Followers

Tuesday, May 22, 2012

എന്തിനീ കുറ്റബോധം?

പ്രശ്‌നം തറവാട്ടിലെ പാമ്പിന്‍ കാവിന്റെ പുനപ്രതിഷ്ഠയും ഉദ്ധാരണവുമായിരുന്നു. 100 വര്‍ഷത്തിലധികം പഴക്കമുള്ള കാവ്. അവിടെയുള്ള കൂറ്റന്‍ പാലമരത്തിന്റെ തടിയന്‍ വേര് ചിത്രകൂടക്കല്ലിനടിയിലൂടെ വര്‍ഷങ്ങളായി പടര്‍ന്നു പരന്നിരുന്നതിനാല്‍ കല്ല് ചരിഞ്ഞു വീഴാറായി കിടപ്പാണ്. വര്‍ഷത്തിലൊരിക്കല്‍ പാമ്പന്മാര്‍ക്ക് വെള്ളരിയിടുക എന്ന ഒരു ചടങ്ങ് തറവാട്ടില്‍ മറ്റു പലയിടത്തുമെന്നപോലെ നിലനിന്നിരുന്നു. അന്ന് തറവാട്ടിലെ അംഗങ്ങളെല്ലാം അവിടെയെത്തണമെന്നതാണ് ആചാരം. നാട് വിട്ടവര്‍ പോട്ടെ, നാട്ടിലുള്ളവരെങ്കിലും എത്തിയേകഴിയൂ എന്ന് തറവാട്ടിലെ മൂത്ത സ്ത്രീയായ വലിയമ്മ കല്പിക്കും. പാമ്പന്മാരെ എല്ലാവര്‍ക്കും പേടിയായതിനാലാവാം, അല്ലെങ്കില്‍ താന്‍ താന്‍ ചെയ്യുന്ന പാപങ്ങളില്‍ നിന്നുയരുന്ന കുറ്റബോധം കൊണ്ടാവാം കഴിയുമെങ്കില്‍ എല്ലാവരും ആജ്ഞ അനുസരിക്കാറാണ് പതിവ്. ഇത്തവണ, ഈ ''മഹാമഹ''ത്തിന്റെ മുഹൂര്‍ത്തത്തിലാണ്, ഔദ്യോഗികാവശ്യങ്ങള്‍ക്കായി എനിക്ക് വീട്ടില്‍ എത്തിപ്പെടേണ്ടി വന്നത്. ഞാനവിടെ എത്തുമ്പോള്‍, വീട്ടിലെ അംഗങ്ങളും അതിഥികളും ഒക്കെ പാമ്പിന്‍ കാവിനു മുന്നില്‍ ദത്ത ശ്രദ്ധരായി, ഭക്തി പരവശരായി നില്‍പ്പാണ്. അതിനുശേഷം ഏതാണ്ടെല്ലാ പാപങ്ങളും കഴുകിക്കളഞ്ഞ് തറവാട്ടിലെ നടുത്തളത്തില്‍ എല്ലാവരും ഒത്തുകൂടി. എല്ലാവരുടെ മുഖത്തും ഗൗരവം. സംസാരമാണെങ്കില്‍ ഏതോ ആപത്ത് സംഭവിച്ചാലെന്ന പോലെ പതുക്കെ. പൂജയുടെ പ്രസാദമായ അവിലും മലരും പഴവും ഒക്കെ ഇലച്ചീന്തുകളിലാക്കി എല്ലാവര്‍ക്കും വിളമ്പിക്കൊടുക്കാന്‍ പറഞ്ഞ് തറവാട്ടമ്മയായ വലിയമ്മ കൊത്തുപണികളുള്ള കസേരയില്‍ വന്നിരുന്നു. നിശ്ശബ്ദമായ അന്തരീക്ഷം. അകത്തെ, വിളക്കുവയ്ക്കുന്ന മച്ചില്‍ ആഴ്ചകള്‍ക്കുമുന്‍പ് പാമ്പിനെ ''സ്വര്‍ണ്ണ നൂല്‍പോലെ മിന്നുന്ന'' പാമ്പിനെ കണ്ടതിലെ ദോഷവും അതിനുവേണ്ട പരിഹാരവും കണ്ടെത്താന്‍, പ്രശ്‌നം വച്ചുകണ്ടെത്താനുള്ളതാണ് ഈ കുടുംബ സദസ്സ്. പ്രശ്‌നം വയ്ക്കുന്ന ജ്യോതിഷി കാവിയിട്ട നിലത്ത് കവിടി നിരത്തി തയ്യാറായിരിപ്പാണ്. കഴിഞ്ഞതിന്റെ തലേക്കൊല്ലം പാടത്തുകൂടെ ഇരുട്ടത്ത് വരുമ്പോള്‍ വിഷം തീണ്ടി ഏടത്തിയുടെ 16 വയസ്സുകാരന്‍ മകന്‍ മരിച്ചിരുന്നു. സര്‍പ്പദേവകളുടെ കോപം തീര്‍ക്കാന്‍ പാമ്പ്.
മേയ്ക്കാട്ട് മനസന്ദര്‍ശനവും വിപുലമായ പാമ്പന്‍ തുള്ളലും പരിഹാരമായി നിര്‍ദ്ദേശിച്ചിരുന്ന അതേ പ്രശ്‌നക്കാരന്‍ തന്നെയാണ് കവിടി നിരത്തി ഇരുന്നിരുന്നത്. എല്ലാവര്‍ക്കും ചിരപരിചിതനായ അദ്ദേഹം
''ആ, ഇവിടെയുണ്ടോ. എന്നേ വന്ന്'' എന്ന കുശലാന്വേഷണവുമായി അടുത്തു വന്നു.
''ഇത്തവണയും തുള്ളല്‍തന്നെയാണോ പരിഹാരം?'' ഒരു ചിരിയോടെയാണ് ഞാന്‍ ചോദിച്ചത്. കുറച്ച് ഫോട്ടൊ എടുക്കണം. ഇക്കാലത്ത് ഇത്തരം ഫോട്ടോകള്‍ക്ക് നല്ല ചെലവാ''.

