Followers

Wednesday, January 20, 2016

വേര്

പാതയില്‍ നിരന്നുനിന്നിരുന്ന മെലിഞ്ഞ വിളക്കു കാലുകള്‍ക്കുമുകളില്‍ തിളങ്ങുന്ന കിരീടങ്ങളെ അടുക്കളയിലെ വീതനയില്‍ ചാരി നോക്കിനിന്നപ്പോള്‍ അവള്‍ വീണ്ടും അമ്മമ്മയെക്കുറിച്ചാണ് ഓര്‍ത്തത്. നൂറ് ഉറുപ്പിക ദിവസവാടകയുള്ള ആശുപത്രിമുറിയില്‍ നാലു ഡോക്ടര്‍മാരുടെ നടുക്ക് കിടന്ന് അമ്മമ്മ മരിച്ചു. ചൈതന്യമുള്ള ജഡത്തിന് ചുറ്റുമിരുന്ന് ചുമതല തീര്‍ക്കുകയാണെന്നപോലെ കരഞ്ഞുതീര്‍ക്കുന്ന ജീവശ്ശവങ്ങളെ നോക്കിനിന്നപ്പോള്‍ തമാശതോന്നി. അല്ലെങ്കിലും ഇന്നലെ കരച്ചില്‍ ഒരു അപരിചിതവസ്തുവെപ്പോലെ ആയിരുന്നു. അങ്ങനെയാണ് ആശുപത്രിവരാന്തയില്‍ അവസാനം ഒറ്റയ്ക്ക് അടിഞ്ഞത്. വരാന്തയില്‍ കുറച്ചകലെ മുത്തശ്ശന്‍ തലകുനിച്ചിരുന്നു. മുഖംപൊക്കി മുത്തശ്ശന്‍ നോക്കിയപ്പോള്‍ അലസതയുടെ ഏറ്റവും തെളിഞ്ഞ നിസ്സംഗതയോടെ ഒന്നു ചിരിക്കാനാണ് തോന്നിയത്. അങ്ങനെതന്നെ ചെയ്യുകയും ചെയ്തു. അമ്മയെ ആശ്വസിപ്പിക്കുന്ന ബന്ധു ജനങ്ങളുടെ മുഴങ്ങുന്ന ശബ്ദത്തിന്റെ പശ്ചാത്തലത്തില്‍ മുത്തശ്ശന്റെ അന്തംവിട്ട മുഖം ഒരു കാഴ്ചയായിരുന്നു. വളരെ ദിവസത്തിനുശേഷം സംതൃപ്തി ഒരു നിമിഷത്തേക്കെങ്കിലും അറിഞ്ഞത് മറന്നിട്ടില്ല. വരാന്തയുടെ ആളൊഴിഞ്ഞ മൂലയില്‍ വന്ന് മിഴിച്ചിരുന്നതിന് അച്ഛന്‍ എന്തൊക്കെയോ പറഞ്ഞു. എഴുന്നേല്‍ക്കാന്‍ ഉത്സാഹം തോന്നിയില്ല. കൈപിടിച്ചു വലിച്ചു അച്ഛന്‍. തണുത്തുറഞ്ഞിരുന്നു കൈ എന്നു തോന്നുന്നു. പരിഭ്രാന്തിയോടെയാണ് അച്ഛന്‍ കൈവിട്ടത്. അകത്തേയ്ക്കു കടക്കുമ്പോള്‍ അമ്മമ്മയുടെ മുഖം മൂടിത്തന്നെ ഇട്ടിരുന്നു. വടിവൊത്ത മൂക്കിന്റെ അറ്റം ഉയര്‍ന്നുകാണാം.
ശവം പുറത്തേയ്‌ക്കെടുക്കുമ്പോള്‍ മുത്തശ്ശന്‍ വാവിട്ടു കരഞ്ഞു. 'എന്റെ കാര്‍ത്തുപോയി. എന്റെ വലതുകൈ പോയി'.
