Followers

Sunday, February 7, 2016

കുരങ്ങന്മാര്‍

നേര്‍ത്ത തണുപ്പുള്ള, സുഖകരമായ ഒരു രാവിലെ എന്റെ വീടിന്റെ ബാല്‍ക്കണിയില്‍ അന്നത്തെ പ്രഭാതപത്രവും ഒരു കപ്പു ചായയുമായി ഞാനിരിക്കുകയായിരുന്നു. കണ്ണെത്തുന്നിടം വരെയുള്ള തെളിഞ്ഞ ആകാശവും പച്ചച്ച കുന്നിന്‍പുറത്തുനിന്ന് ഏന്തിവന്ന കാറ്റിന്റെ കുളിരും താഴെയുള്ള വീടുകളിലെവിടെനിന്നോ വരുന്ന സംഗീതത്തിന്റെ തലോടുന്ന അലകളും ഒക്കെ കാരണം ലോകത്തെ ആകെ ഒന്നു കയ്യിലെടുത്ത് കവിളത്തൊരു ഉമ്മകൊടുക്കുവാന്‍ പാകത്തിലായിരുന്നു എന്റെ മനസ്സ്. നീട്ടിവെച്ചിരുന്ന എന്റെ കാലിലൂടെ കയറി തുടങ്ങിയിരുന്ന ഒരു ചെറിയ എറുമ്പിനെ വരെ, കാല്‍ ശ്രദ്ധാപൂര്‍വം അനക്കാതെ വച്ച്, ഞാന്‍ സ്‌നേഹിക്കാന്‍ തുടങ്ങിയിരുന്നു. ഇന്നലെ ഓഫീസ് ജോലി കഴിഞ്ഞുവന്ന് രാത്രി ആ വിയര്‍പ്പോടും നാറ്റത്തോടും കൂടി കുറച്ചു ശുദ്ധവായുവിനുവേണ്ടി പുറത്ത് കാല്‍നീട്ടി ഇരിക്കുമ്പോഴാണ് ഈ എറുമ്പ് എന്റെ കാലില്‍ കയറിയിരുന്നതെങ്കില്‍ ഒറ്റയടിക്ക് ഞാനതിനെ ഒരു പുനര്‍ജന്മംപോലും സാധ്യമല്ലാത്തവിധം ചതച്ചുകളഞ്ഞേനെ. അങ്ങനെ ആലോചിച്ചിരിക്കെ എനിക്കു തമാശതോന്നി, പലപ്പോഴും ചാവലില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കൊല്ലുന്ന നന്മകളെക്കുറിച്ചോര്‍ത്ത് സഹതാപവും; അതെത്ര ചെറുതായ അര്‍ഥത്തിലാണെങ്കിലും.
ചായ കുടിച്ചു കഴിഞ്ഞ് കപ്പ് യഥാസ്ഥാനത്തു വെയ്ക്കാന്‍ നോക്കിയപ്പോഴാണ് ബാല്‍ക്കണിയില്‍വന്നിരുന്ന എന്റെ പുതിയ അതിഥിയെ ഞാന്‍ കണ്ടത്. ഒരു കുരങ്ങന്‍. അത് എന്റെ കസേരയില്‍ നിന്നകലെ, ബാല്‍ക്കണിയുടെ റെയിലിങ്ങില്‍ പിടിച്ചാണ് ഇരുന്നിരുന്നത്. പുറത്തു താഴോട്ടു നീണ്ടുകിടക്കുന്ന വാല്‍. ഇരുന്ന ഇരുപ്പില്‍ ഇരുന്ന് അത് അല്പം പരിഭ്രമിച്ചമട്ടില്‍ നാലുപാടും നോക്കി. കുറച്ചുനേരം എന്റെ മുഖത്തേക്ക്. ഒരു രണ്ടു മിനിറ്റുനേരം ഞങ്ങള്‍ ഇമവെട്ടാതെ മുഖത്തോടുമുഖം നോക്കിയിരുന്നു. പിന്നെ, കുരങ്ങന്റെ നോട്ടത്തിന്റെ പ്രത്യേകത കൊണ്ടുതന്നെയാവണം, ഞാന്‍ വേഗം തലതിരിച്ചു. എന്റെ നേരെ ഒരു സൂചിമുന പോലെ കൂര്‍പ്പിച്ചുനിര്‍ത്തിയ ചാരനിറമുള്ള കണ്ണുകള്‍ അതീവശാന്തങ്ങളായിരുന്നു. നമ്മളെ അശാന്തരാക്കും വിധം എന്നുവരെ പറയട്ടെ. ശ്വസിക്കുമ്പോള്‍ ഇളകുന്ന വയറിന്റെ അടിവശവും, വീര്‍ത്ത പാലുകെട്ടിയ മുലകളും റെയിലിങ്ങില്‍ പറ്റിച്ചേര്‍ന്നിരുന്ന സൗമ്യമായ കാലുകളും അതിന്റെ ആകെക്കൂടിയുള്ള ആ ഇരിപ്പുറയ്ക്കായ്മയും എല്ലാം ഞാന്‍ കസേരയില്‍ തന്നെ ഇരുന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം കൂടി, എന്തുകൊണ്ടാണെന്നറിഞ്ഞുകൂടാ, എന്നിലുണ്ടാക്കിയത് ഒരു നേര്‍ത്ത കുറ്റബോധമാണ്. പാലുനിറഞ്ഞ മുലകളും വയറിന്റെ ദ്രുതഗതിയിലുള്ള മിടിപ്പും അതിന്റെ മുഖത്തെ മരവിപ്പിനോടടുക്കുന്ന ശാന്തതയും തന്നെ ആയിരിക്കണം കാരണമെന്നു തോന്നുന്നു, ഏതായാലും പുറത്തു മഴപെയ്യുമ്പോള്‍, വീട്ടിനകത്തെ നിലത്തു പടരുന്ന ഓതന്‍പോലെ, അതെന്റെ മനസ്സില്‍ പരക്കാന്‍ തുടങ്ങി, പേപ്പര്‍ മടക്കി വച്ച് ഞാന്‍ അതിനെ എന്റെ അടുത്തേക്ക് പതുക്കെ വിളിച്ചു. എന്നെ പൂര്‍ണമായും അവഗണിച്ച് അത് അവിടെത്തനെ ഇരുന്നതേയുള്ളൂ. അതിന്റെ മുഖത്തെ ശാന്തത, പക്ഷെ, പോക്കുവെയിലുപോലെ മായാന്‍ തുടങ്ങി. റെയിലിങ്ങില്‍ തന്നെ രണ്ടു മൂന്നു തവണ തിരിഞ്ഞും മറിഞ്ഞും ഒക്കെ അത് ഇരുന്നു. അതിന് വിശക്കുന്നുണ്ടാവുമോ എന്ന് ഞാന്‍ ആലോചിച്ചു. അരയ്ക്ക് കയറിട്ടുകൊണ്ടു നടക്കുന്ന കുരങ്ങന്മാര്‍ക്ക് ഞാന്‍ പലപ്പോഴും കടലമണികള്‍ എറിഞ്ഞുകൊടുക്കാറുണ്ട്. അകത്തുപോയി ഞാന്‍ കുറെ വറുത്തകടല എടുത്തുകൊണ്ടുവന്ന് ഒരു കടലാസില്‍ അതിന് കാണാവുന്നിടുത്തുവെച്ച് അകത്തേക്കുതന്നെ മാറി നിന്നു. കുറച്ചുനേരം കഴിഞ്ഞ് ജനലിലൂടെ ഞാന്‍ നോക്കുമ്പോഴും കുരങ്ങന്‍ അതേപടി കടലയെയും അവഗണിച്ചിരിപ്പുതന്നെയാണ്. പെട്ടെന്ന്, അത് ബാല്‍ക്കണിയുടെ ചുവട്ടിലേക്ക് എടുത്തുചാടി. ഞാന്‍ ഓടി ബാല്‍ക്കണിയില്‍ വന്നുനോക്കിയപ്പോള്‍ ഒരു പിഞ്ചു കുരങ്ങന്‍കുട്ടിയെയും മാറത്തടുക്കി അത് വീണ്ടും എന്റെ ബാല്‍ക്കണിക്കുനേരെ കയറുകയായിരുന്നു.  അത് ചാടി വന്നിരുന്നത് ഞാന്‍ വെച്ച കടലയ്ക്കരികിലാണ്. കുട്ടി വീര്‍ത്ത മുലകള്‍ ധൃതിയില്‍ ചപ്പിത്തുടങ്ങിയപ്പോള്‍ നാലുപാടും ഒന്ന് കണ്ണോടിച്ച് കുരങ്ങന്‍ വറുത്ത കടല തിന്നാന്‍ തുടങ്ങി. അതിന്റെ മുഖം മഴ തിമിര്‍ത്തുപെയ്ത് തീര്‍ന്നിടത്ത് പെട്ടെന്നുദിച്ച വെയില്‍പോലെ പ്രസന്നമായിരുന്നു.
