Followers

Tuesday, June 23, 2015

ഉത്താരാര്‍ധം

പുലര്‍ച്ചയുടെ നനവ് പുല്‍ത്തകിടിയില്‍ ബാക്കി നിന്നിരുന്നു. പാര്‍ക്കിന്റെ അകത്ത് വൃദ്ധന്മാര്‍ കൂട്ടമായി ഇരുന്നു. വെളളവസ്ത്രങ്ങള്‍ ധരിച്ച അവരുടെ വൃത്തം ആ പച്ചപ്പിനുമുകളില്‍ വടുക്കെട്ടുപോലെ      വെളുപ്പാര്‍ന്ന ഒരു പാടുണ്ടാക്കി.
  അകലെ നിവര്‍ത്തിയ ഒരു പുസ്തകവുമായി തണുപ്പുളള ഒരു ബഞ്ചില്‍ ഒറ്റയ്ക്കിരിക്കുകയായിരുന്നു ഞാന്‍. പുറത്ത് ലോകം തിരക്കാര്‍ന്നുകഴിഞ്ഞു. അതിനു നടുവിലെ ആ ഇത്തിരി വിജനതയ്ക്കുള്ളില്‍ ഇരുന്ന് വൃദ്ധന്മാര്‍ കൂട്ടമായി പാടി. സുന്ദരമായ ഈ ലോകം തങ്ങള്‍ക്ക് സമ്മാനിച്ച ദൈവത്തെ സ്തുതിക്കുകയായിരുന്നു അവര്‍. വിറച്ചും മങ്ങിയും മുറിഞ്ഞും വീഴുന്ന ആ ശബ്ദം വൃത്തികേടുകളില്‍ തട്ടി വേച്ചു വേച്ചൊഴുകുന്ന അഴുക്കുചാലിലെ വെള്ളംപോലെ, അലോസരപ്പെടുത്തുന്ന ഒരനൗചിത്യംപോലെ, അവിടെ തളംകെട്ടി.
    വെയില്‍ മൂക്കാന്‍ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. ഭജന കഴിഞ്ഞ് വൃദ്ധന്മാര്‍ തണലുകളിലേക്ക് മാറിയിരുന്നു. കാല്‍ക്കീഴിലെ പുല്ലില്‍ ബാക്കിനിന്ന നനവില്‍ കാല്‍ അമര്‍ത്തിവെച്ച് ഞാന്‍ വീണ്ടും പുസ്തകം മറിച്ചു.
  “ഞാനിവിടെ ഇരിക്കാം.” ബഞ്ചിലെ ഒഴിഞ്ഞ സ്ഥലം ചൂണ്ടിയാണ് വൃദ്ധന്‍ പറഞ്ഞത്. “വിരോധമില്ലല്ലോ. ”
  വൃദ്ധന്‍ വരുന്നത് ഞാന്‍ കണ്ടിരുന്നു. പാര്‍ക്കില്‍ പലയിടത്തും സ്ഥലം ഒഴിഞ്ഞുകിടന്നിട്ടും എന്റെ അരികിലേക്കയാള്‍ വന്നത് എനിക്കൊട്ടും ഇഷ്ടമായില്ല. ഇരിക്കരുതെന്ന് പറയുന്നത് പക്ഷേ, മര്യാദകേടാകുമെന്നതിനാല്‍ അയാളെ അപ്പോള്‍ കണ്ടതു പോലെ താന്‍ ചിരിച്ചു.
“തീര്‍ച്ചയായും, ” ഞാന്‍ പറഞ്ഞു: “ഇരിക്കൂ. ”
സീറ്റില്‍ തൊട്ടടുത്തിരുന്ന് വൃദ്ധന്‍ ചിരിച്ചു.
“ആരൊക്കെയുണ്ട് വീട്ടില്‍? ”
നഗരത്തില്‍ തീരെ അപരിചിതനായ ഒരാളില്‍നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ആ ചോദ്യം എന്നെ തെല്ലൊന്നമ്പരപ്പിച്ചു.
“എല്ലാവരും”
“എനിക്കുമതെ, കുട്ടികള്‍?”
“കുട്ടികളില്ല.” പുസ്തകത്തില്‍നിന്നും കണ്ണെടുക്കാതെയാണ് ഞാന്‍ പറഞ്ഞത്.
“ഓ....ഭര്‍ത്താവ്? ”
കണ്ണുയര്‍ത്തി ഞാനയാളെ ഒന്നൂന്നിനോക്കി. സംസാരിക്കാനുള്ള എന്റെ താല്പര്യമില്ലായ്മ അയാളെ നിരുത്സാഹപ്പെടുത്തിയിരിക്കണം. മെലിഞ്ഞുചുങ്ങിയ കൈപ്പടങ്ങള്‍ കണ്ണിനുമീതെ ഉയര്‍ത്തി,ആകെ മൂടിയ വെള്ളത്തുണിപോലെ, തലയ്ക്കുമീതെ നിന്ന ആകാശത്തിലേക്ക് അയാള്‍ കണ്ണുനട്ടു. വെയില്‍, ബെഞ്ചിന്റെ തുമ്പില്‍, വൃദ്ധന്റെ തുടയ്ക്കടുത്ത് വീണുകിടന്നു.
വൃദ്ധന്റെ ചൂളിക്കൂടിയുള്ള ആ ഇരിപ്പും മുഖം നിറയെ ഉളള ചുളിവുകളും കാലിലെ ഞരമ്പും വെയിലിന്റെ ആ കഷണവും ഒക്കെ എന്നെ അലോസരപ്പെടുത്തിയിരിക്കണം. അയാളുടെ മുഖത്തെ ഭാവം ഇഴ പിരിക്കാനാവാത്ത ഒരു അസ്വാസ്ഥ്യമാണ് എന്നിലുളവാക്കിയത്. ഞാനാണെങ്കില്‍ അയാളെ വേദിപ്പിക്കാന്‍ ഒട്ടും ഉദ്ദേശിച്ചിരുന്നില്ലതാനും.
“ഇങ്ങോട്ട് നീങ്ങിയിരുന്നോളൂ.” എന്റെ അടുത്തുളള തണലിലേക്ക് ചൂണ്ടി ഒരു പ്രായശ്ചിത്തം പോലെ ഞാന്‍ പറഞ്ഞു. “വെയിലിന്  ചൂടേറുന്നു. ”
“നന്ദി.” മുഖം നിറയെ ചിരിച്ച് വൃദ്ധന്‍ എന്റെ അരികിലേക്ക് നീങ്ങി. അയാളുടെ കണ്ണുകളുടെ കടയ്ക്കല്‍ പീള പാടകെട്ടിയിരുന്നു. ചിരിക്കുമ്പോള്‍ കോറയ്ക്കലെ ചുളിവുകളിലൂടെ തുപ്പലിന്റെ നനവ് പുറത്തേക്ക് പരന്നത് തുടയ്ക്കാന്‍ ശ്രമിച്ച് അയാള്‍ വീണ്ടും ചിരിച്ചു.
