Followers

Sunday, February 7, 2016

മഞ്ഞിലെപക്ഷി

ജനുവരിയിലെ കടുത്ത തണുപ്പുള്ള ഒരു ഉച്ചയ്ക്ക്, കുട്ടികള്‍ക്ക് കഥപറഞ്ഞുകൊടുത്തുകൊണ്ട് കിടക്കുകയായിരുന്നു ഞാന്‍. കിടപ്പുമുറിയിലെ നനുത്ത നീലക്കര്‍ട്ടനപ്പുറത്ത് വിളര്‍ത്ത ആകാശം, തൊട്ടടുത്ത് മക്കളുടെ തെളിമയാര്‍ന്ന മുഖങ്ങള്‍. കൈകളിലെടുത്ത് ഓമനിക്കാന്‍ തോന്നുന്ന കുഞ്ഞുമുഖങ്ങള്‍. ഇത്രയടുത്തുണ്ടായിട്ടും ഞാന്‍ എന്റെ കൈകള്‍ മാറത്തുകെട്ടി മലര്‍ന്നുകിടക്കുകയാണ് ചെയ്തത്. അപ്പോള്‍ കണ്ണുകള്‍ക്കുനേരെ വിളര്‍ത്ത ആകാശം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കുട്ടികള്‍ ഉറങ്ങുന്നതിനുമുമ്പേ ഞാന്‍ ഉറങ്ങിയിരിക്കണം. ഞാന്‍ കണ്ടസ്വപ്നത്തില്‍ നിന്നും വല്ലാത്ത ദാഹവുമായി ഉണരുമ്പോള്‍, വീതിയുള്ള കട്ടിലില്‍ കുട്ടികള്‍ എന്റെ ചുറ്റും തലങ്ങും വിലങ്ങും ഉറങ്ങിക്കിടക്കുകയായിരുന്നു. അവരുടെ അടഞ്ഞ കണ്‍പോളകളിലെ നേര്‍ത്ത ഞരമ്പുകള്‍, തുപ്പല്‍ ഒലിച്ചിറങ്ങിയിരുന്ന ചെറിയ ചുകന്ന, അവരുടെ മനസ്സുപോലെ തന്നെയുള്ള ചുണ്ടുകള്‍, വരകള്‍ തെളിയാത്ത കുഞ്ഞുകൈകള്‍. എല്ലാം ഞാന്‍ കണ്ടു. പിന്നെ ഒന്നും കൂട്ടിനില്ലാത്ത, മുകളില്‍ തൂങ്ങിനില്‍ക്കുന്ന ആകാശവും. തലയ്ക്കല്‍ കുടിക്കാന്‍ വച്ചിരുന്ന വെള്ളം എടുക്കാതെ, വരണ്ട ചുണ്ടുകള്‍ നാവുകൊണ്ട് നനച്ച് ഞാന്‍ കണ്ണുകള്‍ അടച്ചു. എന്റെ മേശപ്പുറത്തെ പൂപ്പാത്രം നോക്കിനോക്കിയിരിക്കെ വളര്‍ന്നുവലുതാവുന്നതാണ് ഞാന്‍ സ്വപ്നംകണ്ടത്. പൂവിന്റെ കേസരങ്ങള്‍ വലിയ കയറുകളെപ്പോലെയുണ്ടായിരുന്നു. അവ എന്റെയും കുട്ടികളുടെയും ലോകത്തിന്റെയും മുകളില്‍ തലങ്ങും വിലങ്ങും നിന്നു.