തേങ്ങലുകള്‍ക്കിടയില്‍ കുലുങ്ങുന്ന ആ ശരീരത്തെ നോക്കിനില്‍ക്കുകയായിരുന്നു താന്‍. മുത്തശ്ശന്റെ കണ്ണുകള്‍ തന്റെ മുഖത്തു തട്ടിയപ്പോള്‍ ഇമയടയ്ക്കാതെ താന്‍ അവയിലേക്ക് തന്നെ നോക്കിനിന്നു. മറന്നുപോയ പണിയുടെ തുടര്‍ച്ച ചുമതലാബോധത്തോടെ ഏറ്റെടുക്കുന്നതുപോലെ,  ധൈര്യമില്ലാതെ വേയ്ക്കുന്ന കണ്ണുകള്‍ താഴ്ത്തി, പിന്നെ വീണ്ടും മുത്തശ്ശന്‍ വിലപിക്കാന്‍ തുടങ്ങിയപ്പോള്‍ അമ്മമ്മ ചിരിച്ചിരിക്കണം. അല്ലെങ്കില്‍ താന്‍ ചിരിച്ചു. ചുണ്ടില്‍ അപ്പോള്‍ വന്ന ആ കോടിയ ചിരി ഇനി മായ്‌ക്കേണ്ടതില്ലെന്നു തോന്നുന്നു. അതു തിരിച്ചുനിര്‍ത്താന്‍ പറ്റിയ കാര്യങ്ങള്‍ക്ക് ജീവിതത്തില്‍ ക്ഷാമം ഉണ്ടാവാനിടയില്ല.
തിരണ്ട ദിവസം ഇരുട്ടകത്തെ അണിഞ്ഞ മാവിനുമുകളില്‍ വെള്ളയും കരിമ്പടവും ഇട്ടിരിക്കുമ്പോള്‍, നീണ്ട സ്വര്‍ണമാല അമ്മായി കഴുത്തില്‍ ഇട്ടു തരുമ്പോഴായിരുന്നു അമ്മമ്മ പറഞ്ഞത്. 'നീ ദുഃഖിക്കാന്‍ തുടങ്ങുകയാണ്.' വെറ്റിലയില്‍ ചുണ്ണാമ്പ് തേയ്ക്കുകയായിരുന്ന അവരുടെ ചിരിക്കുന്ന മുഖം മുത്തശ്ശന്റെ ശബ്ദം അകത്തളത്തില്‍ കേട്ടതും മുറുകി.  മുണ്ടിന്റെ കോന്തലയില്‍ വിരല്‍ തുടച്ച് ധൃതിയില്‍ നടന്നുപോയി. മിന്നല്‍പോലെ പാളുന്ന മുത്തശ്ശന്റെ കല്പനയുടെ സ്വരം. ഇടയ്ക്കുള്ള നിശ്ശബ്ദതകളിലൂടെ സമയംപോലും ഒഴുകാതെ നിന്നു.
വെളുത്ത കാലടികളില്‍ പടര്‍ന്ന നീലഞരമ്പുകളും തേഞ്ഞ കുതിയില്‍ വിള്ളലുകള്‍ വരച്ച കറുത്ത വരകളും എന്നും വിരോധാഭാസം പോലെ തോന്നിയിരുന്നു. തീയുടെ പുകകൊണ്ട് തുടുത്ത മുഖവും വെള്ളംനിറഞ്ഞ കണ്ണുകളുമായി മുത്തശ്ശന്റെ മുറിയിലേക്കും അവിടന്നിങ്ങോട്ടും ഇടവിടാതെ ഓടുന്നത് കാണുമ്പോള്‍, തലയില്‍ തേയ്ക്കാനുള്ള താളിയും നെറ്റിയില്‍ തൊടാനുള്ള മുക്കുറ്റിയും അരച്ചത് കൈയിലേന്തിയ വേലക്കാരത്തിയുടെ കൂടെ കസവുപുടവയുടുത്ത് കുളത്തിലേക്ക് നടക്കാറുള്ള തറവാട്ടിലെ ഓമനയായിരുന്ന അവരെക്കുറിച്ച് നാണിയമ്മ പറഞ്ഞതാണ് ഓര്‍മവരാറ്. മുത്തശ്ശന്റെ ആജ്ഞകള്‍ പേറിവരുമ്പോള്‍ ഇടവഴിയില്‍ ഒന്നുനില്‍ക്കും, പരുത്ത മേല്‍മുണ്ടിന്റെ അറ്റം ചുരുട്ടിച്ചുരുട്ടി കണ്ണുകള്‍ തുടയ്ക്കും. ബാക്കിയാവുന്ന