“ഭര്‍ത്താവ് പുറത്ത് പോയിരിക്കുകയാണ്. ”
ആ ചോദ്യത്തിന്റെ ആവര്‍ത്തനം ഒഴിവാക്കാനായി തിടുക്കത്തില്‍ ഞാന്‍ പറഞ്ഞു: സത്യത്തില്‍ ഞാനും നിസ്സഹായയായിരുന്നു. ഇന്ന് രാവിലെ ഒരു ക്ഷമാപണത്തോടെ ഭര്‍ത്താവ് പുറത്തേക്കിറങ്ങിയപ്പോള്‍ അയാളെ പോകാനനുവദിക്കുകയാണോ, അതോ തടയുകയാണോ, എങ്കില്‍ എങ്ങനെ എന്നൊന്നും എനിക്ക് തീര്‍ച്ചയുണ്ടായിരുന്നില്ല. തലേന്ന് രാത്രി അന്യസ്ത്രീയുമായുളള തന്റെ സ്‌നേഹബന്ധത്തെപ്പറ്റി ഭര്‍ത്താവ് എന്നോട് പറഞ്ഞിരുന്നതാണ്. പക്ഷേ, അപ്പോഴോന്നും അതുവരെയുളള പന്ത്രണ്ടു കൊല്ലങ്ങളുടെ ആകെത്തുകപോലെ ഒന്നു പതുക്കെ തലയാട്ടി, വാതില്‍ പകുതി തുറന്ന് “ഞാന്‍ പോകട്ടെ” എന്നു പറയുന്ന ഒരു ഭര്‍ത്താവിനെ ഞാന്‍ സങ്കല്പിച്ചിരുന്നതേയില്ല. അദ്ദേഹം അതീവ ശാന്തനായിരുന്നു. അതിനാല്‍ വിദ്യാസമ്പന്നയും ഒരുവിധംപ്രായവുമുളള ഏതൊരു സ്ത്രീയും ചെയ്യേണ്ടതുപോലെ ഏറെ ശാന്തയായിത്തന്നെ ആ വാര്‍ത്ത സ്വീകരിക്കേണ്ടത് എന്റെ കടമയായി. ഇത്തരമൊരു സന്ദര്‍ഭത്തില്‍ തന്റെ ഭര്‍ത്താവ് തന്നോട് തട്ടിക്കയറിയിരുന്നെങ്കില്‍ ഒരു പക്ഷേ, തനിക്കദ്ദേഹത്തോട് തോന്നുക പുച്ഛമാവും. കടുത്ത അവജ്ഞയും. “എനിക്ക് മനസ്സിലാവുന്നു”. അതിനാല്‍ ഞാന്‍ പറഞ്ഞു.
എന്നിട്ട് പതിവുപോലെ ഭര്‍ത്താവിനുളള കാപ്പിയും ചൂടുവെളളവും ഉണ്ടാക്കി. മുന്‍പൊരു ദിവസം അദ്ദേഹത്തിനു വേണ്ടി വാങ്ങിയ ഷര്‍ട്ട് അന്നുതന്നെ അദ്ദേഹത്തിന് കൊടുക്കാന്‍ തീരുമാനിച്ചത് അപ്പോഴെപ്പോഴോ ആയിരിക്കണം. വളരെ നല്ലതാണെന്ന അഭിപ്രായത്തോടെ, നന്ദി പറഞ്ഞ് എനിക്കതദ്ദേഹം   മടക്കിതന്നു. അത് കൈയ്യില്‍ മേടിച്ച് എന്തു ചെയ്യണമെന്നറിയാതെ, കുറച്ചു നേരത്തിനു ശേഷം താനത് അടുത്തുളള മേശപ്പുറത്തേക്കിട്ടു. അതോടെ ഒരു നൂറായിരം ചോദ്യങ്ങള്‍, സംശയങ്ങള്‍ എല്ലാം, അടിക്കല്ലിളകിയ ഒരു കൂമ്പാരം പോലെ എന്റെ മനസ്സിലേക്കിടിഞ്ഞു ചിതറി. എന്റെ ഭര്‍ത്താവിന്റെ സ്‌നേഹിത സുന്ദരിയോ? കട്ടിലില്‍ ഇരുന്നോ, ചാഞ്ഞുകിടന്നോ അദ്ദേഹം എന്നെപ്പറ്റി അവരോട് സംസാരിച്ചിരിക്കുക? കാമുകന്റെ ലാളനകള്‍ക്കു കീഴെ കണ്ണടച്ചു മയങ്ങുമ്പോള്‍ അവര്‍ എന്തായിരിക്കും ഓര്‍ത്തിരിക്കുക... വാതില്‍ പകുതി തുറന്ന് എന്നോട് യാത്രചോദിക്കുന്ന ഭര്‍ത്താവിന്റെ മുഖത്തു തന്നെ നോക്കിനിന്നാണ് ഞാനിത്രയും ആലോചിച്ചത്. ഞാനെന്തെങ്കിലും പറയുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരിക്കണം. അല്പ നേരത്തെ കാത്തിരിപ്പിനു ശേഷം അദ്ദേഹം വാതില്‍ പതുക്കെ ചാരി. വാതില്‍ സാക്ഷപോലെ മേശപ്പുറത്തു കിടന്ന ആ ഷര്‍ട്ടിനും ചാരിവെച്ച ആ വാതിലിനും പിന്നില്‍നിന്ന് ഞാന്‍ പുറത്ത്കടന്നത് പിന്നേയും ഏറെ കഴിഞ്ഞാണ്.
“എല്ലാം തെറ്റിച്ചു”. വൃദ്ധന്‍ അരിശത്തോടെ വാക്കിങ്സ്റ്റിക്കിന്റെ അറ്റം മണ്ണില്‍ അര്‍ത്തിക്കുത്തി. “നിങ്ങളുടെ സംശയങ്ങള്‍. നമുക്ക് ജീവിക്കണ്ടേ? നിങ്ങള്‍ ആകെ തെറ്റിക്കളിച്ചു.” സൂചിയുടെ പഴുതിലൂടെ പുറത്തേക്കു ചാടുന്ന ചലംപോലെ എന്റെ വാക്കുകള്‍ ഒഴുകിയതും പരന്നതും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. വൃദ്ധന്‍ അപരിചിതനാണ് എന്നതുകൊണ്ടാവണം ഞാന്‍ പറയാന്‍ തുടങ്ങിയത് ജാള്യത്തോടെ ഞാന്‍ പെട്ടെന്നു നിറുത്തി.
“താങ്കളാണെങ്കിലോ? എന്തു ചെയ്യുമായിരുന്നു? ”
“മറ്റവളെ നാലു ചാര്‍ത്തുക; മോശം എന്നല്ലേ? അത് നിങ്ങളുടെ ചെറുപ്പം കൊണ്ടാണ്. മനസ്സിലാകുന്നുവത്രെ! ആര്‍ക്കാണ് മനസ്സിലാകായ്ക? ”വടിയുടെ അറ്റം അമര്‍ത്തിപ്പിടിച്ച് അയാള്‍ ഒന്നുകൂടി എന്റെ അരികിലേക്ക് ചാഞ്ഞു. “ഞാന്‍ ജോലിയില്‍ നിന്ന് പിരിഞ്ഞ് വീട്ടിലിരുന്നപ്പോള്‍ മകന്‍ അവന്റെ മകനെ നോക്കാനാണ് എന്നോട് പറഞ്ഞത്. അപ്പോള്‍ എനിക്ക് തോന്നിയതും മനസ്സിലാകുന്നു എന്നാണ്.”
“പണമല്ലച്ഛാ പ്രധാനം. കുട്ടി അച്ഛന്റെ അടുത്താവുമ്പോള്‍ ഞങ്ങള്‍ക്കെത്ര സമാധാനമാണ്.”   എനിക്കുളള ഭക്ഷണം മേശപ്പുറത്തടച്ചുവെച്ച് കട്ടില്‍ത്തലയ്ക്കല്‍ ചുക്കുവെളളം വച്ച് കര്‍ട്ടന്‍സ് നേരെ വലിച്ചിട്ട് ജോലിക്ക് പോകുമ്പോള്‍ എന്റെ മരുമകള്‍ പറയും“ അച്ഛന്റെ പേരക്കുട്ടി മഹാവികൃതിയാണ്.”
“ഇവന്റെ അച്ഛനെ മേച്ചവനാണ് സുമതി ഞാന്‍”. കുഞ്ഞിമകനെ വാരിയെടുത്ത് ഉമ്മവയ്ക്കുമ്പോള്‍ വൃദ്ധന്‍ പറഞ്ഞത്രെ. “എന്റെ മകന്‍ നിന്റെ മകനേക്കാള്‍ പോക്രിയായിരുന്നു!”