ഞാന്‍ കുട്ടികളെ ഉണര്‍ത്താതെ എഴുന്നേറ്റു. ഞാനെഴുന്നേറ്റപ്പോള്‍ അവര്‍ക്കുനടുവില്‍ വെളുത്ത വിരിപ്പില്‍ ഉണ്ടായ ശൂന്യത ഒരു കത്തി ശരീരത്തില്‍ പാളിയാലെന്നപോലെ എന്നെ വേദനിപ്പിച്ചു. ഞാന്‍ ആദ്യം സ്വപ്നം കണ്ടത് ഇതുപോലെ, മഞ്ഞുമൂടി വെളുത്തകിടന്ന ഒരു സ്ഥലമാണ്. അതിനു നടുവില്‍ ഒട്ടപ്പക്ഷിയുടേതുപോലെ നീണ്ട, വളരെ നീണ്ട കാലുകളും ഒരു കൊക്കുമുള്ള ഒരു പക്ഷി നിന്നിരുന്നു. കൊക്കിനും കാലുകള്‍ക്കും ഇടയ്ക്കുണ്ടായിരുന്ന ഒരടയ്ക്കയോളം പോന്ന സ്ഥലത്തെ വരകളുടെ പലനിറങ്ങള്‍ മഞ്ഞിന്റെ വെളുപ്പിനെതിരെ എനിക്ക് വളരെ സുന്ദരമായി തോന്നി. പക്ഷേ, പക്ഷിയുടെ മറ്റെല്ലാഭാഗത്തിനും മങ്ങിയ ചാരനിറമായിരുന്നു. എന്റെ സഹോദരന്‍മൂലം ഗര്‍ഭിണിയായിത്തീര്‍ന്ന്, ഇതുപോലൊരു രാത്രിയില്‍ അടുക്കളയുടെ തുലാത്തില്‍ തൂങ്ങിമരിച്ച ഞങ്ങളുടെ വേലക്കാരിയുടെ മുഖത്തെ മരവിപ്പ് ആ ചാരനിറത്തിനുണ്ടായിരുന്നു.
മഞ്ഞില്‍ പൂഴ്ന്നുപോകുന്ന കാലുകള്‍ വലിച്ചുവലിച്ചു വെച്ച് പതുക്കെ പക്ഷി മഞ്ഞിലൂടെ നീങ്ങി. ഒരേ ദിശയിലേക്ക് ഒരൊറ്റ നേര്‍വരയിലൂടെയാണ് അത് നടന്നിരുന്നത്. തീക്കട്ടപോലെയുള്ള കണ്ണുകള്‍ എന്തിനെയോ അന്വേഷിച്ചുകൊണ്ടിരുന്നു. മഞ്ഞിന് ഒരു കരയും എവിടെയും ഉണ്ടായിരുന്നില്ല. പക്ഷേ, ഈ മഞ്ഞിന്റെ അക്കരെയെത്താനാണ് പക്ഷി ശ്രമിക്കുന്നത് എന്ന് എനിക്ക് എങ്ങനെയോ അറിയാമായിരുന്നു. അതുപോലെതന്നെ പക്ഷിക്ക് ദാഹിക്കുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. അതിന്റെ നടത്തത്തിന് വേഗം വളരെ കുറഞ്ഞു. അവസാനം, കരിപിടിച്ച് ഞളുങ്ങിയ ഒരലൂമിനിയപ്പാത്രത്തില്‍ കുറച്ചു വെള്ളം മഞ്ഞിനു മുകളില്‍ വന്നു. ആ പാത്രം ഒരു തിരിക്കുറ്റിയില്‍ കറക്കി വിട്ടതുപോലെ സദാസമയവും തിരിഞ്ഞുകൊണ്ടേയിരുന്നു. പാത്രത്തിലെ കരി മഞ്ഞിലേക്ക് ഒട്ടും പടര്‍ന്നില്ല. നീണ്ട കാലുകള്‍ മടക്കി, കൊക്ക് പാത്രത്തിലടുപ്പിക്കാന്‍ പക്ഷി വല്ലാതെ ശ്രമിച്ചു. പക്ഷിയുടെ കാലുകള്‍ എത്ര ശ്രമിച്ചിട്ടും മടങ്ങിയില്ല. പെട്ടെന്നാണ് പക്ഷി എന്നെക്കണ്ടത്. ആ പക്ഷിക്ക് എന്റെ മുഖം തന്നെയായിരുന്നു. എന്നെക്കണ്ടതും അതുറക്കെ ചിരിക്കാനോങ്ങി. ചിരിക്ക് ശബ്ദം തീരെയുണ്ടായിരുന്നില്ല. പക്ഷെ, ചോരത്തുള്ളികള്‍പ്പോലുള്ള പക്ഷിയുടെ പല്ലുകള്‍ ഞാന്‍ കണ്ടു. ധൃതഗതിയില്‍ തിരിയുന്ന അലൂമിനിയപ്പാത്രം ചിരികേട്ടിട്ടെന്നപോലെ പെട്ടെന്നു നിന്നു. അതില്‍ ഒരു തുള്ളിയും വെള്ളമുണ്ടായിരുന്നില്ല അപ്പോള്‍.
