Followers

Monday, July 14, 2014

തണല്‍

തന്റെ മനസ്സുപോലെ പതയുന്നവെള്ളം തോണിക്കിരുവശത്തും. തൊട്ടടുത്ത് രഘു. മുകളില്‍ പ്രഭാതത്തിന്റെ വെളിച്ചം കൈക്കുമ്പിളിലാക്കി നില്‍ക്കുന്ന ആകാശം. സുമിത്ര സന്തോഷത്തോടെ തോണിയുടെ നനഞ്ഞ നിലത്ത് നോക്കിയിരുന്നു.  ഇന്നലെ സന്ധ്യയ്ക്ക് നേര്‍ത്ത ഇരുട്ടില്‍ തൂണും ചാരി മിണ്ടാതിരുന്നപ്പോള്‍ കാലുകളില്‍ നിറച്ച് മൈലാഞ്ചി ഇടാമായിരുന്നു—വെളുത്ത കാല്‍നഖങ്ങള്‍ കണ്ടപ്പോള്‍ സുമിത്ര ഓര്‍ത്തു. മൈലാഞ്ചിയിട്ട് തുടുപ്പിച്ച കൈകാലുകളും അതിനേക്കാള്‍ ഏറെത്തുടുത്ത മനസ്സുമായി ഓണത്തിന് പൂക്കളറുക്കാന്‍ ഓടിനടക്കുമ്പോള്‍ മുത്തശ്ശി കോലായിലിരുന്ന് ചിരിക്കും.  “കുട്ട്യോളുടെ ഒരു സന്തോഷം!” തന്റെ കാലടിക്ക് തൊട്ടടുത്ത് വച്ചിരുന്ന രഘുവിന്റെ കാലിന്റെ തള്ളവിരലുകളുടെ നഖത്തിനുമുകളില്‍ രോമങ്ങളുള്ളത് സുമിത്ര ശ്രദ്ധിച്ചു. പിന്നെ കാല്‍വണ്ണകളില്‍ മുഴുവനും. രഘുവിന്റെ കാല്‍പ്പടത്തില്‍ മൈലാഞ്ചിയിട്ടാല്‍ എങ്ങനെയിരിക്കുമെന്ന് ആലോചിച്ചിരിക്കെ പൊന്തിവന്ന ചിരികടിച്ചമര്‍ത്തി സുമിത്ര പിന്നെ തനിക്കുചുറ്റും പതയുന്ന വെള്ളത്തിലേക്കുനോക്കി.
“ഉം... ” രഘു ചോദിച്ചു.
ഒന്നുമില്ലെന്ന് സുമിത്ര തലയാട്ടി. ഇപ്പോള്‍, ഈ രഘുവിന്റെ മുഖത്തേക്കുനോക്കി ഒരു കാരണ വുമില്ലാതെ ഈ ലോകത്തിന്റെ അറ്റംവരെ കേള്‍ക്കാവുന്നതരത്തില്‍ തനിക്ക് ചിരിക്കാം. സുമിത്ര അപ്പോള്‍ തന്നെ ഓര്‍ത്തു. വീട്ടില്‍, മുത്തശ്ശിയുടെ ശാസന പേടിച്ച് അട്ടംപോലും കേള്‍ക്കാത്തവിധത്തില്‍ ചിരിച്ചു ശീലിച്ച തന്റെ ചിരി നദിക്കക്കരെ, തുടക്കവും അവസാനവുമില്ലാതെ കാറ്റത്ത് ഓളങ്ങളായി ഉലയുന്ന നെല്‍പ്പാടത്തെപ്പോലെ പച്ചപ്പും ഓജസ്സും ഇയലുന്നതുകണ്ട് രഘു അമ്പരന്നേക്കും.
സുമിത്രയുടെ മുഖത്ത് പടരുന്ന ചിരികണ്ടിരിക്കുകയായിരുന്നു രഘു. തോണിയുടെ അകത്തു ചുവട്ടില്‍ക്കിടന്ന ഒരു ചെറിയ കല്ലെടുത്ത് അയാള്‍ തോണിയുടെ വക്കത്തുവച്ചിരുന്ന സുമിത്രയുടെ കൈയ്യുടെ പുറത്ത് എഴുതിത്തുടങ്ങി.  സുമിത്ര കൈപ്പടം അനക്കാതെ വച്ചു.