''അങ്ങനെ തമാശയാക്കരുത്. സര്‍പ്പത്തെ മച്ചിലാകണ്ടിരിക്കണ്. കളി സൂക്ഷിച്ചുവേണം''
''ആരോട് കളിക്കുന്നതും സൂക്ഷിച്ചുവേണ്ടേ? പട്ടിയോടും പൂച്ചയോടും പുലിയോടും ആനയോടും. . . ''
തൊട്ടടുത്ത്, പൂണൂലും പൊന്നുകെട്ടിയ രുദ്രക്ഷമാലയും സ്വര്‍ണ്ണവളയുമൊക്കെയായി ഭവ്യതയില്‍ നിന്നിരുന്ന സ്ഥിരം പൂജാരി നമ്പൂതിപ്പാടിനും ബന്ധുജനങ്ങള്‍ക്കും തമാശ ബോധിച്ചില്ല. എല്ലാവരുടേയും മുഖം ഒപ്പം കറുത്തു. ഇത്തരം പലവിധത്തിലുള്ള മുഖം കറുക്കലുകളെ എതിരിട്ടാണ് ഇത്രയും കാലം ജീവിച്ചത്. അതിനാല്‍ ഒട്ടും വിഷമം തോന്നിയില്ല. പ്രശ്‌നക്കാരന്‍ കവിടിയിലേക്ക് തന്നെ മടങ്ങി.
വിശദമായ പുനപ്രതിഷ്ഠയും കാവ് പുനോദ്ധാരണവും വേണ്ടിവരുമെന്ന് നമ്പൂതിരിപ്പാട് മുന്നേത്തന്നെ പരോക്ഷമായി സൂചിപ്പിച്ചിരുന്നു. തുള്ളല്‍ തൃപ്തിയായിട്ടില്ല എന്നതിന് ദൃഷ്ടാന്തമാണ് മച്ചില്‍ പ്രത്യക്ഷപ്പെട്ടത്''
പക്ഷെ കഴിഞ്ഞ വര്‍ഷം പ്രശ്‌നം വച്ച് നിര്‍ദ്ദേശിച്ചതൊക്കെ വലിയമ്മ വള്ളി-പുള്ളി വിടാതെ ചെയ്തൂലൊ? ഇവരന്നെയല്ലെ അന്നും ഉണ്ടായിരുന്ന്. ഇനി ഇത്തവണ ഇവര് പറയണതൊക്കെ ചെയ്താല്‍ നമ്മളെയാരും അടുത്ത ഒരു അഞ്ചുകൊല്ലത്തെക്കെങ്കിലും പാമ്പ് കടിക്കില്ലെന്ന് ഇവര്‍ക്കുറപ്പ് തരാന്‍ പറ്റ്വോ. മിനിമം ഗ്യാരന്റി? പൂജ- പ്രശ്‌നക്കാര്‍ക്കായാലും ഫ്രിഡ്ജ് വില്‍ക്കുന്നവര്‍ക്കായാലും അക്കൗണ്ടബിലിറ്റിവേണ്ടേ വലിയമ്മേ?
വലിയമ്മ എന്റെ വായ പൊത്തിപ്പിടിച്ചു.

''ദൈവദോഷം പറഞ്ഞാലുണ്ടല്ലൊ. നീമാത്രമല്ല, ഞങ്ങള്‍ക്കും അനുഭവിക്കണ്ടിവരും. കാവ് എല്ലാവരുടേം ആണ്''
''എന്നിട്ട് ആ മാഹാപാവം വിനുവിനെ എന്തിനേ നിങ്ങടെ ദൈവം കടിച്ചു കൊന്നത്? എന്ത് തെറ്റാ അവന്‍ ചെയ്തത്? എന്ത് തെറ്റാ നമ്മള് ചെയ്തത്? നമ്മുടെ കറുമ്പി പൂച്ചയെ മച്ചില് കണ്ടാല്‍ ഇങ്ങനെ പൂജകഴിക്കാറുണ്ടൊ? സര്‍പ്പങ്ങളെന്താ അവരെ പൂജിക്കാത്ത അന്യമതസ്ഥരെ തുരുതുരാന്ന് കടിച്ചുകൊന്ന് അവരെ ഒരു പാഠം പഠിപ്പിക്കാത്തത്? പാമ്പിനെ കൊന്നുതിന്നുകയും തൊലിപൊളിച്ചെടുക്കുകയും ചെയ്യുന്നവരെ സര്‍പ്പങ്ങളെന്താ ഒന്നും ചെയ്യാത്തത്? ഒരു ചങ്ങളത്തലപ്പത്ത് ജീവിതം മുഴുവന്‍ നമുക്കായ് അര്‍പ്പിച്ച നമ്മുടെ വീടിന് ഇരുപത്തിനാല് മണിക്കൂറും കാവല്‍ നില്‍ക്കുന്ന നായ്ക്കള്‍ക്കുവേണ്ടേ പൂജയും അമ്പലവുമൊന്നും? ഒരൊറ്റക്കാശ് ഞാനിതിനുതരില്ല. വിഢിത്തം ചെയ്യുന്നതിനുമില്ലെ അതിര്? ഇതിനുള്ളതല്ല ഞാന്‍ പണിപ്പെട്ടുണ്ടാക്കുന്ന കാശ്. ഇവര് പറയുന്ന ഇളനീരും പഴവും അവിലും മലരും ഒക്കെ വാങ്ങി നമ്മുടെ ബാലമന്ദിരത്തില്‍ കൊടുക്കൂ. സദ്യയും അവിടെമതി. ഞാനയക്കാം കാശ്''