കുപ്പായത്തിന്റെ കുടുക്കുകള്‍ ഊരിക്കൊണ്ട് ഞാന്‍ ഫാനിട്ടു. ജനാലയ്ക്കപ്പുറത്ത് വെള്ളവസ്ത്രം ധരിച്ച വിധവകളായ വൃദ്ധകള്‍ തീകാഞ്ഞുകൊണ്ടിരിക്കുകയാണ്. അവരുടെ, നിരാശകൊണ്ട് നിറഞ്ഞ ചുളിഞ്ഞ മുഖങ്ങളും തീയാളുന്ന ചെറിയ മരക്കമ്പുകളും ഒക്കെ ഒരു ചിതയെയാണ് ഓര്‍മിപ്പിച്ചത്. അവരെ എല്ലാവരെയും കൂടി ആ ചെറിയ തീയില്‍ കരിക്കാവുന്നതേയുള്ളൂ, എനിക്കു തോന്നി.
വേഗം ഞാന്‍ മേശപ്പുറത്തെ ബെല്ലടിച്ചു. അതിന്റെ സുഖകരമായ ശബ്ദം എനിക്കിഷ്ടമാണ്. പ്രാകൃതമായ ഓടക്കുഴലുകള്‍ വില്‍ക്കാന്‍ കൊണ്ടുവരുന്ന മെലിഞ്ഞ പെണ്‍കുട്ടി ചിരിച്ചാല്‍ ആ ശബ്ദമാണുണ്ടാവുക എന്നെനിക്ക് തോന്നാറുണ്ട്. അവള്‍ ചിരിച്ച് ഞാനിന്നുവരെ കണ്ടിട്ടില്ലെങ്കിലും.
ബെല്ലടികേട്ട് ധൃതിയില്‍ വന്ന വേലക്കാരിയോട് ഞാന്‍ പറഞ്ഞു: “ഞാന്‍ പുറത്തുപോകുന്നു. വരാന്‍ വൈകിയേക്കും. ”
പുറത്തെത്തിയപ്പോഴാണ് എങ്ങോട്ട് പോകണം എന്ന് ഞാന്‍ ആലോചിച്ചത്. പുറത്തിറങ്ങുമ്പോള്‍ പലപ്പോഴും എനിക്ക് തോന്നാറുള്ള സംശയമാണിത്. എതിരെ വരുന്ന മുഖങ്ങള്‍ കണ്ടുകൊണ്ട് പിന്നെ ഞാന്‍ നടന്നു തുടങ്ങി. തണുത്തകാറ്റ് എന്റെ കാതിലൂടെ, കഴുത്തിലൂടെ ഒക്കെ കടന്നുപോയി. ഞാന്‍ മഞ്ഞിലൂടെയാണ് നടക്കുന്നതെന്ന് വെറുതെ സങ്കല്‍പ്പിച്ചുനോക്കി. അതൊട്ടും ശരിയായില്ല. കാരണം, മഞ്ഞുമൂടിയ ഒരു സ്ഥലം ഞാന്‍ യഥാര്‍ത്ഥജീവിതത്തില്‍ കണ്ടിരുന്നില്ല.
