക്ക് എന്റെ വീടാണ് ഓര്‍മ്മ വന്നത്. അവിടെ തലങ്ങും വിലങ്ങും അലങ്കോലപ്പെട്ടുകിടക്കുന്ന സാധനങ്ങള്‍ ഒറ്റയ്ക്ക് ഇനിയൊന്ന് ഒതുക്കാന്‍ നോക്കുമ്പോള്‍ ഒരു പക്ഷേ, ഇതുപോലെയാവും നിശ്ശബ്ദത തൊട്ടടുത്ത് കാവല്‍ നില്‍ക്കുക. ഒരു കെന്തലോടെ മുഖം വെട്ടിത്തിരിച്ച് ഞാന്‍ കഴുത്തും മുഖവും അമര്‍ത്തിത്തുടച്ചു. കമ്പിയും കോലും ഒക്കെ ഇട്ടുപൂട്ടിയ ഒരു വാതില്‍ ഞാന്‍ ശ്രദ്ധിക്കാനിടയായത് അപ്പോഴാണ്.  വൃദ്ധന്‍ എന്നെത്തന്നെയാണ് നോക്കിയിരുന്നത്. അയാളുടെ മുഖത്തെ ഏകാഗ്രതയ്ക്ക് ഒരു സൂചിമുനയുടെ മൂര്‍ച്ചയുണ്ടായിരുന്നു. മുഖത്തെ ചുളിഞ്ഞ തൊലി വലിഞ്ഞുമുറുകുന്നതും വൃദ്ധന്റെ ചുിന്റെ കോണില്‍ തുപ്പലിന്റെ പൊള്ളങ്ങള്‍ നുരയുന്നതും ഞാന്‍ കണ്ടു. കുടിക്കാനെടുത്ത വെള്ളം ഞാന്‍ മേശപ്പുറത്തുതന്നെ വച്ചു.
“ഇതെന്റെ മുറിയാണ്. ” എന്റെ മുഖത്തുനിന്നും കണ്ണെടുക്കാതെ, കണ്ണെടുത്താന്‍ ഞാന്‍ ഓടിപ്പോയേക്കുമെന്നപോലെ അയാള്‍ പറഞ്ഞു: “വരൂ.” പഴക്കത്തിന്റെ ചൂരില്‍ കുതിര്‍ന്ന ഇരുട്ട്.
പുറത്തുപോകണോ അതോ അകത്തേക്കുകടക്കണോ എന്ന് ഞാന്‍ ആലോചിക്കുന്നതിനുമുമ്പേ അയാള്‍ അകത്തുനിന്നും വാതില്‍ അടച്ചു കുറ്റിയിട്ടു.
കണ്ണുകാണാത്ത ആ ഇരുട്ടില്‍ ഞാന്‍ അമ്പരന്നുപോയി.
“ലൈറ്റ് എവിടെ? ” ഞാന്‍ ഉറക്കെ ചോദിച്ചു.  വൃദ്ധനെയോ മുറിയിലെ മറ്റെന്തെങ്കിലുമോ ആ  ഇരുട്ടില്‍ തീരെ കണ്ടിരുന്നില്ല. എന്റെ ശ്രദ്ധ ആവശ്യത്തിലധികം ഉയര്‍ന്നിരിക്കണം, വൃദ്ധന്‍ എന്തെന്നില്ലാത്ത രീതിയോടെ എന്റെ വായ് പൊത്തി. ഞാന്‍ കുതറിയതറിയാതെയാണ്. “ലൈറ്റിടരുത്.” അയാള്‍ എനിക്കുപോലും കേള്‍ക്കാനാവാത്ത അത്ര പതുക്കെ പറഞ്ഞു. “അപ്പോഴാണ് അവന്‍ അറിയുക:”
അന്തം വിട്ട അയാളെ നോക്കിയിരുന്ന എനിക്കുമുമ്പില്‍, കട്ടിലിന്റെ ചുവട്ടില്‍ നിന്ന ഒരു ചെറിയ ചിമ്മിനി വിളക്കെടുത്ത് വൃദ്ധന്‍ പിന്നെ കൊളുത്തിവെച്ചു.  പതറിയ ബലം കുറഞ്ഞ വെളിച്ചത്തില്‍                    മുറിയിലെ സാധനങ്ങള്‍ വ്യക്തതയാര്‍ന്നു.  ആകെയുണ്ടായിരുന്ന ജനാല വലിച്ചടച്ച് കമ്പിവലയിട്ട് തലങ്ങും വിലങ്ങും കെട്ടിയിരുന്നു. പഴകിപ്പൊളിഞ്ഞ ചെറിയ മേശയ്ക്കുമേല്‍ പാതികഴിച്ച ഭക്ഷണസാധനങ്ങള്‍ ചിതറി കിടന്നു. നിലത്ത്, ബക്കറ്റില്‍ തുറന്നുവെച്ച വെള്ളം.
“അതിലൂടെയാണ് അവന്‍ വരിക.” ജനാലയ്ക്കല്‍നിന്നും കണ്ണെടുക്കാതെയാണ് വൃദ്ധന്‍ പറഞ്ഞത്: “അതിനാല്‍ ഞാന്‍ രാത്രി ഉറങ്ങാറില്ല.  ഒറ്റയ്ക്കാണ് ഞാനെന്ന് അവനറിയാം. അവന് ചെറുപ്പമാണ്. അതാണ് എനിക്കുപേടി. ”
തലയിണയ്ക്കടിയില്‍ നിന്നെടുത്ത പഴയ തുരുമ്പിച്ച കത്തിയില്‍ എന്റെ കണ്ണുകള്‍ ഒരു നിമിഷം ഉടക്കി.
“എന്റെ രക്ഷയ്ക്ക് രാമന്‍കുട്ടി തന്നതാണിത്.” നിവര്‍ത്തിയ കത്തിയില്‍ ജപമാലയില്‍ എന്നപോലെ തലോടി അയാള്‍ മന്ത്രിച്ചു. “ഞാന്‍ അവനൊരു ഭാരമാണ്. പക്ഷേ, കാവിലമ്മയോട് കളിക്കാന്‍ അവനും ധൈര്യം വരില്ല.... ” ഇരുട്ടുകുമിഞ്ഞു നിന്ന ആ മുറിയിലെ  മണം, പൊടുന്നനെ, എത്ര അസഹ്യമാണോ അത്രതന്നെ പരിചിതവും ആയി എനിക്കുതോന്നി. തലേന്നു രാത്രി ഭര്‍ത്താവിന് തൊട്ടടുത്ത് ശബ്ദമില്ലാതെ മലര്‍ന്നുകിടക്കേ എന്റെ ഉള്ളില്‍ തട്ടിമറിഞ്ഞു വീണ് എന്നെ ആകെ മൂടിയ സംശയങ്ങള്‍ക്ക് ഇതേ മണമായിരുന്നു. ഞാന്‍ ആ അര്‍ദ്ധരാത്രി പുറത്തുവന്നുനിന്നത് ഈ മണത്തില്‍നിന്ന് രക്ഷപ്പെടാനാണ്.  ആ അറിവില്‍ ആ മണത്തിലേറെ എനിക്ക് ശ്വാസംമുട്ടി. പിടഞ്ഞുകൊണ്ട് ഞാന്‍ വാതിലില്‍ പിടിച്ചു. “പതുക്കെ.” വൃദ്ധന്റെ ശബ്ദം പിറുപിറുക്കലിനുവക്കോളം താണു. “അവന്‍ വഴിപലതും നോക്കി.  എനിക്കടച്ചുവെച്ച ഭക്ഷണം പാര്‍ക്കിലെ കാക്കകളെ തീറ്റിയപ്പോള്‍ അവ ചത്തുമലച്ചു! ”
നേര്‍ത്ത ചിമ്മിനി വെളിച്ചത്തില്‍ അയാളുടെ മുഖത്തെ വിയര്‍പ്പുതുള്ളികള്‍ മിന്നി. അവിടവിടെ വെളിച്ചം തട്ടുന്ന നരച്ച തലമുടിയും കുപ്പിച്ചില്ലുകള്‍പോലെ തിളങ്ങുന്ന കൃഷ്ണമണികളും എന്റെ ചുമലിലോളം തട്ടുന്ന കിതപ്പിന്റെ ചൂടും. ഉറക്കെ നിലവിളിക്കാനാണ് എനിക്ക് തോന്നിയത്. പേടി, വഴുവഴുപ്പാര്‍ന്ന തണുപ്പുപോലെ എന്റെ മേലില്‍ മുറുകി. പക്ഷേ, പരിഭ്രമം തീരെ പുറത്തുകാണിക്കാതെ വളരെ സാധാരണമാണെന്ന മട്ടില്‍ ഞാന്‍ വാതില്‍ തുറക്കാനാഞ്ഞു. കത്തിയുള്ള ഒരു കൈ ചുമലില്‍ വെച്ച് പിടിച്ചുകുലുക്കി അയാളെന്നെ നേരെ നിര്‍ത്തി.
 “അച്ഛനിനി ഈ വീടെന്തിനാണ് എന്നാണ് അവന്‍ ചോദിച്ചത്.” ഇനിയെന്നുവെച്ചാല്‍.......? അയാളുടെ മുഖത്തെ ചുവപ്പ് ചുവട്ടിലേക്കൊറ്റുമെന്ന് തോന്നിയെന്നെനിക്ക്. ഭീതിയും സങ്കടവും അമ്പരപ്പും എല്ലാം ചളിവെള്ളം പോലെ എന്റെ മേലേക്ക് തെറിപ്പിച്ചു അയാള്‍ ആവര്‍ത്തിച്ചു.
“ഇനിയെന്നുവച്ചാല്‍? ”
“അയാള്‍ അതുപറയരുതായിരുന്നു-” രക്ഷപ്പെടാനുള്ള പഴുതുകള്‍ പരതുന്നതിനിടയില്‍ വെമ്പലോടെ ഞാന്‍ പറഞ്ഞു. വൃദ്ധന്റെ മുഖത്തെ വല്ലാത്ത തളര്‍ച്ചയില്‍ അയാളെ പിടിച്ചുകിടത്തുകയാണ് വേണ്ടതെന്ന് എനിക്കു തോന്നിയതാണ്. പക്ഷേ, ആശ്വാസം മുട്ടുന്നചൂടില്‍ ഞാനിതിനൊന്നും തയ്യാറായിരുന്നില്ല. അതുമല്ല, ആ അന്തരീക്ഷം എന്നെ ഏറെ മടുപ്പിക്കാന്‍ തുടങ്ങിയിരുന്നുതാനും. കിട്ടിയ പഴുതില്‍ വാതില്‍ വലിച്ചുതുറന്ന് പുറത്തുകടക്കാന്‍ ഞാന്‍ ഒരുമ്പെട്ടത് അതുകൊണ്ടായിരുന്നു.
“ഇനി ഇന്ന് നിങ്ങളുടെ ഭര്‍ത്താവ് മടങ്ങിവര്വോ? ”
“അറിയില്ല. ”തീപ്പൊള്ളലേറ്റപോലെ ചൂളിക്കൊണ്ട് ഞാന്‍ പറഞ്ഞു.
“പക്ഷേ, എനിക്കു പോണം. ”
വൃദ്ധന്‍ പുറത്തേയ്‌ക്കോടാനാഞ്ഞ എന്റെ കാലില്‍ ഒരു കീറത്തുണിപ്പോലെ ചുറ്റിയതപ്പോഴാണ്.  തള്ളിക്കയറിയ വെളിച്ചത്തില്‍ വൃദ്ധന്റെ പീളയടിഞ്ഞ കണ്ണുകളില്‍ നിന്നും വെള്ളംമൂറി. ഞാന്‍                      അയാളുടെ വിരലുകള്‍ മാന്തിയടര്‍ത്തി.
“പോകരുത്.” അയാള്‍ അലറിയേക്കാമെന്ന് പ്രതീക്ഷിച്ചതുകൊണ്ടാവണം വൃദ്ധന്റെ ശബ്ദം തീരെ താഴ്ന്നുപോയതായി എനിക്കു തോന്നിയത്. “ഇനി ഞാനിവിടെ ഒറ്റയ്ക്കാണെന്ന് അവനറിയും. അവന് ചെറുപ്പമാണ്.  ഈ നിലത്തുകിടന്നാണ് അവന്റെ അമ്മ മരിച്ചത്. അവന്‍ എല്ലാം മറക്കുകയാണ്.  നോക്കൂ, അവനാ ജനല്‍ എളുപ്പം പൊളിക്കാവുന്നതേയുള്ളൂ.”  വൃദ്ധന്റെ മുഖത്തെ ചുളിവുകളില്‍ മുഴുവന്‍ വെള്ളമായിരുന്നു. കോറായ്ക്കല്‍ പതിഞ്ഞ തുപ്പലിനുമീതെ ചത്തു മലച്ച എറുമ്പുകളെപ്പോലെ വാക്കുകള്‍.  പൊടുന്നനെ ഈ വൃദ്ധനോട് ഇപ്പോള്‍ തനിക്ക് തോന്നുന്ന വികാരമായിരിക്കാമോ താന്‍ നല്‍കിയ ഷര്‍ട്ട് തിരിച്ചു തരുമ്പോള്‍ ഭര്‍ത്താവിന് തന്നോട് തോന്നിയിരിക്കുക എന്നെനിക്ക് സംശയമായി. വസ്ത്രത്തില്‍ തീ പിടിച്ചതുപോലെ ഞാന്‍ നിന്നിടത്തുനിന്ന് തിരിഞ്ഞു.
“കാല്‍വിടൂ.” വെറുപ്പുകൊണ്ട് കെന്തി ഞാന്‍ പറഞ്ഞു: “നിങ്ങള്‍ എല്ലാം അനാവശ്യമായി വലുതാക്കുകയാണ്.  വേണമെങ്കില്‍ എത്രയോ മുമ്പ് നിങ്ങളുടെ മകന് നിങ്ങളെ കൊല്ലാമായിരുന്നു. വളരെ           എളുപ്പത്തില്‍തന്നെ. കാര്യങ്ങള്‍ അനാവശ്യമായി വലുതാക്കാതിരിക്കൂ. വെയിലത്ത് അധികനേരം ഇരുന്നതിന്റെ ക്ഷീണമാണ് നിങ്ങള്‍ക്ക് നിങ്ങള്‍ ഉറങ്ങുകയാണ് വേണ്ടത്... ജനല്‍.... ”
ഞാന്‍ പെട്ടെന്ന് നിര്‍ത്തി വൃദ്ധന്‍ കരയാന്‍ തുടങ്ങിയിരുന്നു. തുറന്നു, നാണമില്ലാതെ. വായില്‍ നിന്നും മൂക്കില്‍ നിന്നും ഒക്കെ കൊഴുത്ത ദ്രാവകം കണ്ണീരിനോടൊപ്പം പുറത്തേയ്‌ക്കൊഴുകി.  താനിന്നലെ ഭര്‍ത്താവിന് മുന്നില്‍ കരയാന്‍ കൂട്ടാക്കാതിരുന്നത് എത്രനന്നായി എന്നാണ് എനിക്കാദ്യം തോന്നിയത്.
“രണ്ടുകൊല്ലമായി എന്റെ കുട്ടി എന്നോട് എന്തെങ്കിലും മിണ്ടിയിട്ട്.  നിങ്ങള്‍ക്ക് അത് മനസ്സിലാകുന്നതേയില്ലല്ലോ.” വൃദ്ധന്റെ ശബ്ദം ഒരു ഈണം പോലെ നേര്‍ത്തു.  അയാള്‍ എന്റെ മുഖത്തു നോക്കിയതേയില്ല.  വഴുപ്പാര്‍ന്ന കണ്ണീര്‍ അയാളുടെ മുഖം മുഴുവന്‍ നനച്ച് പക്ഷേ, വാശിയോടെ  എന്റെ മനസ്സിന്റെ തൊട്ടടുത്തെത്തി. അങ്ങനെയാണ്, പിന്തുടരലിന്റെ എന്തെന്നില്ലാത്ത പീഡയില്‍ അന്ധാളിച്ച് കാല്‍ വിടുവിക്കാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലാതെ ഞാന്‍ അയാളുടെ മുഖത്ത് ആഞ്ഞുതള്ളിയത്.
സ്വാഭാവികമായും എന്റെ കൈയില്‍ ആദ്യം തട്ടിയത് അയാളുടെ മുഖത്തെ നനവാണ്. അതില്‍ ആവശ്യത്തിലേറെ ഒട്ടലുള്ളതിനാല്‍ അത് കഴുകിക്കളയാന്‍ ഞാന്‍ ധൃതിയില്‍ പുറത്തുകടന്നു. വൃദ്ധന്റെ മുറിയുടെ വാതില്‍ ഞാന്‍ അടയ്ക്കുകയുണ്ടായില്ല. കസേരച്ചാരില്‍ ഊരിയിട്ട വസ്ത്രംപോലെ കിടന്ന അയാളെ എഴുന്നേല്‍പ്പിച്ചിരുത്തുകയോ ഉച്ചന്നേരമായിട്ടും ആ ചിമ്മിനി ഒന്നൂതിക്കെടുത്തുകയോ ചെയ്തതുമില്ല. വിചാരിക്കുന്നതൊക്കെ ചെയ്തുതീര്‍ക്കുന്നവര്‍ വളരെ കുറവാണെന്നു പക്ഷേ, ഞാന്‍ സ്വയം പറഞ്ഞു. പുറത്ത് എന്റെ വഴിക്കു മുകളില്‍ കല്ലിച്ച തീപോലെ ആകാശം വെളുത്ത് മഞ്ഞച്ച് നിന്നിട്ടും മുന്‍പറഞ്ഞ കാരണത്തിന്റെ നീതിയുറ്റ സാധുതയില്‍ സത്യത്തിലും എനിക്ക് സന്തോഷം തോന്നിയത് അതുകൊണ്ടാണ്.

ഉണ്ണിക്കൃഷ്ണനും അച്ഛനും

അച്ഛന്റെ കത്ത് ഓഫീസിലിരിക്കുമ്പോഴാണ് കിട്ടിയത്. പ്രതീക്ഷിച്ചിരുന്നതാണ്. അതുകൊണ്ടണ്ടുതന്നെ ഒരു നേര്‍ത്ത ഹൃദയമിടിപ്പോടെ ഉണ്ണിക്കൃഷ്ണന്‍ അതുതുറന്നു.
'നിനക്ക് ബുദ്ധിമുട്ടാവും എന്നറിയാതെയല്ല.' അച്ഛന്‍ എഴുതി. 'പക്ഷേ, എനിക്ക് കാലിന്റെ ശേഷി തീരെയും കുറഞ്ഞു. വേലി വീണത് ഒന്നും ചെയ്തിട്ടില്ല. വീഴാറായി നില്ക്കുന്ന തെക്കേപ്പുറത്തുകൂടെവന്ന് ഇന്നലെ അമ്മിണിയുടെ കുട്ടികള്‍ ഇടനാഴിയിലെ ബള്‍ബ് ഊരികൊണ്ടുപോയി. ഒന്നും പറയാന്‍പോയില്ല. എനിക്ക് തീരെ വയ്യാതാകുമ്പോള്‍ കിണറ്റില്‍നിന്നും വെളളംകോരിത്തരുന്നത് അമ്മിണിയുടെ മൂത്ത പെണ്ണാണ്. ഇനി എഴുതാന്‍ തുടങ്ങിയത് പറയട്ടെ. നിന്നെ എനിക്കൊന്ന് കാണണം. അവിടെവന്ന് നിന്നെക്കാണാനോ താമസിക്കാനോ ഉള്ള സൗകര്യം കുറവാണെന്ന് നീ എഴുതിയിരുന്നല്ലോ. നാലു കൊല്ലംകഴിഞ്ഞു നിന്നെ കണ്ടിട്ട്.'
ഉണ്ണിക്കൃഷ്ണന്‍ കത്തുമടക്കി പോക്കറ്റിലിട്ട് കഴുത്തിലേയും മുഖത്തേയുമൊക്കെ വിയര്‍പ്പ് അമര്‍ത്തിത്തുടച്ചു. അടുത്ത ടേബിളിലിരുന്ന ശിവരാമന്‍, കത്താരുടെയാണെന്ന് കുസൃതിയോടെ ആരാഞ്ഞു.
'ഓ...' ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു: 'അച്ഛന്റെയാണ്. '
ശിവരാമന്‍ ധൃതിയില്‍ സ്വന്തം ടൈപ്പ്‌റൈറ്ററിലേക്കുതന്നെ തിരിഞ്ഞു:
കഴിഞ്ഞതവണ കടംമേടിച്ചത് രാമകൃഷ്ണന്റെ കൈയില്‍നിന്നാണ്. അച്ഛന് മുറ്റത്തേക്കിറങ്ങാന്‍ പരസഹായം വേണമെന്ന് മനസ്സിലാക്കിയപ്പോള്‍ അകത്ത് താന്‍ ഒരു കക്കൂസ് പണിയിപ്പിച്ചു. അന്ന് തിരിച്ചുപോരുമ്പോള്‍, കണ്ണുകളില്‍ നനവുമായി അച്ഛന്‍ ഉമ്മറപ്പടിയില്‍ ചാരിനിന്നു. അന്ന്, ഇനിയും ഇങ്ങനെ രണ്ടായിരങ്ങള്‍ കടംവാങ്ങി വീടു നന്നാക്കുമെന്ന് അച്ഛനോട് പറഞ്ഞു. ജോലിചെയ്തുചെയ്ത് അതെല്ലാം വീട്ടും. എന്നിട്ട് കല്യാണംകഴിച്ച് അച്ഛനെ കൂടെതാമസിപ്പിക്കും. അച്ഛന് അഹിതമായി ഭാര്യ എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവളെ ആ നിമിഷം വീട്ടില്‍നിന്ന് ആട്ടിപ്പായിക്കും.
കക്കൂസുപണി കഴിഞ്ഞതുമുതല്‍ ഉണ്ണികൃഷ്ണന് എന്തെന്നില്ലാത്ത ഒരാത്മവിശ്വാസം കൂടിയിരുന്നു. ചോരുന്ന മേല്പുര പോളിച്ചു പണിയാന്‍ പ്ലാനിട്ടുകൊണ്ടിരുന്നപ്പോഴാണ്, സാവിത്രിയെക്കുറിച്ച് അച്ഛന്‍ എഴുതിയത്. പതിഞ്ഞ കാലടികളും മെലിഞ്ഞ വിരലുകളുമുായിരുന്ന സാവിത്രിയെ ഉണ്ണിക്കൃഷ്ണനും നല്ലപോലെ ഇഷ്ടപ്പെട്ടു. സാവിത്രിയുടെ അടക്കവും ഒതുക്കവും കണ്ടപ്പോള്‍ അച്ഛനെ നോക്കാന്‍ വേണ്ടി ദൈവം ഒരാളെ അയച്ചുതന്നതുപോലെയാണ് തോന്നിയത്.
'സാവിത്രി ഇവിടത്തെ എല്ലാമായി ഒന്നു പരിചയപ്പെടട്ടെ.' അച്ഛനും പറഞ്ഞു.
'ഇപ്പൊത്തന്നെ അന്യനാട്ടില് കൊണ്ടുപോയി ആ പാവത്തിനെ ബദ്ധിമുട്ടിക്കണ്ട.'
