Followers

Monday, November 23, 2015

ഒരു യാത്ര

ആശുപത്രി വരാന്തയുടെ അരികില്‍ കൈയൊടിഞ്ഞുപോയ ഒരു കസേരയില്‍ ചാരിയിരിക്കുകയായിരുന്നു ദേവകി. കല്പടവുകളിലും മുറ്റത്തും നിറയെ ആള്‍ക്കാര്‍. അവരുടെയൊക്കെ തിരക്കിലൂടെ ദേവകി മുന്നിലെ നിറഞ്ഞു ചുവന്ന മണ്ണിലേക്ക് നോക്കി. പിന്നെ അതിനടിയിലേക്ക്. ഇനിയും സ്വന്തമാവാനിരിക്കുന്ന അതിന്റെ ആഴത്തിലേക്ക്.
വെള്ളത്തിനടിയില്‍നിന്നും ശ്വാസംമുട്ടി പൊങ്ങുന്നതുപോലെയാണ് ദേവകി കസേലയില്‍ നിവര്‍ന്നിരുന്നത്. അടിവയറിലൂടെ എന്തെന്നില്ലാത്ത വേദന ഇടിവാള്‍പോലെ മിന്നി. മുരുകന്‍ കടലാസ്സുകള്‍ മേടിക്കാന്‍പോയിട്ട് നേരം കുറെയായി. വേദന സഹിക്കാതെ കിടക്കപ്പായയില്‍ താന്‍ ഉരുളുമ്പോള്‍ മുരുകന്‍ മലര്‍ന്നുകിടന്നു പറയാറ്, ഗര്‍ഭമായാല്‍ അങ്ങനെയൊക്കെ ഇത്തിരി വേദനിക്കും എന്നാണ്. 'നിയ്യ് മാത്രേ പെറ്റിട്ടുള്ളൂ?' മുരുകന്‍ ചോദിക്കും.
ക്ഷീണം ഒരു വലപോലെ മുട്ടുന്നത് ദേവകി അറിഞ്ഞു. ഇനി രണ്ടുനാഴിക നടക്കണം. വരുമ്പോള്‍ പലയിടത്തും ഇരിക്കേണ്ടിവന്നു. മുരുകന്റെ മുഖം ചുവക്കുന്നതു കണ്ടിട്ടും താന്‍ വഴിവക്കില്‍ ഇരിക്കുകതന്നെ ചെയ്തു.
മുന്നിലെ തണുത്ത മണ്ണില്‍ വളര്‍ന്നുനിന്ന പുല്ലുകളെ ചവിട്ടിയരച്ചുകൊണ്ട് കുട്ടികള്‍ തലങ്ങും വിലങ്ങും ഓടി. വലിയവരുടെ ചെരിപ്പിനടിയില്‍പ്പെട്ട പുല്ലുകള്‍ വളരുകയും പുളയുകയും ചെയ്തു. ദേവകി വെറുതെ നോക്കിക്കൊണ്ടിരുന്നു. പെട്ടെന്ന് ഈ മണ്ണും പുല്ലും വെളിച്ചവും ഒക്കെ തനിക്ക് പ്രധാനമാകുന്നതാണത്ഭുതം. ഈ പുല്ലുകള്‍ക്ക് മുകളിലൂടെ നടന്നാണ് താന്‍ ഈ വരാന്തയില്‍ക്കയറിയത്. ഈ വെളിച്ചത്തിലൂടെ നടന്നും. മുരുകന്‍ അകലെനിന്നു വരുന്നത് ദേവകി കണ്ടു. കടലാസ്സുകള്‍ കിട്ടിയിട്ടുണ്ടാവണം. അയല്‍വക്കത്തെ ജാനകിയേട്ടത്തി വഴക്ക് പറഞ്ഞപ്പോള്‍ ആശുപത്രിയിലേക്ക് തന്റെകൂടെ പുറപ്പെട്ടതാണ്. ദിവസം മുഴുവനുമുള്ള ഇന്നത്തെ തിരിച്ചില്‍കൂടെ ആയാല്‍ ഇനി ഒരിക്കലും ആശുപത്രിയിലേക്ക് തന്റെകൂടെ പുറപ്പെടുകയുണ്ടാവില്ല. ദേവകി പെട്ടെന്ന് തന്നത്താന്‍ ചിരിച്ചു. ഇനി അതിന്റെ ആവശ്യമുണ്ടാവുകയില്ലെന്ന് മുരുകനോട് പറയണം. ചിലപ്പോള്‍ മുരുകന് സന്തോഷം തോന്നിയേക്കും. ചരല്‍ക്കല്ലുകളില്‍ ഊക്കോടെ വീണ് തൊലി മുറിയുമ്പോള്‍ ഉണ്ടാകുന്ന നീറ്റല്‍പോലെ എന്തോ ഒന്നാണ് അതാലോചിക്കുമ്പോള്‍ മനസ്സില്‍ നിറയുക. കല്യാണം കഴിഞ്ഞ് കൊല്ലം പന്ത്രണ്ടു തികയുന്നു. വിശക്കുന്നു എന്നുപോലും പറയാനുള്ള പേടിയാണ് ബാക്കി. മുരുകന്‍ അടുത്തെത്താറായപ്പോള്‍ ദേവകി പതുക്കെ എഴുന്നേറ്റു. 'കടലാസ്സൊക്കെ കിട്ടിയോ?' ദേവകി ചോദിച്ചു. ഒന്നും മിണ്ടാതെ, കടലാസ്സുകെട്ടിന്റെ അറ്റം മുറുക്കിപ്പിടിച്ച് കൈയിലുണ്ടായിരുന്ന ചെറിയ സ്റ്റീല്‍പാത്രത്തിലെ ചായ ദേവകിക്കുനേരെ നീട്ടുകയാണ് മുരുകന്‍ ചെയ്തത്.
'ഒന്നും വേണംന്ന് തോന്നണില്ല.' വയര്‍ ഒരു ക്ഷമാപണംപോലെ അമര്‍ത്തിപ്പിടിച്ച് ദേവകി പറഞ്ഞു: 'കുടിച്ചോളൂ.'
മുരുകന്‍ ദേവകിയുടെ മുഖത്തു നോക്കാതെ, കടലാസ്സുകെട്ടുകള്‍ താഴത്തുവെച്ച് ചായ പാത്രത്തിന്റെ അടപ്പിലേക്ക് പകര്‍ന്നു.
'അധികംല്ല്യാ. കുടിച്ചോ. രാവിലെ തുടങ്ങീതല്ലേ വെറുംവയറ്റിലുള്ള ഈ ഇരിപ്പ്.'
അത്ഭുതത്തോടെയാണ് ദേവകി തലയുയര്‍ത്തിയത്. ദേവകിയുടെ കണ്ണുകള്‍ തന്റേതുമായി കൂട്ടിമുട്ടുന്നതിന് മുമ്പേ മുരുകന്‍ ചായ ദേവകിക്കരികിലുള്ള സ്റ്റൂളില്‍വെച്ചു പുറകോട്ട് തിരിഞ്ഞു.
'പതുക്കെ കുടിച്ചാമതി.' മുരുകന്‍ പറഞ്ഞു: 'ഞാനിപ്പൊവരാം.'
ചൂടുള്ള ചായ കുടിച്ചുതീര്‍ക്കാന്‍ വൈകുമ്പോള്‍ അത് തന്റെ കൈയില്‍ നിന്നും മേടിച്ച് തൂത്തുകളയാറുള്ള മുരുകനാണ് പറയുന്നത്!
ദേവകി അവിശ്വസനീയതയോടെയാണ് മുരുകനെ നോക്കിയത്.