“മരുമകള്‍ കുസൃതിയോടെ അന്നെന്നെ നോക്കി. വൃദ്ധന്‍ തുടര്‍ന്നു. കുറെ പിന്നില്‍ എന്റെ രോമം നിറഞ്ഞ മാറിനു മുകളിലേക്ക് എടുത്തിട്ട ഒരു കുഞ്ഞിക്കൈ തൂവല്‍ പോലെ ഞാന്‍ കു. ആ കൈയില്‍നിന്നും വീണുരുണ്ട ഗോട്ടികളും കുന്നികുരുക്കളും മയില്‍പ്പീലികളും എന്റെ വഴിയില്‍ നിറയെ ചിതറി. ”
“മൂന്നു മണിക്കാണ് ബിസ്‌ക്കറ്റ്. സ്പൂണില്‍ വെളളം കൊടുക്കുമ്പോള്‍ മൂക്കില്‍ കേറാതെ നോക്കണേ അച്ഛാ... അവന്റെ വികൃതിക്കൊരതിരില്ല. ”
“അവള്‍ പറഞ്ഞത് ശരിയായിരുന്നു.” അകലെ, ആ ദിവസങ്ങളിലേക്ക് നോക്കി വൃദ്ധന്‍ പറഞ്ഞു. രാവും പകലുമുളള അവന്റെ കരച്ചിലും ഭക്ഷണത്തിനുളള ശാഠ്യവും എനിക്ക് വല്ലാതെ ബുദ്ധിമുട്ടായി. ഒരു പുസ്തകം വായിക്കാനോ, തീരെ വയ്യ എന്നുതോന്നുമ്പോള്‍ ഒരു ഭാഗത്ത് കിടക്കാനോ എനിക്ക് സാധിച്ചില്ല. മക്കള്‍ ജോലികഴിഞ്ഞ് മടങ്ങി വരുമ്പോഴേക്കും ഇരുട്ടും ഒരു വാശിയോടെ കടന്നുവന്നു. പുറത്തുപോയി സന്തോഷമായി വരുന്നവരോടൊക്കെ എനിക്ക് ശുണ്ണ്ടിതോന്നിതുടങ്ങിയിരുന്നത് അതുകൊണ്ടാവണം. ഞാന്‍ മരുമകളെ ചീത്തപറയാന്‍ തുടങ്ങി. ചെയ്തത് ശരിയാണെന്ന് എനിക്കും അഭിപ്രായമില്ല. പക്ഷേ, ഞാനും തളര്‍ന്നിരുന്നു. കുട്ടിയുടെ നിര്‍ത്താത്ത കരച്ചില്‍ മാറ്റാനേ എനിക്ക് പറ്റിയില്ല. എന്റെ പുറംവേദനയാണെങ്കില്‍ ദിവസംപ്രതി വര്‍ദ്ധിച്ചികൊണ്ടിരുന്നു. സമയാസമയങ്ങളില്‍ പേരമകനെ നിര്‍ബന്ധിച്ച് തീറ്റാനൊന്നും ഞാന്‍ മെനക്കെടാതെയായി. കുട്ടി മെലിയാന്‍ തുടങ്ങി. “നിന്റെ തന്തയ്ക്കും തള്ളയ്ക്കും നിന്നെപറ്റി വല്ല വേവലാതിയുമുണ്ടോ?” ഞാന്‍  കുട്ടിയോടു പറയും. “രാവിലെ മുതല്‍ വൈകുന്നേരം വരെ നിന്നെപ്പോലൊരു പോക്കിരിയെ നോക്കാന്‍ എന്താനക്കുട്ടിയെയാണ് അവര്‍ എനിക്ക് തരുന്നത്. സിഗരറ്റ് ഇന്നലെ കഴിഞ്ഞതാണ്. അങ്ങനെ അങ്ങനെയാണ് തീരെ പൊറുതിമുട്ടുമ്പോള്‍ ഉച്ചയ്ക്ക് തുണികഴുകാനെത്തുന്ന വേലക്കാരിക്കുട്ടിയുടെ കൂടെ ഞാന്‍ കുട്ടിയെ പുറത്തേക്കയയ്ക്കാന്‍ തുടങ്ങിയത്.” വൃദ്ധന്‍ ഒന്നു നിര്‍ത്തി. “കുട്ടിക്കുളള പാലിന്റെയും ബിസ്‌ക്കറ്റിന്റെയും വീതത്തിനു പുറമെ പത്തുറുപ്പിക കാണാതെ കൊടുത്തിട്ടും അവളെന്തേ ഇക്കാര്യം സുമതിയോട് പറയാനാവോ? അന്ന് മക്കള്‍ വരുമ്പോള്‍ കുട്ടി വിശന്നുകരയുകയായിരുന്നു. മകന്‍ എനിക്ക് വേണ്ടി വാങ്ങിക്കൊണ്ടു വരുന്ന സിഗരറ്റ് ഇല്ലാതായത് അന്നുമുതലാണ്. വൃദ്ധന്‍ അവനവനോടെന്നപോലെ പതുക്കെ ചിരിച്ചു. എനിക്കന്ന് വല്ലാതെ ദേഷ്യം വന്നു. കുട്ടിയെ നോക്കാനുളള ശമ്പളമാണോ സിഗരറ്റ് എന്ന് ഒരു വിഡ്ഢി കണക്കെ ഞാനവനോട് ചോദിച്ചതു കൊണ്ടാണ്. മകന്‍ എന്നെ ഒന്നു വല്ലാതെ നോക്കി. ആ നോട്ടം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നത് ശരിതന്നെ. എനിക്ക് ഇരുന്നിടത്ത് ഇരുന്നു ഛര്‍ദ്ദിക്കണമെന്ന് തോന്നി.” വടിയുടെ അറ്റം കൈക്കുള്ളിലിട്ട് വൃദ്ധന്‍ നിര്‍ത്താതെ തിരിച്ചു. “പണ്ടൊരിക്കല്‍ ഒരു കാറ്റാടി വേണമെന്ന് പറഞ്ഞ് അവന്‍ കരഞ്ഞതാണ് എനിക്കൊര്‍മ്മവന്നത്. അന്ന് ആ ചുകന്ന കാറ്റാടിയും പിടിച്ച് ഞങ്ങള്‍ പുഴവക്കത്തുകൂടി ഓടുമ്പോള്‍ അവന്‍ എന്റെ തോളിലിരുന്ന് നിര്‍ത്താതെ ചിരിച്ചു. ഞാന്‍ തിരിച്ചു നടന്നത് അമ്പലത്തിനു പിന്നിലെ തിരക്കുകുറഞ്ഞ വഴിയിലൂടെയാണ്. മകന്‍ ഉറങ്ങിക്കഴിഞ്ഞിരുന്നു. അവന്റെ കുഞ്ഞിക്കാലുകള്‍ മാത്രം എന്റെ നടത്തത്തിനൊപ്പം പതുക്കെ ഇളകി. എന്റെ കവിളത്തെ കുറ്റി രോമം ആ കാലില്‍ ഉരഞ്ഞ് കുട്ടി ഉണരാതിരിക്കാന്‍ ഞാനന്നു മുഖം ശ്രദ്ധയോടെ തിരിച്ചുപിടിച്ചിരുന്നു. ”
“നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ? ”വൃദ്ധന്‍ ചോദിച്ചു.
ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. വൃദ്ധന്റെ കണ്ണുകളില്‍ പീളയടിഞ്ഞത് തുടച്ചുകളയാന്‍ പറയണമെന്ന് എനിക്ക് തോന്നി. ഏറെ നേരം വെയിലത്തേക്ക് നോക്കിയിരുന്നത് കൊാവണം, വൃദ്ധന്റെ കണ്ണുകളില്‍ നനവും വേുവോളം ഉായിരുന്നു. തുടച്ചാല്‍ എളുപ്പം മാഞ്ഞു പോകാത്തതുകൊണ്ടാവണം വൃദ്ധന്‍ അതു  തുടക്കാതിരുന്നതും. കണ്ണുകളില്‍ പാടപോലെ നനവ് അല്ലെങ്കില്‍ ആര്‍ക്കാണ് ഇഷ്ടമുണ്ടാവുക? പുല്‍നാമ്പുകളിലേക്ക് നോക്കി ഏകാഗ്രതയോടെ ഇരിക്കുകയായിരുന്ന വൃദ്ധന്റെ ചുണ്ടിന്റെ കോണില്‍ തൊലിയിലെ ചുളിവുകള്‍ കീഴോട്ട് കോറിനിന്നതിലൂടെ തുപ്പല്‍ നിര്‍ത്താതെ കിനിഞ്ഞു. അതും വൃദ്ധന്‍ തുടയ്ക്കുകയുണ്ടായില്ല.