നടന്ന് തീരെ ശീലമില്ലാത്തതിനാല്‍ എന്റെ കാലുകള്‍ വേദനിക്കാന്‍ തുടങ്ങി. വഴിയരികിലെ വലിയ കെട്ടിടത്തിലാണ് എന്റെ സുഹൃത്ത് സുശീല താമസിച്ചിരുന്നത്. ദേഹത്തില്‍ വെളുത്ത പാണ്ടുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയപ്പോള്‍ സുശീലയെ ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. പതിമ്മൂന്നാമത്തെ നിലയിലെ സുശീലയുടെ വീട്ടില്‍ എത്തുന്നതിനുമുന്‍പ് ഏഴാമത്തെ നിലയില്‍ വെച്ച് പക്ഷെ, ഞാന്‍ ലിഫ്റ്റില്‍ നിന്നും പുറത്തുവന്നു. അവിടെനിന്നും ഞാന്‍ താഴത്തേക്ക് പോവുകയായിരുന്ന സെര്‍വന്റ്‌സ് ലിഫ്റ്റില്‍ കയറി. ചുറ്റും, ഒതുങ്ങി മാറിയ വേലക്കാരുടെ നോട്ടങ്ങള്‍. നെറ്റിയിലെ വെളുത്ത പാണ്ടുകള്‍ക്കിടയ്ക്ക് ചുവന്ന കുങ്കുമംകൊണ്ട് വലിയ പൊട്ടുതൊട്ടു ജനല്‍കമ്പികളില്‍ മുറുക്കിപ്പിടിച്ചുനിന്ന് കടലിനെ നോക്കുന്ന സുശീല എന്ന മേംസാബിനെക്കുറിച്ച് അവരോട് പറഞ്ഞാലോ എന്ന് ഒരു ചിരിയോടെ ഞാനോര്‍ത്തു. അവര്‍ തുറിച്ചു നോക്കും.പിന്നെപ്പിന്നെ അവരോരുത്തരുടെയും കണ്ണുകളില്‍ വെള്ളം നിറഞ്ഞെന്നുവരും.
ലിഫ്റ്റ് ചുവട്ടിലെത്തിയിരുന്നു. വാതില്‍ തുറന്നു പിടിച്ചുകൊണ്ട് ലിഫ്റ്റ്മാന്‍ വൃദ്ധന്‍ ഒതുങ്ങിനിന്നു. അയാളുടെ കൈപ്പടത്തിലെ നരച്ചു ചുളുങ്ങിയ തൊലി എന്നെ വീണ്ടും ഓര്‍മിപ്പിച്ചത് മഞ്ഞിലെ പക്ഷിയെക്കുറിച്ചാണ്. ഒറ്റയ്ക്ക് അതിനെയും മനസ്സിലേറ്റി നടക്കുക എനിക്ക് വിഷമമായി എപ്പോഴോ തോന്നിത്തുടങ്ങിയിരുന്നു, ആരോടാണിതൊന്നു പറയുക? ഒരു പക്ഷേ മുരളീധരന്‍ ഉണ്ടെങ്കില്‍ പറയാമായിരുന്നു. പെട്ടെന്ന് എനിക്കത് എത്രയും യഥാര്‍ത്ഥമായി തോന്നി. ഇങ്ങനെയുള്ള ഒരു തണുത്ത ഉച്ചയില്‍ മുരളീധരന്റെ കൂടെ മഞ്ഞിലെ പക്ഷിയെപ്പറ്റി പറഞ്ഞുകൊണ്ടു നടക്കുക. പക്ഷിയുടെ കൊക്കിനും കാലിനുമുണ്ടായിരുന്ന ആ ചാരനിറം എന്താണെന്ന് മുരളിക്ക് ശരിക്കും മനസ്സിലാവും. ഒരുപക്ഷെ, താന്‍ പറയുന്നതിനു മുന്‍പു തന്നെ മുരളി ചോദിച്ചിരിക്കും. അലൂമിനിയപ്പാത്രം വട്ടത്തില്‍ തിരിഞ്ഞിരുന്നു ഇല്ലേ?
