Followers

Monday, June 15, 2015

അക്ഷരത്തെറ്റുകള്‍

പാറകള്‍ തലങ്ങും വിലങ്ങും ചിതറിക്കിടന്ന പുഴ അര്‍ദ്ധവൃത്താകൃതിയില്‍ വളവ് തിരിയുന്നിടത്താണ് ഞങ്ങള്‍ ഇരുന്നത്. ഞാനും ഗോവിന്ദനും. പുഴയ്ക്കും ഞങ്ങള്‍ക്കും പിന്നില്‍ പാടങ്ങള്‍ തഴച്ചുനിന്നു.  സ്വച്ഛമായ ഒരാവരണംപോലെ. തന്റെ കൈകളില്‍ മലര്‍ന്നു കിടന്ന സന്ധ്യയുടെ വിക്ഷോഭങ്ങളില്ലാത്ത, തണുപ്പു പടര്‍ത്തുന്ന മുഖത്തിനു മുകളില്‍ ആകാശം നിശ്ചലമായി.
'ആദ്യമായി വരികയാണ് ഞാന്‍,' ഗോവിന്ദന്‍ പറഞ്ഞു. 'സുമയ്ക്ക് പരിചയമുണ്ടാകും അല്ലേ? '
'ധാരാളം'
'ദിനേശിന്റെ കൂടെ? '
ഞാന്‍ ഒരു നിമിഷം ഗോവിന്ദനെ നോക്കി.
'അതെ.' പുല്‍നാമ്പ് കൈയില്‍ ചുറ്റി സുമ ചിരിച്ചു.  'അതെ.'
'കാണാറില്ലേ ഇപ്പോള്‍?' കല്ലുകള്‍ക്കു മീതെ ഏന്തിയ വെള്ളം തട്ടി നനയുന്ന സാരി നീക്കി പതുക്കെയാണ് ഗോവിന്ദന്‍ ചോദിച്ചത്. സാരി നനയുന്നു.
ഉം, ഞാന്‍ പറഞ്ഞു. ധാരാളം എന്ന് പറഞ്ഞൂകൂടാ. പക്ഷെ, ഉവ്വ് കാണാറുണ്ട്. അവസാനം കാണുമ്പോള്‍ ദിനേശ് വല്ലാതെ മാറിക്കഴിഞ്ഞിരുന്നു. ചെന്നിയിലെ നരച്ച രോമങ്ങളിലും ചായംതേച്ച്  കറുപ്പിക്കാത്ത മീശയിലും ഒരായുഷ്‌കാലത്തിന്റെ ക്ഷീണം ബാക്കിനിന്നു. ബസ് സ്റ്റോപ്പില്‍ നിന്നിരുന്ന തന്റെ കൈയില്‍നിന്നും കടലാസ്സുകെട്ട് മേടിച്ചു പിടിച്ച് ദിനേശ് അന്നുതന്നെ പുഴവക്കത്തേക്ക് ക്ഷണിച്ചു.
വേണ്ട.  ഞാന്‍ പറഞ്ഞു ഒരു മൂഡില്ല.
ദിനേശ് ഒന്നും മിണ്ടിയില്ല. ബസ്‌സ്റ്റോപ്പില്‍ നിന്നിരുന്ന ആള്‍ക്കാരെയോ ചുറ്റുമുള്ള പരിചയക്കാരെയോ ഒന്നും ദിനേശ് കണ്ടിരുന്നില്ല എന്നു തോന്നി.
അപര്‍ണ മരിച്ചു.  പിടയുന്നപോലെയാണ് ദിനേശ് പറഞ്ഞത്.
ഇന്നലെ
ദിനേശിന്റെ മൂത്ത മകളായിരുന്നു അപര്‍ണ. ദിനേശിന് വലിയ കാര്യമായിരുന്നു ആ മകളെ.
ബസ്സിന്റെ ക്യൂവില്‍നിന്നും പെട്ടെന്ന് പുറത്തു കടന്നു. ദിനേശിന്റെ മറ്റു കുട്ടികളുടെ പേരുകള്‍ മറന്നിരിക്കുന്നു എന്ന് ഒരു പരിഭ്രമത്തോടെയാണോര്‍ത്തത്.എത്ര കുട്ടികള്‍ ഉണ്ടെന്നുപോലും അറിഞ്ഞുകൂടാ.
വരൂ.  മൈതാനത്തിന്റെ ഒഴിഞ്ഞ മൂലയിലെത്തിയപ്പോള്‍ പറഞ്ഞു: നമുക്കിവിടെയിരിക്കാം.
