Followers

Saturday, March 17, 2012

നെറുകയിലെ കുങ്കുമം മായ്ച്ചുകളയുക

ഒരു ദിവസം എന്നോട് കുങ്കുമപ്പൊട്ട് തൊടാതെ പുറത്തിറങ്ങരുതെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാനെങ്ങനെ പ്രതികരിക്കും? സുമംഗലിമാരുടെ കഴുത്തില്‍ താലി കണ്ടില്ലെങ്കില്‍ തലയറുക്കും എന്നു പറഞ്ഞാലോ ? ബുര്‍ഖ ധരിക്കാത്തതിന് മൂന്നു പെണ്‍കുട്ടികളുടെ തലവെട്ടികളഞ്ഞ താലീബന്‍ വിശ്വാസം നമ്മുടെ ചിന്തയുടെയും ചുറ്റുപാടിന്റേയും തൊട്ടടുത്തതാണ്. ഞാന് പഠിക്കരുതെന്നും ഉദ്യോഗം ഭരിക്കരുതെന്നും മരിക്കാന്‍ പോവുകയാണെങ്കിലും ഒരു പുരുഷഡോക്ടര്‍ എന്നെ ചികിത്സിക്കരുതെന്നും പറഞ്ഞാല്‍ ? പറയുന്നവര്‍ എന്റെ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥരായവര്‍തന്നെയെങ്കില്‍? കാന്തപുരം മുസലിയാര്‍, ഇസ്ലാമിന്റെ കാഴ്ചപ്പാടാണെന്നവകാശപ്പെട്ടുകൊണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ഫെബ്രുവരി 23 മാര്‍ച്ച് 1) എഴുതിയ ലേഖനം വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ ഒരു കിലുക്കാംപെട്ടിയിലെന്നപോലെ നിരവധി ചോദ്യങ്ങള്‍ ഒന്നിച്ചുകിലുങ്ങി. കറുപ്പ് കട്ടപിടിച്ചപോലെ ഒരു ഭീതിയാണ് എനിക്കപ്പോള്‍ തോന്നിയത്. 'മാതൃത്വത്തിന്റെ മഹത്വവും സ്ത്രീത്വത്തിന്റെ പദവിയും' ഉളളതിനാല്‍ ഒന്ന് ഊന്നി പ്രാര്‍ത്ഥിച്ചാല്‍ മുസലിയാരെ കുറച്ചു മാസത്തേക്കെങ്കിലും ഒരു സ്ത്രീയാക്കി മാറ്റാമോ എന്നും ഒരു നിമിഷം ഞാന്‍ ചിന്തിച്ചു. അങ്ങനെയൊന്നും ഒരു സ്ത്രീ ചിന്തിക്കരുതെന്നറിഞ്ഞിട്ടും.

സ്ത്രീയുടെ സ്വത്വം നിലനിര്‍ത്തി ചൂഷണത്തില്‍ നിന്നവളെ രക്ഷിക്കുന്നു ഇസ്ലാമിക നിയമങ്ങള്‍ എന്നു പറയുന്ന ലേഖകന്‍, മതാദ്ധ്യാപനത്തെ തിരസ്‌കരിച്ച് ഭരണവും തൊഴിലും തേടി സ്ത്രീ പുറത്തിറങ്ങിയതോടെ കുടുംബന്ധങ്ങള്‍ തകരുകയും ശിഥിലമാവുകയും ചെയ്യുന്നു എന്ന് വിലയിരുത്തുന്നു. 'സ്ത്രീയെ അവരുടെ പൊതുകഴിവുകള്‍ക്കപ്പുറം പൊതുരംഗത്ത് കൊണ്ടുവന്നപ്പോളുണ്ടായ ദുരന്തഫലങ്ങള്‍ ലോകമിന്നനുഭവിക്കുന്നു എന്നും 'വീടിനുപുറത്തുള്ള ഒരു ഉത്തരവാദിത്വവും സ്ത്രീ ഏറ്റെടുക്കരുത്' എന്നും   'കൈകാര്യകര്‍തൃത്വം സ്ത്രീയെ ഏല്പിച്ച ഒരു സമൂഹവും വിജയിക്കുകയില്ല' എന്നും 'നേതൃത്വവും ഭരണനിര്‍വ്വഹണവും സ്ത്രീക്ക് ഒരിക്കലും വിധിച്ചതല്ല ' എന്നും 'സ്ത്രീക്ക് സ്വന്തം നിലയ്ക്ക് വിവാഹിതയാകാന് അനുവാദമില്ല 'എന്നും 'മതശാസാനയ്ക്ക് അന്ധന് അവകാശമുണ്ടെങ്കിലും സ്ത്രീയ്ക്ക് അതിനവാകാശമില്ല' എന്നും തുടങ്ങി നിരവധി മതാനുശാസനങ്ങള്‍ അദ്ദേഹം അതില്‍ വിവരിക്കുന്നുണ്ട്.

ഇത്തരം വാദമുഖങ്ങള്‍ക്ക് യുക്തിയുടെയോ നീതിയുടെയോ വസ്തുനിഷ്ഠതയുടെയോ അടിത്തറ നല്‍കാത്തതിനാല്‍ അവയെ ബുദ്ധികൊണ്ട് നേരിടുക വൃഥാവ്യായാമമാണ്. എന്നാല്‍ മതങ്ങള്‍ എന്നും സ്വന്തം വ്യക്തിത്വം കൊട്ടിഘോഷിക്കാന്‍ ആദ്യം ഇരയാക്കുന്നത് സ്ത്രീകളെയാണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. എല്ലാ മതങ്ങളും തങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ അധികവും കര്‍ശ്ശനമായി പാലിക്കുന്നത് സ്ത്രീകളിലൂടെയാണ്. എന്തുകൊണ്ട് സ്ത്രീകള്‍ എന്ന ചോദ്യത്തിന് സാമ്പത്തികവും സാമൂഹ്യവുമായ അടിയൊഴുക്കുകള്‍ എന്നുതന്നെയാണുത്തരം. വിളനിലമായും ഉഴുതുമറിക്കാനുളള കന്നിഭൂമിയായും ഒക്കെ വിവരിക്കപ്പെടുന്ന സ്ത്രീയുടെ വേഷഭൂഷാദികള് മുതല്‍ നടപ്പും ഇരിപ്പും കിടപ്പും വരെ എങ്ങനെ വേണമെന്ന് മതങ്ങള്‍ ശഠിച്ചിട്ടുണ്ട്. നെറുകയിലെ സിന്ദൂരവും ബുര്‍ഖയും ളോഹയും ഒക്കെ പ്രതീകങ്ങളില്‍നിന്ന് മാറി നിര്‍ബന്ധങ്ങളാകുന്നത് അതുകൊണ്ടാണ്. ഈ നിര്‍ബന്ധങ്ങള്‍ കാലം കഴിയെ ആചാരങ്ങളാകുന്നു എന്നുമാത്രമല്ല, പതുക്കെ പതുക്കെ നന്മയുടെ മുഖമുദ്രകളായും മാറുന്നു. സമൂഹം അനുശാസിക്കുന്ന ചട്ടവട്ടങ്ങള്‍ അനുസരിക്കുക എന്നതായി മാറുന്നു നന്മയുടെ നിര്‍വ്വചനം. അതായത്, ചോദ്യങ്ങളോ സംശയങ്ങളോ ഇല്ലാത്ത അനുസരണം. അത് ചെയ്യുന്നവര്‍ ദേവികളാകുന്നു. ചെയ്യാത്തവര്‍ മറിച്ചും. 

മതയാഥാസ്ഥിതികത്വം വ്യക്തിയുടെ വളര്‍ച്ചയ്ക്ക് കടിഞ്ഞാണിടുന്നത്, ജീവിതത്തെ അതിന്റെ അടിവേരു തൊട്ട് ബാധിക്കന്‍ ഇടനല്കുന്നത് നന്മയുടെ ഈ നിര്‍വ്വചനത്തിലൂടെയാണ്. 
ആരാണ് നല്ല സ്ത്രീ?
നല്ല അമ്മ?
നല്ല ഭാര്യ?
നമ്മുടെ മനസ്സിലൊക്കെ, അബോധപൂര്‍വ്വമായിട്ടെങ്കിലും, ഇതിനെക്കുറിച്ചുളള ധാരണകള്‍ ഉണ്ടെന്നതാണ് സത്യം. ഈ ധാരണകള്‍ സമൂഹം, കുറച്ചുകൂടി സൂക്ഷ്മമായി പറഞ്ഞാല്‍ മതം, ഊട്ടിയുറപ്പിച്ചവയാണെന്നു കാണാം. അതുകൊണ്ട്തന്നെ ഈ ധാരണകള്‍ക്കെതിരെ നില്ക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ദൈവത്തിനെതിരെ നില്ക്കുന്നു എന്നാവും നിങ്ങളുടെ വിശ്വാസം. മതം വൈകാരിക സമ്മര്‍ദ്ദം ചെലുത്തുന്നത്, ദൈനംദിനചിന്തകളെ സ്വാധീനിക്കുന്നത് ഇവിടെവച്ചാണ്. ഇത്തരത്തിലാണ്.
കാന്തപുരത്തിന്റെ ലേഖനത്തിലേക്കുതന്നെ മടങ്ങുക. സ്ത്രീകള്‍ പഠിക്കുന്നതും ജോലി തേടുന്നതും  വീടുവിട്ടുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതും മതവിശ്വാസമനുസരിച്ച് കുടുംബഛിദ്രത്തിന് വഴിവെക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ സൂചന. ആണെന്നു തന്നെ വയ്ക്കുക. എന്നാല് എങ്ങെനെയെന്ന് അദ്ദേഹം പറയുന്നില്ല. കുടുംബം നന്നായി നടന്നുപേകുന്നതിന്റെ മുഴുവന് ഉത്തരവാദിത്വവും ഇവിടെ മതം സ്ത്രീയുടെ തലയില്‍ കെട്ടിവയ്ക്കുന്നു. ഇരുപത്തിനാലുമണിക്കൂറും കുടുംബാംഗങ്ങള്‍ക്ക്  സാന്നിദ്ധ്യവും സേവനവും നല്‍കാന്‍ വിധിക്കപ്പെട്ട സ്ത്രീ സ്വന്തം വ്യക്തിവികാസത്തിന്റെ കാര്യത്തില്‍ വട്ടപൂജ്യമായിതീരാതെ വയ്യ എന്നത് സ്വാഭാവിക നിയമമാണ്. ഇതോടെ,  കുടുംബത്തിലെ സമവാക്യങ്ങള്‍ മാറുന്നു എന്നതാണ് സത്യം. 

ഭരിക്കുന്നവനും ഭരിക്കപ്പെടുമന്നവരുമാണ് ഇന്നും കുടുംബവ്യവസ്ഥയിലെ മുഖ്യഘടകങ്ങള്‍. പണവും അധികാരവും കയ്യാളുന്ന, കാര്യവിവരമുള്ള, ലോകം കണ്ടിട്ടുള്ള പുരുഷന്‍ ഒരുവശത്ത്. ഇതൊന്നും ഇല്ലാത്ത, ആശ്രിതയായ സ്ത്രീ മറുപുറത്ത്. വിദ്യാഭ്യാസവും ജോലിയും തന്മൂലം അറിവും സമ്പാദ്യവും നിഷേധിക്കപ്പെടുന്ന സ്ത്രീക്ക് സ്വന്തം വീട്ടിലെ ഭരണാധികാരിയെ വെല്ലാനോ മറികടക്കാനോ ഈ സാഹചര്യത്തില്‍ ഒരിക്കലും സാധിക്കുകയില്ല.  അതുകൊണ്ടുതന്നെ അവര്‍ക്കിടയിലെ സാമ്പത്തിക വൈകാരിക ബന്ധങ്ങള്‍ ഒരു പരിധിവരെ യജമാന-ഭൃത്യ ബന്ധങ്ങള്‍ തന്നെയാകുന്നു. ഇതൊരു അതിശയോക്തിയല്ലെന്നു തെളിയാന്‍, അവരുടെ ബന്ധങ്ങളിലേക്കൊന്നു സൂക്ഷിച്ചു നോക്കിയാല്‍ മതി. 
സമൂഹം അല്ലെങ്കില്‍ മതം ആണിനും പെണ്ണിനും കുടുംബത്തിനകത്ത് വിഭജിച്ചു നല്‍കിയ റോളുകള്‍ അതേപടി തുടരുന്നിടത്തോളം കാലം ഈ യജമാന-ഭൃത്യ സ്വഭാവം അത്രയധികം പുറത്തുവന്നു എന്നുവരില്ല.  എന്നാല്‍ കുടുംബത്തിലെ വ്യവസ്ഥ സാഹചര്യങ്ങള്‍ മാറ്റം വന്നാല്‍, ഭൃത്യ ഒന്നിടഞ്ഞാല്‍, അനുസരണക്കേട് കാണിച്ചാല്‍, അവര്‍ വീടിനും സ്വത്തിനും സംരക്ഷണത്തിനും പുറത്തേക്ക് തെറിക്കുന്നതു കാണാം.  വിവാഹബന്ധങ്ങള്‍ തകരുമ്പോള്‍ സ്ത്രീകള്‍ ആലംബമില്ലാതെ അമ്പരന്നു നില്‌ക്കേണ്ടി വരുന്നത് അതുകൊണ്ടാണ്.  

ദേവിയായും അമ്മയായും സ്ത്രീയെ കാണുന്ന സമൂഹം അവര്‍ക്ക് ഉറപ്പുനല്കുന്ന സംരക്ഷണം നിലനില്ക്കുന്ന ആചാരങ്ങള്‍ക്കുള്ളിലും വ്യവസ്ഥാപിത കുടുംബത്തിലും മാത്രമേ ലഭിക്കൂ എന്ന് അവര്‍ തിരിച്ചറിയുന്നത് അപ്പോഴായിരിക്കും ഇന്ന് കുടുംബത്തില്‍ നിന്ന് യജമാനന് ഭൃത്യനെ പുറത്താക്കുന്നപോലെതന്നെയാണ് പ്രായോഗികമായി സ്ത്രീയെ പുറത്താക്കാനുള്ള കാര്യങ്ങളും.  നിയമത്തിന്റെ സഹായം തേടാനുള്ള കരുത്തോ പണമോ അറിവോ അവള്‍ക്കില്ല. ആശ്രിതരെ മാത്രമേ യജമാനന് എന്നും തല്ലാറുള്ളൂ.  എല്ലാ നിലയിലുമുള്ള ഈ ആശ്രിതത്വമാണ് സ്ത്രീയെ വീട്ടിനുള്ളില് തളച്ചിടുന്നത് ഈ അവസ്ഥ  സ്ത്രീയുടെ ഈ നിസഹായാവസ്ഥ ശാശ്വതീകരിക്കുകയാണ് കാന്തപുരത്തിന്റെ ലേഖനത്തിലെ കാഴ്ചപ്പാട്.  ഈ കാഴ്ചപ്പാടാകട്ടെ ഒരു വലിയ പേടിയുടെ പ്രതിഫലനമാണെന്നു പറയാതെ വയ്യ. 

പരംമ്പരയായി സ്വന്തം അധികാരം മാത്രം നടത്തി ശീലമുള്ള പുരുഷന്‍, തന്റെമേല്‍ ആശ്രിതത്വമില്ലാത്ത, സമ്പാദ്യവും സ്വാതന്ത്ര്യവുമുള്ള, തന്റെടിയായ സ്വാഭിമാനിയായ സ്ത്രീയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒരുപിടിയുമില്ല എന്നതാണ് സത്യം.  തന്നെപ്പോലെതന്നെ അറിവും പരിചയവും സംമ്പാദ്യവും സ്വാതന്ത്ര്യവുമുള്ള ഒരു സ്ത്രീയാണ് അയാള്‍ക്കു മുന്നില്‍ നില്‍ക്കുന്നതെങ്കില്‍, എത്രയോ കാലമായി കണ്ടും അനുഭവിച്ചും ശീലിച്ച സ്ത്രീ സങ്കല്‍പമാണ് അയാളുടെ മനസ്സിലാണ് തകര്‍ന്നുവീഴുക.
മാറ്റം. ഒരു ശരാശരി മനുഷ്യന് ഏറ്റവും പേടിയുള്ള ഒന്നാണത്.  ജോലിയെടുക്കുന്ന സ്വന്തം കാലില്‍ നില്ക്കുന്ന, ആശ്രിതയല്ലാത്ത സ്ത്രീ പുരുഷനില്‍ ഇന്ന് ഭീതിയണര്‍ത്തുന്നു. അധികാരത്തിന്റെ, യജമാനത്വത്തിന്റെ കടിഞ്ഞാണ് സ്വന്തം കയ്യില്‍നിന്നും വഴുതുമോ എന്ന എല്ലുതൊടുന്ന പേടിയാണ്, സ്ത്രീക്ക് വിദ്യാഭ്യാസവും ഉദ്യോഗവും നിഷേധിക്കുന്നത്.  രാഷ്ടീയനേതാക്കള്‍ അധികാരം നിലനിര്‍ത്താന്‍ കടലാസില്‍ സാധാരണക്കാരന്റെ സേവകരാകുന്നതുപോലെ, മതത്തിന്റെയും ദൈവത്തിന്റെയും മറപിടിച്ചുള്ള ഈ കടിഞ്ഞാണ്‍ വലികളെല്ലാം അബലയായ സ്ത്രീക്ക് സംരക്ഷണവും നല്‍കുന്നു എന്ന ജാഡയിലാണുതാനും, ചുരുക്കത്തില്‍, ദൈവത്തിന്റെ പേരില് ഒരു മുന്‍കൂര്‍ജാമ്യം.
പെണ്ണ് ജോലിക്കുപോയാന്‍ കുടുംബം തകരുമെങ്കില്‍ കുടുംബസംവിധാനത്തിന്റെ ചട്ടക്കൂടിനോ സ്ത്രീക്കോ തകരാറ് എന്ന അടിസ്ഥാന ചോദ്യം ഉടലെടുക്കുന്നു. കുടുംബത്തിന്റെ ചട്ടക്കൂട് ഇങ്ങനെ തന്നെ വേണമെന്ന് നിര്‍ബന്ധമുള്ളത് സ്ത്രീക്കോ പുരുഷനോ? 