  “കുഞ്ഞിമകനെ എവിടെയാക്കിയാണ് പോന്നത്. ”
 “അവര്‍, അവനെ ഇപ്പോള്‍ എന്റെ കൈയില്‍ തരാറില്ല. മിസ്സിസ്സ് ഡിസൂസയെ ഏല്പ്പിക്കുകയാണ പതിവ്.” വിറയ്ക്കുന്ന ശബ്ദത്തില്‍ വൃദ്ധന്‍ പറഞ്ഞു: “ഇപ്പോള്‍ അവന് പരിചയക്കേടുണ്ട്. എന്നെക്കണ്ടാല്‍ ഉറക്കെകരയും. ”
കുട്ടിയെ കിടത്തി ഉറക്കി രാമന്‍കുട്ടിയുടെ പിറന്നാള്‍ ദിവസം ഒരുമിച്ചിത്തിരി 'മിനുങ്ങാന്‍' തീര്‍ച്ചയാക്കിയപ്പോള്‍ പക്ഷേ, ഞാനിത്രയൊന്നും ഓര്‍ത്തില്ല. വൃദ്ധന്‍ അവനവനോടെന്നപോലെ പറഞ്ഞു.  കുട്ടിയുടെ ശാഠ്യവും പകല്‍ മുഴുവന്‍ ഒറ്റയ്ക്കിരിക്കുന്നതും കാരണം എനിക്ക് വല്ലാതെ ബോറടിച്ചിരുന്നു. രാമന്‍കുട്ടി എന്റെ പതിനഞ്ചുകൊല്ലത്തെ സ്‌നേഹിതനാണ്. പക്ഷേ അന്നെല്ലാം തെറ്റി, വിറയ്ക്കുന്ന പനിയുമായി മകന്‍ വീട്ടില്‍ വന്നുകയറുമ്പോള്‍ ഞാന്‍ ലഹരിയുടെ ക്ഷീണത്തില്‍ മയക്കമായിരുന്നു. കുട്ടി തൊട്ടിലില്‍നിന്നും താഴെ വീണിരുന്നു. ഞാനവന് പാലുകൊടുത്തിരുന്നില്ലെന്നാണ് സുമതി പറഞ്ഞത്....
      ഞാനൊരു നിമിഷം വൃദ്ധനെ നോക്കി...
    “ഇങ്ങനെ കൂറെനേരം ഇരുന്നാല്‍ എനിക്ക് മുതുക് വല്ലാതെ വേദനിക്കും.” എന്റെ മുഖത്തുനിന്നും കണ്ണെടുത്ത് പൊടുന്നനെ ഒരു ക്ഷമാപണത്തോടെ വൃദ്ധന്‍ പറഞ്ഞു. “അപ്പോള്‍ കിടക്കാന്‍ തോന്നുകയാണ്. വയസ്സാകുമ്പോള്‍ എപ്പോഴും അവനവനും സ്വന്തം മുതുകും കൂടിയാണ് യുദ്ധം. ”
  വെയില്‍ ഇപ്പോള്‍ വൃദ്ധന്റെ തുടയ്ക്കും വയറിനു മേല്‍ വീണു കൊിരുന്നു. അയാള്‍ അതറിയാതെയാണ് ഇരുന്നത്. ആള്‍ക്കാര്‍ ഓരോരുത്തരായി പാര്‍ക്കില്‍നിന്നും പുറത്തുകടന്നു. പുറത്തെ തിരക്ക് ഒരു ലക്ഷ്മണരേഖ പോലെ ഞങ്ങള്‍ക്കു ചുറ്റും നിന്നും. “എഴുന്നേല്‍ക്കു”. വീട്ടിലെത്തേ യാതൊരു ധൃതിയും ഇല്ലാത്തതിനാല്‍ വൃദ്ധന്റെ കൈ പിടിച്ചെഴുന്നേല്പ്പിച്ചു ഞാന്‍ പറഞ്ഞു: “വെയിലിനു നല്ല ചൂടായി നിങ്ങളുടെ കൂടെ ഞാന്‍ വീടുവരെ വരാം. ”
  എന്തോ അബദ്ധം കേട്ടപോലെ വൃദ്ധന്‍ എന്നെ തുറിച്ചു നോക്കി. “അത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടാവും. ”
  എന്റെ രണ്ടു കൈയും കൂട്ടിപ്പിടിച്ച് പിന്നെ അയാള്‍ ധൃതിയില്‍ പറഞ്ഞു. “അതുമല്ല, ഞാന്‍ മറ്റേതെങ്കിലും ഒരു വീട്ടില്‍ പോയിട്ട് ഏറെ നാളുകളായി. ഞാന്‍ വന്നാല്‍ നിങ്ങള്‍ക്കും വീട്ടില്‍ തനിച്ചിരിക്കേണ്ടി വരില്ല. ”
      മുഖത്ത് ഒരടികൊണ്ടപോലെ ഞാന്‍ പകച്ചുപോയി. മേശപ്പുറത്ത് ഭര്‍ത്താവ് തിരിച്ചേല്‍പ്പിച്ച ഷര്‍ട്ട് അതേപോലെ കിടക്കുകയാവും. ഞാനോര്‍ത്തു: കഴിക്കാതെ തുറന്നുവച്ച ഭക്ഷണവും അലങ്കോലമായ മുറിയും ഒക്കെ തന്റെ മനസ്സുപോലെ വൃദ്ധന്‍ കെന്നുവരാം.
  “വേണ്ട”. ഒന്നു ചിരിച്ച് ഞാന്‍ തിടുക്കത്തിന്‍ കൂട്ടിച്ചേര്‍ത്തു: “ഞാനിന്ന് നിങ്ങളുടെ അതിഥിയാണ്. ”
   എന്റെ ശബ്ദത്തിലെ വേഗവും വെമ്പലും ഏറെ പ്രകടമായിരിക്കണം. അടിയേറ്റ പാമ്പിനെപ്പോലെ ഒരു പിടച്ചിലോടെയാണ് വൃദ്ധന്‍ കൈകള്‍ വലിച്ചെടുത്തത്.
    ഞാനത് കണ്ടില്ലെന്നു നടിച്ചു. വൃദ്ധന്റെ വീട്ടിലേക്കുളള വഴിയിലൂടെ നടക്കവെ കാറ്റില്‍ എന്റെ സാരിത്തുമ്പ് വൃദ്ധന്റെ മേലുരസി. പാതയുടെ ഇരുവശത്തും വെട്ടിക്കൂട്ടിയ കരിങ്കല്‍ച്ചീളുകളില്‍                    തട്ടി വൃദ്ധന്റെ വടിത്തലപ്പ് പലവട്ടം തെന്നുന്നത് ഞാന്‍ കണ്ടു. ചെറിയ കല്ലുകള്‍ തട്ടിത്തെറിപ്പിച്ച് ഞാനും ഭര്‍ത്താവും പലവട്ടം ഈ വഴിയിലൂടെ നടന്നിരുന്നു. ഭര്‍ത്താവ് ഒരു പക്ഷേ, ഇന്ന് ഓഫീസില്‍ പോയിരിക്കുകയില്ല.  വൃദ്ധനു പിന്നില്‍ നിശ്ശബ്ദം നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു: തലേ രാത്രിയിലെ വിവരങ്ങള്‍ കിടക്കയില്‍ കിടന്നുകൊണ്ട് സ്‌നേഹിതയോട് വിവരിക്കയാവും അദ്ദേഹം. കൈയില്‍ പുകയുന്ന സിഗരറ്റുമുണ്ടാവും. വിഷമമോ സങ്കടമോ അദ്ദേഹത്തിന്റെ മുഖത്തുണ്ടാവുക? കണ്ണാടിക്കുമുമ്പിലിരുന്ന് തലമുടിയിലൂടെ ബ്രഷ് ചലിപ്പിച്ചുകൊ് അദ്ദേഹത്തിന്റെ സ്‌നേഹിത എല്ലാം കേട്ട് മൂളിയിരിക്കും.... അവര്‍  വിവാഹിതയാണോ എന്ന് താന്‍ സേതുവിനോട് ചോദിക്കുകയുണ്ടായില്ല. ചോദിക്കണമായിരുന്നു. മനസ്സാനിധ്യം പ്രകടിപ്പിക്കാനുളള അവസരം താന്‍ വെറുതെ നഷ്ടപ്പെടുത്തി.
