Followers

Sunday, February 7, 2016

ശീലാവതി

സ്വന്തം മാറത്തു കിടക്കുന്ന പുരുഷന്റെ മുഖം പതുക്കെ പതുക്കെ ചീര്‍ത്തു വരുന്നു. അവള്‍ സൂക്ഷിച്ചു നോക്കി.  മുഖത്തെ പേശികള്‍ക്ക് മിനുപ്പ്. വീര്‍ത്തുമിനുങ്ങുന്ന, മൂക്കിനിരുവശത്തും തടിച്ചുവരുന്ന ചെവികള്‍. കുറച്ചു കാലമായി തൊണ്ടയില്‍ തടഞ്ഞുകിടന്നിരുന്ന ഓക്കാനം ഒന്നുകൂടി ഉള്ളിലേക്കമര്‍ത്തി, അയാളുടെ കൈപ്പടങ്ങള്‍ പിടിച്ചു പതുക്കെ തടവി നോക്കി. മുരടിച്ച വിരലുകളുടെ അറ്റം. ഭീതിയോളമെത്തുന്ന അറപ്പോടെ, അവള്‍ അവ പൊടുന്നനെ കിടക്കയിലേക്കുതന്നെയിട്ടു. എന്നിട്ട് ശ്വാസം പിടിച്ച് മലര്‍ക്കെ തുറന്ന കണ്ണുകളോടെ അനങ്ങാതെ കിടന്നു. തട്ടിന്റെ തുലാങ്ങള്‍ക്കിടയില്‍ പീലി വിടര്‍ത്തിയ മയില്‍ തന്നെത്തന്നെ നോക്കിനില്‍ക്കുന്നു. പതുക്കെ ഒന്നു ചിരിച്ചുവോ എന്നവള്‍ക്കു സംശയം തോന്നി. തന്റെ തന്നെ മാറില്‍നിന്നാണെന്ന വിധം, അയാളുടെ തലമുടിയില്‍ നിന്ന് പഴകിയ മണം മൂക്കിലേക്കടിച്ചപ്പോള്‍ അവള്‍ മയിലില്‍ നിന്ന് കണ്ണുകളെടുത്തു. അയാളുടെ മുഖം ചീര്‍ത്തും മിനുത്തും തന്നെ വരുന്നു.  ഇനി ഒരുപക്ഷേ, തന്റെ മാറിലല്ലാതെ ഈ മുഖം എവിയെടെങ്കിലും കണ്ടാല്‍ത്തന്നെ താന്‍ തിരിച്ചറിഞ്ഞെന്നുവരില്ല, സാമാന്യത്തിലധികം വീര്‍ത്തുകഴിഞ്ഞ ആ തല തന്റെ മാറില്‍ നിന്ന് തള്ളിത്താഴത്തിടണമെന്നും ഉറക്കെ നിലവിളക്കണമെന്നും അവള്‍ക്കു ഒരു നിമിഷം തോന്നി.  ഒപ്പംതന്നെ, അയാളെ ഉണര്‍ത്തരുതെന്നും. തന്റെ മാറില്‍ തലച്ചായ്ച്ച് നിഷ്‌കളങ്കതയോടൊപ്പമെത്താവുന്ന നിര്‍വികാരതയോടെ ഉറങ്ങുന്ന ഒരു പുരുഷനെ തള്ളിത്താഴത്തിടുന്നത് രണ്ടാം കിടയാവും. സ്ത്രീത്വത്തിനും തന്റെ അച്ഛനും അതൊരു തീരാത്ത പഴിയുമാവും. അതുമല്ല, വയറ്റുപിഴപ്പിനുവേറെ വഴി ഇതുവരെയും നോക്കാത്ത തനിക്ക് ഒഴിവാക്കാമായിരുന്ന ഒരു ബുദ്ധിമുട്ടുമാവും. ഇങ്ങനെ അവള്‍ വിചാരിച്ചു കഴിഞ്ഞതും തലയ്ക്കു മുകളിലെ മയില്‍ നിന്നനില്‍പില്‍ ഒറ്റക്കാലില്‍ ഒരുവട്ടം ചുറ്റി നീണ്ടപീലികള്‍ അയാളുടെ മേലിലും അവളുടെ മുഖത്തുമൊക്കെ അമര്‍ത്തി ഉരസി.  അങ്ങനെയാണ്, അതിന്റെ പീലികളെ, അവയെ നിറം മങ്ങിച്ചുകൊണ്ട് പണ്ടുമുതലേ അടിഞ്ഞുകൂടിയ ധൂളിപോലെ ചലവും രോഗാണുക്കളും മൂടാനിടയായത്. “ഒരു വലിയ പുരുഷന്റെ തല നിന്റെ മാറിലേറ്റേണ്ട യോഗമുണ്ടെ”ന്ന് വേലപ്പറമ്പില്‍ വെച്ച് കൈനോട്ടക്കാരി കുറത്തി പറഞ്ഞിരുന്നത് അവളോര്‍ത്തു. ഒരലറിച്ചയോടെ അവള്‍ ചാടിയെഴുന്നേറ്റു. തന്റെ തലയ്ക്കു കീഴിലെ, മാര്‍ദവമേറിയ മാറ് അപ്രതീക്ഷിതമായി തെന്നിമാറിയതിനാല്‍ ഒരു നടുക്കത്തോടെ അയാളും ഞെട്ടി ഉണര്‍ന്നു.
പതുക്കെ വിടര്‍ന്നു ചീര്‍ത്ത കണ്‍പോളകള്‍ക്കുള്ളില്‍ കോപത്തിന്റെ രക്തച്ഛവി പ്രതീക്ഷിച്ച്, ഭയത്തോടെ അവള്‍ മൂലയിലേക്ക് മാറി. മുറിയില്‍ നിറഞ്ഞുനിന്ന അനാരോഗ്യത്തിന്റെ അസഹ്യമായ മണം കാരണം വായിലൂറുന്ന ചളിച്ച വെള്ളം, പേടികൊണ്ടും ബഹുമാനം കൊണ്ടും വായ പൊത്തിപ്പിടിച്ചിരുന്ന സാരിത്തലപ്പിലേക്ക് ആരുമറിയാതെ അവള്‍ തുപ്പിപ്പോയി.
“ദൈവമേ,” അവള്‍ സ്വയം നിറുത്താതെ പറഞ്ഞു: “ക്ഷമിക്കുക പതിഭക്തയായ എന്നെ നീ തന്നെ രക്ഷിക്കുക, അറപ്പുകൊണ്ട് വായിലൂറുന്ന ഈ ചളിച്ച വെള്ളം എവിടെനിന്നാണെന്നുപോലും എനിക്കറിയുന്നില്ല.”
“ശീലാവതി.” പൂര്‍ണമായും ഉണര്‍ന്നുകഴിഞ്ഞപ്പോള്‍ താഴ്ന്ന ശബ്ദത്തില്‍ ഗൗരവത്തോടെ അയാള്‍ പറഞ്ഞു. “നീ ഈ ചെയ്തത് ഒട്ടും ഉചിതമായില്ല. ആര്‍ക്കാണ് മോശം? ഒരു ഭാര്യയ്ക്കും ഭൂഷണമായ ഒന്നല്ല ഇത്തരം പെരുമാറ്റങ്ങള്‍.”
“അതെ, പ്രഭോ, ശരിയാണ്,” ശീലാവതി അദ്ദേഹത്തെ മുഴുവനാക്കാന്‍ സമ്മതിക്കാതെ പറഞ്ഞു: “ക്ഷമിക്കുക. ഭാര്യയായിട്ടില്ലാത്ത എനിക്ക് അവിടുന്നു തന്ന ഈ ബഹുമതിയില്‍ മാത്രം ഞാന്‍ ധന്യയാണ്. ഈ ഭാഗ്യം കെട്ടവള്‍ അതര്‍ഹിക്കുന്നില്ലെങ്കിലും.”