എനിക്ക് സന്തോഷമായി എന്നു പറയാതെ വയ്യ. വ്യക്തമായി ബന്ധിക്കാവുന്ന ഒരു കാരണവും ഇല്ലെങ്കിലും പൊടുന്നെ വൃത്തിയായ നിലത്തെപ്പോലെ എന്റെ മനസ്സ് മിന്നാന്‍ തുടങ്ങി. കുരങ്ങന്റെ മുഴുവന്‍ ശ്രദ്ധയും കടല തിന്നുന്നതിലായിരുന്നു. ഒരു നിമിഷം അതിനെപ്പിടിച്ച് കൂട്ടിലിട്ടു വളര്‍ത്തിയാലോ എന്ന് ഞാന്‍ ആലോചിച്ചു; ഉടനെതന്നെ, ഞാനാണ് ആ കുരങ്ങനെങ്കിലോ എന്നും. വെറുതെ നില്‍ക്കുന്നിടത്തുനിന്ന് തിരിഞ്ഞുനോക്കുമ്പോള്‍ പടം വിടര്‍ത്തി തന്നെ മൂടി നില്‍ക്കുന്ന ഒരു സര്‍പ്പത്തെ കണ്ടതുപോലെ ആ ചിന്ത എന്നെ ഞെട്ടിച്ചു. പിന്നെ, ആലോചിച്ചതത്രയും മറക്കുകയാണെന്ന ഭാവേന, ശക്തിയായി തലമാന്തി, കുറെ കൂടി വറുത്തകടല എടുത്തുകൊണ്ടുവരാന്‍ ഞാന്‍ അകത്തേക്കുപോയി.
കടലയുമായി ഞാന്‍ തിരിച്ചുവരുമ്പോള്‍ കുരങ്ങന്‍ എന്റെ കെട്ടിടത്തിന്റെ പുറത്തെ മതിലില്‍ കുട്ടിക്ക് മുല കൊടുത്തിരിക്കുകയായിരുന്നു. കടല ബാല്‍ക്കണിയിലിട്ട് ഞാനെന്റെ മകനെ ധൃതിയില്‍ വിളിച്ചുണര്‍ത്തി. നഗരത്തില്‍ ജനിച്ചു വളര്‍ന്ന എന്റെ മകന്‍, റോഡരുകില്‍ അരയില്‍ കുരുക്കുമായി ക്ഷീണിച്ചുനടക്കുന്ന കരുങ്ങന്മാരെയല്ലാതെ ഇത്തരത്തിലൊന്നിനെ കണ്ടിരുന്നില്ല. കുട്ടി കടുത്ത ആകാംക്ഷയോടെ ധൃതിയില്‍ എഴുന്നേറ്റുവന്നു. കുരങ്ങനെക്കണ്ടതും സന്തോഷത്തോടെ ശബ്ദമുണ്ടാക്കി. കൈകൊട്ടി വിളിച്ചു. ഉറക്കച്ചടവ് തെളിയാത്ത കുഞ്ഞുമുഖത്ത് തെളിവെയില്‍പോലെ ചിരിപടര്‍ന്നു. അവന്‍ ഊണ്‍മേശപ്പുറത്തുനിന്ന് പഴവും ഇഡ്ഡലിയുമൊക്കെ എടുത്തുകൊണ്ടുവന്ന് ചുവട്ടിലേക്കെറിഞ്ഞു കൊടുത്തു. മണ്ണില്‍ വീണ പഴത്തേയും എന്റെ മകനേയും മാറിമാറി നോക്കി അത് കുട്ടിക്ക് മുലയൂട്ടല്‍ തുടര്‍ന്നു. തൊട്ടടുത്ത ഫ്‌ളാറ്റിലെ കുട്ടികളെ വിളിച്ചുണര്‍ത്തിയത് എന്റെ മകനാണ്. പിന്നെ അതിന്റെ പിന്നത്തെ ഫ്‌ളാറ്റ്, പിന്നത്തെ ഫ്‌ളാറ്റ്, നിമിഷനേരംകൊണ്ട് കാഴ്ചക്കാര്‍ കൂടി. പഴവും, കടലവും റൊട്ടിക്കഷണങ്ങളുമായി മുതിര്‍ന്നവരും കുട്ടികളും അതിനെ വരവേല്‍ക്കാന്‍ നിന്നു.