“ഇതുപോലൊരു പൂവാണ് അന്ന് ഞാന്‍ മുമ്പില്‍ നിന്ന ഒരു പെണ്‍കുട്ടിയുടെ തലയില്‍ നിന്ന് വലിച്ചെടുത്തത്.” വഴിവക്കത്തു നിന്ന് ഒരു പൂപറിച്ച് എനിക്ക് നീട്ടിക്കൊ് വൃദ്ധന്‍ പ്രസരിപ്പോടെ പറഞ്ഞു: “എന്നിട്ടാ പൂകൊണ്ട് അവളുടെ കഴുത്തില്‍ ഞാന്‍ അന്ന് പതുക്കെ തടവി.” വൃദ്ധന്‍ ഗ്രാമത്തിലെ കുട്ടിക്കാലത്തേക്കുറിച്ചാണ് സംസാരിച്ചിരുന്നത്. നരച്ച തലമുടിക്കു കീഴെ നിറം മങ്ങിയ കണ്ണുകള്‍ ഒരു കുട്ടിയുടെതുപോലെ പ്രസരിപ്പാണ്. ചുറ്റുവിളക്കിന്റെ തിരക്കില്‍ അറിയാത്ത മട്ടില്‍ നിന്ന പെണ്‍കുട്ടി തിരിഞ്ഞുനോക്കിയപ്പോള്‍ രക്തം ഉറഞ്ഞു പോയത്രേ. കന്നുകച്ചവടക്കാരന്‍ ചാത്തുണ്ണി കല്യാണം കഴിച്ചു കൊു വന്ന പുതുപെണ്ണായിരുന്നു അത്. വൃദ്ധന്‍ ഉറക്കെ ചിരിച്ചു. നടത്തത്തിന്റെ ശ്രമത്തില്‍ അയാള്‍ നല്ല പോലെ വിയര്‍ക്കാന്‍ തുടങ്ങിയിരുന്നു. ഞാന്‍ നടത്തം വീണ്ടും പതുക്കെയാക്കി. കെട്ടിടത്തിന്റെ നടുവില്‍ വൃദ്ധന്‍ ചൂണ്ടിക്കാട്ടിയ വീടിന്റെ ജനാലകളും വാതിലുകളും കൊട്ടിയടച്ചിരുന്നു. ചാരനിറമാര്‍ന്ന മ്ലാനത മാറാലപോലെ അവയ്ക്കു മുകളില്‍ തങ്ങി. “ശ്രദ്ധിച്ചോളൂ.”പഴകിയ കോണിയിലൂടെ മുകളിലേക്ക് കയറുമ്പോള്‍ വൃദ്ധന്‍ പറഞ്ഞു: “അവിടവിടെ ഇളകിയിട്ടുണ്ട്.”
വൃദ്ധന്റെ ശബ്ദം പൊടുന്നനെ, ഒരു കാരണവുമില്ലാതെ ഗൗരവം പൂണ്ടതെന്തിനാണെന്ന് എനിക്കൊട്ടും മനസ്സിലായില്ല. അയാള്‍ സംസാരം ഇടയ്ക്കുവച്ച് നിറുത്തിയിരുന്നതിനാലാവണം, മുഖത്തെ ചിരി നിശ്ശേഷം മാഞ്ഞുകഴിഞ്ഞിരുന്നു. വാതില്‍ തുറക്കാന്‍ വൃദ്ധന്‍ ഏറെനേരമെടുത്തു.
  തുറന്ന വാതിലിലൂടെ കെട്ടില്‍ നിന്ന് വിങ്ങുന്ന വായുവും മങ്ങിയ ഇരുട്ടും ഒപ്പം പുറത്തേക്കേന്തി.
ആവശ്യത്തിലധികം ധൃതിയിലാണ് അയാള്‍ അകത്തു കടന്നതെന്ന് എനിക്ക് തോന്നി. പിന്നെ, ഒരു പിടച്ചിലിന്റെ ചുവയോടെ അയാള്‍ ശബ്ദമില്ലാതെ വാതില്‍ അടച്ചു.
  “ഇരിക്കു”. ജനാലക്കലെ ആണിയില്‍ താക്കോല്‍ തൂക്കിയിട്ട് വൃദ്ധന്‍ പതുക്കെ പറഞ്ഞു: “കുടിക്കാനുളള വെള്ളം ഞാനിപ്പൊ കൊണ്ടു വരാം”.
     അകത്തേക്കു പോകാനൊരുങ്ങിയിടത്തുനിന്നും ധൃതിയില്‍ മടങ്ങി വന്ന് അയാള്‍ പിന്നെ ഫാന്‍ ഓണ്‍ ചെയ്തു.
    “ജനല്‍ തുറക്കണ്ട, തീയ്യുണ്ട പോലുള്ള ചൂടാണ് പുറത്ത്. ”
       വൃദ്ധന്റെ ശബ്ദവും മുഖവും ഒക്കെ തീരെ അപ്രസന്നമായിരുന്നു എന്നു വേണം പറയാന്‍. ചാത്തുണ്ണിയുടെ കഥയോ മറ്റെന്തെങ്കിലുമോ അയാള്‍ തുടരുന്നുണ്ടായിരുന്നില്ല. ഫാനില്‍ നിന്നും വര കാറ്റ് എന്റെ മേലേക്ക് ആഞ്ഞു വീശി. അകത്തേക്കു പോയ വൃദ്ധന്റെ പിന്നില്‍ നിശ്ശബ്ദത വെള്ളത്തില്‍ വീണ ഒരു എണ്ണത്തുള്ളിപോലെ ആകെ പരക്കാന്‍ തുടങ്ങുന്നത് ഞാനറിഞ്ഞു. ഫാനിന്റെ ശബ്ദത്തിനു മുകളിലൂടെ, പുറത്ത് പകയോടെ നിന്ന ഉച്ചയ്ക്കു മുകളിലൂടെ അത് പതുക്കെ ഏന്തി, മങ്ങിയ ഇരുട്ടില്‍ അങ്ങനെ ഒറ്റയ്ക്കിരുന്നപ്പോള്‍ നിശ്ശബ്ദതയ്ക്ക് രണ്ടു കണ്ണുകള്‍ ഉണ്ടെന്നും അവ എന്റെ നേരെ തുറിച്ചുനോക്കുകയാണെന്നും എനിക്ക് തോന്നാന്‍ തുടങ്ങി. ജനല്‍ തുറന്നാലൊ എന്ന് ഞാനൊരു നിമിഷം ആലോചിച്ചു. ഉടനെ തന്നെ വേന്നെും തൊടിയിലൂടെ നടക്കുമ്പോള്‍ കാലില്‍ ഏല്ക്കുന്ന പോറലിന്റെ നീറ്റല്‍ പോലെ ചൂട്, പക്ഷേ, എനിക്കു ചുറ്റും നീറാന്‍ തുടങ്ങിയിരുന്നു.
