Followers

Monday, June 15, 2015

ഒരു കൂടിക്കാഴ്ച

കണ്ണുതുറക്കുമ്പോള്‍ മറിയമ്മ എന്ന വെള്ളത്തൊപ്പി ചൂടിയ നേഴ്‌സാണ് മുന്നില്‍. അമ്പരപ്പും അദ്ഭുതവും നിറഞ്ഞ കണ്ണുകള്‍ വിടര്‍ത്തി അവര്‍ അന്തംവിട്ടുനിന്നു. ഞാന്‍ അതൊരു തെളിവായി എടുത്തു. സ്വര്‍ഗത്തിലായാലും നരകത്തിലായാലും നേഴ്‌സിന്റെ ആവശ്യമില്ല.
അപ്പോള്‍ ഞാന്‍ ഭൂമിയിലായിരിക്കണം.
അതെ. ഭൂമിയില്‍ത്തന്നെയാണ് ഞാന്‍.
അമ്പരപ്പ് കണ്ണുകളില്‍ ഇറുക്കിപ്പിടിച്ച മറിയമ്മ പുറത്തേക്കോടി. ഡോക്ടര്‍... ഡോക്ടര്‍... അവര്‍ കൂവി വിളിച്ചു. 'പേഷ്യന്റിന് ജീവന്‍ വന്നു! '
പേഷ്യന്റ് എന്നുവച്ചാല്‍ ഞാന്‍.
മറിയമ്മയുടെ ശബ്ദം വാതിലിനപ്പുറത്ത് പതുക്കെപ്പതുക്കെ നേര്‍ത്തു. മയക്കത്തിനും ഓര്‍മ്മയ്ക്കും ഇടയില്‍ ചുമരുകള്‍ക്കാകെ പച്ചനിറം കൈവരന്നു ലോലമായ ആ ഇടവേളയിലേക്ക് ഞാന്‍ വീണ്ടും തെന്നി.
ദൈവമായിരുന്നു മുന്നില്‍.
ഉലഞ്ഞുമുഷിഞ്ഞ മേലങ്കി. ഉന്മേഷമില്ലാത്ത മുഖം.
'ഞാനിതാ എത്തിയിരിക്കുന്നു.' ഒരല്പം വിജയഭേരിയോടെ ഞാന്‍ പറഞ്ഞു: 'അങ്ങയെപ്പറ്റി പലതവണ കേട്ടിട്ടുണ്ട്. നേരിട്ടൊന്നു കാണാമല്ലൊ എന്നു കരുതി. പലതും ചോദിക്കാനുണ്ട്'
ദൈവത്തിന്റെ മുഖത്ത് ഒരു ചളിപ്പ് പടര്‍ന്നു. 'ചോദിക്കൂ.' വലിയ മേലങ്കി ഒതുക്കിപ്പിടിച്ച് മുന്നിലുള്ള ചെറിയ പീഠത്തിലിരിക്കെ ദൈവം പറഞ്ഞു: 'ഞാന്‍ ഹാജരാണ്.'
മുഷിഞ്ഞ മേലങ്കിയും ക്ഷീണിച്ച മുഖവും. ദൈവത്തെ ഞാന്‍ പ്രതീക്ഷിച്ചത് ഇങ്ങനെയായിരുന്നില്ല.
'എന്തേ... ഒട്ടും ഉന്മേഷമില്ലേ' ഞാന്‍ ചോദിച്ചു. 'എന്തേ പറ്റിയത്?' ദൈവം താഴേക്കുനോക്കി. മ്ലാനനായിരുന്നു അദ്ദേഹം എന്നു പറയാതെ വയ്യ.
'ചോദിക്കൂ' ദൈവം പറഞ്ഞു.
ദൈവത്തിന്റെ മുഖത്തെ മടുപ്പ് തികഞ്ഞ അസ്വാസ്ഥ്യത്തോടെയാണ് ഞാന്‍ കണ്ടത്. ഇവിടെയും മടുപ്പോ? ദൈവത്തിനും മടുപ്പോ?
'മടുത്തോ' ഞാന്‍ ചോദിച്ചു: 'ചോദ്യങ്ങളോ ഉത്തരങ്ങളോ മടുത്തത്?'
'ചോദിക്കൂ. ' ദൈവം പറഞ്ഞു. 'ചോദ്യം ചോദിക്കൂ.'
'ഞാന്‍ ചോദിക്കുകയാണ്. '
'സുഖമല്ലേ അങ്ങേക്ക്? '
'സുഖം? എന്താണത്? എനിക്കെന്നും ഈ ഒരൊറ്റ ഭാവമേ അറിയൂ.'
'ജീവിതത്തേക്കാള്‍ കഷ്ടമാണോ അപ്പോള്‍ സ്വര്‍ഗം? '
എന്റെ ശബ്ദത്തില്‍ പരിഭ്രമം പുരളുന്നത് ഞാനറിഞ്ഞു.
'എന്താണത്? '
എനിക്ക് സാമാന്യം മുഷിഞ്ഞു. ദൈവത്തെ ജ്ഞാനിയാക്കാനൊന്നും വന്നതായിരുില്ല ഞാന്‍. ഭൂമിയിലെ മടുപ്പ് മടുത്തിട്ടാണ് ഈ യാത്രതന്നെ. ഇവിടെ അതില്‍പ്പരം എന്നായാലോ.