പക്ഷേ, അന്നു രാത്രി ഉണ്ണികൃഷ്ണന്റെ കൈത്തണ്ടയില്‍ക്കിടന്ന് സാവിത്രി വല്ലാതെ കരഞ്ഞു: 'നിങ്ങളുടെ അച്ഛനെ നോക്കാനോ, നിങ്ങളെ നോക്കാനോ എന്നെ കെട്ടിയത്? '
സാവിത്രിയുടെ മുഖത്തെ നനവും തന്റെ ദേഹത്തില്‍ മുട്ടുന്ന അവളുടെ വയറിന്റെ മിനുസവും എല്ലാംകൂടി ഉണ്ണികൃഷ്ണന് വല്ലാത്ത വിഷമം തോന്നി. അതുവരെ തന്നെ നോക്കേണ്ട കാര്യമൊന്നും ഉണ്ണിക്കൃഷ്ണന്‍ ആലോചിച്ചിരുന്നതേയില്ല. പക്ഷേ, സ്വാധീനമില്ലാത്ത ഒരു കാലുമായി ബുദ്ധിമുട്ടുന്ന അച്ഛന്‍ മാത്രമുളള ഒരു വീട്ടില്‍ സാവിത്രിയെ എങ്ങനെ ഒറ്റയ്ക്കാക്കി പോകുമെന്ന് കുറച്ചുദിവസമായി, രാപകലന്യേ താന്‍ ആലോചിച്ചിരുന്നതാണ്. തനിക്ക്, അകലെയാവുമ്പോള്‍ മനസ്സമാധാനം ഒട്ടും ഉണ്ടാവില്ല. അതുകൊണ്ട്, അവളുടെ മുഖത്തെ നനവ് തുടച്ചുകൊടുത്ത് ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു: കരയണ്ട സാവീ, ഞാനല്ലേ പറയണ്? '
'അവളെ കൊണ്ടുപൂവ്വാണോ? ' അച്ഛന്‍ ചോദിച്ചു.
'അവിടെ, ഹോട്ടലിലെ ഭക്ഷണം വളരെ മോശമാണത്രേ.' സാവിത്രി വേഗം മറുപടിപറഞ്ഞു.
'ഞാനും അതാ പറയാന്‍പോയത്. പക്ഷേ, നിനക്കവിടെ പിടിക്ക്വോ എന്നാ എന്റെ പേടി.'
'വേറെ എന്താ നിവൃത്തി.' സാവിത്രി ലജ്ജയോടെ പറഞ്ഞു: 'വേഗം ജോലി ഇങ്ങോട്ടേക്ക് മാറ്റം മേടിക്കാന്‍ നോക്കണം. എന്റെ വീട്ടില്‍ അമ്മയും ഒറ്റയ്ക്കല്ലേ? '
'പിന്നെ അല്ലാണ്ടെ എന്തു പറയാന്‍.' വണ്ടിയില്‍ സാവിത്രി ചിരിച്ചു. 'അച്ഛന് ഇത്ര വയസായി. നേരെ ചൊവ്വേ പറഞ്ഞില്ലെങ്കിലും മനസ്സിലാവും. '
'കോലായ ഇടിഞ്ഞു.' കഴിഞ്ഞ കത്തില്‍ അച്ഛനെഴുതി. 'കുഴമ്പിന് ഇരുപത്തഞ്ച് ഉറുപ്പികയാണ് വില. നീ ദേഹം നോക്കണം. ഇവിടത്തെ നിന്റെ മുതല്‍ ഞാനുളളിടത്തോളം കാലം നോക്കിനടത്തും. പക്ഷേ, കണ്ണു കാണാനില്ലാത്തതാണു കഷ്ടം. ഓപ്പറേഷന്‍ വേണമെന്നാണ് പറയുന്നത്. ശമ്പളം സൂക്ഷിച്ച് ചെലവാക്കണം. നിനക്ക് കുട്ടികള്‍ രണ്ടായി. ഒററയ്ക്ക് വച്ചും തിന്നും എനിക്കുമടുത്തു. മാവിലെ മാങ്ങ മുഴുവന്‍ അമ്മിണിയുടെ കുട്ടികളാണ് കൊണ്ടുപോകുന്നത്.'
ടൈപ്പ്‌റൈറ്ററിലെ കടലാസു മാറ്റി, പുതിയത് ഇടുമ്പോഴാണ് താന്‍ പിടിച്ച സ്ഥലത്ത് കടലാസില്‍ മഷി പരന്നത് ഉണ്ണിക്കൃഷ്ണന്‍ കണ്ടത്. ആ കടലാസുകള്‍ വലിച്ചെറിഞ്ഞ് വീണ്ടും ഉണ്ണിക്കൃഷ്ണന്‍                 പുതിയ കടലാസുകള്‍ ഇട്ടു. മഷിയുടെ പാട് പൊടുന്നനെ അതിലും പരന്നു. തന്റെ കൈവിരലുകളില്‍ ഇത്രയധികം മഷി പരന്നതെവിടെ നിന്നാണെന്ന് അദ്ഭുതപ്പെട്ടുകൊണ്ട് ഉണ്ണ്കൃഷ്ണന്‍ കൈ അമര്‍ത്തിത്തുടച്ചു.
മഷി തുടച്ചിടത്തും പരന്നു.
സോപ്പുകൊണ്ട് കൈ കഴുകിയിട്ടും മഷി മങ്ങുകപോലും ചെയ്യാതായപ്പോള്‍ ഉണ്ണിക്കൃഷ്ണന്‍ കുറച്ചൊന്നു അമ്പരക്കുകതന്നെ ചെയ്തു. നീല മഷി അച്ഛന്റെ കത്തില്‍നിന്ന് ആയതാവാനേ വഴിയുളളു.
കൈയിലെ മഷി പോണില്ല അല്ലേ. വാതില്‍ തുറന്ന് ഒരു ചെറുചിരിയോടെ സാവിത്രി ഉണ്ണികൃഷ്ണനെ നോക്കി. 'അച്ഛന്റെ കത്തില്‍ നിന്ന് അല്ലേ.'
'അതെ.' ഉണ്ണിക്കൃഷ്ണന്‍ പരിഭ്രമത്തോടെ പറഞ്ഞു: 'തൊട്ടതിലൊക്കെ പറ്റുന്നു. കഴുകിയാല്‍ പോണുല്ല്യ.'
'മനസ്സിലായി' സാവിത്രി ഉണ്ണികൃഷ്ണനെ പിടിച്ചിരുത്തി. 'സാരല്ല്യ. ഞാന്‍ കഴുകിക്കളഞ്ഞുതരാം. '
വെളളവും ഒരു കഷണം കല്ലുമായി സാവിത്രി വരുന്നതുവരെ ഉണ്ണിക്കൃഷ്ണന്‍ അതേ ഇരിപ്പിരുന്നു. കല്ലുകൊണ്ടുരച്ചുകഴുകി, വൃത്തിയായി കഴുകിയിട്ടും മഷിയുടെ പാടുകള്‍ മായാതെ നിന്നപ്പോള്‍ സാവിത്രി ഉണ്ണികൃഷ്ണന്റെ വിരല്‍ തന്റെ വായിലേക്കിട്ടു.
'ഇനി പൂവ്വാതിരിക്കില്ല. ' നാവുകൊണ്ട് കൈവിരലില്‍ പതുക്കെ തടവി സാവിത്രി ചിരിച്ചു:
'നോക്കിക്കോളു.'
സാവിത്രി പറഞ്ഞത് സത്യമായിരുന്നു. കറമാഞ്ഞ ശുദ്ധമായ തന്റെ വിരലില്‍ നോക്കി ഉണ്ണികൃഷ്ണന്‍ സാവിത്രിയെ കെട്ടിപ്പിടിച്ചു: 'അച്ഛനെ ഇങ്ങോട്ട് കൊണ്ടുവന്നാലോ?' സാവിത്രിയുടെ ചുമലില്‍ നിന്നും തലയെടുക്കാതെതന്നെ നിന്ന് ഉണ്ണിക്കൃഷ്ണന്‍ തന്നോടെന്ന പോലെ പറഞ്ഞു: 'പാവം അവിടെ ഒറ്റയ്ക്കാണ്.'
'അങ്ങനെ തന്നെയാണ് വേണ്ടത്.' ഉണ്ണിക്കൃഷ്ണനെ മേലില്‍ നിന്ന് അടര്‍ത്തി വേഷ്ടി ശരിക്കിട്ട് സാവിത്രി ഉണ്ണിക്കൃഷ്ണനെ കസേരയില്‍ പിടിച്ചിരുത്തി.
'തളളയില്ലാതെ ഇത്രയും പോരിച്ചു. ഒന്നിനോളമാക്കിവിട്ടു. നമുക്ക് നമ്മുടെ കുട്ടനെപ്പോലെയല്ലേ അച്ഛന് നിങ്ങളും? പക്ഷേ, ഒന്നേ ഉളളു. അച്ഛന്റെ മുമ്പില്, ദാ, ഇതുപോലെ, കൈയിലെ മഷി കഴുകിക്കളയാനൊന്നും എന്നോട് പറയരുത്. എനിക്കു നാണമാവും. അതുപോലെ തന്നെ നിങ്ങള്‍ക്കെത്ര ഇഷ്ടമല്ലെങ്കിലും ശരി, അച്ഛനോടിപ്രായത്തില്‍ കുഴമ്പുതേച്ച് നടക്കരുതെന്നും പറയരുത്. നിങ്ങള്‍ അടുക്കളയ്ക്കുള്ളില്‍ കിടന്നോളു. മണം അധികം അങ്ങോട്ടു വരില്ലല്ലോ. ഞാനും കുട്ടികളും.... '
'വരിക്കപ്ലാവ് വീണൂന്ന് അച്ഛനെഴുതീരിക്കുന്നു.'
'വീട് വില്‍ക്കാനൊന്നും വലിയ വിഷമം ഉണ്ടാവില്ല.' സാവിത്രി പറഞ്ഞു:
'നാട്ടില് നിങ്ങള്‍ക്ക് രണ്ടു ദിവസം നില്‍ക്കണമെങ്കില് എന്റെ അമ്മ ഉണ്ടല്ലോ. കുട്ട്യോള് നാട് മറക്കാണ്ടെയും കഴിയും.'
'വരിക്കപ്ലാവ് ഞാനും അച്ഛനും കൂടി വച്ചതായിരുന്നു.'
'മഴേം കാററും വല്ലാണ്ടെ വന്നിട്ടുണ്ടാവും? ' സാവിത്രി പറഞ്ഞു.
'കുറച്ചുറങ്ങിക്കോളൂ. ഈ ചൂടത്തിങ്ങനെ നടന്നാല്‍ ആരാ ക്ഷീണിക്കാണ്ടിരിക്ക്യാ? കത്ത് ഞാന്‍ പിന്നെ വായിച്ചോളാം.' ഷര്‍ട്ടിന്റെ പോക്കററില്‍ നിന്നും കത്തെടുത്ത് സാവിത്രി അകത്തേക്കു പോകുമ്പോള്‍ കൈയ്യില്‍ മഷി പുരണ്ടില്ല എന്നത് ഉണ്ണിക്കൃഷ്ണന്‍ ആശ്ചര്യത്തോടെ കണ്ടു. 'അല്ലെങ്കില്‍,' സാവിത്രി പറഞ്ഞു:
'ആശ മോളെ നിങ്ങളുടെ കൂടെ കിടത്താം. അച്ഛന്റെ ചുമ കുട്ട്യോള്‍ക്ക് കിട്ടാതിരിക്കാന്‍ അതാ നന്നാവാ. '
എന്തെന്നില്ലാത്ത ആശ്വാസത്തോടെ, സാവിത്രി കൈക്കഴുകി. കറ മാഞ്ഞുപോയ കൈയ്യില്‍ വീണ്ടും നോക്കിക്കിടന്ന് ഉണ്ണിക്കൃഷ്ണന്‍ അറിയാതെ ഉറങ്ങിപ്പോയി. ഉറങ്ങിയാല്‍ എപ്പോഴും സ്വപ്നം കാണുന്ന പതിവുണ്ടായിരുന്നു ഉണ്ണിക്കൃഷണന്. ഇത്തവണ അമ്മയുടെ ആളിക്കത്തുന്ന ചിതയുടെ അരികില്‍ താനും അച്ഛനും നില്‍ക്കുന്നതാണ് ഉണ്ണിക്കൃഷ്ണന്‍ കണ്ടത്. അച്ഛന്‍ തന്നെ ചേര്‍ത്തു പിടിച്ചിരുന്നത് കാരണം കുട്ടിയായ തന്റെ കവിള്‍ അച്ഛന്റെ നഗ്നമായ വയറ്റത്താണ് മുട്ടിയിരുന്നത്. 'ഇനിയും നമ്മള്‍ രണ്ടാളില്ല്യേഡോ' ചിതയിലേക്കു നോക്കി തന്റെ തല അമര്‍ത്തിത്തടവി അച്ഛന്‍ പറഞ്ഞു.
അച്ഛന്റെ തടവലോടെ ഉണ്ണികൃഷ്ണന്റെ തലമുടി മുഴുവന്‍ നരച്ചു പോയി. ചിതയ്ക്കപ്പുറത്ത്, തെങ്ങിന്‍ ചുവട്ടിലിരുന്ന് കരിപ്പാത്രങ്ങള്‍ തേക്കുന്ന സാവിത്രിയുടെ കൈവിരലുകളില്‍ എത്ര തേച്ചിട്ടും കരിപുരണ്ടില്ല. അച്ഛന്‍ അമ്പലക്കുളത്തില്‍നിന്നും നീന്തിപ്പോയി. പറിച്ചുതന്ന താമരമൊട്ടുകളെപ്പോലെ സാവിത്രിയുടെ വിരലുകള്‍ കരിക്കുമുകളില്‍ പാറി. ഉണ്ണിക്കൃഷ്ണന്‍ ഒരു ചിരിയോടെ, ചെമ്പുപാത്രത്തിന്റെ മൂട്ടിലെ കരി കൈയിലാക്കി അച്ഛന്റെ മേലില്‍ തേക്കാന്‍ ഓടി. ആളുന്ന തീനാളങ്ങള്‍ക്കു പിന്നില്‍ അച്ഛന്‍ ഒരു പൊട്ടിച്ചിരിയോടെ കുതറി മാറി. അതോടെ, ചിതയില്‍ നിന്നും ചീറ്റിത്തെറിച്ച ഒരു കരിഞ്ഞ കൊളളി തന്റെ നേരെ വരുന്നത്ക് ഉണ്ണിക്കൃഷ്ണന്‍ ഒരു നിലവിളിയോടെ കണ്ണുപൊത്തി.
കണ്ണുതുറന്നപ്പോള്‍, ഇരുട്ടില്‍ ചുമകൊണ്ട് ബുദ്ധിമുട്ടുന്ന ആശയുടെ നെഞ്ചുഴിഞ്ഞുകൊടുക്കുകയായിരുന്നു സാവിത്രി. ആശയുടെ ഞരങ്ങല്‍ ഇരുട്ടില്‍ കരിഞ്ഞകൊളളികള്‍പോലെ ചിതറി.
'ഞാന്‍ കിടന്നില്ല.' സാവിത്രി പറഞ്ഞു: 'ആശയ്‌ക്കൊട്ടും വയ്യ.'
'ആരാ ഇവിടെ കുഴമ്പുതേച്ചിരിക്കുന്നത്? ' പകുതിയുറക്കത്തില്‍. വിയര്‍പ്പില്‍ ഉണ്ണിക്കൃഷ്ണന്‍ ദേഷ്യപ്പെട്ടു: 'ശ്വാസം മുട്ടീട്ടു വയ്യ.'
'ഒരാളൂല്യ. ' സാവിത്രി പറഞ്ഞു; 'കാലും കൈയ്യും കുടഞ്ഞു പൊളിച്ചിട്ടും ഉണ്ണ്യേട്ടന് ഇഷ്ടല്ലല്ലോ എന്നു വിചാരിച്ച് ഞാന്‍ കുഴമ്പുതൊട്ടില്ല.'
തന്റെ മനസ്സില്‍ ഒരു ചിതയുടെ ഓര്‍മ്മയേ ഇല്ലല്ലോ എന്നദ്ഭുതപ്പെട്ട് ഉണ്ണിക്കൃഷ്ണന്‍ വീണ്ടും ഉറക്കത്തിലേക്ക് വഴുതി. ഉണരുമ്പോള്‍ വീട് നിശ്ശബ്ദമാണ്. മകന്‍ സ്‌കൂളില്‍ പോയിക്കഴിഞ്ഞിരുന്നു.
'ഉറങ്ങിക്കോട്ടെ എന്ന് വിചാരിച്ചു.' സാവിത്രി പറഞ്ഞു: 'വിളിച്ചപ്പോള്‍ ഉണര്‍ന്നതൂല്ല്യ.'
പുറത്തെ റോഡ് രാവിലത്തെ തിരക്കൊഴിഞ്ഞ് വിജനമായിക്കഴിഞ്ഞു. ചൂടേറുന്ന ഉച്ചവെയിലിലേക്കു നോക്കി ഉണ്ണിക്കൃഷ്ണന്‍ ജനാലക്കല്‍ വെറുതെനിന്നു. പിന്നെ, നിത്യവൃത്തികളില്‍ മുഴുകെ, വൈകുന്നേരം തന്റെ സുഹൃത്ത് രാധാകൃഷ്ണനെ കാണണമെന്ന് ഉണ്ണിക്കൃഷ്ണന്‍ തീരുമാനിച്ചു. രാധാകൃഷ്ണന് എപ്പോഴും എല്ലാം വേഗം മനസ്സിലാകും.
'കത്ത്.' ഉണ്ണിക്കൃഷ്ണനെ കണ്ടതും രാധാകൃഷ്ണന്‍ കത്തെടുത്ത് നീട്ടി.
'അച്ഛന്റെ തന്നെ?'
'താന്‍ ധൃതിയിലല്ലല്ലോ.' കത്തുതൊടാതെ കൈ രണ്ടും പോക്കറ്റിലിട്ട് ഉണ്ണിക്കൃഷ്ണന്‍ ചോദിച്ചു: 'നമ്മുക്കൊന്നു നടന്നിട്ടുവരാം.'
'പാര്‍ക്കിലെ ബെഞ്ചിലിരുന്ന് രാധാകൃഷ്ണന്‍ കത്തു വീണ്ടും ഉണ്ണിക്കൃഷ്ണനു നീട്ടി.'
'താന്‍ തന്നെ വായിക്കാം.' ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. എന്നിട്ട് ഞാനെന്താ വേണ്ടതെന്ന് കത്തു വായിച്ചിട്ട് ഒന്നു പറഞ്ഞു തരാം.
ഉണ്ണിക്ക്, 'ഇന്നലെ കോലായ ഇടിഞ്ഞു.' രാധാകൃഷ്ണന്‍ വായിച്ചു. 'നിനക്ക് സുഖം എന്നു വിചാരിക്കുന്നു. സാവിത്രിയുടെ ദേഹം നോക്കണം. ശമ്പളം സൂക്ഷിച്ച് ചെലവാക്കണം. ഡോക്ടര്‍ പറഞ്ഞത് കാലിന് ഓപ്പറേഷന്‍ വേണമെന്നാണ്. പത്തു ദിവസം നാട്ടില്‍ വന്നാല്‍ കുട്ടികള്‍ക്ക് ധാരാളം മാങ്ങ തിന്നാം. തെക്കേത്തൊടിയിലെ വേലി പൊളിഞ്ഞത് രാമന്‍ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്. വരും കാലത്തേക്ക് നാലു കാശ് സാമ്പാദിച്ചു വെയ്‌ക്കേണ്ടത് ഇപ്പോഴാണ്. ഇനി എല്ലാം ദൈവഹിതം. എന്റെ കമ്പിളി എലി കടിച്ചുപോയി.
'ഇനി പറയാം.' ഉണ്ണിക്കൃഷ്ണന്‍ കൈ പോക്കറ്റില്‍ നിന്നെടുക്കാതെ തന്നെ പറഞ്ഞു: 'ഞാനെന്താ വേണ്ടത്? '
'ഞാന്‍ പറയേണ്ടത് പറഞ്ഞു: ' രാധാകൃഷ്ണന്‍ കാല്‍ച്ചുവട്ടിലേക്ക് നോക്കി പുല്ലില്‍ കുത്തിവരച്ചു. 'തന്നെപ്പറ്റി തന്റെ മകനാണ് ഇങ്ങനെ, ആലോചിക്കുന്നതെങ്കിലോ? '
ഇരിക്കുന്ന ബെഞ്ചില്‍ തിളച്ച വെള്ളം പരന്നപോലെ ഉണ്ണിക്കൃഷ്ണന്‍ ഞെട്ടി.
'എടോ, പക്ഷേ....' ഉണ്ണികൃഷ്ണന്‍ വിക്കി. 'എന്നിട്ട് താനോ...'
'എത്ത്യേന്റെ പിറ്റദിവസം, എന്റെ മകന്റെ ഡിസ്‌കോ സംഗീതം അച്ഛന്‍ പുറത്തേക്കെറിയും. രാധാകൃഷ്ണന്‍ തലയുയര്‍ത്താതെ പറഞ്ഞു.
'മകന്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കണപ്രായം തെറ്റി. തല്ലി പുറത്തു കളയാന്‍ പറ്റണ പ്രായവും അല്ല. ഉണ്ണിക്കൃഷ്ണന്‍ അതാലോചിക്കണ് കൂടിയില്ല.' സാവിത്രിയുടെ കാലിലെ വിള്ളലുകള്‍ കിടപ്പുമുറിയുടെ ചുമരു മുഴുവന്‍ നിറയാന്‍ തുടങ്ങിയിരിക്കുന്നു. ഉണ്ണികൃഷ്ണന്‍ ഏറെക്കുറെ തന്നോടെന്നപോലെതന്നെ പറഞ്ഞു: രാവിലെ എഴുന്നേറ്റു പോകുമ്പോള്‍ ഓരോന്നോരോന്നായി സാവിത്രി ചുമരില്‍ ഒട്ടിച്ചു വയ്ക്കും. പിന്നെ രാത്രി, മേല്‍കഴുകി കിടക്കാന്‍ വരുമ്പോള്‍ അതെല്ലാം കാല്‍ക്കുതിയിലും വണ്ണയിലും തുടയിലും ഒക്കെയായി ഏറ്റുവാങ്ങും. ചിതലുകള്‍പോലെ ഇത്രയുംവിളളലുകള്‍ ചുററും ചുമരില്‍ പറ്റിപ്പിടിച്ചിരിക്കുമ്പോള്‍ കണ്ണടക്കാന്‍ സാവിത്രിക്ക് പേടിയാണെത്രെ. ഉറങ്ങുമ്പോള്‍ സ്വന്തം വിളളലുകള്‍ കൂടെ ഉണ്ടാവുന്നതാണ് ശരിയെന്നാണ് സാവിത്രി പറയാറ്.
'ഇതൊക്കെ പറഞ്ഞു മാറ്റാവുന്നതേയുളളൂ എന്നാണ് എനിക്ക് തോന്നുന്നത്.'
രാധാകൃഷ്ണന്‍ പുല്‍ത്തലപ്പില്‍നിന്നും കണ്ണെടുക്കാതെ പറഞ്ഞു: 'സാവിത്രിക്ക് പ്രായമായി, നിങ്ങള്‍ പറഞ്ഞാല്‍ അനുസരിക്കാതെ വയ്യ. പക്ഷേ, എന്റെ മകന്‍.'