പ്രഭാതം പതുക്കെ ചൂടാവാന്‍ തുടങ്ങുകയായിരുന്നു. ഞാന്‍ മടക്കിവെച്ച പേപ്പര്‍ വീണ്ടും കയ്യിലെടുത്തു. പക്ഷേ, കുരങ്ങന്റെ ചുറ്റുമുള്ള ആള്‍ക്കൂട്ടത്തിന്റെ ശബ്ദം ഒരു മുഴക്കം പോലെ അവിടെ മുഴുവന്‍ ഏന്തി. ആ നിമിഷത്തിലായിരിക്കണം എന്നു തോന്നുന്നു എനിക്ക് ദേഷ്യം തോന്നിത്തുടങ്ങിയത്. പൊതുസ്ഥലത്ത് ഒഴിഞ്ഞ ഒരു മൂലയില്‍ ഒറ്റയ്ക്ക് കാറ്റേറ്റിരിക്കുമ്പോള്‍ അടുത്തു വന്നിരുന്ന ഒരാളുടെ വൃത്തികെട്ട വിയര്‍പ്പുനാറ്റം പോലെ എന്നെ അത് ശുണ്ഠിപിടിപ്പിച്ചു. നിവര്‍ത്തിയ പേപ്പര്‍ മടക്കിവെച്ച് ഞാന്‍ കുരങ്ങനെ മറ്റെല്ലാവരേയും പോലെ നോക്കിനില്പായി.
തങ്ങളെച്ചൊല്ലി ഉണ്ടായ ആള്‍ക്കൂട്ടത്തെക്കണ്ട് തള്ളയും കുട്ടിയും അന്തിച്ചിരിക്കണം. കുരങ്ങന്റെ കണ്ണുകളില്‍ പരിഭ്രമം ഏറിവന്നു. കുട്ടിയെ ഒരു കൈകൊണ്ട് മാറത്തടക്കി അത് തെരുതെരെ തലമാന്തിക്കൊണ്ടേയിരുന്നു.
ആള്‍ക്കൂട്ടത്തിന്റെ ബഹളം ഏറി. അകലെ ചക്രവാളത്തില്‍ ഭംഗിയുള്ള ഒരു പൊട്ടുപോലെ പ്രത്യക്ഷപ്പെട്ട വിമാനം അടുത്തെത്തവേ പുറപ്പെടുവിക്കുന്ന അസഹ്യമായ ശബ്ദംപോലെ എന്നെ അത് ചൊടിപ്പിച്ചു. കുട്ടികള്‍, ഒരു കോമാളിയെക്കണ്ടതുപോലെ കുരങ്ങനെ നോക്കി വെറുതെ കൂവിയാര്‍ത്തു. അവരുടെ തിളങ്ങുന്ന മുഖങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തത് എന്റെ ഗ്രാമത്തിലെ മാരിയമ്മന്‍ കോവിലില്‍ ഉത്സവദിവസം നിരത്തിവെയ്ക്കാറുള്ള തേച്ചുവെളുപ്പിച്ച പിച്ചള മൊന്തകളാണ്. ബലിയാടിന്റെ രക്തം തീര്‍ഥം പോല ഞങ്ങള്‍ ഏറ്റു വാങ്ങുക ആ തിളങ്ങുന്ന മൊന്തകളിലായിരുന്നു. ഇരുന്നിടത്തുനിന്നെഴുന്നേറ്റ്, മാറത്ത് തൂങ്ങുന്ന കുട്ടിയും ആള്‍ക്കാര്‍ക്കിടയില്‍ എവിടെയാണ് നിറുത്തേണ്ടതെന്ന് അറിയാത്തതിനാല്‍ എല്ലാവരുടെ മേലില്‍ക്കൂടിയും ഒരു നിശ്വാസത്തിന്റെ ചൂടോടെ കടന്നുപോകുന്ന കണ്ണുകളുമായി കുരങ്ങന്‍ മതിലിനു മുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാന്‍ തുടങ്ങി. നിവര്‍ത്തി മടക്കിവച്ച പേപ്പര്‍  ഞാന്‍വേഗം മടക്കി. വീണ്ടും നിവര്‍ത്തുകയും മടക്കുകയും ചെയ്തു; വെറുതെ. എനിക്കു പേപ്പര്‍ വായിക്കാനേ ആയില്ല. മുകളില്‍നിന്ന് കുത്തിയൊലിച്ചു വരുന്ന വെള്ളപ്പാച്ചിലില്‍പ്പെട്ട് അടിയിലെ മണ്ണ് കുതിര്‍ന്ന് അലിയുമ്പോഴും ഇരിപ്പുറപ്പിക്കാന്‍ നോക്കുന്ന ഒരു പാറയുടെ ഭാവമായിരുന്നു കുരങ്ങന്റെ കണ്ണുകള്‍ക്ക്. ആ ഭാവം എന്നെ വല്ലാതെ അസ്വാസ്ഥ്യപ്പെടുത്തി എന്നു പറയാതെ വയ്യ. കുറ്റം ചെയ്തതിന് ശാസിക്കുന്ന രക്ഷിതാവിന്റെ മുന്നില്‍, അടി ഇപ്പോള്‍ മേലില്‍ വീഴുമെന്ന പേടിയോടെ. തല ഉയര്‍ത്താനാവാതെ, നാണക്കേടുകൊണ്ട് ചൂളി നില്‍ക്കുന്ന കുട്ടിയെപ്പോലെ, കുരങ്ങന്റെ കണ്ണുകളില്‍ നോക്കാനാവാതെ ഞാന്‍ നിന്നു.