'പോട്ടെ. എനിക്കെന്താണ് ശിക്ഷ?'
'എന്തിന്? '
'അങ്ങയുടെ അനുവാദമില്ലാതെ, ആജ്ഞ ധിക്കരിച്ചാണല്ലോ ഞാനീപ്പോക്ക് പോന്നത്.'
ദൈവം ആദ്യമായി ചിരിച്ചു.
'ദൈവം എങ്ങനെയാണ് ശിക്ഷിക്കുക? മാപ്പു കൊടുക്കലല്ലേ ദൈവത്തിന്റെ ജോലി. ഭൂമിയില്‍ എല്ലാവര്‍ക്കും അതറിയാലോ.'
'അപ്പോള്‍ നരകം? '
'എനിക്കങ്ങനെയൊന്ന് ആലോചിക്കാന്‍പോലും പാടില്ല. നന്മ മാത്രമേ എനിക്ക് ചിന്തിക്കാവൂ. എന്റെ ചിന്തയില്‍പോലും നരകം പാടില്ല.'
'അവിടെ ആരാണ്? '
'അറിയില്ല.'
ഓ! ഒരു നല്ലപിള്ള! ഞാന്‍ സ്വയം പറഞ്ഞു: 'ഭൂമിയില്‍ സംഗതി ഭേദമായിരുന്നു. എല്ലാറ്റിനും ചില ചിട്ടവട്ടങ്ങള്‍ ഉണ്ട്. അതനുസരിക്കുന്നിടത്തോളം കാലം കാര്യം കുശാലാണുതാനും. നരകത്തെപ്പറ്റിയും അങ്ങയെക്കുറിച്ചും കേട്ടിട്ടുള്ളതുപോലെ ഞാന്‍ കേട്ടിട്ടു്.'
'ഞാന്‍ കേട്ടിട്ടുപോലുമില്ല.'
'കേള്‍പ്പിക്കട്ടെ?'
'അയ്യോ. പാടില്ല.' ദൈവം പറഞ്ഞു. 'എനിക്ക് നന്മയേ ചിന്തിക്കാവൂ. കേള്‍ക്കാവൂ. അതുമാത്രമേ എനിക്ക് വിധിച്ചിട്ടുള്ളൂ.'
'ഓഹോ?' എനിക്ക് ശരിക്കും ദേഷ്യം വന്നു. 'എന്നിട്ട് ഭൂമിയിലേക്ക് തിന്മയുടെ എത്രയോ മൂര്‍ത്തികളെ പടച്ചുവിടുന്നുണ്ടല്ലോ.'
'അത് ഞാന്‍ ചെയ്യുതല്ല.' ദൈവം കൈ വീണ്ടും വീണ്ടും മേലങ്കിയില്‍ തുടച്ച്  ക്ഷമാപണത്തോടെ പറഞ്ഞു: 'അത് മറ്റവനാണത്രേ. എന്റെ എതിരാളി.'
'അങ്ങേക്കൊരെതിരാളിയോ! മാനംമര്യാദയില്ലാത്ത വര്‍ത്തമാനം പറയരുത്. സൃഷ്ടികര്‍ത്താവ് അങ്ങ് മാത്രമല്ലേ? അതല്ലേ ഇത്രയും കാലം അങ്ങ് പറഞ്ഞുനടന്നത്?'
'സൃഷ്ടി കഴിഞ്ഞാലാണ് അവന്റെ പണിയത്രെ. '
'എങ്കില്‍ ഒരൊറ്റ കൈ ഞൊടിച്ച് അവനെ അങ്ങേക്കില്ലാതാക്കിക്കൂടെ ദൈവമേ? എല്ലാറ്റിനും കഴിവുള്ളവനല്ലേ അങ്ങ്? എല്ലാവരും അതല്ലേ പറയുന്നത്? '
'എങ്ങനെ?'ദൈവം പീഠത്തില്‍നിന്നും ഒരാവേഗത്തോടെ എഴുന്നേറ്റുനിന്നു. 'അവനെക്കുറിച്ചൊന്നും എനിക്കറിയില്ല. അറിയാന്‍ പാടില്ല. അറിഞ്ഞാല്‍ത്തന്നെ തിന്മയെക്കുറിച്ച് ആലോചിച്ചു കൂടാ... നശിപ്പിക്കല്‍ എന്റെ ദൗത്യവുമല്ല. '
നിയന്ത്രണം വിട്ടുപോയോ എന്ന ആശങ്കയില്‍ ധൃതിയില്‍ പീഠത്തിലേക്ക് തന്നെ മടങ്ങിയ ദൈവത്തെ നോക്കിയപ്പോള്‍ എനിക്ക് കഷ്ടം തോന്നി. ഈ ദൈവത്തോടാണ് ഞാന്‍ എന്നെ നശിപ്പിക്കണമെന്നും എന്നെ കഷ്ടപ്പെടുത്തുവരെ ശിക്ഷിക്കണമെന്നും തിന്മയെ നശിപ്പിക്കണമെന്നും ഒക്കെ പ്രാര്‍ത്ഥിക്കാറ്!