ശീലാവതിയുടെ പുരുഷന്‍ കരുണയാര്‍ന്ന കണ്ണുകളോടെ അവളെ നോക്കി ചിന്താധീനനായി.
“പ്രിയേ,” അദ്ദേഹം പറഞ്ഞു: “ഭാര്യാപദമല്ല കാര്യം. നെറ്റിപ്പട്ടങ്ങളില്‍ നാം ഭ്രമിക്കാതിരിക്കുക. നിന്റെ കവിതകളുടെ മാധുര്യത്തില്‍, നൂപുരങ്ങളുടെ ലാസ്യത്തില്‍, മധുവാണിയുടെ വിനയത്തില്‍ ഞാന്‍ ചിറകുകളേറുന്നു. നീ എന്റെ ധനമാണ്.”
വായിലൂറുന്ന ചളിച്ചവെള്ളം മധുരിക്കുന്നോ എന്ന് ശീലാവതിക്ക് സംശയം തോന്നി. നീണ്ട കണ്‍പോളകള്‍ നാണത്തോടെ താഴ്ത്തി അവള്‍ ആ വെള്ളം സാവധാനം ഇറക്കി. കട്ടിലിന്റെ താഴത്തേക്ക് ഇറക്കിവെച്ച അയാളുടെ പാദങ്ങള്‍ തംബുരുവിലെന്നപോലെ അവള്‍ തലോടി. സംഗീതത്തിന്റെ മന്ത്രധ്വനി ഉതിരുന്നോ, അവള്‍ കാതോര്‍ത്തു. പിന്നെ, മുറ്റിത്തഴച്ച തന്റെ തലമുടികൊണ്ട് ആ പാദങ്ങളിലെ ചളിയും ചലവും അവള്‍ തുടച്ചെടുത്തു.
അവളുടെ നിറഞ്ഞ മാറിടങ്ങളില്‍ ഒരു ചെങ്കോലിലെന്നപോലെ തലോടി, തിളങ്ങുന്ന ഒഡ്യാണത്തിനു നടുവില്‍ ഒരു പതക്കംപോലെ കിടന്ന ഭംഗിയാര്‍ന്ന പൊക്കിള്‍ക്കുഴിയെ സ്വന്തം സാമ്രാജ്യത്തെ എന്നുപോലെ ദയവായ്‌പോടെ തൃക്കണ്‍പാര്‍ത്ത് സമ്രാട്ടായ പുരുഷന്‍ സന്തുഷ്ടനായി.
“ശരി.” അദ്ദേഹം പറഞ്ഞു: “കുട്ടയെടുക്ക്.”
കാലില്‍ മൃദുലമായി തലോടിയിരുന്ന അവളുടെ കൈകള്‍ ഒരു നിമിഷം ആ വരണ്ട തൊലിയില്‍ തടഞ്ഞുനിന്നു. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കുഷ്ഠരോഗം പകരുന്നതെങ്ങനെയെന്ന് ശീലാവതി പഠിച്ചിരുന്നത്. മുടിത്തുമ്പും ദേഹവും മനസ്സും ഒക്കെ അതുകൊണ്ട് ഡെറ്റോള്‍ ഒഴിച്ച വെള്ളത്തില്‍ കഴുകണമെന്ന് അവള്‍ തീര്‍ച്ചയാക്കി.
എന്നിട്ടാണ് അവള്‍ കുട്ടയെടുത്തുകൊണ്ടുവന്നത്.
എത്രയോ ആള്‍ക്കാര്‍ അതിനുമുന്‍പേ നടന്നു തെളിയിച്ച വഴിയിലൂടെ ശീലാവതി കുട്ടയെടുത്തു നടന്നു. ഗുരുവചനങ്ങള്‍ അനുസരിച്ച് കുട്ടയുടെ അരികുകളും ഓരങ്ങളും ശീലാവതി മൃദുവും ഇലകളിട്ട് തണുപ്പാര്‍ന്നതുമാക്കിയിരുന്നു. നിറയെ ശംഘുപുഷ്പങ്ങള്‍ പൂത്ത ഇടവഴികളിലൂടെയും നിബിഡവനങ്ങള്‍ക്കിടയിലൂടെയും സമുദ്രതീരത്തു കൂടെയും അവള്‍ ഒരുപാട് നടന്നു. തലയ്ക്കു മുകളില്‍ കുട്ടയില്‍ ഒരു പാവയെപോലെ ഇരിക്കുന്ന പുരുഷന് വേദനിക്കുമോ എന്നോര്‍ത്താണ് ശീലാവതി നടത്തം ആവുന്നത്ര പതുക്കെയാക്കിയത്. പിന്നെ താന്‍ ക്ഷീണിക്കുന്നു എന്ന് അദ്ദേഹം അറിയാതിരിക്കുകയുമാവാം.
“നിന്റെ കാല്‍ വേദനിക്കുന്നോ?” അയാള്‍ ചോദിച്ചു. “നിന്റെ മൃദുലമായ കാലടികള്‍ക്ക് പൂകൊണ്ടുള്ള പാദരക്ഷകള്‍ വേണം”.
നെറ്റിയിലൂടെ  ചുവട്ടിലേക്കൊഴുകിയ വിയര്‍പ്പ് നുണഞ്ഞ് ശീലാവതി ചിരിച്ചു.
“ഞാനെന്തു ഭാഗ്യവതി”, അവള്‍ പറഞ്ഞു. എന്നിട്ട് നടത്തം വീണ്ടും പതുക്കെയാക്കി.
“നിന്റെ നൂപുരധ്വനി”, അയാള്‍ പറഞ്ഞു. “എന്നെ എന്നപോലെ തന്നെ സുന്ദരീ, എല്ലാ ജീവജാലങ്ങളേയും മത്തുപിടിപ്പിക്കുന്നു. നിന്നെ നോക്കിനില്‍ക്കുന്ന ആ ആണ്‍ മാനിനോട് എനിക്ക് വല്ലാത്ത വിദ്വേഷം തോന്നുന്നു. നീ അങ്ങോട്ട് നോക്കുന്നുണ്ടോ പ്രിയേ?”
“ഇല്ല”. സീതയെ മോഹിപ്പിച്ച ആ പുള്ളിമാനില്‍ നിന്നും ഒരു ഞെട്ടലോടെ കണ്ണുകളെടുത്ത് അവള്‍ പറഞ്ഞു: “ഞാനതിനെ കാണുന്നു പോലുമില്ല”. ശീലാവതി പിന്നെ മുത്തുകള്‍ പൊഴിയുന്നതുപോലെ  ചിരിച്ചു.
“എന്തൊരു പേടി!” അവള്‍ അഭിമാനത്തോടെ മൊഴിഞ്ഞു: “ഹാ! എന്റെ നൃത്തവും എന്റെ ഗാനവും എന്റെ ദേഹവും എന്റെ പ്രേമവും, പ്രഭോ, ധന്യമായി. ”
ഒരു മുന്നറിയിപ്പുമില്ലാതെ പൊടുന്നനെയാണ് അയാള്‍ നിലവിളി തുടങ്ങിയത്. ശീലാവതി, ഇറങ്ങാനുള്ള വെമ്പലില്‍ കുട്ടയില്‍ക്കിടന്ന് കാലിട്ടടിക്കുന്ന പൂരുഷനെക്കണ്ട് അമ്പരന്നുപോയി.