ആള്‍ക്കൂട്ടം വീണ്ടും കൂടി, അതിന്റെ ശബ്ദം ഒരു ആര്‍പ്പുവിളിപോലെ തോന്നി, എനിക്ക്. കുരങ്ങന്‍ ഇപ്പോള്‍ മതിലിനു മുകളില്‍ ഇരിപ്പാണ്. അതിന്റെ കണ്ണുകളില്‍ സൗമ്യതയേ ഇല്ലായിരുന്നു. തറപ്പിച്ചു നിറുത്തിയിരുന്ന ആ കണ്ണുകളില്‍ പിന്നെ എന്തായിരുന്നു എന്നെനിക്കറിയില്ല. ഞാനറിഞ്ഞത് പരക്കാന്‍ തുടങ്ങിയിരുന്ന വെയിലിനെപ്പോലെ എന്നെ ആകെ മൂടിയ കുറ്റബോധമാണ്. കുളിരു കുറഞ്ഞു കുറഞ്ഞു ചൂടായിവരികയായിരുന്നു പ്രഭാതം.
'നമുക്കതിനെ പിടിച്ചൂടെ അമ്മേ?' മകന്‍ ചോദിച്ചു.
ഞാന്‍ ഞെട്ടിത്തിരിഞ്ഞു. പൊടുന്നനെ ഒരു വെടി കേട്ട മട്ടിലാണ് ഞാനന്ന് അവന്റെ നേരെ തിരിഞ്ഞതെന്ന് പിന്നീട് അതിനെക്കുറിച്ച് ആലോചിക്കേ എനിക്കു തോന്നിയിട്ടുണ്ട്.
'ആഹാ!' പുച്ഛത്തോടെ, അവനെ തല്ലാനോങ്ങുന്നതുപോലെ ഞാന്‍ ചോദിച്ചു; 'നിനക്കതിനെ പിടിക്കണം അല്ലേ? '
'വളര്‍ത്താം അമ്മേ നമുക്ക്'.
'വേണ്ട.'
'കുരങ്ങനെ ആരും വളര്‍ത്താറില്ലേ?'
'ധാരാളം.'
'പിന്നെന്താ?'
'പിന്നെ, പിന്നെ?' ഞാനരിശത്തോടെ ചീറി. 'ആ കുരങ്ങന്‍കുട്ടി നീയാണെങ്കിലോ?'
എന്റെ മകന്‍ ഒന്നും മിണ്ടിയില്ല. കാര്യം പിടികിട്ടാത്ത, ശൂന്യമായ അവന്റെ മുഖം കണ്ടപ്പോള്‍ എന്റെ ശുണ്ഠി ഒന്നുകൂടി കൂടി.
'നിന്നെ വിളിച്ചു കാണിച്ചതാണ് തെറ്റ്.' ഞാന്‍ പറഞ്ഞു: 'ഇപ്പോള്‍ നിനക്കതിനെ പിടിക്കണം. എന്നിട്ട്...എന്നിട്ട്.... '
'നമ്മളതിനെ കൊല്ല്ണില്യാല്ലോ.'
'ഭേദം അതാ.'  ഞാന്‍ പിടയുംപോലെ പറഞ്ഞു. 'പറഞ്ഞിട്ട് കാര്യല്യ. നിന്നെ വിളിച്ച് കുരങ്ങനെ കാണിച്ചുതന്ന എന്നെയാണ് പറയേണ്ടത്.'