ഞങ്ങള്‍ വഴിയില്‍ ഒന്നും മിണ്ടിയിരുന്നില്ല.  അതിനാല്‍ തലതാഴ്ത്തി മിണ്ടാതിരുന്ന ദിനേശിന്റെ കൈ ഞാന്‍ സ്വന്തം കൈയിലെടുത്തു. ദിനേശ് കുതറുകയോ സാധാരണപോലെ ചുറ്റുപാടും പകച്ചുനോക്കുകയോ ചെയ്തില്ല. പകരം സ്വന്തം കൈ എന്റെ കൈക്കുള്ളില്‍വെച്ച് വെറുതെ ഇരുന്നു ഏറെനേരം. ഒന്നും പറയാതെയുള്ള ആ ഇരിപ്പ് പഴയ വൈകുന്നേരങ്ങളെയാണ് ഓര്‍മിപ്പിച്ചത്. ഞങ്ങള്‍ ഔപചാരികമായിപ്പോലും ഒരക്ഷരം അപര്‍ണയെക്കുറിച്ച് സംസാരിക്കുകയുായില്ല. ദിനേശിന്റെ കണ്ണുകള്‍ നനയുന്നത് ഞാന്‍ കിരുന്നു. അപര്‍ണ എനിക്ക് തീരെ അപരിചിതയായിരുന്നതുകൊാവണം, ദിനേശിന്റെ കണ്ണികളിലെ നനവ് എന്നെ സ്പര്‍ശിച്ചതേയില്ല. ഒരു കാഴ്ചക്കാരിയെപ്പോലെ നിന്ന മനസ്സിനോട് ഒരുതരം ഭീതിയാണ് തോന്നിയത്.  ഗോവിന്ദനോട് ഇതൊക്കെപ്പറയണോ എന്നാലോചിച്ചു നില്‍ക്കുകയായിരുന്നു.
നന്നായി.  ഗോവിന്ദന്‍ പറഞ്ഞു: അങ്ങനെ കേള്‍ക്കാനാണ് സുഖം.
ഗോവിന്ദന്റെ തൊട്ടടുത്ത് താഴെ മണ്ണിലാണ് ഞാന്‍ ഇരുന്നിരുന്നത്.  കാറ്റില്‍ പാറിയ മുടിയിഴകളെ കൈനീട്ടി ചെവിക്കിടയിലേക്ക് തിരുകി ഗോവിന്ദന്‍.
ബലഹീനതകള്‍ ക്ഷമിക്കപ്പെടേണ്ടവയാണ് സുമേ. ഗോവിന്ദന്‍ എന്തൊക്കെയോ പൂരിപ്പിക്കുന്നതുപോലെ പറഞ്ഞു.  ഏതു ബന്ധത്തിന്റെയും ഭംഗിയും അതാണ്.
ദിനേശ് ഒരിക്കലും ആ പാറമേല്‍ ഇരിക്കാറില്ലായിരുന്നു.  വെള്ളിത്തിനുമുകളിലെ കുറ്റിച്ചെടികള്‍ക്കു നടുവില്‍ പാറയില്‍ തലചായ്ച്ച് മലര്‍ന്നുകിടക്കുകയാണ് പതിവ്.
അങ്ങനെ കിടക്കുമ്പോള്‍ ദിനേശിനെ പിരിയുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്റെതന്നെ പ്രായമുള്ള കാമുകന്‍. കാമുകന്‍ എന്നു പറഞ്ഞാല്‍ ദിനേശിന് ദേഷ്യം വരും.  അതൊരുതരം തരംതാഴ്ത്തലാണെന്നാണ് ദിനേശ് പറയുക. തമാശയാണ് തോന്നാറ്. വീണ്ടും അതുതന്നെ പറയും. ആഴത്തിലേക്ക് മുതലക്കൂപ്പു കുത്തുന്നതുപോലെയാണ് ഞങ്ങള്‍ പ്രണയബദ്ധരായത്. കണ്ണിലും മൂക്കിലും നെറുകയിലും ഒക്കെ വെള്ളം കയറിയതുപോലെ. പക്ഷേ, എന്നും കുളിച്ചു കേറുമ്പോള്‍ ബാക്കി നില്‍ക്കുന്ന ഓജസ്സുപോലെ. തുടുത്തു മിന്നുന്ന മുഖംപോലെ, കുളിര്‍മപോലെ അത് ഞങ്ങളെ ചുറ്റിനിന്നു.
എന്താ ഇതിനു പേര്? ദിനേശ് ചോദിക്കും.
ഇതിനു പേരില്ല. പുഴവക്കത്ത് മലര്‍ന്നു കിടന്ന് ഞാനൊരിക്കല്‍ പറഞ്ഞിട്ടു്.  പേരിടുകയും വേണ്ട.
എന്റെ മകന്‍ അന്ന് കുറച്ചകലെ മണല്‍പ്പുറത്ത് കളിക്കുകയായിരുന്നു.
ദിനേശ് കുട്ടിയെ നോക്കിക്കൊണ്ടേയിരിക്കുകയായിരുന്നു എന്ന് ഞാന്‍ പെട്ടെന്നാണ് ശ്രദ്ധിച്ചത്.
അപ്പോള്‍ അത് പറയില്ല.  ദിനേശ് പറഞ്ഞു: ഈ രഹസ്യം സൂക്ഷിക്കലാണ് എനിക്ക് പിടിക്കാത്തത്.
ദിനേശ് എന്നെ പരിചയപ്പെടുമ്പോള്‍ ഒരു വയസ്സുള്ള ഒരു കുട്ടിയുടെ അവിവാഹിതയായ അമ്മയായിരുന്നു ഞാന്‍.  വിനോദിന്റെ അച്ഛനാരാണെന്ന് ഒരിക്കലും ദിനേശിനോട് പറയുകയുണ്ടായില്ല. ഒരു പ്രസക്തിയുമില്ലാത്ത ഒരു കഷണം വിവരം എന്നാണ് ദിനേശിനോട് പറഞ്ഞത്. അറിയേണ്ട പ്രത്യേകതയുമില്ല. ഒരു പേര് സത്യത്തില്‍ എനിക്ക് പ്രധാനമായിരുന്നില്ല. പക്ഷേ, ദിനേശ് ശഠിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്കും വാശിയായി.