കലങ്ങിയ കണ്ണുകളില്‍ പുഞ്ചിരിയായിരിക്കും. നീണ്ട വീട്ടിക്കട്ടിലില്‍ മലര്‍ന്നുകിടന്നിരുന്ന മുത്തശ്ശന്റെ കാല്‍ക്കല്‍ ഇരുന്ന് കാല്‍തടവുന്ന അവരുടെ രൂപമാണ് മായാതെ നില്‍ക്കുന്ന മറ്റൊരോര്‍മ. ഒരിക്കല്‍ കാലില്‍ തലോടുമ്പോള്‍ കാലിലുണ്ടായിരുന്ന ചെറിയ മുറിവില്‍ സ്വര്‍ണവളയുടെ വക്കുകൊണ്ട് വേദനിച്ചതിന് മുത്തശ്ശന്‍ കിടന്നിടത്തുകിടന്ന് ചവിട്ടിയപ്പോള്‍ താനുമുണ്ടായിരുന്നു ആ മുറിയില്‍. കട്ടിലിന്റെ ചാരില്‍ തല ചെന്നിടിച്ചു. നിവര്‍ന്നിരുന്ന് ഭാവഭേദമൊന്നും കൂടാതെ വീണ്ടും കാല്‍ തടവാന്‍ തുടങ്ങിയപ്പോള്‍ മുത്തശ്ശന് സഹിച്ചിരിക്കില്ല. കൈ വലിച്ച് വളയൂരാന്‍ ശ്രമിച്ചു. കൈ പിന്നോട്ടൊന്ന് വലിക്കുകപോലും ചെയ്യാതെയാണ് അമ്മമ്മ പറഞ്ഞത്. 'അമ്മതന്ന വളയാണ്.'
ഊരിയ വള ജനലിലൂടെ തൊടിയിലെത്തിയിട്ടും കാല്‍തടവല്‍ തുടര്‍ന്നുകൊണ്ടിരുന്നു. പത്തുപതിനൊന്നുവയസ്സേ അന്ന് തനിക്ക് ഉണ്ടായിരുന്നുള്ളൂ. വൈകുന്നേരം തൊടിയില്‍ നിന്നും ആ വള തപ്പിയെടുത്ത് അമ്മമ്മ കിഴക്കെ അലമാരിയില്‍ വെച്ചു. അതുമാത്രമല്ല എല്ലാ വളകളും. അമ്മമ്മയുടെ ഒഴിഞ്ഞ കൈത്തണ്ടയില്‍ പിടിച്ച് കുളത്തിലേയ്ക്ക് നടക്കുമ്പോഴായിരുന്നു ചോദിച്ചത് 'അമ്മമ്മയ്ക്കിഷ്ടമാണോ മുത്തശ്ശനെ?' അവര്‍ ചിരിച്ച്, നെറുകയില്‍ തലോടി. 'നീയും പെണ്ണല്ലെ. അല്ലേ?' എന്നു ചോദിച്ചു.
അന്നൊന്നും മനസ്സിലായില്ല. അളന്നാല്‍ തീരാത്ത നെല്ലുള്ള പത്തായത്തിനുപുറത്ത് ഉച്ചയ്ക്ക് ചോറുവെയ്ക്കാന്‍ കാര്യസ്ഥന്‍ അളന്നുതരുന്ന നെല്ലിനുവേണ്ടി മുഷിഞ്ഞിരിക്കാറുള്ള അമ്മമ്മ കരയുന്നത് ഒരിക്കലേ കണ്ടിട്ടുള്ളൂ. അമ്മാവന് വസൂരിയായിരുന്നു. മാരിയമ്മന്‍ കോവിലിലേക്ക് വഴിപാടിന് അമ്മമ്മ പ്രാര്‍ത്ഥിച്ച പട്ടുമായി പോയിരുന്ന നീലപ്പെണ്ണിനെ മുത്തശ്ശന്‍ വഴിയില്‍വെച്ചാണ് കണ്ടതത്രെ. പട്ട് തുണ്ടംതുണ്ടമായി കീറി. തൊടിയിലേക്ക് വലിച്ചെറിഞ്ഞ ആ പട്ടുകഷണങ്ങള്‍ വീണത് അമ്മമ്മയുടെ കണ്ണിലാണെന്നാണ് അവരുടെ കണ്ണുകള്‍ കണ്ടപ്പോള്‍ തോന്നിയത്. മയങ്ങിക്കിടന്നിരുന്ന അമ്മാവന്റെ കട്ടിലിന്റെ കാല്‍ക്കലിരുന്ന് തേങ്ങിക്കരഞ്ഞ രൂപം അവരാണെന്ന് ഇന്നുപോലും വിശ്വസിക്കാന്‍ തോന്നുന്നില്ല. നിരീശ്വരവാദിയായിരുന്നത്രേ മുത്തശ്ശന്‍.  