സ്ത്രീക്ക് സംരക്ഷണവും മാന്യതയും (ദേവി, അമ്മ എന്ന പദവികള്‍) ഇങ്ങനെ കോരി ചൊരിഞ്ഞിട്ടും ഇന്നത്തെ കുടുംബസംവിധാനത്തെ അവള്‍ എതിര്‍ക്കുന്നതെന്തുകൊണ്ടാണ്?  സംരക്ഷണവും മാന്യതയും കിനിയുന്ന ദേവിമാരുടെ പീഠങ്ങളിലേക്ക്, കുടുംബത്തിന്റെ ആണിവേരും ആത്മാവുമായി പുരുഷന് കയറിവരാന്‍ തയ്യാറാകാത്തതെന്തുകൊണ്ടാണ്?  കുടുംബത്തിന്റെ സംവിധാനം ഒന്നു തിരിച്ചിടാന്‍, വെറുതെ ഒരു പരീക്ഷണമെന്ന നിലയ്‌ക്കെങ്കിലും റോളുകള്‍ ഒന്നു മാറ്റിയിടാന്‍, മാനസികമായെങ്കിലും തയ്യാറാകാത്തതെന്തുകൊണ്ടാണ് ? കുടുംബത്തിന്റെ സംവിധാനം ഒന്നുതിരിച്ചിടാന്‍, മാനസികമായെങ്കിലും തയ്യാറാകാത്തതെന്തുകൊണ്ടാണ്? വെറുതെ, വെറുതെ; വിദ്യാഭ്യാസവും ജോലിയും സമ്പാദ്യവുമില്ലാതെ, വീടിനുള്ളില്‍ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും അന്തരീക്ഷം പരത്തി, കുടുംബത്തെ പരിപാലിച്ച്, മറ്റൊരാളുടെ ആശ്രിതനായി ഒരു സുന്ദരന്‍ വിശ്രമജീവിതം നയിക്കാന്‍ തയ്യാറാകാത്തതെന്താണ്? സ്‌നേഹംകൊണ്ടായിരിക്കണം.  അല്ലെങ്കില്‍, ആ പാതയില്‍ നിറഞ്ഞുനില്‍ക്കുന്ന മനസ്സുകള്‍ കരിഞ്ഞ മണം സഹിക്കാനാകാത്തതുകൊണ്ടാകണം. അതുമല്ലെങ്കില് കാന്തപുരം മുസലിയാരെപ്പോലുള്ള മതവിശ്വാസികള്‍ സ്ത്രീസ്വത്വത്തെ ചൂഷണങ്ങള്‍ക്കടിമപ്പെടാതെ കാത്തു സൂക്ഷിക്കുമെന്ന അഗാധവിശ്വാസം കൊണ്ടായിരിക്കണം. അവരവരുടെ സ്ത്രീകളുടെ സിംഹാസനങ്ങളില് കയറിയിരിക്കാന് നാണക്കേടു തോന്നുന്നതുകൊണ്ടാകണം. അച്ഛന്റെയോ ഭര്‍ത്താവിന്റെയോ മകന്റെയോ കൈ പിടിച്ച്, മുന്നേ പറഞ്ഞുവച്ച ഒറ്റയടിപ്പാതയിലൂടെ മുഖവും മനസ്സും ശരീരവും ഒരു ശവപ്പെട്ടിപോലെ പൊതിഞ്ഞുകെട്ടി നടക്കുമ്പോള്‍ കാലൊന്നു തെറ്റിയാല്‍ മേലേക്കുതിരുന്ന കല്ലേറുകള്‍ സഹിക്കാന്‍ കഴിയാത്തതുകൊണ്ടാവണം. ആ വേദനയും ശ്വാസംമുട്ടലും സഹിക്കാന്‍ അവര്‍ പെണ്ണുങ്ങളല്ലല്ലോ. ദേവിമാരുമല്ലല്ലോ.  
കാന്തപുരം മുസലിയാര്‍ അവതരിപ്പിക്കുന്ന അനുശാസനങ്ങള്‍ എല്ലാം സ്ത്രീയുടെ സ്വത്തിനും വളര്‍ച്ചക്കും വ്യക്തിവികാസത്തിനും എതിരാണ്. കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കായി ഒരടിമയെ സൃഷ്ടിക്കലാണ് ആ അനുശാസനങ്ങളുടെ പൊരുള്‍. അതുകൊണ്ടുതന്നെ ഇരട്ടത്താപ്പു നയങ്ങള്‍ നിറഞ്ഞ അവയെ പ്രധിരോധിക്കേണ്ടതുണ്ട്.  അവിശ്വസിക്കേണ്ടതുണ്ട്.  നെറുകയിലെ സിന്ദൂരം (മംഗല്യം) നിലനിര്‍ത്താന് എന്തു വിലയും നല്കണമെന്ന അനുശാസനത്തിന്റെ മുഖച്ഛായയും ഇതുതന്നെയാണ്. 

സ്ത്രീ വ്യക്തിയല്ല. പുരുഷനായ ഒരു വ്യക്തിയുടെ തുടര്‍ച്ച മാത്രമാണ്. സ്ത്രീയുടെ സംരക്ഷണം എന്നൊന്നില്ല. വ്യക്തിയുടെ സംരക്ഷണം മാത്രമേയുള്ളൂ. അത് ഉറപ്പാക്കേണ്ടത് സമൂഹമാണ്. ചുമതലകള്‍ പുരുഷനെപ്പോലെ തന്നെ ഏറ്റെടുക്കാന്‍ കഴിയുന്ന ഒരു വ്യക്തിയായി സ്ത്രീക്ക് വരാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുക മാത്രമാണ് സമൂഹം ചെയ്യേണ്ടത്. അതിന്, വിദ്യാഭ്യാസവും അറിവും നേടാനുള്ള അവസരങ്ങള്‍ വേണം. വീടിനു പുറത്തുപോയി ഉദ്യോഗം ഭരിക്കണം. പുരുഷന്‍ ഉദ്യോഗം ഭരിച്ചാല്‍ കുടുംബം തകരുന്നില്ല എങ്കില് സ്ത്രീ ഉദ്യോഗം ഭരിച്ചാലും തകരാന്‍ ന്യായങ്ങളൊന്നുമില്ല. 

സ്വന്തം അധികാരനഷ്ടത്തെ വൈകാരികമാക്കിതീര്‍ക്കാന്‍ പുരുഷന്‍ (പുരുഷന് എന്നത്, സ്ത്രീ എന്നപോലെതന്നെ, ചില പ്രത്യേക ആനുകൂല്യങ്ങളും അവസ്ഥകളും അനുഭവിക്കുന്നവരുടെ പ്രതിനിധി എന്ന നിലക്കാണ് ഇവിടെ ഉപയോഗിക്കുന്നതെന്ന് പ്രത്യേകം പറയട്ടെ) ഉപയോഗിക്കുന്ന ഒരു ചെറിയ പൊടിക്കൈയാണ് കുടുംബത്തിന്റെ തകര്‍ച്ച. സത്യത്തിലുള്ള പേടി അതല്ല.  സ്ത്രീ സ്വാശ്രയശീലയായാല്‍ ഇന്നുവരെ സമൂഹം അനുവര്‍ത്തിച്ചുവന്ന ശീലങ്ങളില്‍ ഒരുപാടു മാറ്റങ്ങള്‍ വേണ്ടിവരും വൈകാരികമായും സാമ്പത്തികമായും സാമൂഹ്യപരമായും. ആ പേടിയെ മറികയക്കാന്‍ മതത്തിന്റെ സഹായം തേടുന്ന ചിന്താഗതി പുതിയതല്ലെന്ന് കാന്തപുരം മുസലിയാരുടെ ലേഖനം നമ്മെ വീണ്ടും ഒരിക്കല്‍കൂടി ഓറ്മ്മപ്പെടുത്തുന്നു.  ചിന്തിക്കുന്നവര്‍ ജാഗ്രത! നെറുകയിലെ കുങ്കുമം മായ്ച്ചു കളയുക.

49 comments:

  1. പ്രത്യയശാസ്ത്രങ്ങള്‍ കാലാനുസൃതം മാറണമെന്ന് ഞാനടക്കം നിലവിളിക്കുന്നു;

    -മതശാസനകള്‍ മനുഷ്യനന്മയ്ക്കും കാലത്തിനുമനുസരിച്ച് മാറണമെന്ന് ഒരിക്കലെങ്കിലും ആലോചിച്ചിട്ടില്ല.

    കാരണം??

    സാമ്പത്തിക സമത്വം വരണമെന്ന് ഘോരഘോരമായ ചര്‍ച്ചകള്‍ കെട്ടിയെഴുന്നള്ളിക്കുന്നതിനെ എത്രയോ വട്ടം ഞാനടക്കം പിന്താങ്ങി;

    -മതങ്ങള്‍ ഉത്ഘോഷിക്കുന്നത് നന്മയെന്നും മതഗ്രന്ഥങ്ങള്‍ പലപ്പോഴും തെറ്റായ് വ്യാഖ്യാനിക്കുന്നുവെന്നും ഒരിക്കല്‍പ്പോലും ഞാന്‍ ചിന്തിച്ചിട്ടേയില്ല

    കാരണം??


    കാരണം, മതമെന്ന കറുപ്പ് തിന്ന് എന്റെ ചിന്താധരണി ആകെയും ഉന്മത്തവും അതിലുപരി ചിന്താശേഷി കൈമോശവും വന്നിരിക്കുന്നു..

    ReplyDelete
    Replies
    1. That is the point. Nobody stops a minute to think why god, who is supposed to be the epitome of all goodness and justice should ever dictate a double standard for a particular gender.

      God is a concept . History bears proof how this concept evolved and was again and again manipulated for the interests of the the power wielding ruling class.

      The majority of people who by and large are not capable of thinking any thing beyond conventions accepts what the ''leader ''/ruler says. THis is true of politics, religion, rituals, isms
      and any new ideas. To swim against existing current needs a lot of courage and preparedness to sacrifice ones personal interests should be sort of a habit
      .
      It is a lot of risk . majority will not be ready for that. That is why any path breaker in any field is harassed and tortured in his/ her life time. They always belong to future.

      Delete
  2. കുങ്കുമത്തിന്‍ ഗന്ധമറിയാതെ ........................

    ReplyDelete
  3. എല്ലാ തരത്തിലും ഉള്ള വ്യക്തി സ്വാതന്ത്ര്യങ്ങളെ മതം കൂച്ച് വിലങ്ങിടുന്നു. മതത്തിന്റെ അഭിപ്രായത്തില്‍ വ്യക്തിയില്ല. അധികാരങ്ങളെ കുംബിടാന്‍ മാത്രമാണ് എല്ലാ മതങ്ങളും അനുശാസിക്കുന്നത്. അത് ഒരു തരം യുക്തി ബോധത്തെയും ഇരുത്തി പൊറുപ്പിക്കുകയില്ല. വ്യവസ്ഥയുടെ അടിത്തറയാണ് മതം. അപ്പോള്‍ വ്യവസ്ഥയുടെ വ്യക്തി വിരുദ്ധമായ കാഴ്ച്ചപ്പാടുകള്‍ക്കെതിരായ സമരം മതത്തിനെതിരായ സമരം കൂടെ ആണ്. സ്ത്രീകളുടെ വിമോചനത്തിനായുള്ള സമരം തീര്‍ച്ചയായും മത സങ്കല്‍പ്പങ്ങളെ തമസ്ക്കരിച്ചുകൊണ്ടേ മുന്നോട്ട് കൊണ്ടുപോകാന്‍ ആകു. യൂറോപ്പില്‍ നവോത്ഥാനം വിജയക്കൊടി പാറിച്ചത് മതത്തെയും പള്ളിയേയും വലിച്ചെറിഞ്ഞുകൊണ്ടാണ്. നമ്മുടെ നാട്ടില്‍ ആ വഴിയില്‍ മുന്നേറുവാന്‍ നാരായണഗുരു ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. അതുകൊണ്ടാണ് പള്ളിയല്ല പള്ളികൂടങ്ങള്‍ ആണ് വേണ്ടത് എന്ന് അദ്ദേഹം അവസാനകാലങ്ങളില്‍ പ്രഖ്യാപിച്ചത്. പക്ഷേ ആ ആശയങ്ങളെ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാനും സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനും നമ്മുടെ നേതൃ പ്രസ്ഥാനങ്ങള്‍ക്ക്‌ കഴിയാതെ പോയി.
    ഇന്ന് മതരാഷ്ട്രീയ നേതാക്കള്‍ക്കുമുന്പില്‍ നമ്മുടെ സാംസ്ക്കാരിക നായകന്മാര്‍ ഓച്ചാനിച്ച് നില്‍ക്കുമ്പോള്‍ ടീച്ചറുടെ ഈ വിമര്‍ശനം കരുത്തുള്ളതാണ്. കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോവുക. ആശംസകള്‍.