പിന്നെപ്പിന്നെ വൈകുന്നേരങ്ങളിലെ സംഭാഷണം വിനോദിലേക്ക് മാത്രമായിച്ചുരുങ്ങാന്‍ തുടങ്ങിയപ്പോള്‍ വല്ലാതെ മടുപ്പുതോന്നി. ആറ്റിയും കുറുക്കിയും അളന്നും മുറിച്ചും പറയേണ്ടിവരുന്ന വാചകങ്ങള്‍. കുറ്റിയടിച്ചതിരിട്ട വൈകുന്നേരങ്ങള്‍. ശ്വാസംമുട്ടലാണ് തോന്നിയത്. മുഷിഞ്ഞ വസ്ത്രം മുഖത്തിട്ടാലെന്നപോലെ എനിക്ക് ശ്വാസംമുട്ടി.
വിനോദ് എന്റെ മകനാണ്.  ഞാന്‍ പറഞ്ഞു: മറ്റാരുടേയും അല്ലതാനും.
വിനോദ് എന്റെകൂടി മകനാവേണമെങ്കില്‍ അവന്റെ തന്ത ആരെന്ന് എനിക്കറിയണം.  ദിനേശ് കിതച്ചു.
ദിനേശിന്റെ അതിരുവിട്ട ചുവന്ന മുഖമോ, ശബ്ദത്തിലെ ഭീഷണിയോളമെത്തുന്ന അധികാരമോ, കുറ്റിയടിച്ച വൈകുന്നേരങ്ങളോ എന്താണെന്നറിയില്ല എന്നെ അത്രയധികം അരിശം പിടിപ്പിച്ചത്.
വെറുതെയാണ്. അതീവശാന്തതയോടെ ഞാന്‍ പറഞ്ഞു: ദിനേശ് അതറിയുകയില്ല. ദിനേശ് അവന്റെ അച്ഛനാവുകയുമില്ല.
എന്റെ ശബ്ദത്തിലെ എന്തെന്നില്ലാത്ത ശാന്തതയില്‍ ദിനേശ് കുറച്ചു നേരം നോക്കിനിന്നു. ദിനേശിനെ പരിചയപ്പെട്ടിട്ട് അന്നേക്ക് വര്‍ഷങ്ങള്‍ ഏഴുകഴിഞ്ഞിരുന്നു. ദിനേശിന്റെ മുടി ചെന്നിയില്‍ നരയ്ക്കാന്‍ തുടങ്ങിയിരുന്നു.  ദിനേശിന് ഒരു കുടുംബം സ്ഥാപിക്കാന്‍ മോഹം തോന്നിയിരിക്കണം.  ദിനേശിന്റെ ദേഷ്യം സ്ഥാനത്തായിരുന്നിരിക്കണം.  പക്ഷെ, എന്തോ ഒരു താല്‍പര്യവും തോന്നിയില്ല!
ഒരു ലേബലൊട്ടിക്കാതെ വയ്യ അല്ലേ? ദിനേശിന്റെ മടിയില്‍ കിടന്ന് ഞാന്‍ പിന്നെ ഒരു ദിവസം ചോദിച്ചിട്ടുണ്ട്.  ഷെല്‍ഫില്‍ സ്ഥാനം തെറ്റാതെ എടുത്തുവെക്കുകയൊന്നും വേണ്ടല്ലോ?
ദിനേശിന് ദേഷ്യം വന്നു.  എന്റെ തല  മടിയില്‍ നിന്നിറക്കിവെച്ച് നിറഞ്ഞ മഴയത്ത് ഇറങ്ങിപ്പോകുമ്പോള്‍ ജനാലയുടെ കമ്പികളില്‍പ്പിടിച്ച് വെറുതെ നോക്കിനിന്നു. നിറഞ്ഞ ഇരുട്ട് തൊടാവുന്ന അകലത്തില്‍ അപ്പുറത്ത്.  വിനോദ്, ദിനേശിന്റെ ദേഷ്യം കണ്ടിട്ടാവാം തന്റെ സാരിയില്‍ ഇറുക്കിപ്പിടിച്ചു. ഞാന്‍ വിനോദിന്റെ മുടിയിഴകളില്‍ വെറുതെ വെറുതെ തലോടി. ഒരു നേര്‍ത്ത ചിരിയോടെ എന്ന് ഇന്ന് പിന്‍തിരിഞ്ഞ് നോക്കുമ്പോള്‍ തോന്നുന്നു. വരകള്‍ വരച്ച് ചതുരങ്ങള്‍ ഉണ്ടാക്കുകയില്ലെന്ന് ഞാനും വരകള്‍ വരയ്ക്കുന്നതുകൊണ്ട് യാതൊരു തെറ്റുമില്ലെന്ന് ദിനേശും ശഠിച്ചു.
ലേബലുകള്‍ സൗകര്യപ്രദമാണ്. ദിനേശ് പറയും. മുളക് മുളകാണെന്നറിഞ്ഞാല്‍ യാതൊരു തരക്കേടുമില്ല.
ആരറിഞ്ഞാല്‍? എനിക്കറിയാന്‍ അതെഴുതിവെക്കേണ്ട.