'അങ്ങയോട് പലതും പ്രാര്‍ത്ഥിക്കുന്നവരെ അങ്ങെന്തു പറഞ്ഞാണ് അനുഗ്രഹിക്കുക? '
'ആരേയും അനുഗ്രഹിക്കാറില്ല. എല്ലാവരും എനിക്ക് സമാസമം. '
പാപികളെ...?
'ഞാന്‍ കാണാന്‍ പാടില്ലല്ലോ'
'അങ്ങ് സൃഷ്ടിച്ചുവിട്ട മനസ്സുകളുടെ ഉത്തരവാദിത്തം അപ്പോള്‍ അങ്ങേക്കല്ലേ? '
'സൃഷ്ടികര്‍മത്തില്‍ വൈവിധ്യമില്ലെങ്കില്‍ എന്തിനാണ് ഭൂലോകം? കഥാപാത്രങ്ങള്‍ക്ക് സ്വന്തം വഴി തിരഞ്ഞെടുക്കുവാന്‍ അനുവാദം വേണ്ടേ?' രാഷ്ട്രീയക്കാരനെപ്പോലെയാണ് ദൈവം സംസാരിച്ചത്. ഭൂലോകത്തിന്റെ മര്‍മംതന്നെ വൈവിധ്യമല്ലേ.
'പടച്ചുവിടുമ്പോള്‍ സൃഷ്ടിയുടെ ചെവിയില്‍ പറഞ്ഞൂടെ മറ്റവനെ വിശ്വസിക്കരുതെന്ന്, അവന്‍ ചതിയനാണെന്ന്? '
 'ഇതൊന്നും ദൈവം ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളാണെന്ന് ഞാന്‍ ആദ്യമേ പറഞ്ഞു. '
'എന്നാല്‍ ആര്‍ക്കും മാറ്റാനാവാത്ത ഒന്നിനെ പടയ്ക്കണം.' 'എന്നെപ്പോലെ ഒന്നിനെ.' ദൈവം പെട്ടെന്നു മ്ലാനവദനനായി. മുഖം മടുപ്പു കൊണ്ടു നിറഞ്ഞു. അമര്‍ത്തി നോക്കിയാല്‍ ആ മടുപ്പ് എന്നിലേക്കടരും. ഞാന്‍ ഭീതിയോടെ എഴുന്നേറ്റു മറുവശത്തേക്കുനോക്കി. 'മനസ്സു കൊടുത്താല്‍ അവന്‍ കയറും.' മേലങ്കിയിലെ അടര്‍ന്നുനിന്ന നൂലില്‍ വിരല്‍ചുറ്റി ദൈവം സ്വയം പിറുപിറുത്തു. 'കൊടുക്കാഞ്ഞാല്‍ എന്നെപ്പോലെയാവും.!'
'ഭേഷ്! ഭൂമിയിലേക്ക് തിരിച്ചുപോവുകയാണ് എനിക്കുചിതം എന്ന് അല്ലേ?' മടുപ്പും നിരാശയും ഒതുക്കി ഞാന്‍ ചോദിച്ചു. 'ഞങ്ങളേക്കാള്‍ കഷ്ടമാണല്ലോ ദൈവമേ, അങ്ങയുടെ സ്ഥിതി. ഞാനിതെല്ലാം ഭൂമിയില്‍ച്ചെ് പറഞ്ഞാല്‍ എന്താവും അങ്ങയുടെ ഇമേജ്? '
'ഒരാളും വിശ്വസിക്കില്ല.' ദൈവം നിറഞ്ഞു ചിരിച്ചു.
'അതാണ് ഏക ആശ്വാസം.'
ചെകിടത്ത് ആഞ്ഞുവീണ അടിയില്‍ അപ്പോഴാണ് ഞാന്‍ പെട്ടെന്ന് കണ്ണുതുറന്നത്. കണ്ണുകള്‍ കൂര്‍പ്പിച്ച്, മീശ പിരിച്ചുകൊണ്ട് ഒരു ചെറുപ്പക്കാരന്‍ ഡോക്ടര്‍, എന്റെ കനംകൂടിയ കണ്ണുകള്‍ക്കു മുന്നില്‍ ഒരു പുകമറയിലെപോലെ നിന്നു. 'സംസാരിക്കാമോ?' നെറ്റിയുടെ ഇരുഭാഗവും അമര്‍ത്തിപ്പിടിച്ച് ആംഗ്യത്തില്‍ ഡോക്ടര്‍ ചോദിച്ചു.
ഞാന്‍ ഉവ്വെന്ന് തലയാട്ടി. അടിയുടെ ശക്തിയില്‍ ഞാന്‍ മുഴുവനായും ഉണര്‍ന്നുകഴിഞ്ഞിരുന്നു.
ഉടനെ എല്ലാവരോടും പുറത്തുപോകാനും മുറിയുടെ വാതിലടച്ച് തഴുതിടാനും ഡോക്ടര്‍ പയ്യന്‍ ആജ്ഞാപിച്ചു. ഇനി കേസ് വിസ്താരമാവും, ഞാനോര്‍ത്തു. രംഗം സജ്ജം. ഇനി വിധി പ്രസ്താവിക്കുകയേ വേണ്ടൂ.