സാവിത്രിക്ക് ഈ സ്വഭാവം കിട്ടിയത് അവളുടെ അമ്മയില്‍ നിന്നായിരിക്കണം. വൈകുന്നേരത്തെ ഇളം വെയിലിലൂടെ വീട്ടിലേക്ക് തിരിഞ്ഞുനടക്കുമ്പേള്‍ ഉണ്ണിക്കൃഷ്ണന്‍ ഓര്‍ത്തു. മരത്തില്‍നിന്ന് വീണ് എല്ലൊടിഞ്ഞ് ആറുകൊല്ലത്തിലധികം ശവംപോലെ കിടന്ന അച്ഛനെ ശുശ്രൂഷിക്കുന്നതിനിടയിലാണ് അതുണ്ടായത്. അച്ഛന്റെ മലമൂത്രങ്ങള്‍ നിറഞ്ഞ തുണികള്‍ കഴുകി വൃത്തിയാക്കി വരുമ്പോള്‍  സാവിത്രിയുടെ അമ്മ തൊടിയില്‍ ഛര്‍ദ്ദിച്ചു. വായ എത്രപ്പൊത്തിപ്പിടിച്ചിട്ടും പൊട്ടിപുറത്തേക്കൊഴുകിയ അതിനെ പരിഭ്രമത്തോടെ, തന്റെ മനസ്സിനെ എന്ന പോലെ അമ്മ ആരും കാണാതെ മണ്ണിട്ടുമൂടുന്നത് പക്ഷേ, തറവാട്ടിലെ ശാന്തിക്കാരന്‍ നമ്പൂതിരി കണ്ടു.
'സാരല്ല്യ' തിരുമേനി പറഞ്ഞു: 'തെക്കേത്തൊടിയിലെ പുളിമരത്തിന്റെ ചുവട്ടിലെ മണ്ണ് ജപിച്ച് സേവിച്ചാല്‍ മതി.'
രണ്ടാഴ്ച്ച കൊണ്ട് സാവിത്രിയുടെ അച്ഛന്റെ ശരീരം വളക്കൂറുളള മണ്ണ് തിന്ന് തടിച്ചു.
'ഇപ്പൊ ഒരു സുഖം തോന്നുന്നൂ. ' അച്ഛന്‍ പറഞ്ഞത്രെ.
'തിരുമേനിയെ, ' അചഛന്റെ നെററി തടവിക്കൊടുത്ത് അമ്മ പതുക്കെപറഞ്ഞു. 'ദൈവം കാക്കട്ടെ.'
സാവിത്രിയുടെ അമ്മയുടെ നഖങ്ങള്‍ വളരാന്‍ തുടങ്ങിയതെപ്പോഴാണെന്ന് ആര്‍ക്കും അറിവില്ലായിരുന്നു. നഖങ്ങള്‍ അതിവേഗം വളരാന്‍ തുടങ്ങിയതോടെ അവയില്‍ ഏറെ ചളി നിറഞ്ഞു. വീട്ടിലെ കുളക്കടവില്‍ നിന്ന് അമ്മ അത് പരിഭ്രമത്തോടെ വീണ്ടും വീണ്ടും ഒലമ്പിക്കഴുകി.
'വളക്കൂറുളള മണ്ണു മന്തിയിട്ടാവണം, തിരുമേനി അമ്മയുടെ നഖങ്ങളില്‍ തലോടി പറഞ്ഞു:
'വളരുമ്പോള്‍ അത് വെട്ടിക്കളഞ്ഞേക്കൂ.'
'ഞാനുംപോയാല്‍' കുളക്കടവിലെ ഇരുട്ടിലേക്ക് ചാരിനിന്ന് അമ്മ കരഞ്ഞു:
'ഈ തുണി ആരാ ഒന്നു തൊട്ാ? ' എത്തന്നോളം എത്തട്ടേ എന്നാണ് എന്റെ പ്രാര്‍ത്ഥന.'
എത്ര വെട്ടിയിട്ടും നിറുത്താതെ വളരുന്ന നഖങ്ങള്‍ കൊണ്ട് സ്വന്തം മാറും മുഖവും അമ്മ മാന്തിപ്പൊളിച്ചത് അച്ഛന്‍ മരിച്ചിട്ടും കുറെക്കഴിഞ്ഞാണ്. അന്ന് കുളക്കടവില്‍ അമ്മയുടെ തൊട്ടടുത്ത് വെളളത്തിലേക്കും നോക്കി മിാതിരുന്ന തിരുമേനി ജനാലയ്ക്കല്‍ നിന്നെത്തിനോക്കിയ സാവിത്രിയെ കണ്ടില്ല. അമ്മയുടെ ചോര തട്ടിച്ചുവന്ന തന്റെ പൂണൂലില്‍ തിരുപ്പിടിച്ചതല്ലാതെ അമ്മയോട് ഒന്നും പറഞ്ഞുമില്ല.
പക്ഷേ, നഖങ്ങളുടെ നീളം കാരണം അമ്മയുടെ കൈപ്പടം തൊടാന്‍ തിരുമേനിക്കടക്കം വല്ലാതെ ബുദ്ധിമുട്ടായി. മുഖത്തെ പാടുകള്‍ ഏറെ വികൃതമായതോടെ, അതിന്റെ അഭംഗിയില്‍ തിരുമേനി നാടുവിട്ടു. ജപിച്ചൂതിയ മണ്ണ് കൃത്യസമയങ്ങളില്‍ കൊടുക്കാന്‍ അമ്മ എപ്പോഴും അടുത്തുായിരുന്നതിനാല്‍ മരിക്കുമ്പോള്‍ അച്ഛന്‍ വളരെ ശാന്തനായിരുന്നുവത്രെ.
'അമ്മയുടെ മുഖത്തെ പാടുകള്‍ കാണുമ്പോള്‍, ' സാവിത്രി പറയും: എനിക്ക് നിങ്ങളുടെ അച്ഛനെ ആണ് ഓര്‍മ്മവരാറ്.'
വിജനമായ റോഡിലൂടെ ഉണ്ണിക്കൃഷ്ണന്‍ പലവുരു നടന്നു. മങ്ങിയ ഒരു കോടിത്തുണിക്കഷണം പോലെ സന്ധ്യ ഉണ്ണിക്കൃഷ്ണനു മുന്നില്‍ പരന്നു കിടന്നു. അവസാനം അത്രനേരവും തനിക്കൊപ്പം നടന്ന നിശ്ശബ്ദതയുടെകൂടെ വീട്ടിലെത്തിയപ്പോള്‍ രാത്രി നല്ല പോലെ ഇരുട്ടിയിരുന്നു. സാവിത്രിയും കുട്ടികളും ഉറക്കമായിരിക്കണം. വാതില്‍ തുറന്ന്, പുറത്തും അകത്തും ഉളള ഇരുട്ടിനു നടുവില്‍ ഉണ്ണിക്കൃഷ്ണന്‍ ഒരു നിമിഷംകൂടി നിന്നു.
കുതിയിലും കാല്‍വണ്ണയിലും ഒക്കെ നിറയെ വിളളലുകളുമായി സാധാരണപോലെ സാവിത്രി ചെരിഞ്ഞുകിടന്നാണ് ഉറങ്ങിയിരുന്നത്. തലയണയ്ക്കുമീതെവച്ച കൈത്തയില്‍ ബോണസ് കിട്ടിയപ്പോള്‍ മേടിച്ചു കൊടുത്ത സ്വര്‍ണ്ണവള ഒരു പൊളളല്‍പോലെ കിടന്നു. ഉണ്ണികൃഷ്ണന്‍ സാവിത്രിയെ കുറച്ചുനേരം നോക്കി. പിന്നെ സാവിത്രിയെ ഉണര്‍ത്താതെ, സാവിത്രിയുടെ കൈകള്‍ എത്ര മെലിഞ്ഞതാണെന്നോര്‍ത്തുകൊണ്ട് ഉണ്ണിക്കൃഷ്ണന്‍ ആ വള ഊരിയെടുത്തു. കൂട്ടത്തില്‍ സാവിത്രി മേലിലേക്ക് കാലെടുത്തുവെച്ച് ഉറങ്ങുന്ന ആശയുടെ കഴുത്തിലെ മാലയും ഊരി. ചെറിയ കുട്ടികള്‍ ആഭരണങ്ങള്‍ ധരിക്കുന്നത് എത്ര അപകടമാണെന്ന് സാവിത്രിയോടെപ്പോഴും ഉണ്ണിക്കൃഷ്ണന്‍ പറയാറുളളതാണ്.
'അച്ഛന് ഉടനെ ഒരു കമ്പിളി വാങ്ങണം' മണിയോര്‍ഡര്‍ ഫോറത്തില്‍ ഉണ്ണിക്കൃഷ്ണനെഴുതി. ഇടനാഴിയിലെ ബള്‍ബും, കുഴമ്പും, വേലിക്കുളള മുളളും, തിണ്ണകെട്ടാനുള്ള സിമന്റും ഇതുകൊണ്ട് വാങ്ങിക്കോളൂ. ഉടനെ ഞാനിനിയും പണം അയച്ചുതരുന്നുണ്ട്. കുറച്ചുനേരത്തെ ആലോചനയ്ക്കു ശേഷം ഉണ്ണിക്കൃഷ്ണന്‍ സാവിത്രിക്കും മക്കള്‍ക്കും സുഖം തന്നെയെന്നും ലീവ് കിട്ടിയാലുടന്‍ വരുന്നുണ്ടെന്നും കൂടി എഴുതി ചേര്‍ത്തു.
രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചതും മണിയോഡര്‍ അയക്കാന്‍ വരിനിന്നതും കാരണം ഉണ്ണിക്കൃഷ്ണന്‍ വല്ലാതെ ക്ഷീണിച്ചിരുന്നു. അതിനാല്‍ വാതിക്കല്‍ തന്നെയും കാത്തുനിന്നിരുന്ന സാവിത്രിയുടെ ചുമലില്‍ പിടിച്ചാണ് ഉണ്ണിക്കൃഷ്ണന്‍ അകത്തേക്കു കടന്നത്.
'ഒന്ന് നാട്ടില്‍ പോയി പോന്നിരുന്നൂച്ചാല്‍ ഇടനാഴിയിലെ ബള്‍ബ് നമുക്കുതന്നെ മേടിച്ച് ഇട്ടുകൊടുക്കാമായിരുന്നു.' കസേരയിലേക്ക് ഉണ്ണിക്കൃഷ്ണനെ പിടിച്ചിരുത്തുമ്പോള്‍ സാവിത്രി പറഞ്ഞു: 'ആ വള ഊരിയതോടെ, നോക്കൂ വിള്ളല്‍ പോയി, തേച്ചു കഴുകിയ കിണ്ണം പോലെയായി എന്റെ കാലും.'
കസേരയിലിരുന്നതും ഉറങ്ങിത്തുടങ്ങിയിരുന്ന ഉണ്ണിക്കൃഷ്ണന്‍ സാവിത്രി പറഞ്ഞത് കേട്ടതേയില്ല. തളര്‍ച്ചകൊണ്ട് ഗാഢനിദ്രയിലാ ഭര്‍ത്താവിനെ നോക്കിനില്‍ക്കെ, ഇനി ഇപ്പോള്‍ അദ്ദേഹത്തെ ഉടനെ വിളിച്ചു പറയുകയാണൊ വേണ്ടതെന്ന് സാവിത്രിക്ക് വീണ്ടും സംശയമായി.
'സത്യത്തില്‍, തന്റെ അച്ഛനെപ്പോലെതന്നെ, ഇത്ര പെട്ടെന്ന് മരിക്കുമെന്ന് ഉണ്ണ്യേട്ടന്റെ അച്ഛനും വിചാരിച്ചിരിക്കയില്ല. അച്ഛന്റെ ആയുസ്സ് എണ്‍പത്തിമൂന്നാണെന്ന് ഉണ്ണ്യേട്ടനും പേര്‍ത്തുംപേര്‍ത്തും പറയാറുള്ളതാണ്.' ഉണ്ണ്യേട്ടന്റെ തലയ്ക്കുകീഴെ തലയണ വച്ചുകൊടുത്ത് നേരെ കിടത്തി സാവിത്രി ഓര്‍ത്തു: ഒരു പക്ഷേ, ഉണ്ണ്യേട്ടനു തെറ്റിയത് അച്ഛന്റെ വയസ്സ് കണക്ക് കൂട്ടിയതിലാവണം.

പൗരധര്‍മ്മവും ഫിസിക്‌സ് പ്രാക്ടിക്കല്‍സും

ഒരു നഗരത്തിന്റെ, കുറച്ചൊക്കെ സിവിലൈസ്ഡ് എന്നു വിളിക്കാവുന്ന ഒരു ഭാഗത്ത് ജീവിക്കുന്നതുകൊാവണം ഞങ്ങളില്‍ പലരും ഒരു പുലിക്കുട്ടിയെ കിരുന്നില്ല. ഞങ്ങളുടെ കെട്ടിടത്തിലും അതിനുചുറ്റുമുള്ള പ്രദേശങ്ങളിലും ഒരു പുലിക്കുട്ടി അലയുന്നു എന്നു കേട്ടപ്പോള്‍ അത്രയേറെ കൗതുകം തോന്നാന്‍ അതായിരുന്നു കാരണം.  പുലിക്കുട്ടിയെ  നേരില്‍ക്കവരെ ആരേയും ഞങ്ങള്‍ കില്ല. പക്ഷേ, നേരില്‍ കതുമാത്രം  വിശ്വസിക്കാന്‍ തുടങ്ങിയാല്‍ ദൈവത്തെവരെ നമുക്ക് തള്ളിപ്പറയേിവരും. അതു മാത്രമല്ല, ഗണേശ് ഭട്ടിനാവട്ടെ, ശര്‍മ്മയ്ക്കാവട്ടെ, ഒരു പുലിക്കുട്ടിയുടെ നുണക്കഥ പ്രചരിപ്പിക്കേ ആവശ്യവും ഉായിരുന്നില്ല.  രുദ്രാക്ഷംപോലെ ചുവന്ന പാടുകള്‍ ചിതറിയ പുറം തോലുമായാണ് പുലി പ്രത്യക്ഷപ്പെട്ടതെന്ന് കവര്‍ പറഞ്ഞപ്പോള്‍ ഗണേശ് ഭട്ട് കൈകൂപ്പി.  നഗരത്തില്‍ കാറ്റും വെളിച്ചവും വേത്ര കടക്കാത്ത ഇടുങ്ങിയ മുറികളില്‍ ഞെരുങ്ങി, വെയിലത്തു ണക്കാന്‍ ഇടയ്ക്കുപോലും സമയം കിട്ടാത്ത കരിംപായല്‍ പിടിച്ച മനസ്സുകളുമായി ജീവിക്കുന്ന ഞങ്ങള്‍ക്ക് പുലിക്കഥ കുളിര്‍കാറ്റുപോലെ ഉന്മേഷം നല്‍കി.
''കലിയുഗത്തില്‍ ഇത്തരമൊരു പുലിയുടെ പുറത്താവും ഭഗവാന്‍ അവതരിക്കുന്നത്.'' കഥ കേള്‍ക്കാന്‍ ഗണേശ് ഭട്ടിനു ചുറ്റും കൂടിയ ഞങ്ങളോട് അദ്ദേഹം പറഞ്ഞു. ''അനീതിയും അസത്യവും അതിരുകടക്കുന്ന ഇക്കാലത്ത് അജ്ഞരായ മനുഷ്യര്‍ക്ക് എന്തെങ്കിലും ഒരു നിമിത്തം കാണിച്ചു കൊടുത്താലെ പറ്റൂ എന്ന് ഭഗവാനും തോന്നിയിരിക്കണം.  സ്വന്തം സൃഷ്ടികളാണല്ലോ അവര്‍.''
നിത്യനൈമിത്തികങ്ങളില്‍പ്പെട്ടുഴലുന്ന സാധാരണക്കാരായ ഞങ്ങള്‍ക്ക് അവതാരങ്ങളും അവരുടെ സിദ്ധികളും ഒക്കെ വലിയ കാര്യമായിരുന്നു. ഞങ്ങളുടെ മനസ്സു കാണുന്ന ഒരാളെ ഞങ്ങള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ടും കുറെനാളായി. കാരണം ചൊടിയും ചുണയും കാര്യങ്ങള്‍ നടത്താന്‍ തന്റേടവുമുള്ള ഒരുത്തന്‍ (ഒരുത്തി) രക്ഷയ്ക്കുങ്കില്‍ അതൊരു സമാധാനമാണ്. കാശു കൊടുത്തു വാങ്ങിയ വീടും കുടിയും നിയമാനുസൃതമല്ലെന്നും വിധിയും ബുള്‍ഡോസറും ആയി എത്തുന്ന മുന്‍സിപ്പാലിറ്റിക്കാര്‍, കുറ്റവാളിക്കെതിരെ തെളിവു പറയാന്‍ ധൈര്യമില്ലാത്ത കോളണിയിലേക്കുള്ള കുടിജലം നിര്‍ത്തലാക്കുന്ന പോലീസുകാര്‍, വര്‍ഷങ്ങളായി വൃത്തിയാക്കാതെ കിടക്കുന്ന സ്വീവേജ് പൈപ്പുകളില്‍നിന്ന് നടവഴിയിലേക്ക് എന്നും ഏന്തിത്തുളുമ്പുന്ന അഴുക്കുവെളളം, മുററത്ത് ഒരു മുരിങ്ങ വയ്ക്കാന്‍ ഒന്നു കിളച്ചാല്‍ മരാമത്ത് ഹഫ്ത പിരിക്കാനെത്തുന്ന ലോക്കല്‍ ദാദമാര്‍, ഇവരൊക്കെ നിറഞ്ഞതാണ് ഞങ്ങളുടെ ദൈനംദിന ലോകം. ന്യായവാദങ്ങളോ തര്‍ക്കങ്ങളോ ഒക്കെ എന്നേ ഞങ്ങള്‍ ബുദ്ധിപൂര്‍വ്വം നിര്‍ത്തിയിരുന്നു. ചോദിച്ചതു കൊടുത്ത് മിാതിരിക്കും. പോലീസില്ലേ എന്നാണ് ചോദ്യമെങ്കില്‍, അത്തരം എല്ലാ യൂണിഫോമുകളോടുമുളള അവജ്ഞ ഒരു റേഷ്യല്‍ മെമ്മറിയായി ഞങ്ങള്‍ക്ക് കിട്ടിക്കഴിഞ്ഞിരുന്നു എന്നാണ് എനിക്കു തോന്നുന്ന ഉത്തരം. ഏതായാലും ഏതൊരു കാര്യത്തിനും ഞങ്ങളാരും പോലീസിനെ സമീപിക്കാറില്ല. അത്രയും പണവും മാനവും നഷ്ടം. ''നീതിയിലും സത്യത്തിലും പരമവിശ്വാസമുളള മേനോന്‍സാറു പോലും പറയും ''അതേതായാലും വേ.''
പുലിക്കുട്ടിയില്‍നിന്നും ജഡാധാരിയിലേക്ക് സംഗതികള്‍ വളര്‍ന്നത് മെക്കാനിക് ശര്‍മ്മയിലൂടെയായിരുന്നു. രാമത്തെ ഷിഫ്‌ററ് കഴിഞ്ഞ് പാതിരയ്ക്ക് ഫാക്ടറിയില്‍നിന്നും മടങ്ങുന്ന ശര്‍മ്മ, കളള വാറ്റുകാര്‍ തമ്പടിച്ച അഴുക്കുചാലിനടുത്തെ ഇരുട്ടുമൂലയിലെത്തുമ്പോള്‍ വാച്ചൂരി ബനിയനകത്തേക്കിട്ട് രാമനാമം ജപിക്കുകയാണത്രേ പതിവ്. അന്ന് കളളവാറ്റുകാരോ ചാലില്‍നിന്ന് വഴിയിലേക്കേന്തിയ അഴുക്കു വെളളമോ അവിടെ ഉായിരുന്നില്ല. പകരം വഴിമുട്ടി നിന്ന് കാററത്ത് പാറിപ്പറക്കുന്ന ഭീമാകാരമായ ഒരു ജഡയാണ് ശര്‍മ്മയെ എതിരേററത്. ചന്ദ്രക്കലയുടെ പ്രകാശത്തില്‍ മുക്കണ്ണിനു മുകളിലെ മൂവരക്കുറി വെളളി പോലെ തിളങ്ങി. നിന്ന നില്‍പില്‍ രാമനാമം മറന്ന് ഓം ശിവായനമ എന്ന നിലവിളിയോടെ കാല്‍ക്കല്‍ വീണുപോയ ശര്‍മ്മയുടെ കണ്ണില്‍ ചുവപ്പു പാടുകള്‍ ചിതറിയ പുലിക്കുട്ടി പെട്ടതപ്പോഴായിരുന്നു. വൃത്തികേടുകള്‍ നീക്കി ഓവുചാലിലൂടെ അഴുക്കുവെളളം കുലംകുത്തിയൊഴുകിയിരുന്നത്രെ. അതിനു മുകളില്‍ അലച്ചുയരുന്ന സുഗന്ധം നിറഞ്ഞ കാററിലാണ് ശര്‍മ്മ ആ അശരീരി കേട്ടത്. ''മുന്നോടിയും രക്ഷകനും ഞാനാകുന്നു.'' ശുദ്ധസംസ്‌കൃതത്തിലായിരുന്നു വചനം. ''എന്നെ പിന്‍തുടരുക.''
കണ്ണുതുറക്കുമ്പോള്‍ വീട്ടുവാതില്‍ക്കല്‍ പനിച്ചു പൊളളിക്കിടക്കുകയായിരുന്നു ശര്‍മ്മ. ''വല്ലാതെ പേടിച്ചിരിക്കുന്നു.' ശര്‍മ്മയുടെ നെററിയില്‍ വെളളം നനച്ച് തണുപ്പിച്ച് മേനോന്‍സാറ് പറഞ്ഞു. ''അര്‍ദ്ധരാത്രിക്കല്ലേ. മനസ്സ് പതുക്കെ പതുക്കെ തണുക്കന്നെ വേണം.''
വിഭൂതി മുഖര്‍ജിയുടെ വീട്ടുവാതില്‍ക്കല്‍ മൂവരയുളള തൊടുകുറികള്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയപ്പോള്‍ അയല്‍വക്കക്കാരായ ഞങ്ങളൊക്കെ പരസ്പരം മുഖത്തോടുമുഖം നോക്കി. ഓപ്പറേഷന്‍ സമയത്ത് ഡോക്ടര്‍ അശ്രദ്ധമൂലം നാപ്കിന്‍ വയററിലിട്ട് തുന്നിക്കൂട്ടിയതിനുശേഷം നരകവേദന തിന്നുകയായിരുന്ന വിഭൂതി എല്ലാം മറന്ന് നിവര്‍ന്നിരുന്നു. മുന്നിലേക്കുറച്ച കണ്ണുകള്‍. കഴുത്തറക്കുന്ന ചികിത്സാഫീസ് വാങ്ങിയിരുന്ന അഹംഭാവിയായിരുന്ന ഡോ.പെട്‌ണേക്കര്‍, ധ്യാനത്തിലെന്നപോലെ  അനക്കമറ്റിരുന്ന വിഭൂതിയുടെ കാല്‍ക്കല്‍ വീണു. ''എന്താ ശിക്ഷ എന്നു വച്ചാല്‍ കല്പിക്കാം.'' വെളുത്ത സഫാരി സൂട്ടില്‍ വിഭൂതിയുടെ വീട്ടിലെ മണ്‍നിലത്ത് പൊടിപറ്റുമെന്നതൊക്കെ മറന്ന് പെട്‌ണേക്കര്‍ വീും വീും തലമുട്ടിച്ചു. ''എത്ര പണമാണ് എന്നു വച്ചാല്‍ പറയാം. അടിയനവിടെ എത്തിച്ചോളാം.''