“ഇറക്ക് കൊട്ട”, അയാള്‍ താഴ്ന്ന ശബ്ദത്തില്‍ ചീറി: “ഇറക്കി വെയ്ക്ക്” കുറച്ചു മുന്നില്‍, മുട്ടോളം എത്തുന്ന വാര്‍മുടിയും, ചന്ദനക്കുറിയും, രണ്ടു ദാസികളുടെ അകമ്പടിയുമായി ഒരു കുലസ്ത്രീ നടന്നുവന്നിരുന്നു. മരത്തിന്റെ തണുപ്പാര്‍ന്ന നിഴലില്‍, ആ വലിയ മരംചാരി, മകനേയും ശീലാവതിയേയും കണ്ട അവര്‍ അന്തംവിട്ടുനിന്നു.
“അമ്മ”. കുട്ടയില്‍ നിന്ന് ഒരു വിധം പുറത്തുചാടി അയാള്‍ പേടിയോടെയും അമ്പരപ്പോടെയും കൊഞ്ചി: “എന്റെ അമ്മ”.
“അതിന്”? അയാള്‍ ഇറങ്ങുന്ന പരാക്രമത്തില്‍ ഉളുക്കിപ്പോയിരുന്ന സ്വന്തം കഴുത്തില്‍ തടവി ലേശം അരിശത്തോടെ ശീലാവതി ചോദിച്ചു. “പോയി കാല്‍ക്കല്‍ നമസ്‌ക്കരിച്ചിട്ട് വരൂ”.
ശീലാവതിയുടെ മുഖത്തേക്ക് ഭ്രാന്തനെപ്പോലെ അയാള്‍ കുറച്ചുനേരം നോക്കിനിന്നു. പിന്നെ അവള്‍ അന്നുവരെ കേള്‍ക്കാത്തത്ര മധുരവും താഴ്മയുമായി പറഞ്ഞു: “പ്ലീസ്, ശീലാവതീ, നീ ആ വള്ളിക്കുടിലുകളുടെ മറവിലേക്ക് ഒരിത്തിരിനേരം ഒളിഞ്ഞുനില്‍ക്കൂ. അവിടെ നീ വിശ്രമിക്കുക, നിന്റെ നടന്നുതളര്‍ന്ന കാലുകള്‍ തന്നെ വേദനിക്കുന്നുണ്ടാവും. അമ്മയെ ഞാന്‍ സമാധാനിപ്പിക്കാം”.
“ഭീരൂ...” കുട്ടയില്‍ ഒരുക്കിവെച്ചിരുന്ന ഹംസതൂവലുകള്‍, സ്വന്തം കാലിലെ അസഹ്യമായ വേദന, കഴുത്തിലെ ഉളുക്ക് എല്ലാം മറന്ന് ശീലാവതി അയാളെ ഒരിക്കല്‍ക്കൂടെ ഉറക്കെ വിളിച്ചു: “വെറും ഭീരൂ”.
പിന്നെ പുരുഷന്റെ വളയുന്ന പുരികങ്ങളെ നേര്‍ക്കുനേര്‍ എതിരിട്ട്, നെറ്റിയിലെ വിയര്‍പ്പ് വസ്ത്രാഞ്ചലം കൊണ്ടൊപ്പി, അമ്മയും ഭൂമിയും അയാളും കുലുങ്ങുമാറ് ഉറക്കെ പൊട്ടിച്ചിരിച്ചു അവള്‍.
“ഇത്”, അരിശത്തോടെയെങ്കിലും, ഒരു പക്വമതിക്ക് ചേരുംവണ്ണം താഴ്ന്ന ശബ്ദത്തില്‍ അയാള്‍ പറഞ്ഞു: “ഒരു കുലവധുവിനും ചേര്‍ന്നതല്ല. ലളിതകലകളില്‍ പ്രവീണയും ജീവിതത്തിന്റെ വഴികളില്‍ മനസ്സിലാക്കിയവളുമായ നീ, ഒരു കൊച്ചു പെണ്‍കുട്ടി കണക്കെ ദുശ്ശാഠ്യക്കാരിയാവരുത്”. വീണ്ടും എന്തോ ഓര്‍ത്തിട്ടെന്നപോലെ ദേഷ്യം കലങ്ങിയ ശബ്ദത്തില്‍ അയാള്‍ കൂട്ടിച്ചേര്‍ത്തു: 'ഉറക്കെ ഉറക്കെ ചിരിക്കാതെ മനസ്സിലാക്കുവാന്‍ ശ്രമിക്കുക'.
പിന്നീട് അമ്മയുടെ കാല്‍ക്കല്‍ സാഷ്ടാംഗം നമസ്‌കരിച്ചു. വള്ളിക്കുടിലുകളുടെ മറവിലേയ്ക്കുപോയി, കാലില്‍, നടക്കുമ്പോള്‍ ആഴത്തിലേറ്റിരുന്ന മുള്ള് ഒറ്റവലിക്ക് ശീലാവതി വലിച്ചെടുത്തു. കാലിന്റെ കുതിമണ്ണില്‍ അമര്‍ത്തിത്തിരുമ്പി. മണ്ണിലേക്ക് ആഞ്ഞുതുപ്പി. ചിറിയിലെ തുപ്പല്‍ പുറംകൈകൊണ്ടു തുടച്ച്, ചെടികള്‍ക്കിടയിലെ നേര്‍ത്ത വിടവിലൂടെ അമ്മയേയും മകനേയും നോക്കി. സ്വന്തം അമ്മ പണ്ട് ഉപദേശിച്ചുതന്നിരുന്ന കുലീനകളുടെ സൗശീല്യങ്ങളെല്ലാം തന്നെ ശീലാവതി മറന്നുപോയിരുന്നു. അതിനാല്‍ ചെവി ഓരം ചേര്‍ത്തുവെച്ച് അവര്‍ പറയുന്നതെന്താണെന്ന് അവള്‍ ഒളിഞ്ഞു കേട്ടു.
“മകനേ”, അമ്മ തേങ്ങി. “ഇതോ, ഇതോ നിന്റെ വധു”?
“അല്ല”. മകന്‍ ദുഃഖാകുലനായി. “അമ്മയുടെ കൈകള്‍കൊണ്ട് വളര്‍ത്തിയ എന്നോട് അമ്മ ഇത് ചോദിക്കരുതായിരുന്നു.
“മകനേ,” അമ്മ പറഞ്ഞു: “അപുത്രനായി മരിക്കുക പാപമാണ്. എല്ലാ ജീവജാലങ്ങളേയും പോലെ കാലാകാലങ്ങളില്‍ അനുയോജ്യയായ ഒരു വധുവിനെ കണ്ടുപിടിക്കുകയും അവളില്‍ നിന്റെ സന്താനങ്ങളെ ഉല്പാദിപ്പിക്കുകയുമാണ് നിന്റെ ചുമതല. അപുത്രനായിരുന്ന്, നീ സ്വന്തം കുലത്തിന് അപമാനമാകാതിരിക്കുക. അതമ്മയ്ക്ക് സഹിക്കുകയില്ല. നിന്നെയും നിന്റെ മക്കളെയും ശുശ്രൂഷിക്കാന്‍ ഒരു കുലവധുവിനെ നീ കൊണ്ടുവരിക”.
മകന്‍ തല താഴ്ത്തി ഇരുന്നു. അമ്മ പറയുന്ന കാര്യങ്ങള്‍ ശീലാവതിക്കും ബോധിച്ചു. അവള്‍ അമ്മയെ കുറേക്കൂടി അടുത്തുകാണാന്‍ വള്ളിക്കുടില്‍ വീണ്ടും വകഞ്ഞുമാറ്റി.