എന്റെ മകന്‍,  എന്റെ മുഖത്തെ ആവശ്യമില്ലാത്ത ഉദ്വേഗവും കോപവും കണ്ടിട്ടാവണം ലേശം അമ്പരന്നു. അവന്‍ റെയിലിങ്ങില്‍ പിടിച്ച് മിണ്ടാതെ നില്പായി. ചിരിക്കാതെ, കാഴ്ചക്കാരനായി. എനിക്ക് എല്ലാംകൂടി ദേഷ്യം വല്ലാതെ വന്നു. പകര്‍ച്ചവ്യാധി പോലെ പടര്‍ന്നു പരക്കുന്ന ആള്‍ക്കൂട്ടവും  അതിന്റെ ആക്രന്ദനങ്ങളും എന്റെ മകന്റെ പരിഭവവും ദേഷ്യവും കൊണ്ടു കറുത്ത മുഖവും തൊട്ടടുത്ത്. പിന്നെ രക്ഷപ്പെടാന്‍ ഒരു വഴിയും കാണാതെ കുട്ടിയെ മാറത്തടക്കി പരക്കം പായുന്ന കുരങ്ങന്‍ താഴത്ത് ബാല്‍ക്കണിയില്‍ അനങ്ങാനാവാതെ ഞാന്‍ അങ്ങനെ നിന്നു. ഒന്നും ചെയ്യാതെ, ആലോചിക്കുകപോലും ചെയ്യാതെ, വെറും ഒരു ദൃക്‌സാക്ഷിയെപ്പോലെ അവിടെ നില്‍ക്കുമ്പോഴാണ് ഒരു മുന്നറിയിപ്പുമില്ലാതെ ഒരു ചെറിയ കല്ല് മൂളിവന്നത്. കുരങ്ങിന് തൊട്ടുമുന്നില്‍ ഒരു ചെറിയ ശബ്ദത്തോടെ അതു വന്നു വീണു. തുടര്‍ന്ന്, ധാരാളം കല്ലുകള്‍, വെറുതെ യാതൊരു ന്യായീകരണവുമില്ലാതെ.
എനിക്ക് കഠിനമായ ദാഹം തോന്നി, കുരങ്ങന്റെ മേലിലും ചുറ്റുമായി കല്ലുകള്‍ അവിടവിടെ വീണുകൊണ്ടിരുന്നു. മാറത്ത് കുട്ടി മുലകുടിക്കാതെ അന്തിച്ചിരിക്കുകയാണ്. പെട്ടെന്ന്, ബാധയേറ്റവളെപ്പോലെ, അടുത്ത ഫ്‌ളാറ്റിന്റെ വാതില്‍ക്കല്‍ തുടരെത്തുടരെ ഞാന്‍ തട്ടിവിളിച്ചു.
'മി. പട്ടേല്‍' ഞാന്‍ പറഞ്ഞു; എന്താണിത്? നാമിത് അനുവദിക്കരുത്.
പല്ലുതേക്കുകയായിരുന്ന പട്ടേല്‍ വായില്‍ ബ്രഷ് അതേപടി വെച്ച് അന്തംവിട്ടു. 'എന്ത്, എന്ത് മിസിസ് നായര്‍.'
പെട്ടെന്നാണ് ഞാന്‍ വേണ്ടവിധം വൃത്തിയായി വസ്ത്രം ധരിച്ചിരുന്നില്ലെന്നും മുടി ചീകിയിരുന്നില്ലെന്നും ഓര്‍ത്തത്.
പട്ടേലിനോട് ക്ഷമചോദിച്ച് ഞാന്‍ തുടര്‍ന്നു: 'നോക്കൂ, ഈ കുട്ടികള്‍ എന്തിനാണ് അതിനെ കല്ലെറിയുന്നത്. ക േശ െഇൃൗലഹ.
'ഉം. ശരിയാണ്.' പട്ടേല്‍ പറഞ്ഞു: 'പക്ഷേ, ഇക്കാലത്ത് മുതിര്‍ന്നവര്‍ പറഞ്ഞാല്‍ ആരു കേള്‍ക്കാനാണ്? സ്വന്തം മക്കള്‍ കേള്‍ക്കില്ല എന്നിട്ടല്ലേ... നിങ്ങള്‍ സ്വയം ഒന്നു ശ്രമിച്ചു നോക്കൂ.'
'അതെ.' ഞാന്‍ വേഗം പറഞ്ഞു; 'നിങ്ങള്‍ പറഞ്ഞതു ശരിയാണ്.
