Followers

Monday, May 21, 2012

ഋതുക്കള്‍

ഭര്‍ത്താവിന്റെ കാല്‍ മേലില്‍ നിന്നെടുത്തുവെച്ച് അവള്‍ എഴുനേറ്റിരുന്നു. ചുറ്റും നല്ല ഇരുട്ടുണ്ട്. പാതവക്കത്തെ ശക്തികുറഞ്ഞവഴിവെളിച്ചം അകത്തു കടന്നു വരച്ച ഒരു ചെറിയ ചതുരം മാത്രമുണ്ടു മുന്നില്‍.
നീണ്ട നിശ്വാസങ്ങളുടെ താളനിബദ്ധത. ഉറക്കം. ഇരുട്ടില്‍ മുഖം വ്യക്തമല്ല. പേക്ഷെ, ഏറ്റവും വ്യക്തതയോടെ മൂക്കിന്റെ വടിവുപോലും ഹൃദയത്തിലുണ്ട്. കൂടിപ്പിണഞ്ഞ കൈകള്‍ ഇളക്കാതെ, ഇടതുകൈകൊണ്ടു ഭര്‍ത്താവിന്റെമുടിയില്‍ തടവി അവളോര്‍ത്തു. എന്താണിങ്ങനെ ? ഇതു മോശമാണ്. ഈ സ്വഭാവം. പാതിരായ്ക്ക് ഉണര്‍ന്നിരുന്ന് അതുമിതും ആലോചിക്കുക. എവിടേയുമെത്താതെ, കൂടുതല്‍ കെട്ടുപിണഞ്ഞനൂലുമായി അവസാനിപ്പിക്കുക. അവസാനം കട്ടിലിന്റെ ഉയര്‍ന്ന തലപ്പില്‍ തലചായ്ച്ച് ഉറങ്ങിപ്പോകുമ്പോള്‍, രാവിലെ വൈകിയുണരുമ്പോള്‍ ദേഷ്യവും ക്ഷീണവുംബാക്കി.
പാതി തുറന്ന ചുണ്ടുകളിലൂടെ. വടിവൊത്ത വയറിലൂടെ വിരലോടിച്ചു വെറുതെ ഇരുന്നു. പണ്ട് അമ്മായി പറഞ്ഞപോലെ ഇതു ശുദ്ധ തെമ്മാടിത്തമാകാം. എല്ലാം തെകഞ്ഞാല്‍ ഇതാ കേട്. അമ്മായി പറഞ്ഞിരുന്നു. കണ്ടില്ലേനടത്തം. എന്തിന്റെകുറവാ അവള്‍ക്ക്?