വള്ളിക്കുടിലിന്റെ ഭാഗത്തേക്ക് തീരെ നോക്കാതെ, അയാള്‍ അമ്മയെ ദയനീയമായി നോക്കി. അര്‍ധോക്തിയില്‍ നിറുത്തി.
“മകനേ”, അമ്മ പറഞ്ഞു: “നിന്റെ ഈ പെണ്ണ് കരയുമോ എന്ന പേടി അസ്ഥാനത്താണ്. കുട്ടിയായതിനാല്‍ കരഞ്ഞുപോയാല്‍തന്നെയും നിന്റെ സ്വര്‍ഗപ്രാപ്തിക്കു മുന്നില്‍ അതിന്റെ അല്പത്വത്തെക്കുറിച്ച് അവള്‍ ബോധവതിയായിക്കൊള്ളും. അവളുടെ രക്ഷയും പക്വതയിലേക്കുള്ള ഉയര്‍ച്ചയും ഇത്തരം നിസ്വാര്‍ഥമായ ധാരണകളത്രെ. പിന്നെ തീയിലിട്ട സ്വര്‍ണം പോലെയും അഗ്നി പരീക്ഷ കഴിഞ്ഞ സീതയെപ്പോലെയും അവള്‍ പ്രശോഭിതയാവും. നിന്റെ അച്ഛന്‍ സപത്‌നിയേയും കൊണ്ട് എന്റെ ശയ്യാഗൃഹത്തിലെത്തുമ്പോള്‍ നിനക്ക് മൂന്നു ദിവസമായിരുന്നു പ്രായം. അന്ന് മാന്യമായ ഒരു കുലവധുവിനെപ്പോലെ, എന്റെ കിടക്ക ഞാനവര്‍ക്ക് നല്‍കി. അന്ന്, സന്തോഷം കൊണ്ട് മതിമറന്ന് സപത്‌നിക്കായി വാങ്ങിയ രത്‌നമാല നിന്റെ അച്ഛന്‍ എനിക്ക് ദാസികളുടെ കൈയില്‍ കൊടുത്തയച്ചു. ഇതാ, ഇന്നുവരെ ഞാനാ മാല കഴുത്തില്‍ നിന്നൂരിയിട്ടില്ല”. കഴുത്തിലെ തിളങ്ങുന്ന പതക്കം അമ്മ മകനു നേരെ നീട്ടിക്കാട്ടി. ഈ അമ്മയെപ്പോലെതന്നെ, ചിരിപരിചയം കാരണമാവണം തന്റെ അമ്മയും പണ്ട് ഇതു തന്നെയാണ് പറഞ്ഞത്: “കത്തുന്ന പുരയില്‍ നിന്ന് ഊരിയ കഴുക്കോല്‍ ലാഭം”.
കന്യയായ തനിക്ക് ആദ്യസമ്മാനമായി ഇദ്ദേഹം കൊണ്ടുവന്ന സ്വര്‍ണമാല തന്നെ അണിയിക്കുകയായിരുന്നു അമ്മ.
“മകളേ”, അമ്മ പറഞ്ഞു: “വിഡ്ഢിയാവരുത്”. അടുത്ത തവണ മുലയ്ക്ക് താഴെ കിടക്കുന്ന മാല വേണം നിനക്ക് എന്നു പറയണം. 'നവംബറിന്റെ നഷ്ടം'* നിനക്കു കുറെക്കൂടി യോജിക്കും. അത് നിന്റെ വരനോട് പറയുക”.
മുലയ്ക്കും പൊക്കിളിനും താഴെ കിടക്കുന്ന മനോഹരമായ ആഭരണങ്ങള്‍ ഇദ്ദേഹം കൊണ്ടുവന്നിരുന്നു. പക്ഷേ, ശീലാവതിക്കതിലൊന്നും ആസ്ഥ തോന്നിയില്ല.  വായില്‍ ഓക്കാനവും, മനസ്സില്‍ അദ്ദേഹത്തിന്റെ മുഖവുമായ അവള്‍ ഗര്‍ഭാലസ്യത്തില്‍ മയങ്ങി. ഒരു രാവിലെ കണ്‍തുറന്നപ്പോള്‍ തിളങ്ങുന്ന രത്‌നഖചിതമായ ഒരു ഖഡ്ഗം സ്വന്തം പാര്‍ശ്വത്തില്‍ അവള്‍ കണ്ടു. അമ്മ ശീലാവതിയുടെ നെറ്റിയിലും തലയിലും പതുക്കെ തലോടി. “അദ്ദേഹം തന്നയച്ചതാണ്”. ശീലാവതിയുടെ അമ്മപറഞ്ഞു: “പൊന്നുമകളേ, ഇത് നിന്റെ പിറക്കാനിരിക്കുന്ന മകന് അവന്റെ പിതാവിന്റെ സമ്മാനമായി കൊടുക്കാനും അദ്ദേഹത്തിന്റെ നാമം രഹസ്യമായ സൂക്ഷിക്കാനും അദ്ദേഹം ആജ്ഞാപിച്ചിരിക്കുന്നു”.
അമ്മ പറഞ്ഞുതീര്‍ന്നതും ശീലാവതി ആ ഖഡ്ഗമെടുത്ത് അമ്മയുടെ കഴുത്തില്‍ ആഞ്ഞുവെട്ടി. രണ്ടായിമുറിഞ്ഞുവീണ അമ്മയുടെ ശവത്തിനുമുകളിലൂടെ കവച്ച് കടന്ന് ചോരപ്പാടുകളുള്ള ഖഡ്ഗവുമായി അവള്‍ നേരെ രാജസന്നിധിയിലേക്ക് നടന്നു. കണംകാല്‍വരെ എത്തുന്ന തന്റെ തഴച്ച മുടികെട്ടുവാനും, ഉലഞ്ഞ വസ്ത്രങ്ങള്‍ നേരെയാക്കാനും അവള്‍ മറന്നിരുന്നു. സുഭഗമായ ഒരു പെണ്‍കുട്ടി അത്തരത്തിലോടി വരാന്‍ തക്കതായ കാരണമില്ലാതിരിക്കില്ലാത്തതുകൊണ്ടും യജമാനന്മാരുടെ മാനം കാക്കേണ്ടതുകൊണ്ടും സേവകര്‍ അവള്‍ അകത്തുകടന്നതും രാജസദസ്സിന്റെ നാലുപുറത്തെയും വാതിലുകള്‍ കൊട്ടിയടച്ചു.
“രാജന്‍,” ശീലാവതി ചോദിച്ചു: “എവിടെ എന്റെ ഭര്‍ത്താവ്? ”
“സുന്ദരീ.” അവളുടെ ആകാരത്തിലും മധുവാണിയിലും ഒരുപോലെ മുഗ്ദ്ധനായിപ്പോയ രാജാവ് ചോദിച്ചു: “നിന്റെ ആര്”.
“ഭര്‍ത്താവ ്”, അവള്‍ തിടുക്കത്തില്‍ പറഞ്ഞു: “എന്റെ കുട്ടിയുടെ അച്ഛന്‍.”
“എവിടെ നിന്റെ താലി?” മുന്നില്‍, അപവദിക്കപ്പെട്ട മട്ടില്‍ അന്തം വിട്ടു നിന്നിരുന്ന ബ്രാഹ്മണന്‍ ചീറി: “നെറുകയില്‍ കുങ്കുമം.? ”
ഖഡ്ഗവുമായി നിന്ന അവള്‍ പെട്ടെന്നാണ് അയാളെ കണ്ടത്. ഖഡ്ഗം അയാളുടെ കൈയിലേക്ക് ധൃതിയില്‍ എറിഞ്ഞുകൊടുത്ത് അവള്‍ കിതച്ചു: “എനിക്കോ എന്റെ കുട്ടിക്കോ എന്തിനാണു ഖഡ്ഗം? അതൊക്കെ അവിടുത്തെപ്പോലുള്ളവര്‍ക്ക് വേണ്ടതാണ്. ഞങ്ങള്‍ക്ക് അവിടുത്തെ പേരാണ് വേണ്ടത്. അവിടത്തെ സാന്നിധ്യമാണ്... വേണ്ടത്. ”
“നീ ഇവളെ അറിയുമോ? ” രാജാവു ഇടയില്‍ക്കടന്ന് ചോദിച്ചു.