ഏഴാമത്തെ ദിവസം അമ്മാവന്‍ മരിച്ചപ്പോള്‍ അമ്മമ്മ കരഞ്ഞില്ലെന്നത് ഇപ്പോഴും  നല്ല ഓര്‍മ്മയുണ്ട്. മുത്തശ്ശന്റെ ദിനചര്യകള്‍ക്കുപോലും അന്ന് അവര്‍ മാറ്റം വരുത്തിയില്ല. പണിത് തളരുന്ന ശരീരം അവര്‍ സ്വന്തം രഹസ്യമായി സൂക്ഷിച്ചു. സന്ധ്യയ്ക്ക് മരത്തൂണില്‍ ചാരി ഇരുന്ന് തന്നെ മടിയില്‍ കിടത്തി തലമുടിയില്‍ തലോടിത്തരുമ്പോള്‍ അവര്‍ എത്രയോ അകലെയാണെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. വെളുത്ത വിലകുറഞ്ഞ മുണ്ടും മല്ലിന്റെ ബ്ലൗസും ഈര്‍ക്കില്‍ക്കര വേഷ്ടിയും മാത്രം ധരിക്കുന്ന അവരോട് നിറമുള്ള വസ്ത്രങ്ങളുടെ കാര്യം പറഞ്ഞത് ഇതുപോലൊരു സന്ധ്യക്കായിരുന്നു. മൂന്നുദിവസം കഴിഞ്ഞാല്‍ 'കീറിപ്പോകുന്ന തുണിയിലെന്തിനാ പണം ഇടണ്' എന്നാണത്രേ മുത്തശ്ശന്‍ ചോദിച്ചത്. അത് പറഞ്ഞു കഴിഞ്ഞ് ചിരിച്ച ചിരിയുടെ അര്‍ഥം മനസ്സിലാക്കാന്‍ തക്കവിധം വളര്‍ന്നിരുന്നു അന്ന്. ആ ചോദ്യം മറ്റു പലതിനേയും പോലെ പിന്നീടിതുവരെ ചോദിച്ചിട്ടില്ല. അവരുടെ ചിരി അസ്സഹനീയമായിരുന്നു. കയറിലൂടെ നടക്കുന്ന സര്‍ക്കസ്സുകാരുടെ സമനിലതെറ്റാതിരിക്കുന്നതിനുള്ള കുടപോലെയായിരുന്നു അത്.
തന്റെ കല്യാണത്തിന്റെ തലേദിവസം രാത്രി അമ്മമ്മയുടെ മടിയില്‍ കിടന്നാണ് ഉറങ്ങിയത്.
'ആശിക്കാന്‍ തോന്നാതിരുന്നാല്‍ പകുതി ജയിച്ചു.'- അവര്‍ പറഞ്ഞു. 'ആശിച്ചത് വേണ്ടെന്നുവെക്കാന്‍ കഴിഞ്ഞാല്‍ മുഴുവനും ജയിച്ചു, കാരണം അറിയോ മണിക്കുട്ടിക്ക്? '
'ഇല്ല'
'നമുക്ക്, പെണ്ണുങ്ങള്‍ക്ക് ആശിക്കാം എന്ന് ആരാ പറഞ്ഞിരിക്കണത്?'
ഒന്നും മിണ്ടിയില്ല. തടവല്‍ നിര്‍ത്തിയിരുന്ന വിരലുകള്‍ വീണ്ടും ചലിക്കാന്‍ തുടങ്ങി.
'പരിഭ്രമിക്കാനൊന്നും പറഞ്ഞതല്ല. അങ്ങനെ ആരും പറഞ്ഞിട്ടില്ല ഇതുവരെ.' അവര്‍ തന്നോടെന്നപോലെയാണ് ചിരിച്ചത്. 'കുട്ടന്‍ പോയപ്പോ കൂടെ പൂവ്വായിരുന്നൂന്ന് എന്നിട്ടും ആശിച്ചു.'
ക്ഷയരോഗിയായ അമ്മമ്മയെ അധികം സംസാരിക്കാന്‍ അനുവദിക്കരുതെന്ന് അമ്മ പ്രത്യേകം പറയുന്നതാണ്. മുഖത്തുനോക്കി പക്ഷെ പറഞ്ഞില്ല.