എന്തോ, മുഷിഞ്ഞ മേലങ്കിയണിഞ്ഞ,ശിക്ഷിക്കാന്‍ അവകാശമില്ലാത്ത ദൈവത്തിനെയാണ് എനിക്കോര്‍മ്മ വന്നത്.
'പ്രേമനൈരാശ്യമാവും കാരണം.' കസേല എന്റെ കട്ടിലിനടുത്തേക്ക് ശബ്ദത്തോടെ വലിച്ചിട്ട ഡോക്ടര്‍ തീ തുപ്പി. 'അതോ അതിലും കവിഞ്ഞ...'
ഡോക്ടറുടെ ശബ്ദത്തിലെ പുച്ഛം എന്റെ മനസ്സില്‍ത്തട്ടി. ഒരു പ്രണയിതാവും എനിക്കിന്നുവരെ ഉണ്ടായിരുന്നിട്ടില്ല. സുന്ദരിയല്ലാത്തതിനാല്‍ ആരും തിരിഞ്ഞുനോക്കാറുപോലുമില്ല. പക്ഷേ, അതീ ഡോക്ടര്‍ ഓര്‍മ്മിപ്പിക്കേ കാര്യമില്ലല്ലോ. വിവരമില്ലാത്ത വക. കാശു കൊടുത്ത് ഡോക്ടറാവുന്നവരാണ് പ്രധാനമായും ഇങ്ങനെ സംസാരിക്കുക. 'കാമുകനുണ്ടാവുന്നത് കുറ്റമാണെന്നാണല്ലൊ. കേട്ടാല്‍ തോന്നുക. 'ഞാന്‍ ഈര്‍ഷ്യയോടെ പറഞ്ഞു: 'ഉണ്ടെങ്കില്‍ തന്നെ അതെന്റെ വ്യക്തിപരമായ കാര്യമാണ്. നിങ്ങളതില്‍ തലയിടണ്ട.'
'ആ! അതുതന്നെ കാര്യം.' ഡോക്ടറുടെ ശബ്ദത്തില്‍ പുച്ഛം ഒന്നുകൂടി കൂടി. 'കാര്യം കഴിഞ്ഞപ്പോള്‍ ഇട്ടെറിഞ്ഞുപോയിക്കാണും.'
അതെന്റെ മര്‍മ്മത്തു കൊണ്ടു. ഇതാണ് ദൈവമുണ്ടായിട്ട് യാതൊരു കാര്യവുമില്ലെന്ന് എനിക്ക് പലപ്പോഴും തോന്നാന്‍ കാരണം. സഭാവാസിയാവാനല്ലല്ലോ നമുക്ക് ദൈവം വേണ്ടത്.
'ഏയ്! ' ഞാന്‍ ഗൗരവത്തിലാണെന്ന ഭാവത്തില്‍ ചളിപ്പ് മറച്ച് പറഞ്ഞു: 'അതും പറഞ്ഞ് ഞാന്‍ തന്റെ പിന്നാലെ വന്നിട്ടൊന്നും ഇല്ലല്ലോ.'
ഡോക്ടര്‍ എന്നെ ഒരു നിമിഷം ആ നേഴ്‌സ് നോക്കിയതുപോലെ അമ്പരപ്പോടെ നോക്കി.
പോയി പണിനോക്കെടോ, എന്റെ പ്രേമമന്വേഷിക്കാതെ എന്നു പറയണമെന്നുണ്ടായിരുന്നു.
മൂന്നു നാലു ദിവസത്തെ ബോധക്ഷയത്തിനുശേഷം ഇത്രയും നേരം സംസാരിച്ചതുതന്നെ വളരെ ബുദ്ധിമുട്ടിയാണ്. കണ്‍പോളകള്‍ താനെ അടയുന്നു. ദൈവം പിന്നേയും ഇടപെടുന്നു.
'ശിക്ഷയ്‌ക്കൊന്നും വിളിച്ചതല്ല ഞാന്‍.' ദൈവം പറഞ്ഞു: 'കുറച്ചു കൂടി അവിടെ താമസിച്ചിട്ട് വരൂ. അറ്റ്‌ലീസ്റ്റ് ഫോര്‍ എ ചേഞ്ച്. ഇവിടേക്ക് എപ്പോഴും വരാമല്ലോ.'
എന്റെ മനസ്സ് വല്ലാതെ ചുട്ടു. എന്നും ആകെയുള്ള ഒരാശാകേന്ദ്രമായിരുന്നു ഈ സ്ഥലം. പൊറുതിമുട്ടിയാല്‍ രക്ഷപ്പെടാവുന്ന, തിഷ്ടപ്രകാരം കേറിവരാവുന്ന ഒരു സ്ഥലം. അതും ഇത്ര ബോറാണെന്നു വന്നാല്‍...
ഒരൊഴുക്കുമില്ലാതെ തളംകെട്ടി നാറുന്ന വെള്ളത്തിലെന്നപോലെ എന്റെ മനസ്സിനു മീതെ അഴുക്കിന്റെ പാട വീണ്ടുംകെട്ടി.