    ReplyDelete
  4. പുരുഷനും സ്ത്രീയും ഒരു വണ്ടിയുടെ രണ്ടു ചക്രങ്ങളാണ് എന്നൊക്കെ പറയുന്നവര്‍ തന്നെയാണ് ഒരു ചക്രത്തെ ഉരുളാനാകാതെ കട്ടപ്പുറത്ത് കേറ്റിയിരുതിയിരിക്കുന്നത്. സ്ത്രീയുടെ സംരക്ഷണത്തിനെന്ന വ്യാജേനയാണ് കാന്തപുരം അടക്കമുള്ള പിന്തിരിപ്പന്മാര്‍ ഇത്തരം വാദങ്ങളവതരിപ്പിക്കുന്നത്. കാണപ്പെട്ട ലേഖനം

    ReplyDelete
  5. മതാധിപത്യവും പുരുഷാധിപത്യവും അധിനിവേശത്തിന്റെ രൂപഭേദങ്ങളാണ്. രണ്ടിനെയും കാലാനുസൃതമായി മാറ്റിയെടുക്കേണ്ടതുണ്ട്.മതത്തിന്റെ ചങ്ങലകളെ അറുത്തെറിയാതെ ശരിയായ മനുഷ്യമോചനം സാധ്യമല്ല.സിന്ദൂരക്കുറി സ്ത്രീയുടെ അധമത്വത്തെയാണ് സൂചിപ്പിക്ക്ന്നതെന്നതിനാൽ അത് തുടച്ചെറിഞ്ഞേ പറ്റൂ. ചലനാത്മകമായ ഈ ചിന്തകളുമായി വന്ന മാനസിക്ക് അഭിനന്ദനങ്ങൾ.

    ReplyDelete
  6. ഈ നിര്‍ബന്ധങ്ങള്‍ കാലം കഴിയെ ആചാരങ്ങളാകുന്നു എന്നുമാത്രമല്ല, പതുക്കെ പതുക്കെ നന്മയുടെ മുഖമുദ്രകളായും മാറുന്നു. സമൂഹം അനുശാസിക്കുന്ന ചട്ടവട്ടങ്ങള്‍ അനുസരിക്കുക എന്നതായി മാറുന്നു നന്മയുടെ നിര്‍വ്വചനം. അതായത്, ചോദ്യങ്ങളോ സംശയങ്ങളോ ഇല്ലാത്ത അനുസരണം. അത് ചെയ്യുന്നവര്‍ ദേവികളാകുന്നു. ചെയ്യാത്തവര്‍ മറിച്ചും.

    ചില നിര്‍ബന്ധങ്ങള്‍ ഇന്ന് നന്മയുടെ നിര്‍വചനമായി രൂപാന്തരപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് ഇന്നത്തെ ശീലമായി മാറിയിരിക്കുന്നത്. ആ ശീലത്തെ അനുസരിക്കുകയും അനുസരിപ്പിക്കുയും ചെയ്യുന്നു എന്ന ദോഷത്തെ തിരിച്ചറിയേണ്ടിയിരിക്കുന്നു.

    നല്ല ലേഖനം.

    ReplyDelete
  7. പുരുഷാധിപത്യത്തെ അനുകൂലിക്കുന്നതാണ് നമ്മുടെ മതവ്യവഹാരങ്ങള്‍ എങ്കില്‍ അവയെ തകര്‍ത്ത് പുറത്തു കടക്കാന്‍ എന്തിനു മടിക്കണം.. ഒരു സമൂഹത്തിനു ഗുണകരമല്ലാത്ത ഏതു മതവിശ്വാസങ്ങളും കടപുഴകി വീഴേണ്ടതുണ്ട് ഈ കാലത്ത്....

    എഴുത്ത് തുടരൂ...
    മനസി ചേച്ചിയുടെ കഥകള്‍ വായിക്കാന്‍ കാത്തിരിക്കുന്നു..

    സ്നേഹപൂര്‍വ്വം
    സന്ദീപ്‌

    ReplyDelete
  8. ജാതിയും മതവും ഇല്ലെന്നു ഉച്ചൈസ്തരം കൊട്ടിഘോഷിക്കുമ്പോഴും കുടിക്കുന്ന വെള്ളത്തില്‍ പോലും ഇവയുടെ സ്വാധീനം ഉണ്ടെന്നു പറയാതെ വയ്യ. ഒരു ചോദ്യം തയ്യാരാക്കിയതിന്റെ പേരില്‍ സ്വന്തം കൈ നഷ്ടമായ അധ്യാപകനുള്ള നാടാണ് ഇത്. സ്ത്രീ സ്വന്തം ചട്ടക്കൂടില്‍ നിന്ന് പുറത്തു കടക്കുന്നു എന്ന് വരുമ്പോള്‍ വിറളി പിടിക്കുന്നത്‌ ആര്‍ക്കാണ് എന്നത് മാത്രം നോക്കുക. എച്ചുമുക്കുട്ടിയുടെ പുതിയ പോസ്ടിനോട് കൂടി ഇതും കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ വളരെ വ്യക്തമാണ് ചിത്രം!

    ReplyDelete
  9. കാന്തപുരത്തിനെ പോലുള്ളവര്‍ വായതുറക്കുന്നതുകണ്ടാല്‍ അറപ്പോടെ പുറം തിരിഞ്ഞിരിക്കാറാണ് പതിവ്. ഒരു മതത്തിനോടുമുള്ള അസഹിഷ്ണുതയല്ല നേറെമറിച്ച് അതിനെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കുന്നവരുടെ സ്വാര്‍ത്ഥതമാത്രമാണ് അതിന്നു കാരണം. പക്ഷേ എത്ര സഹോദരിമാര്‍ക്ക് ഇത്തരം ചിന്താഗതികള്‍ക്ക് അധീനപ്പെട്ട് ജീവിക്കേണ്ടി വരുന്നുണ്ടാവും എന്നാലോചിക്കുമ്പോള്‍ വിഷമം തോന്നുന്നു. കാലം ചെല്ലുന്തോറും ഒരു വിഭാഗം പുറകോട്ടു പോകാന്‍ ശഠിക്കുന്നത് മാറ്റത്തെ നേരിടാനുള്ള അവരുടെ ഭയം തന്നെയാണെന്ന് തോന്നുന്നു.

    ReplyDelete
  10. ഇനിയും എത്രയോ ആചാരങ്ങള്‍ മരനുന്ദ്‌ check my blog 'cheathas4you.blogspot.com '

    ReplyDelete
  11. മാറ്റമെന്നുള്ളത് സ്വന്തം കാര്യത്തില്‍ ഇമ്മിണി പുളിക്കും. അതന്നെ
    റോളുകല്‍ മാറ്റിപ്പരീക്ഷിക്കാന്‍ ശ്രമിക്കാതത്.

    ReplyDelete
  12. ഏതു മതത്തിലായാലും, ഏതു രാജ്യത്തായാലും ഒതുങ്ങേണ്ടതും ഒതുക്കേണ്ടതും സ്ത്രീയെ മാത്രം എന്ന വിശ്വാസം കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്.

    ജോലിയെടുക്കുന്ന, സ്വന്തം വരുമാനം ഉണ്ടാക്കുന്ന സ്ത്രീകളെ പുരുഷന്മാര്‍ ഭയപ്പെടുന്നുണ്ടോ? കൂടുതല്‍ അവഹേളനം ഏല്‍ക്കേണ്ടിവരുന്നത്‌ അവള്‍ക്കു തന്നെയല്ലേ...?
    പ്രിയ മാനസി,ഇനിയും ഇതേപോലെ ധീരമായി പ്രതികരിക്കുക.

    ReplyDelete
  13. നല്ല ലേഖനം... ഒരു പാട് ചര്‍ച്ച ചെയ്തതും, ഇപ്പൊ ചെയ്തു കൊണ്ടിരിക്കുന്നതും ഇനിയും ചര്‍ച്ച ചെയ്യാനിരിക്കുന്നതുമായ വിഷയം.... എന്നിട്ടും ചര്‍ച്ചയല്ലാതെ ഇതിനൊരു മാറ്റം കാണുന്നില്ല... പുരുഷന്മാരാണ് ഇതിനു കാരണം എന്ന് പറയാന്‍ കഴിയുമോ... ഇതിനു മാറ്റം കൊണ്ടുവരാന്‍ സ്ത്രീകള്‍ തന്നെ മുന്നിട്ടിറങ്ങണം..അവര്‍ക്ക് മാത്രമേ അതിനു കഴിയുകയുള്ളൂ.. അല്ലാതെ കുറെ എഴുതി, കുറെ ചര്‍ച്ച ചെയ്തത് കൊണ്ടോ കാര്യമുണ്ടെന്നു തോന്നുന്നില്ല...
    എന്തായാലും...മാറ്റുവിന്‍ ചട്ടങ്ങളെ....
    അല്ല മാറണം ചട്ടങ്ങള്‍... മാറട്ടെ....
    എഴുത്തുകാരിക്ക് നന്മകള്‍ നേരുന്നു...

    ReplyDelete
  14. ഏതൊരു കാര്യത്തിനും മതത്തെ കൂട്ടുപിടിക്കുന്നത് അതിന്റെ പിന്നിൽ അണിനിരക്കാൻ ചിന്താശേഷി ഇല്ലാതാക്കിയ അനുയായികളെ എഥേഷ്ടം കിട്ടുമെന്നുള്ളതുകൊണ്ടാണ്. അത് സ്വയം തിരിച്ചറിയാതിരിക്കാനാണ് ‘വിദ്യകൊണ്ട് പ്രബുദ്ധരാവാൻ’ അവസരം നിഷേധിക്കുന്നത്. ജനത്തെ ഒരു തരം ആബോധാവസ്ഥയിൽ തളച്ചിടുന്നതുകൊണ്ടാകും കറുപ്പിനോട് ഉപമിച്ചത്. അതു ശരിയ്‍ാണെന്ന് അനുഭവങ്ങൾ പറഞ്ഞു തരുന്നുണ്ടല്ലൊ.
    സ്ത്രീകൾ സ്വയം കരുത്താർജ്ജീക്കണം.
    സ്വയം തിരിച്ചറിയണം.
    ആശംസകൾ...