എപ്പോഴൊക്കെയോ ആരോടൊക്കെയോ തോന്നിയിരുന്ന ദേഷ്യം തീര്‍ക്കാനെന്ന പോലെ ഞാന്‍ ആവേശം കൊണ്ടിരുന്നു. മച്ച് പുരാണം തുടങ്ങിയ അന്നുമുതല്‍ തുടങ്ങിയതാണ് ശല്യം. വലിയമ്മ 'പടാ' എന്ന് ഫോണ്‍ താഴെവച്ചു. എനിക്ക് സന്തോഷമായി.
എന്റെ ഗ്രാമത്തില്‍ നിന്ന് ദേശത്തെ ആനയുടെ നെറ്റിപ്പട്ടം സ്വര്‍ണ്ണം പൂശാനുള്ള സ്‌പോണ്‍സര്‍ഷിപ്പിനാവശ്യപ്പെട്ട് വന്ന ചെറുപ്പക്കാരുടെ മുഖത്ത് നോക്കി ഞാന്‍ അന്തം വിട്ടു നിന്നിട്ടുണ്ട്. ദൈവത്തെ പ്രീതിപ്പെടുത്തി പുണ്യം ഉറപ്പാക്കുന്ന ആരാധനാ ക്രമങ്ങളില്‍ പാവം മൃഗങ്ങളെ എന്തിനുപദ്രവിക്കുന്നു എന്ന ചോദ്യത്തിന് ആരും അന്നുത്തരം പറഞ്ഞില്ല. ആനകള്‍ക്ക് അസഹ്യവും അഹിതവുമായ നട്ടപ്പൊരി വെയിലത്ത് കൈയ്യും കാലും കൂച്ചി കൊക്കിത്തലപ്പത്ത് മണിക്കൂറുകളോളം തളച്ച് മാനസികമായും ശാരീരികമായും അവയെ കൊല്ലാക്കൊലചെയ്യുന്നത് ദൈവാരാധനയുടെ പേരിലാണ്! താളവും മേളവും വേലയുടെ പകിട്ടും പരിപാടികളുമാണ് ആസ്വാദ്യമെങ്കില്‍ എന്തിനാണ് ജീവനുള്ള ആന അവിടെ? മാഹാരാഷ്ട്രയിലെ നാഗ്പഞ്ചമിദിവസം ആയിരക്കണക്കിന് പാമ്പുകളുടെ ദുരിതാരംഭമാണ്. പാവം പാമ്പുകളെ പിടിച്ച് നാഗ്പഞ്ചമിദിവസം, അത് ഒരിക്കലും കുടിക്കാത്ത പാല് (പാല് പാമ്പിന്റെ ഭക്ഷണമല്ല) വഴിപാടെന്ന നിലയ്ക്ക് അതിന്റെ പൊളിപ്പിച്ച വായിലേക്കൊഴിച്ച് (പലപ്പോഴും ആ പാല് പാമ്പിന്റെ മൂക്കില്‍ പോയി പാമ്പ് ചാവാറാണ് പതിവ്) പുണ്യം നേടാനാഗ്രഹിക്കുന്നവരുടെ അറിവുകേടിനോട് പ്രതികരിച്ചാല്‍ അത് ദൈവവിരോധവും മതവിരോധവും ഒക്കെയായി മാറുന്ന ഇക്കാലത്ത് ഇവയെ തള്ളിപ്പറയുക വെല്ലുവിളികള്‍ ഏറ്റെടുക്കലാകുന്നു. പരശ്ശതം ആടുകളെ ബലികൊടുക്കുന്ന ബലിപ്പെരുന്നാളില്‍ എം.എ. യ്ക്ക് പഠിക്കുന്ന നഫീസ പറയുന്നു. ഇല്ല ചേച്ചീ, ദൈവത്തിനുള്ള ബലിമൃഗമായാല്‍ കൊല്ലുമ്പോള്‍ അവയ്ക്ക് വേദനിക്കില്ലെന്ന്! പാമ്പിന്‍കാവിനെക്കുറിച്ചു പറയുമ്പോള്‍ വലിയമ്മയുടെ മുഖത്തുകണ്ട അതേ വിശ്വാസം നഫീസയുടെ മുഖത്ത്. ''എന്തുരസാ മഹാഭാരതത്തിലെ കഥകള്‍'' ജിജി വര്‍ഗ്ഗീസ് പറയുന്നു. '' പക്ഷെ സുവിശേഷപുസ്തകമല്ലാതെ മറ്റുമത ഗ്രന്ഥങ്ങള്‍ വായിക്കരുതെന്നാണ് ഞങ്ങള്‍ക്കുള്ള കല്പന''.

ആരുടെ എന്ന് ചോദിച്ചിട്ടുകാര്യമില്ല 12 ഇളനീര്‍ പൂജക്ക് വേണമെന്ന 'തിരുമേനി'യുടെ കുറിപ്പടിപ്രകാരം, തെങ്ങുകേറാന്‍ ആളെകിട്ടാത്തതിനാല്‍ അരക്കുപ്പി വിസ്‌കി ഓഫര്‍ ചെയ്ത് ഒരു ദിവസം കളഞ്ഞ് അകലെയുള്ള തെങ്ങുകേറ്റക്കാരനെ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന് ഇളനീര്‍ 12 ഉം സംഘടിപ്പിച്ച് തൃപ്തിയടഞ്ഞ ശാസ്ത്രജ്ഞന്റെ മുഖത്തെ പാരവശ്യവും അങ്കലാപ്പും ഇന്ന് കേരളത്തിന്റെ പാരവശ്യവും അങ്കലാപ്പുമാണ്. ഭക്തി ഒരു രോഗമായി വളരുകയാണിന്ന് കേരളത്തില്‍. പുനരോദ്ധാരണവും പുനപ്രതിഷ്ഠയും പൂജാവിധികളുമൊക്കെ 'സംശുദ്ധ' കച്ചവമാണ്. ഒരു ദൈവവും മുന്നില്‍ വന്ന് നിന്ന് നേരിട്ട് തിരിച്ചൊന്നും പറയില്ലെന്നിരിക്കെ (ദൈവങ്ങളില്‍ സര്‍പ്പങ്ങളും പെടും) ഏറ്റവും സുരക്ഷിതവുമാണീ കച്ചവടം. എന്താണീ ആചാരങ്ങള്‍ക്കടിസ്ഥാനം എന്ന് ചോദിക്കാന്‍, ഏത് വേദ പുരാണങ്ങള്‍ പറയുന്നു എന്ന് ചോദിക്കാന്‍ തുനിഞ്ഞാല്‍, അത്തരക്കാരെ നിലക്കുനിര്‍ത്താന്‍ സ്ഥാപിതമത താല്പര്യങ്ങളുടെ ചാട്ടവാറുകളുണ്ട്. അറിവിന്റെ അടിസ്ഥാനമില്ലാത്ത, ആലോചനയൊ വിശകലനമൊ ഇല്ലാത്ത മനുഷ്യ മനസ്സിലെ പ്രതിസന്ധികളെ, ജീവിത സാഹചര്യങ്ങളെ നേരിടാനുള്ള സാമൂഹ്യ സംവാദങ്ങളില്ലാത്ത പൊതു ഇടങ്ങളിലാണ് ആള്‍ ദൈവങ്ങളും ഭക്തിക്കച്ചവടവുമൊക്കെ ഇരച്ചുകയറുന്നത്.