നീണ്ടമുടി തുമ്പുകെട്ടി; കണ്ണെഴുത്തും പൊട്ടു കുത്തും ഇല്ലാതെ നടക്കുമ്പോഴൊക്കെപിടിച്ചിരുത്തി കണ്ണെഴുതിച്ചുതരുന്ന സ്‌നേഹത്തിനു മുന്നില്‍ ചെറുതാവുകയും ചൂളുകയും ചെയ്യുമ്പോള്‍ എല്ലായ്‌പ്പോഴും കണക്കുകൂട്ടുന്നു. എവിടെയാണുതെറ്റിയത് ? അമ്പലത്തിന്റെ വിശുദ്ധിയും ഭക്തന്റെ ആത്മാര്‍ത്ഥതയും. ഒരിക്കല്‍ അയാള്‍ പറഞ്ഞു; നമുക്കിഷ്ടപ്പെട്ടതിനെ സ്‌നേഹിക്കാന്‍ കിട്ടാനാണു മാന്തൂ ഭാഗ്യം വേണ്ടത്. അപ്പോള്‍ തലഭര്‍ത്താവിന്റെ മാറില്‍ ചേര്‍ത്തുവെച്ചു കിടക്കുകയായിരുന്നു. ഭര്‍ത്താവിന്റെ നേര്‍ത്തു മിനുത്ത വിരലുകള്‍ ശരീരത്തിലെമ്പാടും തലോടിയിരുന്നു. ഒരു പൂവിനെ തഴുകുന്നതിനേക്കാളേറെ ശ്രദ്ധയോടെ. കണ്ണിനകത്തെവിടെയോ കണ്ണുനീര്‍ കുത്തിമറിഞ്ഞൊഴുകി. പുറത്തുവരാതെ അവിടെ നിന്നു തിളച്ചു. വിളഞ്ഞകുറ്റിരോമങ്ങളില്‍ ചൂണ്ടു വിരല്‍ നടത്തി അന്നു താന്‍ പറഞ്ഞു: ഇപ്പോള്‍ സന്തോഷമെന്താണെന്ന് സൗന്ദര്യമെന്താണെന്ന് എനിക്കറിയാം. തലമുടി വകഞ്ഞിട്ട് വരയില്‍ ഉമ്മവെച്ച് അയാള്‍ കൈപ്പടത്തില്‍ അമര്‍ത്തിപ്പിടിച്ചു. തണുത്ത ശരീരത്തതിന്റെ അന്നത്തെയും നിസ്സംഗതഭീതിയോടെ ഓര്‍മ്മയിലെത്തിയപ്പോള്‍ അവള്‍ സ്വയം തിരുത്തി, അല്ല,
അന്നു താന്‍ പറഞ്ഞതു നുണയായിരുന്നില്ല, പക്ഷേ---അവസാനിപ്പിക്കാനാവാത്ത ആ വാചകത്തിന്റെ മുന്നില്‍ നിസ്സഹായയായി നില്ക്കവെ അവള്‍ ഭര്‍ത്താവിന്റെ ഹൃദയത്തിന്റെ അത്രമേല്‍ വ്യക്തതയാര്‍ന്നശബ്ദം കേട്ടു തന്റേത് എന്നും അവ്യക്തമായിരുന്നു. പിന്നിയിട്ട മുടിയുടെ കീഴറ്റം കവിളില്‍ഉരസി അയാള്‍ചിരിച്ചു:
''തണുപ്പത്തിക്കുട്ടി.''
അതിന്റെഅര്‍ത്ഥം വേഗം പിടികിട്ടി. അതെപ്പോഴും അങ്ങനെയായിരുന്നു. നിരാശപ്പെടാതെ കോപിക്കാതെ അയാള്‍ അതിനു കീഴടങ്ങി, കുററബോധത്തിനും നിസ്സഹായതയ്ക്കും ഇടയ്ക്ക നില്‍ക്കുമ്പോഴൊക്കെ ഭര്‍ത്താവിന്റെ ശബ്ദം അപഹാസ്യമായി തോന്നുന്നു. സ്‌നേഹത്തിന്റെ ഉറപ്പുവരുത്തലുകളില്‍, അവളോര്‍ത്തു, ഉള്ളതുകൂടി നഷ്ടപ്പെടുന്നു. ആരുടെയും അല്ല കുറ്റം. തൊഴുത്തിനു പിന്നിലുള്ള ഇടുങ്ങിയ വഴിയില്‍ വയലിലേക്ക് നിത്യം പണിയെടുപ്പിക്കാന്‍ പോകുന്ന ആളിനെ നോക്കിനില്‍ക്കേ സ്വന്തം ഹൃദയത്തിന്റെ മിടിപ്പ് കാതില്‍
അലയ്ക്കുകയായിരുന്നു. അകലെനിന്നു കാണുന്ന വെള്ളഷര്‍ട്ടിന്റെ ഉടമസ്ഥതയില്‍ ശരീരം പൊട്ടിത്തരിച്ചു.

കണ്ണുകളിടഞ്ഞാല്‍തളര്‍ന്നുപോകുന്നകാലുകളില്‍ ഉറച്ചുനില്‍ക്കാന്‍ പാടുപെടുമ്പോഴുണ്ടായിരുന്ന
ഉള്‍ക്കിടിലം നഷ്ടപ്പെട്ടത് പിന്നിട്ട ഏതോ ഇടവഴിയിലായിരിക്കണം അതൊരിക്കലും പിന്നെതിരിച്ചുകിട്ടിയില്ല.