'അതു പോട്ടെ,'ഒരു കുസൃതിച്ചിരിയോടെ ദൈവമാരാഞ്ഞു: 'ഒരു മറുചോദ്യം. ഈ ധൃതികൂട്ടലിന് എന്തായിരുു കാരണം? '
കടുത്ത മടുപ്പും തികഞ്ഞ ഉത്സാഹക്കുറവും ഒരു പൂപ്പല്‍പോലെ മനസ്സിനെ പൊതിഞ്ഞ കാലം. ആരും ഒന്നും മനസ്സിനെ തൊട്ടില്ല. ഉണര്‍ത്തിയതുമില്ല. സന്ധ്യക്ക് കോലായത്തലപ്പില്‍ തൂണും ചാരി ഇരിക്കുമ്പോള്‍ മനസ്സിനെ കുലുക്കി ഉണര്‍ത്തുന്ന എന്തിനെങ്കിലും വേണ്ടി കൊതിച്ചിട്ടുണ്ട്. ഒരു തുടക്കത്തിന് - തുടര്‍ച്ചയ്ക്ക്. ചാരനിറമുള്ള ദിവസങ്ങള്‍ ഉണക്ക ഇലകളെപ്പോലെ ചുറ്റും ചിതറിയതിനു മുകളിലൂടെ കാല്‍ തട്ടിത്തെറിപ്പിച്ച് അലക്ഷ്യമായി നടന്ന ദിവസങ്ങള്‍. മുരിങ്ങയുടെ ഇലകള്‍ക്കിടയിലൂടെ സ്വര്‍ണ്ണത്തുട്ടുകള്‍പോലെ ചിതറി വീണ നിലാവില്‍ ഈ യാത്രയ്ക്ക് പുറപ്പെടുമ്പോള്‍ മനസ്സ് ശുദ്ധശൂന്യമായിരുന്നു. ദൈവം എങ്ങിനെയിരിക്കും എന്ന് മനസ്സ് കുതൂഹലം കൊണ്ടതും യാത്രയുടെ അങ്ങേ അറ്റത്ത് ദൈവം കൈനീട്ടി തന്നെ സ്വാഗതം ചെയ്യുന്നതും മടുപ്പകറ്റാന്‍ ക്രോസ് വേഡ് കളിക്കുന്നതു പോലെ തിരിച്ചും മറിച്ചും ഇട്ടുനോക്കിയിട്ടുണ്ട് അന്ന്.
തിളങ്ങുന്ന മേലങ്കിയും തിളങ്ങുന്ന പരിഹാരങ്ങളുമായി തന്റെ മുിലെത്തുമെന്ന് പ്രതീക്ഷിച്ച ദൈവം പക്ഷേ, അന്നും വന്നില്ല.
പതിവുപോലെ തന്നെ.
ഒരു മരവിപ്പുപോലെ മുന്നില്‍ അനക്കമറ്റുകിടന്ന വഴിയുടെ അങ്ങേ അറ്റത്ത് പ്രത്യക്ഷപ്പെട്ടത് ക്ലീനായി താടിവടിച്ച, ഉലയാത്ത ടെറിലിന്‍ ഷര്‍ട്ടും ഷൂസും ധരിച്ച സെന്റു പൂശിയ മനോരോഗവിദഗ്ധനായിരുന്നു.
ഒരു പ്രകോപനവുമില്ലാതെ, നിലാവും സുഗന്ധവും നിറഞ്ഞ രാത്രിയില്‍ മോഹത്തോടെ ദൈവത്തെ അന്വേഷിച്ച ഞാന്‍ സ്വര്‍ഗത്തിലേക്ക് യാത്രയായത് അദ്ദേഹത്തിന് ഒട്ടും രുചിച്ചില്ല.
അദ്ദേഹത്തിന് കാരണങ്ങളില്‍, യുക്തിയില്‍ അത്യധികം വിശ്വാസമായിരുന്നു. വടിവൊത്ത കാരണങ്ങളില്ലാത്തവയില്‍ തികഞ്ഞ അവിശ്വാസവും.
'ആത്മഹത്യാശ്രമത്തിന്റെ കാരണം?' കസേലയില്‍ മുന്നോട്ടാഞ്ഞിരുന്ന് ഒരു ചെറിയ സ്‌ക്രൂഡ്രൈവര്‍കൊണ്ട് എന്റെ കാല്‍മുട്ടില്‍ തട്ടി വിദഗ്ധന്‍ ചോദിച്ചു. 'എന്തിനും ഒരു കാരണം വേണമല്ലോ. '
'എന്താണ് സാധാരണ എല്ലാവരും പറയുന്ന ഉത്തരം? 'ഞാന്‍ അലക്ഷ്യമായി ചോദിച്ചു. 'അത് ഞാനും പറയാം.'
വിദഗ്ധന്‍ കണ്ണിലേക്കുറ്റുനോക്കി. എനിക്ക് കണ്ണുകള്‍ വേദനിക്കുന്നു എന്നു തോന്നി.
'സാരല്യ.' രക്ഷിതാവിനെ നോക്കി വിദഗ്ധന്‍ ചിരിച്ചു: 'പ്രായത്തിന്റെ ധിക്കാരമാണ്. മരുന്നുകഴിച്ചാല്‍ ഭേദമാക്കാവുന്നതേയുള്ളു.'