    ReplyDelete
  15. കാന്തപുരത്തിന്റെ നിലപാടിനോട് യോചിക്കാന്‍ കഴിയില്ല.ഇസ്ലാം മതത്തില്‍ സ്ത്രീക്ക് കൊടുത്തിട്ടുള്ള സ്ഥാനവും സ്വാതന്ത്ര്യവും അദ്ദേഹം ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുകയാണ്.സംശയമുള്ളവര്‍ ഇസ്ലാം മതത്തിലെ പൂര്‍വ്വ കാല വനിതകളുടെ ചരിത്രം ഒരിക്കലെങ്കിലും പഠിക്കണമെന്നു താല്പര്യപ്പെടുന്നു.മത പുരോഹിതന്മാരെന്നവകാശപ്പെടുന്ന ഇത്തരക്കാരാണ് അന്യ മതസ്ഥരുടെ മുന്നില്‍ ഇസ്ലാമിന്നു കളങ്കം ചാര്‍ത്തുന്ന ഇത്തരം ലേഖനങ്ങള്‍, അതും മാതൃഭൂമി പോലുള്ള പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനോ ജോലിക്കോ നേതൃസ്ഥാനത്ത് വരുന്നതിനോ ഒരിക്കലും ഇസ്ലാം മതം വിലങ്ങു തടിയാവുന്നില്ല.ഖുര്‍ ആനും നബി ചര്യകളും കൂടുതല്‍ പഠിച്ചാല്‍ മാത്രം മതി ഇതു മനസ്സിലാക്കാന്‍.

    ReplyDelete
  16. സ്ത്രീകളെ തളച്ചിടാൻ എത്ര മനോഹരങ്ങളായ മത ആചാരങ്ങൾ!!!

    ReplyDelete
  17. പുരുഷനെ പ്രീണിപ്പിച്ച് കഴിയുക മാത്രമേ നിർവാഹമുള്ളൂ സ്ത്രീയ്ക്ക് എന്ന് എല്ലാ മതങ്ങളും ഭരണകൂടങ്ങളും അനുശാസിയ്ക്കുന്നുണ്ട്. പുറത്തിറങ്ങിയാൽ എത്ര നാശങ്ങളുടെ ശല്യം സഹിയ്ക്കണം, അതുകൊണ്ട് വീട്ടിലിരിയ്ക്കുന്നത് തന്നെ നല്ലത്, ഒരെണ്ണത്തിന്റെ ശല്യം സഹിച്ചാൽ മതിയല്ലോ എന്ന് ജോലിയ്ക്ക് പോവാത്തതിനുള്ള ന്യായമായി ഒരു പഴയ റാങ്ക് ഹോൾഡർ പറഞ്ഞിരുന്നു.
    വീട്ടച്ഛന്മാർ ഇപ്പോൾ ഉണ്ട്,ഭാര്യ ലക്ഷക്കണക്കിന് സമ്പാദിയ്ക്കുകയും ഭർത്താവു വീട്ടിലിരിയ്ക്കുകയും ചെയ്യുന്ന വീടുകൾ ഉണ്ട്, ധാരാളം. ആ ഭാര്യമാർ മനുഷ്യസ്ത്രീകളല്ല, അടിമ മൃഗങ്ങൾ മാത്രമാണ്. സമ്പാദിയ്ക്കാത്ത ഭാര്യ വീട്ടിൽ ചെയ്യുന്ന എല്ലാ കാര്യവും ചെയ്യണം, റ്റാർഗറ്റ് ഒപ്പിച്ച് ജോലിസ്ഥലത്ത് പുരുഷ ജോലിക്കാർക്ക് ഒപ്പം നിൽക്കണം, പണം ചെലവാക്കാൻ ഉടമയുടെ അനുവാദം മേടിയ്ക്കണം........
    തങ്ങൾ മഹത്തായ സൃഷ്ടികളാണ്, തങ്ങളെ സ്ത്രീകൾ സ്പെഷ്യൽ ആയി കാണണം എന്ന പുരുഷ ധാർഷ്ട്യം ഉണ്ടാക്കി ഊട്ടിയുറപ്പിയ്ക്കുന്നതിൽ മതങ്ങൾക്കും ആചാരങ്ങൾക്കും മതനേതാക്കന്മാർക്കും അവരെ താണു വണങ്ങുന്ന ഭരണകൂടങ്ങൾക്കും അവ സൃഷ്ടിയ്ക്കുന്ന സമസ്ത നിയമസംഹിതകൾക്കും ഉത്തരവാദിത്തമുണ്ട്. ദൈവപ്പേടിയിൽ എല്ലാം തൊണ്ട തൊടാതെ വിഴുങ്ങുന്ന നിരക്ഷരരെ നമുക്ക് സാരമില്ലെന്ന് വെയ്ക്കാം, അഭ്യസ്തവിദ്യരെ എന്തു ചെയ്യും?
    ഈ കുറിപ്പ് വളരെ താല്പര്യപൂർവം വായിച്ചുവെന്നറിയിയ്ക്കട്ടെ.

    ReplyDelete
  18. കാന്തപുരം അല്ല ഇനി അതിലും മുന്തിയ ആളു വന്നു പറഞ്ഞാലും ഇനി സ്ത്രീയെ അടുപ്പിന്‍ മൂട്ടില്‍ തളച്ചിടാന്‍ സാധിക്കില്ല.
    വിദ്യാഭ്യാസവും വിവരവും ഉണ്ടാവുമ്പോള്‍ അതനുസരിച്ച് ജീവിത നിലവാരവും ഉയരും. ഒരാള്‍ മാത്രം അദ്ധ്വാനിച്ചാല്‍ ഒരു കുടുംബം ഇന്ന് മാനമായി ജീവിക്കില്ല സ്ത്രീയും പുരുഷനും അദ്ധ്വാനിക്കണം. സ്ത്രീയുടെ വ്യക്തിത്വത്തിനും അഭിമാനത്തിനും വിലയുണ്ടാവണം . പുരുഷനായകൊണ്ട് അയ്യാള്‍ പറയുന്ന വിഡ്ഢിത്തരങ്ങള്‍ എല്ലാം മുള്ളൊടെ വിഴുങ്ങാന്‍ ഇനിയുള്ള കാലത്ത് പെണ്‍കുട്ടികളെ കിട്ടില്ല.പെണ്‍മക്കളുടെ മനസ്സ് ദൃഢമാക്കി അവര്‍ക്ക് മാനസീകമായ പിന്തുണ നല്കാന്‍ മാതാപിതാക്കളും ഒപ്പം വേണം.സ്ത്രീ രണ്ടാംനിരയില്‍ എന്ന കാഴ്ചപ്പാട് സമൂഹം മാറ്റണം.
    26 കൊല്ലത്തോളം ബുര്‍ഖയിട്ട് തലകുമ്പിട്ട് നടന്നിരുന്ന സ്ത്രീകളെ കണ്ടു മടുത്തിരുന്നു, ഇന്ന് സ്വാതന്ത്ര്യത്തോടെ ആത്മാഭിമാനത്തൊടെ തന്റേടത്തോടെ ജീവിക്കുന്ന ഒരു പറ്റം സ്ത്രീകളെ ചുറ്റും കാണാന്‍ എനിക്ക് കഴിയുന്നു. പെണ്‍കുട്ടികളെ'മാതൃത്വത്തിന്റെ മഹത്വവും സ്ത്രീത്വത്തിന്റെ പദവിയും' എന്ന് പറഞ്ഞിനി പ്രലോഭിക്കണ്ട. സ്വാതന്ത്ര്യത്തിനും വ്യക്തിത്വത്തിനും അതിലും കൂടുതല്‍ മഹത്വം ഉണ്ടെന്ന് പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ മനസ്സിലാക്കുന്നു എന്നത് സന്തോഷമുള്ള വസ്തുത തന്നെയാണ്.
    ഒരു നേരത്തെ ഭക്ഷണം പാകം ചെയ്തതു കൊണ്ടോ വീടും പരിസരവും ശുചിയാക്കിയതുകൊണ്ടോ സ്വന്തം മക്കളെ പരിപാലിച്ചതു കൊണ്ടോ പൗരുഷത്തിന് ഒരു കോട്ടവും തട്ടില്ല എന്ന് കാന്തപുരം അറിയാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു...
    ഇത്രയും എങ്കിലും എഴുതിയ മാനസിക്ക് അഭിവാദനങ്ങള്‍.....

    ReplyDelete
  19. മാണിക്യത്തിന്റെ കമന്റു വായിച്ചിട്ട് രണ്ടു വാക്ക്‌ എഴുതാതെ വയ്യ.
    ഈ വാക്കുകളില്‍ നിറഞ്ഞിരിക്കുന്ന വര്‍ത്തമാന കാല സത്യം നൂറു ശതമാനം ശരിയാണ്. 'തുമ്മിയാല്‍ തെറിക്കുന്ന' മൂക്കുകള്‍ വേണ്ടെന്നു വയ്ക്കാന്‍ മടിക്കാത്ത ഒരു പെണ്‍ തലമുറ ഇന്ന് കേരളത്തിലുണ്ട്. പുരുഷന് അടിമപ്പെടാതെ ജീവിക്കാന്‍ വേണ്ടി വിവാഹം പോലും വേണ്ട എന്ന് വയ്ക്കുന്നവര്‍. അവര്‍ക്ക് എന്റെ സല്യൂട്ട്. താലിയുടെ നിലനില്‍പ്പിന് വേണ്ടി ജീവിതം ഹോമിക്കുന്ന യുവതികള്‍ സീരിയലുകളില്‍ മാത്രമേ ഇന്ന് കാണാനുള്ളൂ. ഇത് കേരളത്തിന്റെ മാത്രം അവസ്ഥ എന്നതോര്‍ക്കുമ്പോള്‍ വേദനയുണ്ട് താനും.

    ReplyDelete
  20. നിലവാരമുള്ള ലേഖനം..