വേലിച്ചുവട്ടിലേക്ക് ആരും കാണാതെ എറിഞ്ഞിരുന്ന കൈതപ്പുങ്കലയുടെ ഭംഗി ഈ നാലുകൊല്ലത്തിനകത്ത് ആകെക്കിട്ടിയ സമ്മാനങ്ങള്‍ക്കില്ല. ഇമവെട്ടാതെ പാടത്തിന്റെ അപ്പുറത്ത് മറയുന്നതുവരെ നോക്കിനിന്നപ്പോള്‍ ഒന്നും ആലോചിച്ചിരുന്നില്ല. നിറഞ്ഞവെയിലിന്റെ പാളിയ്‌ക്കെതിരെ നീല ശംഖുപുഷ്പം ചിരിവിടര്‍ത്തുന്നതുകാണാന്‍ നല്ല ഭംഗിയുണ്ടെന്നു മാത്രം തോന്നി. ഇടുങ്ങിയ ഇല്ലിപ്പടിക്കല്‍വെച്ച് മുണ്ടുകള്‍ കൂട്ടിയുരഞ്ഞപ്പോള്‍ തുടുത്തുപോയ കവിളുകള്‍
കണ്ണാടിയില്‍ നോക്കിയിരുന്ന സന്ധ്യകള്‍. വെള്ളം കോരുമ്പോള്‍ കിണറ്റിലെ കുഞ്ഞിക്കൂട്ടില്‍ കുറുകുന്ന പ്രാവുകളെ നോക്കിച്ചിരിച്ച പ്രഭാതങ്ങള്‍.
''ഉം?''
ബെഡ് റൂംലാംബ് പെട്ടന്നു തെളിഞ്ഞു.
'ഉം?''ഉറക്കച്ചടവിനേക്കാള്‍ ഉല്‍ക്കണ്ഠ.
പുതപ്പെവിടെ? തണുക്കുന്നു എനിക്ക്.
കൂട്ടിയടുപ്പിച്ച് അയാള്‍ചെവിയില്‍ പറഞ്ഞു:..അതിനു പുതപ്പെന്തിനാ..
ശരീരത്തിലെ ഒരു രോമം പോലും അനങ്ങാത്തതില്‍ അവള്‍ക്കെന്തെന്നില്ലാത്ത ദേഷ്യം തോന്നി.
''എനിക്കുറക്കം വരുന്നു''അവള്‍ ധൃതിയില്‍ പറഞ്ഞു
ഒരു നിമിഷം. ദീര്‍ഘനിശ്വാസത്തിന്റെ അവസാനം കൂട്ടിപ്പിടിച്ച കൈകള്‍ കൂടുതല്‍ മുറുകി
കണ്‍പോളകളില്‍ തടവി അയാള്‍.
''ഉറങ്ങിക്കോളൂ''
വരാത്ത ഉറക്കത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു കണ്ണുകളടയ്ക്കവെ പുരുഷന്റെ ഹൃദയ മിടിപ്പ് സ്വാസ്ഥ്യം നശിപ്പിച്ചു. സ്വന്തം ഹൃദയത്തിന്റെ അതിസാധാരണമായ വേഗത. അവള്‍ക്കറപ്പു തോന്നി. കണ്‍പോളകള്‍ക്കകത്ത് സ്വപ്നങ്ങളില്ലാത്ത ശൂന്യത. ഭീതിയോടെ, വെറുപ്പോടെ കണ്ണുതുറന്നു രോമം നിറഞ്ഞ മാറിന്റെ ഒരു ഭാഗം മുന്നില്‍ ഉറക്കത്തിലെന്ന പോലെ തിരിഞ്ഞു കിടക്കുമ്പോള്‍ ശ്രദ്ധിച്ചു. ചുറ്റിയ കൈ അയഞ്ഞി.ില്ല. ഇപ്പോള്‍ മുന്നില്‍ ഇരുട്ടു ഒട്ടിച്ചുവെച്ച ചുമരാണ്. എന്തിനാണ് തന്റെ ഹൃദയം ഇത്ര ഉറക്കെ മിടിക്കുമന്നത്. അവളോര്‍ത്തു. അടുത്തവീട്ടിലെ കുട്ടികളെന്താണു കരയാത്തത്. അക്കരപ്പച്ചകള്‍.എവിടേക്കു രക്ഷപ്പെടാന്‍ ? ഈ നാലു ചുമരിനകം പോലെത്തന്നെയാണ് മറ്റൊരു നാലു ചുമരിനകവും. എന്നാലും പാല്‍ക്കാരിത്തള്ള വേഗം വന്നെങ്കില്‍. ബെഡ്‌റൂം ലൈറ്റിന്റെ ചെറിയ വെളിച്ചത്തില്‍ മേശപ്പുറത്തെ പൂക്കള്‍ക്ക് ഒട്ടകത്തിന്റെ ആകൃതിയാണ്. വാര്‍ഡ്‌റോബില്‍ ഒഴിഞ്ഞ ഹാങ്ങറുകള്‍. നിലവിളക്കിനു മുന്നിലെ എന്നും ചിരിക്കുന്ന ശ്രീകൃഷ്ണന്‍. കണ്ണുകള്‍ വെറുതെ അലയവെ വീണ്ടും അവള്‍ആശിച്ചു. പാല്‍ക്കാരിത്തള്ളവേഗം വന്നെങ്കില്‍ അടുക്കളയില്‍ പാത്രങ്ങളുണരും. പ്രഭാതത്തിന്റെ നേര്‍ത്ത സുഖപ്രദമായ വെളിച്ചത്തില്‍ ഇതു തീരും. ഈശ്വാസംമുട്ടല്‍.