മതഗ്രന്ഥങ്ങളായി നാം ഇന്ന് ബഹുമാനിക്കുന്നവയെല്ലാം തന്നെ ധര്‍മ്മത്തേയും പൊതു നന്മയേയും അടിസ്ഥാനമാക്കി ജീവിക്കേണ്ടതെങ്ങനെയെന്ന് ഉദ്‌ഘോഷിക്കുന്ന തത്വചിന്താ സംഹിതകളാണ്. വേദപുരാണങ്ങളുടെ മൂലത്തിലേക്ക്, സ്ഥാപിത താല്‍പര്യങ്ങള്‍ വളച്ചൊടിച്ച വ്യാഖ്യാനങ്ങളിലേക്കല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക, കടന്നാല്‍ സഹിഷ്ണുതയുടേയും സമവായത്തിന്റേയും ''ലോക സമസ്താ സുഖിനോ ഭവന്തു'' എന്ന അതി വിശാല സങ്കല്പത്തിന്റേയും ആകത്തുകകള്‍ ഒരു തെളിനീരുറവപോലെ നമ്മുടെ മനസ്സിനെ തണുപ്പിക്കുന്നത് കാണാം. ഈ അവസരത്തില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. നാം മതതത്വസംഹിതകള്‍ പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും ഏതു പ്രായത്തിലാണ്? റിട്ടയര്‍മെന്റിനു ശേഷം പ്രത്യേകിച്ച് തിരക്കുകളില്ലാത്തപ്പോള്‍ ഒരു ''ടൈം-പാസ്'' പോലെ മനസ്സിലാക്കേണ്ടതാണോ ഈ തത്വ ചിന്തകള്‍? എല്ലാമറിയുന്ന ദൈവങ്ങള്‍ മള്‍ട്ടി-ലിഗ്വല്‍ ആകാതെ വയ്യ. സ്പാനിഷ് കാരനും റഷ്യക്കാരനും മലയാളിയും മേഘാലയക്കാരനും പലഭാഷകളിലാവുമല്ലൊ ഈശോമിശിഹായോട് സംസാരിക്കുന്നത്. എന്തിനാണ് നമുക്കും നമ്മുടെ ദൈവത്തിനുമിടയില്‍ ഒരു ദല്ലാള്‍? നമ്മള്‍ പൂജിച്ചാല്‍ പറ്റില്ലെന്നൊ നമ്മള്‍ പ്രാര്‍ത്ഥിച്ചാല്‍ ഏല്‍ക്കില്ലെന്നോ ദൈവം നമ്മോട് പറഞ്ഞിട്ടുണ്ടൊ? ഇതറിയണമെങ്കില്‍ മതഗ്രന്ഥങ്ങളില്‍ എന്തെഴുതിയിരിക്കുന്നു എന്ന് നാം മനസ്സിലാക്കേണ്ടേ? അതിനാല്‍ തന്നെ ഇവ കുട്ടിക്കാലം മുതലേ സ്‌കൂളുകളില്‍ പാഠ്യവിഷയമാകേണ്ടേ? ദുര്‍വ്യാഖ്യാനങ്ങളില്‍ നിന്നും സ്ഥാപിത താല്‍പര്യങ്ങളുടെ കെട്ടുകഥകളില്‍ നിന്നും ദൈവത്തെ മോചിപ്പിക്കാന്‍ നമ്മുടെ മതഗ്രന്ഥങ്ങള്‍ അതീവ സമര്‍ത്ഥമാണ്. മതഗ്രന്ഥങ്ങള്‍ വായിക്കുന്നതും പഠിക്കുന്നതും കൊണ്ടല്ല, മറിച്ച് അവ യാഥാര്‍ത്ഥത്തിലുള്ള ഒരു ഗുരുവിന്റെ സഹായത്തോടെ വായിച്ച് മനസ്സിലാക്കാത്തതുകൊണ്ടാണ് മനുഷ്യര്‍ക്കിടയില്‍ ഇത്രയധികം സ്പര്‍ദ്ധയും മതവിരോധങ്ങളും അനാചാരങ്ങളും ഭക്തിക്കച്ചവടവും ഉടലെടുക്കുന്നത്. വേദസംഹിതകള്‍ സ്വാംശീകരിച്ച ഒരാള്‍ പാമ്പിന്‍ കാവിലെ പ്രതിഷ്ഠാ പീഠത്തിന് ഗ്രാനൈറ്റ് കല്ല് വേണമെന്ന് ശഠിക്കില്ല. പുനരോദ്ധാരണപ്പിരിവ്‌മേളയില്‍ പങ്കെടുക്കില്ല. 12 ഇളനീരിനുവേണ്ടി, 'തിരുമേനി' കല്പന അനുസരിക്കാന്‍ നെട്ടോട്ടമോടില്ല. അമ്പലങ്ങളേയും പള്ളികളേയും സ്വര്‍ണ്ണം പൂശില്ല. ദൈവത്തിന് ചെകിടുകേള്‍ക്കാത്ത പോലെ, മനുഷ്യരെ മുഴുവന്‍ ഉപദ്രവിച്ചുകൊണ്ട് ആരാധനാലയങ്ങളില്‍ ലൗഡ് സ്പീക്കര്‍ വയ്ക്കില്ല. ഈ കാട്ടി കൂട്ടലുകളെല്ലാം തികഞ്ഞ അജ്ഞതയില്‍ നിന്നോ, അടക്കാനാവാത്ത പാപബോധത്തില്‍ നിന്നൊ ഉടലെടുക്കുന്നവയാണ്. കാറ്റിനേയും പര്‍വ്വതങ്ങളേയും നദികളേയും സസ്യങ്ങളേയും മൃഗങ്ങളേയും അതായത് പ്രകൃതിയെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്ത ഒരു മഹത് തത്വചിന്ത പിന്‍പറ്റുന്നവര്‍ ചെയ്യേണ്ടത് ഒരു തിരിച്ചു നടക്കലാണ്. ദൈവം ഉള്ളില്‍ ഇല്ലാത്തവരാണ് പുറമേ ദൈവത്തെ അന്വേഷിച്ചു നടക്കുന്നത്. മര്യാദയ്ക്ക് ജീവിക്കുന്നവന് ധാരയും വിളക്കും മാലയും പൂജയും വേണ്ട. അത്ഭുതം അതല്ല ഭക്തരായ നിങ്ങള്‍ തന്നെയല്ലെ പറഞ്ഞത് ദൈവത്തിന് നിങ്ങളുടെ മനസ്സ്, പ്രവൃത്തി എല്ലാം കാണാമെന്ന്? അദ്ദേഹത്തോട് എന്ത് വേണമെന്ന് അപേക്ഷിച്ചാണ് നിങ്ങള്‍ മുന്നില്‍ നില്‍ക്കുന്നത്? ആനയുടെ നെറ്റിപ്പടത്തിന് സ്വര്‍ണ്ണം പൂശി, എന്ത് തെളിയിക്കാനാണ് നിങ്ങള്‍ ഒരുങ്ങുന്നത്? ദൈവത്തെ തീരെ പേടിയില്ലാത്തതുകൊണ്ടാണ് ഞാന്‍ ഇത്രയും എഴുതിയത്? ദൈവത്തിനു നിരക്കാത്തത് ചെയ്യുന്നവര്‍ക്കാണ് പശ്ചാത്താപരൂപത്തിലൊ മുന്‍കൂര്‍ ജാമ്യമായോ വഴിപാടുകളുടെ രൂപത്തിലുള്ള പണം ദുര്‍വ്യയം ചെയ്യുന്ന കാട്ടിക്കൂട്ടലുകള്‍ നടത്തേണ്ടിവരുന്നത്. സ്വന്തം പ്രവൃത്തികളെ പൊതുവായ നന്മ-തിന്മാ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ട് സ്വയം പരിശോധിക്കാന്‍ തെര്യപ്പെടുത്തുന്ന ഉദാത്തമായ പ്രയോജനപ്രദമായ തത്വചിന്താപരമായ ഒരു സങ്കല്പമാണ് എന്നെ സംബന്ധിച്ചിടത്തോളം ദൈവം.