ജാതിയും മതവും ഭാഷകളും ഒന്നും വേര്‍തിരിക്കാത്ത നിതാന്തമായ ഒരാവേശത്തില്‍, പെട്‌ണേക്കറെപോലും മുട്ടുകുത്തിച്ച ശക്തിയെ ഓര്‍ത്ത് ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു. ഒരു വിജേതാവിന്റെ ആള്‍ക്കൂട്ടം വായുവിലേക്ക് പൊക്കിപ്പിടിച്ച് ആര്‍പ്പുവിളിക്കുന്നതുപോലെയാണ് ഈ ശക്തിയെ ഞങ്ങള്‍ എതിരേറ്റത്. സന്മാര്‍ഗ്ഗത്തിന്റെയും സദാചാരത്തിന്റെയും സുരക്ഷിതത്വത്തിന്റെയും സുഗന്ധംപോലെ ആ സാന്നിധ്യം ഞങ്ങളില്‍ പടര്‍ന്നു. ഭക്തിയുടെയും പ്രതീക്ഷയുടെയും ലഹരി നിറഞ്ഞ ആ അന്തരീക്ഷത്തില്‍ സാവന്ത് പെട്ടെന്ന് വിറച്ച് കരയാന്‍ തുടങ്ങി. താന്‍ മഹാപാപിയാണെന്ന് വിലപിച്ചുകൊും മാപ്പിനിരന്നുകൊും സാവന്ത് വെറും മണ്ണിലുരുു. തൂപ്പുകാരന്‍ മനോഹറിന്റെ എട്ടു വയസ്സുകാരി മകളെ പന്നിക്കൂട്ടിനടുത്തിട്ട് ബലാല്‍സംഗം ചെയ്തത് സാവന്തായിരുന്നു എന്ന ഞങ്ങളുടെ സംശയം അതോടെ ഉറപ്പായി. സാവന്ത് അത് നിഷേധിച്ചതുമില്ല. ശര്‍മ്മയും ഭട്ടും പിന്നെ ഒട്ടും വൈകിച്ചില്ല. ദിവസങ്ങള്‍ക്കുള്ളില്‍ പൊട്ടിപ്പൊളിഞ്ഞുകിടന്ന ആര്‍ക്കും വോത്ത അമ്പലമണ്ഡപത്തിനു മുകളില്‍ പറക്കുന്ന ജഡയും തിളങ്ങുന്ന മുക്കണ്ണും സ്ഥലം പിടിച്ചു. മൂന്നു തൊടുകുറിയിട്ട പ്രതിപുരുഷന്മാര്‍ മഞ്ഞ ബാന്‍ഡുകള്‍ കൈയില്‍ അണിഞ്ഞ് കലഹത്തിനും വഴക്കിനും മധ്യസ്ഥം പറഞ്ഞു.
''തുളയ്ക്കുന്ന ആ നോട്ടം മേലില്‍ തട്ടിയാല്‍ ഒരു കുളിരുപോലെ വരും.''
ഭട്ട് പറഞ്ഞു: ''നുണ പറയാന്‍ പോട്ടെ, ആലോചിക്കാന്‍ പോലും ധൈര്യം വരില്ല.''
പ്രതിമ പണിയാനും മണ്ഡപം പുതുക്കി ദര്‍ശനത്തിനുള്ള ഹാളാക്കാനും പണം വെള്ളംപോലെ ഒഴുകി. അലയടിച്ചെത്തുന്ന അനീതിക്കും അക്രമത്തിനുമെതിരെ ഒരണകെട്ടുന്നതുപോലെയാണ് ഞങ്ങള്‍ക്ക് പലര്‍ക്കും തോന്നിയത്. ഞങ്ങള്‍ കയ്യയച്ചു സഹായിച്ചു. മണ്ഡപത്തിനു ചുറ്റുമുള്ള പൊതുസ്ഥലം അതിരിട്ട് തിരിച്ച് ഭക്തര്‍ക്ക് വെയില്‍ കൊള്ളാതെ നില്‍ക്കാനുള്ള  പന്തലിടാന്‍ മുന്‍സിപ്പാലിറ്റിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മി.ജോഷി തയ്യാറെടുത്തപ്പോള്‍ പക്ഷേ, എനിക്ക് പേടി തോന്നി.
''സ്‌കൂളിനനുവദിച്ച കളിസ്ഥലല്ലെ അത്?'' അവിടെ കുറ്റിയടിച്ച് വേലികെട്ടുന്നവരെ ക ഞാന്‍ അടുത്ത വീട്ടിലെ മീനാക്ഷി ടീച്ചറോട് ചോദിച്ചു.
''അതെ പക്ഷേ, അതിലും നല്ല കാര്യത്തിനല്ലേ അത് ഉപയോഗിക്കാന്‍ പോണത്? ദൈവകാര്യത്തിലും വലിയൊരു കളിയുാേ? ''
''ടീച്ചറുടെ മുറ്റത്താവേിയിരുന്നു പന്തല്.'' കഴുത്തുവരെ വളര്‍ത്തിയ മുടിയില്‍ റബ്ബര്‍ബാന്‍ഡ് ഇറുക്കി ഇട്ടുകൊ് സാമുവല്‍ പെട്ടെന്നു പറഞ്ഞു.
''ദൈവാണൊ കാശുമുടക്കി വാങ്ങിയ സ്വന്തം മുറ്റമാണൊ വലുത് എന്ന് അപ്പോ കാണായിരുന്നു.'' ''എന്നാല്‍ എന്റെ ഭാഗ്യാന്ന് കരുതും. ദൈവം പിടിവാതിക്കലെത്തണത് ഭാഗ്യമല്ലെങ്കില്‍ പിന്നെ എന്താ? '' മീനാക്ഷി പറഞ്ഞു.
ദര്‍ശനത്തിന് ഒരിക്കലും കാണാറില്ലല്ലോ എന്ന പരിഭവവുമായി മഞ്ഞബാന്‍ഡുകള്‍ വിതരണം ചെയ്യാനെത്തിയ അനുയായികളോട് സാമുവല്‍ പറഞ്ഞത്, ലോകം മുഴുവന്‍ ഇരുന്നിടത്തിരുന്ന് കാണാന്‍ കഴിയുന്ന ദൈവത്തിന് ഞാനിവിടെയായാലും എന്റെ മനസ്സും കൂടെ എന്നാണത്രേ. സാമുവല്‍ മഞ്ഞബാന്‍ഡ് വാങ്ങിയതുമില്ല.
''അത് വോയിരുന്നു'' ഞാന്‍ പറഞ്ഞു. ''ആ മഞ്ഞ ബാന്‍ഡ് വീട്ടില്‍വാങ്ങി വച്ചതുകൊ് ഒന്നും നഷ്ടപ്പെടാനില്ല.''
''അങ്ങനെ എനിക്ക് തോന്ന?െ'' സാമുവലിന്റെ മുഖം വല്ലാതെ തുടുത്തു.
''ആരും ഒരു മഞ്ഞബാന്‍ഡ് എന്റെ മനസ്സിനു മുകളില്‍ ഒട്ടിച്ചു വയ്ക്ക.''
ഭാഗ്യം വരുന്നു! സാമുവല്‍ കാര്‍ക്കിച്ചു തുപ്പി. ''വീട്ടുവാതില്‍ക്കലല്ലേ ദൈവം? എന്നിട്ടും ഇങ്ങനെ അലറിവിളിച്ചാലെ ജോഷിയുടെ മകള്‍ കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് ദൈവത്തിന് മനസ്സിലാവൂ? ചെവി കേള്‍ക്കില്ലേ ദൈവത്തിന്? ''
രുനാലു ദിവസമായി മണ്ഡപത്തില്‍നിന്നും നിര്‍ത്താതെ ഉയരുന്ന ലൗഡ്‌സ്പീക്കര്‍ ഭജനയെക്കുറിച്ചായിരുന്നു സാമുവല്‍ പറഞ്ഞത്. ജോഷിയുടെ മകളുടെ കല്യാണം പ്രമാണിച്ചാണ് അതെന്ന് മിസ്സിസ് മേനോന്‍ പറഞ്ഞുതന്നിരുന്നു.
''കണ്ണും ചെവിയും കേള്‍ക്കാനില്ലാതെ നരകിക്കണതല്ലേ ഭാഗ്യം!'' ഇന്നലെ ഓഫീസില്‍ നിന്നും വന്നെത്തുമ്പോള്‍ മൂന്നുനാലു കുഷനുകള്‍ ചെവിക്കുമേല്‍ അമര്‍ത്തിവച്ച് അസഹ്യതയോടെ ചുരുുകൂടുന്ന സൂരജിന്റെ ചിത്രമാണ് എന്റെ മനസ്സില്‍ പെട്ടെന്നു വന്നത്.
''രാവും പകലും കിടന്നുറങ്ങിയാല്‍ മതി.'' താന്‍ സൂരജിനുനേരെ ശുണ്ഠിയെടുത്തു. പരീക്ഷ തലേല്‍ക്കേറി.  വിയര്‍പ്പു വെള്ളമാക്കിയിട്ടാണ് ഞാന്‍ നിന്നെ പഠിപ്പിക്കാനുള്ള കാശ് തെിക്കുന്നത്.
ഞാന്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയായിരുന്നു. ഒരു ഇടത്തരം കുടുംബത്തില്‍പെട്ട എനിക്ക് കുട്ടികളുടെ പഠിപ്പ് അങ്ങനെ നിസ്സാരമാക്കി തള്ളിക്കളയാവുന്ന സംഗതിയായിരുന്നില്ല.  പ്രൈവറ്റ് ട്യൂഷന്‍, കോച്ചിങ് ക്ലാസ്സ്, പോക്കുവരവ്, ശാപ്പാട് എല്ലാറ്റിനും കൂടി മാസം ഒരു നല്ല തുകവേണം. ശ്രദ്ധ വേയിടത്ത് നില്‍ക്കാനും ഓര്‍മ്മശക്തി ഉാവാനുമുള്ള മരുന്നും ഡോക്ടര്‍മാരും പുറമേ.  പന്ത്രാം ക്ലാസ്സില്‍ പഠിക്കുന്ന സൂരജിന് ഒരുമാര്‍ക്കു കുറഞ്ഞാല്‍ ചിലപ്പോള്‍ ഈ ചെലവാക്കിയ ആയിരങ്ങളാണ് വെള്ളത്തിലാവുക. കുട്ടികളുടെ ടെന്‍ഷനും നിരാശയും ഡൊണേഷന്‍ വേവലാതിയും ഡിപ്രഷനും വേറെ.  കഴിഞ്ഞ പരീക്ഷയില്‍ 1 മ്മ മാര്‍ക്കു കുറഞ്ഞ് സീറ്റു നഷ്ടപ്പെട്ട ഡോ. റാവുവിന്റെ മകള്‍ ഇപ്പോഴും പ്രാന്തിയെപോലെ വീട്ടിനുളില്‍ വാതിലടച്ചിരിപ്പാണ്.
എന്റെ വയര്‍ ഒന്നാകെ കാളി.
''അമ്മയ്ക്ക് കേള്‍ക്കാനില്ലെ ഈ ബഹളം?'' സൂരജ് കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു.  ''എങ്ങനെ പഠിക്കാനാണിവിടെ?'' ജനലുകളും വാതിലുകളും പഴുതില്ലാതെ സൂരജ് കൊട്ടിയടച്ചിട്ടും ലൗഡ് സ്പീക്കറിലൂടെ അലതല്ലിയ ഭജന മുറിയില്‍ മുഴുവന്‍ നിറഞ്ഞു നിന്നിരുന്നു എന്നത് താനപ്പോഴാണ് ശ്രദ്ധിച്ചത്.
''അകലെയുള്ള പാര്‍ക്കില്‍ പോയിരിക്കുകയാണ് ഒരു വഴി.'' ഒരു വലിയ കഷ്ണം പഞ്ഞി സൂരജിന്റെയും എന്റെയും ചെവിയില്‍ തിരുകി ഞാന്‍ സ്വയം പറഞ്ഞു: ''അല്ലെങ്കില്‍ അറ്റകൈയിന് സരിതയുടെ വീട്ടില്‍ പോകാം.''
''അമ്മയെ ഇന്നു വൈകുന്നേരം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. '' നീ മുടിയില്‍ നിന്നു കൈയെടുത്ത് സാമുവല്‍ മുഖം അമര്‍ത്തിത്തുടച്ചു. വാതില്ക്കല്‍ നിന്നു. ''ജോഷി വരട്ടെ.  ഇതൊന്ന് നിര്‍ത്താന്‍ പറ്റുമോ എന്ന് നോക്കണമല്ലോ.''
നാലു ദിവസം കഴിഞ്ഞാല്‍ സൂരജിന്റെ പരീക്ഷയായി.
''ജോഷിയോട് ഞാന്‍ പറഞ്ഞുനോക്കാം.'' ഞാന്‍ അനുനയത്തില്‍ സാമുവലിനോട് പറഞ്ഞു: ''സാമുവല്‍ അമ്മയുടെ അടുത്തിരുന്നാല്‍ മതി.'' സാമുവലിന്റെ അമ്മ ഹൃദ്രോഗിയായിരുന്നു. ആശുപത്രിയില്‍നിന്നും ഇവിടേക്കാണ് വരുന്നതെങ്കില്‍ ഉറക്കം തീരെ ശരിയാവില്ല.  സാമുവലിന്റെ ടെന്‍ഷന്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.  സാമുവല്‍ അങ്ങോട്ടുമിങ്ങോട്ടും വെറുതെ നടന്നു.
സാമുവലും ജോഷിയും കൂട്ടിമുട്ടിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴയുകയേയുള്ളൂ എന്നെനിക്ക് തീര്‍ച്ചയായിരുന്നു. സാമുവലിന് മൂക്കത്താണ് ശുണ്ഠി. രും കല്പിച്ച് ജോഷിയെ കുകളയാമെന്നു വച്ചത് അതുകൊാണ്.
ജോഷിയുടെ കാര്‍ വരുന്നതുവരെ താന്‍ ജനാലയ്ക്കല്‍ തന്നെ നിന്നു. കാര്‍ വന്നത് വളരെ വൈകിയാണ്.
''അതും ഒരു സ്ത്രീ! ''
 ''മകനു് കൂടെ.' സൂരജിനെ മുന്നിലേക്കു നീക്കി ഒരു വിശദീകരണംപോലെയാണ് താനതു പറഞ്ഞത്.  പറഞ്ഞുകഴിഞ്ഞതും അതിലെ സ്വയം നീതീകരിക്കാനുള്ള ത്വര എന്നെത്തന്നെ അറപ്പിച്ചു.
''സൂരജിന് പരീക്ഷയാണ്.'' ജളത മറച്ചുവയ്ക്കാന്‍ ഞാന്‍ എന്റെ ശബ്ദം കടുപ്പിച്ചു. അല്ലെങ്കില്‍ത്തന്നെയും രോഗികളു്. ചെയ്യാന്‍ മറ്റു കാര്യങ്ങളും മറ്റുള്ളവര്‍ക്കുമില്ലേ? മൂന്നുനാലു ദിവസമായി ഈ ബഹളം...''
''ഇതൊരു കല്യാണവീടാണ്.  പാട്ടും ഭജനയും ബഹളവും ഉായെന്നുവരും.  കല്യാണം കഴിയുന്നതുവരെയും ഉാവും. ''
''ശബ്ദം കുറയ്ക്കാന്‍ മാത്രമാണ് ഞാന്‍ അപേക്ഷിക്കുന്നത്. ഓരോരുത്തരും ഇങ്ങനെ ഓരോന്നാഘോഷിക്കാന്‍ തുടങ്ങിയാല്‍ മറ്റുള്ളവര്‍ എന്തു ചെയ്യും? പരീക്ഷ....''
മറ്റുള്ളവരോ? നിങ്ങള്‍ക്കു മാത്രമല്ലേ പരാതി? സൗകര്യവും ധനശേഷിയും ഉള്ളവര്‍ ചെയ്യുന്ന കാര്യങ്ങള്‍ അതൊന്നും പരിചയമില്ലാത്ത ചിലര്‍ക്ക് മനസ്സിലായെന്നു വരില്ല.'' ജോഷിയുടെ വാചകത്തിലെ കുത്ത് ശരിക്കും എനിക്ക് കൊിരിക്കണം.  എന്റെ ശബ്ദം ആവശ്യത്തിലധികം ഉയര്‍ന്നു.
''മറ്റുള്ളവരുടെ കഷ്ടപ്പെടുത്തിയാണോ മാന്യന്മാര്‍ മകളുടെ കല്യാണമാഘോഷിക്കുന്നത്?''
''മാഡം, ലൗഡ് സ്പീക്കര്‍ കല്യാണാഘോഷത്തിന്റെ ഭാഗമാണ്.'' ജോഷിയുടെ മുഖത്തെ പേശികള്‍ വിറയ്ക്കുകയും വലിയുകയും ചെയ്തു. മാന്യന്മാര്‍ ഇങ്ങനെയാണ് കല്യാണമാഘോഷിക്കുന്നത്.                 തടയാമോ എന്നൊന്ന് നോക്കിനോക്കൂ.''
വാതില്ക്കല്‍ കൂടുതല്‍ മുഖങ്ങളെത്തി. രുപേരുടെയും ശബ്ദം ഉയര്‍ന്നിരുന്നതുകൊാവണം എതിരേയും മുകളിലുമുള്ള ഫ്‌ളാറ്റുകളുടെ വാതിലുകള്‍ തുറന്നു.
''അമ്മ വരൂ.''  സൂരജ് കൈ പിടിച്ചുവലിച്ച് കോണിയിറങ്ങാന്‍ ആഞ്ഞു.
''ശരി അങ്കിള്‍, വരട്ടെ.''
കോണിയിറങ്ങി വീട്ടിലെത്തുമ്പോഴേക്കും ലൗഡ്‌സ്പീക്കര്‍ ഒന്നുകൂടി ഉച്ചത്തിലായി. സൂരജ് തന്റെ മുഖത്തുനോക്കി ചിരിക്കുകയാണ്.
ജാള്യതയും ചളിപ്പും കാരണം കണ്ണുകള്‍ നിറയുമോ എന്നായിരുന്നു പേടി.
''ഞാനപ്പോഴേ പറഞ്ഞു'' വാതില്‍ പിന്‍കാല്‍കൊ് ആഞ്ഞടച്ച് സൂരജ് സോഫയിലേക്ക് മറിഞ്ഞു: ''പക്ഷേ അമ്മയ്ക്ക്...''
സൂരജിന്റെ മുഖത്തുനോക്കാതെ മേശപ്പുറത്തുനിന്നും ഒരു വാശിയോടെയാണ് ഫോണ്‍ എടുത്തത്.
''അവിടെ ഒരു കല്യാണമാണ് മാഡം.'' പോലീസ് ഓഫീസറാണ്.  ''മാഡത്തിന്റെ അയല്‍വക്കമല്ലേ? കല്യാണത്തിന് പാട്ടും ആട്ടവും ഭജനയും ഒക്കെ പതിവല്ലേ? ''
''മനുഷ്യര്‍ ഇങ്ങനെ കല്യാണം കഴിക്കാന്‍ തുടങ്ങിയാല്‍ അയല്‍വക്കക്കാര്‍ തെിപ്പോകും ഓഫീസര്‍. മൂന്നുനാലു ദിവസമായി... ''
''ഭക്തിഗാനങ്ങള്‍ തടയുന്നത് മതവികാരങ്ങളെ മുറിപ്പെടുത്തലാവും'' ഓഫീസര്‍ ഗൗരവത്തിലാണ്.  ''സോറി.  ഞങ്ങള്‍ക്കത് ചെയ്തുകൂടാ. ''
''നിയമങ്ങള്‍ ഒരാള്‍ക്കുള്ളതല്ലല്ലോ.  മറ്റുള്ളവര്‍ക്കും ഇവിടെ ജീവിക്കണം.''
''ഓ നിരീശ്വരവാദിയാണ്! കുട്ടികള്‍ പരീക്ഷയെഴുതാനുള്ളപ്പോള്‍ മുക്കണ്ണനെ ധിക്കരിക്കാതിരിക്കുന്നതല്ലേ മാഡം നല്ലത്? എല്ലാവര്‍ക്കും നല്ലത്? ''
ഞാന്‍ പെട്ടെന്ന് ഫോണ്‍ താഴെ വച്ചു. കനല്‍ കൂട്ടിപ്പിടിച്ച കൈ പോലെ മനസ്സ് പൊളളയ്ക്കുന്നു.
പിറ്റേദിവസം ജോലി കഴിഞ്ഞെത്തുന്നതുവരെ ആരോടും മിിയതുപോലുമില്ല. പക്ഷേ മുറ്റത്ത് ആള്‍ക്കൂട്ടം കപ്പോള്‍ അന്തിച്ചുപോയി. മഞ്ഞ ബാന്‍ഡുകാരും അന്തേവാസികളും ഒക്കെയു്. ഈശ്വരാ ഇനി ഇന്ന് എന്താണ്. മനസ്സില്‍ ക്ഷീണം മാത്രമാണ് ബാക്കി. പെട്ടെന്നാണ് ചുവന്ന മുഖവുമായി കലിതുളളുന്ന സാമുവലിനെ കത്. തൊട്ടടുത്തുനിന്ന് സാമുവലിനെ ശാന്തനാക്കാന്‍ ശ്രമിക്കുകയായിരുന്നു മേനോന്‍ സാര്‍. അമ്മയുടെ രോഗവിവരങ്ങള്‍ ആശുപത്രിയില്‍നിന്ന് ഫോണില്‍ പറയുന്നത് കേള്‍ക്കാന്‍ സാധിക്കാത്തതായിരുന്നത്രേ സാമുവലിനെ ശുണ്ഠിപിടിപ്പിച്ചത്.
''ഇവിടം ഭരിക്കാന്‍ ഞങ്ങള്‍ മതി.'' ജോഷിയുടെ മകന്‍ സാമുവലിന്റെ തൊട്ടടുത്തെത്തി. ''ഇവിടുത്തെ കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിക്കും.''
 ''ഞങ്ങളോ?'' സാമുവലിന്റെ മുഖം തീനാളംപോലെ ചുവന്നു. സംഗതികളുടെ മാനങ്ങള്‍ മാറുന്നു എന്നും എനിക്ക് തോന്നി. ആള്‍ക്കൂട്ടത്തിനകത്ത് സൂരജ് ഉാേ എന്നാണ് ഞാനാദ്യം നോക്കിയത്. സ്‌നേഹിതന്റെ വീട്ടിലേക്ക് പോവുകയാണെന്ന് സൂരജ് രാവിലെതന്നെ പറഞ്ഞിരുന്നു.
''അതെ.'' ജോഷിയുടെ മകന്‍ ഒന്നുകൂടി മുന്നോട്ടാഞ്ഞു. ഇതൊന്നും കേള്‍ക്കോത്തവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പുറത്തു പോകാം.' ജോഷിയുടെ  മകന്റെ ഉയര്‍ത്തിപ്പിടിച്ച കൈത്തയിലെ മഞ്ഞബാന്‍ഡ് പോക്കുവെയിലില്‍ മിന്നി.  ''സൗകര്യം പോലെ തിരിച്ചു വന്നാല്‍ മതി.''
'പുറത്ത് പോകുന്നത് ലൗഡ്‌സ്പീക്കറായിരിക്കും.' സാമുവല്‍ നല്ല ചൂടിലാണ്. എന്റെ വീട്ടില്‍ എപ്പോള്‍ തങ്ങണം പുറത്തുപോണം എന്ന് ആരും കല്‍പ്പിക്ക.'
'ആങ്ഹ? കല്പിച്ചാല്‍ എന്തു ചെയ്യും? '
കുളത്തിലേക്ക് കലങ്ങിയൊഴുകുന്ന ഒരു തോടിന്റെ നേരിയ ഇരമ്പം പോലെ ഉത്കണ്ഠ നാലുപാടും പരക്കുന്നത് ഞാനറിഞ്ഞു. ആള്‍ക്കൂട്ടം കല്ലുവീണ വെളളത്തിലെ ഓളങ്ങള്‍പോലെപരക്കുകയാണ്. സാമുവലാണെങ്കില്‍ അടങ്ങുന്ന മട്ടല്ലതാനും.