'കുട്ടി നാളെ പൂവും, അതോണ്ട് പറയേ്. അമ്മമ്മ മരിച്ചാന്‍ കുട്ടി വരണം.'
തഴമ്പുറച്ച കൈകളില്‍ താനന്ന് മുറിക്കിപ്പിടിച്ചു. നേര്‍ത്ത സ്വര്‍ണച്ചെയിനില്‍ കോര്‍ത്തിട്ട അമ്മമ്മയുടെ താലി നിലാവിന്റെ മങ്ങിയ വെളിച്ചത്തില്‍ തലയ്ക്കുമീതെ തൂങ്ങിക്കിടന്നു. ഒരു മുത്തുമാലയ്ക്കുവേണ്ടിയുള്ള ആഗ്രഹം പറഞ്ഞപ്പോള്‍ മുത്തശ്ശന്‍ കാര്‍ക്കിച്ചുതുപ്പിയത്രെ. ആ അധികപ്രസംഗം മറക്കാന്‍ മുത്തശ്ശന് ഒരുപാട് കാലത്തേയ്ക്ക് സാധിച്ചില്ല.
ഇങ്ങോട്ട് കിട്ടുന്ന അധിക്ഷേപങ്ങള്‍ക്കല്ലാതെ പരാതികള്‍ക്ക് അവകാശമില്ലാതിരുന്ന അവരുടെ ലോകത്ത് അവരൊരു വിജയമായിരുന്നു എന്ന് ഇപ്പോഴും തോന്നുന്നു. രക്തം ഛര്‍ദ്ദിച്ച ആദ്യത്തെ ദിവസം അമ്മമ്മ, തന്നെയാണ് വിളിച്ചത്. നീളന്‍കോലായിലെ തണുത്ത നിലത്ത് അന്ന് എത്രനേരം ഇരുന്നെന്ന് ഓര്‍മയില്ല. ഛര്‍ദ്ദിച്ചതിന്റെ ക്ഷീണവുമായി തന്റെ തോളത്ത് തല ചായ്ച്ച് ഉറങ്ങുകയായിരുന്നു അവര്‍. ആ ഉറക്കത്തില്‍ നിന്നും അവരൊരിക്കലും ഉണരാതിരിക്കണേ എന്നവിടെയിരുന്ന് പ്രാര്‍ഥിച്ചിട്ടുണ്ട്. പാല്‍ക്കഞ്ഞിയുടെ നേരം തെറ്റിയതിന് ഭൂമി കുലുക്കിക്കൊണ്ടാണ് മുത്തശ്ശന്‍ കടന്നുവന്നത്. അമ്മമ്മ ഉണര്‍ന്നിരുന്നില്ല. അന്ന് എന്തെന്നില്ലാത്ത ധൈര്യത്തോടെ താന്‍ ശബ്ദമുണ്ടാക്കരുതെന്ന് ആംഗ്യം കാട്ടി. ചുളിഞ്ഞ പുരികങ്ങള്‍ അതേപടി നിന്നു മുത്തശ്ശന്റെ.
'ഉം? എന്താ നാടകം? '
മുഴങ്ങുന്ന ശബ്ദം. വേറെങ്ങും അഭയമില്ലാത്ത നിസ്സഹായരായ അടിമകളാണ് തങ്ങളെന്ന ബോധം പുകപോലെ കണ്ണുകള്‍ മൂടി. അമ്മമ്മയുടെ തല സ്വന്തം ചുമലില്‍ ഒന്നുകൂടി അമര്‍ത്തിവെച്ചതപ്പോഴാണ്, അമ്മമ്മ ഞെട്ടി. മുത്തശ്ശന്റെ മുഖം കണ്ടതും ചാടി എഴുന്നേറ്റു. മുണ്ട് തട്ടിക്കുടഞ്ഞ് തന്റെ കൈപിടിച്ചുവലിച്ചു.
'വരൂ'
ഏതുനേരവും മുത്തശ്ശന്റെ ചവിട്ട് പ്രതീക്ഷിച്ചിരുന്നു എന്നു തോന്നിയിരുന്നു മുഖം കണ്ടാല്‍. ആ നിമിഷം, തന്റെ ഉള്ളില്‍ വെറുപ്പ് കഴുകിക്കളയാനാകാത്തവിധം കറപിടിച്ച ആ നിമിഷം, ഇപ്പോഴും അതേ തെളിമയോടെയുണ്ട്.