ദൈവത്തെ പണത്തിലൂടെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നതിലെ വിരോധാഭാസം മതി ദൈവ ഗ്രന്ഥങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. അവനവനുവേണ്ടി മറ്റൊരാള്‍ പൂജിക്കുന്നതിലെ പ്രാര്‍ത്ഥിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടുന്നവയാണ് നമ്മുടെ മതഗ്രന്ഥങ്ങളെല്ലാം. എന്നിട്ടും ആരാധിക്കുന്ന ദൈവത്തെ തീണ്ടാപ്പാടകലെ നിന്ന് മാത്രമേ ദര്‍ശിക്കാവൂ എന്ന് ആചാരം വരെ നമ്മളുണ്ടാക്കി!
ദൈവം ഒരു ദിവസം മുന്നില്‍ വന്നുനിന്ന് ''ഞാന്‍ പറഞ്ഞപോലെയാണോ നിങ്ങള്‍ ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും'' എന്നു ചോദിച്ചാല്‍ നമ്മുടെയിടയില്‍ എത്ര പേര്‍ക്ക് ദൈവത്തിനു നേര്‍ക്ക് പേടിയില്ലാതെ നോക്കാന്‍ കഴിയും? പുനപ്രതിഷ്ഠ, പുരുദ്ധാരണം, ദക്ഷിണ, വഴിപാട് തുടങ്ങിയവയ്ക്കായി ചെലവിടുന്ന പണത്തിന്റെ പത്തിലൊന്നെങ്കിലും അതാതു സ്ഥലത്തെ ദുരിത നിവാരണ പ്രവര്‍ത്തികള്‍ക്കായി ഉപയോഗിക്കുന്നെങ്കില്‍ ദൈവം നമ്മോട് ക്ഷമിച്ചേനെ. അല്ലെങ്കില്‍ അടുത്തുതന്നെ ധൂര്‍ത്തെന്ന അശ്ലീലത്തിനെതിരെ അദ്ദേഹം മൂന്നാം കണ്ണ് തുറക്കാനിട.
. . . .ധര്‍മ്മ സംസ്ഥാപനര്‍ത്ഥായ . . . സംഭവാമിയുഗേയുഗേ എന്നല്ലേ പറഞ്ഞിരിക്കുന്നത്.

21 comments:

  1. പാമ്പിനെ കൊന്നുതിന്നുകയും തൊലിപൊളിച്ചെടുക്കുകയും ചെയ്യുന്നവരെ സര്‍പ്പങ്ങളെന്താ ഒന്നും ചെയ്യാത്തത്?