വിനോദ് ഞങ്ങളുടെ ഇടയിലെ ബഹളത്തില്‍, കലങ്ങലില്‍ അന്തം വിട്ടുനിന്നു.
ഈ തന്തയില്ലാത്തവനാണ് സുമയ്ക്ക് നമ്മുടെ ജീവിതത്തേക്കാള്‍ വലുത്. ദിനേശ് അലറി.
ഉം. ഞാനന്ന് മൂളി. ഏറെ ഏറെപ്പതുക്കെ എന്ന് പിന്നീടതിനെപ്പറ്റി ആലോചിക്കുമ്പോഴൊക്കെ തോന്നിയിട്ടുണ്ട്. മുതുകിലൂടെ വരിഞ്ഞ ഒരു മുറിപ്പാടിനെ കൈപ്പത്തികൊെണ്ടന്നപോലെയാണ് ആ മൂളല്‍കൊണ്ട് മനസ്സിനെ പൊതിഞ്ഞത്.
നമ്മുടെ? പിന്നെ ഏറെനേരം കഴിഞ്ഞ്, കിതയ്ക്കുന്ന നിശ്ശബ്ദതയില്‍ ഞാന്‍ ചോദിച്ചു. അതില്‍ ആരൊക്കെപ്പെടും?
ദിനേശ് മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. വിനോദിനെ കിടപ്പുമുറിയില്‍ കൊണ്ടുപോയി കിടത്തിയുറക്കി. കസേലക്കൈയില്‍ തൊട്ടടുത്ത് വന്നിരുന്ന് ക്ഷമാപണത്തോടെ എന്നെ കെട്ടിപ്പിടിച്ചു.  എന്തുകൊണ്ടോ, ആദ്യമായി ദിനേശിന്റെ കൈപ്പിടിയില്‍ ഒതുങ്ങിക്കിടക്കെ പേടിയാണ് തോന്നിയത്. പേടി മാത്രമാണോ? അറിയില്ല. ജനാലയ്ക്കപ്പുറത്ത് എന്റെ കണ്ണുകള്‍ക്കു നേരെ ഇരുട്ടായിരുന്നു. വിനോദിന്റെ കിടപ്പറയില്‍ നിന്നും മങ്ങിയ വെളിച്ചത്തിന്റെ ഒരു വര കാല്‍ക്കല്‍വരെ എത്തിയിരുന്നു. ദിനേശ് അന്ന് എന്റെ മടിയില്‍  തലവെച്ച് ഉറങ്ങി. അപ്പോള്‍ എപ്പോഴോ ആവണം ഞാന്‍ ആ അവസാന തീരുമാനം എടുത്തത്. ദിനേശ് പിന്നീട് കല്യാണം കഴിക്കാന്‍ തീരുമാനിച്ചത് എന്റെതന്നെ മുമ്പില്‍വെച്ചാണ്.
എന്തുകൊണ്ടായിക്കൂടാ. കറി ഇളക്കിയിരുന്ന കയില്‍ ഒന്നു നിര്‍ത്തുകപോലും ചെയ്യാതെയാണ് ഞാന്‍ ചോദിച്ചത്. ഏറെക്കുറെ ഞാനത് പ്രതീക്ഷിച്ചിരുന്നു എന്നതാവാം ഒരു കാരണം. അല്ലെങ്കില്‍ ദിനേശിന്റെ തീരുമാനം ന്യായമായതാണ് എന്ന തോന്നലുമാവാം.
ദിനേശ് കല്യാണം കഴിക്കാമെന്നുവെച്ചത് പ്രതികാരം കൊണ്ടാവണം. ഗോവിന്ദന്‍ പറഞ്ഞു: സുമയ്ക്കത് മനസ്സിലാക്കാവുന്നതേയുള്ളൂ.
ദിനേശിനെ കുറ്റപ്പെടുത്തുകയായിരുന്നില്ല ഞാന്‍.  പെട്ടെന്ന് പറഞ്ഞു.
ഓരോരുത്തരും തിരയുന്നതെന്താണെന്ന് അവനവനല്ലേ കൂടുതല്‍ അറിയുക എന്ന് പറയുക മാത്രമായിരുന്നു.
നിന്റെ ശബ്ദം കയ്ക്കുന്നു.
സ്വാഭാവികം. ഇരുന്നിടത്തുനിന്ന് ഗോവിന്ദന്റെ തുടയിലേക്ക് ചാരി ചിരിച്ചു. ഞാന്‍ എന്റെ കാമുകനെപ്പറ്റിയാണ് സംസാരിക്കുന്നത്.
അങ്ങനെ ദിനേശ് കല്യാണം കഴിച്ചു. എന്റെ മുടിയിലൂടെ കൈയോടിക്കവെ ഗോവിന്ദന്‍ ചിരിച്ചു.  മുതലക്കൂപ്പ് കുത്തിയ ദിനേശ്.
അതില്‍ അസ്വാഭാവികമായി ഒന്നുമുണ്ടായിരുന്നില്ല ഗോവിന്ദന്‍. അതായിരുന്നു സ്വാഭാവികം എന്നുവേണം പറയാന്‍.  അതുകൊണ്ടുതന്നെ ഒരുതരം ആശ്വാസമാണ് തോന്നിയത്.