“കല്ല്” രഘു എഴുതി
“പിന്നെ?” സുമിത്ര ചോദിച്ചു.
കല്ല് താഴത്തിട്ട് സുമിത്രയുടെ കൈപ്പടം കൈയ്യിലെടുത്ത് രഘു മിണ്ടാതെയിരുന്നു. ചുറ്റുമുള്ള കുന്നുകള്‍, സൂര്യന്റെ വെളിച്ചം പതുക്കെപ്പതുക്കെ മേലില്‍ വീഴുമ്പോള്‍, പെണ്‍കിടാങ്ങളെപ്പോലെ നാണിക്കുകയും പൊട്ടിത്തരിക്കുകയും ചെയ്യുന്നു എന്ന് സുമിത്രക്കു തോന്നി. സുമിത്ര പക്ഷേ, മിണ്ടാതിരു ന്നതേയുള്ളൂ. ചില നിമിഷങ്ങള്‍ സുഗന്ധംപോലെയാണ് ഉച്ചത്തിലൊന്ന് ഉച്ഛ്വസിക്കാന്‍ പോലും പേടി തോന്നും.
“എവിടേക്കാ യാത്ര?” രഘു പെട്ടെന്നു ചോദിച്ചു.
“എത്തണോടത്തേക്ക്,” സുമിത്ര പറഞ്ഞു. മുത്തശ്ശി ഇപ്പോള്‍ പെരയ്ക്കുചുറ്റും പായണ്ണ്ടാവും സുമിത്രേ, സുമിത്രേ എന്നുവിളിച്ച്. ഞാന്‍ എഴുന്നേറ്റുപോരുമ്പോള്‍ എല്ലാവരും നല്ല ഉറക്കമായിരുന്നു.
“പേട്യാവ്ണ്‌ണ്ടോ സുമിത്രക്ക്?”
“നല്ലോണം,” സുമിത്ര പറഞ്ഞു.
“എന്നാല്‍ വരണ്ടാന്ന് വെയ്ക്കായിരുന്നില്ലേ?”
“വെക്കാമായിരുന്നു.” സുമിത്ര ചിരിച്ചു.  പക്ഷേ വന്നുകഴിഞ്ഞില്ലേ. 
ഒരു ത്രിസന്ധ്യയ്ക്ക് തന്റെ ഉമ്മറപ്പടിയില്‍ വന്നുനിന്ന്, “സുമിത്രേ, ഞാനാണ്, രഘു” എന്നുപറയു മെന്ന് ഇത്ര കാലങ്ങള്‍ക്കുശേഷം ഓര്‍ത്തിരുന്നതല്ല. ഞെട്ടിയും ഇതളുകളും വാടിക്കരിഞ്ഞിട്ടും സുഗന്ധം മാത്രം ബാക്കിനിറുത്തുന്ന, പെട്ടിക്കടിയില്‍ വളരെക്കാലമായി സൂക്ഷിച്ചിരുന്ന ഒരു പൂവിനെപ്പോലെ, രഘു തന്റെ മനസ്സില്‍ കൃത്യമായ അതിര്‍വരമ്പുകളില്ലാത്ത ഒരാശയമായിക്കഴിഞ്ഞിരുന്നു.  അതുകൊണ്ട് ഇന്ന് തണുത്ത ഇരുട്ടത്ത് ഒറ്റയ്ക്ക് തുറക്കുമ്പോള്‍ കിറുകിറ ശബ്ദമുണ്ടാക്കുന്ന വാതില്‍ പതുക്കെ വളരെ ശ്രദ്ധയോടെ അടച്ച് ഈ നദിക്കരയിലേക്ക് നടക്കുമ്പോള്‍ മനസ്സുനിറയെ എന്താണ് ഉണ്ടായിരുന്നതെന്ന് ഒരു പിടിയുമില്ല.  നടക്കുമ്പോള്‍ കാലടിക്കടിയില്‍ പൊടിയുന്ന ചപ്പിലയുടേയും ചുള്ളിക്കമ്പുകളുടേയും ശബ്ദം താളനിബദ്ധമായ സംഗീതംപോലെ കാതിലുണ്ടായിരുന്നു. ഇരുണ്ട സന്ധ്യയ്ക്ക് കോരിച്ചൊരിയുന്ന മഴയത്ത് ഒരു കിളിവാതിലിലൂടെ നോക്കി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഓരോരുത്തരുടേയും മനസ്സില്‍ എന്തൊക്കെയാണോ ഉണ്ടാവുക, അതൊക്കെ തന്റെ മനസ്സിലും ഉണ്ടായിരുന്നു. ചുഴിയും പതയുമായി, കലങ്ങിയും മറഞ്ഞും. നദിക്കരയില്‍  തന്നെകണ്ടതും ഒരു ഇടിമിന്നലിന്റെ വേഗത്തോടും തെളിമയോടും കൂടി രഘു ചിരിച്ചു. പതഞ്ഞും കലങ്ങിയും ഒഴുകിയ തന്റെ മനസ്സ് കടല്‍ കണ്ടതുപോലെ പെട്ടെന്ന് ശാന്തമായത് അതുകൊണ്ടാണ്.രഘുവിന്റെ മുഖത്തെ അവിശ്വാസത്തിനുമുകളില്‍ നിറഞ്ഞുനിന്ന പ്രകാശം തന്റെ മനസ്സിലേക്കൊന്നോടെ ഏന്തി.