    ഇടയ്ക്കുവെച്ച് അല്പം ഒന്ന് പുറകോട്ടു നിന്ന അന്ധവിശ്വാസങ്ങള്‍ ഇപ്പോള്‍ കൂടിക്കൂടി വരുന്നതായിട്ടാണ്‌ കാണുന്നത്. എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം ഇന്ന് മനുഷ്യനില്‍ സംഭവിക്കുന്ന രോഗങ്ങള്‍ക്ക് വൈദ്യശാസ്ത്രം പോലും കണ്ണുമിഴിക്കുമ്പോള്‍ അല്ലെങ്കില്‍ ചികില്‍സിക്കാന്‍ കഴിയാത്ത ചിലവ് വരുന്ന സാമ്പത്തിക ചുറ്റുപാടുകള്‍ പലരേയും ഒരു പരീക്ഷണം എന്ന രീതിയില്‍ ഇവിടേക്ക് തള്ളിവിടുന്നില്ലേ എന്നാണ്. അത്തരത്തില്‍ എത്തിപ്പെടുന്നവരെ സ്വര്‍ണ്ണക്കല്ലുകളിലും സ്വര്‍ണ്ണനെറ്റിപ്പട്ടങ്ങളിലും തളച്ചിടാന്‍ ഒരു കൂട്ടം എന്നും ജാഗരൂകരാണ്.
    വളരെ നല്ല ലേഖനം.
    പാമ്പ്‌ മേക്കാട്ട് അടുത്താണ് ഞാന്‍.

    ReplyDelete
  2. വായിച്ചതെല്ലാം പലപ്പോഴായി എനിക്ക് തോന്നുന്ന സംശയങ്ങളാണ്,,, വിശ്വാസികൾക്ക് മാത്രമാണല്ലൊ പൂജയും പ്രായശ്ചിത്തവും!

    ReplyDelete
  3. മാനസി കളി ദൈവത്തോട് വേണ്ട...
    ഇങ്ങനെ പറഞു പഠിപ്പിച്ചു നാം ഒക്കെ വളര്‍ന്നു
    വന്നു..നിലവില്‍ ഉള്ളതിനെ ചോദ്യം ചെയ്യ്ന്നവര്‍
    എല്ലാം ധിക്കാരികള്‍ ആയി...വിശ്വാസം അതല്ലേ
    എല്ലാം..പക്ഷെ അന്ധമായതോ കണ്ണ് തുറന്നു
    പിടിച്ചുള്ളതോ എന്നതു ആണ്‌ പ്രശ്നം...

    വളരെ നല്ല ലേഖനം..വളരെ അധികം എഴുതാന്‍
    ഉണ്ട് അഭിപ്രായം..പക്ഷെ കാര്യം ഇല്ല..എല്ലാം ഇങ്ങനെ
    തന്നെ പോവും..അതാണ്‌ നമ്മുടെ നാട്...ഈ
    ചിന്തകള്‍ക്ക് അഭിനന്ദനം മാനസി...
    ഓ.ടി.ബ്ലോഗ് വായനാ mail inboxil ഒതുക്കിയത്
    കൊണ്ടു മാനസിയുടെ കഥകള്‍ ഒന്നും വായിക്കാറില്ല
    പുതിയ പോസ്റ്റ്‌ ഒന്ന് മെയില്‍ ചെയ്‌താല്‍ ഒത്തിരി
    സന്തോഷം...എന്‍റെ ഇഷ്ട വായന ആണ്‌ അവിടം..അത്
    കൊണ്ടു ഒരു ആഗ്രഹം.. പറഞ്ഞു എന്ന് മാത്രം..

    ReplyDelete
  4. കേരളത്തില്‍ ഭക്തി ഒരു രോഗമായി മാറിയിരിക്കുന്നു...വളരെ ശരിയായി പറഞ്ഞു.

    ReplyDelete
  5. മതഗ്രന്ഥങ്ങളായി നാം ഇന്ന് ബഹുമാനിക്കുന്നവയെല്ലാം തന്നെ ധര്‍മ്മത്തേയും പൊതു നന്മയേയും അടിസ്ഥാനമാക്കി ജീവിക്കേണ്ടതെങ്ങനെയെന്ന് ഉദ്‌ഘോഷിക്കുന്ന തത്വചിന്താ സംഹിതകളാണ്. വേദപുരാണങ്ങളുടെ മൂലത്തിലേക്ക്, സ്ഥാപിത താല്‍പര്യങ്ങള്‍ വളച്ചൊടിച്ച വ്യാഖ്യാനങ്ങളിലേക്കല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഇക്കാര്യം വ്യക്തമായി മനസ്സിലാക്കാത്തതാണ് ഈ സംഭവങ്ങളുടെ കാതല്‍ .

    ReplyDelete
  6. വളരെ നല്ല ചിന്ത, നന്നായി എഴുതിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ കുറ്റബോധത്തില്‍ നിന്നാണോ ദൈവപ്രീതിക്കായുള്ള ഈ പ്രകടനങ്ങള്‍ ഉണ്ടാവുന്നത്? എനിക്ക് തോന്നുന്നത് കാലഹരണപ്പെട്ട മതഗ്രന്ഥങ്ങളും ആചാരനുഷ്ടാനങ്ങളും ഒരു വിശ്വസിയോട് അത് ആവശ്യപെടുന്നുണ്ട് എന്നാണ്. ദൈവത്തിനും ആചാരങ്ങള്‍ക്കും പരിണാമം ആവശ്യമാണ്‌.