'ആറ്റിക്കുറുക്കി നിക്കുന്നു! എനിക്ക് വേറെ പണീണ്ട്'എന്നാണ് മുരുകന്‍ സാധാരണ അപ്പോഴൊക്കെ പറയാറ്.
ദേവകി പൊടുന്നനെ ചായ കൈയിലെടുത്തു.
'ഇപ്പൊ വരാം' എന്നു പറഞ്ഞതല്ലാതെ മുരുകന്‍ ഇരുന്നിടത്തുനിന്നും എഴുന്നേറ്റിരുന്നില്ല. കടലാസ്സുകെട്ട് വീണ്ടുംവീണ്ടും ചുരുട്ടിയും മടക്കിയും ഇരുന്നു അയാള്‍. കണ്ണുകള്‍ കാല്‍ച്ചുവട്ടിലെ നിലത്തുതന്നെയാണ്.
'പുവ്വാറായിച്ചാല്‍ നന്നായിരുന്നു' ദേവകി ശബ്ദമുയര്‍ത്താതെയാണ് പറഞ്ഞത്. 'ഇരിക്കാന്‍ വയ്യാ തോന്നുണൂ.' ഇരുന്നിടത്തുനിന്ന് നോക്കുമ്പോള്‍ നിലത്തമര്‍ത്തിവെച്ച ദേവകിയുടെ വരണ്ട കാലുകളിലെ വിള്ളലുകളാണ് ആദ്യം കണ്ണില്‍പ്പെടുക. അതിനുമുകളില്‍ മുണ്ടിന്റെ കീറിയ നീലക്കര. വീര്‍ത്തവയറിനുമുകളില്‍ മുഷിഞ്ഞ വേഷ്ടി. കണ്‍തടങ്ങള്‍ നിറയെ കറുപ്പ്.
മുരുകന്‍ പെട്ടെന്ന് ചായപ്പാത്രം അവളുടെ കൈയില്‍നിന്നുവാങ്ങി. അപ്രസന്നമായ എന്തൊക്കെയോ തട്ടിക്കളയുന്നതുമാതിരി പൊറുതികേടോടെയാണ് മുരുകന്‍ എഴുന്നേറ്റത്.
'രാവിലെ ഈ വിള്ളലുകള്‍ വെച്ചുനടന്നപ്പോള്‍ ദേവകിക്ക് വല്ലാതെ വേദനിച്ചിരിക്കും' അയാള്‍ ഓര്‍ത്തു. താന്‍ പക്ഷെ, മുമ്പില്‍ നടക്കുകയായിരുന്നു.
'ഇപ്പൊവരാം ഞാന്‍.' കല്പടവുകള്‍ ഇറങ്ങുന്നിടത്തുനിന്ന് തിരിഞ്ഞ് അവളെത്തന്നെ നോക്കി മുരുകന്‍ പറഞ്ഞു: 'ഇവിടെത്തന്നെ ഇരുന്നാമതി.'
മുരുകന്റെ ശബ്ദത്തിലെ അലിവ് അവളെ തൊട്ടു എന്നുതോന്നി ദേവകിക്ക്. പൊള്ളുന്നപോലെയാണ് ആദ്യം തോന്നിയത്. പിന്നെ എന്തെന്നില്ലാത്ത പരിഭ്രമവും. മുരുകന് ശുണ്ഠിവന്നിരിക്കും.
മുരുകന്റെ ശബ്ദം ഇത്രയധികം താഴുന്നത് ആദ്യമായാണ്. ഏറെനേരമായുള്ള ഇരിപ്പില്‍ മുതുക് വല്ലാതെ വേദനിക്കാന്‍ തുടങ്ങിയിരുന്നു. ഇനി രണ്ടുനാഴികയിലധികം നടന്നാലെ വീടെത്തൂ. വയറ്റിലാണെങ്കില്‍ അനങ്ങുമ്പോള്‍പ്പോലും മിന്നുന്നവേദന. നിവൃത്തിയില്ലാതെയാണ് താന്‍... എങ്ങോട്ടാണു പോയതെന്നറിയില്ല. വരാന്‍ വൈകിയാല്‍... റിക്ഷയില്‍നിന്നും ഇറങ്ങുന്ന മുരുകനെ കണ്ടപ്പോള്‍ ദേവകിയുടെ വയറൊന്നാളി. ഇനി വീടുവരെ ശകാരമാവും. റിക്ഷയ്ക്കുള്ള ചെലവ് താങ്ങാനാവാത്തതാണ്. മരുന്നിന് കാശ് വേറെവേണം.