പുറത്തുനിന്നും വന്നെത്തിയ സൂരജ് തന്നെകതും കൈപിടിച്ചു വലിച്ചു.
'അമ്മയ്ക്ക് മതിയായില്ലേ?' സൂരജിന്റെ ശബ്ദം വല്ലാതെകലിച്ചു 'എനിക്ക് പേടിയാവുന്നു. വരൂ.'
'ഇവരെയൊക്കെ ഇവിടെ വിട്ടിട്ടോ?' അസഭ്യം കേട്ടപോലെ ഞാന്‍ സൂരജിനെ തുറിച്ചുനോക്കി. 'ലൗഡ് സ്പീക്കര്‍ നിര്‍ത്തണം എന്നത് ന്യായമാണ്. നമ്മുടെയും ആവശ്യമാണ്.'
'അമ്മ വരൂ.' സൂരജ് വിടാനുള്ള ഭാവമില്ല.  'എനിക്കു കുറെ എഴുതാനു്.'
മേനോന്റെ ശബ്ദവും ജോഷിയുടെ മകന്റെ ഭീഷണിയും സാമുവലിന്റെ അട്ടഹാസവും എല്ലാംകൂടി കലങ്ങിക്കറങ്ങുന്ന ഒരു ചുഴിപോലെ വായുവില്‍ വട്ടം ചുറ്റി.
ഇതിനിടയില്‍ ആരാണ് ലൗഡ് സ്പീക്കര്‍ നിര്‍ത്തിയതെന്നോ എപ്പോഴാണ് മെയിനില്‍ നിന്നുള്ള വയര്‍ വലിച്ചുപൊട്ടിച്ചതെന്നോ ആര്‍ക്കും വ്യക്തമായില്ല. ജോഷിയുടെ മകന്റെ കൈ സാമുവലിന്റെ തലയ്ക്കു നേരെ ആയുന്നതുമാത്രം താന്‍ കു. സൂരജിന്റെ കൈയില്‍ ഞാന്‍ മുറുക്കെപ്പിടിച്ചു. നിലത്തുവീണു കിടക്കുന്ന സാമുവലിന്റെ മുഖം പിന്നെ കത് ആള്‍ക്കാരുടെ കാലിനടിയില്‍ക്കൂടി മാത്രമാണ്.  ഈ ഉന്തിനും തള്ളിനും ഇടയില്‍ മേനോന്‍ സാര്‍ മലര്‍ന്നടിച്ചുവീണ് നിശ്ചചലനായി.  അവിടെ നില്‍ക്കുകയാണോ പോവുകയാണോ വേതെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല. മഞ്ഞ ബോന്‍ഡുകാര്‍ തലങ്ങും വിലങ്ങും ഓടുന്നതിനിടയില്‍ കുനിന്നവര്‍ ഓരോരുത്തരായി പിന്‍വാങ്ങാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഇത്രയധികം മഞ്ഞബാന്‍ഡുകാര്‍ എവിടുന്നെത്തി എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. തുറന്നിട്ട വാതിലുകളും ജനലുകളും തുരെതുരെ അടഞ്ഞു. ഇഴഞ്ഞുകിടന്ന ഇലക്ട്രിക് വയര്‍ കഴുത്തില്‍ പിണഞ്ഞിട്ടായിരിക്കണം, രക്തം കട്ടപിടിച്ചുനിന്ന സാമുവലിന്റെ മുഖത്ത് കണ്ണുകള്‍ തുറിച്ചുവന്നു.
'അയാളെ വിടൂ' എന്റെ സാരിത്തലപ്പുകൊ് മുഖംമൂടി ഉറക്കെ നിലവിളിക്കാന്‍ തുടങ്ങിയിരുന്ന സൂരജിനെതള്ളിമാറ്റി ഞാന്‍ അലറി.  'അയാളിപ്പോള്‍ മരിക്കും.'  എങ്ങനെയെന്നറിയില്ല.  വീും പാടാന്‍ തുടങ്ങിക്കഴിഞ്ഞിരുന്ന ലൗഡ്‌സ്പീക്കറിന്റെ ശബ്ദത്തില്‍ എന്റെ ശബ്ദം അപ്പാടെ മുങ്ങി.
കെട്ടിടത്തിനുനേരെ അലറിവിളിച്ചോടുന്ന സൂരജിന്റെ മേല്‍ ആഞ്ഞുവീഴൂന്ന അടിയാണ് ഞാന്‍ പിന്നെ കത്.
ഒരൊറ്റ അടിയില്‍ സൂരജിന്റെ കൈയിലെ പുസ്തകങ്ങള്‍ അവിടം മുഴുവന്‍ ചിതറി. ഒരു പുഴുവിനെപ്പോലെ സൂരജ് അടിച്ച ആ കൈത്തയ്ക്കു മീതെ ചുരുുരുളുന്നത് ഒരു സ്വപ്നത്തിലെന്നപോലെ ഞാന്‍ കു. കിടന്നിടത്തുകിടന്ന് ജോഷിയുടെ മകന്റെ കാലില്‍ ഒരു നനഞ്ഞ തുണിപോലെ ഞാന്‍ ചുറ്റിപ്പിടിച്ചു.
'അവനെ വിടൂ' ഞാന്‍ എല്ലാ നാണവും മറന്ന് കെഞ്ചി. 'പോലീസിനെ വിളിച്ചത് ഞാനാണ്.  അവന് പരീക്ഷയാണ്.'
'വിളിക്കെടീ പോലീസിനെ.' ഇല്ല, ഇനിയൊരിക്കലും ഞാന്‍ വിളിക്കില്ല.  ഞാന്‍ ഉറക്കെ കരഞ്ഞു: 'സൂരജിനെ വിടൂ.'
ആശുപത്രിയിലേക്കുള്ള വഴിയില്‍ സൂരജിന്റെ തല മടിയില്‍വെച്ച് കാറിലിരിക്കുമ്പോള്‍ രു മഞ്ഞ ബാന്‍ഡുകാരല്ലാതെ ആരും എനിക്ക്  തുണയുായിരുന്നില്ല.
വേലകഴിഞ്ഞ പറമ്പുപോലെ ഒഴിഞ്ഞുകിടന്ന പറമ്പില്‍ ഇലക്ട്രിക് വയറോ ലൗഡ്‌സ്പീക്കര്‍ സെറ്റോ ആള്‍ക്കാരോ ഒന്നുമുായിരുന്നില്ല.
സാമുവലും അവിടെ ഉായിരുന്നില്ല.
ബോധം വന്നതിനുശേഷം സൂരജും തന്നോട് അധികം സംസാരിക്കാറില്ല.
എന്നേയോ സൂരജിനേയോ കാണാന്‍ ആശുപത്രിയില്‍ ആരും വന്നതുമില്ല.
ആള്‍ക്കൂട്ടത്തില്‍ നിന്നും രക്ഷപ്പെടാനോടിയ സാമുവല്‍ സ്വീവേജ് ചാലിലേക്ക് കാല്‍ തെറ്റി വീണു കാണാതായതു ഞാനറിഞ്ഞതും അതിനാല്‍ ഏറെ ദിവസം കഴിഞ്ഞ് എനിക്ക് തുണവന്ന മഞ്ഞ ബാന്‍ഡുകാരില്‍ നിന്നുതന്നെയാണ്.
'സാമുവല്‍ ഓടിയതേയില്ലല്ലോ.' കഥ കേട്ടപ്പോള്‍ ഞാന്‍ സൂരജിനെ നോക്കി പൊടുന്നനെ പറഞ്ഞു: ഇലക്ട്രിക് വയര്‍ കഴുത്തില്‍ മുറുകുമ്പോള്‍ എങ്ങനെ ഓടാനാണ്?
'ജിതുവിന്റെ വീട്ടില്‍ നിന്നു വരുമ്പോഴാണ് ഞാനത് കത്.' സൂരജ് പറഞ്ഞു. 'സാമുവല്‍ അങ്കിള്‍ മറുപുറത്തേക്ക് ചാടാനാഞ്ഞപ്പോഴാണ് നടുവില്‍ വീണത്.'
വീടിനകം പൊടി മൂടിയിരുന്നു. സൂരജിന്റെ കൈയില്‍ നിന്നും അന്ന് ചിതറിയ പുസ്തകങ്ങള്‍ മിസ്സിസ് മേനോനായിരിക്കണം മേശപ്പുറത്ത് അടുക്കിവെച്ചിട്ടു്. സൂരജ് ഇമവെട്ടാതെ അത് നോക്കിനിന്നതും ഞാന്‍ ശ്രദ്ധിച്ചു.
'ഒരാളുപോലും ആശുപത്രിയില്‍ വന്നില്ല,' സൂരജിന്റെ തല മടിയിലെടുത്തുവെച്ച് സോഫയിലിരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു: 'മിസ്സിസ് മേനോന്‍ പോലും.'
'അങ്കിള്‍ നാട്ടില്‍പോയി.' സൂരജ് പറഞ്ഞു: 'ചിലപ്പോഴെ തിരിച്ചുവരൂ.'
സാമുവല്‍ സ്വീവേജ് ചാലിലേക്ക് വീണില്ല. സൂരജിന്റെ മുഖത്തേക്ക് ഉറ്റുനോക്കി ഞാന്‍ പറഞ്ഞു: 'സാമുവലിന്റെ കഴുത്തില്‍ വയര്‍ മുറുകുന്നത് ഞാന്‍ കണ്ണാലെ കതാണ്. '
അമ്മേ! സൂരജ് കിടന്നിടത്തുനിന്നും ഒരു പിടച്ചിലോടെയാണ് ചാടിയെഴുന്നേറ്റത്. 'അമ്മ ഒന്നു മിാതിരിക്കുമോ? '
'പോലീസിനോടിക്കാര്യം പറയേത് നമ്മുടെ, നമ്മെപോലുള്ളവരുടെ ചുമതലയാണ് സൂരജ്.' വാതിലിന്റെ ഓടാമ്പല്‍ നീക്കി ജനല്‍ ഒന്നുകൂടി അമര്‍ത്തി അടച്ച് ഞാന്‍ സൂരജിന്റെ തലയില്‍ തലോടി.
'സാമുവല്‍ അങ്കിള്‍ അഴുക്കുചാലിലേക്ക് കാല്‍തെറ്റിവീണത് ഞാന്‍ കണ്ണാലെ കതാണ്.' സൂരജ് പറഞ്ഞു: 'പോലീസിനുപോലുമതറിയാം.  അമ്മ അല്ലെന്നു പറഞ്ഞാലോ?'
തൊയില്‍നിന്നും തെന്നിപ്പോയ ഒരു നേര്‍ത്ത നിലവിളിയോടെ ഞാന്‍ സൂരജിനെ തുറിച്ചുനോക്കി.
'അങ്ങനെ പോലീസ് പറഞ്ഞോ?'
'അഴുക്കുചാലിന്റെ വളവിലുള്ള മൂലയില്‍ വെച്ചാണ് സാമുവല്‍ അങ്കിള്‍ മറുപുറത്തേക്ക് ചാടാനോങ്ങിയത്.' കുട്ടികള്‍ കൈയില്‍ കെട്ടിക്കൊടുത്തിരുന്ന മഞ്ഞ ബാന്‍ഡില്‍ സൂരജ് വീും                  തിരുപ്പിടിച്ചു.
സൂരജിന്റെ തലയില്‍ നിന്നും കൈയ്യെടുത്ത് തൊട്ടുമുന്‍പിലിരിക്കുന്ന ഫോണിലേക്ക് അതിന്റെ അകലത്തെ അറ്റങ്ങളിലേക്ക് ഞാന്‍ നോക്കി.
'അമ്മയ്ക്ക് ഫോണ്‍ ചെയ്യണോ?' സൂരജ് സാവധാനമാണ് ചോദിച്ചത്. അതിന്റെ കലിപ്പിനുമുകളില്‍ തുറന്ന അഴുക്കുചാലിലൂടെ ശക്തിയായി ഒഴുകുന്ന വെള്ളത്തിന്റെ ഇരമ്പവും പുതുക്കിപണിത മണ്ഡപത്തില്‍നിന്നുയരുന്ന ഭജനത്തിന്റെ അലകളും  ഒഴുകാതെ ഇളകാതെ തളം കെട്ടി.
കനച്ചുകിടക്കുന്ന തീയ്യില്‍ നിന്നാളിയ തീനാളംപോലെ സാമുവലിന്റെ മുഖം; ചുവന്നമുഖം മനസ്സില്‍ തികട്ടുന്നു.
'അമ്മയ്‌ക്കോര്‍മ്മയുാവില്ല.' എന്റെ തലയില്‍ പതുക്കെ മുതിര്‍ന്ന ഒരാളെപോലെ തടവി സൂരജ് പറഞ്ഞു: 'ഇന്നായിരുന്നു എന്റെ ഫിസ്‌ക്‌സ് പ്രാക്റ്റിക്കല്‍സ്.'

Monday, June 15, 2015

അക്ഷരത്തെറ്റുകള്‍

പാറകള്‍ തലങ്ങും വിലങ്ങും ചിതറിക്കിടന്ന പുഴ അര്‍ദ്ധവൃത്താകൃതിയില്‍ വളവ് തിരിയുന്നിടത്താണ് ഞങ്ങള്‍ ഇരുന്നത്. ഞാനും ഗോവിന്ദനും. പുഴയ്ക്കും ഞങ്ങള്‍ക്കും പിന്നില്‍ പാടങ്ങള്‍ തഴച്ചുനിന്നു.  സ്വച്ഛമായ ഒരാവരണംപോലെ. തന്റെ കൈകളില്‍ മലര്‍ന്നു കിടന്ന സന്ധ്യയുടെ വിക്ഷോഭങ്ങളില്ലാത്ത, തണുപ്പു പടര്‍ത്തുന്ന മുഖത്തിനു മുകളില്‍ ആകാശം നിശ്ചലമായി.
'ആദ്യമായി വരികയാണ് ഞാന്‍,' ഗോവിന്ദന്‍ പറഞ്ഞു. 'സുമയ്ക്ക് പരിചയമുണ്ടാകും അല്ലേ? '
'ധാരാളം'
'ദിനേശിന്റെ കൂടെ? '
ഞാന്‍ ഒരു നിമിഷം ഗോവിന്ദനെ നോക്കി.
'അതെ.' പുല്‍നാമ്പ് കൈയില്‍ ചുറ്റി സുമ ചിരിച്ചു.  'അതെ.'
'കാണാറില്ലേ ഇപ്പോള്‍?' കല്ലുകള്‍ക്കു മീതെ ഏന്തിയ വെള്ളം തട്ടി നനയുന്ന സാരി നീക്കി പതുക്കെയാണ് ഗോവിന്ദന്‍ ചോദിച്ചത്. സാരി നനയുന്നു.
ഉം, ഞാന്‍ പറഞ്ഞു. ധാരാളം എന്ന് പറഞ്ഞൂകൂടാ. പക്ഷെ, ഉവ്വ് കാണാറുണ്ട്. അവസാനം കാണുമ്പോള്‍ ദിനേശ് വല്ലാതെ മാറിക്കഴിഞ്ഞിരുന്നു. ചെന്നിയിലെ നരച്ച രോമങ്ങളിലും ചായംതേച്ച്  കറുപ്പിക്കാത്ത മീശയിലും ഒരായുഷ്‌കാലത്തിന്റെ ക്ഷീണം ബാക്കിനിന്നു. ബസ് സ്റ്റോപ്പില്‍ നിന്നിരുന്ന തന്റെ കൈയില്‍നിന്നും കടലാസ്സുകെട്ട് മേടിച്ചു പിടിച്ച് ദിനേശ് അന്നുതന്നെ പുഴവക്കത്തേക്ക് ക്ഷണിച്ചു.
വേണ്ട.  ഞാന്‍ പറഞ്ഞു ഒരു മൂഡില്ല.
ദിനേശ് ഒന്നും മിണ്ടിയില്ല. ബസ്‌സ്റ്റോപ്പില്‍ നിന്നിരുന്ന ആള്‍ക്കാരെയോ ചുറ്റുമുള്ള പരിചയക്കാരെയോ ഒന്നും ദിനേശ് കണ്ടിരുന്നില്ല എന്നു തോന്നി.
അപര്‍ണ മരിച്ചു.  പിടയുന്നപോലെയാണ് ദിനേശ് പറഞ്ഞത്.
ഇന്നലെ
ദിനേശിന്റെ മൂത്ത മകളായിരുന്നു അപര്‍ണ. ദിനേശിന് വലിയ കാര്യമായിരുന്നു ആ മകളെ.
ബസ്സിന്റെ ക്യൂവില്‍നിന്നും പെട്ടെന്ന് പുറത്തു കടന്നു. ദിനേശിന്റെ മറ്റു കുട്ടികളുടെ പേരുകള്‍ മറന്നിരിക്കുന്നു എന്ന് ഒരു പരിഭ്രമത്തോടെയാണോര്‍ത്തത്.എത്ര കുട്ടികള്‍ ഉണ്ടെന്നുപോലും അറിഞ്ഞുകൂടാ.
വരൂ.  മൈതാനത്തിന്റെ ഒഴിഞ്ഞ മൂലയിലെത്തിയപ്പോള്‍ പറഞ്ഞു: നമുക്കിവിടെയിരിക്കാം.
ഞങ്ങള്‍ വഴിയില്‍ ഒന്നും മിണ്ടിയിരുന്നില്ല.  അതിനാല്‍ തലതാഴ്ത്തി മിണ്ടാതിരുന്ന ദിനേശിന്റെ കൈ ഞാന്‍ സ്വന്തം കൈയിലെടുത്തു. ദിനേശ് കുതറുകയോ സാധാരണപോലെ ചുറ്റുപാടും പകച്ചുനോക്കുകയോ ചെയ്തില്ല. പകരം സ്വന്തം കൈ എന്റെ കൈക്കുള്ളില്‍വെച്ച് വെറുതെ ഇരുന്നു ഏറെനേരം. ഒന്നും പറയാതെയുള്ള ആ ഇരിപ്പ് പഴയ വൈകുന്നേരങ്ങളെയാണ് ഓര്‍മിപ്പിച്ചത്. ഞങ്ങള്‍ ഔപചാരികമായിപ്പോലും ഒരക്ഷരം അപര്‍ണയെക്കുറിച്ച് സംസാരിക്കുകയുായില്ല. ദിനേശിന്റെ കണ്ണുകള്‍ നനയുന്നത് ഞാന്‍ കിരുന്നു. അപര്‍ണ എനിക്ക് തീരെ അപരിചിതയായിരുന്നതുകൊാവണം, ദിനേശിന്റെ കണ്ണികളിലെ നനവ് എന്നെ സ്പര്‍ശിച്ചതേയില്ല. ഒരു കാഴ്ചക്കാരിയെപ്പോലെ നിന്ന മനസ്സിനോട് ഒരുതരം ഭീതിയാണ് തോന്നിയത്.  ഗോവിന്ദനോട് ഇതൊക്കെപ്പറയണോ എന്നാലോചിച്ചു നില്‍ക്കുകയായിരുന്നു.
നന്നായി.  ഗോവിന്ദന്‍ പറഞ്ഞു: അങ്ങനെ കേള്‍ക്കാനാണ് സുഖം.
ഗോവിന്ദന്റെ തൊട്ടടുത്ത് താഴെ മണ്ണിലാണ് ഞാന്‍ ഇരുന്നിരുന്നത്.  കാറ്റില്‍ പാറിയ മുടിയിഴകളെ കൈനീട്ടി ചെവിക്കിടയിലേക്ക് തിരുകി ഗോവിന്ദന്‍.
ബലഹീനതകള്‍ ക്ഷമിക്കപ്പെടേണ്ടവയാണ് സുമേ. ഗോവിന്ദന്‍ എന്തൊക്കെയോ പൂരിപ്പിക്കുന്നതുപോലെ പറഞ്ഞു.  ഏതു ബന്ധത്തിന്റെയും ഭംഗിയും അതാണ്.
ദിനേശ് ഒരിക്കലും ആ പാറമേല്‍ ഇരിക്കാറില്ലായിരുന്നു.  വെള്ളിത്തിനുമുകളിലെ കുറ്റിച്ചെടികള്‍ക്കു നടുവില്‍ പാറയില്‍ തലചായ്ച്ച് മലര്‍ന്നുകിടക്കുകയാണ് പതിവ്.
അങ്ങനെ കിടക്കുമ്പോള്‍ ദിനേശിനെ പിരിയുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്റെതന്നെ പ്രായമുള്ള കാമുകന്‍. കാമുകന്‍ എന്നു പറഞ്ഞാല്‍ ദിനേശിന് ദേഷ്യം വരും.  അതൊരുതരം തരംതാഴ്ത്തലാണെന്നാണ് ദിനേശ് പറയുക. തമാശയാണ് തോന്നാറ്. വീണ്ടും അതുതന്നെ പറയും. ആഴത്തിലേക്ക് മുതലക്കൂപ്പു കുത്തുന്നതുപോലെയാണ് ഞങ്ങള്‍ പ്രണയബദ്ധരായത്. കണ്ണിലും മൂക്കിലും നെറുകയിലും ഒക്കെ വെള്ളം കയറിയതുപോലെ. പക്ഷേ, എന്നും കുളിച്ചു കേറുമ്പോള്‍ ബാക്കി നില്‍ക്കുന്ന ഓജസ്സുപോലെ. തുടുത്തു മിന്നുന്ന മുഖംപോലെ, കുളിര്‍മപോലെ അത് ഞങ്ങളെ ചുറ്റിനിന്നു.
എന്താ ഇതിനു പേര്? ദിനേശ് ചോദിക്കും.
ഇതിനു പേരില്ല. പുഴവക്കത്ത് മലര്‍ന്നു കിടന്ന് ഞാനൊരിക്കല്‍ പറഞ്ഞിട്ടു്.  പേരിടുകയും വേണ്ട.
എന്റെ മകന്‍ അന്ന് കുറച്ചകലെ മണല്‍പ്പുറത്ത് കളിക്കുകയായിരുന്നു.
ദിനേശ് കുട്ടിയെ നോക്കിക്കൊണ്ടേയിരിക്കുകയായിരുന്നു എന്ന് ഞാന്‍ പെട്ടെന്നാണ് ശ്രദ്ധിച്ചത്.
അപ്പോള്‍ അത് പറയില്ല.  ദിനേശ് പറഞ്ഞു: ഈ രഹസ്യം സൂക്ഷിക്കലാണ് എനിക്ക് പിടിക്കാത്തത്.
ദിനേശ് എന്നെ പരിചയപ്പെടുമ്പോള്‍ ഒരു വയസ്സുള്ള ഒരു കുട്ടിയുടെ അവിവാഹിതയായ അമ്മയായിരുന്നു ഞാന്‍.  വിനോദിന്റെ അച്ഛനാരാണെന്ന് ഒരിക്കലും ദിനേശിനോട് പറയുകയുണ്ടായില്ല. ഒരു പ്രസക്തിയുമില്ലാത്ത ഒരു കഷണം വിവരം എന്നാണ് ദിനേശിനോട് പറഞ്ഞത്. അറിയേണ്ട പ്രത്യേകതയുമില്ല. ഒരു പേര് സത്യത്തില്‍ എനിക്ക് പ്രധാനമായിരുന്നില്ല. പക്ഷേ, ദിനേശ് ശഠിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്കും വാശിയായി.