രഘു ഒരക്ഷരംപോലും പറയാതെ തോണിക്കരികിലേക്ക് നടന്നു.  വെറുതെ ഇരിക്കുമ്പോള്‍ ചിലര്‍ കൈവയ്ക്കുന്ന രീതി നമുക്ക് ഇഷ്ടമാവാറുള്ളതുപോലെ, കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് തനിക്കിഷ്ടമായി. ഇതാണോ സ്‌നേഹം? താന്‍ ആലോചിച്ചിട്ടുണ്ട്. കല്ലുനിറഞ്ഞ പാതയിലൂടെ നടക്കു മ്പോള്‍ രഘുവിന് വേദനിക്കുമെന്നും, ഓരോ കാലടിച്ചുവട്ടിലും തന്റെ കൈകള്‍ വച്ചുകൊടുക്കാന്‍ പറ്റിയാല്‍ എത്ര നന്നായേനെ എന്നും തനിക്ക് തോന്നിയിട്ടുണ്ട്. സ്‌നേഹത്തെക്കുറിച്ചെത്ര കുറവാണ് ആള്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. ഒരുപക്ഷേ, അവനവന്റെ സ്‌നേഹത്തിനുതകുന്ന വാക്കുകള്‍ കിട്ടാത്തതു കൊണ്ടാവാം, അല്ലെങ്കില്‍ ഇതാ, തങ്ങളെപ്പോലെ അവയൊക്കെ അപ്രസക്തങ്ങളാണ് എന്ന തോന്നലു കൊണ്ടാവാം. 
തോണി ആടി ആടി നിന്നിട്ടും, രഘു മിണ്ടാതിരിക്കുകയായിരുന്നു.  മണലിലെ മിനുത്ത കല്ലുകള്‍ പെറുക്കി സുമിത്ര ഉള്ളംകൈയ്യിലിട്ട് കിലുക്കി. വെള്ളമണലിന്റെയും വെളിച്ചത്തിന്റെയും ചുറ്റുമുള്ള എല്ലാത്തിന്റേയും ഭംഗിയും കുളിര്‍മയും മനസ്സിലേക്കിരച്ചുകയറുന്നത് സുമിത്ര പെട്ടെന്നറിഞ്ഞു.
    വയസ്സനായ തോണിക്കാരന്‍ തോണി തിരിച്ചു കുത്താന്‍ തുടങ്ങുകയായിരുന്നു.  കൊടുക്കേണ്ടി യിരുന്നതിലധികം കൂലി അയാള്‍ക്ക് കൊടുക്കാമായിരുന്നു എന്ന് സുമിത്ര വിചാരിച്ചു.ഇത്തരം മുഹൂര്‍ത്തങ്ങളിലെങ്കില്‍ എപ്പോഴാണ് നമുക്ക് ഉദാരരാകാന്‍ പറ്റുക? നദിയിലും തീരത്തും പ്രഭാതത്തിന്റെ വെളിച്ചം കുലംകുത്തി പുളച്ചൊഴുകുന്നു. വെളിച്ചത്തിന്റെ നേര്‍ത്തപാത തങ്ങളേയും തങ്ങളെ ഉള്‍ക്കൊ ള്ളുന്ന ലോകത്തേയും ആകെ വന്നു മൂടുന്നത് സുമിത്ര കണ്ടുനിന്നു.