അടിവയറിലൂടെ പാളുന്ന വേദനയുടെ നാമ്പുകള്‍. ദേവകി കണ്ണുകള്‍ ഇറുക്കി അടച്ചു.
'മൂന്നാലാളെ വിളിച്ചു.' ഒരു ക്ഷമാപണംപോലെയാണ് മുരുകന്‍ പറഞ്ഞത്. 'ഒന്നേങ്കിലും വരാന്‍ കൂട്ടാക്കണ്ടെ. കട്ടേം കല്ലൂള്ള വഴ്യാണത്രെ. കട്ടേംകല്ലൂള്ള വഴീലൂള്ളോര്‍ക്ക് ജീവിക്കണ്ടേരിക്കും. അതേ വൈകീത്...'
'ഞാന്‍ നടന്നോളായിരുന്നു' തന്നെ കൈപിടിച്ചെഴുന്നേല്പിക്കുന്ന ഭര്‍ത്താവിന്റെ മുഖത്തുനോക്കാന്‍ ധൈര്യമില്ലാതെ ദേവകി കുറ്റബോധത്തോടെ പറഞ്ഞു: 'ഇനി ഇപ്പൊ കാശ് വെറുതെ...' ഇറങ്ങുകയായിരുന്ന കല്പടവില്‍ മുരുകന്‍ പെട്ടെന്നു നിന്നു. 'ഉം' അയാള്‍ മൂളി 'കാശൊക്കെ വരും പൂവും. വഴുക്കലുണ്ട് ചുവട്ടില്. മുറുക്കെപ്പിടിക്ക്.'
ഇറുക്കിയടച്ച കണ്ണുകള്‍ ദേവകി പെട്ടെന്നാണ് തുറന്നത്. മുകളില്‍ ആകാശത്തില്‍ നിറയെ വെളിച്ചമാണ്. വിള്ളലുകളില്‍ തട്ടുന്ന മണ്ണിന് സാന്ത്വനംപോലെ തണുപ്പ്. ഇവയ്ക്കു രണ്ടിനുമിടയില്‍ പച്ചച്ച് നേര്‍ത്ത് നീണ്ടമുക്കുറ്റികളില്‍ നിറയെ പൂക്കള്‍. ദേവകി അവയെ ചവിട്ടാതെ പതുക്കെയാണ് നടന്നത്. ഒന്നിനേയും ആവുന്നത്രെ വേദനിപ്പിക്കാതെ. ആവുന്നത്ര. ദേവകി സ്വയം പറഞ്ഞുനോക്കി. മുരുകന്റെ കൈയില്‍ തൂങ്ങിയുള്ള തന്റെ നടപ്പില്‍ അവള്‍ക്കുപോലും വിശ്വാസം വന്നില്ല. ഇങ്ങോട്ട് വരുമ്പോള്‍ പതിവുപോലെ മുരുകന്‍ മുമ്പില്‍ അകലെയാണ് നടന്നത്. താന്‍ ഈ മുക്കുറ്റിപ്പൂക്കളെ കണ്ടതുപോലുമില്ലതാനും. മുരുകന്റെ വലത്തേ കൈയിലെ അരിമ്പാറപോലും പുത്തനായി തോന്നുന്നു. രാവിലെ ഇങ്ങോട്ടുപോരുമ്പോള്‍ ഈ മണ്ണിനേയും താന്‍ കണ്ടിരുന്നില്ല.