“രാജന്‍,” തൊണ്ട ഒന്നു രണ്ടു തവണ കാറി ശരിയാക്കി അയാള്‍ പറഞ്ഞു: “എനിക്കിവളെ ആദ്യം മനസ്സിലായില്ല. ക്ഷമിക്കണം. പിന്നെ, ഈ ഖഡ്ഗം മുദ്രാമോതിരം പോലെ എനിക്കവളെ മനസ്സിലാക്കിത്തന്നു.”
“എന്നിട്ട്?” രാജാവ് ചോദിച്ചു.
“ഇവള്‍ സര്‍വകലാവല്ലഭയും ബുദ്ധിമതിയും, അങ്ങേക്ക് കാണാവുന്നതുപോലെ, മനോഹരിയുമാകുന്നു.” അയാള്‍ നിറുത്തി. “സ്വന്തം ചിരിയുടെ തിളക്കം കൊണ്ട് ലോകത്തെ ഒരു വെള്ളിത്തകിടുപോലെയാക്കുന്നവള്‍. എന്റെ രാത്രികളെ നിലാവുകൊണ്ട് നിറച്ചവള്‍. പക്ഷേ രാജന്‍, അങ്ങേക്കറിയാമല്ലോ, നമുക്ക്, നമ്മുടെ മക്കളുടെ അമ്മയായി ഇത്തരത്തിലുള്ളവരെ വരിക്കവയ്യ. ഇവള്‍ കൊട്ടാരം നര്‍ത്തകിയുടെ മകളാകുന്നു.” എന്നിട്ടദ്ദേഹം ശീലാവതിയുടെ നേരെ തിരിഞ്ഞു: “പ്രിയേ നീ മനസ്സിലാക്കുക”, അയാള്‍ പറഞ്ഞു: “ബ്രാഹ്മണനായ എനിക്ക് നിന്നിലുള്ള ഈ വേഴ്ച രാജനീതിയാലും, വേദനീതിയാലും അനുവദനീയമല്ല. നീ എനിക്ക് പകര്‍ന്ന സുഖങ്ങള്‍ക്ക് പകരമായി സൂര്യനെപ്പോലെ തേജസ്വിയായ ഒരു മകന്‍ നിനക്ക് പിറക്കും. അരുത്. കരയരുത്. മഞ്ഞുതുള്ളികള്‍ തങ്ങിനില്‍ക്കുന്ന താമര ഇതളുകള്‍പോലെ ഭംഗിയാര്‍ന്ന, കണ്ണീര്‍ നിറഞ്ഞ നിന്റെ നയനങ്ങള്‍ കൊണ്ട് എന്നെ അങ്ങനെ നോക്കാതിരിക്കൂ. കാര്യങ്ങള്‍ അതാതിന്റെ വെളിച്ചത്തില്‍ കാണുവാനുള്ള കഴിവും ക്ഷമയും ആണ് ഉത്തമകന്യകള്‍ക്ക് ഭൂഷണം.
“ഒന്നാമത ്”, മുന്‍നിരയിലിരുന്ന ബ്രാഹ്മണന്‍ പറഞ്ഞു. “അവളുടെ കുട്ടിയുടെ അങ്ങയുടേയാണെന്നതിന് എന്താണ് തെളിവ്? പാപത്തിന് പ്രലോഭനങ്ങളുമായി ആണുങ്ങളെ വഴിതെറ്റിക്കാന്‍ ഇക്കൂട്ടര്‍ എന്നും തെരുവിലുണ്ടാവും”.
ശീലാവതി, അവളുടെ പേരിന് തീരെ ചേരാത്തവിധം  വല്ലാതെ ക്രുദ്ധയായി. “കുട്ടി അദ്ദേഹത്തിന്റെതല്ലെങ്കില്‍” അവള്‍ പറഞ്ഞു. “അതദ്ദേഹം തെളിയിക്കട്ടെ.”
എല്ലാവരും രാജാവടക്കം ഇടിവെട്ടേറ്റതുപോലെ ബോധംകെട്ടുവീണു. ഒരു നീതിസാരത്തിലും ഇന്നുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണ് സങ്കോചമെന്യേ ഇത്തിരിപ്പോന്ന ഒരു പെണ്ണ് വായതുറന്ന് പറഞ്ഞത്. അതും ഫലഭാരത്താല്‍ ചാഞ്ഞുപോയ വള്ളിപോലെ, കുചഭാരംകൊണ്ട് നമ്രശിരസ്‌കയാവേണ്ടവള്‍.
ബോധക്ഷയം വിട്ട് ആദ്യം ഉണര്‍ന്ന രാജാവ്. ഒരു വന്യമൃഗത്തിനെയെന്നപോലെ  അവളെ പിടിച്ചുകെട്ടാന്‍ ഉത്തരവിട്ടു.
“അരുത്”, പ്രജാപാലകന്‍ അവളെ നോക്കാതെ സ്വന്തം കാല്‍ച്ചുവട്ടിലേക്ക് നോക്കി അരുളിചെയ്തു: “നീ എന്റെ നേരെ നോക്കുന്നത് എനിക്കപമാനമാണ്. ധര്‍മനീതികളില്‍ പാരംഗതരായ ഈ മഹാത്മാക്കളുടെ മുന്‍പില്‍വെച്ച്, നിന്റെ ശയ്യ പലതവണ അലങ്കരിച്ച ഈ സദ്പുരുഷനെ ചോദ്യംചെയ്യാനുള്ള അഹങ്കാരം കാട്ടിയ നീ സ്ത്രീകുലത്തിനും എന്റെ രാജ്യത്തിനും അപമാനമത്രെ. അതിനാല്‍ നീ നിറവയറോടെ എന്റെ സിംഹങ്ങള്‍ക്ക് ഇരയാകുക.”
മരിക്കുകയേ ഉള്ളൂ എന്ന് തീര്‍ച്ചായായപ്പോള്‍ ശീലാവതി അന്തംവിട്ടുപോയി. സ്വന്തം കുട്ടിയുടെ അച്ഛന്‍ മൂലമാണെങ്കിലും പതിനെട്ടു വയസ്സില്‍ മരിക്കുക ഒരനാവശ്യമായി അവള്‍ക്കു തോന്നി.
“രാജന്‍”, അവള്‍ പറഞ്ഞു: “എന്റെ വിവരക്കേടുകള്‍, അല്പത്വം എല്ലാം അങ്ങ് പൊറുക്കുക. ചോദിക്കാനരുതാത്ത ചില ചോദ്യങ്ങള്‍, എത്ര മഹാത്മാക്കളുടെ മുന്നിലായാലും ചോദിക്കരുതെന്ന് എന്റെ അമ്മ പറഞ്ഞുതന്നിരുന്നു. അങ്ങ് ഭഗവാനെപ്പോലെ ദയവാനാണ്. ഞാനമ്മയായി ജനിക്കേണ്ടവനെങ്കിലും അദ്ദേഹത്തിന്റെ മകനോട് അങ്ങ് പൊറുക്കുക. എന്റെ കുട്ടിയോട്, അവന്റെ അച്ഛന്റെ പേര്‍ ഞാനൊരിക്കലും പറയുകയില്ല. പിതാവിന്റെ പേരില്‍, കളങ്കം ചാര്‍ത്താന്‍ തുനിഞ്ഞ അമ്മയോട് ഒരുപേക്ഷേ അവനും പൊറുത്തെന്നുവരില്ല. പ്രഭോ, ജമദഗ്നിയുടെ മകനായ പരശുരാമനെപ്പോലെ ശക്തനാവാന്‍ എന്റെ കുട്ടിയെ അങ്ങനുഗ്രഹിക്കുക.”