ക്ലോക്കിന്റെ അവസാനിക്കാത്തശബ്ദം. അസഹനീയമായ വെറുപ്പോടെ ലൈറ്റു കെടുത്തി. രണ്ടാണു സമയം. മണിക്കൂറുകള്‍. പ്രഭാത്തിനുമുന്‍പ് എത്ര മണിക്കൂറുകള്‍. തലയണയിലെ സാറ്റിനില്‍ അടര്‍ന്നുവീണ കണ്ണീരിനെതിരെ തിരിഞ്ഞ് അവള്‍ ഭര്‍ത്താവിന്റെ കവിളില്‍ കൈയമര്‍ത്തി. 'വരൂ... കണ്ണീരിന്റെ നനവ് തുടച്ചു കളഞ്ഞ് അവള്‍ പറഞ്ഞു.എനിക്ക് തീരെഉറക്കം വരുന്നില്ല.

9 comments:

 1. നോമ്പരത്തി പൂവുകള്‍ കോര്‍ത്ത വിഭവ സമൃദ്ധമായ സദ്യ നല്‍കുന്ന മാനസി ഈ തവണ അല്പം നിരാശയിലാക്കി ...വീണ്ടും ഒരുപാട് നല്ല എഴുത്തുകള്‍ കാത്തിരിക്കുന്നു

  ReplyDelete
 2. 1സ്റ്റ്‌ ഗിയറിലിട്ട്‌ സ്പീഡ്‌ കുറച്ചോടിക്കുന്ന വണ്ടി ക്ലച്ചിന്റെ ഏറ്റക്കുറച്ചിലനുസരിച്ച്‌ ഇപ്പോ നിൽക്കും ഇപ്പോ നിൽക്കും എന്നപോലെ...

  ആദ്യമായാണിവിടെ

  ReplyDelete
 3. ഒരു കൌണ്‍സലിംഗ് വേണം ആ തണുപ്പത്തിക്കുട്ടിയ്ക്ക്. എല്ലാം ശരിയാവും.

  ReplyDelete
 4. ഉറക്കമില്ലാത്ത രാത്രികള്‍ ഭീകരമാണെന്ന് കേട്ടിട്ടുണ്ട്, ഞാന് എന്തായാലും കിടക്ക കണ്ടാല്‍ ഉറങ്ങും. ഉറങ്ങണമെന്ന് തോന്നിയാല്‍ കിടക്ക വേണമെന്നും ഇല്ല.

  ReplyDelete
 5. good keep it up..

  ReplyDelete
 6. ആഴങള് ശരിക്കും അളക്കുന്നുണ്ട് ഇതില്. ഭാവഭദ്രവുമാണ്. എങ്കിലും എന്തോ കുറവുണ്ടെന്ന്നു തോന്നി. ചുമ്മാ.. എന്റെ ഒരു തോന്നലാവാം.

  ReplyDelete