'നോക്കിക്കേറു' മുരുകന്‍ റിക്ഷയുടെ ഉള്ളിലേക്ക് തന്നെ കയറ്റി ഇരുത്തി. പിന്നെ അയാള്‍ ദേവകിയുടെ ചാരെ അവളെ താങ്ങാന്‍ പാകത്തില്‍ ഇരുന്നു. റിക്ഷയുടെ കുലുക്കത്തില്‍നിന്നു രക്ഷപ്പെടാന്‍ ദേവകി വയര്‍ അമര്‍ത്തിപ്പിടിച്ചു.
'കുട്ട്യല്ല അപ്പൊന്റ് വയറ്റില്.' വളരെനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം ഉന്തിനിന്ന തന്റെ വയറില്‍ തലോടി ദേവകി തന്നോടെന്നപോലെ പറഞ്ഞു: 'സാരല്യ. നീം ഉണ്ടാവാലോ ഒരു കുട്ടി.'
'ഉം.' ദേവകിയുടെ കൈ മടിയിലേക്കെടുത്തുവെച്ച് മുരുകന്‍ മൂളി. നീണ്ടമുറിയുടെ അകത്തേക്ക് വിളിച്ച് ചുവന്ന മുഖവുമായിനിന്ന ഡോക്ടര്‍ പറഞ്ഞതാണ് അയാള്‍ക്ക് പെട്ടെന്നോര്‍മ്മവന്നത്.
'ഇത്രയുംകാലം താന്‍ എവിടായിരുന്നു ഹേ?' ഡോക്ടര്‍ കൈയിലെ ഗ്ലൗസ് അഴിച്ചുകൊണ്ട് ചീറി. 'കെട്ടിയെടുക്കാന്‍ ഇപ്പോഴെ തരായുള്ളു? അവരിനി ഒരു മാസം തികയില്ല.' നിറഞ്ഞ തെരുവിലേക്ക് മുരുകന്‍ നോക്കിയിരുന്നു. തിരക്കും നിറങ്ങളും ശബ്ദവും. ഡോക്ടറുടെ ദേഷ്യംകൊണ്ട് വിറയ്ക്കുന്ന മുഖം എല്ലാറ്റിനും മേലെ.
വണ്ടിനിര്‍ത്താന്‍ ഒരു പരാക്രമത്തോടെയാണ് മുരുകന്‍ പറഞ്ഞത്.
കുപ്പിപ്പാത്രങ്ങളും നിറമുള്ള പ്ലാസ്റ്റിക്കുപാത്രങ്ങളും വളകളും മാലയും ഒക്കെ നിറഞ്ഞുകവിയുന്ന തെരുവ്. ഒരുത്സവം കാണുന്നതുപോലെ ദേവകി ആ തെരുവ് കണ്ടു. പച്ചനിറമുള്ള പ്ലാസ്റ്റിക് ബക്കറ്റുകള്‍ കടകളുടെ മുന്നില്‍ തൂങ്ങിക്കിടക്കുന്നു. തന്റെ ഏറെക്കാലത്തെ മോഹമായിരുന്നു അത്തരത്തിലൊരു ബക്കറ്റ്.
'നെന്റെ തന്ത കാശൊന്നും എന്നെ ഏല്പിച്ചിട്ടു പോയിട്ടില്ലല്ലൊ.' എന്നാണ് മുരുകന്‍ മോഹം പറഞ്ഞപ്പോള്‍ പറഞ്ഞത്. പച്ച ബക്കറ്റ് അങ്ങനെ മനസ്സില്‍ അവിടെത്തന്നെ കിടന്നു. പിന്നെ എന്തുവേണം എന്നു തോന്നുമ്പോഴും കൂടെ മുരുകന്റെ വാചകം മനസ്സില്‍ വരും. അതിനാല്‍ ഒന്നും പറയാറില്ല. പറയാന്‍ തോന്നാറില്ല എന്നതാണ് കൂടുതല്‍ ശരി.