    “രഘു”— സുമിത്ര പിന്നെ ഒരുപാടുനേരം കഴിഞ്ഞ് വിളിച്ചു. പൂഴിമണലില്‍ കൈകുത്തി ഇരുന്ന രഘു അപ്രതീക്ഷിതമായി എന്തോ കേട്ടപോലെ തിരിഞ്ഞുനോക്കി.  ഈ മണലില്‍ തൊട്ടടുത്തിരുന്ന രഘു താനറിയാതെ മറ്റെവിടെയോ ഒക്കെയായിരുന്നു എന്ന് സുമിത്ര പെട്ടെന്നറിഞ്ഞു. “ഇതൊന്നും ഒരിക്കലും ഒരുപാപമാകാന്‍ വയ്യ”—വ്യക്തമല്ലാത്ത ഒരു മുഴക്കംപോലെ, മനസ്സിലേക്ക് മറിഞ്ഞുവീണ എന്തിന്റെ യൊക്കെയോ തുടര്‍ച്ചപോലെ, മണ്ഡപത്തില്‍ക്കയറി വീറോടെ പ്രസംഗിക്കുന്ന ചെറുപ്പക്കാരന്റെ മുഖഭാവത്തോടെ അയാള്‍ പറയാന്‍ തുടങ്ങി.നമ്മുടെ പാപപുണ്യങ്ങളുടെ താക്കോലുകള്‍ ആരൊക്കെയോ തിരിച്ചിട്ടുണ്ട്. ഇരുട്ടത്ത്, ഒറ്റയ്ക്ക് ഇന്ന് സുമിത്ര നടന്നുവരുന്നതു കാണ്‍കെ എന്റെ ബോധങ്ങളി ലെന്തൊക്കെയോ ഒരുമിച്ച് മറിഞ്ഞുവീണു. എന്തിനെന്നില്ലാത്ത പുഞ്ചിരിയോടെ, എന്നിലര്‍പ്പിച്ച വിശ്വാസത്തിന്റെ പൊള്ളിക്കുന്ന ചൂടോടെ, നിറഞ്ഞ കരുണയോടെ എന്റെ മുന്നില്‍ സുമിത്ര വന്നു നില്‍ക്കെ, എനിക്കെല്ലാം അസംഭവ്യമായിത്തോന്നി. ഒരു വലിയ മരത്തിനു ചുവട്ടില്‍ അതിന്റെ കുളിരും തണലും ഏറ്റ് പുറത്ത് വെയിലില്‍ നിന്ന് ചൂളിനില്‍ക്കുന്ന കുട്ടിയായി ഞാന്‍. പിന്നെ ആ ഇരുട്ടിനു നടുവില്‍ സുമിത്രയുടെ മുഖത്ത് തെളിഞ്ഞ ഒരുപാടു കാര്യങ്ങളുടെ ആകെത്തുകയായ ആ ചിരിയും അതിന്റെ നുരയും പതയും എന്റെ മനസ്സിലാകെ നിറയവെ, ഉള്ളു കനത്ത കടലാണ് ഞാനെന്നും എനിക്കാരേയും കീഴടക്കാമെന്നും തോന്നി.
    “രഘു!” സുമിത്ര ചിരിച്ചു:“രഘുവിന് ഒറ്റയിരിപ്പിന് ഇത്രയധികം സംസാരിക്കാനാവുമെന്ന് ഇന്നാണ് ഞാന്‍ അറിഞ്ഞത്.”