“സുഭഗേ,” രാജാവ് പറഞ്ഞു: “പരിതസ്ഥിതികളുടെ അവഗാഹമില്ലാതെ നീ പറഞ്ഞുപോയ അപരാധം ഞാന്‍ ക്ഷമിച്ചിരിക്കുന്നു. പക്ഷെ സുന്ദരീ, നൃത്തവും ഗാനവും ഗര്‍ഭിണിയായ നിനക്ക് കുറച്ചുകാലത്തേക്കെങ്കിലും നിറുത്തിവെയ്‌ക്കേണ്ടി വരുമല്ലോ.”
“ഹാ!” ശീലാവതി പറഞ്ഞു: 'ഈ ഏഴയുടെ വയറ്റിപ്പിഴപ്പിനെ ഓര്‍ത്ത് അവിടുന്ന് വ്യാകുലപ്പെട്ടുവല്ലോ. ഈ രാജസദസ്സിന് ഭൂഷണമായിരിക്കുന്ന എന്റെ പുരുഷന്‍, ഈ അറിവില്ലാത്തവളെ കൈവെടിയുകയില്ല. ആ പാദധൂളികള്‍ എന്റെ നെറുകയിലെ സീമന്തരേഖയില്‍ അണിയുക എന്റെ ധന്യതയാണ്.”
“ശീലാവതി, ” സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളോടെ രാജാവരുളി: “നിന്റെ പുരുഷനെ എല്ലാ ഇംഗിതങ്ങളുമറിഞ്ഞ് നീ പരിപാലിക്കുക. കുട്ടിക്ക് അമ്മയും പുരുഷന് വേശ്യയുമെന്നപോലെ നീ അവന്റെ സാന്ത്വനമാകുക. അവന്റെ രോഗാതുരമായ ശരീരം നോവാതിരിക്കാന്‍, നിന്റെ സൗശീല്യത്തില്‍, യശസ്സില്‍ നീ അവനെ കുട്ടയിലേറ്റുക. ശീലാവതി, മുഖത്തേക്കാള്‍ തിളങ്ങുന്ന വജ്രപ്പതക്കം പോലെ നീ അവന്റെ ആഭരണമാവുക.”
അങ്ങനെയാണ് തനിക്ക് ശീലാവതി എന്ന പേര്‍ കിട്ടിയതുതന്നെ. ശീലാവതി ഓര്‍ത്തു. അതുവരെ തന്റെ പേര്‍ സരള എന്നും ദീപ്ത എന്നും ഒക്കെയായിരുന്നു.
വള്ളിക്കുടിലിന്നപ്പുറത്ത്, സ്വപുത്രന്‍ അപുത്രനാകുന്നതിന്റെ ദുര്യോഗമോര്‍ത്ത് കരയാന്‍ തുടങ്ങുകയായിരുന്നു അമ്മ.
“അമ്മേ,” അയാള്‍ പറഞ്ഞു: “അമ്മയുടെ കണ്ണുനീര്‍  ഈ മണ്ണില്‍ വീണാല്‍ ഭൂമി എന്നോട് പൊറുക്കുകയില്ലെന്ന് എനിക്കറിയാം. അതുകൊണ്ട് അവിടത്തെ ഇംഗിതം ഈ പുത്രന്‍ ശിരസാവഹിക്കുന്നു. ” കണ്ണുനീര്‍ തുടച്ച്, തിളങ്ങുന്ന കണ്ണുകള്‍ കൊണ്ട് അമ്മ മകനെ നോക്കി. കണ്ണുനീര്‍ അറിയാതെയെങ്ങാനും ഭൂമിയില്‍ വീണുപോയോ എന്ന് അവര്‍ കുണ്ഠിതത്തോടെ ഭയപ്പെട്ടു. എന്നിട്ടവര്‍ അയാളെ മാറോടുചേര്‍ത്തു.
“പച്ചമുള ചീന്തുന്നതുപോലെ” അമ്മ പറഞ്ഞു: “നിന്നെ ഏറ്റി നടന്നിരുന്ന ആ പെണ്‍കുട്ടി കരയും. കണ്ണീരില്‍ ആകെ നനഞ്ഞ അവളുടെ പാട്ടും നൃത്തവും, പേമാരിയില്‍ വല്ലിയെന്നപോലെ  ഏറെ ഏറെ ഭംഗിയോലും. തിളങ്ങുന്ന ചെതുമ്പലുകള്‍ക്കകത്ത് നട്ടെല്ലിനു പകരം നില്‍ക്കുന്ന, എങ്ങനെയും വളയുന്ന ഏറെ കശേരുക്കളുമായി മൂര്‍ഖനെപ്പോലെ അവള്‍ കൈകളില്‍ നിന്ന് കൈകളിലേക്ക് വഴുതും. പക്ഷേ, വിഷം നിറഞ്ഞ സ്വന്തം ഉച്ഛ്വാസത്തില്‍ അവള്‍ തന്നെത്തന്നെ വെറുക്കും. പിന്നെ, അസഹ്യമായ ആ നിലനില്പില്‍, പരന്നു വെളുത്ത് മേലേക്ക് വീഴാറായി നില്‍ക്കുന്ന ആകാശത്തിനു കീഴില്‍ പൊട്ടാനാവാത്ത ഒരു വെടിയുണ്ടപോലെ അവള്‍ നിശ്ശബ്ദതയോലും. അതിന്റെ ഘനം, കുഞ്ഞേ, തരളമായ മനസ്സും ലോകത്തോട് ധാരാളം ചുമതലകളുള്ള പുരുഷനായ നിനക്ക് താങ്ങാനാവുകയില്ല. അന്ന്, യമനില്‍ നിന്ന് ഭര്‍ത്താവിനെ വീണ്ടെടുത്ത സാവിത്രിയെപ്പോലെ നിന്നെ സ്വന്തം ചാരിത്രശുദ്ധിയാല്‍ നിന്റെ ഭാര്യയ്‌ക്കേ രക്ഷിക്കാനാവൂ. അതിനാല്‍ ഞാന്‍ നിരത്തി നിറുത്തിയിരിക്കുന്ന ഈ കന്യകകളില്‍ നിന്ന് നീ സ്വാഭീഷ്ടമനുസരിച്ച് ഒരു പെണ്‍കുട്ടിയെ തിരഞ്ഞെടുക്കുക. നല്ല കുടുംബത്തില്‍ പിറന്നവരും നിനക്കിഷ്ടമുള്ള ഭക്ഷണം പാകമായ ചൂടില്‍ നിനക്കു മാത്രം വച്ചു വിളമ്പുന്നവരും നിന്റെ താലത്തിലെ ഉച്ഛിഷ്ടം കൊണ്ടുമാത്രം വയര്‍ നിറയ്ക്കുന്നവരും നിന്റെ രതിയിലും വൈകൃതങ്ങളിലും ആദ്യരാവു മുതല്‍ എതിരെന്യേ വേശ്യയെപ്പോലെ പങ്കെടുക്കുന്നവരും, പകല്‍ വെളിച്ചത്തില്‍, നിന്റേതടക്കം പുരുഷവര്‍ഗത്തിന്റെ ദര്‍ശനമേറ്റാല്‍ത്തന്നെ തൊട്ടാവാടിയെപ്പോല്‍ കൂമ്പുന്നവരും, ഉറക്കെ ചിരിക്കാത്തവരും കരയാത്തവരും, നിനക്ക് ആണ്‍മക്കളെ  തരുന്നവരും, നീ ചോദിക്കുന്നത്ര പണവും പണ്ടവും കൂടാതെ സമ്മാനമായി ഫ്‌ളാറ്റും അംബാസിഡര്‍ കാറും ജോലിയും തരാന്‍ തയ്യാറുള്ളവരുമായ ഈ സുശീലകളുടെ ജാതകങ്ങള്‍ നിന്റേതുമായി ഉത്തമത്തില്‍ച്ചേര്‍ന്നവയാണ്. അവ ഒത്തുനോക്കിയത് നിനക്ക് അറിയാവുന്നതുപോലെ  നമ്മുടെ വടക്കേതിലെ രാമന്‍ നായരുമാണ്. അതാതു ശരീരത്തിന്റെ അളവുകള്‍ അതാതു ജാതകങ്ങളില്‍ അദ്ദേഹം തങ്കലിപികളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. മകനേ, ഇനി നീ വിവാഹിതനും സ്വര്‍ഗപ്രാപ്തിക്ക് അര്‍ഹനുമാവുക.”