റിക്ഷക്കാരന്‍ വീണ്ടും വീണ്ടും ഹോണ്‍ അടിച്ചു. നേരം പതുക്കെ ഇരുളാന്‍ തുടങ്ങുന്നു.
വലിയ ഒരു പച്ച പ്ലാസ്റ്റിക് ബക്കറ്റ് കടലാസ്സില്‍ പൊതിഞ്ഞതുമായാണ് മുരുകന്‍ തിരിച്ചെത്തിയത്. അന്തംവിട്ടുനിന്ന ദേവികയുടെ മുഖത്ത് അയാള്‍ നോക്കിയതേയില്ല. ബക്കറ്റ് റിക്ഷയിലേക്ക് കയറ്റുന്ന തിരക്കിലാണെന്ന ഭാവത്തില്‍ അയാള്‍ സീറ്റിലെ സാധനങ്ങള്‍ ഒതുക്കുകയും വെക്കുകയും ഒക്കെ ചെയ്തു. ചിരകിപ്പൊളിഞ്ഞ തൊലിയില്‍ നിന്നുകിനിയുന്ന നീറ്റല്‍പോലെ എന്തോ ഒന്ന് തന്റെ മനസ്സില്‍ നിറയുന്നത് ദേവകി അറിഞ്ഞു. ബക്കറ്റില്‍ നിന്നും ആകാവുന്നത്ര അകലേക്ക് നീങ്ങി ദേവകി മുരുകനുള്ള സ്ഥലം ഒരുക്കി.
'വേഗം വീടെത്ത്യാ നന്നായിരുന്നു' ദേവകി പറഞ്ഞു. 'ഇരിക്കാന്‍ വയ്യാണ്ടാവുണു' റിക്ഷയ്ക്കുള്ളില്‍ ദേവകിയുടെ കാല്ക്കല്‍ മുരുകന്‍ ആ ബക്കറ്റ് ഒരുപഹാരംപോലെ നിവര്‍ത്തിവെച്ചു. അതിന്റെ വക്കുകള്‍ തൊടാതെ ദേവകി കാലുകള്‍ വീണ്ടും വീണ്ടും ഒതുക്കി. 'വെല കുറച്ച് ലാഭംണ്ട്' റിക്ഷ ഓടിത്തുടങ്ങി. ഏറെക്കഴിഞ്ഞ് മുരുകന്‍ ആരോടെന്നില്ലാതെ പറഞ്ഞു. 'നല്ലതാ തോന്നുണൂ' പിന്നിലേക്കൊഴുകി മായുന്ന പാത. അതിന്റെ ചുകപ്പിനെതിരെ ബക്കറ്റിന്റെ പച്ച ഒരു കഴലപോലെ മനസ്സില്‍ കല്ലച്ചു.
'നല്ല ബക്കറ്റ്.' പിന്നെ നേര്‍ത്ത ഒരു ചിരിയോടെ ദേവകി പറഞ്ഞു:
'കുറേക്കാലം ഈട് നില്‍ക്കും?'
കുറേക്കാലം എന്ന് ദേവകി ഉറപ്പിച്ചതുകൊണ്ടാവണം. ചാട്ടവാറടി കൊണ്ടപോലെയാണ് മുരുകന്‍ തിരിഞ്ഞത്. അയാളുടെ മുഖം ദേവകിയെ അമ്പരപ്പിച്ചു എന്നുവേണം പറയാന്‍.
'ദേവൂന് ഇനിയെന്താ വേണ്ടത്.' പിന്നെ മുരുകന്‍ നിര്‍ത്തിനിര്‍ത്തിയാണ് ചോദിച്ചത്. വികൃതികാണിച്ച മകന്റെ മുടന്തന്‍ വിശദീകരണംപോലെ എന്തോ ഒന്ന് അതിലുണ്ടായിരുന്നു. 'ഒന്നും വേണ്ട' മയക്കം പോലെ തന്നെ മൂടുന്ന ക്ഷീണം മറച്ച് സന്തോഷത്തോടെ ദേവകി പറഞ്ഞു:
'ഒന്നും വേണ്ട.'