    പുഴവക്കത്തുനിന്ന് കയറി, മരങ്ങള്‍ക്കിടയിലൂടെ നടക്കവേ മണലില്‍ നിന്നും പെറുക്കിയെടുത്ത കല്ലുകള്‍ ഓരോന്നായി ശബ്ദത്തോടെ, സന്തോഷത്തോടെ സുമിത്ര മുകളിലേക്കിട്ടു.  എന്നുമെന്നും നാം ഭീതിയോടെ കാണുകയും അപരിചിതരെപ്പോലെ ഓടിയൊളിക്കാന്‍ വെമ്പുകയും ചെയ്യുന്ന ഈ ലോകവും ആകാശവും അതുള്‍ക്കൊള്ളുന്ന എല്ലാം ഇന്ന് തന്റെ സ്വന്തമാണ്, സുമിത്ര ഓര്‍ത്തു. ആ അറിവിന്റെ എന്തെന്നില്ലാത്ത ശാന്തതയില്‍, ചുട്ടുപൊള്ളുന്ന ഉച്ചയില്‍ പൊടുന്നനെ പെയ്യാന്‍ തുടങ്ങിയ മഴപോലെ  ഇരമ്പിവന്ന സാന്ത്വനത്തില്‍ സുമിത്ര അറിയാതെ ചുറ്റുമുള്ള എല്ലാം മറന്ന് ആമഗ്നയായി.  പിന്നെ ഒരു നിമിഷം, ആരേയും മോഹിപ്പിക്കുന്ന ആ ശാന്തതയില്‍ സുമിത്ര തന്നോടുതന്നെ അസൂയാലുവായി.
    മുറിച്ചുകടന്നുകൊണ്ടിരുന്ന ചോലയിലെ വെള്ളം ഒരു മഴപോലെ തന്റെമേല്‍ വന്നുവീണത് സുമിത്ര പെട്ടെന്നാണറിഞ്ഞത്. എതിര്‍ തിരിഞ്ഞുനിന്ന് പുതുമഴയത്ത് മാനത്തേക്ക് മുഖംതിരിച്ച് പൊട്ടിച്ചിരി യോടെ കുളിരും സന്തോഷവും ഏറ്റുവാങ്ങുന്ന കുട്ടികളെപ്പോലെ അവളതുള്‍ക്കൊണ്ടു. വെളിച്ചമേറ്റു വാങ്ങി പൊട്ടിവിടരുന്ന വെള്ളത്തുള്ളികള്‍ക്കിടയ്ക്കുള്
ള ഒരു വലിയ വെള്ളത്തുള്ളിപോലെനിന്ന സുമിത്രയുടെ മുഖത്തേക്കും മേലിലേക്കും രഘു നിറുത്താതെ സ്വപ്നത്തിലെന്നപോലെ വെള്ളം തേവി. മുട്ടിനുതാഴെ വെള്ളത്തില്‍നിന്ന്, രഘുവിന്റെ കൈയ്യില്‍ നിന്നുതിരുന്ന വെള്ളത്തുള്ളികള്‍കൊണ്ട് ആകെനനഞ്ഞ് നേര്‍ത്ത പുഞ്ചിരിയുമായി അനങ്ങാതെ നില്‍ക്കെ, രഘു വളരെ പണ്ടത്തെ ഒരു ഇരുണ്ട സന്ധ്യയില്‍ തന്റെ കൈപിടിച്ച് നിന്നുകൊണ്ട് പറഞ്ഞ് സുമിത്ര ഓര്‍ത്തു:  “നമുക്കിങ്ങനെ നിന്നുകൊണ്ട് ഏതിരുണ്ട സന്ധ്യയേയും പ്രഭാതത്തേയും ആകെ തുടിപ്പിക്കാം.”
വീണ്ടും വെള്ളം കൈയ്യിലേന്തി തന്റെ നേരെ ഓങ്ങുകയായിരുന്ന  രഘുവിന്റെ കൈകൂട്ടിപ്പിടിച്ചു സുമിത്ര.
“രഘു,” അവള്‍ വിളിച്ചു: “രഘു, എനിക്ക് ശ്വാസം മുട്ടില്ലേ?”
“ഉവ്വോ!” രഘു ചോദിച്ചു: “ഉവ്വോ സുമിത്രേ?”