ഞാന്‍, ഞാന്‍ വരട്ടെ.'
ബാല്‍ക്കണിയിലേക്ക് തിരിച്ചുപോകാന്‍ വയ്യെന്ന് എനിക്കു തോന്നി. അകത്തിരിക്കുക, പക്ഷേ, അതിനേക്കാള്‍ വിഷമമാണ്. പുറത്തെ ശബ്ദം ഒരു കടലുപോലെ മുന്നിലുണ്ട്. ഞാന്‍ ബാല്‍ക്കണിയിലേക്കു തന്നെ നടന്നു. കുരങ്ങന്‍ കുട്ടിയേയുമെടുത്ത് മതിലിനു മുകളിലൂടെ വേഗം വേഗം നടക്കുകയാണ്. ചെറിയ കല്ലുകള്‍ക്കൊപ്പം പഴത്തൊലികള്‍, ചുരുട്ടിയ കടലാസുതുണ്ടുകള്‍ അങ്ങനെ പലതും വരാന്‍ തുടങ്ങിയിട്ടുണ്ട്. കുരങ്ങന്റെ മുഖത്ത് ഞാന്‍ നോക്കിയതേയില്ല. പകരം ഉള്ളില്‍ കനച്ചു കിടക്കുന്ന നെരിപ്പോടുമായി ഞാന്‍ ആള്‍ക്കൂട്ടത്തെ നോക്കിനിന്നു.
'ഞാന്‍ ചോട്ടില്‍ പോട്ടെ അമ്മേ?' എന്റെ മകന്‍ ചോദിച്ചു.
'കല്ലെറിയാന്‍?'
'അല്ല.'
'അതെ. ഞാന്‍ പറഞ്ഞു; ആ മിണ്ടാപ്രാണിയെ നിനക്കുകൊല്ലണം. സ്വന്തം ജീവനുവേണ്ടി അതു പരക്കം പായുമ്പോള്‍ നിനക്കു കൂക്കി വിളിക്കണം. പോ ചുവട്ടില്‍ച്ചെന്ന് രണ്ട് കല്ല് നീയും എറിയ്. മോശക്കാരനാവണ്ട. പോ...' എന്റെ മകന്‍ ചുവട്ടിലേക്കു പോകാനുള്ള വാതില്‍ക്കലെത്തിയിരുന്നു. ഞാന്‍ ചീറിക്കൊണ്ട് അവനെ പിടിച്ചുനിര്‍ത്തി.
'നീ, നീ പൂവ്വും ചുവട്ടില് ഇല്ലേ?' ഞാന്‍ ചോദിച്ചു: 'ആ ചെറിയ കുരങ്ങന്‍കുട്ടി നീ ആയിരുന്നെങ്കിലോ? '
'വലിയ കുരങ്ങന്‍ എന്റെ അമ്മയാവും.'
ഞാന്‍ എന്റെ മകന്റെ മുഖത്തുനോക്കി ആള്‍ക്കുട്ടിത്തിന്റേതെന്ന പോലെ അന്തിച്ചുനിന്നു. പുറത്തെ ആരവം ഒരു കൊലവിളിപോലെ ശക്തിയാര്‍ന്നിരുന്നു. അര്‍ധരാത്രിക്ക് കണ്ണുതുറക്കുമ്പോള്‍ തലയ്ക്കുമുകളില്‍ കണ്ണ് ചിന്നിക്കുന്ന വെളിച്ചം കണ്ടതുപോലെയായി ഞാന്‍.
'പറയ്' ഞാന്‍ മകനോട് വീണ്ടും പറഞ്ഞു. 'നീയാണെങ്കിലോ ആ കുരങ്ങന്‍കുട്ടി?'
ദേഷ്യം കൊണ്ട് കറുത്ത എന്റെ മുഖം കണ്ട് മകന്‍ കരയാനാരംഭിച്ചു. ബാല്‍ക്കണിയില്‍ പോകാനാണെങ്കില്‍ എനിക്കൊട്ടുമില്ല ധൈര്യം.
'നോക്കൂ,' ഞാന്‍ പറഞ്ഞു. 'അവര്‍ എന്താണു കുരങ്ങനെ ചെയ്യുന്നതെന്നുപോയി നോക്ക്.'
പക്ഷേ, മകന്‍ ബാല്‍ക്കണിയിലെത്തുന്നതിനുമുന്‍പേ ഞാന്‍ അവിടെ എത്തിക്കഴിഞ്ഞിരുന്നു.