സ്വന്തം മഞ്ഞക്കണ്ണടകള്‍ നിര്‍മിച്ചുതന്ന കാഴ്ചപ്പാടുകളുമായി ഞാന്‍ ആരുടേയും വഴിയില്‍ക്കയറിനിന്നില്ലല്ലൊ എന്ന ആശ്വാസം.
ദിനേശ് സുമയെ പിന്നേയും കണ്ടിരുന്നു.
ധാരാളം. ഗോവിന്ദനറിയില്ലേ, ഭര്‍ത്താവിന് ഭാര്യയോടും മക്കളോടും ചുമതലകളണ്ടു്. പ്രത്യേകിച്ചും സദാ വരകള്‍ വരയ്ക്കാനുള്ള ചോക്കുമായി നടക്കുന്ന മുകുന്ദനെപ്പോലുള്ള ഭര്‍ത്താക്കന്മാര്‍ക്ക്.  പ്രാരാബ്ധങ്ങളുടേയും ചുമതലകളുടേയും ചവറുകളില്ലാത്ത പുറംപോക്കുകളില്‍ പക്ഷേ, ഞങ്ങളുടെ വൈകുന്നേരങ്ങള്‍ ചുവക്കുകയും പൂക്കുകയും ചെയ്തു.
ലേബലുകളുടെ അനിവാര്യതകള്‍ സുമയ്ക്ക് മനസ്സിലായില്ലെന്ന് പറയരുത്. ഗോവിന്ദന്‍ ഒരു ശാസനപോലെയാണ് പറഞ്ഞത്: അതിനുള്ള പ്രായം സുമയ്ക്കായി.
അത് മനസ്സിലാക്കാനുള്ള പ്രായം ദിനേശിനും ആയിരുന്നു. പൊടുന്നനെ, ശബ്ദം ചീന്തുന്നതുപോലെ പറഞ്ഞു: ഏറെദൂരം പിടിച്ചുകയറിയ കയറില്‍നിന്ന് താഴത്തേക്ക് വഴുതുന്നതുപോലെയാണ് എനിക്ക് തോന്നിയത്.
എന്തവശേഷിപ്പിക്കുന്നു എന്നതാവണം ഒരു ബന്ധത്തിന്റെ അളവുകോല്‍.  ശാന്തമായ, പക്വമായ തന്റെ മുഖത്തിനെതിരെ എന്നെ തിരിച്ചിരുത്തി ഗോവിന്ദന്‍ പറഞ്ഞു: അല്ലാതെ അതിന്റെ പോരായ്മകളല്ല. നിറഞ്ഞ കണ്ണുകള്‍ തുടയ്ക്കുകയുണ്ടായില്ല. തനിക്ക് ഈ നിമിഷം മറ്റൊരു പുഴയായി ഒഴുകാം. സൗമനസ്യത്തിന്റെ നിറവില്‍ അനങ്ങാതിരിക്കെ ഞാന്‍ ഓര്‍ത്തു. ഇതുപോലെ നിറഞ്ഞ്, കവിഞ്ഞ്.
പാവം. ഒരു തുടര്‍ച്ചപോലെയാണ് താന്‍ പറഞ്ഞത്. ഒരു പക്ഷേ, തരാന്‍ കഴിയാത്തതാവണം ഞാന്‍ ദിനേശിനോടാവശ്യപ്പെട്ടത്. ചിലര്‍ക്ക് അതിരുകള്‍ കാഴ്ചവട്ടത്തില്ലെങ്കില്‍ നടക്കാന്‍ പേടിതോന്നുമായിരിക്കാം. വാസ്തവത്തില്‍ വരകള്‍ വരയ്ക്കാനുള്ള ദിനേശിന്റെ അതിരുകവിഞ്ഞ ത്വരയാണ് എന്നെ പേടിപ്പിക്കാന്‍ തുടങ്ങിയത് എന്ന് തോന്നുന്നു. നടക്കുമ്പോഴും കിടക്കുമ്പോഴും ഒക്കെ കൈയും കാലും ദിനേശ് വരച്ച വരകളില്‍ തട്ടി. വരകള്‍ മായ്ക്കുന്നത് എനിക്കൊരു രസവും ദിനേശിന് തലവേദയും ആയിത്തുടങ്ങിയത് എന്നാണെന്ന് കൃത്യമായി ഓര്‍മയില്ല.
സാധാരണക്കാര്‍ ചെയ്യുന്നത് ഒക്കെ വൃത്തികേടായിക്കൊള്ളണമെന്നില്ല.
സോഫയുടെ ചാരില്‍ച്ചാരി കാല്‍നീട്ടിയിരുന്ന് ദിനേശ് പലതവണ പറഞ്ഞിട്ടുണ്ട്. അത്തരം വാചകങ്ങള്‍, ദിനേശിന്റെ വായില്‍ത്തന്നെ അത്രയും കാലം ഉണ്ടായിരുന്നു എന്ന് അറിയാമായിരുന്നു. അതുകൊണ്ട് ഒട്ടും അപ്രീതി തോന്നിയില്ല. മറിച്ച് സ്വന്തം കണക്കുകൂട്ടലുകള്‍ കൃത്യമായിരുന്നു എന്നറിയുമ്പോഴുള്ള കടുത്ത കയ്ക്കുന്ന പതംവരല്‍.