ഇത്തരം തണുത്ത ഉച്ചകള്‍, മുകളില്‍ വട്ടത്തില്‍ ചിറകുകള്‍ അനക്കാതെ പറക്കുന്ന കറുത്ത പക്ഷികള്‍, പ്രഭാതങ്ങളിലെ ചുകപ്പ് മിനുപ്പിക്കുന്ന മേഘത്തുണ്ടുകള്‍, ഇതൊക്കെ മുരളീധരന്മാര്‍ക്കുവേണ്ടിയാണ്.
ഞാന്‍ എന്റെ തറവാട്ടിലെ ചായ്പില്‍, ഇരുട്ടില്‍, അയിത്തമാകുന്ന മാസത്തിലെ അവധി ദിവസങ്ങളില്‍ കൂനിക്കൂടി ഇരിയ്ക്കുമ്പോഴാണ് മുരളി മരിച്ചത്. പേപ്പട്ടി കടിച്ചപ്പോള്‍ എന്റെ അമ്മാവനും വേലക്കാരും കൂടി ആസ്പത്രിയിലാക്കിയ മുരളി പിറ്റേദിവസം മരിച്ചെന്നറിഞ്ഞത്, മുറ്റത്ത് പെണ്ണുങ്ങള്‍ വയ്‌ക്കോല്‍ തല്ലുന്നതും നോക്കിയിരുന്ന അമ്മയുടെ മുന്നില്‍ മുരളിയുടെ അമ്മ അലമുറയിട്ട് കരഞ്ഞപ്പോഴാണ്. മുരളിയുടെ അമ്മയുടെ കണ്ണുകള്‍ അന്ന് ഇതാ ഈ ഉച്ചപോലെയായിരുന്നു. ഒരുപക്ഷേ, സ്‌നേഹിക്കുന്നവരുടെയൊക്കെ കണ്ണുകള്‍ ഇങ്ങനെയാവുമായിരിക്കും.
ആള്‍ക്കാരുടെ ബഹളം കേട്ട്, ഞാന്‍ വഴിയില്‍ കൂടി നിന്നവരുടെ ഇടയിലേക്ക് എത്തിനോക്കി. നാലഞ്ച് ചെറുപ്പക്കാര്‍ പരസ്പരം തെറിവിളിച്ച് ആഞ്ഞുതല്ലുകയാണ്. ചുറ്റും കൂടിയവര്‍ അനക്കമറ്റ് നില്‍ക്കുന്നു. മുന്നോട്ട് ചെന്ന് ധൈര്യപൂര്‍വം തല്ലുന്നവരെ പിരിച്ചുവിടണമെന്നും സമാധാനിപ്പിക്കണമെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ എനിക്ക് തോന്നാറുണ്ട്. പക്ഷെ ഇതൊക്കെ മനസ്സില്‍ വരുമ്പോഴേയ്ക്കും തന്നെ എന്റെ തൊണ്ട വരണ്ടിരിക്കും. പിന്നെ എനിക്കൊന്നിനും പറ്റാറില്ല, കുറ്റബോധവും ജാള്യതയും അവനവനോടുള്ള അവജ്ഞയും നുരയുന്ന മനസ്സില്‍ നോക്കിനില്‍ക്കാനല്ലാതെ. അവസാനം, താണുപോയ വെള്ളാരം കല്ലുപോലെ രംഗങ്ങള്‍ മാത്രം അവിടെ ബാക്കിയാവും.
ഞാന്‍ നോക്കിനില്‍ക്കെ, രണ്ടു പോലീസുകാര്‍ വന്ന്, കൂടിനില്‍ക്കുന്ന ആള്‍ക്കാരെ പിരിച്ചുവിട്ടു. മുഖം ചോരയില്‍ കുളിച്ച ഒരു ചെറുപ്പക്കാരനെ അവര്‍ കാറിലിരുത്തി. അയാളുടെ ഷര്‍ട്ടില്‍ ചോരപ്പാടുകളുണ്ടായിരുന്നു.