കുരങ്ങന്റെ തുടയില്‍ നിന്നും രക്തത്തിന്റെ ഒരു ചെറിയ വര പുറത്തെത്തിയിട്ടുണ്ട്. കുട്ടിയെ കുരങ്ങന്‍ മാറത്തുതന്നെ വിടാതെ അടക്കിപ്പിടിച്ചിരുന്നു. അതിന്റെ, എല്ലാവരോടും യാചിക്കുന്ന കണ്ണുകള്‍ എന്റെ മനസ്സില്‍ രണ്ടു വലിയ തുളകളുണ്ടാക്കി. അവയിലൂടെ ഞാന്‍ അന്നുവരെ ഉണ്ടായിട്ടുള്ള എല്ലാ ജീവികളേയും ബൈനോക്കുലേഴ്‌സിലൂടെ എന്നപോലെ കണ്ടു. എല്ലാവര്‍ക്കും എന്റെ മുഖമായിരുന്നു. എന്റെ ഗോപിയുടെ മേല്‍ ഇങ്ങനെ കല്ലുകള്‍ വന്നുവീഴുമ്പോള്‍ ഞാനെന്താണു ചെയ്യുക? ഞാനാലോചിച്ചുകൊണ്ടേയിരുന്നു. അപ്പോഴാണ് കുരങ്ങന്റെ വാലില്‍ പിടിക്കാന്‍ ഒരു ചെറിയ പയ്യന്‍ മുതിര്‍ന്നത്.
കുരങ്ങന്‍ തിരിഞ്ഞതും ആ കുട്ടിയെ മാന്തിയതും ഒരുമിച്ചായിരുന്നു. ആ തിരക്കില്‍ വയറ്റത്ത് അള്ളിപ്പിടിച്ചിരുന്ന കുട്ടി മതിലില്‍ നിന്നും താഴെ വീണു. എന്റെ ശ്വാസം പെട്ടെന്നുനിന്നു എന്നു തോന്നി. നിമിഷനേരം കൊണ്ട് കുരങ്ങന്റെ കുട്ടിയെ ആള്‍ക്കൂട്ടം കൈയ്യിലെടുത്തു. അതിന്റെ നേര്‍ത്ത കരച്ചില്‍ എനിക്ക് അസഹ്യമായി. തള്ളക്കുരങ്ങ് മതിലിനുമുകളിലൂടെ തലങ്ങും വിലങ്ങും നടന്നു. പെട്ടെന്നാണ് കുട്ടിയെ താലോലിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ നടുവിലേക്ക് അത് എടുത്തു ചാടിയത്. ചോരയൊലിക്കുന്ന മുഖങ്ങള്‍ ഞാന്‍ ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ ഒരു ചെമ്പരത്തിമൊട്ടുപോലെ കണ്ടു. പിന്നെ താഴുന്ന വലിയ വടികള്‍ ഒരു മഴപോലെ, ഉത്സവംപോലെ ചതഞ്ഞ ശരീരങ്ങള്‍ വിട്ട് മനുഷ്യര്‍ പോയിത്തുടങ്ങിയത് പിന്നെയും ഏറെക്കഴിഞ്ഞാണ്. ഒന്നും ചെയ്യാനില്ലാതിരുന്നതുകൊണ്ട്, പൊടുന്നനെ കടന്നു വന്ന നിശ്ശബ്ദതയില്‍ നോക്കി ഞാന്‍ ബാല്‍ക്കണിയില്‍ തന്നെ നിന്നു.
'നമുക്ക് അവയെ പിടിക്കാമായിരുന്നു അമ്മേ, വളര്‍ത്താന്‍.'  ഗോപി പറഞ്ഞു: 'ഇപ്പോഴോ?'
ചവിട്ടിക്കുഴച്ച മണ്ണില്‍ രണ്ടു കുരങ്ങന്‍മാരും കാലുകള്‍ നിവര്‍ത്തി മരിച്ചുകിടന്നിരുന്നു. തിളങ്ങുന്ന വെയിലില്‍ അവയുടെ രോമങ്ങള്‍, ഗോപിയുടെ എണ്ണമെഴുക്കാര്‍ന്ന മുടിയിഴകളെപ്പോലെ മിന്നി.  ഞാന്‍ ഗോപിയെ ചേര്‍ത്തു നിറുത്തി. വേഷ്ടിത്തലപ്പുകൊണ്ട് അവന്റെ തുടുത്ത മുഖം വീണ്ടും വീണ്ടും തുടച്ചു.

No comments:

Post a Comment