കുട്ടിയെ സ്‌കൂളില്‍ നിന്നും മടക്കികൊുവരേണ്ട ചുമതല ദിനേശിന്റെ ചുമലില്‍ വീഴുന്നതുവരെ ദിനേശ് ഓഫീസില്‍നിന്നും വന്ന് ബസ്‌സ്റ്റോപ്പില്‍ കാത്തുനിന്നു. ഞങ്ങള്‍ മൈതാനത്തിന്റെ നടുവിലൂടെ നടന്ന് അകലെയുള്ള ബസ്‌സ്റ്റോപ്പില്‍ നിന്നും ബസ്സ് പിടിച്ചു. ആ കാത്തു നില്‍പിനും നടത്തത്തിനുമൊക്കെ അമ്പലക്കുളത്തില്‍ നിന്നും കുളിച്ചു കയറുന്നവര്‍ ബിംബത്തെ ഒന്നു നോക്കുകപോലും ചെയ്യാതെ നടയ്ക്കല്‍ കുമ്പിടുന്നതുപോലെയുള്ള ഒരു ഭാവം കൈവരുന്നത് ഞാന്‍ അറിഞ്ഞിരുന്നു. അതിനെതിരെ എന്തുചെയ്യണമെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല. പകരം ഞങ്ങള്‍ നിര്‍ത്താതെ സംസാരിച്ചു. നിര്‍ത്തിയാല്‍ നിശ്ശബ്ദത ഒരു വാശിയോടെ തള്ളിക്കയറുമെന്നും ഞങ്ങള്‍ക്കിടയില്‍ അത് സ്ഥിരമായി നില്‍പുറപ്പിക്കുമെന്നും ഞങ്ങള്‍ പേടിച്ചിരിക്കണം. ദിനേശ് എന്നെ സന്തോഷിപ്പിക്കാന്‍, സംഭാഷണങ്ങളില്‍നിന്നും കുടുംബത്തെ തന്ത്രപൂര്‍വം മാറ്റി നിര്‍ത്തി. അഥവാ പറയേണ്ടി വരുമ്പോള്‍ യാദൃച്ഛികമെന്ന മട്ടില്‍ അത് സ്‌നേഹത്തോടെയല്ലാതാക്കാനും ശ്രമിച്ചു. കൂട്ടിമുട്ടാതെ നോക്കുന്ന അത്തരം വരകള്‍ക്കും ദിനേശിനോടു തോന്നിയ നന്ദിക്കും ഇടയിലൂടെ പൂപ്പല്‍പോലെ വളര്‍ന്ന മടുപ്പ് എങ്ങനെ നീക്കണമെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല. ആ നിസ്സഹായതയും വരകളില്‍ തൊടാതെ നടക്കാനുള്ള ശ്രമത്തില്‍ ഉലയുന്ന ദിനേശിന്റെ ശരീരവും കുമിളകള്‍പൊട്ടി ഉടയുന്ന എന്റെ മനസ്സും ഒക്കെയാവണം കാരണങ്ങള്‍; ഇത്തരം നടപ്പു പ്രഹസനങ്ങള്‍ ഇനി വേണ്ടെന്ന് പറയാനോങ്ങിയതായിരുന്നു ഞാന്‍. പക്ഷേ, കെന്നി വന്ന ഓക്കാനംപോലെ ഞാനാ വാചകം വായില്‍ത്തന്നെ നിര്‍ത്തി. പിന്നെ വളരെ സൗമ്യമായി ദിനേശിന്റെ കൈ പിടിച്ചു. പകല്‍, പട്ടാപ്പകല്‍ പൊതുനിരത്തില്‍വെച്ചാണ് ഞാനത് ചെയ്തത്.  വഴുപ്പില്‍ തൊട്ടപോലെ ദിനേശ് കുതറി.  കണ്ണറ്റംകൊണ്ട് നാലുപാടും ധൃതിയില്‍ നോക്കി. എത്ര പ്രതീക്ഷിച്ചിരുന്നിട്ടും ആ നോട്ടം, ആ കുതറല്‍ ഒന്നും എനിക്ക് പിടിച്ചില്ല എന്നുതന്നെയാണോ അതിനുള്ള വാക്ക്? അതിന്റെ സ്വാദ് പെരന്നിയ പാല്‍പോലെ വായില്‍ത്തികട്ടി. ഒരു തിരനുരകളില്‍ തിരുപ്പിടിക്കുന്നതുപോലെയാണ്, പിന്നെ ദിനേശിനോട് ഭാര്യയെ വിവാഹമോചനം നടത്താമോ എന്ന് ചോദിച്ചത്. സ്വപ്നത്തില്‍പ്പോലും കൊണ്ടുനടക്കാത്ത ആ ചോദ്യം എന്തിനാണ് ചോദിച്ചതെന്ന് ഇന്നും അറിയില്ല.  ഞാന്‍ തന്നെ വലിച്ചെറിഞ്ഞ കളിപ്പാട്ടത്തിനുവേണ്ടി മറ്റെന്തോ കാരണങ്ങളാല്‍ വാശി പിടിക്കുന്ന കുട്ടിയെപ്പോലെയായിരുന്നു അപ്പോള്‍ മനസ്സ്  എന്നോര്‍മ്മയുണ്ട്.