ഇനിയിപ്പോള്‍ എന്ന് ദേവകി മനഃപൂര്‍വ്വം പറഞ്ഞില്ല. മുരുകന്റെ മുഖം മങ്ങുന്നത് അവള്‍ നേരത്തേ കണ്ടിരുന്നു. എന്തെങ്കിലും തനിക്ക് വേണമെന്നു തോന്നുന്നുണ്ടോ എന്ന് സ്വയം മനസ്സില്‍ പരതിനോക്കി. സത്യത്തിലും ഒന്നുമില്ലമോഹമായി മനസ്സിലിപ്പോള്‍. രാവിലെ ആശുപത്രിയിലേക്ക് പോകുമ്പോള്‍പോലും നിറമുള്ള ഒരു കട്ടിയുടുപ്പിനെപ്പറ്റി ആലോചിച്ചിരുന്നതാണ്. പതിവുപോലെ, മുരുകനോട് പറയാന്‍ മടി തോന്നി. ഇപ്പോള്‍ പറഞ്ഞാല്‍ ചാടിയോടി മുരുകന്‍ തനിക്കത് മേടിച്ചു തന്നേക്കും. എന്തുകൊണ്ടോ എന്തെന്നില്ലാത്ത ഒരുതരം ശാന്തിയാണ്  ദേവകിക്ക് തോന്നിയത്. ഇപ്പോള്‍ മുരുകന്റെ മുഖത്തുനോക്കാന്‍ തനിക്ക് പേടിതോന്നുന്നില്ല. തെരുവും അതിലെ നിറവും മണവും നിറഞ്ഞ ജനങ്ങളും ഒക്കെ ഒരേസമയം അപരിചിതവും സന്തോഷദായകവുമായിട്ടാണ് ദേവികിക്ക് തോന്നിയത്. വയറിലെ വേദനയോടുപോലും ഒരുതരം നന്ദി.
ഇന്നുവരെ ഒരിക്കലും ചെയ്യാത്തതുപോലെ ദേവകി പതുക്കെ മുരുകന്റെ ചുമലിലേക്ക് ചാരി.
'വല്ലാത്ത ക്ഷീണം.' ഒരു ജീവിതത്തിന്റെ മുഴുവന്‍ തളര്‍ച്ചയോടും കൂടി ദേവകി പറഞ്ഞു. 'ത്തിരികഴിഞ്ഞാ ഭേദാവും.'
മുരുകന്‍ അവളെ തന്നോടു ചേര്‍ത്തുപിടിച്ചു. എന്നിട്ട് അവള്‍ക്കു ചാരാന്‍ പാകത്തില്‍ നിവര്‍ന്നിരുന്നു.
അങ്ങനെയിരിക്കുമ്പോള്‍ ചരല്‍പ്പാത അതിവേഗം ആവശ്യത്തിലധികംവേഗം, പിന്നിലേക്ക് പായുന്നു എന്ന് ദേവകിക്ക് തോന്നി. ഇനി ഒരു പക്ഷേ, ഈ വഴിക്ക് വരവുണ്ടാവില്ല. കടന്നുപോയ കാലം അവളുടെ മുന്നില്‍ തന്നോടൊപ്പം പായുന്ന ഒരു കണ്ണാടിപോലെ നിന്നു. കല്യാണം കഴിഞ്ഞതിന്റെ മൂന്നാംദിവസം ആരും കാണാതെ മുരുകന്‍ തനിക്ക് കൊണ്ടുവന്ന ഐസ്‌ക്രീം മുഴുവന്‍ ഉരുകിയിരുന്നു. താനത് അന്ന് ഒരു ചിരിയോടെ മുഴുവന്‍ കുടിച്ചുതീര്‍ത്തു. പിന്നെ, മൂന്നുമാസം ഗര്‍ഭമുള്ളപ്പോള്‍ മുരുകന്‍ അടിവയറില്‍ ആഞ്ഞുചവിട്ടിയത്. മാനംമുട്ടുന്ന തന്റെ നിലവിളിക്കിടയില്‍ അന്ന് ചോര തളംകെട്ടി.