ഒരു നിമിഷത്തെ കണ്ണടച്ചിരുന്നാലോചനയ്ക്കുശേഷം അദ്ദേഹം ഖിനന്നായിരിക്കുന്ന രക്ഷിതാവിനെ തട്ടിവിളിച്ചു. 'പെകുട്ടിയല്ലേ. വിവാഹവും നല്ല മരുന്നാണ്.'
'ഓഹോ!' ഉറക്കെ, ആവശ്യത്തിലധികം ഉറക്കെ ഞാന്‍ ചിരിച്ചു. പിടയാന്‍പോലും ഇടംകൊടുക്കരുതെന്നര്‍ത്ഥം. കൂച്ചുചങ്ങലതയ്യാര്‍!
'മടുപ്പാണ് കാരണം' ഒരു ക്ഷമാപണവും തിരുത്തലുമെന്നപോലെ ഞാന്‍ ധൃതിയില്‍ പറഞ്ഞു.
'മടുപ്പോ!' അതൊരവസ്ഥയാവാം. പക്ഷേ, കാരണമാകാന്‍ വയ്യ. ഇന്നുവരെയുള്ള രേഖകളില്‍ ഇത്തരമൊരു കാരണം ആത്മഹത്യക്ക് പ്രേരകമായി പറഞ്ഞിട്ടില്ല.
ഞാന്‍ അന്തംവിട്ടു പോയി. 'പക്ഷേ, അതാണ് സത്യം.' ഞാന്‍ ചീറി. 'എനിക്കു തോന്നുന്ന സാധനത്തിന് മടുപ്പ് എന്നല്ലാതെ മറ്റൊരു വാക്ക് എനിക്കറിയില്ല.'
'ഇടയ്ക്കിടയ്ക്ക് സ്വപ്നങ്ങള്‍ കാണാറുണ്ട് അല്ലേ? ' വിദഗ്ധനാണ്.
' ധാരാളം.' ഞാന്‍ പറഞ്ഞു. 'എല്ലാവരും കാണാറില്ലേ? നിങ്ങളും?'
'പാമ്പിനെ?'
'ഇല്ല.' പോക്ക് എങ്ങോട്ടാണെ് വ്യക്തമായതിനാല്‍ ഞാന്‍ സഗൗരവം പറഞ്ഞു. എന്നാല്‍ പല്ലി, പൂച്ച, ഈച്ച എന്നിവ എന്നെ തിന്നാന്‍ വരുന്നു എന്നും തീമഴ പെയ്യുന്നു എന്നും ഡോക്ടറുടെ ഉടുപ്പിട്ട ജീവികള്‍ തലകീഴായി നടക്കുന്നു എന്നും ആണ് സാധാരണ സ്വപ്നം കാണാറ്. ഫ്രോയിഡിന്റെ പുസ്തകങ്ങള്‍ ദിനോസറുകള്‍ വിഴുങ്ങുന്നു എന്നും കാണാറുണ്ട്.
'ഗുഡ്. സംഗതി അതുതന്നെ.' ഡോക്ടര്‍ ആലോചനാമഗ്നനായി, 'മരുന്നു കഴിച്ച് ഭേദമാക്കാവുന്നതേയുള്ളു. നമുക്ക് സ്വപ്നങ്ങളില്ലാതെയാക്കാം. '
നെഞ്ഞത്തു കൈവെച്ചുപോയി. മടുപ്പില്‍നിന്നുള്ള ഏക രക്ഷ ഉറക്കവും സ്വപ്നങ്ങളും മാത്രമാണ്.
'ഉറക്കം കുറവായിരിക്കും അല്ലേ?' വീണ്ടും വിദഗ്ധന്‍. ഒരു നിമിഷം മനസ്സ് പിടിച്ചപടിനിന്നു. പക്ഷേ, ഉറക്കഗുളിക കിട്ടാന്‍ നുണ പറയുകയേ വഴിയുള്ളു.
'അതെ.' നെറ്റി തടവി ഉറക്കച്ചടവും ക്ഷീണവും അഭിനയിച്ച് ഞാന്‍ പറഞ്ഞു: 'ഉറക്കമില്ല എന്നുതന്നെ പറയാം.'
'ഗുഡ്.' മനോരോഗമാണെതിന് മറ്റൊരു തെളിവുകൂടി കിട്ടിയ സന്തോഷത്തില്‍ അദ്ദേഹം രക്ഷിതാവിനെ നോക്കി.
'ലക്ഷണങ്ങള്‍ എല്ലാം ശരി. പേടിക്കേണ്ട. നമുക്ക് ഉറക്കം വരുത്താം.'
ഉറക്കഗുളികകള്‍ ജീവിതത്തിലെത്തിപ്പെടുന്നത് അന്നുമുതലായിരുന്നു.
'പല പല ശബ്ദങ്ങള്‍ കേള്‍ക്കുന്നു എന്നു തോാറുണ്ടോ?' കണ്ണട മുഖത്തുനിന്നൂരി മുന്നോട്ടൊന്നുകൂടി ആഞ്ഞിരുന്ന് വിദഗ്ധന്‍ എന്നെ ഉറ്റുനോക്കി.
'തോലല്ല.  പല ശബ്ദങ്ങളും ഞാന്‍ കേള്‍ക്കാറുണ്ട്. എനിക്ക് ചെവിക്ക് യാതൊരു കേടുമില്ല.'