അന്ന് പാല്‍ക്കഞ്ഞിയുടെ പാത്രം മടക്കിക്കൊണ്ടുപോരുമ്പോഴും അവര്‍ കിതച്ചിരുന്നു. നേരം വൈകിയതിന്റെ പേരിലായിരിക്കണം, പാത്രം നിറഞ്ഞുതന്നെയിരുന്നു. അത് കൊട്ടത്തളത്തിലേയ്ക്ക് ഒഴിച്ചുകളഞ്ഞ് അടുത്തു നില്‍ക്കുകയായിരുന്ന തന്റെ ചുമലില്‍ പിടിച്ചു. എന്നിട്ട് പതുക്കെ ചിരിച്ചു. 'വയ്യാതായിത്തുടങ്ങീന്നാ തോന്ന്ണ്.' അവരുടെ സ്വരത്തിന് കുറ്റബോധമായിരുന്നു കൂടുതല്‍. തന്റെ മുഖത്തെ വെറുപ്പും ദേഷ്യവും സങ്കടവുമൊക്കെ അപ്പോഴാണ് അവര്‍ കണ്ടത്.
'ഇതിന്റെ ഒന്നും ഒരാവശ്യവും നമ്മുടെ ജീവിതത്തില്‍ എവിടേയും വരില്ല. നല്ലതുചെയ്തതിന്റെ പ്രതിഫലവുമല്ല സന്തോഷം. മണിക്കുട്ടിക്ക് തിരിയ്ണുണ്ടോ? '
അമ്മമ്മ അടുക്കളയില്‍ തലതിരിഞ്ഞുവീഴുന്നതുവരെ ആ വീട്ടിലെ യജമാനത്തിയായിരുന്നു അവര്‍ എന്നാരും ഓര്‍മിച്ചില്ല. മുത്തശ്ശന്റെ മൊരച്ച കൈ അമ്മമ്മയുടെ നെറ്റിയില്‍ ഔദ്ധത്യത്തോടെ വീണപ്പോള്‍ അതവിടെ നിന്ന് തട്ടിക്കളയണമെന്നുമാത്രമായിരുന്നു ആശ. അവസാനം ആ കൈ തന്റെ കൈകൊണ്ട് തൊടാനുള്ള വെറുപ്പുകൊണ്ട് തിരിച്ചുപോന്നു.
ഏട്ടന്റെ വിളി ഒരത്യാഹിതം പോലെ കാതില്‍ വന്നു വീണപ്പോള്‍ ഞെട്ടി. വീതനയുടെ പുറത്ത് കരിക്കട്ടകൊണ്ട് വരച്ച രൂപങ്ങള്‍ കുഴഞ്ഞുമറിഞ്ഞുകിടന്നു. അടുപ്പിലെ തീ കെട്ടിരിക്കുന്നു. കുറേനേരമായി വിളിച്ചിരിക്കണം. മുത്തശ്ശന്റെ പാല്‍ക്കഞ്ഞിയുടെ സമയം കഴിഞ്ഞിട്ട് ഏറെ നേരമായി. ഇനി, ഇപ്പോള്‍ പാല്‍ക്കഞ്ഞിയും കൊണ്ടുചെന്നാല്‍ മുത്തശ്ശന്‍ ജ്വലിക്കുന്ന കണ്ണുകൊണ്ടൊന്നു നോക്കും. അപ്പോളൊന്ന് ചിരിക്കണം. അവളോര്‍ത്തു.
'കേട്ടില്ലെ നീയ്യ്?' ഏട്ടന്‍.
എത്രത്തോളം സാവധാനത്തില്‍ തനിക്ക് പുറംതിരിയുവാന്‍ കഴിയുമോ അത്രത്തോളം പതുക്കെയാണ് തിരിഞ്ഞത്. ഏട്ടന്റെ കണ്ണുകള്‍ക്ക് തീയ്യിന്റെ തന്നെ നിറം. 'മുത്തശ്ശന്‍ വിളിക്കാന്‍ തുടങ്ങിയിട്ട് നേരെത്രെയായി.'
'ഉം' അവള്‍ പറഞ്ഞു. അടുപ്പിലെ തീകെട്ടു. കൊളുത്തട്ടെ.