    “കുറച്ചു വെള്ളം”. ഞാന്‍ അകത്തേക്കു നോക്കി വിളിച്ചു. “എന്തൊരു ചൂട്. ”
  “ചായയുണ്ടാക്കുകയാണ് ഞാന്‍” ശബ്ദം ഉയരാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടാണ് വൃദ്ധന്‍ പറഞ്ഞത്: “ഇതാ വന്നു. ”
  അതുവരെയും, വൃദ്ധന്‍ വസ്ത്രങ്ങള്‍ മാറുകയായിരിക്കുമെന്ന ധാരണയിലായിരുന്നു ഞാന്‍. വിളിക്കാതെ അകത്തേക്ക് ചെല്ലുന്നത് മര്യാദകേടാണെന്നറിയാമായിരുന്നിട്ടും ധൃതിയില്‍ ഞാന്‍ അകത്തേക്കു നടന്നു.
  “ചായ ഞാനുണ്ടാക്കാം.” ഞാന്‍ പറഞ്ഞു: “വിശ്രമിച്ചോളൂ.” അകത്ത്, മേശപ്പുറത്ത് അയാള്‍ക്കായി അടച്ചുവെച്ചിരുന്ന ഭക്ഷണം മുഴുവന്‍ ഒരു വലിയ കടലാസ്സിലേക്ക് കൊട്ടിയിടുകയായിരുന്നു വൃദ്ധന്‍. സ്റ്റൗവില്‍ ചായയുടെ വെള്ളം ഒരു നേര്‍ത്ത ശബ്ദത്തോടെ തിളച്ചു കൊിരുന്നു. വൃദ്ധന്‍ എന്റെ മുഖത്ത് നോക്കിയതേയില്ല.
  ഞാനൊരു നിമിഷം അടുക്കളയുടെ വാതിക്കല്‍തന്നെ നിന്നു. ഭക്ഷണം വൃത്തിയായി പൊതിഞ്ഞു കെട്ടി, വൃദ്ധന്‍ അടുക്കളയുടെ മൂലയ്ക്കുള്ള വേസ്റ്റ് ബക്കറ്റിലിട്ടു. അതിനുമുകളില്‍ കുറെ                   കടലാസ്സിട്ട് അത് മൂടി. എന്നിട്ട് കൈ വീണ്ടും കഴുകി. ചുളിഞ്ഞു കോറിയ മുഖത്ത് എന്തെന്നില്ലാത്ത ക്ഷീണമാണുണ്ടായിരുന്നത്. അയാള്‍ ഒരക്ഷരം മിണ്ടിയില്ല. നിശ്ശബ്ദത ഉരുണ്ടു കൂടി വേഗം വെക്കുന്ന                  ഒരലപോലെ ചുറ്റും മുരണ്ടു. അടുക്കളയുടെ ജനലും അയാള്‍ തുറന്നില്ല.
  കെട്ടിനില്‍ക്കുന്ന ചൂടും കൂന്ന മുതുകിന്റെ ആകൃതിയും അയാളുടെ മൗനവും എല്ലാറ്റിനുമുപരി വെള്ളം തിളയ്ക്കുന്ന തുടര്‍ച്ചയായ ശബ്ദവും എല്ലാം കൂടി ഒരു തരം പേടിയാണ് എന്നിലുളവാക്കിയത്. ഞാന്‍ പെട്ടെന്ന് സ്റ്റൗ കെടുത്തി.
“ഭക്ഷണം കഴിച്ചോളു” എന്തെങ്കിലും ഒരു ശബ്ദമുണ്ടാക്കാനായി ഞാന്‍ പറഞ്ഞു. “ഞാന്‍ കൂട്ടിരിക്കാം. ”
വൃദ്ധന്‍ ഒരക്ഷരം മിാതെ എന്നെ തുറിച്ചു നോക്കി. അയാളുടെ മുഖത്ത് പെട്ടെന്നാളിയ ഭയം എന്തിനാണെന്ന് എനിക്ക് ഒരുപിടിയും കിട്ടിയില്ല. കണ്ണുകള്‍ അനക്കാതെ, വളരെ സാവധാനം ഒരു നാടകത്തിലെന്ന പോലെയാണ് അയാള്‍ പിന്നെ എന്റെ അടുത്തു വന്നു നിന്നത്. വീര്‍ക്കുന്ന ഒരു ബലൂണ്‍ പോലെ ഭയം എന്റെ ഉള്ളില്‍ നിറയാന്‍ തുടങ്ങി. പാര്‍ക്കില്‍ കണ്ട വൃദ്ധനാണ് അയാളെന്നേ എനിക്ക് തോന്നിയില്ല. പതുക്കെ പിന്നോക്കം മാറി ഞാന്‍ ധൃതിയില്‍ മേശപ്പുറത്തുനിന്ന് ഒരു ഗ്ലാസ് വെള്ളമെടുത്തു.
  “നിങ്ങള്‍ എന്റെ മകനെ അറിയുമോ” എന്റെ മുഖത്തില്‍ തൊട്ടു തൊട്ടില്ലെന്ന മട്ടിലാണ് വൃദ്ധന്‍ നിന്നത്. അയാളുടെ നിശ്വാസം എന്റെ തോളില്‍ ഒരു തീ നാളം പോലെ തൊട്ടു.
“ഇല്ല”
“മരുമകളെ? ”
“ഇല്ല. ”
അയാളുടെ നില്‍പ്പിന്റെ നാടകീയതയും പന്തികേടും എന്നെ വല്ലാതെ അമ്പരപ്പിച്ചിരിക്കണം, എനിക്ക് എന്റെ വീടാണ് ഓര്‍മ്മ വന്നത്. അവിടെ തലങ്ങും വിലങ്ങും അലങ്കോലപ്പെട്ടുകിടക്കുന്ന സാധനങ്ങള്‍ ഒറ്റയ്ക്ക് ഇനിയൊന്ന് ഒതുക്കാന്‍ നോക്കുമ്പോള്‍ ഒരു പക്ഷേ, ഇതുപോലെയാവും നിശ്ശബ്ദത തൊട്ടടുത്ത് കാവല്‍ നില്‍ക്കുക. ഒരു കെന്തലോടെ മുഖം വെട്ടിത്തിരിച്ച് ഞാന്‍ കഴുത്തും മുഖവും അമര്‍ത്തിത്തുടച്ചു. കമ്പിയും കോലും ഒക്കെ ഇട്ടുപൂട്ടിയ ഒരു വാതില്‍ ഞാന്‍ ശ്രദ്ധിക്കാനിടയായത് അപ്പോഴാണ്.  വൃദ്ധന്‍ എന്നെത്തന്നെയാണ് നോക്കിയിരുന്നത്. അയാളുടെ മുഖത്തെ ഏകാഗ്രതയ്ക്ക് ഒരു സൂചിമുനയുടെ മൂര്‍ച്ചയുണ്ടായിരുന്നു. മുഖത്തെ ചുളിഞ്ഞ തൊലി വലിഞ്ഞുമുറുകുന്നതും വൃദ്ധന്റെ ചുിന്റെ കോണില്‍ തുപ്പലിന്റെ പൊള്ളങ്ങള്‍ നുരയുന്നതും ഞാന്‍ കണ്ടു. കുടിക്കാനെടുത്ത വെള്ളം ഞാന്‍ മേശപ്പുറത്തുതന്നെ വച്ചു.
“ഇതെന്റെ മുറിയാണ്. ” എന്റെ മുഖത്തുനിന്നും കണ്ണെടുക്കാതെ, കണ്ണെടുത്താന്‍ ഞാന്‍ ഓടിപ്പോയേക്കുമെന്നപോലെ അയാള്‍ പറഞ്ഞു: “വരൂ.” പഴക്കത്തിന്റെ ചൂരില്‍ കുതിര്‍ന്ന ഇരുട്ട്.