'ആരെയെങ്കിലും ഉപദ്രവിക്കണം എന്നു തോന്നാറുണ്ടോ? '
' ധാരാളം.' ഞാന്‍ ശാന്തയായി പറഞ്ഞു: 'താങ്കള്‍ക്ക് തോന്നാറില്ലേ? '
വിദഗ്ധന്‍ എന്റെ പിന്നിലേക്ക് നോക്കി. അതികായന്മാര്‍ എന്റെ തൊട്ടുപിന്നില്‍ നിന്നിരുന്നു. അവര്‍ ഒന്നുകൂടി എന്റെ അടുത്തേക്ക് നീങ്ങി.
ഒരാള്‍ക്ക് വെളുത്തുള്ളിയുടെയും മറ്റേ ആള്‍ക്ക് പുളിച്ച മോരിന്റെയും മണം. കുത്തുന്ന നാറ്റം.
ഞാന്‍ പതുക്കെ എഴുന്നേറ്റു. എന്റെ മുഖത്തെ ഭാവമാറ്റം വിദഗ്ധന്‍ ശ്രദ്ധിച്ചിരിക്കണം.
'പതിവാണ്.' വിദഗ്ധന്‍ രക്ഷിതാവ് കേള്‍ക്കെ പറഞ്ഞു: 'കാരണമില്ലാതെ അക്രമാസക്തരാവുത് സുഖക്കേടിന്റെ മറ്റൊരു ലക്ഷണമാണ്. അവളെ പിടിച്ചേക്കു. 'ചെറിയ മുറിയാണെന്നതു മറന്ന് അതികായന്മാരുടെ ഇടയിലൂടെ ജീവനുംകൊണ്ട് ഞാന്‍ പുറത്തേക്കോടാന്‍ ശ്രമിച്ചത് അപ്പോഴാണ്.
ഇന്‍ജക്ഷന്റെ മയക്കത്തില്‍നിന്നും നരച്ച ചുമരുകള്‍ക്കു നടവില്‍ പിന്നെ ഞാനുണരുമ്പോള്‍ ചുറ്റും മങ്ങിയ ഇരുട്ടായിരുന്നു. നിറഞ്ഞ നിശ്ശബ്ദതയും.
സ്വര്‍ഗം ഇതാണോ എന്ന് ഒരു നിമിഷം ഞാന്‍ ശങ്കിച്ചതോര്‍മയുണ്ട്. എങ്കില്‍ എവിടെ ദൈവം?
ആ ചെറിയ മുറി എന്റെ വീട്ടിലെ ചായ്പായിരുന്നു എന്ന് പിന്നെയാണ് മനസ്സിലായത്. അക്രമാസക്തിക്കും അലംഭാവത്തിനും കടിഞ്ഞാണിടുന്ന എപ്പോഴും അടഞ്ഞവാതില്‍. പിടഞ്ഞുപോയ മനസ്സിനുമുകളില്‍ ചാര നിറമുള്ള ദിവസങ്ങള്‍ ഉണക്ക ഇലകളെപ്പോലെ വീണ്ടും പാറി. ചുമരിലും തട്ടിലും നിറഞ്ഞു. അടഞ്ഞവാതിലിന്റെ ഓടാമ്പലിലും പൂട്ടുതുളയിലും ഒക്കെ ഉണക്ക ഇലകള്‍. ജനല്‍ക്കഴികള്‍ക്കപ്പുറത്ത് ഒരു കാവല്‍ക്കാരനെപ്പോലെ ലോകം. എനിക്കൊന്നും പറയാനില്ലാത്ത ലോകം.
ഉണര്‍ച്ചയുടെ പിടച്ചിലുകള്‍ തന്നത് അസ്വാസ്ഥ്യം മാത്രമായിരുന്നു. അര്‍ത്ഥവും ആവശ്യവുമില്ലാത്ത അസ്വാസ്ഥ്യം.
കാരണമാകാന്‍ കെല്പില്ലാത്ത അസ്വാസ്ഥ്യം.
ദൈവവുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് വീണ്ടും കൊതിപൂണ്ടത് അപ്പോഴെപ്പോഴോ ആയിരിക്കണം.
'നിങ്ങള്‍ക്കിങ്ങനെ ഓരോന്ന് കാണിച്ച് ഇങ്ങോട്ട് വന്നാല്‍ മതി.' മീശക്കാരന്‍ ഡോക്ടര്‍ പയ്യന്റെ ചെറുപ്പമേറിയ മുഖത്ത് തിരക്കും അരിശവും കുമിഞ്ഞു. 'മരിക്കാത്തവരെ രക്ഷിക്കാന്‍ തന്നെ ഞങ്ങള്‍ക്കിവിടെ സമയമില്ല.'