ഞാന്‍ വളരെ വേഗം തിരിഞ്ഞു നടന്നു. എന്റെ വീട് വളരെ അകലെയാണ്. സ്വപ്നത്തിലെ മഞ്ഞില്‍ എവിടെനിന്ന് നോക്കിയാലും എന്റെ വീട് എനിക്കു കാണാമായിരുന്നു. ഇപ്പോള്‍ അതല്ല. മുഖത്തും വസ്ത്രങ്ങളിലും ചോരപ്പാടുകളുണ്ടോ എന്നു നോക്കി നോക്കി ഞാന്‍ വേഗം ഒരു ടാക്‌സിയില്‍ കയറി ഇരുന്നു.
വീട് പൂട്ടിയിരിക്കുന്നു. വാതിലിനു മുന്‍പില്‍ ഞാന്‍ വെറുതെ നിന്നു ഒരു നിമിഷം. വേലക്കാരി കുട്ടികളെയും കൂട്ടി പാര്‍ക്കില്‍ പോയതാവും ഹാന്‍ഡ്ബാഗില്‍ നിന്നും താക്കോലെടുത്ത് ഞാന്‍ വാതില്‍ തുറന്നു മേശപ്പുറത്ത് റേഡിയോ പാടിക്കൊണ്ടിരുന്നു. അതു നിര്‍ത്താതെ, ഫ്രിഡ്ജില്‍ നിന്നും തണുത്ത വെള്ളമെടുത്ത് പലതവണ ഞാന്‍ മുഖം കഴുകി.
വെള്ളം കാണുമ്പോള്‍ പേടിച്ച് ചൂളിയിരുന്ന മുരളിയുടെ മുഖം ആണ് മനസ്സ് നിറയെ. “മുരളി മരിക്കേണ്ടായിരുന്നു”. ഞാന്‍ സ്വയം പറഞ്ഞുനോക്കി.
വീട്ടിലേക്കു മടങ്ങിവരുന്ന കുട്ടികളുടെ ശബ്ദം വാതില്‍ക്കല്‍.
“അമ്മ വന്നിട്ടില്ലെന്ന് തോന്നുന്നു”. വാതില്‍ തുറന്ന് ആയ കുട്ടികളോട് പറഞ്ഞു.
ഞാന്‍ വേഗം ഇരുട്ടില്‍ ബാല്‍ക്കണിയുടെ വാതിലിനു പിന്നിലേക്കു മാറി. കുട്ടികള്‍ വീട്ടിലെല്ലായിടത്തും ഓടി നടക്കുകയാണ്. “എവിടെയാണ് അമ്മ പോയത്?” അവര്‍ പറഞ്ഞു: “നേരം ഇത്ര ഇരുട്ടുന്നതിനു മുന്‍പ് അമ്മയ്ക്ക് വരാമായിരുന്നു”.
കര്‍ട്ടന്‍ പ്ലാന്റിന്റെ തലപ്പുകള്‍ അപ്പോഴൊക്കെ എന്റെ കവിളില്‍ ആ ഇരുട്ടത്ത്  തട്ടിക്കൊണ്ടേയിരുന്നു. ഞാന്‍ അനങ്ങിയില്ല. ഇലകള്‍ക്ക് വല്ലാത്ത തണുപ്പ്. തറവാട്ടിലെ അമ്പലത്തിനകത്തുവെച്ച് ഒരു സന്ധ്യയ്ക്ക് എന്നെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ച ഉണ്ണിയേട്ടനെ ഞാനോര്‍ത്തു. പുരുഷന്റെ ആദ്യ സ്പര്‍ശം. ഉണ്ണ്യേട്ടന്‍ പോയിക്കഴിഞ്ഞിട്ടും ഞാനന്നവിടെ ഏറെനേരം നിന്നു. ഇതാ, ഇതുപോലെ. എന്റെ കണ്ണുകള്‍ പതുക്കെപ്പതുക്കെ നിറഞ്ഞു വന്നു. പെട്ടെന്ന്, കുട്ടികള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന മേശപ്പുറത്തുനിന്നും വീണുടഞ്ഞ പ്ലെയ്റ്റിന്റെ ശബ്ദം ഒരു തരിപ്പോടെ എന്റെ മനസ്സിലേക്ക് ചിതറി. പിന്നെ എനിക്ക് കരയണമെന്നു തോന്നിയില്ല. കുട്ടികളെ അവരുടെ കിടപ്പറയിലാക്കി വേലക്കാരി എനിക്കും ഭര്‍ത്താവിനും ഭക്ഷണം മേശപ്പുറത്ത് ഒരുക്കിവെയ്ക്കുന്നതുവരെ ഞാനവിടെത്തന്നെ നിന്നു.