തന്റെ അലസത വല്ലാതെ ദേഷ്യം പിടിപ്പിച്ചു ഏട്ടനെ, മുടിയില്‍പിടിച്ചാണ് വലിച്ചത്. 'എന്താ... എന്താ... നിയ്യ് കരുതീത്. '
'ഏട്ടനറിയണൊ അത്? പറയാം. ആദ്യം മുടിവിടൂ.'
കയ്യില്‍നിന്നും ഏട്ടന്‍ വലിച്ചെറിഞ്ഞു മുടി. പുകയുന്ന നോട്ടം. എന്തോ തനിക്ക് ചിരിയാണ് വന്നത്. പുരുഷന്റെ അധികാരത്തിനും ഒരു പിരിധിയുണ്ടല്ലോ എന്ന് കരുതിയിട്ടാവണം.
'തീ പിടിക്കട്ടെ. അതിനിങ്ങനെ ഭൂമി കുലുക്കുന്നതെന്തിനാ മുത്തശ്ശന്‍? പേടിക്കാന്‍ അമ്മമ്മയില്ല.'
മുത്തശ്ശന്റെ വിളി പൊടുന്നനെ നിന്നിരുന്നു. പല്ലുകൂട്ടിക്കടിച്ചു. കഞ്ഞിയുടെ ചുവട്ടില്‍ ആളിക്കത്തുന്ന തീയ്യിനോടും തോന്നി ദേഷ്യം.  അപ്പോള്‍ മുത്തശ്ശന്‍ വീണ്ടും വിളി തുടങ്ങി. ശബ്ദം തീരെ നേര്‍ത്തിരുന്നു. വീതനയുടെ തിണ്ടില്‍ കൈ അമര്‍ത്തിനിന്ന് ആ വിളികളൊക്കെ കേട്ടു. ഇരുണ്ട ഇടനാഴിയിലൂടെ ചൂടാറ്റിയ കഞ്ഞിയുമായി വൈകിയ നേരത്ത് കടന്നു പോകുമ്പോള്‍ സംതൃപ്തി മനസ്സില്‍ ഒരു നിശാഗന്ധിയെപ്പോലെ നിന്നു. താന്‍ തട്ടിമറിച്ചിട്ട ദിനചര്യ ശ്വാസംമുട്ടിക്കുന്ന മുത്തശ്ശന്‍ ഒരു പക്ഷെ തന്റെ ജീവിതത്തിന്റെതന്നെ സാധൂകരണമാണ്.
കട്ടിലിന്റെ അടുത്തിരുന്ന സ്റ്റൂളില്‍ പാല്‍ക്കഞ്ഞി വെച്ച് അതേപടി തിരിഞ്ഞു പോകാന്‍ തുടങ്ങിയപ്പോഴാണ് കേട്ടത്.
'ഒന്നുപിടിക്ക്വോ കുട്ടീ എന്നെ?' മുത്തശ്ശന്റെ വിളി വല്ലാതെ ചിലമ്പിച്ചിരുന്നു.
ഒരു നിമിഷം തിരിഞ്ഞുനിന്നു. മുത്തശ്ശന്റെ ചെന്നിയിലൂടെ ഒലിച്ചിറങ്ങിയ കണ്ണീരിന്റെ പാട്, തന്റെ മുഖം കണ്ടതും വേഗം തുടച്ചു മുത്തശ്ശന്‍.
'ഒരുപാട് വിളിച്ചു എല്ലാവരേം.' മുത്തശ്ശന്‍ പറഞ്ഞു.
'എണീക്കാനാവ്ണില്ല ഒറ്റക്ക്. '
മുത്തശ്ശന്റെ വാക്കുകളില്‍ പറ്റിപ്പിടിച്ചുനിന്ന കണ്ണീരിന്റെ കണങ്ങളില്‍ നോക്കിനില്‍ക്കുമ്പോഴാണ് അമ്മമ്മയുടെ മുഖം പെട്ടെന്ന് കണ്ണില്‍പെട്ടത്. തനിക്കപരിചിതമായ വിധത്തിലാണ് അമ്മമ്മ ചിരിച്ചത്. ചിരിക്ക് ഒരു പൊന്നുസൂചിയുടെ മൂര്‍ച്ചയായിരുന്നു. അത് വല്ലാതെ വേദനിപ്പിക്കുകയും ചെയ്തു.
എഴുന്നേല്‍ക്കുന്നതിനിടയില്‍ മുത്തശ്ശന്‍ തേങ്ങിക്കരയാന്‍ തുടങ്ങിയത് അപ്രതീക്ഷിതമായിട്ടാണ്.