കനക്കാന്‍ തുടങ്ങുന്ന കാട്ടിലെ നേര്‍ത്ത ഒറ്റയടിപ്പാതയിലൂടെ നടക്കവെ സുമിത്രയുടെ നനഞ്ഞ മുടിത്തുമ്പില്‍ നിന്നും ഒറ്റിവീണ വെള്ളത്തുള്ളികള്‍ ക്രമമായ അടയാളങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു.  പണ്ടേ നനച്ചുപിഴിഞ്ഞുടുത്ത വസ്ത്രങ്ങളുമായി കുളക്കടവില്‍നിന്നും നടന്നുപോകുന്ന അമ്മയുടെ പിന്നില്‍ ചെറിയ ചരല്‍ക്കല്ലുകള്‍ തട്ടിത്തെറിപ്പിച്ചു വികൃതിയായി നടന്നത് പെട്ടെന്ന് രഘു ഓര്‍ത്തു. വീട്ടിലേക്കുള്ള ഇല്ലിപ്പടി കടക്കുമ്പോള്‍ അമ്മയുടെ മുടി മുള്ളുകളില്‍ കുരുങ്ങും. അതുവിടുവിക്കാന്‍, കൈയ്യിലെ സോപ്പുപെട്ടി തന്റെ കൈയ്യില്‍ തന്ന് പാതിതിരിഞ്ഞു നില്‍ക്കവെ, താന്‍ കൂവിവിളിച്ചാര്‍ത്ത് വീട്ടിലേക്കോടും. പിന്നെ അമ്മ മരയഴികളുള്ള ചെറിയ ജനല്‍ തുറന്ന് ഇടുങ്ങിയ വെളിച്ചത്തില്‍ ഈറനുടുപ്പുകള്‍ മാറ്റി ഇടുവിച്ച് തന്റെ എണ്ണമെഴുക്കാര്‍ന്ന മുഖം വേഷ്ടിയുടെ തലപ്പുകൊണ്ട് അമര്‍ത്തിത്തുടച്ച് ജലദോഷം വരാതിരിക്കാന്‍ നെറുകയില്‍ രാസ്‌നാദിപ്പൊടി തിരുമ്പും.  അവസാനം, മെലിഞ്ഞ രണ്ടു സ്വര്‍ണ്ണവളകള്‍ തിളങ്ങുന്ന കൈകൊണ്ട് തന്റെ മുടി പതുക്കെപ്പതുക്കെ മാടിയൊതുക്കി അമ്മ നെറുകയില്‍തന്നെ ഉമ്മ വയ്ക്കും.
“മിടുക്കനാവണം,” അമ്മ പറയും,  “കുട്ടനാണ് അമ്മയുടെ തുണ.”
രഘുവിന് എല്ലാം ഓര്‍മ്മവന്നു. ജനാലയുടെ കഴിയില്‍ ഒരുച്ചയ്ക്ക് ചുകന്നപെന്‍സില്‍കൊണ്ടു താന്‍ 'അമ്മ' എന്നെഴുതിയിരുന്നത്, സന്ധ്യക്ക് വിളക്കുകളുടെ കുപ്പികള്‍ വെണ്ണീറിട്ട് തുടച്ച് വൃത്തിയാക്കി വയ്ക്കവെ താന്‍ പിന്നില്‍ നിന്ന് മണ്ണുനിറഞ്ഞ കൈകൊണ്ട് അമ്മയുടെ കണ്ണ് പൊത്തിപ്പിടിച്ചപ്പോള്‍ അടികിട്ടിയത്, പിന്നെ കട്ടിലില്‍ മലര്‍ന്നുകിടന്നിരുന്ന അച്ഛന്റെ കാല്‍ക്കല്‍ നിന്ന് കട്ടിലിന്റെ കഴികള്‍ പിടിച്ച് അമ്മ ശബ്ദമില്ലാതെ കരഞ്ഞത്....
തൊട്ടടുത്ത് വെറും മണ്ണില്‍ തനിക്കൊപ്പം കിടന്ന സുമിത്രയുടെ മുഖം രഘു നോക്കിയിരുന്നു. സുമിത്രയുടെ പുരികങ്ങള്‍ക്കിടയ്ക്ക് കുങ്കുമത്തിന്റെ നിറം പടര്‍ന്നിരുന്നു.  കഴുത്തിലെ ചുളിവുകളില്‍ വെള്ളത്തിന്റെ മിനുപ്പ്.
സ്വന്തം മനസ്സിനെ കൈക്കുമ്പിളിലെടുത്ത് അറിയാതെ അയാള്‍ വിളിച്ചു:  “ഈശ്വരാ...”