പിന്നെപ്പിന്നെ വൈകുന്നേരങ്ങളിലെ സംഭാഷണം വിനോദിലേക്ക് മാത്രമായിച്ചുരുങ്ങാന്‍ തുടങ്ങിയപ്പോള്‍ വല്ലാതെ മടുപ്പുതോന്നി. ആറ്റിയും കുറുക്കിയും അളന്നും മുറിച്ചും പറയേണ്ടിവരുന്ന വാചകങ്ങള്‍. കുറ്റിയടിച്ചതിരിട്ട വൈകുന്നേരങ്ങള്‍. ശ്വാസംമുട്ടലാണ് തോന്നിയത്. മുഷിഞ്ഞ വസ്ത്രം മുഖത്തിട്ടാലെന്നപോലെ എനിക്ക് ശ്വാസംമുട്ടി.
വിനോദ് എന്റെ മകനാണ്.  ഞാന്‍ പറഞ്ഞു: മറ്റാരുടേയും അല്ലതാനും.
വിനോദ് എന്റെകൂടി മകനാവേണമെങ്കില്‍ അവന്റെ തന്ത ആരെന്ന് എനിക്കറിയണം.  ദിനേശ് കിതച്ചു.
ദിനേശിന്റെ അതിരുവിട്ട ചുവന്ന മുഖമോ, ശബ്ദത്തിലെ ഭീഷണിയോളമെത്തുന്ന അധികാരമോ, കുറ്റിയടിച്ച വൈകുന്നേരങ്ങളോ എന്താണെന്നറിയില്ല എന്നെ അത്രയധികം അരിശം പിടിപ്പിച്ചത്.
വെറുതെയാണ്. അതീവശാന്തതയോടെ ഞാന്‍ പറഞ്ഞു: ദിനേശ് അതറിയുകയില്ല. ദിനേശ് അവന്റെ അച്ഛനാവുകയുമില്ല.
എന്റെ ശബ്ദത്തിലെ എന്തെന്നില്ലാത്ത ശാന്തതയില്‍ ദിനേശ് കുറച്ചു നേരം നോക്കിനിന്നു. ദിനേശിനെ പരിചയപ്പെട്ടിട്ട് അന്നേക്ക് വര്‍ഷങ്ങള്‍ ഏഴുകഴിഞ്ഞിരുന്നു. ദിനേശിന്റെ മുടി ചെന്നിയില്‍ നരയ്ക്കാന്‍ തുടങ്ങിയിരുന്നു.  ദിനേശിന് ഒരു കുടുംബം സ്ഥാപിക്കാന്‍ മോഹം തോന്നിയിരിക്കണം.  ദിനേശിന്റെ ദേഷ്യം സ്ഥാനത്തായിരുന്നിരിക്കണം.  പക്ഷെ, എന്തോ ഒരു താല്‍പര്യവും തോന്നിയില്ല!
ഒരു ലേബലൊട്ടിക്കാതെ വയ്യ അല്ലേ? ദിനേശിന്റെ മടിയില്‍ കിടന്ന് ഞാന്‍ പിന്നെ ഒരു ദിവസം ചോദിച്ചിട്ടുണ്ട്.  ഷെല്‍ഫില്‍ സ്ഥാനം തെറ്റാതെ എടുത്തുവെക്കുകയൊന്നും വേണ്ടല്ലോ?
ദിനേശിന് ദേഷ്യം വന്നു.  എന്റെ തല  മടിയില്‍ നിന്നിറക്കിവെച്ച് നിറഞ്ഞ മഴയത്ത് ഇറങ്ങിപ്പോകുമ്പോള്‍ ജനാലയുടെ കമ്പികളില്‍പ്പിടിച്ച് വെറുതെ നോക്കിനിന്നു. നിറഞ്ഞ ഇരുട്ട് തൊടാവുന്ന അകലത്തില്‍ അപ്പുറത്ത്.  വിനോദ്, ദിനേശിന്റെ ദേഷ്യം കണ്ടിട്ടാവാം തന്റെ സാരിയില്‍ ഇറുക്കിപ്പിടിച്ചു. ഞാന്‍ വിനോദിന്റെ മുടിയിഴകളില്‍ വെറുതെ വെറുതെ തലോടി. ഒരു നേര്‍ത്ത ചിരിയോടെ എന്ന് ഇന്ന് പിന്‍തിരിഞ്ഞ് നോക്കുമ്പോള്‍ തോന്നുന്നു. വരകള്‍ വരച്ച് ചതുരങ്ങള്‍ ഉണ്ടാക്കുകയില്ലെന്ന് ഞാനും വരകള്‍ വരയ്ക്കുന്നതുകൊണ്ട് യാതൊരു തെറ്റുമില്ലെന്ന് ദിനേശും ശഠിച്ചു.
ലേബലുകള്‍ സൗകര്യപ്രദമാണ്. ദിനേശ് പറയും. മുളക് മുളകാണെന്നറിഞ്ഞാല്‍ യാതൊരു തരക്കേടുമില്ല.
ആരറിഞ്ഞാല്‍? എനിക്കറിയാന്‍ അതെഴുതിവെക്കേണ്ട.
വിനോദ് ഞങ്ങളുടെ ഇടയിലെ ബഹളത്തില്‍, കലങ്ങലില്‍ അന്തം വിട്ടുനിന്നു.
ഈ തന്തയില്ലാത്തവനാണ് സുമയ്ക്ക് നമ്മുടെ ജീവിതത്തേക്കാള്‍ വലുത്. ദിനേശ് അലറി.
ഉം. ഞാനന്ന് മൂളി. ഏറെ ഏറെപ്പതുക്കെ എന്ന് പിന്നീടതിനെപ്പറ്റി ആലോചിക്കുമ്പോഴൊക്കെ തോന്നിയിട്ടുണ്ട്. മുതുകിലൂടെ വരിഞ്ഞ ഒരു മുറിപ്പാടിനെ കൈപ്പത്തികൊെണ്ടന്നപോലെയാണ് ആ മൂളല്‍കൊണ്ട് മനസ്സിനെ പൊതിഞ്ഞത്.
നമ്മുടെ? പിന്നെ ഏറെനേരം കഴിഞ്ഞ്, കിതയ്ക്കുന്ന നിശ്ശബ്ദതയില്‍ ഞാന്‍ ചോദിച്ചു. അതില്‍ ആരൊക്കെപ്പെടും?
ദിനേശ് മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. വിനോദിനെ കിടപ്പുമുറിയില്‍ കൊണ്ടുപോയി കിടത്തിയുറക്കി. കസേലക്കൈയില്‍ തൊട്ടടുത്ത് വന്നിരുന്ന് ക്ഷമാപണത്തോടെ എന്നെ കെട്ടിപ്പിടിച്ചു.  എന്തുകൊണ്ടോ, ആദ്യമായി ദിനേശിന്റെ കൈപ്പിടിയില്‍ ഒതുങ്ങിക്കിടക്കെ പേടിയാണ് തോന്നിയത്. പേടി മാത്രമാണോ? അറിയില്ല. ജനാലയ്ക്കപ്പുറത്ത് എന്റെ കണ്ണുകള്‍ക്കു നേരെ ഇരുട്ടായിരുന്നു. വിനോദിന്റെ കിടപ്പറയില്‍ നിന്നും മങ്ങിയ വെളിച്ചത്തിന്റെ ഒരു വര കാല്‍ക്കല്‍വരെ എത്തിയിരുന്നു. ദിനേശ് അന്ന് എന്റെ മടിയില്‍  തലവെച്ച് ഉറങ്ങി. അപ്പോള്‍ എപ്പോഴോ ആവണം ഞാന്‍ ആ അവസാന തീരുമാനം എടുത്തത്. ദിനേശ് പിന്നീട് കല്യാണം കഴിക്കാന്‍ തീരുമാനിച്ചത് എന്റെതന്നെ മുമ്പില്‍വെച്ചാണ്.
എന്തുകൊണ്ടായിക്കൂടാ. കറി ഇളക്കിയിരുന്ന കയില്‍ ഒന്നു നിര്‍ത്തുകപോലും ചെയ്യാതെയാണ് ഞാന്‍ ചോദിച്ചത്. ഏറെക്കുറെ ഞാനത് പ്രതീക്ഷിച്ചിരുന്നു എന്നതാവാം ഒരു കാരണം. അല്ലെങ്കില്‍ ദിനേശിന്റെ തീരുമാനം ന്യായമായതാണ് എന്ന തോന്നലുമാവാം.
ദിനേശ് കല്യാണം കഴിക്കാമെന്നുവെച്ചത് പ്രതികാരം കൊണ്ടാവണം. ഗോവിന്ദന്‍ പറഞ്ഞു: സുമയ്ക്കത് മനസ്സിലാക്കാവുന്നതേയുള്ളൂ.
ദിനേശിനെ കുറ്റപ്പെടുത്തുകയായിരുന്നില്ല ഞാന്‍.  പെട്ടെന്ന് പറഞ്ഞു.
ഓരോരുത്തരും തിരയുന്നതെന്താണെന്ന് അവനവനല്ലേ കൂടുതല്‍ അറിയുക എന്ന് പറയുക മാത്രമായിരുന്നു.
നിന്റെ ശബ്ദം കയ്ക്കുന്നു.
സ്വാഭാവികം. ഇരുന്നിടത്തുനിന്ന് ഗോവിന്ദന്റെ തുടയിലേക്ക് ചാരി ചിരിച്ചു. ഞാന്‍ എന്റെ കാമുകനെപ്പറ്റിയാണ് സംസാരിക്കുന്നത്.
അങ്ങനെ ദിനേശ് കല്യാണം കഴിച്ചു. എന്റെ മുടിയിലൂടെ കൈയോടിക്കവെ ഗോവിന്ദന്‍ ചിരിച്ചു.  മുതലക്കൂപ്പ് കുത്തിയ ദിനേശ്.
അതില്‍ അസ്വാഭാവികമായി ഒന്നുമുണ്ടായിരുന്നില്ല ഗോവിന്ദന്‍. അതായിരുന്നു സ്വാഭാവികം എന്നുവേണം പറയാന്‍.  അതുകൊണ്ടുതന്നെ ഒരുതരം ആശ്വാസമാണ് തോന്നിയത്.
സ്വന്തം മഞ്ഞക്കണ്ണടകള്‍ നിര്‍മിച്ചുതന്ന കാഴ്ചപ്പാടുകളുമായി ഞാന്‍ ആരുടേയും വഴിയില്‍ക്കയറിനിന്നില്ലല്ലൊ എന്ന ആശ്വാസം.
ദിനേശ് സുമയെ പിന്നേയും കണ്ടിരുന്നു.
ധാരാളം. ഗോവിന്ദനറിയില്ലേ, ഭര്‍ത്താവിന് ഭാര്യയോടും മക്കളോടും ചുമതലകളണ്ടു്. പ്രത്യേകിച്ചും സദാ വരകള്‍ വരയ്ക്കാനുള്ള ചോക്കുമായി നടക്കുന്ന മുകുന്ദനെപ്പോലുള്ള ഭര്‍ത്താക്കന്മാര്‍ക്ക്.  പ്രാരാബ്ധങ്ങളുടേയും ചുമതലകളുടേയും ചവറുകളില്ലാത്ത പുറംപോക്കുകളില്‍ പക്ഷേ, ഞങ്ങളുടെ വൈകുന്നേരങ്ങള്‍ ചുവക്കുകയും പൂക്കുകയും ചെയ്തു.
ലേബലുകളുടെ അനിവാര്യതകള്‍ സുമയ്ക്ക് മനസ്സിലായില്ലെന്ന് പറയരുത്. ഗോവിന്ദന്‍ ഒരു ശാസനപോലെയാണ് പറഞ്ഞത്: അതിനുള്ള പ്രായം സുമയ്ക്കായി.
അത് മനസ്സിലാക്കാനുള്ള പ്രായം ദിനേശിനും ആയിരുന്നു. പൊടുന്നനെ, ശബ്ദം ചീന്തുന്നതുപോലെ പറഞ്ഞു: ഏറെദൂരം പിടിച്ചുകയറിയ കയറില്‍നിന്ന് താഴത്തേക്ക് വഴുതുന്നതുപോലെയാണ് എനിക്ക് തോന്നിയത്.
എന്തവശേഷിപ്പിക്കുന്നു എന്നതാവണം ഒരു ബന്ധത്തിന്റെ അളവുകോല്‍.  ശാന്തമായ, പക്വമായ തന്റെ മുഖത്തിനെതിരെ എന്നെ തിരിച്ചിരുത്തി ഗോവിന്ദന്‍ പറഞ്ഞു: അല്ലാതെ അതിന്റെ പോരായ്മകളല്ല. നിറഞ്ഞ കണ്ണുകള്‍ തുടയ്ക്കുകയുണ്ടായില്ല. തനിക്ക് ഈ നിമിഷം മറ്റൊരു പുഴയായി ഒഴുകാം. സൗമനസ്യത്തിന്റെ നിറവില്‍ അനങ്ങാതിരിക്കെ ഞാന്‍ ഓര്‍ത്തു. ഇതുപോലെ നിറഞ്ഞ്, കവിഞ്ഞ്.
പാവം. ഒരു തുടര്‍ച്ചപോലെയാണ് താന്‍ പറഞ്ഞത്. ഒരു പക്ഷേ, തരാന്‍ കഴിയാത്തതാവണം ഞാന്‍ ദിനേശിനോടാവശ്യപ്പെട്ടത്. ചിലര്‍ക്ക് അതിരുകള്‍ കാഴ്ചവട്ടത്തില്ലെങ്കില്‍ നടക്കാന്‍ പേടിതോന്നുമായിരിക്കാം. വാസ്തവത്തില്‍ വരകള്‍ വരയ്ക്കാനുള്ള ദിനേശിന്റെ അതിരുകവിഞ്ഞ ത്വരയാണ് എന്നെ പേടിപ്പിക്കാന്‍ തുടങ്ങിയത് എന്ന് തോന്നുന്നു. നടക്കുമ്പോഴും കിടക്കുമ്പോഴും ഒക്കെ കൈയും കാലും ദിനേശ് വരച്ച വരകളില്‍ തട്ടി. വരകള്‍ മായ്ക്കുന്നത് എനിക്കൊരു രസവും ദിനേശിന് തലവേദയും ആയിത്തുടങ്ങിയത് എന്നാണെന്ന് കൃത്യമായി ഓര്‍മയില്ല.
സാധാരണക്കാര്‍ ചെയ്യുന്നത് ഒക്കെ വൃത്തികേടായിക്കൊള്ളണമെന്നില്ല.
സോഫയുടെ ചാരില്‍ച്ചാരി കാല്‍നീട്ടിയിരുന്ന് ദിനേശ് പലതവണ പറഞ്ഞിട്ടുണ്ട്. അത്തരം വാചകങ്ങള്‍, ദിനേശിന്റെ വായില്‍ത്തന്നെ അത്രയും കാലം ഉണ്ടായിരുന്നു എന്ന് അറിയാമായിരുന്നു. അതുകൊണ്ട് ഒട്ടും അപ്രീതി തോന്നിയില്ല. മറിച്ച് സ്വന്തം കണക്കുകൂട്ടലുകള്‍ കൃത്യമായിരുന്നു എന്നറിയുമ്പോഴുള്ള കടുത്ത കയ്ക്കുന്ന പതംവരല്‍.
കുട്ടിയെ സ്‌കൂളില്‍ നിന്നും മടക്കികൊുവരേണ്ട ചുമതല ദിനേശിന്റെ ചുമലില്‍ വീഴുന്നതുവരെ ദിനേശ് ഓഫീസില്‍നിന്നും വന്ന് ബസ്‌സ്റ്റോപ്പില്‍ കാത്തുനിന്നു. ഞങ്ങള്‍ മൈതാനത്തിന്റെ നടുവിലൂടെ നടന്ന് അകലെയുള്ള ബസ്‌സ്റ്റോപ്പില്‍ നിന്നും ബസ്സ് പിടിച്ചു. ആ കാത്തു നില്‍പിനും നടത്തത്തിനുമൊക്കെ അമ്പലക്കുളത്തില്‍ നിന്നും കുളിച്ചു കയറുന്നവര്‍ ബിംബത്തെ ഒന്നു നോക്കുകപോലും ചെയ്യാതെ നടയ്ക്കല്‍ കുമ്പിടുന്നതുപോലെയുള്ള ഒരു ഭാവം കൈവരുന്നത് ഞാന്‍ അറിഞ്ഞിരുന്നു. അതിനെതിരെ എന്തുചെയ്യണമെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല. പകരം ഞങ്ങള്‍ നിര്‍ത്താതെ സംസാരിച്ചു. നിര്‍ത്തിയാല്‍ നിശ്ശബ്ദത ഒരു വാശിയോടെ തള്ളിക്കയറുമെന്നും ഞങ്ങള്‍ക്കിടയില്‍ അത് സ്ഥിരമായി നില്‍പുറപ്പിക്കുമെന്നും ഞങ്ങള്‍ പേടിച്ചിരിക്കണം. ദിനേശ് എന്നെ സന്തോഷിപ്പിക്കാന്‍, സംഭാഷണങ്ങളില്‍നിന്നും കുടുംബത്തെ തന്ത്രപൂര്‍വം മാറ്റി നിര്‍ത്തി. അഥവാ പറയേണ്ടി വരുമ്പോള്‍ യാദൃച്ഛികമെന്ന മട്ടില്‍ അത് സ്‌നേഹത്തോടെയല്ലാതാക്കാനും ശ്രമിച്ചു. കൂട്ടിമുട്ടാതെ നോക്കുന്ന അത്തരം വരകള്‍ക്കും ദിനേശിനോടു തോന്നിയ നന്ദിക്കും ഇടയിലൂടെ പൂപ്പല്‍പോലെ വളര്‍ന്ന മടുപ്പ് എങ്ങനെ നീക്കണമെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല. ആ നിസ്സഹായതയും വരകളില്‍ തൊടാതെ നടക്കാനുള്ള ശ്രമത്തില്‍ ഉലയുന്ന ദിനേശിന്റെ ശരീരവും കുമിളകള്‍പൊട്ടി ഉടയുന്ന എന്റെ മനസ്സും ഒക്കെയാവണം കാരണങ്ങള്‍; ഇത്തരം നടപ്പു പ്രഹസനങ്ങള്‍ ഇനി വേണ്ടെന്ന് പറയാനോങ്ങിയതായിരുന്നു ഞാന്‍. പക്ഷേ, കെന്നി വന്ന ഓക്കാനംപോലെ ഞാനാ വാചകം വായില്‍ത്തന്നെ നിര്‍ത്തി. പിന്നെ വളരെ സൗമ്യമായി ദിനേശിന്റെ കൈ പിടിച്ചു. പകല്‍, പട്ടാപ്പകല്‍ പൊതുനിരത്തില്‍വെച്ചാണ് ഞാനത് ചെയ്തത്.  വഴുപ്പില്‍ തൊട്ടപോലെ ദിനേശ് കുതറി.  കണ്ണറ്റംകൊണ്ട് നാലുപാടും ധൃതിയില്‍ നോക്കി. എത്ര പ്രതീക്ഷിച്ചിരുന്നിട്ടും ആ നോട്ടം, ആ കുതറല്‍ ഒന്നും എനിക്ക് പിടിച്ചില്ല എന്നുതന്നെയാണോ അതിനുള്ള വാക്ക്? അതിന്റെ സ്വാദ് പെരന്നിയ പാല്‍പോലെ വായില്‍ത്തികട്ടി. ഒരു തിരനുരകളില്‍ തിരുപ്പിടിക്കുന്നതുപോലെയാണ്, പിന്നെ ദിനേശിനോട് ഭാര്യയെ വിവാഹമോചനം നടത്താമോ എന്ന് ചോദിച്ചത്. സ്വപ്നത്തില്‍പ്പോലും കൊണ്ടുനടക്കാത്ത ആ ചോദ്യം എന്തിനാണ് ചോദിച്ചതെന്ന് ഇന്നും അറിയില്ല.  ഞാന്‍ തന്നെ വലിച്ചെറിഞ്ഞ കളിപ്പാട്ടത്തിനുവേണ്ടി മറ്റെന്തോ കാരണങ്ങളാല്‍ വാശി പിടിക്കുന്ന കുട്ടിയെപ്പോലെയായിരുന്നു അപ്പോള്‍ മനസ്സ്  എന്നോര്‍മ്മയുണ്ട്.
നടത്താം. ഒന്നിമയാട്ടുകപോലും ചെയ്യാതെ ദിനേശ് പറഞ്ഞു: പക്ഷേ, ഒരു കാരണം വേണ്ടേ?
ഉടുപ്പിലേക്ക് ചളി തെറിച്ചതുപോലെ ഞാന്‍ അന്ന് പെട്ടെന്നുനിന്നു. ഒരു കാരണം നമ്മുടെ ജീവിതത്തേക്കാള്‍ പ്രധാനമാണോ എന്നു ചോദിക്കുകയുണ്ടായില്ല.  തീരെ അപ്രസക്തമായ ആ ചോദ്യം, ഒരു ജീവിതത്തിന്റെ മുഴുവനും മുകളിലൂടെ അനാദരവോടെ കോറിയ ആ ഭംഗിവചനത്തിനു മുന്നില്‍ നിന്ന് ഒരു പകിടപോലെ മനസ്സിലിട്ടുരുട്ടി.  മൈതാനത്തിലൂടെയുള്ള നിരവധി നടത്തങ്ങളില്‍, വെയില്‍ തട്ടി മായുന്ന നിറംപോലെ പതുക്കെപ്പതുക്കെ ഇല്ലാതായത് നമ്മള്‍ എന്ന വാക്കായിരുന്നു.  ചോര കിനിയുന്ന വരകള്‍ക്കിടയില്‍ നിവര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കുന്ന ദിനേശിനെ സ്റ്റേജിലെന്നപോലെ നോക്കിനില്‍ക്കെ അതിനെപ്പറ്റി പറയണോ എന്നോര്‍ത്തതാണ്. പക്ഷേ, പറയാതെതന്നെ അത് ദിനേശിനും അറിയാം.  എന്റെ മുഖത്തെ അമ്പരപ്പ് ദിനേശും കണ്ടിരിക്കണം.  ദിനേശ് ചിരിച്ചു.  മൈലുകളോളം കൂടെ നടന്ന ആള്‍ പെട്ടെന്ന് തിരിഞ്ഞുനോക്കുമ്പോള്‍ മറ്റൊരു മുഖവുമായി നിന്നാല്‍ തോന്നുന്ന പേടിയാണ് അപ്പോള്‍ തോന്നിയത്. പിന്നെ, വിണ്ടുനിന്ന മനസ്സിന്റെ വിടവിലേക്ക് ഓട്ടയടയ്ക്കുന്നതുപോലെ ഞാനാ അറിവും പേടിയും ഒരുമിച്ചു തിരുകി.
കുട്ടികളാണ് പ്രശ്‌നം. പിറ്റേ ദിവസം ചായക്കടയില്‍ തൊട്ടുതൊട്ടിരിക്കെ എന്റെ വയറില്‍ത്തലോടി ആത്മാര്‍ത്ഥതയോടെയാണ് ദിനേശ് പറഞ്ഞത്.
പിന്നെ കാരണങ്ങളും. ദിനേശിന്റെ കൈ വയറില്‍നിന്നു പതുക്കെ മാറ്റി ഞാന്‍ പൊട്ടിച്ചിരിച്ചു.  പലപ്പോഴും നാം തീരെ ആലോചിക്കാതെ പറഞ്ഞുപോകുന്ന വാക്കുകള്‍ നമ്മുടെ ചിന്തകളെ എത്ര ലളിതമായി ആവിഷ്‌ക്കരിക്കുന്നു എന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ദിനേശ് പറഞ്ഞത് അക്ഷരംപ്രതി സത്യമാവണം. വരകള്‍ വരയ്ക്കുന്നതുപോലെ എളുപ്പമല്ല വരകള്‍ മായ്ക്കാന്‍. വരകള്‍ക്ക് പുറത്തുനില്‍ക്കുമ്പോള്‍ ഒരനാഥത്വമുണ്ട്. ഒരു തന്തയില്ലായ്മത്തരം.