'അവള് പോയി.' മുത്തശ്ശന്‍... 'അവള് പോയിലൊ കുട്ടി.'
അമ്മമ്മയുടെ കൈയിലെ വള ഒറ്റവലിക്ക് ഊരി പുറത്തേക്ക് വലിച്ചെറിഞ്ഞ പ്രതാപിയായ മുത്തശ്ശന്‍.
മുത്തശ്ശന്‍ കിടന്ന കിടപ്പില്‍കിടന്ന് മൂത്രമൊഴിച്ചുണ്ടായിരുന്ന നനവാണ് കിടക്കയിലാകെ. ഒരു കുറ്റവാളിയെപ്പോലെ നനഞ്ഞമുണ്ട്. മുത്തശ്ശന്‍ മുറുക്കിപ്പിടിച്ചിരുന്നു. ഒന്ന് ചിരിക്കണോ എന്ന് ഒരു നിമിഷം ഓര്‍ത്തു. അതിനുമുകളില്‍ പക്ഷെ ഒരു തീത്തുള്ളിപോലെ അമ്മമ്മയുടെ മുഖം ഇറ്റിയതപ്പോഴാണ്. വിറയ്ക്കുന്ന മൗനം. വീണമരത്തില്‍ ഓടിക്കേറാന്‍ ആര്‍ക്കാ വയ്യാത്തത്? ചുറ്റുമുള്ളവരോടുള്ള മുത്തശ്ശന്റെ ആജ്ഞകളുടെ ഔദ്ധത്യത്തില്‍  സഹികെട്ട് 'ഛീ' എന്നുപറയും പോലെയാണ് അമ്മമ്മ പറഞ്ഞത്.
'പറഞ്ഞാല്‍ മനസ്സിലാവ്ണില്ല' അമ്മമ്മ കുളക്കടവിലിരിക്കെ ആകെ പതഞ്ഞു: മനസ്സിലാവണേയില്ല. അതാ സങ്കടം. തിരിയ്ണ്‌ണ്ടോ മണിക്കുട്ടിക്ക്?
ചൂടുവെയ്ക്കും പോലെയുള്ള ചോദ്യം. പിടഞ്ഞത് പലതും കീഴ്‌മേല്‍മറിച്ചാണ്.
'ശ്ശി. വിളിച്ചു.' തലയുയര്‍ത്താതെ, മുത്തശ്ശന്‍ നനഞ്ഞ വിരിപ്പിലേക്കു ജാള്യതയോടെ നോക്കി. 'ആരും വന്നില്ല.'
കല്പിക്കാന്‍ മാത്രമറിയാമായിരുന്ന മുത്തശ്ശന്റെ വാക്കുകള്‍ എവിടെയൊക്കെയോ ചെന്നുതട്ടി. കൊത്തുവേല ചെയ്ത വീട്ടി മേലാപ്പില്‍, വെള്ളിപ്പിടിവെച്ച വാതിലില്‍, തുപ്പാന്‍ കാല്‍ക്കല്‍ വച്ചിരുന്ന ഓട്ടു കോളാമ്പിയില്‍, പിന്നെ ഒടുക്കമൊടുക്കം എന്റെ മനസ്സില്‍. അവിടെനിന്ന് അതെങ്ങോട്ടും പോയില്ല.
'ഒന്നുനീക്കിയിരുത്തട്ടെ.' നനഞ്ഞ വിരിപ്പ് ചുരുട്ടി താഴേയ്ക്കിട്ട് തിരിഞ്ഞതും മുത്തശ്ശന്‍ ഒരു നിമിഷം കൈയില്‍ പിടിച്ചു. കണ്ണുകള്‍ താഴത്താണ്. 'വിരിപ്പുമാറ്റട്ടെ.' ഞാന്‍ പറഞ്ഞു: 'എന്നിട്ട് കിടന്നോളൂ. '
ഈറന്‍ തോര്‍ത്തെടുത്ത് മുത്തശ്ശന്റെ മുഖം തുടപ്പിച്ച് കഞ്ഞി ഒഴിഞ്ഞ കിണ്ണവുമായി മുറിയ്ക്ക് പുറത്തുകടക്കുമ്പോള്‍, ആ വെള്ളിക്കിണ്ണത്തില്‍ കണ്ട സ്വന്തം മുഖം ഞാനൊന്നുകൂടി നോക്കി.

No comments:

Post a Comment