കുട്ടികളുടെ ബഹളം പതുക്കെപ്പതുക്കെ ചെറുതായി. മുറിയിലെ മങ്ങിയ ലൈറ്റിട്ട് വേലക്കാരി കിടക്കാന്‍ പോയപ്പോള്‍ ഞാന്‍ കുട്ടികളുടെ കിടപ്പറയിലേക്കു നടന്നു. അവര്‍ക്കുവേണ്ടി വാങ്ങിയ പൂക്കളുടെ കാര്യം ഞാനപ്പോഴാണ് ഓര്‍ത്തത്. പൂക്കളെടുത്ത് ഞാന്‍ അവരുടെ അടുത്തുചെന്നു. മൂന്നുപേരും ഉറങ്ങിയിരുന്നു. വലിയ വെളുത്ത ക്വില്‍റ്റുകൊണ്ട് ആയ അവരെ പുതപ്പിച്ചിരിക്കുന്നു. പൂക്കള്‍ ഒരു വലിയ ഗ്ലാസ്സില്‍ ഭംഗിയായി വെച്ചു, ഞാന്‍. എന്നിട്ട് അത് അവരുടെ കാല്‍ക്കല്‍ സ്റ്റൂളില്‍ വച്ചു. രാവിലെ ഉണരുമ്പോള്‍ അവര്‍ അതു കണ്ട് ഉണര്‍ന്നോട്ടെ എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ, പെട്ടെന്ന് ബെഡ്‌റൂം ലാമ്പിന്റെ നീലവെളിച്ചവും വെളുത്ത വലിയ പുതപ്പും ഇരുട്ടും എല്ലാംകൂടി എന്നെ സ്തബ്ധയാക്കി. എന്റെ കുട്ടികളുടെ ശവശരീരങ്ങള്‍ക്കുമേല്‍ റീത്തു വെയ്ക്കുന്നതുപോലെയാണ് ഞാനിതൊക്കെ ചെയ്തത് എന്നാണ് എനിക്ക് തോന്നിയത്. ഞാന്‍ വേഗം പൂക്കള്‍ എന്റെ റൂമിന്റെ ഒരു മൂലയില്‍ കൊണ്ടുവച്ചു. കുട്ടകളെ മൂടിയിരുന്ന വെളുത്ത ക്വില്‍റ്റ് വലിച്ചു കളഞ്ഞു. പക്ഷിയുടെ കഴുത്തിലെ നിറങ്ങളെപ്പോലെ വളരെ ഭംഗിയുള്ള ഒരു ക്വില്‍റ്റെടുത്ത് അവരെ പുതപ്പിച്ചു.
അപ്പോഴാണ് ഭര്‍ത്താവ് വന്നത്. ആയ വാതില്‍ തുറക്കുന്നതും മേംസാബ് പുറത്തുപോയി തിരിച്ചെത്തിയില്ല എന്നു പറയുന്നതും ഞാന്‍ കേട്ടു. ഭര്‍ത്താവിനെ അവിടെപ്പോയി എതിരേല്‍ക്കണമെന്നും ക്ഷീണമുണ്ടോ എന്നു ചോദിക്കയ്ക്കണമെന്നും ഞാന്‍ വിചാരിച്ചതാണ്. പക്ഷെ, എനിയ്‌ക്കൊന്നും തോന്നിയില്ല. ഭര്‍ത്താവ് കുളിയ്ക്കാന്‍ ഓണ്‍ചെയ്ത ഷവറിന്റെ ശബ്ദം, മുഖം മുഴുവന്‍ രക്തവുമായി കാറില്‍ കിടത്തിയ ചെറുപ്പക്കാരനെയും കൊണ്ട് ഓടിച്ചുപോയ ടാക്‌സിയെ ഓര്‍മിപ്പിച്ചു.