പുറത്തുപോകണോ അതോ അകത്തേക്കുകടക്കണോ എന്ന് ഞാന്‍ ആലോചിക്കുന്നതിനുമുമ്പേ അയാള്‍ അകത്തുനിന്നും വാതില്‍ അടച്ചു കുറ്റിയിട്ടു.
കണ്ണുകാണാത്ത ആ ഇരുട്ടില്‍ ഞാന്‍ അമ്പരന്നുപോയി.
“ലൈറ്റ് എവിടെ? ” ഞാന്‍ ഉറക്കെ ചോദിച്ചു.  വൃദ്ധനെയോ മുറിയിലെ മറ്റെന്തെങ്കിലുമോ ആ  ഇരുട്ടില്‍ തീരെ കണ്ടിരുന്നില്ല. എന്റെ ശ്രദ്ധ ആവശ്യത്തിലധികം ഉയര്‍ന്നിരിക്കണം, വൃദ്ധന്‍ എന്തെന്നില്ലാത്ത രീതിയോടെ എന്റെ വായ് പൊത്തി. ഞാന്‍ കുതറിയതറിയാതെയാണ്. “ലൈറ്റിടരുത്.” അയാള്‍ എനിക്കുപോലും കേള്‍ക്കാനാവാത്ത അത്ര പതുക്കെ പറഞ്ഞു. “അപ്പോഴാണ് അവന്‍ അറിയുക:”
അന്തം വിട്ട അയാളെ നോക്കിയിരുന്ന എനിക്കുമുമ്പില്‍, കട്ടിലിന്റെ ചുവട്ടില്‍ നിന്ന ഒരു ചെറിയ ചിമ്മിനി വിളക്കെടുത്ത് വൃദ്ധന്‍ പിന്നെ കൊളുത്തിവെച്ചു.  പതറിയ ബലം കുറഞ്ഞ വെളിച്ചത്തില്‍                    മുറിയിലെ സാധനങ്ങള്‍ വ്യക്തതയാര്‍ന്നു.  ആകെയുണ്ടായിരുന്ന ജനാല വലിച്ചടച്ച് കമ്പിവലയിട്ട് തലങ്ങും വിലങ്ങും കെട്ടിയിരുന്നു. പഴകിപ്പൊളിഞ്ഞ ചെറിയ മേശയ്ക്കുമേല്‍ പാതികഴിച്ച ഭക്ഷണസാധനങ്ങള്‍ ചിതറി കിടന്നു. നിലത്ത്, ബക്കറ്റില്‍ തുറന്നുവെച്ച വെള്ളം.
“അതിലൂടെയാണ് അവന്‍ വരിക.” ജനാലയ്ക്കല്‍നിന്നും കണ്ണെടുക്കാതെയാണ് വൃദ്ധന്‍ പറഞ്ഞത്: “അതിനാല്‍ ഞാന്‍ രാത്രി ഉറങ്ങാറില്ല.  ഒറ്റയ്ക്കാണ് ഞാനെന്ന് അവനറിയാം. അവന് ചെറുപ്പമാണ്. അതാണ് എനിക്കുപേടി. ”
തലയിണയ്ക്കടിയില്‍ നിന്നെടുത്ത പഴയ തുരുമ്പിച്ച കത്തിയില്‍ എന്റെ കണ്ണുകള്‍ ഒരു നിമിഷം ഉടക്കി.
“എന്റെ രക്ഷയ്ക്ക് രാമന്‍കുട്ടി തന്നതാണിത്.” നിവര്‍ത്തിയ കത്തിയില്‍ ജപമാലയില്‍ എന്നപോലെ തലോടി അയാള്‍ മന്ത്രിച്ചു. “ഞാന്‍ അവനൊരു ഭാരമാണ്. പക്ഷേ, കാവിലമ്മയോട് കളിക്കാന്‍ അവനും ധൈര്യം വരില്ല.... ” ഇരുട്ടുകുമിഞ്ഞു നിന്ന ആ മുറിയിലെ  മണം, പൊടുന്നനെ, എത്ര അസഹ്യമാണോ അത്രതന്നെ പരിചിതവും ആയി എനിക്കുതോന്നി. തലേന്നു രാത്രി ഭര്‍ത്താവിന് തൊട്ടടുത്ത് ശബ്ദമില്ലാതെ മലര്‍ന്നുകിടക്കേ എന്റെ ഉള്ളില്‍ തട്ടിമറിഞ്ഞു വീണ് എന്നെ ആകെ മൂടിയ സംശയങ്ങള്‍ക്ക് ഇതേ മണമായിരുന്നു. ഞാന്‍ ആ അര്‍ദ്ധരാത്രി പുറത്തുവന്നുനിന്നത് ഈ മണത്തില്‍നിന്ന് രക്ഷപ്പെടാനാണ്.  ആ അറിവില്‍ ആ മണത്തിലേറെ എനിക്ക് ശ്വാസംമുട്ടി. പിടഞ്ഞുകൊണ്ട് ഞാന്‍ വാതിലില്‍ പിടിച്ചു. “പതുക്കെ.” വൃദ്ധന്റെ ശബ്ദം പിറുപിറുക്കലിനുവക്കോളം താണു. “അവന്‍ വഴിപലതും നോക്കി.  എനിക്കടച്ചുവെച്ച ഭക്ഷണം പാര്‍ക്കിലെ കാക്കകളെ തീറ്റിയപ്പോള്‍ അവ ചത്തുമലച്ചു! ”
നേര്‍ത്ത ചിമ്മിനി വെളിച്ചത്തില്‍ അയാളുടെ മുഖത്തെ വിയര്‍പ്പുതുള്ളികള്‍ മിന്നി. അവിടവിടെ വെളിച്ചം തട്ടുന്ന നരച്ച തലമുടിയും കുപ്പിച്ചില്ലുകള്‍പോലെ തിളങ്ങുന്ന കൃഷ്ണമണികളും എന്റെ ചുമലിലോളം തട്ടുന്ന കിതപ്പിന്റെ ചൂടും. ഉറക്കെ നിലവിളിക്കാനാണ് എനിക്ക് തോന്നിയത്. പേടി, വഴുവഴുപ്പാര്‍ന്ന തണുപ്പുപോലെ എന്റെ മേലില്‍ മുറുകി. പക്ഷേ, പരിഭ്രമം തീരെ പുറത്തുകാണിക്കാതെ വളരെ സാധാരണമാണെന്ന മട്ടില്‍ ഞാന്‍ വാതില്‍ തുറക്കാനാഞ്ഞു. കത്തിയുള്ള ഒരു കൈ ചുമലില്‍ വെച്ച് പിടിച്ചുകുലുക്കി അയാളെന്നെ നേരെ നിര്‍ത്തി.
 “അച്ഛനിനി ഈ വീടെന്തിനാണ് എന്നാണ് അവന്‍ ചോദിച്ചത്.” ഇനിയെന്നുവെച്ചാല്‍.......? അയാളുടെ മുഖത്തെ ചുവപ്പ് ചുവട്ടിലേക്കൊറ്റുമെന്ന് തോന്നിയെന്നെനിക്ക്. ഭീതിയും സങ്കടവും അമ്പരപ്പും എല്ലാം ചളിവെള്ളം പോലെ എന്റെ മേലേക്ക് തെറിപ്പിച്ചു അയാള്‍ ആവര്‍ത്തിച്ചു.