സുമിത്ര കണ്ണടച്ചാണ് കിടന്നിരുന്നത്. ഈറന്‍ മണ്ണില്‍ പടര്‍ന്നു ചിന്നിക്കിടന്ന സുമിത്രയുടെ നീളമുള്ള മുടിയില്‍ മരത്തില്‍നിന്നു പാറിവീണ ഇലകള്‍, ഒരു കൈമുട്ടില്‍ കുത്തിച്ചരിഞ്ഞ് ഓരോന്നായി എടുത്തു കളയവെ പൊടുന്നനെ ഇതൊക്കെ തികച്ചും അവിശ്വസനീയമായി രഘുവിനു തോന്നി.  കുട്ടിക്കാലത്തെ ചിതറിയ ഓര്‍മ്മകള്‍തൊട്ട്, ഇപ്പോള്‍ എഴുന്നേറ്റ് ഈ മരത്തില്‍ ചാരിയിരുന്ന്, താന്‍ പണ്ട് ഇരുണ്ട തെക്കിനിയില്‍ ഒറ്റയ്ക്കിരുന്നു കേട്ട ആ പ്രത്യേകഗാനം കേള്‍ക്കണമെന്ന മോഹംവരെ എല്ലാം. മനസ്സിന്റെ ബഹളങ്ങളും മോഹങ്ങളും സാന്ത്വനങ്ങളും എല്ലാം ഒരു മൂന്നാമനെപ്പോലെ രഘു നോക്കികണ്ടു.  പിന്നെ, സുമിത്രയുടെ തലമുടിയിലും കണ്ണിലും കഴുത്തിലും ഒക്കെ കൈയോടിച്ച് അയാള്‍ മാനത്തുനോക്കി വെറുതെ മലര്‍ന്നു കിടന്നു.
വിവിധ ചായങ്ങള്‍ തട്ടിമറിഞ്ഞ് വര്‍ണ്ണശബളമായ ഒരു ക്യാന്‍വാസുപോലെ കിടന്ന സ്വന്തം മനസ്സിലേക്കു നോക്കിക്കിടക്കുകയായിരുന്നു സുമിത്ര. അമ്പലത്തിലെ ശംഖൊലി, റെയില്‍പ്പാളത്തിലൂടെ കുതിച്ചുപാഞ്ഞ തീവണ്ടിയുടെ ശബ്ദം, രഘുവിന്റെ താളത്തിലുള്ള ശ്വാസോച്ഛ്വാസം എല്ലാം സുമിത്ര കേട്ടു. ഒറ്റയ്ക്കല്ല താനെന്നും മറ്റെന്തിന്റെയെങ്കിലും പൂരകമാകാം എന്നും അറിയുക എത്ര സുഖമാണ്.  സുമിത്ര സ്വയം പറഞ്ഞു: മനസ്സുകള്‍ ലളിതമാണ്. ഒരുപക്ഷേ, അപൂര്‍വമുഹൂര്‍ത്തങ്ങളില്‍ ഇങ്ങനെ പരസ്പരം ഏറ്റുവാങ്ങുന്ന ഈ ലാളിത്യമാവാം എല്ലാറ്റിന്റെയും ന്യായീകരണവും സത്തയും.
“സുമിത്രേ...” എന്തിന്റെയോ തുടര്‍ച്ചയെന്നപോലെ രഘു പറയുകയായിരുന്നു,“ഇതാ, ഈ മരച്ചുവട്ടില്‍ ഇങ്ങനെ കിടക്കെ, ഒരു ത്രിസന്ധ്യയ്ക്കു നിലവിളക്കിന്റെ വെളിച്ചത്തിലിരുന്ന് എനിക്കു കഥപറഞ്ഞുതരികയായിരുന്ന അമ്മയെ പിന്നില്‍നിന്നും ഊക്കോടെ ചവിട്ടി വീഴ്ത്തിയ അച്ഛനോടുവരെ എനിക്കിപ്പോള്‍ ക്ഷമിക്കാം.  എന്റെ മനസ്സിന്റെ ഈ വൃത്തി എന്നെത്തന്നെ അമ്പരപ്പിക്കുന്നു.”