ചിലര്‍ക്കതൊരു ലഹരിയാണ്. ഗോവിന്ദന്‍ പറഞ്ഞു: ചിലര്‍ക്കതൊരു മാനഹാനിയും പക്ഷേ, അതൊരു കുറ്റമല്ല.
ശരിയാണ്. മണലില്‍ മലര്‍ന്നുകിടന്ന് ഞാന്‍ കൈകള്‍ തലയ്ക്കു കീഴെവെച്ചു. അതോടെ പക്ഷേ,  വ്യക്തിത്വങ്ങള്‍ വേര്‍പിരിയുന്നു. കൊഴിയുന്ന തലനാരിന്റെ വേര്‍പാടുപോലെ നമുക്കോരോരുത്തര്‍ക്കും അതേറ്റുവാങ്ങാതെ വയ്യ. തീവ്രമായി സ്വന്തം ബോധ്യങ്ങള്‍ക്കും എല്ലില്‍ തൊടുന്ന ആവശ്യങ്ങള്‍ക്കും പകരം നില്‍ക്കാന്‍, ഒത്തുമാറാന്‍ ഒന്നുമില്ല ഗോവിന്ദാ. അപര്‍ണ മരിച്ച വിവരം പറയാനെത്തിയ ദിനേശ് പട്ടാപ്പകലായിട്ടും പൊതുനിരത്തിലായിട്ടും എന്റെ കൈയില്‍നിന്നും പതിവുപോലെ സ്വന്തം കൈവലിക്കുകയുണ്ടായില്ല.
നാണയത്തിന്റെ ഒരു വശം, ഗോവിന്ദന്റെ ശബ്ദം അസുഖകരമാംവിധം കനത്തു: സ്വന്തം മോഹങ്ങള്‍ക്കും സുമയുടെ കടുംപിടുത്തങ്ങള്‍ക്കും നടുവില്‍ നിലതെറ്റുന്ന ദിനേശിനെ സുമ കണ്ടതേയില്ല.  പകരം വരകള്‍ മാത്രം കണ്ടു. ആവശ്യത്തിന്റെ തീവ്രതയില്‍ത്തന്നെയാണ് ദിനേശിനു വരകള്‍ പ്രസക്തമായത് സുമേ.  ഗോവിന്ദന്‍ ഒരു നിമിഷം  നിര്‍ത്തി.  ദിനേശ് നിന്നെ ഒരുപാട് സ്‌നേഹിച്ചിരുന്നു.
ദിനേശും ഞാനും ഇതേ മണല്‍പ്പുറത്തിണചേര്‍ന്നിട്ടുണ്ട്. കാറ്റിന്റേയും മഴയുടേയും ആര്‍ഭാടത്തില്‍, നട്ടുച്ചയുടെ തിളങ്ങുന്ന നിറവില്‍, അതിരില്ലാത്ത പൊലിമയില്‍ സന്ധ്യയുടെ ആര്‍ദ്രതയിലും ഉണങ്ങിനിന്ന എന്റെ ചുണ്ടുകള്‍ ഞാന്‍ വീണ്ടും വീണ്ടും നനച്ചു. എനിക്ക് വല്ലാതെ ദേഷ്യം വന്നിരുന്നു എന്നത് ശരിയാണ്. ഞാനിതൊന്നും കണ്ടില്ലെന്ന്, അറിഞ്ഞില്ലെന്ന് ദിനേശ് വിശ്വസിച്ചു എന്നോ! ഏറെക്കാലം കഴിഞ്ഞിട്ടും ബാക്കിയാവുന്ന ഇത്തരം സംശയങ്ങള്‍. ഞാത്തിയുടുത്ത മുിന്റെ വക്കില്‍ പുരളുന്ന ചളിപോലെ ഒരു ബന്ധത്തിന്റെ വക്കുകള്‍ കറുപ്പിക്കുന്നു ഗോവിന്ദാ.
ചിതറുന്ന കുന്നിക്കുരുക്കള്‍ ഒതുക്കിക്കൂട്ടുന്നതുപോലെയാണ് പിന്നെ ഗോവിന്ദന്‍ എന്നെ തന്നിലേക്കടുപ്പിച്ചത്.
ചായങ്ങള്‍ ഒന്നു മാറ്റിത്തേച്ചു നോക്കു. ഗോവിന്ദന്‍ കുസൃതിയോടെ പറഞ്ഞു.  കാടുകാണാതെ മരംമാത്രം കണ്ടാണ് സുമ ചിത്രം വരയ്ക്കുന്നതെന്ന് ദിനേശിന് തോന്നിയിരിക്കാം. ആരും കാണലാണ് വളര്‍ച്ച.  മറ്റൊരാള്‍ തീര്‍ത്ത ചിത്രത്തിന്റെ മുഖച്ഛായയില്‍ ജീവിക്കാന്‍ ആര്‍ക്കായാലും പ്രയാസം തോന്നും.
ഗോവിന്ദന്റെ തരളമായ, കലമ്പലുകളില്ലാത്ത മുഖം ഒരു പാടയ്ക്കപ്പുറത്ത് തെളിയുന്ന മങ്ങുന്ന പ്രതിച്ഛായ പോലെ ഞാന്‍ കണ്ടു. വര മണ്ണിലേക്കേന്തുന്ന മഴച്ചാറ്റലിന്റെ വീശലുകള്‍പോലെ. പിന്നെ, ഗോവിന്ദന്റെ ശ്വാസത്തിന്റെ അടരുകള്‍ മനസ്സിന് തൊട്ടുമുകളില്‍, അതിനും അപ്പുറത്ത് ഗോവിന്ദന്റെ ചുമലിന് മുകളില്‍ തന്നെ നോക്കി നിന്ന, പലതവണ താന്‍ കണ്ട ആകാശം. ഉയരത്തിലേക്ക് പറക്കാനാഞ്ഞ സമ്പാതിയുടെ കരിഞ്ഞ ചിറകുകള്‍പോലെ. കാറ്റിന്റെ കൈകളില്‍ അനക്കമറ്റുകിടന്ന പുഴയോരത്തുനിന്നും ഒരു വടി കുത്തി എഴുന്നേല്‍ക്കുന്നതുപോലെയാണ് എഴുന്നേറ്റത്. ക്ഷീണത്തിന്റെ പാളികള്‍, തട്ടിപ്പൊതിഞ്ഞുവെച്ച വേരുകളുടെ കടയ്ക്കല്‍നിന്നും ചുവട്ടിലേക്ക് ചിന്നുന്ന മകട്ടകള്‍പോലെ ചിതറി.  ഇനിയും ഒരു യാത്ര. വഴികളേല്പിക്കുന്ന തുടര്‍ച്ചകളില്‍ ഇതും അവസാനമാവുക വയ്യ.

ഒരു കൂടിക്കാഴ്ച

കണ്ണുതുറക്കുമ്പോള്‍ മറിയമ്മ എന്ന വെള്ളത്തൊപ്പി ചൂടിയ നേഴ്‌സാണ് മുന്നില്‍. അമ്പരപ്പും അദ്ഭുതവും നിറഞ്ഞ കണ്ണുകള്‍ വിടര്‍ത്തി അവര്‍ അന്തംവിട്ടുനിന്നു. ഞാന്‍ അതൊരു തെളിവായി എടുത്തു. സ്വര്‍ഗത്തിലായാലും നരകത്തിലായാലും നേഴ്‌സിന്റെ ആവശ്യമില്ല.
അപ്പോള്‍ ഞാന്‍ ഭൂമിയിലായിരിക്കണം.
അതെ. ഭൂമിയില്‍ത്തന്നെയാണ് ഞാന്‍.
അമ്പരപ്പ് കണ്ണുകളില്‍ ഇറുക്കിപ്പിടിച്ച മറിയമ്മ പുറത്തേക്കോടി. ഡോക്ടര്‍... ഡോക്ടര്‍... അവര്‍ കൂവി വിളിച്ചു. 'പേഷ്യന്റിന് ജീവന്‍ വന്നു! '
പേഷ്യന്റ് എന്നുവച്ചാല്‍ ഞാന്‍.
മറിയമ്മയുടെ ശബ്ദം വാതിലിനപ്പുറത്ത് പതുക്കെപ്പതുക്കെ നേര്‍ത്തു. മയക്കത്തിനും ഓര്‍മ്മയ്ക്കും ഇടയില്‍ ചുമരുകള്‍ക്കാകെ പച്ചനിറം കൈവരന്നു ലോലമായ ആ ഇടവേളയിലേക്ക് ഞാന്‍ വീണ്ടും തെന്നി.
ദൈവമായിരുന്നു മുന്നില്‍.
ഉലഞ്ഞുമുഷിഞ്ഞ മേലങ്കി. ഉന്മേഷമില്ലാത്ത മുഖം.
'ഞാനിതാ എത്തിയിരിക്കുന്നു.' ഒരല്പം വിജയഭേരിയോടെ ഞാന്‍ പറഞ്ഞു: 'അങ്ങയെപ്പറ്റി പലതവണ കേട്ടിട്ടുണ്ട്. നേരിട്ടൊന്നു കാണാമല്ലൊ എന്നു കരുതി. പലതും ചോദിക്കാനുണ്ട്'
ദൈവത്തിന്റെ മുഖത്ത് ഒരു ചളിപ്പ് പടര്‍ന്നു. 'ചോദിക്കൂ.' വലിയ മേലങ്കി ഒതുക്കിപ്പിടിച്ച് മുന്നിലുള്ള ചെറിയ പീഠത്തിലിരിക്കെ ദൈവം പറഞ്ഞു: 'ഞാന്‍ ഹാജരാണ്.'
മുഷിഞ്ഞ മേലങ്കിയും ക്ഷീണിച്ച മുഖവും. ദൈവത്തെ ഞാന്‍ പ്രതീക്ഷിച്ചത് ഇങ്ങനെയായിരുന്നില്ല.
'എന്തേ... ഒട്ടും ഉന്മേഷമില്ലേ' ഞാന്‍ ചോദിച്ചു. 'എന്തേ പറ്റിയത്?' ദൈവം താഴേക്കുനോക്കി. മ്ലാനനായിരുന്നു അദ്ദേഹം എന്നു പറയാതെ വയ്യ.
'ചോദിക്കൂ' ദൈവം പറഞ്ഞു.
ദൈവത്തിന്റെ മുഖത്തെ മടുപ്പ് തികഞ്ഞ അസ്വാസ്ഥ്യത്തോടെയാണ് ഞാന്‍ കണ്ടത്. ഇവിടെയും മടുപ്പോ? ദൈവത്തിനും മടുപ്പോ?
'മടുത്തോ' ഞാന്‍ ചോദിച്ചു: 'ചോദ്യങ്ങളോ ഉത്തരങ്ങളോ മടുത്തത്?'
'ചോദിക്കൂ. ' ദൈവം പറഞ്ഞു. 'ചോദ്യം ചോദിക്കൂ.'
'ഞാന്‍ ചോദിക്കുകയാണ്. '
'സുഖമല്ലേ അങ്ങേക്ക്? '
'സുഖം? എന്താണത്? എനിക്കെന്നും ഈ ഒരൊറ്റ ഭാവമേ അറിയൂ.'
'ജീവിതത്തേക്കാള്‍ കഷ്ടമാണോ അപ്പോള്‍ സ്വര്‍ഗം? '
എന്റെ ശബ്ദത്തില്‍ പരിഭ്രമം പുരളുന്നത് ഞാനറിഞ്ഞു.
'എന്താണത്? '
എനിക്ക് സാമാന്യം മുഷിഞ്ഞു. ദൈവത്തെ ജ്ഞാനിയാക്കാനൊന്നും വന്നതായിരുില്ല ഞാന്‍. ഭൂമിയിലെ മടുപ്പ് മടുത്തിട്ടാണ് ഈ യാത്രതന്നെ. ഇവിടെ അതില്‍പ്പരം എന്നായാലോ.
'പോട്ടെ. എനിക്കെന്താണ് ശിക്ഷ?'
'എന്തിന്? '
'അങ്ങയുടെ അനുവാദമില്ലാതെ, ആജ്ഞ ധിക്കരിച്ചാണല്ലോ ഞാനീപ്പോക്ക് പോന്നത്.'
ദൈവം ആദ്യമായി ചിരിച്ചു.
'ദൈവം എങ്ങനെയാണ് ശിക്ഷിക്കുക? മാപ്പു കൊടുക്കലല്ലേ ദൈവത്തിന്റെ ജോലി. ഭൂമിയില്‍ എല്ലാവര്‍ക്കും അതറിയാലോ.'
'അപ്പോള്‍ നരകം? '
'എനിക്കങ്ങനെയൊന്ന് ആലോചിക്കാന്‍പോലും പാടില്ല. നന്മ മാത്രമേ എനിക്ക് ചിന്തിക്കാവൂ. എന്റെ ചിന്തയില്‍പോലും നരകം പാടില്ല.'
'അവിടെ ആരാണ്? '
'അറിയില്ല.'
ഓ! ഒരു നല്ലപിള്ള! ഞാന്‍ സ്വയം പറഞ്ഞു: 'ഭൂമിയില്‍ സംഗതി ഭേദമായിരുന്നു. എല്ലാറ്റിനും ചില ചിട്ടവട്ടങ്ങള്‍ ഉണ്ട്. അതനുസരിക്കുന്നിടത്തോളം കാലം കാര്യം കുശാലാണുതാനും. നരകത്തെപ്പറ്റിയും അങ്ങയെക്കുറിച്ചും കേട്ടിട്ടുള്ളതുപോലെ ഞാന്‍ കേട്ടിട്ടു്.'
'ഞാന്‍ കേട്ടിട്ടുപോലുമില്ല.'
'കേള്‍പ്പിക്കട്ടെ?'
'അയ്യോ. പാടില്ല.' ദൈവം പറഞ്ഞു. 'എനിക്ക് നന്മയേ ചിന്തിക്കാവൂ. കേള്‍ക്കാവൂ. അതുമാത്രമേ എനിക്ക് വിധിച്ചിട്ടുള്ളൂ.'
'ഓഹോ?' എനിക്ക് ശരിക്കും ദേഷ്യം വന്നു. 'എന്നിട്ട് ഭൂമിയിലേക്ക് തിന്മയുടെ എത്രയോ മൂര്‍ത്തികളെ പടച്ചുവിടുന്നുണ്ടല്ലോ.'
'അത് ഞാന്‍ ചെയ്യുതല്ല.' ദൈവം കൈ വീണ്ടും വീണ്ടും മേലങ്കിയില്‍ തുടച്ച്  ക്ഷമാപണത്തോടെ പറഞ്ഞു: 'അത് മറ്റവനാണത്രേ. എന്റെ എതിരാളി.'
'അങ്ങേക്കൊരെതിരാളിയോ! മാനംമര്യാദയില്ലാത്ത വര്‍ത്തമാനം പറയരുത്. സൃഷ്ടികര്‍ത്താവ് അങ്ങ് മാത്രമല്ലേ? അതല്ലേ ഇത്രയും കാലം അങ്ങ് പറഞ്ഞുനടന്നത്?'
'സൃഷ്ടി കഴിഞ്ഞാലാണ് അവന്റെ പണിയത്രെ. '
'എങ്കില്‍ ഒരൊറ്റ കൈ ഞൊടിച്ച് അവനെ അങ്ങേക്കില്ലാതാക്കിക്കൂടെ ദൈവമേ? എല്ലാറ്റിനും കഴിവുള്ളവനല്ലേ അങ്ങ്? എല്ലാവരും അതല്ലേ പറയുന്നത്? '
'എങ്ങനെ?'ദൈവം പീഠത്തില്‍നിന്നും ഒരാവേഗത്തോടെ എഴുന്നേറ്റുനിന്നു. 'അവനെക്കുറിച്ചൊന്നും എനിക്കറിയില്ല. അറിയാന്‍ പാടില്ല. അറിഞ്ഞാല്‍ത്തന്നെ തിന്മയെക്കുറിച്ച് ആലോചിച്ചു കൂടാ... നശിപ്പിക്കല്‍ എന്റെ ദൗത്യവുമല്ല. '
നിയന്ത്രണം വിട്ടുപോയോ എന്ന ആശങ്കയില്‍ ധൃതിയില്‍ പീഠത്തിലേക്ക് തന്നെ മടങ്ങിയ ദൈവത്തെ നോക്കിയപ്പോള്‍ എനിക്ക് കഷ്ടം തോന്നി. ഈ ദൈവത്തോടാണ് ഞാന്‍ എന്നെ നശിപ്പിക്കണമെന്നും എന്നെ കഷ്ടപ്പെടുത്തുവരെ ശിക്ഷിക്കണമെന്നും തിന്മയെ നശിപ്പിക്കണമെന്നും ഒക്കെ പ്രാര്‍ത്ഥിക്കാറ്!
'അങ്ങയോട് പലതും പ്രാര്‍ത്ഥിക്കുന്നവരെ അങ്ങെന്തു പറഞ്ഞാണ് അനുഗ്രഹിക്കുക? '
'ആരേയും അനുഗ്രഹിക്കാറില്ല. എല്ലാവരും എനിക്ക് സമാസമം. '
പാപികളെ...?
'ഞാന്‍ കാണാന്‍ പാടില്ലല്ലോ'
'അങ്ങ് സൃഷ്ടിച്ചുവിട്ട മനസ്സുകളുടെ ഉത്തരവാദിത്തം അപ്പോള്‍ അങ്ങേക്കല്ലേ? '
'സൃഷ്ടികര്‍മത്തില്‍ വൈവിധ്യമില്ലെങ്കില്‍ എന്തിനാണ് ഭൂലോകം? കഥാപാത്രങ്ങള്‍ക്ക് സ്വന്തം വഴി തിരഞ്ഞെടുക്കുവാന്‍ അനുവാദം വേണ്ടേ?' രാഷ്ട്രീയക്കാരനെപ്പോലെയാണ് ദൈവം സംസാരിച്ചത്. ഭൂലോകത്തിന്റെ മര്‍മംതന്നെ വൈവിധ്യമല്ലേ.
'പടച്ചുവിടുമ്പോള്‍ സൃഷ്ടിയുടെ ചെവിയില്‍ പറഞ്ഞൂടെ മറ്റവനെ വിശ്വസിക്കരുതെന്ന്, അവന്‍ ചതിയനാണെന്ന്? '
 'ഇതൊന്നും ദൈവം ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളാണെന്ന് ഞാന്‍ ആദ്യമേ പറഞ്ഞു. '
'എന്നാല്‍ ആര്‍ക്കും മാറ്റാനാവാത്ത ഒന്നിനെ പടയ്ക്കണം.' 'എന്നെപ്പോലെ ഒന്നിനെ.' ദൈവം പെട്ടെന്നു മ്ലാനവദനനായി. മുഖം മടുപ്പു കൊണ്ടു നിറഞ്ഞു. അമര്‍ത്തി നോക്കിയാല്‍ ആ മടുപ്പ് എന്നിലേക്കടരും. ഞാന്‍ ഭീതിയോടെ എഴുന്നേറ്റു മറുവശത്തേക്കുനോക്കി. 'മനസ്സു കൊടുത്താല്‍ അവന്‍ കയറും.' മേലങ്കിയിലെ അടര്‍ന്നുനിന്ന നൂലില്‍ വിരല്‍ചുറ്റി ദൈവം സ്വയം പിറുപിറുത്തു. 'കൊടുക്കാഞ്ഞാല്‍ എന്നെപ്പോലെയാവും.!'
'ഭേഷ്! ഭൂമിയിലേക്ക് തിരിച്ചുപോവുകയാണ് എനിക്കുചിതം എന്ന് അല്ലേ?' മടുപ്പും നിരാശയും ഒതുക്കി ഞാന്‍ ചോദിച്ചു. 'ഞങ്ങളേക്കാള്‍ കഷ്ടമാണല്ലോ ദൈവമേ, അങ്ങയുടെ സ്ഥിതി. ഞാനിതെല്ലാം ഭൂമിയില്‍ച്ചെ് പറഞ്ഞാല്‍ എന്താവും അങ്ങയുടെ ഇമേജ്? '
'ഒരാളും വിശ്വസിക്കില്ല.' ദൈവം നിറഞ്ഞു ചിരിച്ചു.
'അതാണ് ഏക ആശ്വാസം.'
ചെകിടത്ത് ആഞ്ഞുവീണ അടിയില്‍ അപ്പോഴാണ് ഞാന്‍ പെട്ടെന്ന് കണ്ണുതുറന്നത്. കണ്ണുകള്‍ കൂര്‍പ്പിച്ച്, മീശ പിരിച്ചുകൊണ്ട് ഒരു ചെറുപ്പക്കാരന്‍ ഡോക്ടര്‍, എന്റെ കനംകൂടിയ കണ്ണുകള്‍ക്കു മുന്നില്‍ ഒരു പുകമറയിലെപോലെ നിന്നു. 'സംസാരിക്കാമോ?' നെറ്റിയുടെ ഇരുഭാഗവും അമര്‍ത്തിപ്പിടിച്ച് ആംഗ്യത്തില്‍ ഡോക്ടര്‍ ചോദിച്ചു.
ഞാന്‍ ഉവ്വെന്ന് തലയാട്ടി. അടിയുടെ ശക്തിയില്‍ ഞാന്‍ മുഴുവനായും ഉണര്‍ന്നുകഴിഞ്ഞിരുന്നു.
ഉടനെ എല്ലാവരോടും പുറത്തുപോകാനും മുറിയുടെ വാതിലടച്ച് തഴുതിടാനും ഡോക്ടര്‍ പയ്യന്‍ ആജ്ഞാപിച്ചു. ഇനി കേസ് വിസ്താരമാവും, ഞാനോര്‍ത്തു. രംഗം സജ്ജം. ഇനി വിധി പ്രസ്താവിക്കുകയേ വേണ്ടൂ.
എന്തോ, മുഷിഞ്ഞ മേലങ്കിയണിഞ്ഞ,ശിക്ഷിക്കാന്‍ അവകാശമില്ലാത്ത ദൈവത്തിനെയാണ് എനിക്കോര്‍മ്മ വന്നത്.
'പ്രേമനൈരാശ്യമാവും കാരണം.' കസേല എന്റെ കട്ടിലിനടുത്തേക്ക് ശബ്ദത്തോടെ വലിച്ചിട്ട ഡോക്ടര്‍ തീ തുപ്പി. 'അതോ അതിലും കവിഞ്ഞ...'
ഡോക്ടറുടെ ശബ്ദത്തിലെ പുച്ഛം എന്റെ മനസ്സില്‍ത്തട്ടി. ഒരു പ്രണയിതാവും എനിക്കിന്നുവരെ ഉണ്ടായിരുന്നിട്ടില്ല. സുന്ദരിയല്ലാത്തതിനാല്‍ ആരും തിരിഞ്ഞുനോക്കാറുപോലുമില്ല. പക്ഷേ, അതീ ഡോക്ടര്‍ ഓര്‍മ്മിപ്പിക്കേ കാര്യമില്ലല്ലോ. വിവരമില്ലാത്ത വക. കാശു കൊടുത്ത് ഡോക്ടറാവുന്നവരാണ് പ്രധാനമായും ഇങ്ങനെ സംസാരിക്കുക. 'കാമുകനുണ്ടാവുന്നത് കുറ്റമാണെന്നാണല്ലൊ. കേട്ടാല്‍ തോന്നുക. 'ഞാന്‍ ഈര്‍ഷ്യയോടെ പറഞ്ഞു: 'ഉണ്ടെങ്കില്‍ തന്നെ അതെന്റെ വ്യക്തിപരമായ കാര്യമാണ്. നിങ്ങളതില്‍ തലയിടണ്ട.'