പുണ്യപുരാണ ചിത്രങ്ങളില്‍, തപസ്വികളുടെ  മുന്‍പില്‍ പ്രത്യക്ഷപ്പെടുന്ന ദേവതകളെപ്പോലെയാണ് പൊടുന്നനെ ആ നടുനിരത്തില്‍ സ്ത്രീരത്‌നങ്ങള്‍ ഹാജരായത്. ചീര്‍ത്ത് വലുതായ തലയും രോഗത്തിന്റെ മിനുപ്പുമുള്ള മുഖവുമായി അയാള്‍ അവരുടെ മുന്നിലൂടെ പലവട്ടം നടന്നു. കുട്ട മറവിലേക്കിട്ട്, താനും അവരുടെ കൂടെപ്പോയി  നിന്നാലോ എന്ന് ശീലാവതി ഒരു നിമിഷം ഓര്‍ത്തു. പിന്നെ വേണ്ടെന്നും. നടന്നു തേഞ്ഞ തന്റെ  കാലടികള്‍, ചെമ്പഞ്ഞിച്ചാറ് പൂശിത്തുടുപ്പിച്ച വധുക്കളുടെ തളിര്‍പാദങ്ങള്‍ക്കിടയില്‍ ഒരപസ്വരം പോലെ അയാള്‍ തിരിച്ചറിഞ്ഞെന്നുവരും. പിന്നെ, രാജാവിന്റെ സന്നിധിയില്‍, തനിക്ക് നഷ്ടപ്പെടുക തന്റെ പേരാവും.
ശീലാവതി ഇങ്ങനെ ഒക്കെ ഓരോന്ന് ഓര്‍ത്തിരിക്കെ അയാള്‍, ആ വരിയിലെ ഏറ്റവും ലജ്ജാവതിയും പ്രായം കുറഞ്ഞവളും മനോഹരമായ കുചദ്വയങ്ങള്‍കൊണ്ട് നേര്‍ത്ത അംഗവസ്ത്രത്തിന് ശോഭയേറ്റുന്നവളുമായ പെണ്‍കുട്ടിയുടെ കഴുത്തില്‍ താലിചാര്‍ത്തി. പെണ്‍കുട്ടിയുടെ രണ്ടു തുടകളും ചേര്‍ത്ത്, അവള്‍ക്ക് അന്നനട നടക്കാന്‍ മാത്രം പാകത്തില്‍ അദ്ദേഹം ബന്ധിച്ച ആ താലിക്കുമേല്‍ ദേവകള്‍ പുഷ്പവൃഷ്ടി നടത്തി.
'മകളേ,' നിരുദ്ധകണ്ഠനായി അവളുടെ വളര്‍ത്തച്ഛന്‍ പറഞ്ഞു: 'കാട്ടിലെ വന്യമൃഗങ്ങള്‍ക്കിടയില്‍ ഉപേക്ഷിച്ചുപോയ നളനോട് ദമയന്തിപോലെയും, പതിനാല്, കൊല്ലങ്ങള്‍ക്കുശേഷം അയോദ്ധ്യയിലെ സിംഹാസനം വീണ്ടു കൈമോശം വരാതിരിക്കാന്‍ ഗര്‍ഭിണിയായ ഭാര്യയെ കാട്ടിലേക്കയച്ച് പ്രജകളെ രക്ഷിച്ച ശ്രീരാമന് സീതപോലെയും നീ പതിക്ക് ഭൂഷണമായിരിക്കുക. ഭര്‍ത്താവിന്റെ ചിതയില്‍ നിന്റെ ശരീരം ഹോമിക്കാനാകയാല്‍ അദ്ദേഹത്തിന്റെ ആരോഗ്യവും ആയുസ്സും നിനക്ക് സര്‍വപ്രധാനമാണെന്നോര്‍ക്കുക, അദ്ദേഹത്തിന്റെ വിത്തുകളെ നീഭൂമിയെപ്പോലെ ഏറ്റുവാങ്ങുക. സ്വന്തം ചിറകുകള്‍ പറിച്ചെടുക്കുന്ന വേദനയോടെ അദ്ദേഹത്തിന്റെ മക്കളെ നീ പ്രസവിക്കുക. ഭര്‍ത്താവില്‍ നിന്ന് വേറിട്ട് ഒറ്റയ്ക്ക് താമസിക്കുന്ന തന്റേടിയായ അമൃതാപ്രീതത്തിനെപ്പോലെ, തകഴിയുടെ ചെമ്മീനിലെ, കടലമ്മയ്ക്ക് ചാമിയെ വിഴുങ്ങാന്‍ കൊടുത്ത കറുത്തമ്മയെപ്പോലെ നീ ധര്‍മച്യുതിയേല്‍ക്കാതിരിക്കുക. നിന്റെ ചാരിത്ര്യശുദ്ധിയിലാണ് അദ്ദേഹത്തിന്റെ കുടുംബവും നാമവും നിലകൊള്ളുന്നത്.
പിന്നെയാണ് വിവാഹഘോഷയാത്ര തുടങ്ങിയത്. ശീലാവതി ഒന്നുകൂടി ഉള്ളിലേക്ക് വലിഞ്ഞു. നാദസ്വരത്തിന്റെയും ഷഹനായിയുടെയും ബാന്റിന്റെയുമൊക്കെ ചെകിടടപ്പിക്കുന്ന ബഹളത്തിനിടയില്‍, കാലുകള്‍ മണ്ണില്‍ത്തട്ടി വേദനിക്കുക കാരണം അയാള്‍ പെട്ടെന്നുനിന്നു.
“പ്രിയേ,” അയാള്‍ പറഞ്ഞു: “എനിക്ക് നടക്കാനാവുകയില്ല.”