    ReplyDelete
  21. നന്നായി പറഞ്ഞു.കൊള്ളാം ഇതു തുടര്‍ന്നും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  22. കാന്തപുരം ഇത്ര മാത്രമൊന്നുമല്ല പറഞ്ഞു വെച്ചിട്ടുള്ളത്‌..
    വാ തുറക്കാന്‍ ആര് അവസരം കൊടുത്താലും അവിടെയൊക്കെ ഇസ്ലാമിന്‍റെ മൂല്യങ്ങളെ 'തല കുത്തനെ' ഇയാള്‍ അവതരിപ്പിക്കും. ഇസ്ലാമിക വീക്ഷണത്തില്‍ ഇയാളുടെ ജീവിതം തന്നെ ആശുദ്ധമാണ്. ആഡംബരകാറും ജനങ്ങളില്‍ നിന്നും വ്യത്യസ്‌തമായ വസ്ത്ര ധാരണവും സംസാര,ജീവിത ശൈലി കൊണ്ടും ഒരു ആത്മീയ നേതാവിന്‍റെ ജീവിതത്തിനു ചേരാത്ത ചെയ്തികള്‍ കൊണ്ടും കളങ്കമേറ്റതാണ് അയാളുടെ ജീവിതം. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഇയാളുടെ നിലനില്‍പ്പിന് വേണ്ടിയുള്ള പരക്കംപാച്ചിലുകള്‍ക്ക് പോലും ജയ് വിളിക്കുന്ന അനുയായീ വൃന്ദം കേരളത്തില്‍ നിന്നും അയാള്‍ക്ക്‌ ലഭിച്ചിരിക്കുന്നു. എന്തായാലും ഈ 'പീഡ്പൈപര്‍'കുഴലൂതിയപ്പോള്‍ കൂടെപ്പോയ മൂഷികക്കൂട്ടം ഖേദകരമെങ്കിലും നമ്മളും കൂടെ ഉള്‍ക്കൊള്ളുന്ന സമൂഹത്തിന്‍റെ ഭാഗമാണ്. ഒരു ചൂഷകന്‍റെ വലക്കണ്ണിയാണ് താന്‍ ധരിച്ചിരിക്കുന്ന വസ്ത്രമെന്നറിയാത്ത പാവം അണികള്‍ക്ക് നമുക്ക് വേദപാഠങ്ങള്‍ ചൊല്ലിക്കൊടുത്ത് നോക്കാം.. നന്നാവുന്നെകില്‍ നന്നായ്ക്കോട്ടേ..

    ReplyDelete
  23. 'മാതൃത്വത്തിന്റെ മഹത്വവും സ്ത്രീത്വത്തിന്റെ പദവിയും' ഉളളതിനാല്‍ ഒന്ന് ഊന്നി പ്രാര്‍ത്ഥിച്ചാല്‍ മുസലിയാരെ കുറച്ചു മാസത്തേക്കെങ്കിലും ഒരു സ്ത്രീയാക്കി മാറ്റാമോ എന്നും ഒരു നിമിഷം ഞാന്‍ ചിന്തിച്ചു....!

    ReplyDelete
  24. ഒരറ്റത്ത് അഭിപ്രായ സ്വാതന്ത്ര്യവും സാക്ഷരതയും കൊട്ടിഘോഷിക്കുകയും
    മറു പുറത്തു ഒന്നിച്ചു പോവുന്ന ആണ്‍പെണ്‍ സുഹൃതുക്കളെ valentines
    day ഇല്‍ പിടിച്ചു നിര്‍ബന്ധിച്ചു കല്യാണം നടത്തുകയും ചെയ്യുന്നു...

    ജീന്‍സിട്ട പെണ്ണിനെയും പരസ്യമായി ആണിനോട് സംസാരിക്കുന്ന പെണ്ണിനെയും 'വിലക്കുകയും'
    കുറ്റ വിചാരണ ചെയ്യുകയും ചെയ്യുന്നു...

    കാന്ത പുരം ഇസ്ലാം മതത്തെ വികൃതം ആയി മറ്റുള്ളവര്‍ക്ക് ചിത്രീകരിച്ചു കൊടുക്കുന്ന
    ഒരു 'അപകടം' ആണ് എന്ന് എനിക്ക് തോന്നുന്നു..ഒന്നില്‍ കൂടുതല്‍ കല്യാണം കഴിക്കുന്നതിനു
    അയാള്‍ ഒരിക്കല്‍ പരസ്യം ആയി പറഞ്ഞ ന്യായങ്ങളില്‍ ‍ ഒന്ന് ഒരു മാസത്തില്‍ പല ദിവസങ്ങളിലും
    ആര്‍ത്തവ കാരണത്താല്‍ ഭാര്യയും ആയി വിട്ടു നില്‍കുന്ന ഭര്‍ത്താവിനു ഒരു ആശ്വാസം എന്നാണ്...
    ഇത്രയും ആക്രാന്തം മൃഗങ്ങള്‍ക്ക് ഉണ്ടാവുമോ ഇക്കാര്യത്തില്‍?ഭര്‍ത്താവ് പല കാരണത്താല്‍ മാറി
    നില്‍ക്കുമ്പോള്‍ സ്ത്രീകള്‍ക്ക് ഇങ്ങനെ ചിന്തിക്കാന്‍ അവകാശം ഉണ്ടായാലോ?അത് കൊണ്ടാണ് സ്ത്രീകള്‍ക്ക് ചിന്തിക്കാന്‍ പോലും സ്വാതന്ത്ര്യം വേണ്ട എന്ന് ആണുങ്ങള്‍ തീരുമാനിക്കുന്നത് അല്ലെ?അപ്പൊ സ്ത്രീ
    ഉഴുതു മറിക്കാനുള്ള മണ്ണ് തന്നെ ആയി മാറും....

    നല്ല ലേഖനം...ആശംസകള്‍....

    ReplyDelete
  25. Pen Chithakalude Pookaalam.???

    Manoharam, Ashamsakal...!!!

    ReplyDelete
  26. കമന്റ് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടായിരുന്നു.
    വന്ന് നോക്കിയപ്പോള്‍ കമന്റ് ആരുടേതെങ്കിലും അപ്രത്യക്ഷമായീന്ന് പരാതി കണ്ടില്ലെങ്കിലും അപ്രത്യക്ഷമായതായി കാണുന്നു!

    deleted?
    spam?
    spammed??

    ReplyDelete
  27. മതം പുരുഷന്റെതാണ്.. പുരോഹിത നിര്‍മ്മിതം.. പുരോഹിതരെല്ലാം പുരുഷന്‍മാര്‍.. പുരുഷാധിപത്യം സ്വാഭാവികം. എഴുത്തു തുടരുക.

    ReplyDelete
  28. മതസ്ഥരെന്ന ഹുങ്കും പേറി നടക്കുന്നവരെ കണ്ടല്ല, മതത്തെ മനസ്സിലാക്കേണ്ടതും പരാമര്‍ശിക്കേണ്ടതും. മതത്തെ പഠിക്കുക, ഏതു മതമായാലും. സ്ത്രീയുടെ മഹിമയും സ്ഥാനവും അപ്പോള്‍ മനസ്സിലാക്കാന്‍ കഴിയും.

    ReplyDelete
  29. കാന്തപുരം..ച്ഛേ

    ReplyDelete
  30. എന്നെ ഇവിടെ എത്തിച്ച നിശാസുരഭിക്ക് നന്ദി പറഞ്ഞുകൊണ്ട് തുടങ്ങട്ടെ:

    ""അച്ഛന്റെയോ ഭര്‍ത്താവിന്റെയോ മകന്റെയോ കൈ പിടിച്ച്, മുന്നേ പറഞ്ഞുവച്ച ഒറ്റയടിപ്പാതയിലൂടെ മുഖവും മനസ്സും ശരീരവും ഒരു ശവപ്പെട്ടിപോലെ പൊതിഞ്ഞുകെട്ടി നടക്കുമ്പോള്‍ കാലൊന്നു തെറ്റിയാല്‍ മേലേക്കുതിരുന്ന കല്ലേറുകള്‍ ......"

    WELL SAID....എല്ലാ മതങ്ങളിലും സംഭവിക്കുന്നത് ഇതു തന്നെയാണ്.

    മതമെന്ന കറുപ്പ് അന്ധരാക്കിയ മനുഷ്യ-മൃഗങ്ങളാല്‍ പിച്ചി ചീന്തപ്പെട്ട എത്രയോ നിഷ്കളങ്ക ഹൃദയങ്ങള്‍ ചരിത്രത്തില്‍ രക്തമോലിപ്പിച്ചു കൊണ്ടു വിലപിക്കുന്നു - ഇന്നും വിലപിച്ചു കൊണ്ടിരിക്കുന്നു. ലോക ചരിത്രത്തില്‍ ഏറവും കൂടുതല്‍ സാധാരണക്കാര്‍ ക്രുരമായി കൊല്ലപ്പെട്ടിട്ടുള്ളതും മതവിശ്വാസങ്ങളുടെ പേരിലാണ് - അല്ലാതെ രാഷ്ട്രീയത്തിന്റെ പേരിലല്ല. മതത്തിനു വേണ്ടി തല്ലു കൂടുന്നതിലും എന്തായാലും അന്തസുണ്ട് അവനവന്റെ ആദര്‍ശങ്ങള്‍ക്കും പ്രത്യയശാസ്ത്രത്തിനും വേണ്ടി പോരാടുന്നതിന്.
    എല്ലാ മതങ്ങളും സമാധാനമാണ് ഉത്ഘോഷിക്കുന്നതെന്ന്‍ പലര്‍ക്കും വാദിക്കാം. പക്ഷേ അത്തരത്തിലല്ല പലപ്പോഴും അവ സമൂഹത്തെ ബാധിക്കാറുള്ളത്. ഏത് മതമായാലും ആയിരക്കണക്കിന്‌ വര്ഷം മുന്‍പ്‌ എഴുതപ്പെട്ട ഒരു പുസ്തകം നോക്കി ഇന്നും ജീവിക്കണം എന്ന് പറയുന്നത് തികച്ചും ബാലിശവും അപ്രായോഗികവുമാണ്. അതൊക്കെ പൊളിച്ചെഴുതേണ്ട കാലം എന്നേ അതിക്രമിച്ചു. മതഗ്രന്ഥങ്ങളെ തെറ്റായി വ്യാകരണം ചെയ്യുന്നതിന്റെ ഫലമേന്നോന്നും അംഗീകരിക്കാനാവില്ല ; അങ്ങനെയെങ്കില്‍ ആര് വിചാരിച്ചാലും ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാവുന്നത്ര ദുര്‍ബലമായ ഒരു പ്രത്യയശാസ്ത്രത്തില്‍ എന്തിന് നാം വിശ്വസിക്കണം?