    ReplyDelete
  7. ധര്‍മ്മ സംസ്ഥാപനര്‍ത്ഥായ....
    ഒരു ദീര്‍ഘം ...നാ... ആണ് ശരി..ക്ഷമിക്കുക.
    പാമ്പും സര്‍പ്പക്കുളവും..സര്‍പ്പക്കാടും ഒക്കെ അന്ധവിശ്വാസത്തിന്‍റ മറയില്ലാതെ സംരക്ഷിക്കുകയാണെങ്കില്‍ നമ്മുടെ ആവാസ വ്യവസ്ഥയെ അത് ഒരുപാടു ഗുണം ചെയ്യും എന്നാണെന്‍റ പക്ഷം.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. ഭക്തിയുടെ പേരില്‍ മാത്രമല്ല ധൂര്‍ത്തും ധാരാളിത്തവും കെട്ടു കാഴ്ചകളുടെ ആഘോഷങ്ങളും..
    അത് സമസ്ത മണ്ഡലങ്ങളിലും ഉണ്ട്....
    ഒരു നേരംപോലും ഭക്ഷണം കഴിക്കാന്‍ വകയില്ലാത്തവര്‍ ഉള്ള നാട്ടില്‍ നാല് നേരം ഭക്ഷണം കഴിക്കുന്നതും , ഒരു വസ്ത്രം പോലും ധരിക്കാന്‍ ഇല്ലാത്ത മനുഷ്യര്‍ ഉള്ളിത്ത് നാലും അതിലേറെയും വസ്ത്രം അണിഞ്ഞു നടക്കുന്നതും ഒക്കെ ഈ ചിന്തയുടെ പരിധിയില്‍ വരും .
    നമ്മള് പലപ്പോഴും വിശപ്പ്‌ തീരാന്‍ മാത്രമല്ല ഭക്ഷണം കഴിക്കുന്നത്‌. അതെത്ര രുചിയോടെ, ആര്‍ഭാടമായി വേണമെന്നും കൂടി നമ്മള്‍ക്ക് നിര്‍ബന്ധമുണ്ട്.
    ഒരു പ്രദേശത്തെ മുഴുവന്‍ ജനതയുടെയും പാര്‍പ്പിട പ്രശ്നങ്ങള്‍ പരിശോദിച്ചിട്ടാണോ നമ്മള് സ്വന്തം വീട് വെക്കാരുള്ളത്...?
    സ്വന്തം വിഷയത്തില്‍ നമ്മളെല്ലാം എത്ര മാത്രം ഈ മൂല്യങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സ്വയം വിചാരണ നടത്തണം....
    മതവും രാഷ്ട്രീയവും കുറച്ച് ചാഞ്ഞിരിക്കുന്നു എന്ന് കരുതി എല്ലാവരും അങ്ങോട്ട്‌ മാത്രം പാഞ്ഞു കയറരുത്...
    ഞാന്‍ രാഷ്ട്രീയത്തിലും മതത്തിലും വിശ്വാസിക്കുന്ന ഒരാളാണ്
    രണ്ടിലും ധാര്‍മ്മീകത വേണമെന്ന് നിര്‍ബന്ധമുള്ളവനും ...
    അന്ധ വിശ്വാസങ്ങളെയും അടിസ്ഥാന രഹിത ആചാരങ്ങളെയും എതിര്‍ക്കുന്നവനും...
    കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ വിശ്വസിക്കുന്നു എന്നത് കൊണ്ടു യുക്തി വാദം ഫാഷനായി ഞാന്‍ കൊണ്ടു നടക്കാറില്ല...
    മത വിശ്വാസങ്ങളെ നെറ്റിയില്‍ ഒട്ടിച്ചു വെക്കാറുമില്ല...
    ബ്ലോഗിലെ വികാരങ്ങളോട് കൂറില്ല..
    എഴുത്തിന്റെ രീതിയോടും അവതരണത്തോടും ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്നു

    ReplyDelete
  10. ചിലര്‍ക്ക് അന്ധവിശ്വാസമായി തോന്നുന്നകാര്യം മറ്റു ചിലരുടെ വിശ്വാസം ആണ് ....!
    ദൈവത്തിനോട് നേരിട്ട് പറയുന്നതിന് പകരം മീടിയേറ്ററിനെ വയ്ക്കുന്ന കാലമാണ്
    മാനസി ഇത്...!
    അതില്‍ ആരെയും തെറ്റുപറയാന്‍ പറ്റില്ല , ഓരോടോ വിശ്വാസങ്ങള്‍ ആണ് ...ഒരാള്‍ ചിന്തിക്കുന്നതാവില്ല അടുത്ത ആള്‍ ചിന്തിക്കുക ....!!
    പ്രതികരിക്കുന്നവര്‍ നിഷേധികളായി മുദ്രകുത്തപ്പെടുന്നു ....!
    ഒന്നും കണ്ടില്ലാ കേട്ടില്ലാ ഞാന്‍ ഈ നാട്ടുകാരനേ അല്ല എന്ന നിലപാട് ആണേല്‍
    കുഴപ്പമില്ല ....!
    ഇത് എന്റെ കാഴ്ച്ചപ്പാട് ആണ് ട്ടോ ...!!
    വളരെ നല്ല ലേഖനം..!!

    ReplyDelete
  11. വീക്ഷണം വളരെ മുകളില്‍നിന്നകുമ്പോള്‍ കാണുന്നതെല്ലാം വളരെ ചെറുതായി തോന്നും ..
    അടുത്തുനിന്നു നോക്കുമ്പോള്‍ സുവയ്കതമായി കാണാം ..
    ഇത്തരം വിശ്വസങ്ങളിലെല്ലാം ഒളിപ്പിച്ചു വെച്ച ചില നന്മകള്‍ ഉണ്ട് .. അത് കൂടെ കാണാന്‍ ശ്രമിക്കാം.
    വിശ്വാസങ്ങള്‍ അന്ധമാവതിരുന്നാല്‍ മതി ...സമൂഹത്തിനു കേടില്ലാത്തതും ...
    നന്ദി

    ReplyDelete
  12. ഓരോരുത്തര്‍ക്ക് അവരവരുടെ വിശ്വാസം ആകും വലുത് ..ഇന്ന് വിശ്വാസം കപടമായി വളര്‍ന്നു വരുന്നത് ഒരു പരിതി വരെ ശെരിയാണ്‌ ..വീക്ഷണം നന്ന് ...പക്ഷെ എല്ലാരേയും ഒന്നടങ്കം അതില്‍ ഉള്പെടുത്താനവില്ല

    ReplyDelete
  13. ക്ഷേത്രത്തിൽ പോകാനോ പൂജയിൽ പങ്കെടുക്കാനോ വിശ്വാസിയായിരിക്കണമെന്നൊന്നുമില്ല. ശരീരശാസ്ത്രത്തെക്കുറിച്ച് അറിവില്ലാത്തവരായിരുന്നാലും മരുന്ന് കഴിച്ചാൽ ഫലിക്കും എന്നപോലെ അത് പ്രവർത്തിച്ചുകൊള്ളും. ക്ഷേത്രവും പൂജകളും തികച്ചും ശാസ്ത്രീയമാണ്‌. (ഉച്ചഭാഷിണി ഇതിനൊരപവാദമാണ്‌...).