തന്റെ മുഖത്തേക്ക് പാറിയ മുടിയിഴകള്‍ മുരുകന്‍ പതുക്കെ മാടിയൊതുക്കുന്നത് അവള്‍ സ്വപ്നത്തിലെന്നപോലെ അറിഞ്ഞു. 'ദേവൂന്റെ അമ്മയെ നാളെ കൂട്ടിക്കൊണ്ടു വരാം.' മുരുകന്‍ പറഞ്ഞു. മനസ്സിനടിയില്‍ ഒരു പാടപോലെനിന്ന നീറ്റല്‍ കുമിളകളായി മുകളിലേക്ക് വരുന്നത് ദേവകി അറിഞ്ഞു. ഒരു പിടി അവിലോ മലരോ ഒക്കെ എടുത്ത് അമ്മ തന്നെ കാണാന്‍ വരുമ്പോള്‍ മുരുകന്‍ പുച്ഛത്തോടെ കണ്ടില്ലെന്നും നടിക്കും.
'എത്തി തള്ള പുന്നാരത്തിന ്' എന്നാണ് മുരുകന്‍ പറയുക. അതിനാല്‍ അമ്മ ഒരിക്കലും വീട്ടില്‍ തങ്ങാറില്ല. അതുമല്ല നാളെ  വന്നാല്‍ അമ്മ ചിലപ്പോള്‍ കരയാന്‍ തുടങ്ങിയാല്‍ ആശ്വസിപ്പിക്കുക തനിക്കും ബുദ്ധിമുട്ടാവും. എന്താണ് താന്‍ അമ്മയോട് സമാധാനം പറയുക.
'അതുവേണ്ട' ദേവകി ക്ഷീണത്തോടെ പറഞ്ഞു: 'അതൊക്കെ ബുദ്ധിമുട്ടാവും. ഇനി അമ്മ വരുമ്പോള്‍... ' ദേവകി ഒരു നിമിഷം നിര്‍ത്തി മുരുകന്റെ കൈയില്‍ പതുക്കെ തലോടി. 'ഈ ബക്കറ്റ് അമ്മയ്ക്ക് കൊടുത്താന്‍ മതി.'
മുരുകന്‍ ഒന്നും മിണ്ടിയില്ല. ഇരുന്നിടത്തുനിന്ന് അനങ്ങിയതുമില്ല. ഒരു ചെറിയ അനക്കംപോലും തന്നെ വേദനിപ്പുക്കുമോ എന്ന് ഭയപ്പെടുന്നതുപോലെ. ഒരു കല്ലു കണക്കെ ഇരുന്ന അയാള്‍, പക്ഷേ, പെട്ടെന്നാണ് ഒരു കാരണവുമില്ലാതെ കരയാന്‍ തുടങ്ങിയത്. ഉലയുന്ന മാറും ഒഴുകുന്ന കണ്ണീരിന്റെ നനവും ദേവകി നിമിഷങ്ങളോളം അറിഞ്ഞു. പിന്നെ ചാരിയിരുന്നിടത്തുനിന്ന് നിവര്‍ന്ന് പതുക്കെ മുരുകന്റെ തല സ്വന്തം മാറില്‍ ചേര്‍ത്തുവെച്ചു.
പുളയ്ക്കുന്ന വേദനയ്ക്കും എന്തെന്നില്ലാത്ത ക്ഷീണത്തിനും മീതെ ആശ്വാസം ഉറക്കംപോലെ തന്നില്‍ നിറയുന്നത് ദേവകി അത്ഭുതത്തോടെ അറിഞ്ഞു.
***

No comments:

Post a Comment