നടത്താം. ഒന്നിമയാട്ടുകപോലും ചെയ്യാതെ ദിനേശ് പറഞ്ഞു: പക്ഷേ, ഒരു കാരണം വേണ്ടേ?
ഉടുപ്പിലേക്ക് ചളി തെറിച്ചതുപോലെ ഞാന്‍ അന്ന് പെട്ടെന്നുനിന്നു. ഒരു കാരണം നമ്മുടെ ജീവിതത്തേക്കാള്‍ പ്രധാനമാണോ എന്നു ചോദിക്കുകയുണ്ടായില്ല.  തീരെ അപ്രസക്തമായ ആ ചോദ്യം, ഒരു ജീവിതത്തിന്റെ മുഴുവനും മുകളിലൂടെ അനാദരവോടെ കോറിയ ആ ഭംഗിവചനത്തിനു മുന്നില്‍ നിന്ന് ഒരു പകിടപോലെ മനസ്സിലിട്ടുരുട്ടി.  മൈതാനത്തിലൂടെയുള്ള നിരവധി നടത്തങ്ങളില്‍, വെയില്‍ തട്ടി മായുന്ന നിറംപോലെ പതുക്കെപ്പതുക്കെ ഇല്ലാതായത് നമ്മള്‍ എന്ന വാക്കായിരുന്നു.  ചോര കിനിയുന്ന വരകള്‍ക്കിടയില്‍ നിവര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കുന്ന ദിനേശിനെ സ്റ്റേജിലെന്നപോലെ നോക്കിനില്‍ക്കെ അതിനെപ്പറ്റി പറയണോ എന്നോര്‍ത്തതാണ്. പക്ഷേ, പറയാതെതന്നെ അത് ദിനേശിനും അറിയാം.  എന്റെ മുഖത്തെ അമ്പരപ്പ് ദിനേശും കണ്ടിരിക്കണം.  ദിനേശ് ചിരിച്ചു.  മൈലുകളോളം കൂടെ നടന്ന ആള്‍ പെട്ടെന്ന് തിരിഞ്ഞുനോക്കുമ്പോള്‍ മറ്റൊരു മുഖവുമായി നിന്നാല്‍ തോന്നുന്ന പേടിയാണ് അപ്പോള്‍ തോന്നിയത്. പിന്നെ, വിണ്ടുനിന്ന മനസ്സിന്റെ വിടവിലേക്ക് ഓട്ടയടയ്ക്കുന്നതുപോലെ ഞാനാ അറിവും പേടിയും ഒരുമിച്ചു തിരുകി.
കുട്ടികളാണ് പ്രശ്‌നം. പിറ്റേ ദിവസം ചായക്കടയില്‍ തൊട്ടുതൊട്ടിരിക്കെ എന്റെ വയറില്‍ത്തലോടി ആത്മാര്‍ത്ഥതയോടെയാണ് ദിനേശ് പറഞ്ഞത്.
പിന്നെ കാരണങ്ങളും. ദിനേശിന്റെ കൈ വയറില്‍നിന്നു പതുക്കെ മാറ്റി ഞാന്‍ പൊട്ടിച്ചിരിച്ചു.  പലപ്പോഴും നാം തീരെ ആലോചിക്കാതെ പറഞ്ഞുപോകുന്ന വാക്കുകള്‍ നമ്മുടെ ചിന്തകളെ എത്ര ലളിതമായി ആവിഷ്‌ക്കരിക്കുന്നു എന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ദിനേശ് പറഞ്ഞത് അക്ഷരംപ്രതി സത്യമാവണം. വരകള്‍ വരയ്ക്കുന്നതുപോലെ എളുപ്പമല്ല വരകള്‍ മായ്ക്കാന്‍. വരകള്‍ക്ക് പുറത്തുനില്‍ക്കുമ്പോള്‍ ഒരനാഥത്വമുണ്ട്. ഒരു തന്തയില്ലായ്മത്തരം.
ചിലര്‍ക്കതൊരു ലഹരിയാണ്. ഗോവിന്ദന്‍ പറഞ്ഞു: ചിലര്‍ക്കതൊരു മാനഹാനിയും പക്ഷേ, അതൊരു കുറ്റമല്ല.
ശരിയാണ്. മണലില്‍ മലര്‍ന്നുകിടന്ന് ഞാന്‍ കൈകള്‍ തലയ്ക്കു കീഴെവെച്ചു. അതോടെ പക്ഷേ,  വ്യക്തിത്വങ്ങള്‍ വേര്‍പിരിയുന്നു. കൊഴിയുന്ന തലനാരിന്റെ വേര്‍പാടുപോലെ നമുക്കോരോരുത്തര്‍ക്കും അതേറ്റുവാങ്ങാതെ വയ്യ. തീവ്രമായി സ്വന്തം ബോധ്യങ്ങള്‍ക്കും എല്ലില്‍ തൊടുന്ന ആവശ്യങ്ങള്‍ക്കും പകരം നില്‍ക്കാന്‍, ഒത്തുമാറാന്‍ ഒന്നുമില്ല ഗോവിന്ദാ. അപര്‍ണ മരിച്ച വിവരം പറയാനെത്തിയ ദിനേശ് പട്ടാപ്പകലായിട്ടും പൊതുനിരത്തിലായിട്ടും എന്റെ കൈയില്‍നിന്നും പതിവുപോലെ സ്വന്തം കൈവലിക്കുകയുണ്ടായില്ല.