“ഇനിയെന്നുവച്ചാല്‍? ”
“അയാള്‍ അതുപറയരുതായിരുന്നു-” രക്ഷപ്പെടാനുള്ള പഴുതുകള്‍ പരതുന്നതിനിടയില്‍ വെമ്പലോടെ ഞാന്‍ പറഞ്ഞു. വൃദ്ധന്റെ മുഖത്തെ വല്ലാത്ത തളര്‍ച്ചയില്‍ അയാളെ പിടിച്ചുകിടത്തുകയാണ് വേണ്ടതെന്ന് എനിക്കു തോന്നിയതാണ്. പക്ഷേ, ആശ്വാസം മുട്ടുന്നചൂടില്‍ ഞാനിതിനൊന്നും തയ്യാറായിരുന്നില്ല. അതുമല്ല, ആ അന്തരീക്ഷം എന്നെ ഏറെ മടുപ്പിക്കാന്‍ തുടങ്ങിയിരുന്നുതാനും. കിട്ടിയ പഴുതില്‍ വാതില്‍ വലിച്ചുതുറന്ന് പുറത്തുകടക്കാന്‍ ഞാന്‍ ഒരുമ്പെട്ടത് അതുകൊണ്ടായിരുന്നു.
“ഇനി ഇന്ന് നിങ്ങളുടെ ഭര്‍ത്താവ് മടങ്ങിവര്വോ? ”
“അറിയില്ല. ”തീപ്പൊള്ളലേറ്റപോലെ ചൂളിക്കൊണ്ട് ഞാന്‍ പറഞ്ഞു.
“പക്ഷേ, എനിക്കു പോണം. ”
വൃദ്ധന്‍ പുറത്തേയ്‌ക്കോടാനാഞ്ഞ എന്റെ കാലില്‍ ഒരു കീറത്തുണിപ്പോലെ ചുറ്റിയതപ്പോഴാണ്.  തള്ളിക്കയറിയ വെളിച്ചത്തില്‍ വൃദ്ധന്റെ പീളയടിഞ്ഞ കണ്ണുകളില്‍ നിന്നും വെള്ളംമൂറി. ഞാന്‍                      അയാളുടെ വിരലുകള്‍ മാന്തിയടര്‍ത്തി.
“പോകരുത്.” അയാള്‍ അലറിയേക്കാമെന്ന് പ്രതീക്ഷിച്ചതുകൊണ്ടാവണം വൃദ്ധന്റെ ശബ്ദം തീരെ താഴ്ന്നുപോയതായി എനിക്കു തോന്നിയത്. “ഇനി ഞാനിവിടെ ഒറ്റയ്ക്കാണെന്ന് അവനറിയും. അവന് ചെറുപ്പമാണ്.  ഈ നിലത്തുകിടന്നാണ് അവന്റെ അമ്മ മരിച്ചത്. അവന്‍ എല്ലാം മറക്കുകയാണ്.  നോക്കൂ, അവനാ ജനല്‍ എളുപ്പം പൊളിക്കാവുന്നതേയുള്ളൂ.”  വൃദ്ധന്റെ മുഖത്തെ ചുളിവുകളില്‍ മുഴുവന്‍ വെള്ളമായിരുന്നു. കോറായ്ക്കല്‍ പതിഞ്ഞ തുപ്പലിനുമീതെ ചത്തു മലച്ച എറുമ്പുകളെപ്പോലെ വാക്കുകള്‍.  പൊടുന്നനെ ഈ വൃദ്ധനോട് ഇപ്പോള്‍ തനിക്ക് തോന്നുന്ന വികാരമായിരിക്കാമോ താന്‍ നല്‍കിയ ഷര്‍ട്ട് തിരിച്ചു തരുമ്പോള്‍ ഭര്‍ത്താവിന് തന്നോട് തോന്നിയിരിക്കുക എന്നെനിക്ക് സംശയമായി. വസ്ത്രത്തില്‍ തീ പിടിച്ചതുപോലെ ഞാന്‍ നിന്നിടത്തുനിന്ന് തിരിഞ്ഞു.
“കാല്‍വിടൂ.” വെറുപ്പുകൊണ്ട് കെന്തി ഞാന്‍ പറഞ്ഞു: “നിങ്ങള്‍ എല്ലാം അനാവശ്യമായി വലുതാക്കുകയാണ്.  വേണമെങ്കില്‍ എത്രയോ മുമ്പ് നിങ്ങളുടെ മകന് നിങ്ങളെ കൊല്ലാമായിരുന്നു. വളരെ           എളുപ്പത്തില്‍തന്നെ. കാര്യങ്ങള്‍ അനാവശ്യമായി വലുതാക്കാതിരിക്കൂ. വെയിലത്ത് അധികനേരം ഇരുന്നതിന്റെ ക്ഷീണമാണ് നിങ്ങള്‍ക്ക് നിങ്ങള്‍ ഉറങ്ങുകയാണ് വേണ്ടത്... ജനല്‍.... ”
ഞാന്‍ പെട്ടെന്ന് നിര്‍ത്തി വൃദ്ധന്‍ കരയാന്‍ തുടങ്ങിയിരുന്നു. തുറന്നു, നാണമില്ലാതെ. വായില്‍ നിന്നും മൂക്കില്‍ നിന്നും ഒക്കെ കൊഴുത്ത ദ്രാവകം കണ്ണീരിനോടൊപ്പം പുറത്തേയ്‌ക്കൊഴുകി.  താനിന്നലെ ഭര്‍ത്താവിന് മുന്നില്‍ കരയാന്‍ കൂട്ടാക്കാതിരുന്നത് എത്രനന്നായി എന്നാണ് എനിക്കാദ്യം തോന്നിയത്.
“രണ്ടുകൊല്ലമായി എന്റെ കുട്ടി എന്നോട് എന്തെങ്കിലും മിണ്ടിയിട്ട്.  നിങ്ങള്‍ക്ക് അത് മനസ്സിലാകുന്നതേയില്ലല്ലോ.” വൃദ്ധന്റെ ശബ്ദം ഒരു ഈണം പോലെ നേര്‍ത്തു.  അയാള്‍ എന്റെ മുഖത്തു നോക്കിയതേയില്ല.  വഴുപ്പാര്‍ന്ന കണ്ണീര്‍ അയാളുടെ മുഖം മുഴുവന്‍ നനച്ച് പക്ഷേ, വാശിയോടെ  എന്റെ മനസ്സിന്റെ തൊട്ടടുത്തെത്തി. അങ്ങനെയാണ്, പിന്തുടരലിന്റെ എന്തെന്നില്ലാത്ത പീഡയില്‍ അന്ധാളിച്ച് കാല്‍ വിടുവിക്കാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലാതെ ഞാന്‍ അയാളുടെ മുഖത്ത് ആഞ്ഞുതള്ളിയത്.
സ്വാഭാവികമായും എന്റെ കൈയില്‍ ആദ്യം തട്ടിയത് അയാളുടെ മുഖത്തെ നനവാണ്. അതില്‍ ആവശ്യത്തിലേറെ ഒട്ടലുള്ളതിനാല്‍ അത് കഴുകിക്കളയാന്‍ ഞാന്‍ ധൃതിയില്‍ പുറത്തുകടന്നു. വൃദ്ധന്റെ മുറിയുടെ വാതില്‍ ഞാന്‍ അടയ്ക്കുകയുണ്ടായില്ല. കസേരച്ചാരില്‍ ഊരിയിട്ട വസ്ത്രംപോലെ കിടന്ന അയാളെ എഴുന്നേല്‍പ്പിച്ചിരുത്തുകയോ ഉച്ചന്നേരമായിട്ടും ആ ചിമ്മിനി ഒന്നൂതിക്കെടുത്തുകയോ ചെയ്തതുമില്ല. വിചാരിക്കുന്നതൊക്കെ ചെയ്തുതീര്‍ക്കുന്നവര്‍ വളരെ കുറവാണെന്നു പക്ഷേ, ഞാന്‍ സ്വയം പറഞ്ഞു. പുറത്ത് എന്റെ വഴിക്കു മുകളില്‍ കല്ലിച്ച തീപോലെ ആകാശം വെളുത്ത് മഞ്ഞച്ച് നിന്നിട്ടും മുന്‍പറഞ്ഞ കാരണത്തിന്റെ നീതിയുറ്റ സാധുതയില്‍ സത്യത്തിലും എനിക്ക് സന്തോഷം തോന്നിയത് അതുകൊണ്ടാണ്.

No comments:

Post a Comment