'ചെയ്യരുതാത്തതാണ് നിങ്ങള്‍ ഓരോതവണയും ചെയ്തത്.' സ്റ്റെതസ്‌കോപ്പ് കഴുത്തിലിട്ട് കെറുവോടെ ഇരിക്കുന്ന ഡോക്ടറെ കണ്ടപ്പോള്‍ എന്റെ ചളിപ്പ് ഒന്നുകൂടി. 'എന്നെ രക്ഷിക്കാന്‍ ഞാന്‍ പറഞ്ഞില്ല. ഇനി അതിനൊരു നന്ദിപ്രകടനവും വേണോ? '
'കുറ്റം ചെയ്തതും പോരാ.' ഡോക്ടര്‍ ചൊടിച്ചു. 'പുറമെ ഡംഭും?' ഇത്തരം കാരുണ്യപ്രകടനങ്ങളാണ് ഒട്ടും സഹിക്കാത്തത്. ഇനി ദൈവത്തെ നേരിട്ടു കാണുമ്പോള്‍ ഇത്തരം കഥാപാത്രങ്ങളെക്കുറിച്ച് പറയണം. അദ്ദേഹത്തിനെങ്കിലും ഒരു വൈവിധ്യമാവും.
'കുറ്റമോ! ഇത്തവണ ഉറക്കഗുളികകള്‍ സംഘടിപ്പിച്ചത് എന്റെ മിടുക്കാണ്.'
'എല്ലാവരേയും കബളിപ്പിച്ച് എങ്ങനെയാണ് ഉറക്ക...
'നോ ഹൗ ചോദിക്കുന്നത് വെറുതെയാണ് ഡോക്ടര്‍. ഞാന്‍ പറയില്ല. ചെറുപ്പമായാലും ഡോക്ടറായാലും മര്യാദവേണം.'
ഇത്തരം ഉത്തരങ്ങള്‍ നിങ്ങളെ എത്തിക്കുക ജയിലിലാണ്. ഈ പേനകൊണ്ട് ഒറ്റ വരമതി നിങ്ങള്‍ അകത്താവാന്‍.'
'ശരിക്കും അതാണ് നിങ്ങളുടെയും എന്റെയും ട്രാജഡി.'
'ആത്മഹത്യാശ്രമം കുറ്റമാണ്.'
'കാരണം? '
'നിങ്ങളുടെ ജീവന്‍.'
'ഒു പോടോ മനുഷ്യാ. കുറ്റം മുഴുമിക്കാനാവാത്തതിനല്ലേ ശിക്ഷ?'
'നിങ്ങള്‍ക്ക് ശരിക്കും മരിക്കണമായിരുന്നോ?' ഡോക്ടര്‍ അത്ഭുത്തോടെ എന്നെനോക്കി. 'ഇപ്പോഴും? '
'എന്താ സഹായിക്കാന്‍ പ്ലാനുണ്ടോ? '
'സത്യത്തില്‍ ഡോക്ടര്‍, ദൈവത്തെ കാണുന്നവരെ എനിക്ക് മോഹമുണ്ടായിരുന്നു. സ്വര്‍ഗത്തില്‍ അദ്ദേഹത്തിനും വളരെ മുടപ്പാണത്രെ. നന്മമാത്രം, ദൈവമായാലും എത്ര കാണും. ഒരു കിക്ക് ഇല്ല എന്നാണ് പറയുന്നത്. മാത്രമല്ല എപ്പോഴും തന്നിഷ്ടപ്രകാരം ചെല്ലാം എന്നതുകൊണ്ട് ലോകത്തിലെ വൈവിധ്യം വേണ്ടത്ര ആസ്വദിച്ചതിനുശേഷം പോരെ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. എന്തെങ്കിലും ചെയ്യാന്‍ ഇവിടെയേ ഒരു ചാന്‍സുള്ളുവത്രെ.'
ഡോക്ടര്‍, ചെറുപ്പക്കാരനായ ഡോക്ടര്‍ എന്നെ കുറച്ചുനേരം കഥാഭാഷയില്‍ പറഞ്ഞാല്‍ തറച്ചുനോക്കി.
പിന്നെ സൗമ്യമായി എന്റെ കൈ തലോടി.
'സാരമില്ല്യ. എല്ലാവര്‍ക്കും ഉണ്ടാവുതാണിതൊക്കെ.' അദ്ദേഹം പറഞ്ഞു. 'നിങ്ങള്‍ മനോരോഗത്തിന്റെ പിടിയിലാണെന്ന് ഞാന്‍ സര്‍ട്ടിഫൈ ചെയ്യുന്നു. സത്യവും അതാണല്ലോ. നിങ്ങള്‍ക്കപ്പോള്‍ ജയിലില്‍ പോകേിവരില്ല. '
'നന്ദി. ദാറ്റ്‌സ് ലൈക്ക് എ ഡോക്ടര്‍! ജയില്‍ എന്തായാലും പരമബോറാണ്. മനോരോഗ വിദഗ്ധനെക്കൂടി ഒന്നൊഴിവാക്കി...' പുഴുക്കുത്തുകള്‍ നിറഞ്ഞ ഫാനിനു മുകളില്‍ മുഷിഞ്ഞ മേലങ്കിയുടെ അറ്റം ഞാന്‍ കണ്ടു.
ദൈവം വിജയാഹ്ലാദത്തോടെ എത്തിനോക്കുന്നു. വിവരമറിയാന്‍. വ്യത്യസ്തമായ കഥകള്‍ കേള്‍ക്കാന്‍ ദൈവം ക്ഷമയോടെ കാത്തിരിക്കുന്നു.

No comments:

Post a Comment