    ഒരു മതത്തിന്റെയും പുരോഹിതന്മാരുടെയും അടിമയല്ലാത്ത സര്‍വ്വശക്തനായ ദൈവത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. അവിടെ മനുഷ്യന് സ്വയം നിര്‍മിതമായ ആചാരങ്ങളുടെ കെട്ടുമാ റാപ്പുകളെ ഭയക്കേണ്ട. ദൈവം നമുക്ക്‌ തന്ന ബുദ്ധിയും സ്വാതന്ത്യവും യുക്തിയും മനുഷ്യത്വവും ആണ് ഓരോരുത്തരെയും നയിക്കേണ്ടത്.

    [വളരെ പ്രസക്തമായ ലേഖനം . ധാരാളം ചിന്തിപ്പിച്ചു.]

    ആശംസകള്‍
    satheeshharipad-മഴചിന്തുകള്‍

    ReplyDelete
  31. ദൈവവും സ്ത്രീകളും പരസ്പര പൂരകമല്ലെന്ന് തോന്നുന്നു .ഇവിടെ ദൈവമുണ്ടോ(ദൈവ വിശ്വാസികള്‍ ഉണ്ടോ ) അവിടെ സ്ത്രീയുടെ കാര്യം കഷ്ടമായിരിക്കും ..
    നെറുകയിലെ കുങ്കുമം മായ്ച്ചു കളയുകയോ മായ്ക്കുകയോ ചെയ്യാം .. ഇഷ്ടം പോലെ

    ReplyDelete
  32. പ്രസക്തമായ ലേഖനം… സ്ത്രീയ്ക്കും പുരുഷനും തുല്ല്യ പ്രാധാന്യമാണുള്ളത് … .അതില്ലാതാക്കുന്നവർക്ക് സ്വാർത്ഥലക്ഷ്യമേ ഉണ്ടാകൂ… അതാരായാലും എന്തായാലും സ്വാർത്ഥതയ്ക്ക് വേണ്ടി മതത്തെ അനാവശ്യമായി കൂട്ടുപിടിക്കുന്നത് നല്ലതല്ല…അവരെ തിരുത്തേണ്ടത് ആവശ്യമാണ്.... നന്മയ്ക്ക് തടയിടുന്നവ എന്തായാലും ആരു പറഞ്ഞാലും എതിർക്കേണ്ടത് എതിർക്കപ്പെടുക തന്നെ വേണം…അതിനു മുന്നിട്ടിറങ്ങുന്നതിന് ആശംസകൾ നേരുന്നു

    ReplyDelete
  33. ഓരോ മതവും കാന്തപുരത്തെ പോലെ ഉള്ളവരുടെ കൈകളിലെ അതിജീവിക്കും എന്ന് പ്രത്യാശിക്കാം,മതനേതാക്കള്‍ എന്ന് പറഞ്ഞു നടക്കുന്നവരിലാണ് യഥാര്‍ത്ഥത്തില്‍ പരിവര്‍ത്തനം നടക്കേണ്ടത്‌ ...

    അവിടെയാണ് ഒരു മുല്ലപൂ വിപ്ലാതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യപെടണ്ടത്

    ReplyDelete
  34. നമ്മള്‍ കാന്തപുരത്തേയും പുരുഷന്മാരെയും ഒരുപാട് കുറ്റം പറഞ്ഞു.... എന്നാല്‍ അടുത്തിടെ നടന്ന ഒരു സര്‍വേയില്‍ 65%സ്ത്രീകള്‍ വിശ്വസിക്കുന്നതായി പറഞ്ഞിരിക്കുന്നത് പുരുഷന് സ്ത്രീയെ അടിക്കാനുള്ള അധികാരം ഉണ്ടെന്നാണ് !!!!!!

    ReplyDelete
    Replies
    1. പുരുഷന്മാരെ ഞാന്‍ ചീത്ത പറഞ്ഞില്ല .
      വാസ്ത്തവത്ത്ത്തില്‍ സ്ത്രീ പുരുഷ തു ല്യതയെ ക്കുറിച്ച് പറയുമ്പോള്‍ നാം ഓര്‍മ്മിക്കേണ്ട കാര്യം സ്ത്രീ എന്നത് ഇന്ന് നമ്മുടെ സമൂഹത്തില്‍ ഒരു അവസ്തയെ സൂചിപ്പിക്കുന്ന വാക്ക് ആയി പരിഗണിക്കണം .എന്നതാണ്‍
      പുരുഷന്‍ എന്നതും ഒരു സൂചികയാന്‍.
      തുല്യ അവസരങ്ങള്‍ ലഭിക്കാത്ത അവസ്ഥകളാണ് അവ.
      സ്ത്രീ എന്താണ് എന്നല്ല എന്താകാന്‍ കഴിയും എന്നതാണ് ആലോചിക്കേന്ടത്
      അതിനു മതം [എല്ലാ മതവും ]ഏറെക്കുറെ തടസ്സം ഉണ്ടാക്കുന്നു.

      മത സംവിധാനം ഒരു കൂട്ടായ്മയായതിനാല്‍ അതില്‍ നിന്ന് പുറത്തുവന്നു ഒറ്റക്കുനില്‍ക്കുക സാധാരണക്കാര്‍ക്ക് സാധ്യമല്ല . മാത്രമല്ല വിമര്‍ശിക്കുന്നവരെ ഉപദ്രവിക്കുക/ നശിപ്പിക്കുക കപടമത നേതാക്കളുടെ നിത്യ പരിപാടിയാണ് . അവരുടെ ഭരണത്തിനു ആവശ്യം ആണ് അത് . സ്ഥാപിത താല്പര്യങ്ങള്‍ക്ക് ആവശ്യമാണ്‌
      . മതം എന്നവാക്കിനര്‍ത്ഥം അഭിപ്രായം എന്നാണ്. ആതി നാല്‍ മറ്റോ രാള്‍ക്ക് അതില്‍ കൈകടത്തെന്ട ആവശ്യമില്ല.
      ഇനി സര്‍വേയുടെ കാര്യം . എനിക്ക് അത്ഭുതമെയില്ല. അതിനപ്പുരത്തെക്ക് ചിന്തിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നെങ്കില്‍ ഇത്തരം ഒരു ചര്‍ച്ച ആവശ്യം വരില്ലായിരുന്നു. അടിമകള്‍ക്ക് പറഞ്ഞതല്ല സ്വാഭിമാനം . . താങ്കളുടെ മേലധികാരി കൊപിക്കുന്പോള്‍
      താങ്കള്‍ പലപ്പോഴും മൌനമായി നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ അറിവില്‍നിന്നും അവബോധത്തില്‍നിന്നും ആണ് സ്വാഭിമാനം ഉണ്ടാകുന്നത് . അധികാരം ഉള്ളവര്‍ക്കാണ് സ്വാഭിമാനം

      യജമാനനായി ഭര്‍ത്താവിനെ കാണാന്‍ ശീലിപ്പിച്ച/ നിര്‍ബന്ധിച്ച സമൂഹമാണ് സ്ത്രീയെ തല്ലാന്‍ പുരുഷന് അധികാരമുന്റെന്നു പറഞ്ഞു കൊടുക്കുന്നത്. ബുദ്ധി കുറഞ്ഞ സ്ത്രീയും പുരുഷനും സമൂഹം പറയുന്നത് ചോദ്യങ്ങളില്ലാതെ വിഴുങ്ങും . ആത്യന്തികമായി നോക്കിയാല്‍ അന്ന്യായങ്ങളെ ചോദ്യം ചെയ്യുന്നത് പുരോഗമന ചിന്താഗതിക്കാരായ സ്ത്രീയും പു രുഷനുമാണ്. ചിന്തിക്കാനുള്ള കഴിവല്ലാതെ അതില്‍ ലിന്ഗവ്യത്യാസം വരില്ല ഒരു സര്‍വേ നടത്തിയാല്‍ ഇന്ന് കേരളത്തില്‍ 90 %പുരുഷന്മാരുംഭാര്യയെ [ സ്ത്രീയെ അല്ല ]തല്ലാം എന്ന് പറയും.എന്റെ വളര്‍ത്തു മൃഗത്തെ ഞാന്‍ എന്തും ചെയ്യും നീ യാര് ചോദിയ്ക്കാന്‍!!!!!!തല്ലാന്‍ ഭര്‍ത്താവിനു അധികാരമുന്റെന്നു പറയുന്ന ഭാര്യ നല്ല ഭാര്യ യാകും എന്നുകൂടി ഓര്മ്മിക്കുക

      Delete
    2. സ്ത്രീയെന്നത് ഒരവസ്ഥയാണ് എന്നത് വളരെ ശരിയാണ്‍....ശാരീരികമായ ഒരളവുകോലിനെക്കാള്‍ മനസ്സിനെ നമ്മള്‍ ക്രമപ്പെടുത്തുന്നതുമായി ഇതിനു നല്ല ബന്ധമുണ്ട്. പത്തിരുപത് വര്ഷം മുന്പ് വൈകിത്തീരുന്ന കവിതവേദികളിലും മറ്റും സ്ത്രീയെന്ന നിലയില്‍ പങ്കെടുക്കാനുള്ള ബുദ്ധിമുട്ട് പ്രകടിച്ചപ്പോള്‍ ഒരു പുരുഷസുഹൃത്ത് ഉപദേശിച്ചതാണ് ഈ കാര്യം. ഇന്നും ചില അവസ്ഥകളെ നേരിടാന്‍ ചെറുതായി അഡ്രിനാലിന്‍ മനസ്സിലേക്ക് പമ്പുചെയ്ത് പാകപ്പെടുത്തുമ്പോള്‍ ആ നിഗമനം എത്ര ശരിയാണെന്ന് തോന്നാറൂണ്ട്.