ഭക്ഷണം ചൂടാക്കുകയായിരുന്ന ആയയോട് ഭക്ഷണം വേണ്ടെന്നുപറഞ്ഞ് ഭര്‍ത്താവ് കുട്ടികളുടെ കിടപ്പറയിലേക്കുവന്നു. ഞാന്‍ വേഗം കുട്ടികളുടെ കട്ടിലിനു താഴെയുള്ള ഇരുട്ടില്‍ കിടന്നു.
'എല്ലാം ഒരു തമാശയാണ്'. ഞാന്‍ സ്വയം പറഞ്ഞു.
ഭര്‍ത്താവ് കുട്ടികളുടെ കട്ടിലില്‍ വന്നിരുന്നു. അവരുടെ എല്ലാം തലയില്‍ തടവി. ഉമ്മവെച്ചു. അവര്‍ അത് അറിഞ്ഞതേയില്ല എന്നു തോന്നുന്നു. അവര്‍ അതേപടി ഉറങ്ങിക്കിടന്നു.
പിന്നെ സ്വന്തം കിടപ്പറയിലേക്ക് പതുക്കെ ഭര്‍ത്താവ് പോകുന്നതും ഞാന്‍ കണ്ടു. എനിക്ക് കിടന്നിടത്തുനിന്ന് എഴുന്നേല്‍ക്കാനേ തോന്നിയില്ല. അടുത്ത അറയില്‍ അങ്ങോട്ടുമിങ്ങോട്ടും ആരെയോ അന്വേഷിച്ചെന്നപോലെ നടക്കുന്ന ഭര്‍ത്താവിന്റെ കാലടി ശബ്ദത്തിനൊപ്പം മുരളീധരനും ഭര്‍ത്താവും ഉണ്ണിയേട്ടനും മാറി മാറി മനസ്സില്‍ വന്നു. അവസാനം മഞ്ഞിലെ പക്ഷിയും. കുറച്ചുകൂടിക്കഴിഞ്ഞ്, ഭര്‍ത്താവിനെ ഉറക്കത്തില്‍ നിന്നുണര്‍ത്തി അദ്ദേഹത്തിന്റെ മേല്‍ കൈവെച്ചുകൊണ്ട് മഞ്ഞിലെ പക്ഷിയെപ്പറ്റി പറയാം. ഞാനോര്‍ത്തു. ഞാനുറങ്ങി പ്പോയിരിക്കണം. രാവിലെ ഉണരുമ്പോള്‍ ഞാന്‍ കുട്ടികളുടെ കട്ടിലിനുതാഴെ കിടക്കുകയായിരുന്നു.
“എവിടെയായിരുന്നു നീ? ” കുളിമുറിയില്‍ നിന്നും പുറത്തു വരുമ്പോള്‍ എന്നെക്കണ്ട ഭര്‍ത്താവ് ചോദിച്ചു.
“ഞാനിന്നലെ കിടന്നതും ഉറങ്ങിപ്പോയി.” മഞ്ഞിലെ പക്ഷിയെപ്പറ്റി പറയാമെന്നു കരുതി ഞാന്‍ പിടഞ്ഞെണീറ്റു. പിന്നെ അതിനെപ്പറ്റി ഞാന്‍ തന്നെ മറക്കാന്‍ തുടുങ്ങിയിരുന്നതുകൊണ്ട് വേണ്ടെന്നുവെച്ചു. ഇന്നലെ ഞാന്‍ അതിനേക്കാള്‍ നല്ല വേറെ ഒരു സ്വപ്നം കണ്ടിരുന്നു. വേണമെങ്കില്‍ അതുപറയാമല്ലോ, ഞാനോര്‍ത്തു.

***

No comments:

Post a Comment