അപ്പോഴാണ് ഭാര്യ അയാളുടെ മുരടിച്ച കാല്‍പാദങ്ങള്‍ കണ്ടത്. ഉടനെ അവയ്ക്കു താഴെയുള്ള ദിവ്യമായ പൂഴി അവള്‍ നെറുകയിലണിഞ്ഞു. പൊടുന്നനെ, ആകാശത്തില്‍നിന്ന് മാലാഖമാര്‍ ആദരവോടെ എറിഞ്ഞുകൊടുത്ത കുട്ട പെട്ടെന്ന് അവളുടെ മുന്‍പിലെത്തി. പറന്നുവന്ന ആ കുട്ട തീരെ പ്രതീക്ഷിക്കാത്തതായതിനാല്‍ ആദ്യം അന്തം വിട്ടുപോയെങ്കിലും ചുറ്റുമുള്ളവര്‍ പറഞ്ഞതുകേട്ട് വേഗം അവള്‍ ഇപ്രകാരം പറഞ്ഞു: “അങ്ങയെ ഏറ്റി നടക്കാനുള്ള യോഗമുണ്ടായ ഞാന്‍ ഭാഗ്യവതിയാണ്. അതിനാല്‍ അങ്ങിതില്‍ കയറി ഇരിക്കുക. ഈ ചുമടിന്റെ ഭാരം എന്റെ അവകാശമത്രേ.”
അന്നുരാത്രി  ആപല്‍ശങ്കയും അധര്‍മഛായയുമേല്‍ക്കാത്ത പവിത്രമൈഥുനത്തിന്റെ എന്തെന്നില്ലാത്ത ശാന്തിയുമായി അയാള്‍ മനംവിട്ട് ഉറങ്ങി. പുലര്‍ച്ചെ ഉണര്‍ന്നപ്പോള്‍ തൊട്ടടുത്തു കിടക്കുന്ന അവളുടെ നഗ്നശരീരത്തിന്റെ ഭംഗി  വീണ്ടും അയാളെ കോരിത്തരിപ്പിച്ചു.
“പ്രിയേ”, വികാരംകൊണ്ട് ഇടറിയ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു. “കാല്‍ച്ചിലങ്കകളണിയൂ. അവയുടെ പൊട്ടിച്ചിരി എന്നെ ഇനിയും ഉന്മത്തനാക്കും.
അവള്‍ അമ്പരന്നുപോയി. നിശ്ശബ്ദയായി, അപരാധിനിയെപ്പോലെ അവള്‍ അയാളുടെ മുന്‍പില്‍ തലതാഴ്ത്തി.
“നൃത്തവും ഗാനവും ചതുരംഗവും എനിക്കറിഞ്ഞുകൂടാ.” അവള്‍ താഴ്മയോടെ പറഞ്ഞു: 'മംഗള'വും 'മനോരമ'യും മാത്രമേ ഞാന്‍ വായിക്കാറുള്ളൂ. ”
എന്ത്! ആദ്യരാവാണെന്നതുപോലും മറന്ന് അയാള്‍ അലറി. “പിന്നെ, എന്റെ രാവുകള്‍ ഇങ്ങനെ നിശ്ശബ്ദമാവുകയോ? ഹോ! എന്നോട് നീ ഒരുവാക്ക് ഇതിനെപ്പറ്റി പറഞ്ഞില്ലല്ലോ. ഭര്‍ത്താവിന്റെ ഇംഗിതങ്ങള്‍ അറിയുക ഭാര്യയുടെ ധര്‍മമാണെന്ന് ഇനി ഞാന്‍ പറയണോ നിന്നോട്? മിനിമം നമ്മുടെ ബ്രോക്കറോടെങ്കിലും നിനക്കിത് പറയാമായിരുന്നു.”
“അവിടുന്ന് ക്ഷമിക്കൂ.” അവള്‍ പറഞ്ഞു: “ഇതൊന്നും കുലവധുക്കള്‍ക്കു വിധിച്ചതേയില്ലല്ലോ.”
“ആരു പറഞ്ഞു?” അയാള്‍ വീണ്ടു അലറി. “ചിലങ്കകളുടെ ശബ്ദം കേട്ടാണ് ഞാന്‍ ഉറങ്ങാറ്. തംബുരുമീട്ടിയാണ് നീയെന്നെ ഉറക്കേണ്ടത്.”
“അങ്ങ്,” പിടിക്കപ്പെട്ട മാനിനെപ്പോലെ ഉഴറിയ അവള്‍ കെഞ്ചി: “അങ്ങിതൊന്നും എന്നോട് ചോദിച്ചില്ലല്ലോ. ആരും പറഞ്ഞുമില്ല, പ്രഭോ. വേദങ്ങളിലും ശാസ്ത്രങ്ങളിലും നിപുണനായ അവിടുന്ന് അപക്വമതിയും അറിവില്ലാത്തവളുമായ എന്നെ കൈവെടിയരുതേ. ഒരിക്കല്‍ അങ്ങയുടെ കിടക്ക പങ്കിട്ട എന്നെ മറ്റുള്ളവര്‍ എച്ചിലിലപോലെ വലിച്ചെറിയും. അതുകൊണ്ട് വരൂ. ചിലങ്കകളുടെ മന്ത്രധ്വനിയും തംബുരുവിന്റെ നാദവും ഉള്ളിടത്തേക്ക് ഞാന്‍ അങ്ങയെ ചുമന്നുകൊണ്ടുപോകാം.”
അങ്ങനെ ഞാന്‍ വീണ്ടും നിന്നിലെത്തി. ശീലാവതിയുടെ മടിയില്‍ തലവെച്ചുകിടന്ന്, അടുത്തമുറിയില്‍ കുട്ടയുമായി തന്നെ കാത്തിരിക്കുന്ന ഭാര്യയേയും സ്വന്തം വിധിയേയും കുറിച്ചോര്‍ത്തോര്‍ത്ത് അയാള്‍ ആകുലചിത്തനായി.
അയാളുടെ തലമുടിയിലൂടെ പതുക്കെപ്പതുക്കെ വിരലോടിച്ച് ശീലാവതി നിശ്ശബ്ദതയാണ്ടു.
“വിധി,” അയാള്‍ തുടര്‍ന്നു: “എത്ര പേരുണ്ടായിരുന്നു വേറെ. എന്റെ കുട്ടികളെ പ്രസവിക്കാനുള്ളവള്‍, എന്റെ കിടക്കയും ജീവിതവും പങ്കുവെയ്‌ക്കേണ്ടവള്‍, എന്റെ സ്വപ്നങ്ങള്‍ക്ക് നിറവും പകിട്ടും കൊടുക്കേണ്ടവള്‍, എന്റെ ആശ്രയവും അഭയവും ഉത്തേജനവും പ്രൗഢിയുമാകേണ്ടവള്‍ എന്റെ രാപകലുകളെ നിര്‍ജീവവും വിരസവുമാക്കുന്നു. പ്രിയേ, രാത്രിയിലുണരുമ്പോള്‍ നിന്റെ ചിലങ്കകളേയും നിന്റെ കണ്ണുകളേയുമാണ്, ഞാന്‍ ഓര്‍ക്കാറ്. ”
കട്ടിലില്‍ നിന്നെഴുന്നേറ്റ് അയാള്‍ക്കുവേണ്ടി ഒരു കാറ്റിനെപ്പോലെ നൃത്തം ചെയ്യുന്നതിന്റെ ചടുലതയില്‍ നിന്ന്, മറ്റൊന്നും കേള്‍ക്കാനാകാത്തവിധം ഒരു വെള്ളച്ചാട്ടംപോലെ മുഴങ്ങിയ ചിലങ്കകളുടെ ശബ്ദത്തില്‍നിന്ന്, ഒരുനിമിഷം പിന്‍വാങ്ങി ശീലാവതി ആരാഞ്ഞു.
“അവളുടെ. ” അവള്‍ പെട്ടുന്നു നിറുത്തി: “അവരുടെ പേരെന്താണ്? ”
“എന്റെ ഭാര്യയുടെയോ? അയാള്‍ ചോദിച്ചു: “ശീലാവതി.”

*നവംബറിന്റെ നഷ്ടം : ഒരു മാലയുടെ പേര്‍
***

No comments:

Post a Comment