രഘുവിന്റെ മുഖത്തുനോക്കി പതുക്കെ ചിരിച്ചുകൊണ്ട്, തന്റെ വിയര്‍പ്പുപൊടിഞ്ഞ മാറില്‍ അയാളുടെ തല ഒരു കുട്ടിയുടേതെന്നപോലെ ചേര്‍ത്തുവച്ചു. തന്റെ കൈകള്‍ കാറ്റിനെപ്പോലെയാണെന്നും അവയ്ക്കിപ്പോള്‍ ആരേയും തഴുകി ഉറക്കാമെന്നും സുമിത്രയ്ക്ക് തോന്നി.  സ്പര്‍ശത്തിന്റെ സാന്ത്വനം രഘു വരണ്ട മണ്ണ് മഴയെ എന്നപോലെ ഏറ്റുവാങ്ങി. അമ്മാവന്റേയും അച്ഛന്റേയും തലമുതിര്‍ന്ന നാട്ടുകാരുടെയും ഒക്കെ നടുവില്‍ ഒറ്റയ്ക്കുനിന്ന്, താന്‍ കൊളുത്തിയ അമ്മയുടെ ചിതയ്ക്കു മുകളില്‍ ആളിപ്പടര്‍ന്ന നാളങ്ങള്‍ക്കുമീതെ ഒരിരമ്പത്തോടെ പെയ്ത മഴയെയാണ് അയാള്‍ക്കോര്‍മ്മവന്നത്.  ഉത്ക്കണ്ഠയോടെ, ആഗ്രഹത്തോടെ ആ തീ കെടുവാനും, ആ വിറകുകൊള്ളികള്‍ക്കിടയില്‍ ചികഞ്ഞു കേറി അമ്മയുടെ മുഖം ഒരിക്കല്‍ക്കൂടിക്കാണാനും താനന്ന് കാത്തുനിന്നു.  അവസാനം കുളിച്ചുവന്ന്, തനിയെ ഈറന്‍ മാറി ഇരുണ്ട മുറിയിലെ മരക്കഴികളില്‍ പിടിച്ച് അനങ്ങാതെനിന്ന് ആ മഴ മുഴുവന്‍ താന്‍ കണ്ടു, രഘു ഓര്‍ത്തു.  താഴേക്ക് വീഴുന്ന വെള്ളത്തിന്റെ ഇടയിലൂടെ അമ്മയുടെ ശരീരം കത്തിയ പുക മേലോട്ടയുര്‍ന്നിരുന്നു.  പിന്നെ അമ്മാവന്‍ വന്ന് തോളില്‍ കൈവയ്ക്കവെ താന്‍ ഞെട്ടി.  തന്റെ തലമുടി പതുക്കെ തടവി ഒതുക്കി ഒന്നുംപറയാതെ അമ്മാവന്‍ ആ ഇരുട്ടില്‍ അന്ന് തന്റെ കൂടെനിന്നു.
സുമിത്രയുടെ സ്പര്‍ശനത്തിനു കീഴില്‍ ഒരു കുട്ടിയെപ്പോലെ കിടന്ന് രഘു കണ്ണടച്ചു.  പുരുഷന്റെ കണ്ണില്‍ നിന്നൂറിയ നനവ് തന്റെ തൊലിപ്പുറമേ നിന്ന് മനസ്സിന്റെ വേരുകള്‍വരെ നനയ്ക്കുന്നത് സുമിത്ര പാരവശ്യത്തോടെ അറിഞ്ഞു. രഘുവിന്റെ നഗ്നമായ പുറത്ത് പറ്റിയിരുന്ന മണ്‍തരികള്‍ സുമിത്ര പതുക്കെപ്പതുക്കെ തടവിക്കളഞ്ഞു.
    വെളിച്ചം ചുരത്തില്‍ നില്‍ക്കുന്ന ആകാശത്തിനു കീഴില്‍ തന്റെ മാറില്‍ തലചായ്ച്ചു കിടന്ന പുരുഷനെ സുമിത്ര ഒരുപാടൊരുപാടുനേരം നോക്കി.  അപ്പുറത്ത് അനന്തമായിക്കിടന്ന മണ്ണും പുഴയും കാറ്റും തന്റെതന്നെ ഭാഗങ്ങളായി സുമിത്ര അറിഞ്ഞു.  രഘുവിന്റെ ശ്വാസത്തിന്റെ ചൂട് വെയിലെന്നപോലെ പിന്നെ ഈര്‍പ്പം കിനിഞ്ഞിറങ്ങി കുതിരുന്ന ഭൂമിക്കുമേല്‍ പടര്‍ന്നു.
****

No comments:

Post a Comment