      ഇത്രയും കാലം അനുഭവിച്ചിരുന്ന സൌകര്യങ്ങള്‍ സ്ത്രീശാക്തീകരണത്തിലൂടെ തങ്ങള്‍ക്ക് നഷ്ടപ്പെടുമോയെന്ന ഭയം ആണ് മതത്തിന്റെയും മറ്റും കൂട്ടുപിടിച്ച് ഇത്തരം നിബന്ധനകള്‍ ഇറക്കാന്‍ ഒരുവിഭാഗം പുരുഷന്മാരേ പ്രേരിപ്പിക്കുന്നത്. ഒരു വിഭാഗം സ്ത്രീകളും ഇതിന്നു കൂട്ടുനില്‍ക്കുന്നു എന്നത് വളരെ സങ്കടകരമാണ്.

      മാനസി ഇവിടെ പറഞ്ഞ തല്ലുകൊള്ളാന്‍ തെയ്യാറായ ഭാര്യ നല്ല ഭാര്യ എന്ന സങ്കല്‍പം ഒരു പിന്തിരിപ്പന്‍ ചിന്താഗതിയായി എനിക്ക് തോന്നുന്നു. സ്നേഹം കൊടുത്ത് സ്നേഹിക്കപ്പെടുന്ന ഭാര്യയാവണം നല്ല ഭാര്യ.

      Delete
  35. "ചെറുകഥയ്ക്ക് കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്" കിട്ടിയത് കൊണ്ടാകും അല്ലേ സുഹൃത്തേ വിമര്‍ശനങ്ങളെ സ്വീകരിക്കാത്തത്?
    നിശാസുരഭിയുടെ മെയില്‍ വഴി ആദ്യം ഇവിടെ വന്നപ്പോള്‍ അനശ്വരയുടെ ഒരു കമന്റു വായിച്ചിരുന്നു. അതില്‍ വിമര്‍ശനവും അടങ്ങിയിരുന്നു...അതിനാല്‍ ആണോ അത് ഡിലീറ്റ് ചെയ്തത്?
    കഷ്ടം തന്നേ കുഞ്ഞേ............................................

    @നിശാസുരഭി, അത് തനിയെ സ്പാം ആയിട്ടില്ല കാരണം ഞാന്‍ അതിവ്ടെ കണ്ടതാണ്...

    ReplyDelete
    Replies
    1. what was the comment?
      I will surely reply.
      But what the hell award has to do with it
      Try to get an award. then u will know it will not affect u in these matters. ?
      Also, complex` ridden personality's obsessions are in no way of any interest to me
      So, may be it was not worth replying either

      Delete
    2. മലയാളം അറിയത്തില്ലേ ചേച്ചീ .........???
      മലയാളത്തില്‍ പറ, എന്നാലല്ലേ മനസിലാക്കാന്‍ പറ്റൂ.......

      Delete
  36. @ നിശാസുരഭി... കമന്റുകള്‍ ആരും ഡെലിറ്റ് ചെയ്തിട്ടില്ല...
    എന്തൊ സാങ്കേതിക തകരാറുകൊണ്ട് സംഭവിച്ചതാകാം....
    മാനസിയുടെ ഈ ബ്ലോഗ്ഗില്‍ അവര്‍ ഒന്നും ചെയ്യാറില്ല... കാര്യങ്ങള്‍ പഠിച്ചുവരന്നതേയുള്ളു... (തല്‍ക്കാലും ബ്ലോഗ്ഗ് പോസ്റ്റിങ്ങ് എന്റെ ചുമതലയാണ്) എന്നാലും നിങ്ങളുടെ കമന്റുകള്‍ അവര്‍ വായിക്കുന്നുണ്ട്. വൈകാതെ ചര്‍ച്ചയില്‍ പങ്കെടുക്കും.... മലയാളം ടൈപ്പിങ്ങ് വശമില്ലാതെ വന്നതുകൊണ്ടാണ് കമന്റുകള്‍ക്ക് മറുപടി വൈകുന്നത്....

    മാനസിക്കുവേണ്ടി...
    പല്ലശ്ശന

    ReplyDelete
  37. മാതൃഭൂമിക്കുവേണ്ടി നിലിന അത്തോളി മാനസിയുമായി നടത്തിയ അഭിമുഖം ഇവിടെ വായിക്കാം

    http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/features-article-256455

    ReplyDelete
  38. ദൈവ വിശ്വാസിയാകുന്നതിനു പകരം മത വിശ്വാസിയായിപ്പോയതാണു മനുഷ്യനു പറ്റിയ തെറ്റ്.

    ReplyDelete
  39. "ദൈവ വിശ്വാസിയാകുന്നതിനു പകരം മത വിശ്വാസിയായിപ്പോയതാണു മനുഷ്യനു പറ്റിയ തെറ്റ്."

    മോയ്ദീന്റെ കമന്റിന് 100/100 മാര്‍ക്ക്‌ .

    ReplyDelete
  40. മതം പുരിഹിതരുടെ കയ്യില്‍ എത്തുമ്പോള്‍ അത് മാറുന്നു. നശിക്കുന്നു.സ്ഥാപകനെ മറക്കുന്നു.ചിലര്‍ക്ക് സ്ത്രീകള്‍ ഉപ്പം എത്തുന്നത് സഹിക്കാനാവില്ല.അപ്പോള്‍ മതത്തെ കൂട്ട് പിടിച്ചു അവരെ ഒതുക്കുവാന്‍ നോക്കും.അത് ആര് അംഗീകരിക്കുന്നു...?ഒരു കാര്യത്തില്‍ സന്തോഷമുണ്ട് ഈ തലമുറയിലെ ഒരു പെണ്‍കുട്ടിയും വെറുതെ വീട്ടില്‍ ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ല. നേരത്തെ ആണ്‍ കുട്ടിക്ക്‌ ജോലി അത്യാവശ്യം.പെണ്ണിനെ കെട്ടിച്ചു വിടാനുള്ളത് എന്നതായിരുന്നു. ആ സങ്കല്പ്പമെങ്കിലും ഇപ്പോള്‍ മാറിയല്ലോ എന്നറിയുമ്പോള്‍ സന്തോഷം. നെറ്റിയില്‍ കുങ്കുമം വെച്ച് കൊണ്ടു തന്നെ പെണ്ണിന് തുല്യത നേടാനാകും എന്നാണു ഞാന്‍ വിചാരിക്കുന്നത്. എന്നെ തല്ലിക്കോ ഞാന്‍ കൊണ്ടോളാം എന്ന്‍ പറഞ്ഞു തല്ലില്‍ ആനന്ദം കൊള്ളുന്ന സ്ത്രീകളാണ് ഒരു പരിധി വരെ ഇതിനു കാരണം.വ്യക്തിത്വം ഉള്ള ഒരു പെണ്ണിനെ അങ്ങനെ അങ്ങ് അധിഷേപിക്കുവാന്‍ പറ്റുമോ..? ചില വീടുകളില്‍ താന്‍ ചിലവിനു കൊടുക്കുന്ന ഭാര്യയെ കണവന്മാര്‍ എടുത്തിട്ടു തല്ലാറുണ്ട്‌. അങ്ങനെ ഉള്ള സ്ത്രീകള്‍ സ്വന്തം ചിലവിനുള്ള മാര്‍ഗം കണ്ടു തല്ലുന്നവനിട്ടു ഒന്ന് തിരിച്ചു കൊടുത്താല് പിന്നെ തല്ലുവാന്‍ കണവന്‍ രണ്ടാമത് ഒന്നാലോചിക്കും.

    ReplyDelete
  41. Feudalistic writing style. great ...manasi is not a slave or bhruthya of any man, but she needs her husband's name as her tail to show others that she s always wearing a red kumkumam. manasi why don t you put a menon also with your name as manasi vijayagopala menon . that will be more suitable to your words.manasi itself a pen name. her name is rugmini i heard so. but for her pen name too needs a stand with the help of a man. ha ha ha.. this is more cunning /idiotic than kanthapuram's dialogues. At least he believes certain doctrine which might be a part of his religion. but here manasi proved once again her crystal clear pseudo feminism..second thing very low profile article. oh i forgot you ve got the kerala sahithya academy award . thats the reason. that award is almost like padma awards . it goes to priyadarshan, then jeyaram .. dear sister please stop this and do correct yourself first. സ്വന്തം കണ്ണിലെ കുന്തം കളയാതെ എന്തിനാ മറ്റുള്ളവരുടെ കണ്ണിലെ കരടു എടുക്കാന്‍ ശ്രമിക്കുന്നെ.

    ReplyDelete
  42. Let me first write abt the comment above from Anonymous. I do not understand hw he has read her writing as feudalistic. I find it absolutely the opposite. Instead of reading the article, reading her life(?) is not a straightforward act, I feel.

    The article is well written on a very current issue. May such writings help our girls to enlighten themselves.

    ReplyDelete
  43. വനിതാ ബില്‍ ഇപ്പോഴും പാസ്സാക്കാത്ത പുരുഷ മേധാവിത്തം അല്ലേ ഇവിടെ നടക്കുന്നത്. പിന്നെ എന്തു പറയാനാണ്. .. പുരാണങ്ങളും ഇതിഹാസങ്ങളും മത ഗ്രന്ഥങ്ങളും ഒന്നും ഒരു സ്ത്രീ
    രചിച്ചിട്ടും ഇല്ല.

    ReplyDelete
  44. മാനസി എന്നതു തൂലികാനാമമല്ല.വിജയഗൊപാൽ ഭർത്താവിന്റെ പേരാണു. സർക്കാർ ചെയ്യുന്ന പണികളാണു പലതും.മഹാരഷ്ട്രയിൽ ഒഫീസ് രേഖകളിൽ പെണ്ണിനു സ്വന്തം പേരിനൊപ്പം ഭർത്താവിന്റെയോ, അചന്റെയൊ പേരുവേണം.പാസ്സ്പോർട്ടിൽ വേണം. ഒരു വഴീയുമില്ല അല്ലാതെ.അങനെ പെട്ടതാണു. അവരുണ്ടാക്കിയ പേരാണു മാനസി വിജയ്ഗോപാൽ നായരും മേനോനും ഒക്കെ.നോൺ മലയാളികൾ സ്റ്റ്രീയുടെ പേർ വിളിക്കില്ല.ഞാൻ മിസ്സിസ് നായരും മിസ്സ് മെനൊനും ഒക്കെ ആ‍ാവാറുണ്ട് ഇവിടെ.ചരിത്രം അറിഞ്ഞാൽ എളുപ്പമാവും മനസ്സിലാകാൻ. എനിക്കു ഞാൻ മാനസി മാത്രമാണു. അമ്മ വിളിക്കുന്ന പേരാണു അത്.

    ReplyDelete