നാണയത്തിന്റെ ഒരു വശം, ഗോവിന്ദന്റെ ശബ്ദം അസുഖകരമാംവിധം കനത്തു: സ്വന്തം മോഹങ്ങള്‍ക്കും സുമയുടെ കടുംപിടുത്തങ്ങള്‍ക്കും നടുവില്‍ നിലതെറ്റുന്ന ദിനേശിനെ സുമ കണ്ടതേയില്ല.  പകരം വരകള്‍ മാത്രം കണ്ടു. ആവശ്യത്തിന്റെ തീവ്രതയില്‍ത്തന്നെയാണ് ദിനേശിനു വരകള്‍ പ്രസക്തമായത് സുമേ.  ഗോവിന്ദന്‍ ഒരു നിമിഷം  നിര്‍ത്തി.  ദിനേശ് നിന്നെ ഒരുപാട് സ്‌നേഹിച്ചിരുന്നു.
ദിനേശും ഞാനും ഇതേ മണല്‍പ്പുറത്തിണചേര്‍ന്നിട്ടുണ്ട്. കാറ്റിന്റേയും മഴയുടേയും ആര്‍ഭാടത്തില്‍, നട്ടുച്ചയുടെ തിളങ്ങുന്ന നിറവില്‍, അതിരില്ലാത്ത പൊലിമയില്‍ സന്ധ്യയുടെ ആര്‍ദ്രതയിലും ഉണങ്ങിനിന്ന എന്റെ ചുണ്ടുകള്‍ ഞാന്‍ വീണ്ടും വീണ്ടും നനച്ചു. എനിക്ക് വല്ലാതെ ദേഷ്യം വന്നിരുന്നു എന്നത് ശരിയാണ്. ഞാനിതൊന്നും കണ്ടില്ലെന്ന്, അറിഞ്ഞില്ലെന്ന് ദിനേശ് വിശ്വസിച്ചു എന്നോ! ഏറെക്കാലം കഴിഞ്ഞിട്ടും ബാക്കിയാവുന്ന ഇത്തരം സംശയങ്ങള്‍. ഞാത്തിയുടുത്ത മുിന്റെ വക്കില്‍ പുരളുന്ന ചളിപോലെ ഒരു ബന്ധത്തിന്റെ വക്കുകള്‍ കറുപ്പിക്കുന്നു ഗോവിന്ദാ.
ചിതറുന്ന കുന്നിക്കുരുക്കള്‍ ഒതുക്കിക്കൂട്ടുന്നതുപോലെയാണ് പിന്നെ ഗോവിന്ദന്‍ എന്നെ തന്നിലേക്കടുപ്പിച്ചത്.
ചായങ്ങള്‍ ഒന്നു മാറ്റിത്തേച്ചു നോക്കു. ഗോവിന്ദന്‍ കുസൃതിയോടെ പറഞ്ഞു.  കാടുകാണാതെ മരംമാത്രം കണ്ടാണ് സുമ ചിത്രം വരയ്ക്കുന്നതെന്ന് ദിനേശിന് തോന്നിയിരിക്കാം. ആരും കാണലാണ് വളര്‍ച്ച.  മറ്റൊരാള്‍ തീര്‍ത്ത ചിത്രത്തിന്റെ മുഖച്ഛായയില്‍ ജീവിക്കാന്‍ ആര്‍ക്കായാലും പ്രയാസം തോന്നും.
ഗോവിന്ദന്റെ തരളമായ, കലമ്പലുകളില്ലാത്ത മുഖം ഒരു പാടയ്ക്കപ്പുറത്ത് തെളിയുന്ന മങ്ങുന്ന പ്രതിച്ഛായ പോലെ ഞാന്‍ കണ്ടു. വര മണ്ണിലേക്കേന്തുന്ന മഴച്ചാറ്റലിന്റെ വീശലുകള്‍പോലെ. പിന്നെ, ഗോവിന്ദന്റെ ശ്വാസത്തിന്റെ അടരുകള്‍ മനസ്സിന് തൊട്ടുമുകളില്‍, അതിനും അപ്പുറത്ത് ഗോവിന്ദന്റെ ചുമലിന് മുകളില്‍ തന്നെ നോക്കി നിന്ന, പലതവണ താന്‍ കണ്ട ആകാശം. ഉയരത്തിലേക്ക് പറക്കാനാഞ്ഞ സമ്പാതിയുടെ കരിഞ്ഞ ചിറകുകള്‍പോലെ. കാറ്റിന്റെ കൈകളില്‍ അനക്കമറ്റുകിടന്ന പുഴയോരത്തുനിന്നും ഒരു വടി കുത്തി എഴുന്നേല്‍ക്കുന്നതുപോലെയാണ് എഴുന്നേറ്റത്. ക്ഷീണത്തിന്റെ പാളികള്‍, തട്ടിപ്പൊതിഞ്ഞുവെച്ച വേരുകളുടെ കടയ്ക്കല്‍നിന്നും ചുവട്ടിലേക്ക് ചിന്നുന്ന മകട്ടകള്‍പോലെ ചിതറി.  ഇനിയും ഒരു യാത്ര. വഴികളേല്പിക്കുന്ന തുടര്‍ച്ചകളില്‍ ഇതും അവസാനമാവുക വയ്യ.

No comments:

Post a Comment