'ആ! അതുതന്നെ കാര്യം.' ഡോക്ടറുടെ ശബ്ദത്തില്‍ പുച്ഛം ഒന്നുകൂടി കൂടി. 'കാര്യം കഴിഞ്ഞപ്പോള്‍ ഇട്ടെറിഞ്ഞുപോയിക്കാണും.'
അതെന്റെ മര്‍മ്മത്തു കൊണ്ടു. ഇതാണ് ദൈവമുണ്ടായിട്ട് യാതൊരു കാര്യവുമില്ലെന്ന് എനിക്ക് പലപ്പോഴും തോന്നാന്‍ കാരണം. സഭാവാസിയാവാനല്ലല്ലോ നമുക്ക് ദൈവം വേണ്ടത്.
'ഏയ്! ' ഞാന്‍ ഗൗരവത്തിലാണെന്ന ഭാവത്തില്‍ ചളിപ്പ് മറച്ച് പറഞ്ഞു: 'അതും പറഞ്ഞ് ഞാന്‍ തന്റെ പിന്നാലെ വന്നിട്ടൊന്നും ഇല്ലല്ലോ.'
ഡോക്ടര്‍ എന്നെ ഒരു നിമിഷം ആ നേഴ്‌സ് നോക്കിയതുപോലെ അമ്പരപ്പോടെ നോക്കി.
പോയി പണിനോക്കെടോ, എന്റെ പ്രേമമന്വേഷിക്കാതെ എന്നു പറയണമെന്നുണ്ടായിരുന്നു.
മൂന്നു നാലു ദിവസത്തെ ബോധക്ഷയത്തിനുശേഷം ഇത്രയും നേരം സംസാരിച്ചതുതന്നെ വളരെ ബുദ്ധിമുട്ടിയാണ്. കണ്‍പോളകള്‍ താനെ അടയുന്നു. ദൈവം പിന്നേയും ഇടപെടുന്നു.
'ശിക്ഷയ്‌ക്കൊന്നും വിളിച്ചതല്ല ഞാന്‍.' ദൈവം പറഞ്ഞു: 'കുറച്ചു കൂടി അവിടെ താമസിച്ചിട്ട് വരൂ. അറ്റ്‌ലീസ്റ്റ് ഫോര്‍ എ ചേഞ്ച്. ഇവിടേക്ക് എപ്പോഴും വരാമല്ലോ.'
എന്റെ മനസ്സ് വല്ലാതെ ചുട്ടു. എന്നും ആകെയുള്ള ഒരാശാകേന്ദ്രമായിരുന്നു ഈ സ്ഥലം. പൊറുതിമുട്ടിയാല്‍ രക്ഷപ്പെടാവുന്ന, തിഷ്ടപ്രകാരം കേറിവരാവുന്ന ഒരു സ്ഥലം. അതും ഇത്ര ബോറാണെന്നു വന്നാല്‍...
ഒരൊഴുക്കുമില്ലാതെ തളംകെട്ടി നാറുന്ന വെള്ളത്തിലെന്നപോലെ എന്റെ മനസ്സിനു മീതെ അഴുക്കിന്റെ പാട വീണ്ടുംകെട്ടി.
'അതു പോട്ടെ,'ഒരു കുസൃതിച്ചിരിയോടെ ദൈവമാരാഞ്ഞു: 'ഒരു മറുചോദ്യം. ഈ ധൃതികൂട്ടലിന് എന്തായിരുു കാരണം? '
കടുത്ത മടുപ്പും തികഞ്ഞ ഉത്സാഹക്കുറവും ഒരു പൂപ്പല്‍പോലെ മനസ്സിനെ പൊതിഞ്ഞ കാലം. ആരും ഒന്നും മനസ്സിനെ തൊട്ടില്ല. ഉണര്‍ത്തിയതുമില്ല. സന്ധ്യക്ക് കോലായത്തലപ്പില്‍ തൂണും ചാരി ഇരിക്കുമ്പോള്‍ മനസ്സിനെ കുലുക്കി ഉണര്‍ത്തുന്ന എന്തിനെങ്കിലും വേണ്ടി കൊതിച്ചിട്ടുണ്ട്. ഒരു തുടക്കത്തിന് - തുടര്‍ച്ചയ്ക്ക്. ചാരനിറമുള്ള ദിവസങ്ങള്‍ ഉണക്ക ഇലകളെപ്പോലെ ചുറ്റും ചിതറിയതിനു മുകളിലൂടെ കാല്‍ തട്ടിത്തെറിപ്പിച്ച് അലക്ഷ്യമായി നടന്ന ദിവസങ്ങള്‍. മുരിങ്ങയുടെ ഇലകള്‍ക്കിടയിലൂടെ സ്വര്‍ണ്ണത്തുട്ടുകള്‍പോലെ ചിതറി വീണ നിലാവില്‍ ഈ യാത്രയ്ക്ക് പുറപ്പെടുമ്പോള്‍ മനസ്സ് ശുദ്ധശൂന്യമായിരുന്നു. ദൈവം എങ്ങിനെയിരിക്കും എന്ന് മനസ്സ് കുതൂഹലം കൊണ്ടതും യാത്രയുടെ അങ്ങേ അറ്റത്ത് ദൈവം കൈനീട്ടി തന്നെ സ്വാഗതം ചെയ്യുന്നതും മടുപ്പകറ്റാന്‍ ക്രോസ് വേഡ് കളിക്കുന്നതു പോലെ തിരിച്ചും മറിച്ചും ഇട്ടുനോക്കിയിട്ടുണ്ട് അന്ന്.
തിളങ്ങുന്ന മേലങ്കിയും തിളങ്ങുന്ന പരിഹാരങ്ങളുമായി തന്റെ മുിലെത്തുമെന്ന് പ്രതീക്ഷിച്ച ദൈവം പക്ഷേ, അന്നും വന്നില്ല.
പതിവുപോലെ തന്നെ.
ഒരു മരവിപ്പുപോലെ മുന്നില്‍ അനക്കമറ്റുകിടന്ന വഴിയുടെ അങ്ങേ അറ്റത്ത് പ്രത്യക്ഷപ്പെട്ടത് ക്ലീനായി താടിവടിച്ച, ഉലയാത്ത ടെറിലിന്‍ ഷര്‍ട്ടും ഷൂസും ധരിച്ച സെന്റു പൂശിയ മനോരോഗവിദഗ്ധനായിരുന്നു.
ഒരു പ്രകോപനവുമില്ലാതെ, നിലാവും സുഗന്ധവും നിറഞ്ഞ രാത്രിയില്‍ മോഹത്തോടെ ദൈവത്തെ അന്വേഷിച്ച ഞാന്‍ സ്വര്‍ഗത്തിലേക്ക് യാത്രയായത് അദ്ദേഹത്തിന് ഒട്ടും രുചിച്ചില്ല.
അദ്ദേഹത്തിന് കാരണങ്ങളില്‍, യുക്തിയില്‍ അത്യധികം വിശ്വാസമായിരുന്നു. വടിവൊത്ത കാരണങ്ങളില്ലാത്തവയില്‍ തികഞ്ഞ അവിശ്വാസവും.
'ആത്മഹത്യാശ്രമത്തിന്റെ കാരണം?' കസേലയില്‍ മുന്നോട്ടാഞ്ഞിരുന്ന് ഒരു ചെറിയ സ്‌ക്രൂഡ്രൈവര്‍കൊണ്ട് എന്റെ കാല്‍മുട്ടില്‍ തട്ടി വിദഗ്ധന്‍ ചോദിച്ചു. 'എന്തിനും ഒരു കാരണം വേണമല്ലോ. '
'എന്താണ് സാധാരണ എല്ലാവരും പറയുന്ന ഉത്തരം? 'ഞാന്‍ അലക്ഷ്യമായി ചോദിച്ചു. 'അത് ഞാനും പറയാം.'
വിദഗ്ധന്‍ കണ്ണിലേക്കുറ്റുനോക്കി. എനിക്ക് കണ്ണുകള്‍ വേദനിക്കുന്നു എന്നു തോന്നി.
'സാരല്യ.' രക്ഷിതാവിനെ നോക്കി വിദഗ്ധന്‍ ചിരിച്ചു: 'പ്രായത്തിന്റെ ധിക്കാരമാണ്. മരുന്നുകഴിച്ചാല്‍ ഭേദമാക്കാവുന്നതേയുള്ളു.'
ഒരു നിമിഷത്തെ കണ്ണടച്ചിരുന്നാലോചനയ്ക്കുശേഷം അദ്ദേഹം ഖിനന്നായിരിക്കുന്ന രക്ഷിതാവിനെ തട്ടിവിളിച്ചു. 'പെകുട്ടിയല്ലേ. വിവാഹവും നല്ല മരുന്നാണ്.'
'ഓഹോ!' ഉറക്കെ, ആവശ്യത്തിലധികം ഉറക്കെ ഞാന്‍ ചിരിച്ചു. പിടയാന്‍പോലും ഇടംകൊടുക്കരുതെന്നര്‍ത്ഥം. കൂച്ചുചങ്ങലതയ്യാര്‍!
'മടുപ്പാണ് കാരണം' ഒരു ക്ഷമാപണവും തിരുത്തലുമെന്നപോലെ ഞാന്‍ ധൃതിയില്‍ പറഞ്ഞു.
'മടുപ്പോ!' അതൊരവസ്ഥയാവാം. പക്ഷേ, കാരണമാകാന്‍ വയ്യ. ഇന്നുവരെയുള്ള രേഖകളില്‍ ഇത്തരമൊരു കാരണം ആത്മഹത്യക്ക് പ്രേരകമായി പറഞ്ഞിട്ടില്ല.
ഞാന്‍ അന്തംവിട്ടു പോയി. 'പക്ഷേ, അതാണ് സത്യം.' ഞാന്‍ ചീറി. 'എനിക്കു തോന്നുന്ന സാധനത്തിന് മടുപ്പ് എന്നല്ലാതെ മറ്റൊരു വാക്ക് എനിക്കറിയില്ല.'
'ഇടയ്ക്കിടയ്ക്ക് സ്വപ്നങ്ങള്‍ കാണാറുണ്ട് അല്ലേ? ' വിദഗ്ധനാണ്.
' ധാരാളം.' ഞാന്‍ പറഞ്ഞു. 'എല്ലാവരും കാണാറില്ലേ? നിങ്ങളും?'
'പാമ്പിനെ?'
'ഇല്ല.' പോക്ക് എങ്ങോട്ടാണെ് വ്യക്തമായതിനാല്‍ ഞാന്‍ സഗൗരവം പറഞ്ഞു. എന്നാല്‍ പല്ലി, പൂച്ച, ഈച്ച എന്നിവ എന്നെ തിന്നാന്‍ വരുന്നു എന്നും തീമഴ പെയ്യുന്നു എന്നും ഡോക്ടറുടെ ഉടുപ്പിട്ട ജീവികള്‍ തലകീഴായി നടക്കുന്നു എന്നും ആണ് സാധാരണ സ്വപ്നം കാണാറ്. ഫ്രോയിഡിന്റെ പുസ്തകങ്ങള്‍ ദിനോസറുകള്‍ വിഴുങ്ങുന്നു എന്നും കാണാറുണ്ട്.
'ഗുഡ്. സംഗതി അതുതന്നെ.' ഡോക്ടര്‍ ആലോചനാമഗ്നനായി, 'മരുന്നു കഴിച്ച് ഭേദമാക്കാവുന്നതേയുള്ളു. നമുക്ക് സ്വപ്നങ്ങളില്ലാതെയാക്കാം. '
നെഞ്ഞത്തു കൈവെച്ചുപോയി. മടുപ്പില്‍നിന്നുള്ള ഏക രക്ഷ ഉറക്കവും സ്വപ്നങ്ങളും മാത്രമാണ്.
'ഉറക്കം കുറവായിരിക്കും അല്ലേ?' വീണ്ടും വിദഗ്ധന്‍. ഒരു നിമിഷം മനസ്സ് പിടിച്ചപടിനിന്നു. പക്ഷേ, ഉറക്കഗുളിക കിട്ടാന്‍ നുണ പറയുകയേ വഴിയുള്ളു.
'അതെ.' നെറ്റി തടവി ഉറക്കച്ചടവും ക്ഷീണവും അഭിനയിച്ച് ഞാന്‍ പറഞ്ഞു: 'ഉറക്കമില്ല എന്നുതന്നെ പറയാം.'
'ഗുഡ്.' മനോരോഗമാണെതിന് മറ്റൊരു തെളിവുകൂടി കിട്ടിയ സന്തോഷത്തില്‍ അദ്ദേഹം രക്ഷിതാവിനെ നോക്കി.
'ലക്ഷണങ്ങള്‍ എല്ലാം ശരി. പേടിക്കേണ്ട. നമുക്ക് ഉറക്കം വരുത്താം.'
ഉറക്കഗുളികകള്‍ ജീവിതത്തിലെത്തിപ്പെടുന്നത് അന്നുമുതലായിരുന്നു.
'പല പല ശബ്ദങ്ങള്‍ കേള്‍ക്കുന്നു എന്നു തോാറുണ്ടോ?' കണ്ണട മുഖത്തുനിന്നൂരി മുന്നോട്ടൊന്നുകൂടി ആഞ്ഞിരുന്ന് വിദഗ്ധന്‍ എന്നെ ഉറ്റുനോക്കി.
'തോലല്ല.  പല ശബ്ദങ്ങളും ഞാന്‍ കേള്‍ക്കാറുണ്ട്. എനിക്ക് ചെവിക്ക് യാതൊരു കേടുമില്ല.'
'ആരെയെങ്കിലും ഉപദ്രവിക്കണം എന്നു തോന്നാറുണ്ടോ? '
' ധാരാളം.' ഞാന്‍ ശാന്തയായി പറഞ്ഞു: 'താങ്കള്‍ക്ക് തോന്നാറില്ലേ? '
വിദഗ്ധന്‍ എന്റെ പിന്നിലേക്ക് നോക്കി. അതികായന്മാര്‍ എന്റെ തൊട്ടുപിന്നില്‍ നിന്നിരുന്നു. അവര്‍ ഒന്നുകൂടി എന്റെ അടുത്തേക്ക് നീങ്ങി.
ഒരാള്‍ക്ക് വെളുത്തുള്ളിയുടെയും മറ്റേ ആള്‍ക്ക് പുളിച്ച മോരിന്റെയും മണം. കുത്തുന്ന നാറ്റം.
ഞാന്‍ പതുക്കെ എഴുന്നേറ്റു. എന്റെ മുഖത്തെ ഭാവമാറ്റം വിദഗ്ധന്‍ ശ്രദ്ധിച്ചിരിക്കണം.
'പതിവാണ്.' വിദഗ്ധന്‍ രക്ഷിതാവ് കേള്‍ക്കെ പറഞ്ഞു: 'കാരണമില്ലാതെ അക്രമാസക്തരാവുത് സുഖക്കേടിന്റെ മറ്റൊരു ലക്ഷണമാണ്. അവളെ പിടിച്ചേക്കു. 'ചെറിയ മുറിയാണെന്നതു മറന്ന് അതികായന്മാരുടെ ഇടയിലൂടെ ജീവനുംകൊണ്ട് ഞാന്‍ പുറത്തേക്കോടാന്‍ ശ്രമിച്ചത് അപ്പോഴാണ്.
ഇന്‍ജക്ഷന്റെ മയക്കത്തില്‍നിന്നും നരച്ച ചുമരുകള്‍ക്കു നടവില്‍ പിന്നെ ഞാനുണരുമ്പോള്‍ ചുറ്റും മങ്ങിയ ഇരുട്ടായിരുന്നു. നിറഞ്ഞ നിശ്ശബ്ദതയും.
സ്വര്‍ഗം ഇതാണോ എന്ന് ഒരു നിമിഷം ഞാന്‍ ശങ്കിച്ചതോര്‍മയുണ്ട്. എങ്കില്‍ എവിടെ ദൈവം?
ആ ചെറിയ മുറി എന്റെ വീട്ടിലെ ചായ്പായിരുന്നു എന്ന് പിന്നെയാണ് മനസ്സിലായത്. അക്രമാസക്തിക്കും അലംഭാവത്തിനും കടിഞ്ഞാണിടുന്ന എപ്പോഴും അടഞ്ഞവാതില്‍. പിടഞ്ഞുപോയ മനസ്സിനുമുകളില്‍ ചാര നിറമുള്ള ദിവസങ്ങള്‍ ഉണക്ക ഇലകളെപ്പോലെ വീണ്ടും പാറി. ചുമരിലും തട്ടിലും നിറഞ്ഞു. അടഞ്ഞവാതിലിന്റെ ഓടാമ്പലിലും പൂട്ടുതുളയിലും ഒക്കെ ഉണക്ക ഇലകള്‍. ജനല്‍ക്കഴികള്‍ക്കപ്പുറത്ത് ഒരു കാവല്‍ക്കാരനെപ്പോലെ ലോകം. എനിക്കൊന്നും പറയാനില്ലാത്ത ലോകം.
ഉണര്‍ച്ചയുടെ പിടച്ചിലുകള്‍ തന്നത് അസ്വാസ്ഥ്യം മാത്രമായിരുന്നു. അര്‍ത്ഥവും ആവശ്യവുമില്ലാത്ത അസ്വാസ്ഥ്യം.
കാരണമാകാന്‍ കെല്പില്ലാത്ത അസ്വാസ്ഥ്യം.
ദൈവവുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് വീണ്ടും കൊതിപൂണ്ടത് അപ്പോഴെപ്പോഴോ ആയിരിക്കണം.
'നിങ്ങള്‍ക്കിങ്ങനെ ഓരോന്ന് കാണിച്ച് ഇങ്ങോട്ട് വന്നാല്‍ മതി.' മീശക്കാരന്‍ ഡോക്ടര്‍ പയ്യന്റെ ചെറുപ്പമേറിയ മുഖത്ത് തിരക്കും അരിശവും കുമിഞ്ഞു. 'മരിക്കാത്തവരെ രക്ഷിക്കാന്‍ തന്നെ ഞങ്ങള്‍ക്കിവിടെ സമയമില്ല.'
'ചെയ്യരുതാത്തതാണ് നിങ്ങള്‍ ഓരോതവണയും ചെയ്തത്.' സ്റ്റെതസ്‌കോപ്പ് കഴുത്തിലിട്ട് കെറുവോടെ ഇരിക്കുന്ന ഡോക്ടറെ കണ്ടപ്പോള്‍ എന്റെ ചളിപ്പ് ഒന്നുകൂടി. 'എന്നെ രക്ഷിക്കാന്‍ ഞാന്‍ പറഞ്ഞില്ല. ഇനി അതിനൊരു നന്ദിപ്രകടനവും വേണോ? '
'കുറ്റം ചെയ്തതും പോരാ.' ഡോക്ടര്‍ ചൊടിച്ചു. 'പുറമെ ഡംഭും?' ഇത്തരം കാരുണ്യപ്രകടനങ്ങളാണ് ഒട്ടും സഹിക്കാത്തത്. ഇനി ദൈവത്തെ നേരിട്ടു കാണുമ്പോള്‍ ഇത്തരം കഥാപാത്രങ്ങളെക്കുറിച്ച് പറയണം. അദ്ദേഹത്തിനെങ്കിലും ഒരു വൈവിധ്യമാവും.
'കുറ്റമോ! ഇത്തവണ ഉറക്കഗുളികകള്‍ സംഘടിപ്പിച്ചത് എന്റെ മിടുക്കാണ്.'
'എല്ലാവരേയും കബളിപ്പിച്ച് എങ്ങനെയാണ് ഉറക്ക...
'നോ ഹൗ ചോദിക്കുന്നത് വെറുതെയാണ് ഡോക്ടര്‍. ഞാന്‍ പറയില്ല. ചെറുപ്പമായാലും ഡോക്ടറായാലും മര്യാദവേണം.'
ഇത്തരം ഉത്തരങ്ങള്‍ നിങ്ങളെ എത്തിക്കുക ജയിലിലാണ്. ഈ പേനകൊണ്ട് ഒറ്റ വരമതി നിങ്ങള്‍ അകത്താവാന്‍.'
'ശരിക്കും അതാണ് നിങ്ങളുടെയും എന്റെയും ട്രാജഡി.'
'ആത്മഹത്യാശ്രമം കുറ്റമാണ്.'
'കാരണം? '
'നിങ്ങളുടെ ജീവന്‍.'
'ഒു പോടോ മനുഷ്യാ. കുറ്റം മുഴുമിക്കാനാവാത്തതിനല്ലേ ശിക്ഷ?'
'നിങ്ങള്‍ക്ക് ശരിക്കും മരിക്കണമായിരുന്നോ?' ഡോക്ടര്‍ അത്ഭുത്തോടെ എന്നെനോക്കി. 'ഇപ്പോഴും? '
'എന്താ സഹായിക്കാന്‍ പ്ലാനുണ്ടോ? '
'സത്യത്തില്‍ ഡോക്ടര്‍, ദൈവത്തെ കാണുന്നവരെ എനിക്ക് മോഹമുണ്ടായിരുന്നു. സ്വര്‍ഗത്തില്‍ അദ്ദേഹത്തിനും വളരെ മുടപ്പാണത്രെ. നന്മമാത്രം, ദൈവമായാലും എത്ര കാണും. ഒരു കിക്ക് ഇല്ല എന്നാണ് പറയുന്നത്. മാത്രമല്ല എപ്പോഴും തന്നിഷ്ടപ്രകാരം ചെല്ലാം എന്നതുകൊണ്ട് ലോകത്തിലെ വൈവിധ്യം വേണ്ടത്ര ആസ്വദിച്ചതിനുശേഷം പോരെ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. എന്തെങ്കിലും ചെയ്യാന്‍ ഇവിടെയേ ഒരു ചാന്‍സുള്ളുവത്രെ.'
ഡോക്ടര്‍, ചെറുപ്പക്കാരനായ ഡോക്ടര്‍ എന്നെ കുറച്ചുനേരം കഥാഭാഷയില്‍ പറഞ്ഞാല്‍ തറച്ചുനോക്കി.
പിന്നെ സൗമ്യമായി എന്റെ കൈ തലോടി.
'സാരമില്ല്യ. എല്ലാവര്‍ക്കും ഉണ്ടാവുതാണിതൊക്കെ.' അദ്ദേഹം പറഞ്ഞു. 'നിങ്ങള്‍ മനോരോഗത്തിന്റെ പിടിയിലാണെന്ന് ഞാന്‍ സര്‍ട്ടിഫൈ ചെയ്യുന്നു. സത്യവും അതാണല്ലോ. നിങ്ങള്‍ക്കപ്പോള്‍ ജയിലില്‍ പോകേിവരില്ല. '
'നന്ദി. ദാറ്റ്‌സ് ലൈക്ക് എ ഡോക്ടര്‍! ജയില്‍ എന്തായാലും പരമബോറാണ്. മനോരോഗ വിദഗ്ധനെക്കൂടി ഒന്നൊഴിവാക്കി...' പുഴുക്കുത്തുകള്‍ നിറഞ്ഞ ഫാനിനു മുകളില്‍ മുഷിഞ്ഞ മേലങ്കിയുടെ അറ്റം ഞാന്‍ കണ്ടു.
ദൈവം വിജയാഹ്ലാദത്തോടെ എത്തിനോക്കുന്നു. വിവരമറിയാന്‍. വ്യത്യസ്തമായ കഥകള്‍ കേള്‍ക്കാന്‍ ദൈവം ക്ഷമയോടെ കാത്തിരിക്കുന്നു.