    ഈശ്വരൻ ആരാധനാലയത്തിലുണ്ടാവാം ദരിദ്രർക്കിടയിലുണ്ടാവാം കുട്ടികളിലുണ്ടാവാം... ഈശ്വരൻ എന്ന ആശയത്തിന്‌ ക്ഷേത്രവുമായി പ്രത്യേകിച്ചൊരു ബന്ധവുമില്ല. എവിടെ ദൈവത്തെ കാണാൻ കഴിയുന്നുവോ അവിടമാണ്‌ അവന്റെ ദേവാലയം.

    "വേദസംഹിതകള്‍ സ്വാംശീകരിച്ച ഒരാള്‍ പാമ്പിന്‍ കാവിലെ പ്രതിഷ്ഠാ പീഠത്തിന് ഗ്രാനൈറ്റ് കല്ല് വേണമെന്ന് ശഠിക്കില്ല."
    ഇത് ഒരു ഉദാഹരണം മാത്രം. ആചാരവും അനാചാരവും കെട്ടുപിണഞ്ഞുകിടക്കുന്നു. കല്ല് എന്നത് ഗ്രാനൈറ്റ് കല്ല് എന്നായതുപോലെ സാമൂഹികമായ പല തിന്മകളും ആചാരമായി കൂടെക്കൂട്ടിയിട്ടുണ്ട്.
    എല്ലാം തെറ്റായവിശ്വാസമാണെന്ന് വിചാരിക്കുന്നില്ല.

    “അന്യർക്കുവേണ്ടി പ്രാർത്ഥിക്കരുത്. അന്യരായി കരുതപ്പെടാത്തവർക്കുവേണ്ടി പ്രാർത്ഥിക്കാം. മനസ്സടുപ്പമുള്ളവർക്കുവേണ്ടി നടത്തുന്ന പ്രാർത്ഥനകൾ തീർച്ചയായും ഫലപ്രാപ്തിയിലെത്തും. എന്തുകൊണ്ടെന്നാൽ അവരുടെ സമാധാനത്തിലായിരിക്കുമല്ലോ നമ്മുടെയും സമാധാനം.”
    പ്രാർത്ഥനയെക്കുറിച്ച് ഇങ്ങനെയും അഭിപ്രായമുണ്ട്.

    ReplyDelete
  14. Totally agreeying with your views.

    ReplyDelete
  15. "പുനപ്രതിഷ്ഠ, പുരുദ്ധാരണം, ദക്ഷിണ, വഴിപാട് തുടങ്ങിയവയ്ക്കായി ചെലവിടുന്ന പണത്തിന്റെ പത്തിലൊന്നെങ്കിലും അതാതു സ്ഥലത്തെ ദുരിത നിവാരണ പ്രവര്‍ത്തികള്‍ക്കായി ഉപയോഗിക്കുന്നെങ്കില്‍ ദൈവം നമ്മോട് ക്ഷമിച്ചേനേ ..." "ഭക്തി ഒരു രോഗമായി വളരുകയാണിന്ന് കേരളത്തില്‍."

    കാലികപ്രസക്തമായ നല്ല ലേഖനം. പലരും തുറന്നു പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ ശക്തമായി അവതരിപ്പിച്ചു.

    ReplyDelete
  16. മതം "മദവും" ഭക്തി "രാഷ്ട്രീയവും" ആകുമ്പോള്‍ ലക്‌ഷ്യം തെറ്റുന്നു.

    ReplyDelete
  17. പല വിശ്വാസങ്ങള്‍ക്ക് പുറകിലും ശാസ്ത്രീയമായ കാരണങ്ങള്‍ ഉണ്ട്. ഇന്ന് ആ കാരണങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു... അന്ധമായ വിശ്വാസം മാത്രം. ദൈവത്തെക്കാള്‍ ആള്‍ദൈവത്തെ വിശ്വസിക്കുന്ന കാലം!

    ReplyDelete
  18. നല്ല പോസ്റ്റ്‌

    ReplyDelete
  19. ദൈവത്തെ ആരും സ്നേഹിക്കുന്നില്ല. എല്ലാവരും ഭയപ്പെടുന്നു. വിശ്വസിച്ചില്ലെങ്കിലും ആപത്ത്‌ വരുമോ എന്ന പേടി. ഇതിനൊരപവാദമായി തോന്നുന്നത്‌ ക്രിസ്തുമതം ആണ്‌. അവിടെ പേരിനെങ്കിലും യേശുവിനെ സ്നേഹിക്കുന്നുണ്ട്‌.

    മനുഷ്യന്‍ പൊതുവില്‍ അതില്‍ കൂടുതലായി മലയാളി തീരെ അരക്ഷിതാവസ്ഥയിലാണ്‌ ജീവിക്കുന്നത്‌. തണ്റ്റെ വീടും സ്വത്തും മറ്റെല്ലാം സൂക്ഷിക്കണമെങ്കില്‍ പരസഹായം വേണം. അപ്പോള്‍ ദൈവവും ദൈവത്തിണ്റ്റെ പ്രതിപുരുഷനമാരും രക്ഷിക്കും എന്ന ഒര്‍ തോന്നല്‍. ഇതാണ്‌ ഇപ്പോഴത്തെ അവസ്ഥയ്ക്ക്‌ കാരണമെന്ന്‌ തോന്നുന്നു.

    നല്ല ലേഖനം.

    ReplyDelete